Monday, May 28, 2007

വസ്‌തുക്കള്‍ക്ക്‌ ജീവന്‍ വെയ്‌ക്കുന്നത്‌

ആധുനിക നാഗരികതയുടെ എല്ലാ അഹങ്കാരത്തിനും മനുഷ്യനെ അര്‍ഹനാക്കിയത്‌ ഊര്‍ജ്ജരൂപങ്ങള്‍ക്ക്‌ മേല്‍ അവനുണ്ടായ നിയന്ത്രമണമാണ്‌. ഊര്‍ജ്ജത്തിന്റെ നിഗൂഢതകള്‍ പക്ഷേ, മനുഷ്യന്റെ അഹങ്കാരം കൊണ്ട്‌ അവസാനിക്കുന്നില്ല. പലരൂപത്തില്‍ ഭാവത്തില്‍ ഊര്‍ജ്ജം മനുഷ്യനു മുന്നിലിപ്പോഴും പ്രഹേളികയായി തുടരുന്നു

ബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്‌ `ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' എന്ന വിഖ്യാത നേവലിന്റെ ആദ്യഭാഗത്ത്‌, മെല്‍ക്വിയാഡസ്‌ എന്ന ജിപ്‌സി മക്കോണ്ടോ പട്ടണത്തില്‍ കാന്തം കൊണ്ടുവന്ന കഥ വര്‍ണ്ണിച്ചിട്ടുണ്ട്‌. ലോകത്തെ എട്ടാമത്തെ അത്ഭുതം എന്നുപറഞ്ഞാണ്‌ മക്കോണ്ടോയില്‍ മെല്‍ക്വിയാഡസ്‌ ആ നിഗൂഢ വസ്‌തുവിനെ അവതരിപ്പിക്കുന്നത്‌. രണ്ട്‌ കാന്തദണ്ഡുകള്‍ കെട്ടിവലിച്ച്‌ അയാള്‍ വീടുവീടാന്തരം കയറിയിറങ്ങി. ചട്ടികളും കലങ്ങളും ഉരുളികളും ചെമ്പുപാത്രങ്ങളുമെല്ലാം വെച്ചിരുന്നിടത്തു നിന്ന്‌ വേവലാതിയോടെ ഇളകി നീങ്ങുന്നത്‌ ആളുകളെ അത്ഭുതപ്പെടുത്തി. വീടുകളുടെ ഉത്തരങ്ങളിലെയും മോന്തായങ്ങളിലെയും ആണികള്‍ അയഞ്ഞിളകാന്‍ തിടുക്കം കാട്ടുന്നതിന്റെ ശബ്‌ദം അവരെ പരിഭ്രാന്തരാക്കി. ഏറെക്കാലമായി കാണാതിരുന്ന വസ്‌തുക്കള്‍, അവയെ ഏറ്റവുമധികം തിരഞ്ഞ സ്ഥലങ്ങളില്‍ നിന്നു തന്നെ പുറത്തു വന്നത്‌ മക്കോണ്ടോ നിവാസികള്‍ കണ്ടു. ഈ ആശയക്കുഴപ്പത്തിനിടയില്‍ മെല്‍ക്വിയാഡസ്‌ പ്രഖ്യാപിച്ചു: ``വസ്‌തുക്കല്‍ക്ക്‌ അവയുടേതായ ജീവിതമുണ്ട്‌ ''.

