കാന്തികമണ്ഡലത്തിന്റെ സഹായത്തോടെ ആമാശയവും കുടലും ഉള്‍പ്പടുന്ന ദഹനേന്ദ്രിയവ്യൂഹത്തിലൂടെ ഗുളികക്യാമറ അനായാസം ചലിപ്പിക്കാനും ഏത് ദിശയിലേക്ക് വേണ്ടമെങ്കിലും തിരിക്കാനും സഹായിക്കുന്ന ഈ സംവിധാനം, ചികിത്സ കൂടുതല്‍ കൃത്യമാക്കാനും മെച്ചപ്പെടുത്താനും സഹായിക്കും.
ദഹനേന്ദ്രിയവ്യൂഹത്തിലെ പരിശോധന നിലവില്‍ എന്‍ഡോസ്‌കോപ്പി വഴിയാണ് സാധ്യമാകുന്നത്. അസുഖകരമായ അനുഭവമാണ് ഇത്തരം പരിശോധന. രോഗിയെ ഭാഗികമായി മയക്കേണ്ടി വരും; മണിക്കൂറുകളെടുക്കും മയക്കം മാറാന്‍. എന്നാല്‍, പുതിയ സംവിധാനം പരീക്ഷണാര്‍ഥം ഉപയോഗിച്ചപ്പോള്‍ രോഗിക്ക് കാര്യമായ പ്രശ്‌നങ്ങളോ അസൗകര്യങ്ങളോ ഉണ്ടായതായി കണ്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു.
ജര്‍മനിയില്‍ 'ഫ്രാന്‍ഹോഫര്‍ ഇന്‍സ്‌റ്റിട്ട്യൂട്ട് ഫോര്‍ ബയോമെഡിക്കല്‍ എന്‍ജിനിയറിങി'ലെ ഫ്രാങ്ക് വോള്‍കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗുളികക്യാമറ വികസിപ്പിച്ചത്. ഒരു മള്‍ട്ടിവിറ്റാമിന്‍ ഗുളികയുടെ വലിപ്പമേയുള്ളു ക്യാമറയ്‌ക്ക്. ക്യാമറ, ട്രാന്‍സ്‌മിറ്റര്‍, ബാറ്ററി, ചിത്രങ്ങളെടുക്കുമ്പോള്‍ ഫ്‌ളാഷ് തെളിയാനുള്ള ഡയോഡ് തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഗുളികക്യാമറ. ദഹനവ്യൂഹത്തിലൂടെ ചലിക്കുമ്പോള്‍, സെക്കന്‍ഡില്‍ നാലു ചിത്രങ്ങള്‍ വരെ പകര്‍ത്തി പുറത്തേക്ക് അയയ്‌ക്കാന്‍ ഇതിനാകും. രോഗിയുടെ ബല്‍റ്റില്‍ ഘടിപ്പിച്ചിട്ടുള്ള സ്വീകരണി (റിസീവര്‍) ചിത്രങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കും.
ശരീരത്തിനുള്ളിലെ യഥാര്‍ഥ സ്ഥിതി മനസിലാക്കാനും, ട്യൂമറുകളും മറ്റും എത്ര വലുതായിട്ടുണ്ടെന്ന് കൃത്യമായി മനസിലാക്കാനും, ശസ്‌ത്രക്രിയ വേണ്ട സാഹചര്യമാണെങ്കില്‍ അത് മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യാനുമൊക്കെ, ശരീരത്തിനുള്ളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ സഹായിക്കും. രോഗസ്ഥിതി മനസിലാക്കാന്‍ മാത്രമല്ല, ഭാവിയില്‍ ശരീരത്തിനുള്ളില്‍ കൃത്യമായ ഇടങ്ങളില്‍ ഔഷധങ്ങളെത്തിക്കാനും, പുറമെനിന്ന് നിയന്ത്രിക്കാവുന്ന ഇത്തരം ഉപകരണങ്ങള്‍ സഹായിക്കുമെന്ന്, അമേരിക്കയില്‍ മയോക്ലിനിക്കിലെ ഗാസ്‌ട്രോഎന്‍ട്രോളജിസ്‌റ്റായ ഡോ.ഡേവിഡ് ഫ്‌ളീഷര്‍ പറയുന്നു.
