Monday, February 20, 2017

കോട്ടുക്കോണം മാങ്ങ ഫെബ്രുവരിയില്‍ മൂക്കുമ്പോള്‍!


തിരുവനന്തപുരം ജില്ലയില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് കോട്ടുക്കോണം മാങ്ങ ജീവിതത്തിന്റെ ഭാഗമാണ്. കൊതിയൂറുന്ന മധുരവും നല്ല നാരും നിറവുമുള്ള മാങ്ങ. ഫെബ്രുവരിയോടെ പൂവിടും ഏപ്രിലില്‍ കായ്ക്കും മെയ് ആദ്യവാരം മുതല്‍ മൂത്ത മാങ്ങ കിട്ടിത്തുടങ്ങും.

കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തുനിന്ന് അമ്പൂരിക്ക് പോകുമ്പോള്‍, പതിവുപോലെ തച്ചോട്ടുകാവ്-മഞ്ചാടി-അന്തിയൂര്‍ക്കോണം എന്ന പതിവ് റൂട്ടിലൂടെയായിരുന്നു യാത്ര. 

ആ കട്ട് റോഡില്‍ രണ്ട് സംഗതിയാണ് പതിവ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. നല്ല ചായയും നാടന്‍ പലഹാരങ്ങളും കിട്ടുന്ന ഏതാനും ചെറിയ ചായക്കടകള്‍. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയ്ക്കും മറ്റും പോകുന്ന പതിവ് സഞ്ചാരികള്‍ അവിടെ വണ്ടി നിര്‍ത്തി ചായകുടിച്ചേ പോകൂ. രണ്ടാമത്തേത്, ഏപ്രില്‍-മെയ് ആകുമ്പോള്‍ പരിസരത്തെ കോട്ടുക്കോണം മാവുകളില്‍ നിന്ന് പറിച്ച് വൈക്കോലും പാലയിലയും വെച്ച് പഴുപ്പിച്ച വര്‍ണാഭമായ കോട്ടുക്കോണം മാങ്ങകള്‍. അവധിക്കാലത്ത് നാട്ടില്‍നിന്ന് പോരുമ്പോള്‍ അവിടെ നിന്നാണ് കോട്ടുക്കോണം മാങ്ങാപ്പഴം വാങ്ങുക. 

ഇത്തവണ അതിലേ പോകുമ്പോള്‍ പല സ്ഥലത്തും നല്ല നിറമുള്ള കോട്ടുക്കോണം മാങ്ങ വില്‍ക്കാന്‍ വെച്ചിരിക്കുന്നു. മൂക്കാത്ത മാങ്ങയാകും പുകയിട്ട് പഴുപ്പിച്ച് നിറംവെച്ചതാകാമെന്ന് ആദ്യം സംശയിച്ചു. പക്ഷേ, ചോദിച്ചപ്പോള്‍ അവര്‍ അത് മൂത്തതാണെന്ന് ആണയിച്ച് പറഞ്ഞു. കിലോയ്ക്ക് 160 രൂപ. വില കൂടുതലാണെന്ന് തോന്നിയെങ്കിലും, ഈ സമയത്ത് നല്ല കോട്ടുക്കോണം മാങ്ങ കിട്ടാന്‍ ഇത്രയും കാശ് അധികമല്ലെന്ന് തോന്നി.

മാങ്ങയും വാങ്ങി യാത്ര തുടരുമ്പോഴാണ് അസ്വസ്ഥതയോടെ ഒരു ചിന്ത മനസില്‍ കടന്നു കൂടിയത്. എന്തുകൊണ്ട് കോട്ടുക്കോണം മാങ്ങ ഫെബ്രുവരിയില്‍ മൂക്കുന്നു? കാലംതെറ്റുന്നത് കാലവര്‍ഷത്തിന് മാത്രമല്ല....കാലാവസ്ഥാ വ്യതിയാനം മാങ്ങയുടെ രൂപത്തിലും പ്രത്യക്ഷപ്പെടാം!