മൈക്കല്‍ ഫാരഡെ
ഇത്തരമൊരു സന്ദര്‍ഭം തന്റെ നോവലില്‍ സൃഷ്‌ടിക്കാന്‍ പ്രചോദനമായത്‌ എന്താണെന്ന്‌ മാര്‍കേസ്‌ വെളിപ്പെടുത്തിയിട്ടില്ല. മൈക്കല്‍ ഫാരഡെയെ മുന്നില്‍ കണ്ടാണോ ഈ രംഗം ആവിഷ്‌ക്കരിച്ചതെന്നും വ്യക്തമല്ല. ഏതായാലും ഒരു കാര്യം സത്യമാണ്‌. ചരിത്രത്തിന്റെ ദുഷ്‌ക്കരമായ പ്രയാണത്തിനിടയില്‍, കാന്തത്തിന്റെ ഉള്ളിലെ `ജീവന്‍' ആദ്യമായി തിരിച്ചറിഞ്ഞയാള്‍ ഫാരഡെയാണ്‌. വൈദ്യുതജനറേറ്ററിന്റെ കണ്ടെത്തലിലേക്കാണ്‌ ആ തിരിച്ചറിവ്‌ ഫാരഡെയെ നയിച്ചത്‌. ഇന്നു നാം കാണുന്ന ഊര്‍ജ്ജഭൂമികയാകെ സൃഷ്‌ടിക്കപ്പെട്ടത്‌ ആ കണ്ടുപിടുത്തം അടിത്തറയാക്കിയാണ്‌. ആധുനിക നാഗരികതയുടെ എല്ലാ അഹങ്കാരത്തിനും മനുഷ്യനെ അര്‍ഹനാക്കിയതും വൈദ്യുതിയല്ലാതെ മറ്റൊന്നുമല്ല. കാന്തത്തിന്റെ മാത്രമല്ല, കല്‍ക്കരിയുടെയും പെട്രോളിയത്തിന്റെയും ആണവവസ്‌തുക്കളുടെയും നദികളുടെയും കാറ്റിന്റെയും തിരമാലകളുടെയുമെല്ലാം `ജീവന്‍'(ഊര്‍ജ്ജം) ഇന്ന്‌ മനുഷ്യന്‍ വൈദ്യുതിക്കായി ഊറ്റിയെടുക്കുന്നു. ഊര്‍ജ്ജ സ്രോതസ്സുകളുടെ നിയന്ത്രണത്തിനായി യുദ്ധങ്ങള്‍ തന്നെ നടക്കുന്നു. അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നു. അതിനായി ഇല്ലാത്ത ഭീഷണിയുടെ കഥ മെനയുന്നു. പെരുംനുണകളുടെ പരമ്പര സൃഷ്‌ടിക്കുന്നു.

`മാട്രിക്‌സ്‌ ' എന്ന ഹോളിവുഡ്‌ ചലച്ചിത്രത്രയത്തില്‍, മനുഷ്യ വംശത്തെയാകെ അടിമകളാക്കിയിരിക്കുന്ന യന്ത്രങ്ങള്‍ക്കെതിരെ ഒരു സംഘം ആളുകള്‍ നടത്തുന്ന ചെറുത്തു നില്‍പ്പാണ്‌ പ്രമേയം. മനുഷ്യരെ മുഴുവന്‍ യന്ത്രങ്ങള്‍ അവയുടെ ഊര്‍ജ്ജസ്രോതസ്സുകളാക്കി മാറ്റിയിരിക്കുകയാണ്‌. മയക്കിക്കിടത്തിയിരിക്കുന്ന ഒരോ മനുഷ്യനെയും വൈദ്യുതഗ്രിഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. അവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്‌നവുമെല്ലാം ചേര്‍ത്ത്‌ മെനഞ്ഞുണ്ടാക്കിയിരിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ്‌ `മാട്രിക്‌സ്‌'. മാട്രിക്‌സ്‌ ഒരുക്കുന്ന പ്രതീതിയഥാര്‍ത്ഥത്തിന്റെ (വിര്‍ച്വല്‍ റിയാലിറ്റി) മായികലോകത്ത്‌, തങ്ങള്‍ മയങ്ങിക്കിടക്കുകയാണെന്ന കാര്യം പോലും മനുഷ്യന്‍ മറന്നു പോകുന്നു. മാട്രിക്‌സില്‍ യന്ത്രങ്ങള്‍ മനുഷ്യരോട്‌ ചെയ്യുന്നതാണ്‌, ഒരര്‍ത്ഥത്തില്‍ ഇന്ന്‌ മനുഷ്യന്‍ പ്രകൃതിയോട്‌ ചെയ്യുന്നത്‌. പ്രകൃതിയിലുള്ള സര്‍വ്വതിനെയും തന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി മനുഷ്യന്‍ മാറ്റിയെടുക്കുന്നു; ഊറ്റിയെടുക്കുന്നു. ഊര്‍ജ്ജമെന്നത്‌ അതിന്റെ ഭൗതീകശാസ്‌ത്ര നിര്‍വചനത്തില്‍ ഒതുങ്ങാതെ, സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക മാനങ്ങളിലേക്കു വ്യാപിക്കുന്നതിന്റെ കാരണവും ഇതുതന്നെ.

