ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന കണികാപരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നുതന്നെ 'ദൈവകണം' എന്നറിയപ്പെടുന്ന ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്‌തിത്വം തെളിയിക്കുകയെന്നതാണ്. 2008 സപ്‌തംബര്‍ 10-ന് ഹാഡ്രോണ്‍ കൊളൈഡര്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും, അതിലെ ചില കാന്തങ്ങളുടെ തകരാര്‍ മൂലം പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. ഇപ്പോഴത്തെ നിലയ്‌ക്ക് 2009 സപ്‌തംബറെങ്കിലുമാകും പരീക്ഷണം പുനരാരംഭിക്കാനെന്ന്, ചുമതലക്കാരായ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേണ്‍) പറയുന്നു.
ഈ സമയം മുതലാക്കി എത്രയും വേഗം ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്താനും, മത്സരത്തില്‍ മുന്നിലെത്താനുമാണ് അമേരിക്കയില്‍ ഫെര്‍മിലാബ് അധികൃതരുടെ ശ്രമം. ഫെര്‍മിലാബിലെ 'ടെവട്രോണ്‍' കണികാത്വരകം (Tevatron accelerator), ഹിഗ്ഗ്‌സ് ബോസോണിന് ആവശ്യമായ ഊര്‍ജനിലയിലെത്താനും ആ നിഗൂഢകണത്തെ കണ്ടെത്താനും ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഹാഡ്രോണ്‍ കൊളൈഡര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുംമുമ്പ് ഹിഗ്ഗ്‌സ് ബോസോണുകളെ പിടികൂടാന്‍ കഴിഞ്ഞേക്കുമെന്നാണ് ഫെര്‍മിലാബ് അധികൃതരുടെ പ്രതീക്ഷ.
ഷിക്കാഗോയില്‍ 'അമേരക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സി'(AAAS)ന്റെ വാര്‍ഷിക സമ്മേളനത്തിനിടെയാണ് കഴിഞ്ഞ ദിവസം, ഫെര്‍മിലാബിന്റെയും സേണിന്റെയും പ്രവര്‍ത്തകര്‍, പുതിയ കിടമത്സരത്തെ സംബന്ധിച്ച സൂചന നല്‍കിയത്. ഹിഗ്ഗ്‌സ് ബോസോണുകള്‍ തങ്ങള്‍ ആദ്യം കണ്ടെത്താനുള്ള എറ്റവും കുറഞ്ഞ സാധ്യത 'ഫിഫ്‌ടി-ഫിഫ്‌ടി'യാണെന്നും, കൂടിയ സാധ്യത 96 ശതമാനം വരെയാണെന്നും ഫെര്‍മിലാബ് അധികൃതര്‍ വെളിപ്പെടുത്തി. ഇല്ലിനോയിസില്‍ സ്ഥാപിച്ചിട്ടുള്ള ടെവട്രോണില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഫെര്‍മിലാബ് ഡയറക്ടര്‍ പിയര്‍ ഓഡോണ്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
അത്യുന്നത ഊര്‍ജനിലയില്‍ സഞ്ചരിക്കുന്ന കണങ്ങള്‍ പരസ്‌പരം കൂട്ടിമുട്ടി ചിതറിത്തെറിക്കുന്ന വേളയില്‍, ഹിഗ്ഗ്‌സ് ബോസോണ്‍ പോലുള്ള കണങ്ങളുടെ മുദ്രകള്‍ അതില്‍ പ്രത്യക്ഷപ്പെടുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഹാഡ്രോണ്‍ കൊളൈഡറിലും ടെവട്രോണിലും അതാണ് നടക്കുന്നത്. `ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന് മുമ്പ് ഹിഗ്ഗ്‌സ് ബോസോണുകളെപ്പറ്റിയുള്ള സൂചന കണ്ടെത്താന്‍ ഞങ്ങള്‍ക്ക് വളരെ നല്ല അവസരമാണുള്ളത്`-ഫെര്‍മിലാബിലെ ഡോ.ദിമിത്രി ഡെനിസോവ് അറിയിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനകം അത് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ഹിഗ്ഗ്‌സ് ബോസോണുകളുടെ പിണ്ഡപരിധി 170 GeV (ഗിഗാ-ഇലക്ട്രോണ്‍ വോള്‍ട്ട്‌സ്) ആണെങ്കില്‍, ഞങ്ങള്‍ അത് കണ്ടെത്താനുള്ള സാധ്യത 96 ശതമാനം വരെയാണ്-ഒഡോണ്‍ അറിയിക്കുന്നു. ഹിഗ്ഗ്‌സ് ബോസോണുകളുടെ സൂചനയുള്ളതെന്ന് കരുതാവുന്ന എട്ട് കണികാകൂട്ടിയിടികള്‍ ഇതിനം ടെവട്രോണില്‍ നടന്നതായി ഫെര്‍മിലാബ് കരുതുന്നു. പക്ഷേ, വ്യക്തത ലഭിക്കാന്‍ കൂടുതല്‍ ഡേറ്റ വേണം. ഒരുപക്ഷേ, ഈ വെനല്‍ക്കാലത്ത് തന്നെ ഹിഗ്ഗ്‌സ് ബോസോണുകളുടെ ആദ്യമുദ്രകള്‍ ഞങ്ങള്‍ക്ക് മുന്നില്‍ തെളിഞ്ഞേക്കാം- ഒഡോണ്‍ പറഞ്ഞു.
