Saturday, August 29, 2009

തന്മാത്രയുടെ ചിത്രം, ആദ്യമായി

ഒരു തന്മാത്രയിലെ രാസഘടനയുടെ വിശദമായ ചിത്രം പകര്‍ത്തുന്നതില്‍ ഗവേഷകര്‍ ആദ്യമായി വിജയിച്ചു. ആഗാധസൂക്ഷ്‌മതയില്‍ കുടികൊള്ളുന്ന തന്മാത്രകളെയും അവയിലെ രാസബന്ധങ്ങളെയും ഭൗതികതലത്തില്‍ പരിശോധിക്കാന്‍ ശാസ്‌ത്രലോകത്തിന്‌ അവസരം കൈവന്നിരിക്കുകയാണ്‌ ഇതോടെ. ഐ.ബി.എം. ഗവേഷകരാണ്‌ ഈ മുന്നേറ്റത്തിന്‌ പിന്നില്‍.

മോളിക്യൂലാര്‍ ഇലക്ട്രോണിക്‌സ്‌ എന്ന ശാസ്‌ത്രശാഖയ്‌ക്ക്‌ വന്‍ മുതല്‍ക്കൂട്ടാകാനും, പുതിയ ഔഷധങ്ങള്‍ രൂപകല്‍പന ചെയ്യുന്നതില്‍ സിന്തറ്റിക്‌ കെമിസ്‌ട്രിക്ക്‌ തുണയാകാനും പുതിയ മുന്നേറ്റം സഹായിക്കുമെന്ന്‌ കരുതുന്നു.

നിത്യജീവിതത്തിലെ മാനദണ്ഡമനുസരിച്ച്‌ തന്മാത്രകളും ആറ്റങ്ങളും എത്ര സൂക്ഷ്‌മമാണെന്ന്‌ ഏകദേശ ധാരണയുണ്ടായാലേ, ഈ മുന്നേറ്റത്തിന്റെ അര്‍ഥതലങ്ങള്‍ വ്യക്തമാകൂ. റിച്ചാര്‍ഡ്‌ ഫെയ്‌ന്‍മാന്റെ വാക്കുകള്‍ കടമെടുത്താല്‍, "ഒരു ആപ്പിളിനെ ഭൂമിയുടെ അത്രയും വലുതാക്കിയാല്‍, അതിലെ ആറ്റങ്ങള്‍ക്ക്‌ യഥാര്‍ഥ ആപ്പിളിന്റെ വലിപ്പമുണ്ടാകും"! ഇത്തരം രണ്ടോ അതിലധികമോ ആറ്റങ്ങള്‍ ചേര്‍ന്നതാണ്‌ തന്മാത്രകള്‍. അപ്പോള്‍ ഒരു തന്മാത്രയുടെ ദൃശ്യം പകര്‍ത്താന്‍ കഴിഞ്ഞു എന്നത്‌ അത്ര നിസ്സാരമല്ല.

കാര്‍ബണ്‍ നാനോട്യൂബിന്റെ ഭൗതിക ആകൃതി പകര്‍ത്തുന്നതില്‍ മുമ്പ്‌ ഗവേഷകര്‍ വിജയിച്ചിട്ടുണ്ട്‌. എന്നാല്‍, ഇത്തവണ ഒരുപടി കൂടി മുന്നോട്ട്‌ പോയി കാര്യങ്ങള്‍. തന്മാത്രയുടെ രാസബന്ധങ്ങള്‍ കൂടി ദൃശ്യവത്‌ക്കരിക്കാന്‍ കഴിഞ്ഞിരിക്കുന്നു -'സയന്‍സ്‌' ഗവേഷണ വാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

തന്മാത്രയുടെ ചിത്രം പകര്‍ത്തിയ ഐ.ബി.എം. റിസര്‍ച്ച്‌ സൂറിച്ചിലെ ഇതേ ഗവേഷകസംഘം, ഒറ്റ ആറ്റത്തിന്റെ ചാര്‍ജ്‌ അളക്കുന്നതില്‍ വിജയിച്ചത്‌ കഴിഞ്ഞ ജൂലായിലായിരുന്നു. 'ആറ്റമിക്‌ ഫോഴ്‌സ്‌ മൈക്രോസ്‌കോപ്പ്‌' (AFM) ഉപയോഗിച്ചാണ്‌ സംഘം കാര്‍ബണ്‍മോണോക്‌സയിഡ്‌ (CO) തന്മാത്രയുടെ ദൃശ്യം പകര്‍ത്തിയത്‌.

ചെറിയൊരു ടൂണിങ്‌ ഫോര്‍ക്ക്‌ പോലെ പ്രവര്‍ത്തിക്കുന്ന ഒന്നാണ്‌, തന്മാത്രാചിത്രം പകര്‍ത്താനുപയോഗിച്ച എ.എഫ്‌.എം. വകഭേദം. ചിത്രമെടുക്കേണ്ട സാമ്പിളിനോട്‌ വളരെയടുത്ത്‌ ടൂണിങ്‌ ഫോര്‍ക്കിന്റെ ഒരു കരം സ്ഥിതിചെയ്യുമ്പോള്‍ രണ്ടാമത്തേത്‌ കുറെയകലെയാണ്‌.

