Friday, May 21, 2010

കൃത്രിമജീവന്‍ പിറന്നു; ശാസ്ത്രം പുത്തന്‍ യുഗത്തിലേക്ക്

1996 ഫിബ്രവരി 14-ന് ഡോളിയെന്ന ചെമ്മരിയാട് പിറന്നപ്പോഴായിരിക്കണം ഇത്തരത്തിലൊരു ആകാംക്ഷയും വിവാദവും ശാസ്ത്രലോകം നേരിട്ടിരിക്കുക. ക്ലോണിങ് എന്ന ജനിതകസങ്കേതം വഴിയുണ്ടായ ആദ്യ സസ്തനിയായിരുന്നു ഡോളി. അവള്‍ക്ക് ജന്‍മം നല്‍കിയ ഡോ.ഇയാന്‍ വില്‍മുട്ടിനെ 'ഫ്രാന്‍കെന്‍സ്റ്റയിനാ'യി പലരും ചിത്രീകരിച്ചു. ഇനി ഇയാന്‍ വില്‍മുട്ടിന്റെ ആ 'സ്ഥാനപ്പേര്' ഇനി തീര്‍ച്ചയായും ഡോ. ജെ. ക്രെയ്ഗ് വെന്റര്‍ എന്ന കുശാഗ്രബുദ്ധിയായ ജനിതകശാസ്ത്രജ്ഞനായിരിക്കും ലഭിക്കുക! കാരണം, ചരിത്രത്തില്‍ ആദ്യമായി ഒരു കൃത്രിമജീവരൂപം സൃഷ്ടിക്കുകയെന്ന വെല്ലുവിളിയില്‍ ഡോ.വെന്ററുടെ നേതൃത്വത്തിലുള്ള സംഘം വിജയിച്ചിരിക്കുന്നു.

ശാസ്ത്രമുന്നേറ്റം എന്നതുപോലെ തന്നെ ഒട്ടേറെ നൈതികപ്രശ്‌നങ്ങളും ഉയര്‍ത്തിയേക്കാവുന്നതാണ് ഈ ഗവേഷണം. ദൈവത്തിന്റെ റോള്‍ മനുഷ്യന്‍ ഏറ്റെടുക്കുന്നത് നന്നോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. എന്നാല്‍, തങ്ങള്‍ നടത്തിയ മുന്നേറ്റം ശാസ്ത്രത്തിലെ വലിയൊരു നാഴികക്കല്ലാണെന്നും, മനുഷ്യവര്‍ഗത്തിന് വലിയ അനുഗ്രഹമാകാന്‍ പോന്ന ഒട്ടേറെ സംഗതികള്‍ അതുവഴി സാധിക്കുമെന്നും ഡോ.വെന്റര്‍ പറയുന്നു. ജൈവഇന്ധനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള സൂക്ഷ്മജീവികള്‍ക്ക് രൂപംനല്‍കാന്‍ ഈ വിദ്യ സഹായിക്കും, അല്ലെങ്കില്‍ ആണവമാലിന്യങ്ങളും മറ്റും വിഘടിപ്പിച്ച് പ്രകൃതിയെ രക്ഷിക്കാന്‍ കഴിവുള്ള ബാക്ടീരിയങ്ങള്‍ ഇതുവഴിയുണ്ടായേക്കാം-അദ്ദേഹം വിശദീകരിക്കുന്നു.
മേരിലന്‍ഡിലെ റോക്ക്‌വില്ലിയില്‍ പ്രവര്‍ത്തിക്കുന്ന ജെ.ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരാണ് കൃത്രിമജീവരൂപം സൃഷ്ടിക്കുകയെന്ന വെല്ലുവിളിയില്‍ വിജയിച്ചത്. ജീവന്റെ സൃഷ്ടിക്കാവശ്യമായ ജനിതകകോഡുകള്‍ ഒന്നൊന്നായി പരീക്ഷണശാലയില്‍ കൂട്ടിയിണക്കിയാണ് പുതിയ ജീവരൂപത്തിനായുള്ള ജിനോം ഡോ.വെന്ററും കൂട്ടരും രൂപപ്പെടുത്തിയത്. അങ്ങനെ സൃഷ്ടിച്ച ജിനോം (ജിനോം എന്നാല്‍ ഒരു ജീവിയുടെ പൂര്‍ണജനിതകസാരം) ഒരു ആതിഥേയകോശത്തിലേക്ക് സന്നിവേശിപ്പിച്ച് പുതിയ ഏകകോശ സൂക്ഷ്മജീവിയെ സൃഷ്ടിക്കുകയായിരുന്നു.

