ടച്ച്‌സ്‌ക്രീനുകളുടെ കാലമാണിപ്പോള്‍; പ്രത്യേകിച്ച് മൊബൈല്‍ ഫോണുകളുടെ ലോകത്ത്. ഐഫോണ്‍ തുടക്കമിട്ട ടച്ച്‌സ്‌ക്രീന്‍ സംസ്‌ക്കാരം ഇപ്പോള്‍ കമ്പ്യൂട്ടറുകളിലേക്കും സംക്രമിച്ചിരിക്കുന്നു. ആപ്പിളിന്റെ ഐപാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറാണ് ആ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേത്.
ആ നിലയ്ക്ക് ടച്ച്‌സ്‌ക്രീനുകളുടെ ക്ഷമത വര്‍ധിപ്പിക്കാനുള്ള ഏത് മുന്നേറ്റവും സ്മാര്‍ട്ട്‌ഫോണുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ സഹായിക്കും. സ്പര്‍ശനവേളയില്‍ വിരലുകളുടെ സമ്മര്‍ദമനുസരിച്ച്, ടച്ച്‌സ്‌ക്രീനുകളുടെയും കീകളുടെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന 'ക്വാണ്ടംസങ്കേതം' രൂപപ്പെടുത്തുന്നതില്‍ വിജയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് സ്ഥാപനം.
സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ സ്‌ക്രോളിങ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പുതിയ സങ്കേതം സഹായിക്കും. 'ക്വാണ്ടം ടണലിങ് കൊംപോസിറ്റ്' (Quantum Tunnelling Composite - QTC) എന്നാണ് പുതിയ സങ്കേതത്തിന്റെ പേര്. പെരാടെക് എന്ന സ്ഥാപനം വികസിപ്പിച്ച ഈ വിദ്യ ഉപയോഗിക്കാന്‍ സാംസങ് ഇലക്ട്രോ-മെക്കാനിക്‌സ് ലൈസന്‍സ് കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.
മറ്റ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്ക് മൊബൈല്‍ഫോണ്‍ ഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന സാംസങിന്റെ ബ്രിട്ടീഷ് വിഭാഗമാണ് സാംസങ് ഇലക്ട്രോ-മെക്കാനിക്‌സ്. ഫോണുകള്‍ മുതല്‍ ഗെയിമുകള്‍, ജി.പി.എസ്. ഹാന്‍ഡ്‌സെറ്റുകള്‍ എന്നവയില്‍ വരെ പുതിയ സങ്കേതം ഉപയോഗിക്കാനാകും.
പ്രത്യേകയിനം പോളിമറില്‍ വിതറിയിരിക്കുന്ന ധാന്യക്കതിര്‍പോലെയുള്ള നാനോകണങ്ങളുടെ സഹായത്തോടെയാണ് ക്യു.ടി.സി. രൂപപ്പെടുത്തിയത്. ഈ നാനോകണങ്ങള്‍ പരസ്പരം നേരിട്ട് സ്പര്‍ശിക്കുന്നില്ല. എന്നാല്‍, ഇവ കൂടുതല്‍ പരസ്പരം അടുക്കുമ്പോള്‍ 'ടണലിങ്' എന്ന ക്വാണ്ടംഭൗതിക പ്രതിഭാസത്തിന്റെ സഹായത്തോടെ വൈദ്യുതിപ്രവാഹം ശക്തമാകും.
ക്വാണ്ടംഭൗതികത്തിലെ അനിശ്ചിതത്വ സിദ്ധാന്തം അനുസരിച്ച്, ഒരു മതിലിന്റെയോ മറയുടെയോ ഒരു വശത്ത് സ്ഥിതിചെയ്യുന്ന കണത്തിന് മതിലിനപ്പുറത്തും പ്രത്യക്ഷപ്പെടാനാകും. ഈ ക്വാണ്ടംമെക്കാനിക്കല്‍ ഗുണത്തിനാണ് 'ടണലിങ്' എന്ന് പറയുന്നത്.