ഫോര്‍ക്ക്‌ കമ്പനം ചെയ്യാനാരംഭിക്കുമ്പോള്‍, തന്മാത്രയോട്‌ ചേര്‍ന്ന്‌ സ്ഥിതിചെയ്യുന്ന കരത്തിന്റെ ആവര്‍ത്തി (frequency) യില്‍ സൂക്ഷ്‌മായ വ്യതിയാനം സംഭവിക്കും. ഫോര്‍ക്കിന്റെ ഇരു കരത്തിന്റെയും ആവര്‍ത്തികള്‍ തമ്മില്‍ താരതമ്യം ചെയ്‌താണ്‌, തന്മാത്രയും ഘടന ഗവേഷകര്‍ മനസിലാക്കിയത്‌.

അങ്ങേയറ്റത്തെ സൂക്ഷ്‌മതയും ജാഗ്രതയും ഈ അളവെടുപ്പിന്‌ ആവശ്യമാണ്‌. ചുറ്റിനും കറങ്ങി നടക്കുന്ന വാതക തന്മാത്രകള്‍ ഈ പ്രക്രിയയെ അപകടപ്പെടുത്താം. അതല്ലെങ്കില്‍ മുറിയിലെ താപനിലയ്‌ക്കനുസരിച്ച്‌ തന്മാത്രകള്‍ക്കുണ്ടാകുന്ന കമ്പനം പ്രശ്‌നം സൃഷ്ടിച്ചേക്കാം. ഇവ ഒഴിവാക്കാന്‍ ഉയര്‍ന്ന ശൂന്യതയിലും (വാക്വമിലും) വളരെ താഴ്‌ന്ന താപനിലയിലുമാണ്‌ അളവെടുപ്പ്‌ നടന്നത്‌.

കാര്‍ബണ്‍മോണോക്‌സയിഡ്‌ എന്ന പഞ്ചഭുജ തന്മാത്രയിലെ കാര്‍ബണ്‍ ആറ്റങ്ങളുടെ ബന്ധപ്പെട്ട അഞ്ച്‌ വലയങ്ങളും ചിത്രത്തില്‍ വ്യക്തമാണ്‌. ഒരോ തന്മാത്രകളുടെ ചാര്‍ജ്‌ അളക്കുക എന്നതാണ്‌ ഇനിയുള്ള ലക്ഷ്യമെന്ന്‌ ഗവേഷണത്തില്‍ മുഖ്യപങ്ക്‌ വഹിച്ച ലിയോ ഗ്രോസ്സ്‌ പറയുന്നു.

തന്മാത്രകളെ ഇതുവരെ അറിയാത്തത്ര സൂക്ഷ്‌മവിശദാംശങ്ങളോടെ മനസിലാക്കാന്‍ ഇത്‌ സഹായിക്കും. ഇലക്ട്രോണിക്‌സിന്റെ ഭാവി സാധ്യത എന്ന്‌ വിലയിരുത്തപ്പെടുന്ന 'മോളിക്യുലാര്‍ ഇലക്ട്രോണിക്‌സി'നാവും ഇത്‌ പുത്തന്‍ കുതിപ്പേകുക. തന്മാത്രകള്‍ തന്നെ സ്വിച്ചുകളും ട്രാന്‍സിസ്റ്ററുകളുമായി പ്രവര്‍ത്തുക്കുന്ന അത്ഭുതലോകമാണ്‌ മോളിക്യുലാര്‍ ഇലക്ട്രോണിക്‌സിന്റേത്‌.

'സ്‌കാനിങ്‌ ടണലിങ്‌ മൈക്രോസ്‌കോപ്പി' എന്നറിയപ്പെടുന്ന നൂതന സങ്കേതം ഉപയോഗിച്ചും തന്മാത്രകളുടെ വിശദാംശങ്ങള്‍ അറിയാനുള്ള നീക്കം ഗവേഷകര്‍ നടത്തുന്നുണ്ട്‌. ഇതോടൊപ്പം എ.എഫ്‌.എം. കൂടിയാകുമ്പോള്‍ രസതന്ത്രത്തിന്‌, പ്രത്യേകിച്ചും ഔഷധങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ ഉപയോഗിക്കുന്ന സിന്തറ്റിക്‌ കെമിസ്‌ട്രിക്ക്‌, ഇത്‌ സഹായകമാകും.

മാത്രമല്ല, നാനോതലത്തില്‍ കാര്യങ്ങള്‍ അറിയാന്‍ ഇത്തരം പുതിയ സങ്കേതങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യതയും ഈ ഗവേഷണം മുന്നോട്ടു വെയ്‌ക്കുന്നു.
(അവലംബം: സയന്‍സ്‌).