ഊര്‍ജ്ജമെന്നത്‌ പലര്‍ക്കും പലതാണ്‌. രാഷ്‌ട്രീയക്കാര്‍ക്ക്‌ അത്‌ വോട്ടാണ്‌; വന്‍കിട സ്ഥാപനങ്ങള്‍ക്ക്‌ ലാഭം കൊയ്യാനുള്ള മാര്‍ഗ്ഗവും. വിദഗ്‌ധര്‍ക്ക്‌ ഊര്‍ജ്ജമെന്നത്‌ വികസനം തന്നെയാകുമ്പോള്‍, പരിസ്ഥിതി നശിക്കരുതെന്ന്‌ വാദിക്കുന്നവരുടെ മുന്നില്‍ ഇന്നത്തെ പല ഊര്‍ജ്ജോത്‌പാദന മാര്‍ഗ്ഗങ്ങളും, നാളെയുടെ നിലനില്‍പ്പ്‌ അപകടത്തിലാക്കുന്ന അത്യാര്‍ത്തിക്ക്‌ ഉദാഹരണങ്ങളാകുന്നു. `മനുഷ്യന്‌ ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്‌; പക്ഷേ അവന്റെ ആര്‍ത്തി തികയ്‌ക്കാനുള്ളതില്ല''എന്ന്‌ ഗാന്ധിജി പറഞ്ഞത്‌ ഒരുപക്ഷേ, ഊര്‍ജ്ജത്തിന്റെ കാര്യത്തിലാണ്‌ ഏറ്റവും ശരിയാവുക.

പ്രകൃതിയിലെ എല്ലാ ഊര്‍ജ്ജ രൂപങ്ങളെയും രണ്ടു സംഗതികള്‍ക്കായാണ്‌ മനുഷ്യന്‍ മാറ്റിയെടുക്കുന്നത്‌; ഭക്ഷണത്തിനും വൈദ്യുതിക്കും. ഫാരഡെ ജനറേറ്റര്‍ കണ്ടുപിടിച്ചതോടെ വൈദ്യുതി ഉത്‌പാദനത്തില്‍ മനുഷ്യന്റെ വിജയഗാഥ തുടങ്ങിയെങ്കില്‍, ഭക്ഷണത്തിന്റെ കഥ കുറെക്കൂടി പഴയതാണ്‌. കഴിഞ്ഞ പതിനായിരം വര്‍ഷത്തിനിടെ ഭൂമുഖത്ത്‌ ജനസംഖ്യ പത്തു തവണ ഇരട്ടിയായി എന്നാണ്‌ കണക്ക്‌; വെറും പത്തു ലക്ഷത്തില്‍ നിന്ന്‌ ഇന്നത്‌ 600 കോടി കവിഞ്ഞു. ഇത്രയും ജനങ്ങള്‍ക്ക്‌ ജീവന്‍ നിലനിര്‍ത്താനും ദൈനംദിന പ്രവര്‍ത്തനത്തിനും ആവശ്യമുള്ള കലോറിയില്‍ സിംഹഭാഗവും സംഭാവന ചെയ്യുന്നത്‌ വെറും മൂന്നേമൂന്ന്‌ സസ്യങ്ങളാണ്‌-ചോളവും നെല്ലും ഗോതമ്പും. ഈ ചെടികള്‍ പ്രകാശസംശ്ലേഷണത്തിലൂടെ സൗരോര്‍ജ്ജത്തെ ധാന്യകമാക്കി മാറ്റുന്നതാണ്‌ നമ്മുടെ ആശ്രയം.

ധാന്യങ്ങള്‍ മനുഷ്യനും മറ്റ്‌ ജീവികള്‍ക്കും ഊര്‍ജ്ജം നല്‍കുന്നു എന്നു പറയുമ്പോള്‍, അവ കൃഷിചെയ്യാനും ഊര്‍ജ്ജം വേണമെന്ന കാര്യം അധികമാരും ഓര്‍ക്കാറില്ല. കൃഷിക്കു മാത്രമല്ല, കൊയ്യാനും മെതിക്കാനും സൂക്ഷിക്കാനും ആവശ്യക്കാര്‍ക്ക്‌ എത്തിക്കാനും പാചകം ചെയ്യാനുമൊക്കെ ഊര്‍ജ്ജം കൂടിയേ തീരൂ; പെട്രോളിന്റെയും ഗ്യാസിന്റെയും വൈദ്യുതിയുടെയുമൊക്കെ രൂപത്തില്‍. ഊര്‍ജ്ജത്തിന്റെ അധികമാരും ചിന്തിക്കാത്തെ ഒരു പങ്ക്‌ ഇവിടെ പ്രത്യക്ഷപ്പെടുന്നു. ഭക്ഷണത്തിലൂടെ ഒരു കലോറി ഊര്‍ജ്ജം ലഭിക്കാന്‍, കുറഞ്ഞത്‌ ഏഴ്‌ കലോറി ഊര്‍ജ്ജത്തിന്‌ തുല്യമായ ഫോസില്‍ ഇന്ധനം (പെട്രോളിയമോ പ്രകൃതിവാതകമോ കല്‍ക്കരിയോ) ചിലവാക്കണം എന്നാണ്‌ കണക്ക്‌. 70 കിലോഗ്രാം ഭാരമുള്ള ഒരു മനുഷ്യന്‌ ദിവസവും ശരാശരി 2000 കലോറി ഊര്‍ജ്ജം ഭക്ഷണത്തിലൂടെ ലഭിക്കണം എന്നാണ്‌ കണക്ക്‌. അത്രയും കലോറി അടങ്ങിയ ഭക്ഷണം പ്ലേറ്റിലെത്തണമെങ്കില്‍ 14000 കലോറി ഊര്‍ജ്ജത്തിന്‌ തുല്യമായ ഫോസില്‍ ഇന്ധനം ചെലവാക്കണം.