ആമാശയത്തിനുള്ളില്‍നിന്ന് ചിത്രങ്ങളയയ്‌ക്കാന്‍ ശേഷിയുള്ള ഗുളികക്യാമറകള്‍ ഏതാനും വര്‍ഷങ്ങളായി പ്രചാരത്തിലുണ്ട്. പക്ഷേ, ദഹനവ്യൂഹത്തില്‍ ഭക്ഷണം കടന്നുപോകാന്‍ സഹായിക്കുന്ന പേശികളുടെ പ്രവര്‍ത്തനഫലമായാണ് അവ ചലിക്കുന്നത്. നിയന്ത്രണം സാധ്യമല്ല. അതേസമയം, പുറത്തുനിന്ന് കാന്തികമണ്ഡലം പ്രയോഗിച്ച് ക്യാമറയെ ദഹനവ്യൂഹത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കാം എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. രോഗിയെ സ്‌പര്‍ശിക്കേണ്ട ആവശ്യം തന്നെ വരുന്നില്ല- 'ടെക്‌നോളജി റിവ്യൂ' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
സാധാരണഗതിയില്‍ തൊണ്ടയ്‌ക്കു താഴെ, ആമാശയത്തിന് മേല്‍ഭാഗത്തുള്ള സ്ഥലത്ത് വെറും സെക്കന്‍ഡുകള്‍ മാത്രമേ മറ്റു ഗുളികക്യാമറകള്‍ നില്‍ക്കാറുള്ളു. വേഗം ആമാശയത്തിലേക്ക് വീഴും. അതിനാല്‍, തൊണ്ടക്കുഴലില്‍ അവയുപയോഗിച്ച് പരിശോധന നടത്തുക ബുദ്ധിമുട്ടാണ്. മാത്രമല്ല, ദഹനേന്ദ്രിയവ്യൂഹത്തിനുള്ളില്‍ കൃത്യമായ ദിശയിലേക്ക് ക്യാമറ തിരിയണം എന്നുമില്ല. ഈ പരിമിതിയെല്ലാം പുതിയ സംവിധാനം മറികടക്കുന്നു. രോഗി നിവര്‍ന്നിരിക്കുമ്പോള്‍തന്നെ, കാന്തികമണ്ഡലത്തിന്റെ സഹായത്തോടെ തോണ്ടക്കുഴലില്‍ പത്തുമിനിറ്റ് നേരം ക്യാമറ നിര്‍ത്തി പരിശോധിക്കാന്‍ ഗവേഷകര്‍ക്കായി. ഇസ്രായേലി കമ്പനിയായ 'ഗിവണ്‍ ഇമേജിങി'ന്റെ സഹകരണത്തോടെയാണ് ജര്‍മന്‍ ഗവേഷകര്‍ പുതിയ സംവിധാനം രൂപപ്പെടുത്തിയത്. (അവലംബം: ടെക്‌നോളജി റിവ്യു, കടപ്പാട്:മാതൃഭൂമി)
2 comments:
പുറമെനിന്ന് നിയന്ത്രിച്ച് ശരീരത്തിനുള്ളില്‍ പരിശോധന നടത്താനും രോഗബാധിതഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാനും കഴിയുന്ന ഗുളികക്യാമറയ്‌ക്ക് ജര്‍മന്‍ ഗവേഷകര്‍ രൂപംനല്‍കി. കാന്തികമണ്ഡലത്തിന്റെ സഹായത്തോടെ ആമാശയവും കുടലും ഉള്‍പ്പടുന്ന ദഹനേന്ദ്രിയവ്യൂഹത്തിലൂടെ ഗുളികക്യാമറ അനായാസം ചലിപ്പിക്കാനും ഏത് ദിശയിലേക്ക് വേണ്ടമെങ്കിലും തിരിക്കാനും സഹായിക്കുന്ന ഈ സംവിധാനം, ചികിത്സ കൂടുതല്‍ കൃത്യമാക്കാനും മെച്ചപ്പെടുത്താനും സഹായിക്കും.
കൌതുകകരവും, ഗുണപ്രദവുമായ കണ്ടുപിടുത്തം.
Post a Comment