കൃത്രിമജീവന്‍ പരീക്ഷണശാലയില്‍ സൃഷ്ടിക്കുന്നതിന് മുന്നോടിയായി, ഒരു ബാക്ടീരിയം ജിനോം നേരത്തെ ഡോ.വെന്ററും കൂട്ടരും രൂപപ്പെടുത്തിയിരുന്നു. മാത്രമല്ല, ഒരു ബാക്ടീരിയത്തിന്റെ ജിനോം മറ്റൊന്നിലേക്ക് മാറ്റിസ്ഥാപിക്കാന്‍ കഴിയുമെന്നും അവര്‍ തെളിയിക്കുകയുണ്ടായി. ഈ രണ്ട് മുന്നേറ്റങ്ങളും കൂട്ടിയിണക്കിയാണ് കൃത്രിമജീവരൂപത്തിന് രൂപംനല്‍കിയത്. ഡോ.വെന്ററും കൂട്ടരും രൂപംനല്‍കിയ സൂക്ഷ്മജീവിയുടെ ശരീരത്തില്‍ 485 ജീനുകളാണുള്ളത് (മനുഷ്യശരീരത്തില്‍ 20,000 ലേറെ ജീനുകളുണ്ട്). ഓരോ ജീനും ഏതാണ്ട് പത്തുലക്ഷം ബേസ് ജോഡികളുപയോഗിച്ച് നിര്‍മിച്ചവയാണ്. വളരെ ലളിതമായ ഒന്നാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടതെങ്കിലും, ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണമായ ജീവരൂപങ്ങള്‍ സൃഷ്ടിക്കാനുള്ള വഴിതുറക്കുകയാണ് അത് ചെയ്യുന്നത്.
മാനവജിനോം കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഡോ. വെന്റര്‍ 15 വര്‍ഷം മുമ്പാണ്, പരീക്ഷണശാലയില്‍ കൃത്രിമജീവന്‍ സൃഷ്ടിക്കാന്‍ പദ്ധതിയിടുന്നത്. 2006-ല്‍
ജെ.ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ട് അദ്ദേഹം സ്ഥാപിക്കുന്നതു തന്നെ ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാണ്. നാലു കോടി ഡോളര്‍ വേണ്ടിവന്നു വിജയം വരിക്കാന്‍. ഏതായാലും മാനവചരിത്രത്തിലെ ഏറ്റവും വലിയ വിവാദത്തിനാണ് ഈ മുന്നേറ്റം വഴി ഡോ.വെന്ററും കൂട്ടരും തിരികൊളുത്തിയിരിക്കുന്നത്. ( അവലംബം: സയന്‍സ് )

കാണുക

17 comments:

Joseph Antony said...

1996 ഫിബ്രവരി 14-ന് ഡോളിയെന്ന ചെമ്മരിയാട് പിറന്നപ്പോഴായിരിക്കണം ഇത്തരത്തിലൊരു ആകാംക്ഷയും വിവാദവും ശാസ്ത്രലോകം നേരിട്ടിരിക്കുക. ക്ലോണിങ് എന്ന ജനിതകസങ്കേതം വഴിയുണ്ടായ ആദ്യ സസ്തനിയായിരുന്നു ഡോളി. അവള്‍ക്ക് ജന്‍മം നല്‍കിയ ഡോ.ഇയാന്‍ വില്‍മുട്ടിനെ 'ഫ്രാന്‍കെന്‍സ്റ്റയിനാ'യി പലരും ചിത്രീകരിച്ചു. ഇനി ഇയാന്‍ വില്‍മുട്ടിന്റെ ആ 'സ്ഥാനപ്പേര്' ഇനി തീര്‍ച്ചയായും ഡോ. ജെ. ക്രെയ്ഗ് വെന്റര്‍ എന്ന കുശാഗ്രബുദ്ധിയായ ജനിതകശാസ്ത്രജ്ഞനായിരിക്കും ലഭിക്കുക! കാരണം, ചരിത്രത്തില്‍ ആദ്യമായി ഒരു കൃത്രിമജീവരൂപം സൃഷ്ടിക്കുകയെന്ന വെല്ലുവിളിയില്‍ ഡോ.വെന്ററുടെ നേതൃത്വത്തിലുള്ള സംഘം വിജയിച്ചിരിക്കുന്നു.

Baiju Elikkattoor said...