കേരളത്തിലെ മൂന്നു കോടി ആളുകള്‍ക്ക്‌ ഈ അളവില്‍ ഭക്ഷണം ലഭിക്കാന്‍ മാത്രം ഒരു ദിവസം ചെലവു വരുന്ന ഫോസില്‍ ഇന്ധനത്തിന്റെ അളവെത്രയാണ്‌; 42000 കോടി കലോറിക്ക്‌ തുല്യമായത്‌. ഒരു കലോറിയെന്നത്‌ 4.185 ജൂളാണ്‌. ഒരു ടണ്‍ കല്‍ക്കരി 29.3 ഗിഗാജൂള്‍(293 കോടി ജൂള്‍) ഊര്‍ജ്ജം തരും. അതുവെച്ചു കണക്കാക്കിയാല്‍ കേരളീയരുടെ ഒരു ദിവസത്തെ ഭക്ഷണം പ്ലേറ്റിലെത്താന്‍ കുറഞ്ഞത്‌ 600 ടണ്‍ കല്‍ക്കരിക്ക്‌ തുല്യമായത്ര ഇന്ധനം കത്തിക്കണം; ആളൊന്നിന്‌ ദിവസവും കുറഞ്ഞത്‌ 20 കിലോ കല്‍ക്കരി! രാവിലെ രണ്ട്‌ ഇഡ്ഡലിയും ഒരു വടയും സാമ്പാറും, ഉച്ചയ്‌ക്ക്‌ സാമാന്യം നല്ലൊരു ഊണും, വൈകുന്നേരം രണ്ട്‌ ചപ്പാത്തിയും കറിയും, ഇടയ്‌ക്ക്‌ ഒന്നോരണ്ടോ കപ്പ്‌ ചായയും കഴിക്കുന്നയാള്‍ യഥാര്‍ത്ഥത്തില്‍ ആ ഭക്ഷണത്തിനായി 20 കിലോ കല്‍ക്കരി പരോക്ഷമായി എരിച്ചു തീര്‍ക്കുന്നു എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

ഇതൊക്കെ ഊര്‍ജ്ജത്തിന്റെ അനുഭവേദ്യമായ വശങ്ങളാണ്‌. പക്ഷേ, ഇനിയും മനുഷ്യന്‌ പിടികൊടുക്കാത്ത, നിഗൂഢതയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ കഴിയുന്ന മറ്റൊരിനം ഊര്‍ജ്ജമുണ്ട്‌-ശ്യാമോര്‍ജ്ജം(dark energy). അതാണ്‌ പ്രപഞ്ചത്തെ യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത്‌. ഏറ്റവും പുതിയ പ്രപഞ്ചവിജ്ഞാനമനുസരിച്ച്‌ പ്രപഞ്ചത്തില്‍ മനുഷ്യന്‌ നേരിട്ടു അനുഭവേദ്യമാകുന്ന ദ്രവ്യം വെറും നാലു ശതമാനമേ വരൂ. ബാക്കി 96 ശതമാനത്തെ ശാസ്‌ത്രജ്ഞര്‍ രണ്ടായാണ്‌ തിരിച്ചിരിക്കുന്നത്‌-തമോദ്രവ്യമെന്നും(dark matter) ശ്യാമോര്‍ജ്ജമെന്നും. തമോദ്രവ്യം പ്രപഞ്ചത്തില്‍ 22 ശതമാനം വരും; ശ്യാമോര്‍ജ്ജം 74 ശതമാനവും. പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടത്‌ 1370 കോടി വര്‍ഷം മുമ്പുണ്ടായ `മഹാവിസ്‌ഫോടന'(Big Bang)ത്തിന്റെ ഫലമായാണെന്ന്‌ ശാസ്‌ത്രം പറയുന്നു. ഒരു പ്രാചീനകണത്തിന്‌ വിസ്‌ഫോടനവും അതിവികാസവും(Inflation) സംഭവിച്ചാണ്‌ പ്രപഞ്ചം രൂപപ്പെട്ടത്‌. അതിന്റെ തുടര്‍ച്ചയായി പ്രപഞ്ചം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു. ഗുരുത്വാകര്‍ഷണ ബലത്തിനെതിരായി പ്രപഞ്ചത്തെ വികസിക്കാന്‍ സഹായിക്കുന്ന ശക്തിയാണ്‌ ശ്യാമോര്‍ജ്ജം. പക്ഷേ, എന്താണിത്‌ എന്നത്‌ ശാസ്‌ത്രത്തിന്‌ മുന്നിലുള്ള ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നാണ്‌. ആ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തുന്നതോടെ, ഊര്‍ജ്ജം സംബന്ധിച്ച നമ്മുടെ ധാരണകള്‍ അടിമുടി തിരുത്തേണ്ടി വന്നേക്കാം.(അവലംബം: Wikipedia, Camebrige Dictionary of Scientists).

