Sunday, June 29, 2008

മരങ്ങള്‍ മലകയറുന്നു

ഭൂമി ചൂടാകുകയാണ്‌. തണുത്ത കാലാവസ്ഥ തേടി ഉയര്‍ന്ന വിതാനങ്ങളിലേക്ക്‌ മരങ്ങള്‍ വാസം മാറ്റുന്നതായി പഠനറിപ്പോര്‍ട്ട്‌.
'ലോര്‍ഡ്‌ ഓഫ്‌ ദി റിങ്‌സി'ലെ വൃക്ഷമനുഷ്യരെ ഓര്‍മയില്ലേ. ചലിക്കാനും സഞ്ചരിക്കാനും കഴിയുന്ന അത്ഭുതമരങ്ങള്‍, വൃക്ഷമുത്തച്ഛന്‍മാര്‍. അതിഗംഭീരമായ വേഷപ്പകര്‍ച്ചയാണ്‌ വൃക്ഷങ്ങള്‍ക്കും മനുഷ്യര്‍ക്കും ആ കഥാപാത്രത്തിലൂടെ സംവിധായകന്‍ നല്‍കിയത്‌. എന്നാല്‍, ഭാവനാലോകത്തല്ലാതെ ഇത്തരം സഞ്ചരിക്കുന്ന മരങ്ങളെ ആരും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ മരങ്ങള്‍ മലകയറുന്നു എന്നു കേട്ടാല്‍ വിശ്വാസം വരണമെന്നുമില്ല. എന്നാല്‍, ഒരര്‍ഥത്തില്‍ മരങ്ങളിപ്പോള്‍ സഞ്ചാരം തുടങ്ങിയിരിക്കുകയാണത്രേ; സഞ്ചരിക്കുകയല്ല, ശരിക്കു പറഞ്ഞാല്‍ വാസം മാറ്റുകയാണ്‌. ചൂടു കൂടുന്ന അന്തരീക്ഷത്തില്‍നിന്ന്‌ തണുപ്പു തേടി, ഉയര്‍ന്ന വിതാനങ്ങളിലേക്കാണ്‌ മരങ്ങളുടെ ഈ ചുവടുമാറ്റം!

ആഗോളതാപനം ആവാസവ്യവസ്ഥകള്‍ക്ക്‌ ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി നൂറുകണക്കിന്‌ ശാസ്‌ത്രീയപഠനങ്ങള്‍ നടന്നിട്ടുണ്ട്‌. അതില്‍ ഏറ്റവും ഒടുവിലത്തെ പഠനങ്ങളിലൊന്നിലാണ്‌, മരങ്ങള്‍ മലകയറുന്ന കാര്യം വെളിപ്പെട്ടിരിക്കുന്നത്‌. പടിഞ്ഞാറന്‍ യൂറോപ്പിലെ വനങ്ങളില്‍ കാണപ്പെടുന്ന 171 സസ്യജാതികളെ നിരീക്ഷിച്ചാണ്‌ ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന്‌, പുതിയ ലക്കം 'സയന്‍സ്‌' ഗവേഷണവാരിക പറയുന്നു. പല മരങ്ങളും സസ്യയിനങ്ങളും ഓരോ പതിറ്റാണ്ടിലും ശരാശരി 29 മീറ്റര്‍വരെ ഉയര്‍ന്ന വിതാനത്തിലേക്ക്‌ ആവാസവ്യവസ്ഥ മാറ്റിയത്രേ. കുറഞ്ഞ ജീവചക്രമുള്ള പന്നല്‍ച്ചെടികള്‍ പോലുള്ളവയാണ്‌ പുതിയ സ്ഥലത്തേക്ക്‌ കൂടുതല്‍ വേഗം വ്യാപിക്കുന്നത്‌.


ഫ്രാന്‍സിലെ അഗ്രോപാരീസ്‌ടെക്‌ (AgroParisTech) എന്ന സ്ഥാപനത്തിലെ ഗവേഷകനായ ജോനാതന്‍ ലെനോയ്‌റിന്റെ നേതൃത്വത്തിലാണ്‌ പഠനം നടന്നത്‌. ചിലിയന്‍ ഗവേഷകരും സഹകരിച്ചു. പോയനൂറ്റാണ്ടില്‍ കാലാവസ്ഥാവ്യതിയാനം സസ്യയിനങ്ങളില്‍ വ്യാപകമായ തോതില്‍ സ്വാധീനം ചെലുത്തിക്കഴിഞ്ഞു എന്ന്‌ തെളിയിക്കപ്പെടുന്നത്‌ ആദ്യമായാണ്‌-പഠനഫലത്തെ ലെനോയ്‌ര്‍ വിലയിരുത്തുന്നു. സാധാരണ ആവാസവ്യവസ്ഥകളില്‍ (ecosystems) കാലാവസ്ഥാവ്യതിയാനത്തിന്റെ 'കൈമുദ്ര' ഇപ്പോള്‍ തന്നെ പ്രകടമാണോ എന്നറിയാനായിരുന്നു ഗവേഷണം.


