Saturday, June 26, 2010

ജിനോംയുഗത്തിന്റെ പത്തുവര്‍ഷങ്ങള്‍

മനുഷ്യന്റെ പൂര്‍ണജനിതകസാരം വായിച്ചെടുക്കാന്‍ ശാസ്ത്രം പ്രാപ്തി നേടിയിട്ട് ഇന്ന് ഒരു പതിറ്റാണ്ട് തികയുന്നു. പ്രവചിക്കപ്പെട്ടതുപോലെ കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കിലും, ജീവശാസ്ത്രത്തിന്റെ ചരിത്രത്തെ രണ്ടായി പകുത്തു മാറ്റാന്‍ മാനവജിനോമിന്റെ കണ്ടെത്തലിന് കഴിഞ്ഞു.

പതിനെട്ട് രാജ്യങ്ങളില്‍ 18 സമയങ്ങളില്‍ അതാത് രാജ്യത്തെ ഭരണാധികാരികളും ഗവേഷകരും ചേര്‍ന്ന് നടത്തിയ വിചിത്രമായ ഒരു പ്രഖ്യാപനത്തിന് 2000 ജൂണ്‍ 26 -ന് ലോകം സാക്ഷിയായി. പ്രഖാപനം തുടങ്ങിയത് ജപ്പാനില്‍ നിന്നാണ് (അവിടെയാണല്ലോ ആദ്യം പകലെത്തുക). സമയരേഖകള്‍ പിന്നിട്ട് മുന്നേറിയ പ്രഖ്യാപനം ഒടുവില്‍ അമേരിക്കയില്‍ അവസാനിച്ചു. എല്ലാം രാജ്യങ്ങളും നടത്തിയത് ഒരേ പ്രഖ്യാപനത്തിന്റെ ആവര്‍ത്തനമായിരുന്നു-മനുഷ്യന്റെ ജനിതകസാരം (മാനവജിനോം) കണ്ടെത്തുന്നതില്‍ തങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന്! മനുഷ്യചരിത്രത്തില്‍ ആദ്യമായിട്ടാകണം ഒരു ശാസ്ത്രമുന്നേറ്റം ഇത്തരത്തില്‍ പ്രഖ്യാപിക്കപ്പെടുന്നത്.

അമേരിക്ക നേതൃത്വം നല്‍കിയ പൊതുമേഖലാ സംരംഭമായ 'മാനവജിനോം പദ്ധതി'യില്‍ അംഗങ്ങളായിരുന്നു ആ 18 രാജ്യങ്ങളും. ആ രാജ്യങ്ങളിലെ ആയിരത്തിലേറെ പ്രഗത്ഭമതികളുടെ പത്തുവര്‍ഷത്തെ കഠിനപ്രയത്‌നത്തിന്റെ ഫലമായിരുന്നു ആ കണ്ടെത്തല്‍. മാനവജിനോം കണ്ടെത്താന്‍ ആ പൊതുമേഖലാ പദ്ധതിയോട് മത്സരിച്ച, ജെ.ക്രെയ്ഗ് വെന്റര്‍ നേതൃത്വം നല്‍കുന്ന 'സെലേറ ജിനോമിക്‌സ്' എന്ന സ്വകാര്യകമ്പനിയും തങ്ങള്‍ വിജയിച്ചതായുള്ള പ്രഖ്യാപനം ഒപ്പം നടത്തി. 'ജീവന്റെ പുസ്തകം' എന്ന് ഡി.എന്‍.എ.യെ വിശേഷിപ്പിക്കാമെങ്കില്‍, 300 കോടിയിലേറെ രാസാക്ഷരങ്ങളുള്ള ആ ഗ്രന്ഥം വായനയ്ക്ക് തയ്യാറായിരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ വിലയിരുത്തി.