ഹാഡ്രോണ്‍ കൊളൈഡര്‍ അടച്ചിട്ടിരിക്കുന്നത് തിരിച്ചടിയാണെന്ന്, കൊളൈഡറിന്റെ പ്രോജക്ട് മേധാവി ലിന്‍ ഇവാന്‍സ് സമ്മതിക്കുന്നു. `മത്സരം ആരംഭിച്ചിരിക്കുകയാണ്`-ഇവാന്‍സ് പറഞ്ഞു. മുമ്പ് പ്രതീക്ഷിച്ചിരുന്നത്, 2009-ല്‍ തന്നെ ഹാഡ്രോണ്‍ കൊളൈഡറില്‍ ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്താനാകുമെന്നാണ്. ആ പ്രതീക്ഷ അസ്ഥാനത്തായിരിക്കുന്നു. ഹാഡ്രോണ്‍ കൊളൈഡറിന്റെ തകരാര്‍ ഫെര്‍മിലാബിന് അധികസമയം നല്‍കി.
പക്ഷേ, ഒരുവര്‍ഷത്തിനകം ഞങ്ങള്‍ വീണ്ടും രംഗത്തെത്തും. അതിന് ശേഷം ഫെര്‍മിലാബിന് മുന്നിലെത്താനാകില്ല. ഇരുകൂട്ടരെ സംബന്ധിച്ചും ഈ മത്സരം ആരോഗ്യകരമാണ്-ഇവാന്‍സ് അറിയിച്ചു. ടെവട്രോണ് ഒരിക്കലും സാധിക്കാത്തത്ര വലിയ കാര്യങ്ങള്‍ക്കായാണ് ഹാഡ്രോണ്‍ കൊളൈഡര്‍ നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് ഹിഗ്ഗ്‌സ് ബോസോണ്‍കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല-അദ്ദേഹം ആശ്വസിക്കുന്നു. (കടപ്പാട്: ബി.ബി.സി.ന്യൂസ്)
അനുബന്ധം: ഹിഗ്ഗ്‌സിന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും, പിണ്ഡത്തിന് നിദാനമായ സംവിധാനം പ്രവചിക്കുന്നത് 1964-ല്‍ മൂന്ന് ശാസ്‌ത്രജ്ഞര്‍ ചേര്‍ന്നാണ് - പീറ്റര്‍ ഹിഗ്ഗ്‌സ്, റോബര്‍ട്ട് ബ്രൗട്ട്, ഫ്രാന്‍കോയിസ് ഇംഗ്ലെര്‍ട്ട് എന്നിവര്‍ ചേര്‍ന്ന്. ഹിഗ്ഗ്‌സ് അന്ന് എഡിന്‍ബറോ സര്‍വകലാശാലയിലെ ഗവേഷകനായിരുന്നു. മൗലീകകണങ്ങളെക്കുറിച്ചും, ദ്രവ്യത്തിന്റെ അടിസ്ഥാനഘടനയെക്കുറിച്ചും ശാസ്‌ത്രലോകത്തിന് പുതിയ ഉള്‍ക്കാഴ്‌ച ലഭിക്കുന്ന കാലമായിരുന്നു അത്. ദ്രവ്യത്തിന് എങ്ങനെ പിണ്ഡം ലഭിക്കുന്നു. പിണ്ഡമില്ലെങ്കില്‍ പിന്നെ കാര്യങ്ങള്‍ക്ക് വലിയ അര്‍ഥമില്ല. ഗുരുത്വാകര്‍ഷണബലം പോലും ഉണ്ടാകില്ല. ഭൗതികശാസ്‌ത്രത്തെ തുടര്‍ച്ചയായി അലട്ടിയിരുന്ന ഈ പ്രശ്‌നത്തിനാണ് ഹിഗ്ഗ്‌സും കൂട്ടരും പരിഹാരം മുന്നോട്ടു വെച്ചത്.
