Thursday, June 12, 2008

മാലിന്യനിര്‍മാര്‍ജനം, 'കേരളസ്റ്റൈല്‍'-2

കേരളത്തില്‍ സംഭവിക്കുന്നത്‌
സര്‍ക്കാരിന്റെ കണക്കനുസരിച്ച്‌, കേരളത്തില്‍ മാലിന്യസംസ്‌ക്കരണത്തിന്‌ സ്ഥലം കണ്ടെത്തിയിട്ടുള്ളത്‌ അഞ്ച്‌ നഗരസഭകള്‍ ഉള്‍പ്പടെ 176 തദ്ദേശ ഭരണകൂടങ്ങള്‍ മാത്രമാണ്‌. ആകെയുള്ള 1057 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 881 എണ്ണത്തിന്‌ ഇത്രകാലമായിട്ടും മാലിന്യമിടാന്‍ ഒരു സ്ഥലം പോലുമില്ല എന്ന്‌ സാരം! അപ്പോള്‍ ദിവസവുമുണ്ടാകുന്ന ആയിരക്കണക്കിന്‌ ടണ്‍ മാലിന്യം നമ്മള്‍ എന്തുചെയ്യുന്നു.
സംസ്ഥാനത്ത്‌ ഒട്ടേറെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക്‌ വീടുകളില്‍നിന്ന്‌ മാലിന്യം ശേഖരിക്കാന്‍ ഇന്ന്‌ സംവിധാനമുണ്ട്‌, ശുചീകരണതൊഴിലാളികളുണ്ട്‌, കുടുംബശ്രീ പ്രവര്‍ത്തകരുണ്ട്‌. എന്നാല്‍, കേരളത്തിലെ വീടുകളില്‍നിന്ന്‌ പ്ലാസ്റ്റിക്ക്‌ മാലിന്യവും, ജൈവമാലിന്യവും വേര്‍തിരിച്ചുകൊടുക്കാന്‍ ബഹുഭൂരിപക്ഷം പേരും ഇപ്പോഴും തയ്യാറാകുന്നില്ല. മാത്രമല്ല, പ്ലാസ്റ്റിക്ക്‌ മാലിന്യത്തിന്റെ അളവ്‌ കുറയ്‌ക്കാനും ജനങ്ങളുടെ ഭാഗത്തുനിന്ന്‌ ശ്രമം ഉണ്ടാകുന്നില്ല. 30 മൈക്രോണ്‍ ക്യാരീബാഗുകള്‍ നിരോധിച്ച സമയത്ത്‌ പ്ലാസ്റ്റിക്ക്‌ മാലിന്യത്തില്‍ കുറവു വന്നിരുന്നു. എന്നാല്‍, അത്‌ 31 മൈക്രോണ്‍ കവറുകളായി പുനര്‍ജനിച്ചതോടെ സ്ഥിതി പഴയതിലും വഷളായി. മാലിന്യപരിപാലനത്തിലെ സുപ്രധാനമായ ആദ്യഘട്ടം താളംതെറ്റിയ നിലയിലാണെന്നു സാരം. ശക്തമായ ബോധവത്‌ക്കരണത്തിലൂടെയും, മാലിന്യസംസ്‌ക്കരണ പ്രക്രിയയില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടും മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവൂ. തിരുവനന്തപുരം നഗരസഭ പോലുള്ളിടത്ത്‌ ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. മാലിന്യം പൊതുസ്ഥലത്ത്‌ വലിച്ചെറിയുന്നതും മറ്റും കുറയ്‌ക്കാന്‍ നഗരസഭയ്‌ക്ക്‌ അതുവഴി കഴിഞ്ഞിരിക്കുന്നു.

മാലിന്യസംസ്‌ക്കരണത്തിന്‌ സംസ്ഥാനത്ത്‌ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ 70 ശതമാനം കാലാവധി കഴിഞ്ഞവയാണെന്നും, നഗരങ്ങളില്‍ക്കൂടി 25 ശതമാനം വാഹനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും സര്‍ക്കാര്‍രേഖ തന്നെ ('മാലിന്യമുക്ത കേരളം-പ്രവര്‍ത്തന രൂപരേഖ') വെളിപ്പെടുത്തുന്നു. വീടുകളില്‍നിന്ന്‌ ശേഖരിക്കുന്ന മാലിന്യം എത്തിക്കേണ്ടിടത്ത്‌ എത്തിക്കാനുള്ള സംവിധാനം എത്ര 'കാര്യക്ഷമ'മാണെന്നത്‌ ഇതില്‍നിന്ന്‌ വ്യക്തമാകുന്നു. ഓടുന്നവയില്‍തന്നെ മൂടിയുള്ളതും, ജൈവ-അജൈവ മാലിന്യങ്ങള്‍ വെവ്വേറെ ശേഖരിക്കാന്‍ പ്രത്യേകം അറകളുള്ളതുമായ വാഹനങ്ങള്‍ ചില നഗരസഭകള്‍ക്കു മാത്രമാണുള്ളത്‌. മാലിന്യപരിപാലനത്തിലെ ആദ്യ രണ്ടുഘട്ടവും കേരളത്തില്‍ ഇങ്ങനെയാണ്‌.