ഇക്കാര്യം കണ്ടെത്താനായി 1905-1985 കാലയളവിലെ വനസസ്യയിനങ്ങളുടെ വിതരണത്തെ, 1986-2005 കാലയളവിലേതുമായി താരതമ്യപ്പെടുത്തുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. `ഫ്രഞ്ച്‌ മലനിരകളില്‍ കാണപ്പെടുന്ന 171 സാധാരണ സസ്യയിനങ്ങളെയാണ്‌ ഞങ്ങള്‍ പരിഗണിച്ചത്‌. സമുദ്രവിതാനത്തിനും അവിടെനിന്ന്‌ 2600 മീറ്റര്‍ ഉയരമുള്ള വിതാനത്തിനും മധ്യേ കാണപ്പെടുന്ന ആവാസവ്യവസ്ഥയിലായിരുന്നു നിരീക്ഷണം. വളര്‍ച്ചയ്‌ക്കും പ്രജനനത്തിനും അനുയോജ്യമായ താപനില തേടി മിക്ക വൃക്ഷങ്ങളും സസ്യയിനങ്ങളും ഉയര്‍ന്ന വിതാനങ്ങളിലേക്ക്‌ മാറുകയാണെന്ന്‌ പഠനത്തില്‍ കണ്ടു. ചിലയിനങ്ങളുടെ മാറ്റം പതിറ്റാണ്ടില്‍ ശരാശരി 29 മീറ്റര്‍ വരെയാണ്‌'-ലെനോയ്‌ര്‍ അറിയിക്കുന്നു. ഇതുസംബന്ധിച്ച വ്യക്തതയ്‌ക്ക്‌ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.


താപനിലയിലെ വ്യതിയാനത്തോടുള്ള പല സസ്യങ്ങളുടെയും പ്രതികരണം വ്യത്യസ്‌തമാണെന്ന്‌, പഠനത്തില്‍ ഉള്‍പ്പെട്ട പ്രൊഫ. ജീന്‍ ക്ലാഡ്‌ ഗിഗോട്ട്‌ പറയുന്നു.ആയുസ്സ്‌ കൂടിയ സസ്യങ്ങള്‍ അത്രയധികം മാറ്റം പ്രകടിപ്പിച്ചു കാണുന്നില്ല. എന്നാല്‍, ജീവചക്രം കുറഞ്ഞ ചെറുചെടികളുടെ കാര്യത്തില്‍ വളരെക്കൂടുതലായിരുന്നു മലമുകളിലേക്കുള്ള മാറ്റം. ഇത്തരം ചെടികള്‍ക്ക്‌ വേഗം വിത്ത്‌ വിതറി മുകളിലേക്ക്‌ കയറാം. മാറുന്ന കാലവസ്ഥയോട്‌ പൊരുത്തപ്പെടാന്‍ അതുകൊണ്ട്‌ ചെറുസസ്യങ്ങള്‍ക്ക്‌ എളുപ്പം കഴിയുന്നു. എന്നാല്‍, ജീവചക്രം കൂടതലുള്ള വന്‍മരങ്ങളുടെ കാര്യത്തില്‍ അതത്ര എളുപ്പമല്ല. അതുകൊണ്ട്‌ കാലാവസ്ഥാമാറ്റത്തിന്റെ ആദ്യ ഇരകള്‍ വന്‍വൃക്ഷങ്ങളായിരിക്കുമെന്ന്‌ പ്രൊഫ.ഗിഗോട്ട്‌ പറയുന്നു.(അവലംബം: സയന്‍സ്‌).
കാണുക: ഉഷ്‌ണമേഖല ധ്രുവങ്ങളിലേക്ക്‌ വ്യാപിക്കുന്നു
കാലാവസ്ഥാശാസ്‌ത്രത്തിലെ 'ഡബിള്‍ ഹെലിക്‌സ'
ഇതു സംബന്ധിച്ച്‌ കേരളത്തില്‍ നിന്നുള്ള ഒരു നിരീക്ഷണം ഇവിട.

1 comment:

Joseph Antony said...

ഭാവനാലോകത്തല്ലാതെ സഞ്ചരിക്കുന്ന മരങ്ങളെ ആരും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ മരങ്ങള്‍ മലകയറുന്നു എന്നു കേട്ടാല്‍ വിശ്വാസം വരണമെന്നുമില്ല. എന്നാല്‍, ഒരര്‍ഥത്തില്‍ മരങ്ങളിപ്പോള്‍ സഞ്ചാരം തുടങ്ങിയിരിക്കുകയാണ്‌; സഞ്ചരിക്കുകയല്ല, ശരിക്കു പറഞ്ഞാല്‍ താമസം മാറ്റുകയാണ്‌. ചൂടു കൂടുന്ന അന്തരീക്ഷത്തില്‍നിന്ന്‌ തണുപ്പു തേടിയാണ്‌, ഉയര്‍ന്ന വിതാനങ്ങളിലേക്ക്‌ മരങ്ങളുടെ ഈ ചുവടുമാറ്റം!