1953-ല്‍ ഫ്രാന്‍സിസ് ക്രിക്കും ജെയിംസ് വാട്‌സണും ചേര്‍ന്ന് ഡി.എന്‍.എ.ഘടന കണ്ടെത്തിയതു മുതല്‍ ആരംഭിച്ച ആകാംക്ഷയാണ്, 2000 ജൂണ്‍ 26-ന് പുതിയ ഘട്ടത്തിലേക്ക് കടന്നത്. ഏതൊരു ജീവിയുടെയും ജീവല്‍പ്രവര്‍ത്തനങ്ങളുടെയാകെ ആധാരം അതിന്റെ കോശത്തില്‍ സ്ഥിതി ചെയ്യുന്ന ഡി.എന്‍.എ.തന്മാത്രയാണ്. ജീവല്‍പ്രവര്‍ത്തനം സംബന്ധിച്ച മുഴുവന്‍ നിര്‍ദ്ദേശങ്ങളും ഡി.എന്‍.എ.യില്‍ രാസാക്ഷരങ്ങളാല്‍ കുറിക്കപ്പെട്ടിരിക്കുന്നു. മനുഷ്യ ഡി.എന്‍.എ.യില്‍ അത്തരം 300 കോടിയിലേറെ രാസാക്ഷരമാണുള്ളത്. അവ മുഴുവന്‍ വായിക്കാന്‍ പാകത്തില്‍ ഉരുക്കഴിച്ചെടുക്കുകയാണ് ജിനോംപദ്ധതി ചെയ്തത്.

അന്താരാഷ്ട്ര സംരംഭമായി 1990 ഒക്ടോബറില്‍ ആരംഭിച്ച ജിനോം പദ്ധതിയും, ആ സംരംഭത്തോട് മത്സരിച്ച് 1998-ല്‍ രംഗത്തെത്തിയ സെലേറ ജിനോമിക്‌സും 2000 ജൂണ്‍ 26 ന് മാനവജിനോമിന്റെ ആദ്യകരടാണ് പുറത്തു വിട്ടത്. മനുഷ്യന്‍ സംസാരിക്കുന്ന നാലായിരത്തിലേറെ ഭാഷകളില്‍നിന്ന് വ്യത്യസ്തമായി പുതിയൊരു ഭാഷ ശാസ്ത്രത്തിന്റെ സരണിയിലേക്ക് അന്ന് കടന്നുവന്നു. 'ജീവന്റെ രചനയ്ക്ക് ദൈവമുപയോഗിച്ച ഭാഷയാണ് മനുഷ്യന് കരഗതമായിരിക്കുന്നതെ'ന്ന് ഒരു ഉപഗ്രഹ വാര്‍ത്താസമ്മേളനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനൊപ്പം ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ വിശേഷിപ്പിച്ചു.

ജിനോംരൂപരേഖയുടെ കരട് വായിക്കാന്‍ നടന്ന ശ്രമത്തിന്റെ ആദ്യഫലം 2001 ഫിബ്രവരി 12 ന് പുറത്തുവന്നു. അപ്പോഴും അതില്‍ പൂരിപ്പിക്കപ്പെടാത്ത ഭാഗങ്ങളുണ്ടായിരുന്നു. അവയെല്ലം വായിച്ചെടുത്ത് 99.99 ശതമാനവും പിഴവ് മാറ്റി സംശുദ്ധമായ ജിനോംമാപ്പ് തയ്യാറായതായത് 2003-ലാണ്. മനുഷ്യ ഡി.എന്‍.എ.യിലെ 310 കോടി രാസാക്ഷരങ്ങളെയും പൂര്‍ണമായി വായിച്ചെടുക്കുന്നതില്‍ വിജയിച്ചത് അപ്പോഴാണ്. 35,000 ഓളം ജീനുകളാണ് മനുഷ്യന്റെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കാധാരമായ മുഴുവന്‍ ജൈവരാസ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതെന്നും വെളിവായി. അതോടെ, മാനവജിനോം പദ്ധതിക്ക് തിരിശ്ശീല വീഴുന്നതായി, പദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഫ്രാന്‍സിസ് കോളിന്‍സ് 2003 ഏപ്രിലില്‍ 15ന് പ്രഖ്യാപിച്ചു.

സാധ്യതകളുടെ അപാര ലോകമാണ് മാനവജിനോമിന്റെ കണ്ടെത്തല്‍ മുന്നോട്ടു വെച്ചത്. ചികിത്സാരംഗത്തും ഔഷധനിര്‍മാണത്തിലും ജീവശാസ്ത്ര ഗവേഷണത്തിലും വന്‍മാറ്റങ്ങള്‍ക്ക് ജിനോം കാരണമാകുമെന്ന് വിലയിരുത്തപ്പെട്ടു. വ്യക്തിഗതമാകുന്ന ചികിത്സ, തന്മാത്രതലത്തില്‍ തന്നെ നേരിടാന്‍ പാകത്തില്‍ മെരുങ്ങുന്ന രോഗങ്ങള്‍, ആയിരക്കണക്കിന് പുതിയ ഔഷധലക്ഷ്യങ്ങള്‍ ഒക്കെ പ്രവചിക്കപ്പെട്ടു. അതേസമയം, സ്വാകാര്യസ്ഥാപനങ്ങള്‍ മനുഷ്യജീനുകളുടെ പേറ്റന്റുകള്‍ സ്വന്തമാക്കുക വഴിയുണ്ടാകുന്ന വെല്ലുവിളികളും, ജനിതകതകരാറുകള്‍ മുളയിലേ അറിയാന്‍ കഴിയുക വഴി ഇന്‍ഷുറന്‍സ്, പ്രൊഫഷണല്‍ രംഗങ്ങളില്‍ കടന്നുവന്നേക്കാവുന്ന വിവേചനങ്ങളും പുതിയ നൈതിക പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുമെന്നും പ്രവചിക്കപ്പെട്ടു.