ഇതനുസരിച്ച് പരസ്പരം സ്പര്‍ശിക്കാത്ത കണങ്ങളുടെ പരിസരം വൈദ്യുത പ്രവാഹത്തെ സംബന്ധിച്ച് ഒരുതരം മറയാണ്. മറയ്ക്കപ്പുറത്തേക്ക് ഇലക്ട്രോണുകള്‍ക്ക് എത്താന്‍ കഴിയും. വിരലിന്റെ സമ്മര്‍ദം ഏറുമ്പോള്‍ നാനോകണങ്ങള്‍ പരസ്പരം കൂടുതല്‍ അടുക്കുകയും വൈദ്യുതചാര്‍ജിന് ടണലിങ് സംഭവിക്കാനുള്ള സാധ്യത ഏറുകയും ചെയ്യും. വൈദ്യുതപ്രവാഹം ശക്തമാകുകയാണ് ഫലം.
സ്വിച്ചുകളും കീബോര്‍ഡുമൊക്കെ നിര്‍മിക്കാന്‍ ഈ സമീപനം സഹായകമാണെങ്കിലും, കട്ടികുറഞ്ഞ ഉപകരണങ്ങള്‍ക്കാണ് ഇത് കൂടുതല്‍ അനുയോജ്യം. സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യത്തിലാണ് ഇത് ഏറെ പ്രയോജനം ചെയ്യുക. ഗെയിമുകളുടെ രംഗത്തും ഇതിന് ഏറെ സാധ്യതകളുണ്ട്.
സ്മാര്‍ട്ട്‌ഫോണുകളുടെ നാവിഗേഷന്‍ സ്വിച്ചുമായി ക്യു.ടി.സി. സംയോജിപ്പിക്കുന്ന പ്രവര്‍ത്തനം സാംസങ് ഇലക്ട്രോ-മെക്കാനിക്‌സ് തുടങ്ങിക്കഴിഞ്ഞു. മുകളിലേക്കും താഴേക്കുമുള്ള നാവിഗേഷനിലാണ് പുതിയ സങ്കേതം ഉപയോഗിക്കുന്നത്. അതിനാല്‍ സ്‌ക്രോളിങ് വളരെ അനായാസമായി നടത്താനാകും.
സ്‌ക്രോളിങ് നടത്തുന്ന വേളയില്‍ ആവശ്യമുള്ള സ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണത്തിലാകും എന്നതാണ് പുതിയ വിദ്യയുടെ ഗുണം. ഉദാഹരണത്തിന് ഇ-മെയിലുകളുടെ നീണ്ട പട്ടികയിലൂടെ സ്‌ക്രോള്‍ ചെയ്യുന്ന കാര്യം പരിഗണിക്കുക. ആവശ്യമുള്ള ഇ-മെയില്‍ സെലക്ട് ചെയ്യുക ഇപ്പോഴുള്ള ടച്ച്‌സ്്ക്രീനുകളില്‍ ദുഷ്‌ക്കരമാണ്. എന്നാല്‍ ക്യു.ടി.സി.സങ്കേതം ഉപയോഗിക്കുമ്പോള്‍ അത് അനായാസമാകും. (അവലംബം: പെരാടെക്)
2 comments:
ടച്ച്‌സ്‌ക്രീനുകളുടെ ക്ഷമത വര്‍ധിപ്പിക്കാനുള്ള ഏത് മുന്നേറ്റവും സ്മാര്‍ട്ട്‌ഫോണുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ സഹായിക്കും. സ്പര്‍ശനവേളയില്‍ വിരലുകളുടെ സമ്മര്‍ദമനുസരിച്ച്, ടച്ച്‌സ്‌ക്രീനുകളുടെയും കീകളുടെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന 'ക്വാണ്ടംസങ്കേതം' രൂപപ്പെടുത്തുന്നതില്‍ വിജയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് സ്ഥാപനം.
ഐഫോണ്‍ തുടക്കമിട്ട ടച്ച്‌സ്‌ക്രീന്‍ സംസ്‌ക്കാരം -ഇത് ശരിയല്ല HP ipaq ഒക്കെ ഇത് എന്നൊ പോപ്പുലറാക്കിയിരുന്നു. HTC എന്ന തെയ്‌വാന്‍ കമ്പനിയാണ് സ്വന്തം പേരിലും എച്.പി അടക്കം പല കമ്പനികള്‍ക്കും ടച്ച് മൊബൈല് ഫോണ്‍ ഉണ്ടാക്കിയിരുന്നത്.
Post a Comment