7 comments:

Joseph Antony said...

കേരളീയരുടെ ഒരു ദിവസത്തെ ഭക്ഷണം പ്ലേറ്റിലെത്താന്‍ കുറഞ്ഞത്‌ 600 ടണ്‍ കല്‍ക്കരിക്കു തുല്യമായത്ര ഇന്ധനം എരിയണം; ആളൊന്നിന്‌ ദിവസവും കുറഞ്ഞത്‌ 20 കിലോ കല്‍ക്കരി! രാവിലെ രണ്ട്‌ ഇഡ്ഡലിയും ഒരു വടയും സാമ്പാറും, ഉച്ചയ്‌ക്ക്‌ സാമാന്യം നല്ലൊരു ഊണും, വൈകുന്നേരം രണ്ട്‌ ചപ്പാത്തിയും കറിയും, ഇടയ്‌ക്ക്‌ ഒന്നോരണ്ടോ കപ്പ്‌ ചായയും കഴിക്കുന്നയാള്‍ യഥാര്‍ത്ഥത്തില്‍ ആ ഭക്ഷണത്തിനായി 20 കിലോ കല്‍ക്കരി പരോക്ഷമായി എരിച്ചു തീര്‍ക്കുന്നു. ഊര്‍ജ്ജത്തിന്റെ നിഗൂഢതകളെപ്പറ്റി ഒരു ലേഖനം.

മൂര്‍ത്തി said...

നന്ദി...
qw_er_ty

myexperimentsandme said...

ശ്യാമോര്‍ജ്ജം പോലെ, അല്ലെങ്കില്‍ ഹിഡണ്‍ എനര്‍ജി പോലെ ഹിഡണ്‍ വിവരങ്ങളും കുറുഞ്ഞി ഓണ്‍ലൈന്‍ വഴി പുറത്തേക്ക് :)

ഇതൊക്കെ സ്കൂള്‍ കുട്ടികളെ പഠിപ്പിച്ചാല്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് അവര്‍ ഭാവിയില്‍ കുറെയെങ്കിലും മിതത്വം പാലിക്കും എന്ന് പ്രതീക്ഷിക്കാമായിരുന്നു.

പുള്ളി said...

ജോസഫ് മാഷേ... ശ്യാമോര്‍ജ്ജത്തെക്കുറിച്ചും തമോദ്രവ്യത്തെക്കുറിച്ചും കൂടുതല്‍ അറിയാന്‍ താല്പ്പര്യമുണ്ട്!
***
പ്രകൃതിയെ നാം അടുത്ത തലമുറയില്‍ നിന്ന് കടം കൊള്ളുകയാണ്..
Ratbert to Dilbert: Thats even better, We don't have any kids so we're borrowing it from strangers. Just leave them a smoking shell...

വി. കെ ആദര്‍ശ് said...

its really very much essential information. love nature for future. less energy consumption means less pollution too. so energy conservation s the only alternative befor us. congrats for such a scholarly article.

oru blogger said...
This comment has been removed by the author.
oru blogger said...

മാഷെ ഞാന്‍ പറയാന്‍ വന്നത്, മാട്രിക്സ് സിനിമയുടെ കധ എഴുതിയ വചോവ്സ്കി സഹോദര്‍ന്മാര്‍ വേദാന്തവും, ബുധ്തിസവുമൊക്കെ വായിക്കുന്നവരായിരുന്നു എന്ന്..