Thursday, February 25, 2010

കൊതുകിനെ കൊല്ലാന്‍ ലേസര്‍


കേരളത്തിലിപ്പോള്‍ ഏറ്റവും ചെലവേറിയ ഇലക്ട്രോണിക് ഉപകരണങ്ങളിലൊന്ന് കൊതുകിനെ കൊല്ലാനുള്ള ബാറ്റ് ആണ്. നഗരപ്രദേശങ്ങളില്‍ പല വീടുകളിലും രാത്രിയായാല്‍ ഉയരുന്നത് 'ടിക്', 'ടിക്' ഒച്ചയാണ്; കൊതുകിനെ ഇത്തരം ഇലക്ട്രിക് ബാറ്റ് കൊണ്ടടിച്ച് ശരിപ്പെടുത്തുന്നതിന്റെ ഒച്ച. കൊതുകുവലയും ആമമാര്‍ക്ക് കൊതുക് തിരി വരെയുള്ള വിദ്യകളില്‍ ഏറ്റവും ഒടുവിലത്തേതാണ് കൊതുക് ബാറ്റ്. എന്നാല്‍, ഈ പട്ടികയില്‍ ഒരു ഹൈടെക് സങ്കേതം താമസിയാതെ സ്ഥാനം പിടിച്ചേക്കും, കൊതുകിനെ കൊല്ലുന്ന ലേസര്‍!

അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ ലോങ് ബീച്ചില്‍ അടുത്തയിടെ നടന്ന 'ടെഡ്' (TED) കോണ്‍ഫറന്‍സിലാണ് ലേസര്‍ ഉപകരണം അവതരിപ്പിക്കപ്പെട്ടത്. മലേറിയ പോലുള്ള കൊതുകു പരത്തുന്ന രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണം എന്ന നിലയ്ക്കാണ്, 'ഇന്റലക്ച്ച്വല്‍ വെന്‍ച്വേര്‍സ്' (Intellectual Ventures) കമ്പനി അത് അവതരിപ്പിച്ചത്. ലോകത്ത് ലക്ഷക്കണക്കിനാളുകളെ സഹായിക്കാന്‍ കഴിയുന്ന ഉപകരണമാണ് അതെന്ന്, മൈക്രോസോഫ്ടിന്റെ മുന്‍ ടെക്‌നോളജി ഓഫീസറും 'ഇന്റലക്ച്ച്വല്‍ വെന്‍ച്വേര്‍സി'ന്റെ സ്ഥാപകനുമായ നാഥാന്‍ മൈഹ്ര്‍വള്‍ഡ് പറയുന്നു.

തോക്കുപോലെ കൈയില്‍ പിടിച്ച,് കൊതുകുകളെ പറക്കലിനിടെ വെടിവെച്ചിടാന്‍ പുതിയ ഉപകരണംകൊണ്ട് കഴിയും. പ്രിന്ററുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, പ്രൊജക്ടറുകള്‍ തുടങ്ങിയവയില്‍ ഉപയോഗിച്ചിട്ടുള്ള സാധാരണ ലേസര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അത് രൂപപ്പെടുത്തിയിട്ടുള്ളത്. മുന്നിലെ ദൃശ്യത്തിന്റെ വേഗവും വലിപ്പവും മനസിലാക്കാന്‍ ഉപകരണത്തിലെ സോഫ്ട്‌വേറിന് സാധിക്കും. അതനുസരിച്ചാണ് ലേസര്‍ പ്രയോഗിക്കണോ വേണ്ടയോ എന്ന് ഉപകരണം തീരുമാനിക്കുക. കൊതുകല്ലാതെ പൂമ്പാറ്റകളെയോ മനുഷ്യനെയോ വെടിവെച്ചിടാന്‍ നോക്കിയാല്‍, ലേസര്‍ തോക്ക് പ്രതികരിക്കില്ല!