പിണ്ഡത്തിന് ആധാരമായി ഹിഗ്ഗ്‌സും കൂട്ടരും മുന്നോട്ടുവെച്ച സംവിധാനം, പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു ബലമണ്ഡലമാണ്. 'ഹിഗ്ഗ്‌സ് മണ്ഡലം' (Higgs field) എന്നാണ് ഇത് അറിയപ്പെടുന്നത്. മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം ഉണ്ടായ വേളയില്‍ ഒരു കണത്തിനും പിണ്ഡമുണ്ടായിരുന്നില്ല. പ്രപഞ്ചം തണുക്കുകയും താപനില ഒരു നിര്‍ണായക തലത്തിലെത്തുകയും ചെയ്‌തപ്പോള്‍, ഹിഗ്ഗ്‌സ് മണ്ഡലം എന്നൊരു ബലമണ്ഡലം രൂപപ്പെട്ടു. ഈ ബലമണ്ഡലവുമായി ഇടപഴകാന്‍ ശേഷിയുള്ള കണങ്ങള്‍ക്ക്, ഇടപഴകലിന്റെ തോത് അനുസരിച്ച് പിണ്ഡം ലഭിക്കുന്നു. ബലകണമായ 'ഹിഗ്ഗ്‌സ് ബോസോണ്‍' വഴിയാണ്, മറ്റ് കണങ്ങള്‍ ആ മണ്ഡലവുമായി ഇടപഴകുന്നത്. ഇടപഴകാത്ത കണങ്ങള്‍ക്ക് പിണ്ഡം ഉണ്ടാകില്ല. ഇതാണ് പ്രപഞ്ചത്തിലെ പിണ്ഡത്തിന് ആധാരമായി ഹിഗ്ഗ്‌സ് മുന്നോട്ടുവെച്ച വിശദീകരണം.
44 വര്‍ഷമായി ഇക്കാര്യം പ്രപഞ്ചത്തിന്റെ മൗലീകഘടന സംബന്ധിച്ച ഓരോ സിദ്ധാന്തത്തിലും പ്രമുഖമായി കടന്നു വരുന്നു. പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടനയെ ഭാഗികമായി പ്രതിനിധീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡലി'ല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നു തെളിയിക്കാന്‍ സാങ്കല്‍പ്പിക ഹിഗ്ഗ്‌സ് ബോസോണുകള്‍ കൂടിയേ തീരൂ. പക്ഷേ, ഇതുവരെ ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്‌തിത്വം തെളിയിക്കാനോ, അവയെ കണ്ടെത്താനോ ശാസ്‌ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. അതിന് ശേഷിയുള്ള ഉപകരണം വികസിപ്പിക്കാന്‍ മനുഷ്യന് ഇതുവരെ കഴിഞ്ഞില്ല എന്നതാണ് ഇതിന് ലഭിക്കുന്ന ഒരു വിശദീകരണം.
ഹിഗ്ഗ്‌സ് ബോസോണുകളുടെ പിണ്ഡം എന്തെന്ന് അറിയില്ല എന്നതാണ്, അവയെ കണ്ടെത്തുന്നത് ദുര്‍ഘടമാക്കുന്ന മുഖ്യഘടകം. ഹിഗ്ഗ്‌സ് ബോസോണുകള്‍ ഉണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ള ഒരു പിണ്ഡപരിധിയുണ്ട്. ആ പരിധി പരിശോധിക്കാന്‍ തക്ക ഊര്‍ജനിലയിലുള്ള പരീക്ഷണങ്ങള്‍ ഇന്നുവരെ നടന്നിട്ടില്ല. ഹാഡ്രോണ്‍ കൊളൈഡറില്‍ ആ പിണ്ഡപരിധി ലഭ്യമാണ്. അഥവാ ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, പിണ്ഡം സംബന്ധിച്ച് പുതിയ സിദ്ധാന്തങ്ങള്‍ക്കുള്ള സാധ്യത തുറക്കലാകും അത്.