Monday, February 06, 2017

ചരിത്രത്തിന്റെ വിലയറിയാതെ മറയൂര്‍ മുനിയറകള്‍ നശിപ്പിക്കുമ്പോള്‍

ദേശീയസ്മാരകങ്ങളായി സംരക്ഷിക്കാന്‍ കേരള ഹൈക്കോടതി 22 വര്‍ഷംമുമ്പ് വിധി പുറപ്പെടുവിപ്പിച്ച ചരിത്രസ്മാരകങ്ങളാണ്, നശിപ്പിച്ച് സ്വന്തം മനസിന്റെ വൈകൃതം കാട്ടാന്‍ ചിലര്‍ ഒരുമ്പെട്ടിരിക്കുന്നത്



ചരിത്രത്തിന്റെ മൂല്യം അറിയുന്നവര്‍ക്കേ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ. ഇടുക്കി ജില്ലയില്‍ മറയൂരിലെ ശിലായുഗസ്മാരകങ്ങളായ മുനിയറകള്‍ പൊളിച്ച് നശിപ്പിച്ചെന്ന വാര്‍ത്ത വ്യക്തമാക്കുന്നത് മറ്റൊന്നുമല്ല, നമുക്ക് ചരിത്രത്തിന്റെ മൂല്യമോ ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യമോ അറിയില്ല എന്നത് തന്നെ!

ദേശീയസ്മാരകങ്ങളായി സംരക്ഷിക്കാന്‍ കേരള ഹൈക്കോടതി 22 വര്‍ഷംമുമ്പ് വിധി പുറപ്പെടുവിപ്പിച്ച ചരിത്രസ്മാരകങ്ങളാണ്, നശിപ്പിച്ച്  സ്വന്തം മനസിന്റെ വൈകൃതം കാട്ടാന്‍ ചിലര്‍ ഒരുമ്പെട്ടിരിക്കുന്നത്. ഇത് കോടതിവിധിയുടെ നഗ്നമായ ലംഘനവും കൂടിയാണ്. മറയൂരില്‍ മുരുകന്‍മലയിലെ അവശേഷിക്കുന്ന മുനിയറകളാണ് സമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്

ഈ സ്മാരകങ്ങള്‍ കേരളത്തിന്റെ പ്രാചീനചരിത്രത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന് മനസിലാക്കുമ്പോഴേ, മുനിയറകള്‍ നശിപ്പിക്കുന്നവരുടെ ചെയ്തി എത്ര ഹീനമാണെന്ന് മനസിലാകൂ. ഇവിടെ നിലനിന്ന ശിലായുഗസംസ്‌ക്കാരത്തിന്റെ ശേഷിപ്പുകളാണ് മറയൂര്‍ മുനിയറകള്‍. പുരാതന ശിലായുഗത്തിന്റെ അവസാനഘട്ടമായ 'മഹാശിലായുഗ'ത്തിലെ ( Megalithic Age ) ആളുകളെ മറവുചെയ്ത കല്ലറകളാണ് ഇവയെന്ന് പുരാവസ്തുശാസ്ത്രജ്ഞര്‍ പറയുന്നു. ഇരുമ്പ് കണ്ടുപിടിച്ചവരുടെ ബാക്കിപത്രം. 



കേരളത്തിന് ഒരു ശിലായുഗചരിത്രം അവകാശപ്പെടാനില്ലെന്ന് ഒരു നൂറ്റാണ്ട് മുമ്പ് വാദിച്ച പണ്ഡിതാണ് റോബര്‍ട്ട് ബ്രൂസ്ഫുട്. അത്തരം നിഗമനങ്ങള്‍ തിരുത്തിയെഴുതിയതില്‍ മറയൂരിലെ ശിലായുഗ സ്മാരകങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. 

1974 ലാണ് മറയൂര്‍ മുനിയറകളെക്കുറിച്ചും അവിടുത്തെ പ്രാചീന ഗുഹാചിത്രങ്ങളെക്കുറിച്ചും ശാസ്ത്രീയപഠനം നടക്കുന്നത്. പില്‍ക്കാലത്ത് സംസ്ഥാന സൂപ്രണ്ടിങ് ആര്‍ക്കയോളിസ്റ്റായി വിരമിച്ച ഡോ.എസ്.പത്മനാഭന്‍ തമ്പിയായിരുന്നു അതിന് പിന്നില്‍. ആ പഠനം കേരളചരിത്രത്തെ 1500 വര്‍ഷം പിന്നോട്ട് കൊണ്ടുപയോതായി, ഒരിക്കല്‍ അഭിമുഖത്തില്‍ അദ്ദേഹം ഈ ലേഖകനോട് പറഞ്ഞു. 