പത്തുവര്‍ഷം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ കാര്യങ്ങള്‍ ആ നിലയ്ക്ക് സംഭവിച്ചിട്ടില്ല, ഉടനെയെങ്ങും സംഭവിക്കുമെന്ന് കരുതാനും വയ്യ എന്ന് പറയേണ്ടി വരും. പക്ഷേ, മറ്റു ചിലത് സംഭവിച്ചു. ഇനി തിരിച്ചുപോകാനാകാത്ത വിധം ജീവശാസ്ത്രഗവേഷണരംഗം മാറി. മനുഷ്യന്റെ മാത്രമല്ല, ഒട്ടേറെ മറ്റ് ജീവികളുടെയും ജിനോം ഈ പത്തുവര്‍ഷത്തിനിടെ വെളിവായി. മനുഷ്യനുമായി മറ്റ് ജീവികളുടെ ജനിതകവ്യത്യാസം താരതമ്യം ചെയ്യാനും, ജീവല്‍ പരിണാമത്തിന്റെ ആഴങ്ങളിലേക്ക് നമ്മുടെ നോട്ടമെത്താനും ജിനോം വിവരങ്ങള്‍ ഇന്ന് സഹായിക്കുന്നു.

13 വര്‍ഷവും130 കോടി ഡോളര്‍ മുതല്‍ മുടക്കും ആയിരക്കണക്കിന് ഗവേഷകരുടെ അധ്വാനവും വേണ്ടി വന്നു മാനവജിനോം കണ്ടെത്താനെങ്കില്‍, ഇന്ന് ചെറിയ സമയംകൊണ്ട് ചുരുങ്ങിയ ചിലവില്‍ മാനവജിനോം മുഴുവന്‍ കൈയിലെത്തുന്ന സങ്കേതങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഭാവിയില്‍ ജീവശാസ്ത്രത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നവര്‍, ജിനോമിന് മുമ്പും പിമ്പും എന്ന് ആ ചരിത്രത്തെ രണ്ടായി തിരിച്ചേക്കുമെന്നതാണ് സ്ഥിതി (ജിനോമിന് ശേഷമുള്ള കാലത്തെ biology 2.0 എന്നാണ് 'ദി ഇക്കണോമിസ്റ്റ്' വാരിക വിശേഷിപ്പിക്കുന്നത്).

മനുഷ്യന്‍ വടക്കുകിഴക്കന്‍ ആഫ്രിക്കയില്‍ രൂപപ്പെട്ടതു മുതല്‍ ലോകമെങ്ങും വ്യാപിച്ചതിന്റെ കുടിയേറ്റ ചരിത്രം ഇന്ന് ശാസ്ത്രലോകം മനസിലാക്കുന്നത്, ലോകത്തെ വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ ജിനോം വായിച്ചാണ്. മനുഷ്യന്റെ ഏറ്റവുമടുത്ത ജനിതകബന്ധുവായ നിയാണ്ടെര്‍ത്തലുകളുടെ പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ജിനോം വായിച്ചെടുത്ത് ശാസ്ത്രം പുതിയ ഇതിഹാസം രചിച്ചത് അടുത്തയിടെയാണ്. മനുഷ്യനെ 'മനുഷ്യനാക്കുന്ന' ഘടകം എന്തെന്നറിയാനാണ് ഇത്തരം ഗവേഷണങ്ങള്‍ സഹായിക്കുക. കാലത്തിലൂടെ പിന്നിലേക്കു പോകാന്‍ ജിനോം ഇന്ന് നമ്മളെ സഹായിക്കുന്നുവെന്ന് സാരം.