വാല്‍ക്കഷണം: ഹിഗ്ഗ്‌സ് ബോസോണുകള്‍ സര്‍വവ്യാപിയാണ്, പക്ഷേ ഇതുവരെ അവയെ ആരും കണ്ടിട്ടില്ല. അതുകൊണ്ടാണ് അവയ്‌ക്ക് 'ദൈവകണം' എന്ന് വിളിപ്പേര് കിട്ടിയത്.
കാണുക: പ്രപഞ്ചസാരംതേടി ഒരു മഹാസംരംഭം
9 comments:
ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണത്തെ, അതിന്റെ സുപ്രധാന ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ ശാസ്‌ത്രജ്ഞര്‍ തോല്‍പ്പിക്കുമോ? ജനീവയ്‌ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) തകരാറിലായി അടച്ചിട്ടത് അമേരിക്കയും യൂറോപ്പും തമ്മില്‍ ഒരു ശാസ്‌ത്രകിടമത്സരത്തിന് വഴിതെളിച്ചിരിക്കുകയാണ്. പിണ്ഡത്തിന് നിദാനം എന്ന് കരുതുന്ന 'ഹിഗ്ഗ്‌സ് ബോസോണുകള്‍' കണ്ടെത്തുന്ന കാര്യത്തിലാണ് മത്സരം മുറുകുന്നത്.
ഇദ്ദാണ് പറയണത്.. ലവമ്മാരക്ക് ഗുരുത്വമില്ലന്ന്... ഒരു ഗണപതി ഹോമമൊക്കെ കഴിച്ചേച്ച് നമ്മടെ ഇസ്രോ അണ്ണമ്മാരെ പോലെ തേങ്ങയടിച്ചേച്ചും തൊടങ്ങീരുന്നെങ്കില്‍ കാന്തം പാതിവഴിക്ക് അടിച്ചു പോകുവായിരുന്നാ ? ;))
ലേഖനത്തിന് നന്ദി.
സൂരജേ,
കാര്യപരിപാടികളിലെ ആദ്യത്തെ ഇനം ഈശ്വരപ്രാര്‍ത്ഥനയായിരുന്നു. പക്ഷേങ്കി പരിപാടിയില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍ പല രാജ്യക്കാരും ദേശക്കാരും പല “മതരും വിമതരും” ഒക്കെ ആയതിനാല്‍ പ്രാര്‍ത്ഥന കേട്ടപ്പോള്‍ ദൈവങ്ങള്‍ ആകെ കണ്‍ഫ്യൂഷനിലായതാവാനാണു് സാദ്ധ്യത. ഇതു് ഏതു് ദൈവത്തിന്റെ പോര്‍ട്ട്‌ഫോളിയോ ആണെന്നു് തീരുമാനിക്കാന്‍ പറ്റിക്കാണില്ല. പോരാത്തതിനു് വ്യാഖ്യാനിച്ചുകൊടുക്കാന്‍ പറ്റിയവര്‍ എല്ലാവരും CERN പരീക്ഷണത്തിനെതിരായി തലകീഴായിനിന്നുള്ള ധ്യാനത്തിലും ആയിരുന്നിരിക്കണം!