"....തങ്ങള്‍ നടത്തിയ മുന്നേറ്റം ശാസ്ത്രത്തിലെ വലിയൊരു നാഴികക്കല്ലാണെന്നും, മനുഷ്യവര്‍ഗത്തിന് വലിയ അനുഗ്രഹമാകാന്‍ പോന്ന ഒട്ടേറെ സംഗതികള്‍ അതുവഴി സാധിക്കുമെന്നും...."

നാഴികക്കല്ലാണെന്ന കാരിയത്തില്‍ സംശയമില്ല. എന്നാല്‍ മനുഷ്യ വര്‍ഗ്ഗത്തിന് മാത്രമല്ല ഭൂമിയിലെ മറ്റു ജീവജാലങ്ങള്‍ക്ക് പോലും അനുഗ്രഹത്തെക്കാള്‍ അപകടം പ്രധാനം ചെയ്യുന്നതാണോ ഈ കണ്ടുപിടുത്തം എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നൂ! പ്രത്യേകിച്ചും,ആണാവോര്‍ജ്ജം എന്ന മഹത്തായ കണ്ടുപിടുത്തം തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും അനുഗ്രഹതെക്കള്‍ ഉപരി ഭീഷണി ആയി തീര്‍ന്നിരിക്കുന്ന സാഹചരിയത്തില്‍!

Baiju Elikkattoor said...

ഈ ലേഖനം പരിചയപ്പെടുത്തിയതിനു നന്ദി പറയട്ടെ.

ബിജു ചന്ദ്രന്‍ said...

മഹത്തായ ഈ വാര്‍ത്തയ്ക്ക് നന്ദി. കൂടുതല്‍ ചര്‍ച്ചയ്ക്കായി കാത്തിരിക്കുന്നു.

kambarRm said...

സംശയമില്ല., ഇത് ലോകത്തിനൊന്നാകെ ഗുണത്തേക്കാൾ ദോഷം ചെയ്യും., പുതിയ ഓരോ ജീവിയും പിറവിയെടുക്കുമ്പോൾ പഴയവ ഭൂമിയിൽ നിന്നും മാഞ്ഞേ പറ്റൂ..ഇല്ലെങ്കിൽ പരിസ്തിഥിയുടെ സന്തുലനം തന്നെ താറുമാറാകും.
പുതിയ അറിവുകൾക്ക് നന്ദി..

സുശീല്‍ കുമാര്‍ said...

ശുഭാപ്തിവിശ്വാസികളാകുക. ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നുകരുതി പുതിയ നേട്ടങ്ങളെ കുറച്ചുകാണാതിരിക്കുക. ഇതു മനുഷ്യചരിത്രത്തിലെ ഒരു വലിയ കുതിച്ചുചാട്ടമായിരിക്കുമെന്നതില്‍ സംശയത്തിനൊട്ടും വകയില്ല.
"ദൈവത്തിന്റെ റോള്‍ മനുഷ്യന്‍ ഏറ്റെടുക്കുന്നത് നന്നോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്"- അതെ ദൈവത്തിന്റെ സംരക്ഷകരില്‍ നിന്നുതന്നെയാകും ആദ്യത്തെ എതിര്‍പ്പുണ്ടാവുക.

നന്ദന said...

പ്രതീക്ഷകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്, പക്ഷെ നമ്മുടെ പ്രതീക്ഷകളെ ഊതിക്കെടുത്താൻ “ചെകുത്തന്മാർ” അവരുടെ ജീവങ്കൊടുത്തും ശ്രമിക്കുമെന്നുറപ്പാണ്. ഇവർ എല്ലാരീതിയിലും ഇതിനെ നിരുത്സാഹപ്പെടുത്തും.
നന്ദി.

Sandhu Nizhal (സന്തു നിഴൽ) said...

ഉത്സാഹത്തോടെ കാത്തിരിക്കുന്നു ,പുതിയ മുന്നേറ്റങ്ങള്‍ക്കായ്.

MaAtToOsS said...

ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം ...വാക്കുകളും പ്രവര്‍ത്തികളും കാണാം .പക്ഷെ വിജയം അത് മാത്രം ഉണ്ടാവില്ല ..അങ്ങിനെ ഒന്ന് സംഭവിക്കുക അസാധ്യം ..
പിന്നെ കണ്ടു പിടിത്തത്തിന് ഒടുവില്‍ പേറ്റന്റ്‌ കിട്ടുന്നില്ല എന്ന് പറഞ്ഞു ഒഴിയാനുള്ള ചാന്‍സ്‌ കൂടുതലാണ് ..
അവര്‍ ശ്രമിക്കട്ടെ ഇനിയും ആയിരം കോടി ചിലവാക്കട്ടെ .അത്രയും കാശ് അവര്‍ക്ക്‌ ചിലവഴിക്കാമെന്നു മാത്രം ..അല്ലാതെ ഒരു ജീവന്‍ ഉണ്ടാക്കാന്‍ അവരെ കൊണ്ട് കഴിയില്ല ..

നിലാവ്‌ said...

ഹ ഹാ...ഭൂമി ഉരുണ്ടിട്ടാണ്‌ എന്നു പണ്ടാരോ പറഞ്ഞപ്പോൾ 'ഇല്ല ഇല്ല ഒരിക്കലുമില്ല ..അങ്ങനെ വരാൻ ഒരു സാധ്യതയുമില്ല ..ഞങ്ങൾ സമ്മതിക്കില്ല.." എന്നു ആക്രോശിക്കാനും ചില വിദ്വന്മാർ ഉണ്ടയിരുന്നെന്നത്‌ ചരിത്രം.

ഷൈജൻ കാക്കര said...

തെളിയിക്കപ്പെടുന്ന ശാസ്ത്രസത്യത്തെ കാക്കര മുറുകെ പിടിക്കും...

ഭൗതീകനേട്ടങ്ങൾ തരുന്ന ശാസ്ത്രവും ആത്മീയസുഖം തരുന്ന ദൈവവിശ്വാസവും സമാന്തരങ്ങളായി മുന്നോട്ട്‌പോകും.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

@ ബാദ്ഷ
ശുഭാപ്തി വിശ്വാസം നല്ലതാണ്!കിടങ്ങൂരന്റ്റെ വരികള്‍ ഓര്‍മിക്കുമല്ലോ?

keralafarmer said...

വംശനാശം സംഭവിക്കുന്ന അപൂര്‍വ്വ ഇനം പക്ഷിമൃഗാദികള്‍ സംരക്ഷിക്കപ്പെടുവാനും പരിസ്ഥിതി സംരക്ഷണത്തിനും ഇത് പ്രയോജനപ്പെടട്ടെ. നെഗറ്റീവായി ചിന്തിക്കാന്‍ തുടങ്ങിയാല്‍ സംശയങ്ങളേ ഉണ്ടാവൂ.

ജയരാജ്‌മുരുക്കുംപുഴ said...

valare arivu pakarunna lekhanam..... aashamsakal....

Joker said...
This comment has been removed by the author.
Joker said...

മാത്യഭൂമിയിലെ ലേഖനം വായിച്ചു. നന്ദി.

ഈ പുതിയ കണ്ട് പിടിത്തം ശാസ്ത്ര വിപ്ലവം തന്നെയാണ്. പക്ഷെ ഇത് അമേരിക്കയുടെയോ മറ്റ് സാമ്രാജ്യത്ത ശക്തികളുടെ കൈയിലോ എത്താ‍തിരുന്നാല്‍ നന്ന്. ഇതിനോടകം തന്നെ നിരവധി രാസായൂധങ്ങളും , അണുവായുധങ്ങളും, ജൈവായുധങ്ങളും, ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളും കൊണ്ട്. മനുഷ്യനെ തന്നെ ഭൂമിയില്‍ തുടച്ചു നീക്കാന്‍ മാത്രം പോന്ന അമേരിക്കയെ പോലുള്ള ഭീകരന്മാരുള്ളപ്പോള്‍ ഈ കണ്ടു പിടുത്തത്തെയും ഭീതിയോടെ കാണുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു.പുതിയ മുന്നേറ്റത്തില്‍ സന്തോഷിക്കുമ്പോഴും അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയിലുള്ള ആശങ്ക അസ്ഥാനത്തല്ല. ഇന്നേവരെയുള്ള ഇത്തരത്തിലുള്ള കണ്ട് പിടുത്തങ്ങളുടെ ചരിത്രം ഓര്‍ക്കുമ്പോള്‍ പ്രത്യേഎകിച്ചും.

സുധീര്‍_ഓയൂര്‍ said...

വാര്‍ത്ത‍ പരിചയ പെടുത്തിയതിനു നന്ദി.

അല്ല നമ്മുടെ ദൈവങ്ങളുടെ പണി പോകുമോ .

മനുഷ്യന്‍ വളരട്ടേ , ദൈവം തുലയട്ടെ