ടെഡ് കോണ്‍ഫറന്‍സിനിടെ ലേസര്‍ തോക്കിന്റെ ഉപയോഗം മറ്റ് വിദഗ്ധര്‍ക്ക് മുന്നില്‍ മൈഹ്ര്‍വള്‍ഡ് അവതരിപ്പിച്ചു. അവിടുത്തെ ഹോട്ടലിന്റെ ബാത്ത്‌റൂമില്‍ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് കൊതുകുകളെ ഒരു ഗ്ലാസ് ടാങ്കിലേക്ക് തുറന്നു വിട്ടായിരുന്നു പരീക്ഷണം. അവയുടെ നേര്‍ക്ക് ലേസര്‍ തോക്ക് പ്രയോഗിച്ചു. അല്‍പസമയം കഴിഞ്ഞപ്പോള്‍, കൊതുകുകളുടെ പൊട്ടിത്തെറിച്ച ശരീരഭാഗങ്ങള്‍ മാത്രം ടാങ്കില്‍ അവശേഷിച്ചു. സാധാരണഗതിയില്‍ സെക്കന്‍ഡില്‍ 50 മുതല്‍ 100 കൊതുകുകളെ വരെ വെടിവെച്ചിടാന്‍ ലേസര്‍ ഉപകരണത്തിന് കഴിയുമെന്ന് മൈഹ്ര്‍വള്‍ഡ് പറഞ്ഞു.

ലേസറുകള്‍ എങ്ങനെ കൊതുകുകളെ വകവരുത്തുന്നു എന്നത് വ്യക്തമാക്കുന്ന ഒരു സ്ലോമോഷന്‍ വീഡിയോയും അവതരിപ്പിക്കപ്പെട്ടു. ഹൈസ്പീഡ് വീഡിയോ ക്യാമറ ഉപയോഗിച്ച് സെക്കന്‍ഡില്‍ 6000 ഫ്രേമുകള്‍ എന്ന കണക്കിന് ഷൂട്ട് ചെയ്ത വീഡിയോ, ലേസറിന്റെ കൊതുകു നശീകരണം വ്യക്തമായി മനസിലാക്കിത്തരാന്‍ പോന്നതാണ്. യഥാര്‍ഥ സമയത്ത് ഷൂട്ട് ചെയ്തിരുന്നെങ്കില്‍ വെറും ഒരു സെക്കന്‍ഡിന്റെ പത്തിലൊന്ന് മാത്രം സമയത്തേക്കുള്ള വീഡിയോയാണ്, എല്ലാ വിശദാംശങ്ങളോടെയും ദൃശ്യമാകുന്നത് (ഇതോടൊപ്പമുള്ള വീഡിയോ കാണുക). ലേസര്‍ ഏറ്റ് കൊതുകുകളുടെ ശരീരം ചിതറിത്തെറിക്കുന്നതും, ശരീരം ചിതറിയതറിയാതെ അല്‍പ്പനേരത്തേക്ക് ചിറകകുകള്‍ അടിക്കുന്നത് തുടരുന്നതുമെല്ലാം വീഡിയോയില്‍ ദൃശ്യമാണ്.

കൊതുകിനെ ലേസറുപയോഗിച്ച് നശിപ്പിക്കുകയെന്ന ആശയം യഥാര്‍ഥത്തില്‍ ഇതിന് മുമ്പ് പലരും പരിശോധിച്ചിട്ടുള്ളതാണ്. എന്നാല്‍, പ്രായോഗികതലത്തില്‍ അതെത്തുന്നത് ആദ്യമാണ്. വിലകുറഞ്ഞ സാധാരണ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ട് ലേസര്‍ തോക്ക് നിര്‍മിക്കാനായി എന്നിടത്താണ് മൈഹ്ര്‍വള്‍ഡിന്റെയും സംഘത്തിന്റെയും വിജയം. ഇത്തരമൊരു സങ്കേതംകൊണ്ട് കൊതുകിനെ നശിപ്പിക്കാമെന്ന് വരുന്നത്, പൊതുജനാരോഗ്യരംഗത്ത് വലിയ മുന്നേറ്റമാകും. കൊതുകിനെ നശിപ്പിക്കുക മാത്രമല്ല, കീടനാശിനികളുടെയും ശ്വാസകോശത്തിന് ദോഷം ചെയ്യുന്ന റിപ്പെല്ലന്റുകളുകളുടെയും ഉപയോഗം വന്‍തോതില്‍ കുറയ്ക്കാനും അതു സഹായിക്കും. പരിസ്ഥിതിക്കും വലിയ അനുഗ്രഹമാകും ലേസര്‍വിദ്യയെന്ന് സാരം.