Wednesday, August 26, 2009

അന്ധതയെക്കെതിരെ പുതിയ മുന്നേറ്റം

ചര്‍മത്തില്‍ നിന്ന്‌ റെറ്റീന കോശങ്ങള്‍

നേത്രാന്തരപടല (റെറ്റീന)ത്തിന്റെ തകരാര്‍ മാറ്റാന്‍, രോഗിയുടെ ചര്‍മം തന്നെ ഭാവിയില്‍ തുണയായേക്കും. ചര്‍മത്തില്‍ നിന്നുള്ള വിത്തുകോശങ്ങളെ, റെറ്റീന കോശങ്ങളാക്കി വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ്‌ ഗവേഷകര്‍. രോഗങ്ങള്‍ മാറ്റാന്‍ മാത്രമല്ല, നേത്രത്തിന്റെ വളര്‍ച്ചയും വികാസവും ആഴത്തില്‍ മനസിലാക്കാനും സഹായിക്കുന്നതാണ്‌ പുതിയ മുന്നേറ്റം.

മാഡിസണില്‍ വിസ്‌കോന്‍സിന്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള സ്‌കൂള്‍ ഓഫ്‌ മെഡിസിന്‍ ആന്‍ഡ്‌ പബ്ലിക്ക്‌ ഹെല്‍ത്തിലെ ഗവേഷകരാണ്‌ വിത്തുകോശങ്ങളില്‍ നിന്ന്‌ റെറ്റീന കോശങ്ങള്‍ രൂപപ്പെടുത്തിയത്‌. ജനിതകതകരാര്‍ മൂലമുള്ള നേത്രപ്രശ്‌നങ്ങള്‍ക്ക്‌ ചികിത്സ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക്‌ ആക്കംകൂട്ടുന്നതാണ്‌ ഈ മുന്നേറ്റമെന്ന്‌, 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ശരീരത്തിലെ ഏതിനം കോശമായും വളര്‍ന്നുവരാന്‍ ശേഷിയുള്ള അടിസ്ഥാനകോശങ്ങളെയാണ്‌ വിത്തുകോശങ്ങള്‍ (stem cells) എന്ന്‌ വിളിക്കുന്നത്‌. മനുഷ്യരില്‍ ബിജസങ്കലനം നടന്ന്‌ ഏതാണ്ട്‌ അഞ്ച്‌ ദിവസം കഴിഞ്ഞ്‌ ഭ്രൂണവിത്തുകോശങ്ങള്‍ വെവ്വേറെ കോശഗ്രൂപ്പുകളാകാന്‍ തുടങ്ങുന്നു. നാഡീസംവിധാനം രൂപപ്പെടുന്നതിന്റെ പ്രാരംഭഘട്ടത്തിലാണ്‌ പ്രത്യേക സംഘം കോശങ്ങള്‍ റെറ്റീനയായി രൂപപ്പെടുന്നത്‌.

വിസ്‌കോന്‍സിനിലെ ഡേവിഡ്‌ ഗാം, ജാസണ്‍ മെയെര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം, മനുഷ്യന്റെ ചര്‍മകോശങ്ങളെയെടുത്ത്‌ പ്രത്യേക സാങ്കേതികവിദ്യ വഴി അവയെ ഭ്രൂണവിത്തുകോശങ്ങളെ അനുസ്‌മരിപ്പിക്കുന്നവയായി പരുവപ്പെടുത്തി. ആ വിത്തുകോശങ്ങളാണ്‌ റെറ്റീന കോശങ്ങളായി വളര്‍ന്നു വന്നത്‌. "തുടക്കത്തില്‍ വളരെ വ്യത്യസ്‌തമായ കോശമായിരുന്നു. അത്‌ അവസാനിച്ചതോ റെറ്റീന കോശങ്ങളായി. എല്ലാം നടന്നത്‌ ഒരു പ്ലാസ്റ്റിക്‌ പാത്രത്തില്‍"-ഗാം പറയുന്നു.

ചര്‍മകോശങ്ങളില്‍ നിന്ന്‌ 'ഇന്‍ഡ്യൂസ്‌ഡ്‌ പ്ലൂറിപൊട്ടന്റ്‌ സ്റ്റെം' (iPS cells) എന്നറിയപ്പെടുന്ന മനുഷ്യ വിത്തുകോശങ്ങള്‍ രൂപപ്പെടുത്തിയത്‌ വിസ്‌കോന്‍സിനിലെ തന്നെ ഡോ.ജെയിംസ്‌ തോംസണാണ്‌; 2007 നവംബറില്‍. ചര്‍മത്തില്‍ നിന്നുള്ള ആ വിത്തുകോശങ്ങളെയാണ്‌ ഇപ്പോള്‍ റെറ്റീന കോശങ്ങളാക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചത്‌. മനുഷ്യരില്‍ റെറ്റീന കോശങ്ങള്‍ രൂപപ്പെടുന്നതെങ്ങനെയെന്ന പ്രശ്‌നത്തിന്റെ ഉരകല്ലായി പുതിയ ഗവേഷണം മാറുമെന്ന്‌ ഗവേഷകര്‍ വിശ്വസിക്കുന്നു.

