ക്ലോണ്‍ചെയ്‌ത പ്രതിരോധ കോശങ്ങളുപയോഗിച്ച് അര്‍ബുദം ഭേദമാക്കുന്നതില്‍ ഗവേഷകര്‍ ആദ്യമായി വിജയിച്ചു. മാരകമായ ചര്‍മാര്‍ബുദം ശരീരമാസകലം പടര്‍ന്ന 52-കാരനെയാണ് രോഗമുക്തനാക്കാന്‍ അമേരിക്കന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞത്. രോഗിയുടെ ശരീരത്തിലെ പ്രതിരോധകോശങ്ങളുടെ കോടിക്കണക്കിന് ക്ലോണ്‍ചെയ്‌ത പകര്‍പ്പുകള്‍ അയാളില്‍ തന്നെ കുത്തിവെക്കുകയായിരുന്നു. ഈ മാര്‍ഗം മറ്റുള്ളവരിലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ അര്‍ബുദചികിത്സയില്‍ വിപ്ലവമായിരിക്കും ഫലം.
സിയാറ്റിലില്‍ ഫ്രെഡ് ഹച്ചിന്‍സണ്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഡോ.കാസ്സിയന്‍ യീ നേതൃത്വം നല്‍കിയ സംഘമാണ് പുതിയ ചികിത്സ പരീക്ഷിച്ചത്. ചര്‍മം മുതല്‍ ശ്വാസകോശംവരെ 'മെലനോമ'(melanoma) യെന്ന ചര്‍മാര്‍ബുദം ബാധിച്ച രോഗിയിലായിരുന്നു പരീക്ഷണം. മറ്റ് ചികിത്സാരീതികളൊക്കെ പരാജയപ്പെട്ടയാളായിരുന്നു അത്. ക്ലോണ്‍ചെയ്‌ത പ്രതിരോധകോശങ്ങള്‍ കുത്തിവെച്ച് രണ്ടു മാസത്തിനകം രോഗിയുടെ ശരീരത്തിലെ അര്‍ബുദ ട്യൂമറുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായി. ഇപ്പോള്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും രോഗം തിരിച്ചുവരുന്ന ഒരു ലക്ഷണവും ഇല്ലെന്ന്, 'ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
അര്‍ബുദത്തെ നേരിടുന്നതില്‍ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് പ്രധാന പങ്കുണ്ട്. ശരീരപ്രതിരോധം കുറഞ്ഞവരെയാണ് അര്‍ബുദമുള്‍പ്പടെയുള്ള രോഗങ്ങള്‍ എളുപ്പം ബാധിക്കുക. 75 ശതമാനം രോഗികളിലും അര്‍ബുദകോശങ്ങളെ സ്വാഭാവികമായി ആക്രമിക്കുന്ന ഒരിനം പ്രതിരോധകോശമുണ്ട്-'സിഡി4റ്റി'കോശങ്ങള്‍ (CD4+ T cells). രോഗിയുടെ ശരീരത്തില്‍നിന്നുള്ള ഇത്തരം കോശങ്ങളെ ഡോ.കാസ്സിയന്‍ യീയും സംഘവും പരീക്ഷണശാലയില്‍ ക്ലോണ്‍ ചെയ്‌തു.(ഒരു ജീവിയുടെയോ ശരീരഭാഗത്തിന്റെയോ ജനിതകപ്പകര്‍പ്പുകള്‍ സൃഷ്ടിക്കുന്ന ജൈവസങ്കേതമാണ് ക്ലോണിങ്). ക്ലോണ്‍ ചെയ്‌ത 500 കോടി കോശങ്ങള്‍ തിരികെ രോഗിയില്‍തന്നെ കുത്തിവെച്ചപ്പോഴാണ് അത്ഭുതകരമായ ഫലം കണ്ടത്.
ലോകത്താദ്യമായാണ് ഇത്തരമൊരു ചികിത്സവഴി അര്‍ബുദം ഭേദമാക്കുന്നത്. ചര്‍മാര്‍ബുദം ബാധിച്ചവരില്‍ നാലിലൊന്നിനും ഈ സങ്കേതം ഗുണം ചെയ്യുമെന്നാണ് സൂചന. മാത്രമല്ല, അര്‍ബുദചികിത്സയ്‌ക്ക് ശരീരപ്രതിരോധത്തെ തന്നെ ആയുധമാക്കാന്‍ ഗവേഷകലോകത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു ഈ ഗവേഷണം. നിലവില്‍ അര്‍ബുദചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന കീമോതെറാപ്പി, റേഡിയേഷന്‍ മാര്‍ഗങ്ങളൊക്കെ കടുത്ത പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്. ആ നിലയ്‌ക്ക് ശരീരപ്രതിരോധം ആയുധമാക്കിയുള്ള ചികിത്സയ്‌ക്ക് പ്രാധാന്യവും ഗുണവും ഏറെയാണ്. എന്നാല്‍, `ഒറ്റ രോഗിയില്‍ മാത്രമാണ് പുതിയ മാര്‍ഗം വിജയിച്ചതെന്ന കാര്യം മറക്കരുത്, മറ്റു രോഗികളില്‍ ഇത് ഫലിക്കുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളു'-ഡോ.കാസ്സിയന്‍ യീ ഓര്‍മിപ്പിക്കുന്നു.(അവലംബം:'ഫ്രെഡ് ഹച്ചിന്‍സണ്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററി'ന്റെ വാര്‍ത്താക്കുറിപ്പ്).
3 comments:
ക്ലോണ്‍ചെയ്‌ത പ്രതിരോധ കോശങ്ങളുപയോഗിച്ച് അര്‍ബുദം ഭേദമാക്കുന്നതില്‍ ഗവേഷകര്‍ ആദ്യമായി വിജയിച്ചു. മാരകമായ ചര്‍മാര്‍ബുദം ശരീരമാകെ പടര്‍ന്ന 52-കാരനെയാണ് രോഗമുക്തനാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞത്. രോഗിയുടെ ശരീരത്തിലെ പ്രതിരോധകോശങ്ങളുടെ കോടിക്കണക്കിന് ക്ലോണ്‍ചെയ്‌ത പകര്‍പ്പുകള്‍ അയാളില്‍ തന്നെ കുത്തിവെക്കുകയായിരുന്നു. അര്‍ബുദചികിത്സയില്‍ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന പുതിയ മുന്നേറ്റത്തെപ്പറ്റി..
ദൈവമേ! എല്ലാ പരീക്ഷനങ്ങളും പോസിറ്റീവ് ആയി തീരണേ! ഈ മഹാമാരിമൂലം, കുടുംബം കുട്ടിച്ചോറായ അനേകായിരങ്ങൾ ഉണ്ട്. അവർക്കൊരാശ്വാസം ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
എല്ല്ലാത്തരം അര്‍ബുദങ്ങളും ഈ ചികിത്സാരീതിയുപയോഗിച്ച് ഭേദമാക്കാന്‍ കഴിഞ്ഞെങ്കില്‍ എത്ര നന്നായിരുന്നു. അങ്ങനെയാകാന്‍ പ്രാര്‍ത്ഥിക്കുന്നു.
Post a Comment