Monday, November 30, 2009

കണികാപരീക്ഷണം: എല്‍.എച്ച്.സി.ക്ക് റിക്കോര്‍ഡ്

ജനീവയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി), ഭൂമുഖത്തെ ഏറ്റവും കരുത്തേറിയ കണികാത്വരകമെന്ന നിലയില്‍ റിക്കോര്‍ഡ് സ്ഥാപിച്ചു.

എല്‍.എച്ച്.സി.യില്‍ എതിര്‍ദിശയില്‍ പായുന്ന പ്രോട്ടോണ്‍ധാരകളുടെ ഊര്‍ജനില, നവംബര്‍ 30-ന് പുലര്‍ച്ചെ 1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് (1.18 TeV) ആയി ഉയര്‍ത്തുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഏതെങ്കിലുമൊരു കണികാത്വരകം ഇതുവരെ കൈവരിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ഊര്‍ജനിലയാണിത്.

അമേരിക്കയില്‍ ഷിക്കാഗോയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫെര്‍മി ലാബിലെ 'ടെവട്രോണ്‍' കണികത്വരകം 2001 മുതല്‍ കൈയടക്കി വെച്ചിരിക്കുന്ന 0.98 ട്രില്യണ്‍ വോള്‍ട്ട് എന്ന റിക്കോഡാണ് എല്‍.എച്ച്.സി. മറികടന്നത്.

ഭൂമുഖത്തെ ഏറ്റവും വലിയ കണികാപരീക്ഷണം പുനരാരംഭിച്ചിട്ട് വെറും പത്തു ദിവസമാകുമ്പോഴാണ് എല്‍.എച്ച്.സി. പുതിയ നാഴികക്കല്ല് സ്ഥാപിക്കുന്നത്. 2008 സപ്തംബര്‍ 10-ന് ആരംഭിച്ച കണികാപരീക്ഷണം, തകരാര്‍ മൂലം ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. 14 മാസത്തെ അറ്റകുറ്റ പണികള്‍ക്ക് ശേഷം കഴിഞ്ഞ നവംബര്‍ 20-നാണ് പരീക്ഷണം പുനരാരംഭിച്ചത്. നവംബര്‍ 23-ന് എല്‍.എച്ച്.സി.യിലെ ആദ്യ കണികാകൂട്ടിയിടി നടന്നു.

കഴിഞ്ഞ ദിവസം വരെ എല്‍.എച്ച്.സി.യുടെ ഊര്‍ജനില 450 ബില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ടായിരുന്നു. അതാണ് 1.18 ട്രില്യണ്‍ വോള്‍ട്ടായി ഉയര്‍ത്തുന്നതില്‍ വിജയിച്ചത്.

എത്ര അനായാസമായാണ് എല്‍.എച്ച്.സി.യുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നതായി, യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി' (CERN) ന്റെ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹ്യൂയര്‍ പറഞ്ഞു. എല്‍.എച്ച്.സിയുടെ ചുമതല സേണിനാണ്.

ക്രിസ്മസ് സമയമാകുമ്പോഴേക്കും സാധ്യമാക്കാന്‍ കരുതിയ ഊര്‍ജനിലയാണ് നവംബറില്‍ തന്നെ കൈവരിച്ചിരിച്ചത്. ഇത് എല്‍.എച്ച്.സി.യുടെ നടത്തിപ്പുകാര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു.

2010 പകുതിയാകുമ്പോഴേക്കും ഊര്‍ജനില 3.5 ട്രില്യണ്‍ വോള്‍ട്ട് (കണികാകൂട്ടിയിടി നടക്കുമ്പോള്‍ ആകെ ഊര്‍ജനില ഏഴ് ട്രില്യണ്‍ വോള്‍ട്ട്) ആയി ഉയര്‍ത്താനാകും എന്ന് കരുതുന്നു. മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗമാര്‍ജിക്കുന്ന കാറിന്റെ ഊര്‍ജനിലയാണിത്.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രാന്‍സ് അതിര്‍ത്തിയില്‍ ഭൂമിക്കടിയിലാണ് 27 കിലോമീറ്റര്‍ ചുറ്റളവുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ സ്ഥാപിച്ചിട്ടുള്ളത്.

ഉന്നത ഊര്‍ജനില കൈവരിക്കുന്ന പ്രോട്ടോണ്‍കണികകളെ ഏതാണ്ട് പ്രകാശത്തിന്റെ വേഗത്തില്‍ എതിര്‍ ദിശയില്‍ കടത്തിവിട്ട് കൊളൈഡറിലെ നാല് സ്ഥാനങ്ങളില്‍ വെച്ച് കൂട്ടിയിടിപ്പിക്കുകയാണ് പരീക്ഷണത്തില്‍ ചെയ്യുക.

എല്‍.എച്ച്.സി.യുടെ ഭാഗമായ ആയിരക്കണക്കിന് അതിചാലക കാന്തങ്ങളാണ്, പ്രോട്ടോണ്‍ ധാരകളെ വൃത്താകൃതിയില്‍ ചലിപ്പിക്കുന്നതും ത്വരിപ്പിച്ച് പ്രകാശവേഗത്തിനടുത്ത് എത്തിക്കുന്നതും.