പുതിയ സങ്കേതമുപയോഗിച്ച്‌ പ്രകാശസ്വീകരണീകോശങ്ങളും (photoreceptor cells) മറ്റ്‌ റെറ്റീന കോശങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞെന്ന്‌ മെയെര്‍ അറിയിക്കുന്നു. നേത്രരോഗങ്ങള്‍ മൂലം മിക്കപ്പോഴും തകരാര്‍ സംഭവിക്കുന്നത്‌ ഇത്തരം കോശങ്ങള്‍ക്കാണ്‌. പ്രകാശസിഗ്നലുകളെ സ്വീകരിച്ച്‌ ദൃശ്യങ്ങളെ വൈദ്യുതസ്‌പന്ദനങ്ങളാക്കി മസ്‌തിഷ്‌കത്തിലേക്ക്‌ അയയ്‌ക്കുകയെന്ന സുപ്രധാന ദൗത്യം നിര്‍വഹിക്കുന്നത്‌ റെറ്റീനയിലെ പ്രകാശസ്വീകരണീകോശങ്ങളാണ്‌.

'റെറ്റിനിറ്റിസ്‌ പിഗ്മെന്റോസ' പോലെ, നേത്രാന്തരപടലത്തിന്‌ തകരാറുണ്ടാക്കുകയും അന്ധതയിലേക്ക്‌ നയിക്കുകയും ചെയ്യുന്ന ജനിതകരോഗങ്ങളുടെ ചികിത്സയില്‍ പുതിയ സാധ്യതയാണ്‌ വിത്തുകോശ സങ്കേതം തുറന്നു തരുന്നത്‌. രോഗിയുടെ ചര്‍മകോശങ്ങളുപയോഗിച്ച്‌ റെറ്റീന കോശങ്ങള്‍ രൂപപ്പെടുത്താനാകും. അത്തരത്തില്‍ കൃത്രിമമായി രൂപപ്പെടുത്തുന്ന റെറ്റീന കോശങ്ങളുടെ സഹായത്തോടെ, രോഗശമനമുണ്ടാക്കാന്‍ ശേഷിയുള്ള ഔഷധങ്ങളുടെ നിര തന്നെ പരീക്ഷിക്കാന്‍ തടസ്സമുണ്ടാകില്ല. അതുപോലെ, കേടുവന്ന റെറ്റീനയെ പുതിയ റെറ്റീന കോശങ്ങള്‍ കൊണ്ട്‌ പരിപോഷിക്കാനും രോഗത്തിന്റെ രൂക്ഷത കുറയ്‌ക്കാനും ഭാവിയില്‍ കഴിഞ്ഞേക്കും.

(അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌, വിസ്‌കോന്‍സിന്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌).

Tuesday, August 25, 2009

നാനൂറ്‌ വര്‍ഷം മുമ്പ്‌, ഈ ദിനത്തില്‍...

ഗലീലിയോയുടെ ദൂരദര്‍ശനിയെപ്പറ്റി ലോകം അറിഞ്ഞു

ആ സുദിനത്തിന്റെ നാനൂറാം വാര്‍ഷികം ഇന്നാണ്‌; 2009 ആഗസ്‌ത്‌ 25. ആധുനിക ജ്യോതിശ്ശാസ്‌ത്രത്തിന്റെ പിറവി ഗലീലിയോയുടെ ടെലിസ്‌കോപ്പോടുകൂടിയാണ്‌. 'ചാരഗ്ലാസ്‌' എന്ന്‌ വിളിക്കപ്പെട്ടിരുന്ന ടെലിസ്‌കോപ്പ്‌ ഗലീലിയോ വെനീഷ്യന്‍ വ്യാപാരികള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചത്‌ 1609 ആഗസ്‌ത്‌ 25-നായിരുന്നു.

ആധുനിശാസ്‌ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലി, ആ ദൂരദര്‍ശനിയെ ആകാശ രഹസ്യങ്ങള്‍ തേടാന്‍ ഉപയോഗിച്ചു തുടങ്ങിയത്‌ പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ്‌; നവംബര്‍ 30-ന്‌. ഗലീലിയോയെയും അദ്ദേഹം ആരംഭിച്ച വാനനിരീക്ഷണത്തെയും ലോകം ഇപ്പോള്‍ ആഘോഷിക്കുകയാണ്‌; 2009-നെ 'അന്താരാഷ്ട്ര ജ്യോതിശ്ശാസ്‌ത്രവര്‍ഷ'മായി പ്രഖ്യാപിച്ചുകൊണ്ട്‌.
ഗൂഗിളും ഈ ദിനം പാഴാക്കിയിട്ടില്ല. മനോഹരമായ ഒരു ഡൂഡിലാണ്‌ ഗൂഗിളിന്റെ ഹോംപേജിലേത്‌.
കാണുക

Monday, August 24, 2009

കൃത്രിമജീവനിലേക്ക്‌ അകലം കുറയുന്നു

പരീക്ഷണശാലയില്‍ ജീവന്‍ സൃഷ്ടിക്കാനുള്ള വിവാദ ശ്രമം തുടരുന്ന ഗവേഷകസംഘം, പുതിയൊരു ബാക്ടീരിയ വകഭേദത്തെ കൃത്രിമമായി രൂപപ്പെടുത്തി. കൃത്രിമജീവരൂപത്തിലേക്ക്‌ അകലം കുറയ്‌ക്കുന്ന മുന്നേറ്റമാണിതെന്ന്‌ വിലയിരുത്തപ്പെടുന്നു.

