ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രാന്‍സ് അതിര്‍ത്തിയില്‍ ഭൂമിക്കടയില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി., കഴിഞ്ഞ ഡിസംബര്‍ 16-നാണ് ശൈത്യകാല അവധിക്ക് അടച്ചത്. പരീക്ഷണം ഈ മാസം പുനരാരംഭിക്കും. അതിനിടെയാണ്, എല്‍.എച്ച്.സി.യുടെ ചുമതലക്കാരായ യൂറോപ്യന്‍ കണികാപരീക്ഷണ ലബോറട്ടിയായ 'സേണ്‍' പുതിയ തീരുമാനം അറിയിച്ചത്.
സ്വിസ്സ്ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. യില്‍ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണമാണ്. എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ പ്രവഹിക്കുന്ന പ്രോട്ടോണ്‍ധാരകളെ തമ്മിള്‍ കൂട്ടിയിടിപ്പിച്ച് അതില്‍ നിന്ന് പുറത്തുവരുന്നത് പഠിക്കുകയാണ് ഗവേഷകര്‍ ചെയ്യുക.
മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപംകൊണ്ടതിന് തൊട്ടടുത്ത നിമിഷങ്ങളെ കണികാപരീക്ഷണം വഴി പുനസൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. അതുവഴി പ്രപഞ്ചം എങ്ങനെ ഇന്നത്തെ നിലയിലായി എന്നറിയാന്‍ കഴിയും. മാത്രമല്ല, പ്രപഞ്ചസാരം സംബന്ധിച്ച സുപ്രധാനമായ ചില പ്രഹേളികകള്‍ക്ക് ഉത്തരം ലഭിക്കുമെന്നും കരുതുന്നു.
ഏതിര്‍ദിശയില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ധാരകളുടെ ഊര്‍ജനില 7 ട്രില്ല്യണ്‍ ഇലക്ട്രോണ്‍ വോട്ട് (TeV) വീതമാക്കി (കൂട്ടിയിടി നടക്കുന്നിടത്തെ ആകെ ഊര്‍ജനില 14 TeV ആകും) ഉയര്‍ത്തുകയാണ് എല്‍.എച്ച്.സി.യുടെ പരമമായ ലക്ഷ്യം.
2009 നവംബര്‍ 30ന് എല്‍.എച്ച്.സി.യിലെ കണികാധാരകള്‍ 1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് വീതം ഊര്‍ജനില കൈവരിച്ചിരുന്നു. അതോടെ ഭൂമുഖത്തെ ഏറ്റവും ശക്തിയേറിയ കണികാത്വരകമായി എല്‍.എച്ച്.സി.മാറുകയും ചെയ്തു.
എന്നാല്‍, നിശ്ചയിച്ചതിന്റെ പകുതി ഊര്‍ജനിലയിലാകും (കണികാധാര ഓരോന്നും 3.5 TeV വീതം - ആകെ 7 TeV) അടുത്ത 18 മുതല്‍ 24 മാസത്തേക്ക് എല്‍.എച്ച്.സി.പ്രവര്‍ത്തിക്കുകയെന്ന് സേണ്‍ അറിയിച്ചു.
മുമ്പ് നിശ്ചയിച്ചത് പോലെ അടുത്ത ശൈത്യകാലത്ത് പരീക്ഷണം നിര്‍ത്തിവെയ്ക്കില്ല. പകരം 2012-ലാകും നിര്‍ത്തുക. അതുകഴഞ്ഞാല്‍ 2013-ലേ ആരംഭിക്കൂ. അപ്പോഴാകും പ്രഖ്യാപിത ഊര്‍ജനില കൈവരിക്കുക. (അവലംബം: സേണ്‍)
1 comment:
ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി) രണ്ടുവര്‍ഷത്തേക്ക് പകുതി ഊര്‍ജനിലയിലാകും കണികാപരീക്ഷണം നടക്കുക. അതിന് ശേഷം ഒരുവര്‍ഷം അടച്ചിട്ട് പരീഷ്‌ക്കരിച്ച ശേഷമാകും, കണികാപരീക്ഷണം അതിന്റെ പ്രഖ്യാപിത ഊര്‍ജനിലയില്‍ നടത്തുക.
Post a Comment