ഈ കാര്യങ്ങളൊക്കെ സര്‍വ്വശക്തനായ ദൈവം പലപ്രാവശ്യം മനുഷ്യനു് നേരിട്ടു് പ്രത്യക്ഷപ്പെട്ടു് വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ടു്. ഏതെങ്കിലും ഒരു മതഗ്രന്ഥം (ഏതായാലും വിരോധമില്ല) ഒന്നു് തുറന്നു് വായിച്ചാല്‍ അറിയാന്‍ കഴിയുന്ന നിസ്സാരമായ കാര്യങ്ങള്‍ക്കുവേണ്ടി എത്ര കോടി ഡോളറുകളാ ഇവന്മാരു് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്നും മറ്റും പറഞ്ഞു് ചിലവാക്കുന്നതു്! അതെങ്ങനെ? മതഗ്രന്ഥങ്ങള്‍ വായിച്ചാല്‍ മനസ്സിലാവണ്ടെ? തന്നെത്താന്‍ വായിച്ചാല്‍ മനസ്സിലാവാത്ത കാര്യങ്ങള്‍ വായിക്കാതെതന്നെ മനസ്സിലാക്കിയിട്ടുള്ള ഏതെങ്കിലും അതീന്ദ്രിയസ്വാമികളോടോ അബോധാനന്ദഗുരുക്കളോടോ ചോദിക്കുകയുമില്ല! അതുമല്ലെങ്കില്‍ എല്ലാം അറിയുന്ന ദൈവത്തെ കണ്ടനുഭവിച്ചറിയുന്ന ഏതെങ്കിലും മലമില്ലാത്തമൃതാനന്ദമയിലൊട്ടകക്കുഞ്ഞമ്മമാരോടു് ചോദിച്ചാലും കാര്യങ്ങളുടെ കിടപ്പുവശം കിളികിളിയായി പറഞ്ഞുകൊടുത്തേനെ! വട്ടമിട്ടു് കെട്ടിപ്പിടുത്തം ഇനാമായും ലഭിക്കും! മലയാളം ബ്ലോഗുലകത്തില്‍ തന്നെ എത്രയോ ആത്മീയബ്ലോഗുകള്‍ ഇക്കാര്യങ്ങള്‍ക്കു് വ്യക്തമായ മറുപടികള്‍ നല്‍കുന്നുണ്ടു്. അതുപോലും വായിക്കില്ല എന്നുവച്ചാല്‍ പിന്നെ എന്തുചെയ്യാന്‍?
ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ സംശയം വേണ്ട - അതുതന്നെയാണു് ഈ “ദൈവം” എന്നു് പറയുന്ന സാധനം. ഏതായാലും കുറച്ചുകൂടി ഒന്നു് ക്ഷമിക്കു്. ശാസ്ത്രം എന്താണു് പറയുന്നതെന്നറിയണമല്ലോ ആദ്യം! :)
ഒരു ഗണപതി ഹോമമൊക്കെ കഴിച്ചേച്ച് നമ്മടെ ഇസ്രോ അണ്ണമ്മാരെ പോലെ തേങ്ങയടിച്ചേച്ചും തൊടങ്ങീരുന്നെങ്കില്‍ കാന്തം പാതിവഴിക്ക് അടിച്ചു പോകുവായിരുന്നാ ?
വോ, തന്ന തന്ന :)
ദൈവത്തെക്കുറിച്ച് ഭാവി,ഭൂതം,വര്‍ത്തമാനം
എല്ലാം കിത്താബുകളില്‍ ഉണ്ടെന്നിരിക്കെ
ഇങ്ങനെയുള്ള പരീക്ഷണങ്ങളില്‍
ഏര്‍പ്പെട്ട് ദൈവത്തിന്റെ പാറ്റെന്റ് കുത്തകവല്‍ക്കരിക്കാന്‍ നടത്തുന്ന
ശ്രമം ദൈവദോഷം ക്ഷണിച്ചു വരുത്തും.
ദൈവത്തെ വെറും കണമായല്ല,
കിലോ,ടണ്‍ കണക്കിലു തന്നെ സപ്ലേ ചെയ്യാന്‍ നമ്മള്‍ റെഡി.
തീവ്രം വേണോ, മിതം മതിയോ
എന്ന് പ്രത്യേകം അറിയിക്കണമെന്നു മാത്രം.
ജെ.എ.യുടെ വിജ്ഞാനപ്രദമായ പോസ്റ്റിനു നന്ദി.
ഈ സൂരജണ്ണനും ബബു അണ്ണനും ഒക്കെ ഇതെന്തിന്റെ കേടാന്നറിയില്ല.
ആരും കേസൊന്നും കൊടുത്തില്ല.
ദേ പാര്‍ട്ടികള്‍ കെടന്ന് മുന്‍ കൂര്‍ ജാമ്യം തൊടങ്ങി.
ഈ അണ്ണമാരുടെ സ്വന്തം തറവാട്ടിലെന്തോ പോയ പോലാണല്ല് കൊളൈഡറ്രിലെ കാന്തം പോയീന്ന് പറീന്നത്.
അറിവു നല്‍കുന്ന ലേഖനത്തിനു് നന്ദി...
വിജ്ഞാനപ്രദമായ പോസ്റ്റിനു നന്ദി....
Post a Comment