'മൈക്കോപ്ലാസ്‌മ ലബോറട്ടോറിയം' (Mycoplasma laboratorium) എന്ന്‌ മുന്‍കൂര്‍ പേര്‌ നല്‍കപ്പെട്ടിട്ടുള്ള സൂക്ഷ്‌മജീവിയെ കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്ന ലോകപ്രശസ്‌ത ജനിതക ശാസ്‌ത്രജ്ഞന്‍ ക്രെയ്‌ഗ്‌ വെന്ററിന്റെ സംഘമാണ്‌ പുതിയ മുന്നേറ്റത്തിന്‌ പിന്നില്‍.

അമേരിക്കയില്‍ മേരിലന്‍ഡിലെ റോക്ക്‌വില്ലെയില്‍ പ്രവര്‍ത്തിക്കുന്ന ജെ.ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകനായ ഡോ. സഞ്‌ജയ്‌ വാഷീയും സംഘവും യീസ്റ്റ്‌ കോശങ്ങളുടെ സഹായത്തോടെയാണ്‌, പുതിയ ബാക്ടീരിയ വകഭേദം രൂപപ്പെടുത്തിയതെന്ന്‌ 'സയന്‍സ്‌' ഗവേഷണ വാരിക പറയുന്നു.

ഒരിനം ബാക്ടീരിയയുടെ ജിനോം യീസ്‌റ്റ്‌ കോശത്തിലേക്ക്‌ മാറ്റി സ്ഥാപിക്കുകയാണ്‌ ഗവേഷകര്‍ ആദ്യം ചെയ്‌തത്‌. തുടര്‍ന്ന്‌ അതില്‍ ആവശ്യമായ പരിഷ്‌ക്കരണങ്ങള്‍ വരുത്തിയ ശേഷം ജിനോം മറ്റൊരു ബാക്ടീരിയ കോശത്തില്‍ സന്നിവേശിപ്പിച്ചാണ്‌ പുതിയ വകഭേദം രൂപപ്പെടുത്തിയത്‌.

മനുഷ്യനിര്‍മിതമായ ജിനോം, ബാക്ടീരിയ കോശത്തില്‍ സ്ഥാപിച്ച്‌ കൃത്രിമ ജീവരൂപം സൃഷ്ടിക്കാന്‍ വഴി തുറക്കുന്നതാണ്‌ പുതിയ മുന്നേറ്റം. സ്വീകരണിയായ കോശത്തില്‍ ബാഹ്യജിനോം സന്നിവേശിപ്പിച്ച്‌ പ്രവര്‍ത്തിപ്പിക്കുകയെന്ന വൈതരണിയാണ്‌ ഇതോടെ തരണം ചെയ്യാനായതെന്ന്‌ ഗവേഷകര്‍ പറയുന്നു.

കൃത്രിമമായി രൂപപ്പെടുത്തിയ ബാക്ടീരിയ കോശം, സാധാരണ കോശങ്ങളെപ്പോലെ വിഭജിക്കുകയും പുതിയ ബാക്ടീരിയ വകഭേദം രൂപപ്പെടുകയും ചെയ്‌തെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. പൂര്‍ണതോതിലുള്ള ഒരു കൃത്രിമജീവിക്ക്‌ രൂപം നല്‍കുന്നതിലെ ഒരു തടസ്സം ഇതോടെ ഒഴിവായതായി ഡോ. വാഷീ അറിയിക്കുന്നു.

"വൈറസുകളുടെയും മറ്റും അന്യ ഡി.എന്‍.എ. കടന്നു കൂടുന്നത്‌ തടയാന്‍ പാകത്തില്‍ ബാക്ടീരിയ കോശത്തില്‍ പ്രതിരോധ സംവിധാനമുണ്ട്‌"-അദ്ദേഹം അറിയിക്കുന്നു. ആ പ്രതിരോധ സംവിധാനത്തെ അണച്ചുകളയാന്‍ ഡോ. വാഷീക്കും സംഘത്തിനും കഴിഞ്ഞു. അതാണ്‌ പുതിയ മുന്നേറ്റത്തിന്റെ കാതല്‍.

'മൈക്കോപ്ലാസ്‌മ മൈക്കോയിഡസ്‌' എന്ന ബാക്ടീരിയത്തിന്റെ ജീനോമാണ്‌, യീസ്‌റ്റ്‌ കോശത്തില്‍ സന്നിവേശിപ്പിച്ച ശേഷം ഗവേഷകര്‍ പരിഷ്‌ക്കരിച്ചത്‌. സ്വീകരണിയായ ബാക്ടീരിയകോശത്തിലെ പ്രതിരോധസംവിധാനം അണച്ചതിന്‌ ശേഷം, പരിഷ്‌ക്കരിച്ച ജിനോം അതില്‍ സ്ഥാപിച്ചു.

ജൈവഇന്ധനം സൃഷ്ടിക്കുന്നതുപോലെ പ്രത്യേക ലക്ഷ്യത്തോടെ രൂപപ്പെടുത്തുന്ന കൃത്രിമ ജിനോം, ഒരു ബാക്ടീരിയ കോശത്തില്‍ സന്നിവേശിപ്പിച്ച്‌ കൃത്രിമ സൂക്ഷ്‌മജീവിക്ക്‌ രൂപംനല്‍കുകയാണ്‌ ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പ്രഖ്യാപിത ലക്ഷ്യം.