മറയൂരിലെ മുനിയറകള്‍ എ.ഡി.200 നും ബി.സി.1000 നും ഇടയില്‍ ആ താഴ്‌വരയില്‍ നിലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ തെളിവുകളാണെന്നാണ് ഡോ.പത്മനാഭന്‍ തമ്പി എത്തിയ നിഗമനം. ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 1976 ല്‍ സംസ്ഥാന പുരാവസ്തുവകുപ്പ് മുനിയറകളെ സംരക്ഷിതസ്മാരകങ്ങളായി പ്രഖ്യാപിച്ചു. 

സംരക്ഷിത സ്മാരകങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണത്തിന്റെ യഥാര്‍ഥ സ്വഭാവം മുരുകന്‍മയലില്‍ നശിപ്പിച്ച മുനിയറകളുടെ ദൃശ്യം വ്യക്തമാക്കി തരുന്നു. ഒരര്‍ഥത്തില്‍ ഈ അമൂല്യസ്മാരകങ്ങള്‍ പല വിധത്തില്‍ ഇത്രകാലവും നശിപ്പിക്കുക തന്നെയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നൂറുകണക്കിന് മുനിയറകള്‍ മറയൂരിലുണ്ടായിരുന്നത്, വിരലിലെണ്ണാവുന്ന അത്രയുമായി ചുരുങ്ങിയത് അതിന് തെളിവാണ്. വീടുവെയ്ക്കാനും മതിലുകെട്ടാനുമൊക്കെ മുനിയറകള്‍ വ്യാപകമായി പൊളിച്ചുകൊണ്ടുപോയിട്ടുണ്ട്. 



ഇതൊന്നും കൂടാതെ, പാമ്പാറിന്‍ തീരത്ത് മുറിയറകള്‍ സ്ഥിതിചെയ്യുന്ന ആനപ്പാറ ഖനനം ചെയ്യാനും നീക്കംനടന്നു. 1990 കളുടെ ആദ്യപകുതിയിലായിരുന്നു അത്. അന്നത്തെ പ്രബലനായ ഒരു സംസ്ഥാനമന്ത്രിയുടെ ബിനാമിയെന്ന് ആരോപിക്കപ്പെട്ട കമ്പനിയാണ് പാറപൊട്ടിക്കാന്‍ തുടങ്ങിയത്. 

അത് വാര്‍ത്തയായപ്പോള്‍ കൊച്ചിയിലെ നിയമവേദി മുനിയറകള്‍ സംരക്ഷിക്കാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് പത്തുവര്‍ഷത്തേക്ക് ഖനനത്തിന് അനുമതി നല്‍കിയെങ്കിലും, അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് കെ.ടി.തോമസും ജസ്റ്റിസ് പി.ഷണ്‍മുഖവുമടങ്ങിയ ഡിവിഷന്‍ ബഞ്ച്, 1995 നവംബര്‍ ആദ്യവാരം ഖനനം നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. ഗ്രാനൈറ്റ് ഖനനം പാടില്ലെന്ന് മാത്രമല്ല, മറയൂരിലെ പ്രാചീന സ്മാരകങ്ങളെ ദേശീയസ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. 

സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പ്രഖ്യാപനമുണ്ടായിട്ടും, ഹൈക്കോടതിയുടെ വിധി വന്നിട്ടും മറയൂരിലെ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല എന്ന ഖേദകരമായ വസ്തുതയ്ക്ക് തെളിവാണ് മുനിയറകള്‍ നേരിട്ട ദുര്‍വിധി. ആരും നോക്കാനോ സംരക്ഷിക്കാനോ ഇല്ലാതെ വിട്ടാല്‍ ഏത് സ്മാരകത്തിനും ഇതൊക്കെ തന്നെ സംഭവിക്കും എന്നതാണ് വാസ്തവം. (മറയൂര്‍ മുനിയറകളുടെ 2006 ലെടുത്ത ചിത്രങ്ങളാണ് ആദ്യത്തെ രണ്ട് ചിത്രങ്ങള്‍. സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച മുറിയറ മൂന്നാമത്തെ ചിത്രത്തില്‍). 

by ജോസഫ് ആന്റണി 

* 2017 ജനുവരി 24 ന് 'മാതൃഭൂമി ഓണ്‍ലൈനി'ല്‍ പ്രസിദ്ധീകരിച്ചത്