Saturday, December 19, 2009

കണികാപരീക്ഷണം ഇനി ഫിബ്രവരിയില്‍

ജനീവയ്ക്ക് സമീപം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന കണികാപരീക്ഷണം തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. കൂടുതല്‍ ഉര്‍ന്ന ഊര്‍ജനില കൈവരിക്കാനാവശ്യമായ നവീകരണങ്ങള്‍ക്ക് ശേഷം പരീക്ഷണം ഫിബ്രവരിയില്‍ വീണ്ടും തുടങ്ങും.

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍.എച്ച്.സി) ന്റെ പ്രവര്‍ത്തനം കഴിഞ്ഞ ബുധനാഴ്ച (ഡിസംബര്‍ 16) മുതല്‍ തത്ക്കാലത്തേക്ക് അവസാനിപ്പിച്ചതായി, യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കണികാപരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്ന സേണിന്റെ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. യില്‍ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണമാണ്. എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ പ്രവഹിക്കുന്ന പ്രോട്ടോണ്‍ധാരകളെ തമ്മിള്‍ കൂട്ടിയിടിപ്പിച്ച് അതില്‍ നിന്ന് പുറത്തു വരുന്നതെന്തൊക്കെയെന്ന് പഠിക്കുകയാണ് ഗവേഷകര്‍ ചെയ്യുക.

മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപംകൊണ്ടതിന് തൊട്ടടുത്ത നിമിഷങ്ങളെ എല്‍.എച്ച്.സി.യിലെ പരീക്ഷണത്തിലൂടെ പുനസൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. അതുവഴി പ്രപഞ്ചം എങ്ങനെ ഇന്നത്തെ നിലയിലായി എന്നറിയാന്‍ കഴിയും. മാത്രമല്ല, പ്രപഞ്ചസാരം സംബന്ധിച്ച സുപ്രധാനമായ ചില പ്രഹേളികകള്‍ക്ക് ഉത്തരം ലഭിക്കുമെന്നും കരുതുന്നു.

2008 സപ്തംബര്‍ പത്തിന് കണികാപരീക്ഷണം ഉത്ഘാടനം ചെയ്യപ്പെട്ടെങ്കിലും, എല്‍.എച്ച്.സി.യിലുണ്ടായ തകരാര്‍ മൂലം ഏതാനും ദിവസത്തിനകം അത് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. 14 മാസത്തെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ നവംബര്‍ 20 നാണ് എല്‍.എച്ച്.സി.യിലൂടെ വീണ്ടും കണികാധാരകള്‍ പ്രവഹിച്ചത്.

നവംബര്‍ 23-ന് ആദ്യ കണികാകൂട്ടിയിടി നടന്നു. ഭൂമുഖത്തെ ഏറ്റവും ശക്തിയേറിയ കണികാത്വരകം (പാര്‍ട്ടിക്കിള്‍ ആക്‌സലറേറ്റര്‍) എന്ന റിക്കോര്‍ഡ് നവംബര്‍ 30-ന് എല്‍.എച്ച്.സി. സ്ഥാപിച്ചു. കണികാധാരകള്‍ 1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് ഊര്‍ജനില കൈവരിച്ചുകൊണ്ടായിരുന്നു അത്.

കഴിഞ്ഞയാഴ്ച എല്‍.എച്ച്.സി.വീണ്ടും പുതിയൊരു റിക്കോര്‍ഡ് സ്ഥാപിച്ചു; 2.36 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ടില്‍ കണികാകൂട്ടിയിടി സാധ്യമാക്കി. റിക്കോര്‍ഡുകളുടെ തിളക്കവുമായാണ് എല്‍.എച്ച്.സി. ക്രിസ്മസ് അവധിയില്‍ പ്രവേശിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ എല്‍.എച്ച്.സി.യിലെ ആറ് പരീക്ഷണങ്ങളിലുമായി ഏതാണ്ട് പത്തുലക്ഷത്തിലേറെ കണികാകൂട്ടിയിടികള്‍ രേഖപ്പെടുത്തിയതായി സേണിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു. മാത്രമല്ല, അതുവഴി ലഭിച്ച ഡേറ്റ എല്‍.എച്ച്.സി.കമ്പ്യൂട്ടിങ് ഗ്രിഡ് വഴി ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനും വിശകലനം ചെയ്യാനും കഴിഞ്ഞു.

എല്‍.എച്ച്.സി.യുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ഭംഗിയായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. 'ഇതുവരെ എല്ലാം ഭംഗിയായിരുന്നു'-സേണ്‍ മേധാവി റോള്‍ഫ് ഹ്യുയര്‍ പറഞ്ഞു.

കണികാധാരകള്‍ക്ക് 3.5 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് വീതം ഊര്‍ജപരിധി ആര്‍ജിക്കുകയാണ് എല്‍.എച്ച്.സി.യുടെ പരമോന്നതലക്ഷ്യം. കൂട്ടിയിടി നടക്കുന്നിടത്തെ ഊര്‍ജനില ഏഴ് ട്രില്യണ്‍ വോള്‍ട്ട് ആകും.

ഇത്രയും ഉയര്‍ന്ന ഊര്‍ജനില കൈവരിക്കാനായി എല്‍.എച്ച്.സി.യെ പാകപ്പെടുത്തുകയാണ് അവധിക്കാലത്ത് ചെയ്യുക.

അത് സാധിക്കണമെങ്കില്‍ എല്‍.എച്ച്.സി.യില്‍ കാന്തങ്ങളിലെ സര്‍ക്കീട്ടുകളില്‍ ഉയര്‍ന്ന തോതിലുള്ള വൈദ്യുതപ്രവാഹം ആവശ്യമാണ്. അതിനാവശ്യമായ സുരക്ഷാക്രമീകരണങ്ങളും ശക്തിപ്പെടുത്തണം. ജനവരിയില്‍ ഇതു സംബന്ധിച്ച നവീകരണം നടത്താനാണ് സേണ്‍ ഉദ്ദേശിക്കുന്നത്. (അവലംബം: സേണിന്റെ വാര്‍ത്താക്കുറിപ്പ്).

കാണുക

1 comment:

Joseph Antony said...

ജനീവയ്ക്ക് സമീപം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന കണികാപരീക്ഷണം തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. കൂടുതല്‍ ഉര്‍ന്ന ഊര്‍ജനില കൈവരിക്കാനാവശ്യമായ നവീകരണങ്ങള്‍ക്ക് ശേഷം പരീക്ഷണം ഫിബ്രവരിയില്‍ വീണ്ടും തുടങ്ങും.