കൃത്രിമജീവരൂപം പരീക്ഷണശാലയില്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ക്രെയ്‌ഗ്‌ വെന്ററിന്റെ ടീം ഇതിനകം നിര്‍ണായകമായ പല മുന്നേറ്റങ്ങളും നടത്തിക്കഴിഞ്ഞു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ ഇപ്പോഴത്തെ വിജയം.

'മൈക്കോപ്ലാസ്‌മ ജനിറ്റാലിയം' എന്ന ബാക്ടീരിയത്തിന്റെ ജിനോം കൃത്രിമമായി നിര്‍മിക്കുന്നതില്‍ ഈ സംഘം വിജയിച്ചത്‌ 2008 ആദ്യമാണ്‌. കൃത്രിമമായി ക്രോമസോം നിര്‍മിക്കാനാകുമെന്ന്‌ തെളിയിച്ചതും ഈ സംഘമാണ്‌.

ഒരു ജീവിയുടെ ജിനോം മറ്റൊരു ജീവിയിലേക്ക്‌ മാറ്റിവെയ്‌ക്കുക വഴി, രണ്ടാമത്തെ ജീവിയെ ആദ്യത്തേതിന്റെ ഗുണങ്ങളുള്ളതാക്കി മാറ്റാമെന്ന്‌ തെളിയിച്ചതാണ്‌ ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും നടത്തിയ മറ്റൊരു മുന്നേറ്റം.

സിന്തറ്റിക്‌ ജീവിയെ സൃഷ്ടിക്കാന്‍ നടക്കുന്ന ഈ ശ്രമം കൃത്രിമമായി ജീവന്‍ സൃഷ്ടിക്കാനുള്ളത്‌ തന്നെയാണ്‌. സ്വാഭാവികമായും ഈ ഗവേഷണം വന്‍വിവാദങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. മനുഷ്യന്‍ ദൈവത്തിന്റെ ജോലി ഏറ്റെടുക്കണോ എന്നതാണ്‌ ഉയരുന്ന ഒരു പ്രധാന ചോദ്യം.

മാത്രമല്ല, കൃത്രിമമായി സൂക്ഷ്‌മജിവികളെ സൃഷ്ടിക്കാനുള്ള സങ്കേതം തെറ്റായ കരങ്ങളില്‍ എത്തില്ല എന്നതിന്‌ എന്താണ്‌ ഉറപ്പെന്ന ചോദ്യവും ഉയരുന്നുണ്ട്‌. ഇത്തരം നൈതിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ട്‌ തന്നെ മുന്നോട്ടു പോകാനാകും എന്നതാണ്‌ ക്രെയ്‌ഗ്‌ വെന്ററിന്റെ നിലപാട്‌. (അവലംബം: സയന്‍സ്‌ ഗവേഷണവാരിക).

കാണുക

Wednesday, August 05, 2009

വളര്‍ത്തുനായകളും ആഫ്രിക്കക്കാര്‍

മനുഷ്യന്‍ മാത്രമല്ല, മനുഷ്യന്റെ ഉറ്റ ചങ്ങാതിയും വന്നത് ആഫ്രിക്കയില്‍ നിന്നാകാമെന്ന് കണ്ടെത്തല്‍. നായകള്‍ പൂര്‍വേഷ്യക്കാരാണെന്ന ധാരണ തിരുത്തേണ്ടി വരുമെന്ന് പുതിയൊരു പഠനം പറയുന്നു. ഡി.എന്‍.എ.വിശകലനത്തിന്റെ സഹായത്തോടെയുള്ള പഠനത്തിലാണ് വളര്‍ത്തുനായകളുടെ ഉത്ഭവം ആഫ്രിക്കയിലാകാമെന്ന പുതിയ നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് നായകളുടെ ഡി.എന്‍.എ. ശേഖരിച്ച് 2002-ല്‍ നടത്തിയ പഠനത്തില്‍, വളര്‍ത്തുനായ്ക്കള്‍ പൂര്‍വേഷ്യന്‍ വംശജരാണെന്ന് ഗവേഷകര്‍ അനുമാനത്തിലെത്തിയിരുന്നു. എന്നാല്‍, അത് ശരിയല്ലെന്നാണ് പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വാദിക്കുന്നത്.

15,000 നും 40,000 നും വര്‍ഷം മുമ്പ് യൂറേഷ്യന്‍ ഗ്രേ ചെന്നായ്ക്കളില്‍ നിന്ന് വളര്‍ത്തുനായ്ക്കള്‍ പരിണമിച്ചുണ്ടായി എന്നാണ് കരുതുന്നത്. എന്നാല്‍, നായകള്‍ എങ്ങനെ മനുഷ്യന്റെ ഉറ്റചങ്ങാതിമാരായി എന്നത് ഇനിയും വ്യക്തമല്ല.