2008-ല്‍ നടന്ന ഒരു കൂടിയാലോചനാ വേളയിലാണ് ഇത്തരമൊരു ആശയം ജനിച്ചതെന്ന് മൈഹ്ര്‍വള്‍ഡ് പറഞ്ഞു. മൈക്രോസോഫ്ട് മുന്‍തലവന്‍ ബില്‍ഗേറ്റ്‌സിന്റെ പ്രത്യേക താത്പര്യവും അതിന് പിന്നിലുണ്ടായിരുന്നു. ലേസറുകളുപയോഗിച്ച് ശത്രുക്കളുടെ ഉപഗ്രഹങ്ങളും മിസൈലുകളും തകര്‍ക്കുകയെന്നതായിരുന്നു റീഗന്‍ ഭരണകാലത്ത് അമേരിക്ക മുന്നോട്ടുവെച്ച 'നക്ഷത്രയുദ്ധ' (സ്റ്റാര്‍ വാര്‍)ത്തിന്റെ ആശയം. അതിന്റെ ചെറുവകഭേദം കൊതുകിനെതിരെ പ്രയോഗിച്ചു കൂടേ എന്നാണ് ചോദ്യമുയര്‍ന്നത്. 'കുറച്ച് ഗവേഷണം നടത്തിക്കഴിഞ്ഞപ്പോള്‍, അത് പ്രായോഗികമാക്കാനാകും എന്ന് വ്യക്തമായി'-മൈഹ്ര്‍വള്‍ഡ് അറിയിച്ചു.

ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് ലേസര്‍ തൊടുത്തുവിടാന്‍ സാഹായിക്കുന്ന സങ്കേതങ്ങളാണ് ലേസര്‍തോക്കിനായി പ്രയോജനപ്പെടുത്തിയത്. ലേസര്‍ പ്രിന്റിങ് വേളയിലെ കൃത്യതയും, ക്യാമറകളിലും മറ്റും ഇമേജുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന 'ചാര്‍ജ്-കപ്പിള്‍ഡ് ഡിവൈസു' (C.C.D) കളുടെ പ്രത്യേകതയും, ഇമേജുകളെ വിശകലനം ചെയ്യാന്‍ ശേഷിയുള്ള ശക്തിയേറിയ സോഫ്ട്‌വേറുകളും തമ്മില്‍ സമ്മേളിപ്പിച്ചാണ്, കൊതുകിനെ തിരിച്ചറിയുന്ന ലേസറിന് രൂപംനല്‍കിയത്. ബ്ലൂറേ ലേസര്‍ ടെക്‌നോളജിക്ക് ഈ രംഗത്ത് വലിയ സാധ്യതയുള്ളതായി മൈഹ്ര്‍വള്‍ഡ് പറഞ്ഞു. ഇത്തരം ലേസറുകള്‍ക്ക് ചെലവും കുറവാണ്.

ഏതാണ്ട് 50 ഡോളര്‍ (2300 രൂപ) ചെലവില്‍ ലേസര്‍ തോക്ക് വിപണിയിലെത്തിക്കാമെന്നാണ് മൈഹ്ര്‍വള്‍ഡിന്റെ കണക്കൂകൂട്ടല്‍. പക്ഷേ, തന്റെ കമ്പനി ഉപകരണം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. സാങ്കേതികവിദ്യ മാത്രമേ തങ്ങള്‍ രൂപപ്പെടുത്തുന്നുള്ളു. മറ്റ് കമ്പനികള്‍ക്ക് അത് വിപണിയിലെത്തിക്കാം. ഏതായാലും, എപ്പോഴത്തേക്ക് പുതിയ സങ്കേതം പൊതുജനങ്ങളുടെ പക്കലെത്തുമെന്ന് വ്യക്തമല്ല.

