Saturday, February 06, 2010

ഋതുഭേദങ്ങള്‍ പ്ലൂട്ടോയിലും

സൗരയൂഥത്തിന്റെ വിദൂരഭാഗത്ത് ഇരുട്ടും തണുപ്പും നിറഞ്ഞ അജ്ഞാതലോകത്താണ് പ്ലൂട്ടോയുടെ സ്ഥാനം. കുള്ളന്‍ഗ്രഹ (dwarf planet) മായ പ്ലൂട്ടോയെക്കുറിച്ച് അധികമൊന്നും ആര്‍ക്കുമറിയില്ല. എന്നിരുന്നാലും, ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് നടത്തിയ നിരീക്ഷണം കൗതുകമുണര്‍ത്തുന്ന പുതിയ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നു. ഇരുണ്ടലോകത്താണെങ്കിലും ഋതുക്കള്‍ക്കനുസരിച്ച് പ്ലൂട്ടോ നാടകീയമാറ്റങ്ങള്‍ക്ക് വിധേയമാകുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വിവരം.

പ്ലൂട്ടോയുടെ പ്രതലത്തിലെ തിളക്കവും നിറവും ഋതുക്കള്‍ക്കനുസരിച്ച് മാറുന്നു എന്നാണ് ഹബ്ബിളില്‍ നിന്നുള്ള ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. സൗരയൂഥത്തിലെ മറ്റേത് ഗോളത്തേയും അപേക്ഷിച്ച് കൂടുതല്‍ പ്രവര്‍ത്തനനിരതമായ പ്രതലം പ്ലൂട്ടോയുടേതാകാമെന്ന്, ഇതെപ്പറ്റി പഠനം നടത്തിയ കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്) യിലെ പ്രൊഫ. മൈക്ക് ബ്രൗണ്‍ അഭിപ്രായപ്പെടുന്നു.

പ്ലൂട്ടോയെക്കുറിച്ച് പഠിക്കാന്‍ നാസ അയച്ച ന്യൂ ഹെറൈസണ്‍സ് പേടകം 2015-ലാണ് പ്ലൂട്ടോയ്ക്ക് സമീപം എത്തുക. അതുവരെ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വ്യക്തതയാര്‍ന്ന പ്ലൂട്ടോ ചിത്രങ്ങളാണ് ഹബ്ബിള്‍ ടെലസ്‌കോപ്പ് നല്‍കിയിട്ടുള്ളത്.

2000-2002 കാലത്ത് പ്ലൂട്ടോ കാര്യമായി ചുവന്നതായി ഗവേഷകര്‍ കണ്ടു. 1994-ല്‍ ഹബ്ബിള്‍ പകര്‍ത്തിയ ചിത്രവുമായി 2002-2003 കാലത്തെ പ്ലൂട്ടോ ചിത്രങ്ങള്‍ താരതമ്യം ചെയ്തപ്പോള്‍, അതിന്റെ ഉത്തരധ്രുവഭാഗങ്ങള്‍ കൂടുതല്‍ തിളക്കമാര്‍ജിച്ചതായും വ്യക്തമായി.

സൗരയൂഥത്തിന്റെ ബാഹ്യഭാഗത്തെ ഹിമവസ്തുക്കള്‍ നിറഞ്ഞ കിയ്പ്പര്‍ ബെല്‍റ്റിലാണ് പ്ലൂട്ടോയുടെ സ്ഥാനം. സ്വയംഭ്രമണത്തിന് 6.8 ദിവസം ആവശ്യമായ പ്ലൂട്ടോയുടെ ഗുരുത്വാകര്‍ഷണം, ഭൂമിയുടെ ആറ് ശതമാനമാണ്. പ്രതല ഊഷ്മാവ് മൈനസ് 233 ഡിഗ്രി സെല്‍ഷ്യസ്.

2360 കിലോമീറ്റര്‍ വ്യാസമുള്ള പ്ലൂട്ടോ, സൗരയൂഥത്തിലെ പല ഉപഗ്രഹങ്ങളെക്കാളും ചെറുതാണ്. സൂര്യനില്‍നിന്ന് ശരാശരി 590 കോടി കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പ്ലൂട്ടോയ്ക്ക് 248 വര്‍ഷം വേണം സൂര്യനെ ഒരു തവണ വലംവെയ്ക്കാന്‍. മുക്കാല്‍ നൂറ്റാണ്ടോളം ഒന്‍പതാം ഗ്രഹമായിരുന്ന പ്ലൂട്ടോയ്ക്ക് 2006-ലാണ് ആ പദവി നഷ്ടമായത്.

പ്ലൂട്ടോയുടെ ഭ്രമണപഥം വാര്‍ത്തുളമാണ്. അതാണ്, പ്ലൂട്ടോ പ്രതലത്തിലെ മാറ്റങ്ങള്‍ക്ക് ഒരു കാരണമെന്ന് പ്രൊഫ. ബ്രൗണ്‍ പറയുന്നു. 2015-ല്‍ ന്യൂ ഹെറൈസണ്‍സ് വാഹനം പ്ലൂട്ടോയെ എങ്ങനെ നിരീക്ഷിക്കണമെന്ന് നിശ്ചയിക്കാന്‍ ഹബ്ബിള്‍ നല്‍കിയ ചിത്രങ്ങള്‍ സഹായിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. (അവലംബം: നാസ)

1 comment:

Joseph Antony said...