ജനിതകവൈവിധ്യം മുന്‍നിര്‍ത്തിയാണ്, വളര്‍ത്തുനായ്ക്കളുടെ ഉത്ഭവം പൂര്‍വേഷ്യയിലാണെന്ന് 2002-ല്‍ ഗവേഷകര്‍ നിഗമനത്തിലെത്തിയത്. ആ പഠനം നടത്തിയ കോര്‍ണല്‍ സര്‍വകലാശാലയിലെ ആദം ബോയ്‌കോയുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു പുതിയ ഗവേഷണവും. ഈജിപ്ത്, ഉഗാണ്ട, നമീബിയ എന്നിവിടങ്ങളില്‍ നിന്നായി 318 നായകളുടെ ഡി.എന്‍.എ. വിശകലനം ചെയ്തായിരുന്നു പുതിയ പഠനം.

പൂര്‍വേഷ്യന്‍ നായ്ക്കളുടെയത്ര തന്നെ ജനിതകവൈവിധ്യം ആഫ്രിക്കന്‍ നായകള്‍ക്കിടയിലും ഗവേഷകര്‍ കണ്ടു. ഇതിനര്‍ഥം, വളര്‍ത്തുനായ്ക്കള്‍ ആഫ്രിക്കയിലാകാം പരിണമിച്ചുണ്ടായത് എന്നാണ്. പക്ഷേ, വളര്‍ത്തുനായ്ക്കള്‍ ആഫ്രിക്കയില്‍ നിന്നാണ് വന്നതെന്ന് ഉറപ്പിച്ചു പറയാന്‍ ആദം ബോയ്‌കോ തയ്യാറല്ല. അത്തരമൊരു പ്രസ്താവന അപക്വമാകുമെന്ന് അദ്ദേഹം കരുതുന്നു.

ആഫ്രിക്കന്‍ നായ്ക്കളുടെ ജനിതകവൈവിധ്യം പഠിച്ചതിനൊപ്പം, പ്യൂര്‍ട്ടോ റിക്കോ, അമേരിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ആഫ്രിക്കന്‍ ഇനങ്ങളില്‍പെട്ട നായകളുടെ ഡി.എന്‍.എ. സാമ്പിളുകളും ഗവേഷകര്‍ വിശകലനവിധേയമാക്കി. ആ വിശകലനഫലം കൂടി പരിഗണിച്ചാണ് ഗവേഷകര്‍ തങ്ങളുടെ നിഗമനത്തില്‍ എത്തിയത്.

ഇത് ശരിയാണെങ്കില്‍, ആധുനിക മനുഷ്യന്‍ ഒറ്റയ്ക്കല്ല ആഫ്രിക്കയില്‍ നിന്ന് പുറംലോകത്തെത്തിയത് എന്ന് കരുതാം; അവന്റെ നായയും കൂട്ടുണ്ടായിരുന്നിരിക്കണം. (അവലംബം: പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്).

കാണുക

Monday, August 03, 2009

എച്ച്‌.ഐ.വി-ഗൊറില്ലയില്‍ നിന്ന്‌ പുതിയ വകഭേദം

എയ്‌ഡ്‌സ്‌ വൈറസിന്റെ പുതിയൊരു വകഭേദം ഗൊറില്ലകളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ നേരിട്ട്‌ പകര്‍ന്നതായി കണ്ടെത്തല്‍. കാമറൂണ്‍ വംശജയായ ഒരു സ്‌ത്രീയെ ബാധിച്ചിട്ടുള്ള എച്ച്‌.ഐ.വി. വകഭേദം, ഗൊറില്ലകളില്‍ കാണപ്പെടുന്ന വൈറസുമായി നേരിട്ട്‌ ബന്ധമുള്ളതാണെന്ന്‌ നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

നിലവില്‍ ലോകത്താകെ പടര്‍ന്നിട്ടുള്ള എച്ച്‌.ഐ.വി-1 വകഭേദം, ഒരു നൂറ്റാണ്ട്‌ മുമ്പ്‌ ചിമ്പാന്‍സികളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ കടന്നു എന്നാണ്‌ കരുതുന്നത്‌. ലോകത്താകെ ഇപ്പോള്‍ 330 ലക്ഷം പേരെ എച്ച്‌.ഐ.വി. ബാധിച്ചിട്ടുണ്ട്‌.

ഹ്യുമണ്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസി (എച്ച്‌.ഐ.വി) ന്റെ ചിമ്പാന്‍സികളില്‍ കാണപ്പെടുന്ന രൂപമാണ്‌ സിമിയന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ്‌ (എസ്‌.ഐ.വി). ഈ മൃഗവൈറസിന്‌ എങ്ങനെയോ വ്യതികരണം സംഭവിച്ചാണ്‌ എച്ച്‌.ഐ.വി.ഉണ്ടായത്‌ എന്ന്‌ മുമ്പുതന്നെ ഗവേഷകര്‍ക്ക്‌ സൂചന ലഭിച്ചിട്ടുണ്ട്‌. ഗൊറില്ലകളിലും എസ്‌.ഐ.വി. ഉണ്ട്‌.

ചിമ്പാന്‍സികളെ വേട്ടയാടി തിന്നുന്നവരിലേക്ക്‌, ജീവിവര്‍ഗങ്ങളുടെ അതിരുകള്‍ ലംഘിച്ച്‌ ഈ മാരകവൈറസ്‌ കടന്നിരിക്കാം എന്നാണ്‌ കരുതുന്നത്‌. ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ കോംഗോ ഉള്‍പ്പെടുന്ന മേഖലയില്‍ വെച്ചാകാം അത്‌ ആദ്യം സംഭവിച്ചത്‌.