കൊതുകിനെ മാത്രമല്ല, വെട്ടുകിളികളെപ്പോലെ ഉപദ്രവകാരികളായ മറ്റ് കീടങ്ങള്‍ക്കെതിരെയും ഈ ലേസര്‍വിദ്യ പ്രയോഗിക്കാന്‍ കഴിയും. കൊതുകുകളില്‍ തന്നെ ആണിനവും പെണ്ണിനവും വലിപ്പവ്യത്യാസം ഉള്ളതിനാല്‍, രോഗംപരത്തുന്ന പെണ്‍കൊതുകുകളെ മാത്രം തിരഞ്ഞുപിടിച്ച് കൊല്ലാന്‍ പാകത്തിലും ലേസര്‍ തോക്ക് ക്രമീകരിക്കാനാകും. ആസ്പത്രികളുടെയും മറ്റും ചുറ്റും കൊതുകിനെ വകവരുത്തുന്ന 'ലേസര്‍ വേലി' പോലും പുതിയ സങ്കേതത്തിന്റെ സഹായത്തോടെ സ്ഥാപിക്കുക ഭാവിയില്‍ സാധ്യമാകും! (അവലംബം: ടെഡ് കോണ്‍ഫറന്‍സിനെപ്പറ്റിയുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍, നാഷണല്‍ ജ്യോഗ്രഫിക്)

6 comments:

Joseph Antony said...

കേരളത്തിലിപ്പോള്‍ ഏറ്റവും ചെലവേറിയ ഇലക്ട്രോണിക് ഉപകരണങ്ങളിലൊന്ന് കൊതുകിനെ കൊല്ലാനുള്ള ബാറ്റ് ആണ്. നഗരപ്രദേശങ്ങളില്‍ പല വീടുകളിലും രാത്രിയായാല്‍ ഉയരുന്നത് 'ടിക്', 'ടിക്' ഒച്ചയാണ്; കൊതുകിനെ ഇത്തരം ഇലക്ട്രിക് ബാറ്റ് കൊണ്ടടിച്ച് ശരിപ്പെടുത്തുന്നതിന്റെ ഒച്ച. കൊതുകുവലയും ആമമാര്‍ക്ക് കൊതുക് തിരി വരെയുള്ള വിദ്യകളില്‍ ഏറ്റവും ഒടുവിലത്തേതാണ് കൊതുക് ബാറ്റ്. എന്നാല്‍, ഈ പട്ടികയില്‍ ഒരു ഹൈടെക് സങ്കേതം താമസിയാതെ സ്ഥാനം പിടിച്ചേക്കും, കൊതുകിനെ കൊല്ലുന്ന ലേസര്‍!

ശ്രീ said...

നല്ല ലേഖനമ്

Unknown said...

കൊതുകുകളില്‍ തന്നെ ആണിനവും പെണ്ണിനവും വലിപ്പവ്യത്യാസം ഉള്ളതിനാല്‍, രോഗംപരത്തുന്ന പെണ്‍കൊതുകുകളെ മാത്രം തിരഞ്ഞുപിടിച്ച് കൊല്ലാന്‍ പാകത്തിലും ലേസര്‍ തോക്ക് ക്രമീകരിക്കാനാകും.
ഇത് പുതിയ അറിവാണ്‌.
നന്ദി.

Naseef U Areacode said...

നല്ല വിദ്യ..
കൊതുകിനെകൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തതന്നെ!!
ഇനി ഇതു വീണ്ടും മനുഷ്യര്‍ക്കെതിരെ ഉപയോഗിക്കാന്‍ വേണ്ടി വികസിപ്പിക്കുമോ അവോ...

kambarRm said...

ശാസ്ത്രം വളരുന്നു..ഒപ്പം മനുഷ്യനും...സമീപകാലത്ത്‌ തന്നെ ഇതിന്റെ പ്രയോജനം ജനങ്ങളിലേക്കെത്തുമെന്ന് നമുക്കാശിക്കാം..
നല്ല ലേഖനം..ഒരു പാട്‌ പുതിയ അറിവുകൾ

Appu Adyakshari said...

നല്ല സംഭവം തന്നെ!! വീഡിയോയും നന്നായി. തോക്കിനേക്കാള്‍ നല്ലത് മാഷിന്റെ ലേഖനത്തില്‍ പറഞ്ഞ ‘വേലി’ആ‍വാനാണ് സാധ്യത.