ജിനോം കണ്ടെത്തല്‍ ഏത് തരത്തിലാണ് ശാസ്ത്രലോകത്തെ സ്വാധീനിക്കുന്നതെന്ന് മനസിലാക്കാന്‍ അടുത്തയിടെ പുറത്തുവന്ന മറ്റൊരു മുന്നേറ്റം സഹായിക്കും. മാനവജിനോം കണ്ടെത്തിയതിന് നേതൃത്വം നല്‍കിയവരിലൊരാളായ ജെ.ക്രെയ്ഗ് വെന്ററിന്റെ നേതൃത്വത്തിലുള്ള സംഘം ചരിത്രത്തിലാദ്യമായി കൃത്രിമമായി രൂപപ്പെടുത്തിയ ജിനോം ഉപയോഗിച്ച് ഒരു ബാക്ടീരയത്തിന് രൂപം നല്‍കിയ കാര്യമാണത്. ലോകത്തെയാകെ അമ്പരപ്പിച്ച ആ കണ്ടെത്തല്‍, 'പുതിയൊരിനം ജീവന്' തുടക്കമിട്ടിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ജീവപരിണാമത്തിന്റെ അടിസ്ഥാനമായ പ്രകൃതിനിര്‍ധാരണം വഴി നിയന്ത്രിക്കപ്പെടുന്നതാണ് 380 കോടി വര്‍ഷത്തെ ഭൂമിയിലെ ജീവന്റെ ചരിത്രമെങ്കില്‍, ക്രെയ്ഗ് വെന്റര്‍ രൂപം നല്‍കിയ ജീവരൂപം അത്തരത്തില്‍ നിയന്ത്രിക്കപ്പെടുന്ന ഒന്നല്ല!

പുതിയ ജീവരൂപങ്ങളെ വരെ സൃഷ്ടിക്കാന്‍ പാകത്തിലാണ് ജിനോംയുഗം എത്തി നില്‍ക്കുന്നത്. യഥാര്‍ഥത്തില്‍ 2000 ജൂണ്‍ 26-ന് അവസാനിച്ചത്, മാനവജിനോം കണ്ടെത്താനുള്ള മത്സരം മാത്രമായിരുന്നു. അല്ലാതെ അതൊരു അന്ത്യമല്ലായിരുന്നു, ശരിക്കും തുടക്കമായിരുന്നു-പുതിയ സാധ്യതകളുടെയും പുതിയ വെല്ലുവിളികളുടെയും.

Wednesday, June 23, 2010

'പ്രേതകണ'ത്തിന്റെ വലിപ്പം

നിഗൂഢകണങ്ങളാണ് ന്യൂട്രിനോകള്‍. അവയ്ക്ക് മണമോ നിറമോ ഭാരമോ വൈദ്യുതിചാര്‍ജോ ഇല്ല. പ്രകാശവേഗത്തിലാണ് സഞ്ചാരം. അവ ആര്‍ക്കും പിടികൊടുക്കാറില്ല. ഖരമോ ദ്രാവകമോ വാതകമോ ഏതുമാകട്ടെ, സാധാരണ ദ്രവ്യരൂപങ്ങളുമായി ന്യൂട്രിനോകള്‍ ഇടപഴകാറില്ല, അവയെ തടഞ്ഞുനിര്‍ത്താനും കഴിയില്ല. ഒരു പ്രകാശവര്‍ഷം (ഏതാണ്ട് പത്തു ലക്ഷംകോടി കിലോമീറ്റര്‍) ദൂരം ലഡിലൂടെ (കാരീയത്തിലൂടെ) ഒറ്റ ആറ്റത്തെപ്പോലും ഇടിക്കാതെ കടന്നുപോകാന്‍ ന്യൂട്രിനോയ്ക്കാകും! നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലൂടെ സൂര്യനില്‍നിന്നുള്ള 50 ലക്ഷംകോടി ന്യൂട്രിനോകള്‍ ഓരോ സെക്കന്‍ഡിലും കടന്നുപോകുന്നു, എന്നിട്ടും നമ്മള്‍ അക്കാര്യം അറിയുന്നില്ല. ഇത്ര നിഗൂഢമായ കണത്തിന് എന്തുകൊണ്ടും യോജിച്ച പേരാണ് 'പ്രേതകണം' (ghost particle) എന്നത്.