1981-ല്‍ അമേരിക്കയിലാണ്‌ മനുഷ്യരില്‍ ആദ്യമായി എച്ച്‌.ഐ.വി. ബാധ കണ്ടെത്തിയ്‌ത്‌. എയ്‌ഡ്‌സ്‌ മൂലം 2007 വരെ ലോകത്താകെ 21 ലക്ഷം പേര്‍ മരിച്ചുവെന്നാണ്‌ കണക്ക്‌. ഇന്നും ശരിക്കുള്ള ചികിത്സ കണ്ടെത്താനാകാത്ത എയ്‌ഡ്‌സ്‌ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്‌.

ഇപ്പോള്‍ പാരീസില്‍ കഴിയുന്ന കാമറൂണ്‍ വംശജയായ 62-കാരിയിലാണ്‌, എച്ച്‌.ഐ.വി.യുടെ പുതിയ വകഭേദം ഫ്രഞ്ച്‌ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്‌. സാധാരണ എച്ച്‌.ഐ.വി. വകഭേദങ്ങളെ അപേക്ഷിച്ച്‌, ഗൊറില്ലകളില്‍ കാണപ്പെടുന്ന എസ്‌.ഐ.വി.യുമായി വളരെ അടുത്ത്‌ ബന്ധമുള്ള വൈറസാണ്‌ ആ സ്‌ത്രീയെ ബാധിച്ചിരിക്കുന്നതെന്ന്‌ പരിശോധനകളില്‍ വ്യക്തമായി.

ഗൊറില്ലകളില്‍ കാണപ്പെടുന്ന വൈറസ്‌ വകഭേദം ബാധിച്ചതായി തെളിയുന്ന ആദ്യ വ്യക്തിയാണ്‌ ആ സ്‌ത്രി. എന്നാല്‍, പേടിക്കാനില്ലെന്നും നിലവില്‍ ഉപയോഗിക്കുന്ന വൈറസ്‌ പ്രതിരോധമരുന്നുകള്‍കൊണ്ട്‌ പുതിയ വകഭേദം ബാധിച്ചയാളെയും ചികിത്സിക്കാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

പാരീസിലേക്ക്‌ വരുംമുമ്പ്‌, കാമറൂണിലെ ഒരു അര്‍ധനഗരമേഖലിയിലാണ്‌ ആ സ്‌ത്രീ കഴിഞ്ഞിരുന്നത്‌. ഗൊറില്ലകളുമായി അവര്‍ക്ക്‌ സമ്പര്‍ക്കമുണ്ടായിട്ടില്ല. വേട്ടയിറച്ചി കഴിക്കുന്ന ശീലവും ഇല്ലായിരുന്നു. ആ സ്ഥിതിക്ക്‌, ഈ വൈറസ്‌ വകഭേദം മറ്റാരില്‍ നിന്നോ അവര്‍ക്ക്‌ പകര്‍ന്നതാകാനാണ്‌ സാധ്യത-ഗവേഷകര്‍ കരുതുന്നു.

ചിമ്പാന്‍സികളില്‍ നിന്നല്ലാതെ മറ്റൊരു ഉറവിടത്തില്‍ നിന്ന്‌ എച്ച്‌.ഐ.വി. മനുഷ്യരിലെത്തുന്നതായി കണ്ടെത്തുന്നത്‌ ആദ്യമായാണെന്ന്‌, പഠനസംഘത്തില്‍ പെട്ട മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയിലെ ഡോ. ഡെവിഡ്‌ റോബര്‍ട്ട്‌സണ്‍ അറിയിക്കുന്നു. "എച്ച്‌.ഐ.വി.യുടെ പരിണാമം ഒരു തുടര്‍പ്രക്രിയയാണെന്ന്‌ ഇക്കാര്യം വ്യക്തമാക്കുന്നു"-അദ്ദേഹം അഭിപ്രായപ്പെടുന്നു.

എഡിന്‍ബറോ സര്‍വകലാശാലയിലെ പ്രൊഫ. പോള്‍ ഷാര്‍പ്പിന്റെ അഭിപ്രായത്തില്‍, ചിമ്പാന്‍സികളില്‍ നിന്ന്‌ ഗൊറില്ലകളിലെത്തിയ വൈറസാകാം ഇപ്പോള്‍ മനുഷ്യരെ ബാധിച്ചിട്ടുള്ള പുതിയ വകഭേദം. പരമ്പരാഗതമായി കണ്ടുവരുന്ന മൂന്ന്‌ എച്ച്‌.ഐ.വി.വൈറസ്‌ വകഭേദങ്ങളുമായി അടുത്തു ബന്ധമില്ലാത്തതിനാല്‍, പുതിയ വകഭേദത്തെ തിരിച്ചറിയാന്‍ നിലവിലുള്ള മാര്‍ഗങ്ങള്‍ പ്രയോജനപ്പെടണമെന്നില്ല. അതിനാല്‍, ഈ വൈറസ്‌ വകഭേദം നിശബ്ദമായി പടര്‍ന്നുകൊണ്ടിരിക്കുകയാവാം-അദ്ദേഹം പറയുന്നു.

കാണുക