ഇനി സംസ്‌ക്കരണഘട്ടം എങ്ങനെയെന്നു നോക്കാം. ഇതിലെ ഒഴിവാക്കാനാവാത്ത വശം, നഗരമാലിന്യസംസ്‌ക്കരണം എന്നത്‌ ഒരു 'നാറ്റക്കേസാ'ണ്‌ എന്ന കാര്യമാണ്‌്‌. ജൈവമാലിന്യങ്ങള്‍ ജീര്‍ണിക്കുമ്പോഴുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ല. കുറഞ്ഞത്‌ പത്തുദിവസമെങ്കിലും നാറണം എന്നത്‌ പ്രകൃതിനിയമമാണ്‌. നൂറുകണക്കിന്‌ ടണ്‍ മാലിന്യം കൈകാര്യം ചെയ്യുന്ന സ്ഥലത്തിന്‌ കുറഞ്ഞത്‌ നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ദുര്‍ഗന്ധം പരന്നിരിക്കും. അതുകൊണ്ടാണ്‌ കാസര്‍കോട്ടെ കേളുഗുഡെ, കണ്ണൂരിലെ ചേലോറ, കോഴിക്കോട്ടെ ഞെളിയന്‍പറമ്പ്‌, പാലക്കാട്ടെ യാക്കര, തൃശ്ശൂരിലെ ലാലൂര്‍, കോട്ടയത്തെ താന്നിക്കല്‍പടി, തിരുവനന്തപുരത്തെ വിളപ്പില്‍ശാല തുടങ്ങിയവയൊക്കെ കേരളത്തില്‍ ഏറ്റവും വെറുക്കപ്പെടുകയും അറപ്പുളവാക്കുകയും ചെയ്യുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ പെട്ടത്‌.

അധികം ആള്‍ത്തിരക്കില്ലാത്ത സ്ഥലത്ത്‌ നൂറുകണക്കിന്‌ ടണ്‍ മാലിന്യം ദിവസവും കൈകാര്യം ചെയ്യാന്‍ പാകത്തില്‍ വിശാലമായ സ്ഥലം മാലിന്യസംസ്‌ക്കരണത്തിന്‌ കൂടിയേ തീരൂ എന്നാണ്‌ ഇതിനര്‍ഥം. ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നാണ്‌ കേരളം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു മിക്കതിനും അനുയോജ്യമായ സ്ഥലം ഇനിയും മാലിന്യസംസ്‌ക്കരണത്തിന്‌ കണ്ടെത്താനാവാത്തതില്‍ അത്ഭുതമില്ല. മേല്‍ സൂചിപ്പിച്ച സ്ഥലങ്ങളുടെ ദുരവസ്ഥ അറിയാവുന്ന പൊതുജനങ്ങള്‍ എളുപ്പത്തിലൊന്നും ഒരു സ്ഥലം ഏറ്റെടുക്കാന്‍ അധികൃതരെ അനുവദിക്കാറുമില്ല. അതില്‍ ഭാഗ്യം ചെയ്‌തത്‌ തിരുവനന്തപുരവും കൊച്ചിയുമാണ്‌. തിരുവനന്തപുരത്തിന്റെ സംസ്‌ക്കരണപ്ലാന്റ്‌ വിളപ്പില്‍ശാലയിലെ 35 ഏക്കറിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കൊച്ചിയില്‍ സംസ്‌ക്കരണം ആരംഭിച്ചിരിക്കുന്നത്‌ ബ്രഹ്മപുരത്ത്‌ നഗരസഭ വാങ്ങിയ 63 ഏക്കറിലാണ്‌.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച്‌, മാലിന്യസംസ്‌ക്കരണത്തിന്‌ സ്ഥലം കണ്ടെത്തിയിട്ടുള്ളത്‌ അഞ്ച്‌ നഗരസഭകള്‍ ഉള്‍പ്പടെ 176 തദ്ദേശ ഗവണ്‍മെന്റുകള്‍ മാത്രമാണ്‌. എന്നുവെച്ചാല്‍, കേരളത്തില്‍ ആകെയുള്ള 1057 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 881 എണ്ണത്തിന്‌ ഇത്രകാലമായിട്ടും മാലിന്യമിടാന്‍ ഒരു സ്ഥലം പോലുമില്ല എന്ന്‌ സാരം! അപ്പോള്‍ മാലിന്യം ദിവസവും നമ്മള്‍ എന്തുചെയ്യുന്നു. തോട്ടിലോ പുഴയിലോ വയലിലോ ചതുപ്പിലോ ഒക്കെ കൊണ്ടുതള്ളും. അവിടെക്കിടന്നത്‌ അഴുകി നാറും. മണ്ണിനെയും ഭൂജലത്തെലും മലിനമാക്കും. പുഴകളെ മലിനമാക്കും. ജലവും മണ്ണും വായുവും മലിനമാകുമ്പോള്‍, കൊതുകും എലിയും ഈച്ചയും പെരുകുമ്പോള്‍, പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുകയെന്നത്‌ സ്വാഭാവിക പ്രക്രിയ മാത്രമാകും.(അടുത്ത ലക്കം: കണ്ടറിയാത്തവര്‍ കൊണ്ടറിയുന്ന കാലം).