സംഭവം 'പ്രേതകണം' ആണെങ്കിലും, അതിന് അല്‍പ്പമെങ്കിലും പിണ്ഡമുണ്ടാകാതെ വയ്യ. പക്ഷേ, അത് വളരെ വളരെ കുറഞ്ഞ അളവിലായതിനാല്‍ കണക്കാക്കാന്‍ ബുദ്ധിമുട്ടാണെന്ന തീര്‍പ്പിലായിരുന്നു ഇത്രകാലവും ശാസ്ത്രലോകം. ഇപ്പോഴിതാ ഒരുസംഘം ഗവേഷകര്‍ ഗാലക്‌സി സര്‍വ്വെയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ സഹായത്തോടെ ന്യൂട്രിനോയുടെ പിണ്ഡം ഇതുവരെയുള്ളതില്‍ ഏറ്റവും കൃത്യതയോടെ കണക്കാക്കിയിരിക്കുന്നു. 0.28 ഇലക്ട്രോണ്‍ വോള്‍ട്ടിലും കൂടുതലല്ല 'പ്രേതകണ'ത്തിന്റെ പിണ്ഡമെന്നാണ് അവര്‍ എത്തിയിട്ടുള്ള നിഗമനം. ഇത് ഒരു ഹൈഡ്രജന്‍ ആറ്റത്തിന്റെ പിണ്ഡത്തിന്റെ നൂറുകോടിയിലൊരംശത്തിലും കുറവാണ്! 'ഫിസിക്കല്‍ റിവ്യൂ ലറ്റേഴ്‌സി'ലാണ് ഈ പഠനം പ്രസിദ്ധീകരിക്കുകയെന്ന് ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്യുന്നു.

2002 -ല്‍ ന്യൂട്രിനോയുടെ പരമാവധി പരിധിയെന്ന് ഞങ്ങള്‍ നിശ്ചയിച്ചത് 1.8 ഇലക്ട്രോണ്‍ വോള്‍ട്ട്‌സ് ആണ്. അതിനാല്‍, കൃത്യതയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പുരോഗതി ആറു മടങ്ങാണ്-പഠനറിപ്പോര്‍ട്ടിന്റെ രചയിതാക്കളിലൊരാളും യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ (യു.സി.എല്‍) പ്രൊഫസറുമായ ഒഫെര്‍ ലഹാഫ് ചൂണ്ടിക്കാട്ടുന്നു. ഗാലക്‌സികളുടെ ബ്രഹ്മാണ്ഡവിതരണത്തോതില്‍ നിന്ന് ന്യൂട്രിനോകള്‍ പോലുള്ള ചെറുകണങ്ങളുടെ പിണ്ഡത്തെക്കുറിച്ച് അറിയാന്‍ കഴിയുമെന്ന കാര്യവും ശ്രദ്ധേയമാണ്-അദ്ദേഹം അഭിപ്രായപ്പെട്ടു. യു.സി.എല്ലില്‍ ഷാവുന്‍ തോമസ് എന്ന ഗവേഷകന്‍ നടത്തിയ പി.എച്ച്.ഡി.ഗവേഷണമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. പ്രൊഫ. ലഹാഫ്, ഡോ.ഫിലിപ്പി അബ്ദല്ല എന്നിവരുമായി സഹകരിച്ചായിരുന്നു പഠനം.