മനുഷ്യന് ഇന്നുവരെ സാധ്യമായിട്ടില്ലാത്തത്ര ഉയര്‍ന്ന ഊര്‍ജനിലയില്‍ നടക്കുന്ന കണികാകൂട്ടിയുടെ ഫലമായി പ്രപഞ്ചാരംഭത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിക്കാനാകും എന്നാണ് പ്രതീക്ഷ.

പ്രപഞ്ചസാരം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ കണികാപരീക്ഷണം നല്‍കുമെന്ന് ഗവേഷകലോകം പ്രതീക്ഷിക്കുന്നു. ഒപ്പം പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണുകളുടെ ('ദൈവകണം') അസ്തിത്വം തെളിയിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

എല്‍.എച്ച്.സി.യില്‍ നവംബര്‍ 23-ന് നടന്ന ആദ്യ കണികാകൂട്ടിയിടി താരതമ്യേന ദുര്‍ബലമായിരുന്നു. കൊളൈഡറിലെ 'കത്തീഡ്രലുകള്‍' എന്നറിയപ്പെടുന്ന നാല് ഡിറ്റക്ടര്‍ ചേംബറുകളിലും കൂട്ടിയിടി നടന്നു. ഊര്‍ജനിലയുടെ കാര്യത്തില്‍ മാത്രമല്ല, കണികാധാരയുടെ വലിപ്പവും ആദ്യ കൂട്ടിയിടിയില്‍ കുറവായിരുന്നുവെന്ന് റോള്‍ഫ് ഹ്യുയര്‍ അറിയിച്ചു.

ആദ്യകൂട്ടിയിടിക്കുപയോഗിച്ച 'പൈലറ്റ് ധാര'കളിലെ കണികകളുടെ എണ്ണം ഒരു ബില്യണ്‍ (നൂറുകോടി) മാത്രമായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാല്‍ എല്‍.എച്ച്.സി.യിലെ കണികാധാരകളില്‍ മൂന്നു ലക്ഷം ബില്യണ്‍ കണികകള്‍ വീതമുണ്ടാകും.

15 വര്‍ഷം വരെ നീളുന്ന പരീക്ഷണമാണ് എല്‍.എച്ച്.സി.യില്‍ ആരംഭിച്ചിരിക്കുന്നത്. നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി ആയിക്കണക്കിന് ഗവേഷകര്‍ ഇതിനായി കൈകോര്‍ത്തിരിക്കുന്നു. ഭൗതികശാസ്ത്രത്തിന്റെ പുത്തന്‍ യുഗം പിറക്കുക ഈ കണികാപരീക്ഷണം വഴിയാകുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.

എല്‍.എച്ച്.സി. ചരിത്രം: ഒറ്റ നോട്ടത്തില്‍
  • 1994 - സേണ്‍ കൗണ്‍സില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി) സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നു.
  • 1999 - എല്‍.എച്ച്.സി.യുടെ നിര്‍മാണം ആരംഭിക്കുന്നു.
  • 2008 സപ്തംബര്‍ 10 - എല്‍.എച്ച്.സി.യുടെ പ്രവര്‍ത്തനം തുടങ്ങുന്നു.
  • 2008 സപ്തംബര്‍ 19 - തകരാര്‍ മൂലം കണികാപരീക്ഷണം നിര്‍ത്തിവയ്ക്കുന്നു.
  • 2009 നവംബര്‍ 3 - എല്‍.എച്ച്.സി.യുടെ വൈദ്യുതനിയന്ത്രണ സംവിധാനത്തില്‍, പക്ഷിയുടെ വായില്‍ നിന്ന് അപ്പക്കഷണം വീണ് ഷോര്‍ട്ട് സര്‍ക്കീട്ട് ഉണ്ടാകുന്നു, വൈദ്യുതിവിതരണം തകരാറിലായി.
  • 2009 നവംബര്‍ 20 - 14 മാസത്തിന് ശേഷം കണികാപരീക്ഷണം പുനരാരംഭിക്കുന്നു.
  • 2009 നവംബര്‍ 23 - എല്‍.എച്ച്.സി.യില്‍ ആദ്യമായി കണികാകൂട്ടിയിടി നടന്നു.
  • 2009 നവംബര്‍ 29 - എല്‍.എച്ച്.സി. റിക്കോര്‍ഡ് ഊര്‍ജനില (1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട്) കൈവരിച്ചു.
(അവംബം: സേണ്‍)

കാണുക

1 comment:

Joseph Antony said...

ജനീവയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി), ഭൂമുഖത്തെ ഏറ്റവും കരുത്തേറിയ കണികാത്വരകമെന്ന നിലയില്‍ റിക്കോര്‍ഡ് സ്ഥാപിച്ചു.
എല്‍.എച്ച്.സി.യില്‍ എതിര്‍ദിശയില്‍ പായുന്ന പ്രോട്ടോണ്‍ധാരകളുടെ ഊര്‍ജനില, നവംബര്‍ 29-ന് അര്‍ധരാത്രിയില്‍ (ഇന്ത്യയില്‍ നവംബര്‍ 30 പുലര്‍ച്ച 5.17 -ന് ) 1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് (1.18 TeV) ആയി ഉയര്‍ത്തുന്നതില്‍ ഗവേഷകര്‍ വിജയിച്ചു.