5 comments:

Joseph Antony said...

നഗരമാലിന്യസംസ്‌ക്കരണം ഒരു 'നാറ്റക്കേസാ'ണ്‌. മാലിന്യം ജീര്‍ണിക്കുമ്പോഴുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍ ലോകത്ത്‌ ഒരുശക്തി വിചാരിച്ചാലും കഴിയില്ല. കുറഞ്ഞത്‌ പത്തുദിവസമെങ്കിലും നാറണം എന്നത്‌ പ്രകൃതിനിയമമാണ്‌. നൂറുകണക്കിന്‌ ടണ്‍ മാലിന്യം കൈകാര്യം ചെയ്യുന്ന സ്ഥലത്തിന്‌ കുറഞ്ഞത്‌ നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ദുര്‍ഗന്ധം പരന്നിരിക്കും. അതുകൊണ്ടാണ്‌ കാസര്‍കോട്ടെ കേളുഗുഡെ, കണ്ണൂരിലെ ചേലോറ, കോഴിക്കോട്ടെ ഞെളിയന്‍പറമ്പ്‌, പാലക്കാട്ടെ യാക്കര, തൃശ്ശൂരിലെ ലാലൂര്‍, കോട്ടയത്തെ താന്നിക്കല്‍പടി, തിരുവനന്തപുരത്തെ വിളപ്പില്‍ശാല തുടങ്ങിയവയൊക്കെ കേരളത്തില്‍ ഏറ്റവും വെറുക്കപ്പെടുകയും അറപ്പുളവാക്കുകയും ചെയ്യുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ പെട്ടത്‌.

Nishedhi said...

എന്നാണാവോ നമ്മള്‍ ഇത്തരം കര്യങ്ങളെക്കുറിച്ച്‌ ബോധവാന്മാരാകാന്‍ പോകുന്നത്‌? ശക്തമായ ഒരു പ്രചരണം ആവശ്യമാണ്‌. പോസ്റ്റിന്‌ നന്ദി.

പ്രിയ said...

സ്വന്തം വീടിലെ മാലിന്യം സ്വയം നിര്‍മാര്‍ജനം ചെയ്യാന്‍ ( ജൈവവളമായോ മറ്റോ മാറ്റിതീര്‍ക്കാന്‍ ) നടത്തുന്ന ബോധവല്ക്കരണം ഊര്ജിതമാക്കണം. ജൈവമാലിന്യം ഒഴിവായാല്‍ തന്നെ മാലിന്യസംസ്കരണം ഇത്ര വെറുപ്പുളവാക്കില്ല.

(വ്യക്തിശുചിത്യത്തിനപ്പുറം പരിസരശുചീകരണത്തിനു കേരളം ഒത്തിരി പഠിക്കേണ്ടിയിരിക്കുന്നു. പഠിച്ചേ മതിയാവു)

ലേഖനത്തിന് നന്ദി

Harold said...

യോജിക്കുന്നു

Suraj said...

നന്ദി ജോ.ആ മാഷ് - വിഷയം ബ്ലോഗ് ശ്രദ്ധയില്‍ക്കൂടെ കൊണ്ടുവന്നതിന്. ഒപ്പം വിശദമായ റിസേര്‍ച്ചിനും സരസമായ അവതരണത്തിനും ഹാറ്റ്സ് ഓഫ്!

കേരളം പോലുള്ള ജനസാന്ദ്ര പ്രദേശത്ത് ഫലപ്രദമായ - പ്രായോഗികമായ - മാലിന്യസംസ്കരണത്തിനുള്ള ചെലവിനെക്കുറിച്ചും ബജറ്റ് വിശദാംശങ്ങളെക്കുറിച്ചും കൂടി ഒരു അവലോകനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.