'സ്ലോവാന്‍ ഡിജിറ്റല്‍ സ്‌കൈ സര്‍വ്വെ' വഴിയാണ് പ്രപഞ്ചത്തിലെ ഗാലക്‌സികളുടെ ഏറ്റവും വലിയ ത്രിമാന മാപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. ആ ത്രിമാന മാപ്പില്‍ നിന്നുള്ള വിവരങ്ങളാണ് ന്യൂട്രിനോകളുടെ വലിപ്പമറിയാന്‍ ഗവേഷകര്‍ ഉപയോഗിച്ചത്. പ്രപഞ്ചത്തിലുടനീളമുള്ള ഗാലക്‌സികളുടെ വിതരണ ക്രമത്തില്‍ നിന്ന്, ന്യൂട്രിനോ കണത്തിന്റെ പുതിയ പിണ്ഡപരിധി നിശ്ചയിക്കാന്‍ അവര്‍ക്കായി. കടല്‍ത്തീരത്ത് തിരമാലകളുടെ പ്രവര്‍ത്തനഫലമായി വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മണല്‍ക്കൂനകള്‍ രൂപപ്പെടുംപോലെ, പ്രപഞ്ചത്തില്‍ ഗാലക്‌സികളുടെ വിതരണത്തില്‍ ന്യൂട്രിനോകളുടെ പ്രകാശവേഗത്തിലുള്ള 'തിരമാലപ്പാച്ചിലിന്' പങ്കുള്ളതായി ഗവേഷകര്‍ പറയുന്നു. ഈ വസ്തുത മുന്‍നിര്‍ത്തി നടത്തിയ കണക്കുകൂട്ടലാണ് ന്യൂട്രിനോയുടെ പുതിയ പിണ്ഡപരിധി നിശ്ചയിക്കുന്നതിന് സഹായിച്ചത്.
പ്രപഞ്ചസാരത്തില്‍ ഏതാണ്ട് 25 ശതമാനവും, പ്രപഞ്ചത്തിലെ ദ്രവ്യത്തില്‍ 80 ശതമാനത്തിലേറെയും വരുമെന്ന് കരുതുന്ന ശ്യാമദ്രവ്യത്തിലെ ചെറിയൊരംശം ന്യൂട്രിനോകള്‍ ആകാമെന്ന് പ്രൊഫ.ലഹാഫ് വിശ്വസിക്കുന്നു. എന്നാല്‍, ശ്യാമദ്രവ്യത്തില്‍ ഒരു ശതമാനത്തില്‍ താഴെയേ ന്യൂട്രിനോകള്‍ വരൂ എന്നാണ് അദ്ദേഹം കരുതുന്നത്. പ്രപഞ്ചത്തിലെ ദ്രവ്യവും ബലങ്ങളും അടങ്ങിയ ഘടന വിശദീകരിക്കുന്ന സൈദ്ധാന്തിക പാക്കേജായ 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' പ്രകാരം, ന്യൂട്രിനോകള്‍ മൂന്ന് ഫ്‌ളേവറുകളില്‍ ഉണ്ട് -മ്യൂവോണ്‍ (muon), ടാവു (tau), ഇലക്ട്രോണ്‍ (electron) എന്നിങ്ങനെ.

പലവിധത്തില്‍ ന്യൂട്രിനോകള്‍ സൃഷ്ടിക്കപ്പെടുന്നു; റേഡിയോആക്ടീവ് അപചയം സംഭവിക്കുമ്പോള്‍, സൂര്യനിലേതുപോലുള്ള അണുസംയോജനവേളയില്‍, സൂപ്പര്‍നോവസ്‌ഫോടനങ്ങളില്‍, കോസ്മിക് കിരണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ ആറ്റങ്ങളുമായി കൂട്ടിമുട്ടുമ്പോള്‍ ഒക്കെ. സാധാരണ ദ്രവ്യരൂപങ്ങളുമായി വിരളമായേ പ്രതിപ്രവര്‍ത്തിക്കൂ എന്നതിനാല്‍, ഇവയെ കണ്ടുപിടിക്കാന്‍ ഗവേഷകര്‍ക്ക് ഭൂമിക്കടിയില്‍ താവളമടിക്കേണ്ടി വന്നു; ഖനികളുടെയും മറ്റും ഉള്ളറയില്‍. അതിസങ്കീര്‍ണമായ കണികാകെണികള്‍ (particle accelerators) ഒരുക്കിവെച്ച് പാതാളലോകത്ത് പതിറ്റാണ്ടുകളോളം നടത്തിയ കാത്തിരിപ്പിനൊടുവിലാണ് ന്യൂട്രിനോകള്‍ പിടിയിലായത്.

ന്യൂട്രിനോകളുമായി ബന്ധപ്പെട്ടാണ് മൂന്നു തവണ ഭൗതികശാസ്ത്രനോബല്‍ നല്‍കപ്പെട്ടത് (1988, 1995, 2002) എന്നു പറയുമ്പോള്‍, ശാസ്ത്രലോകത്ത് ഈ ചെറുകണങ്ങളെക്കുറിച്ചുള്ള പഠനം എത്ര വിലപ്പെട്ടതാണെന്ന് വ്യക്തമാകുന്നു. ഭൂമിയില്‍ പതിക്കുന്നതില്‍ ഏറ്റവും പ്രമുഖം സൂര്യനില്‍നിന്നുള്ള ന്യൂട്രീനകളാണ്. സൂര്യന് നേരെയുള്ള ഭൂമിയുടെ വശത്ത്, ഓരോ ചതുരശ്ര സെന്റീമീറ്റര്‍ സ്ഥലത്തുകൂടിയും സെക്കന്‍ഡില്‍ 7000 കോടി സൗരന്യൂട്രിനോകള്‍ കടന്നുപോകുന്നു എന്നാണ് കണക്ക്.

കാണുക