Thursday, February 18, 2010

ആര്‍ച്ച് ബിഷപ്പിന്റെ ജിനോം


ദക്ഷിണാഫ്രിക്കക്കാരനായ ആര്‍ച്ച് ബിഷപ്പ് ടുട്ടുവിന്റെ ജനിതകവഴികള്‍ നീളുന്നത് കലഹാരി മരുഭൂമിയിലെ ബുഷ്മാന്‍ ഗോത്രത്തിലേക്ക്!!

320 കോടിയോളം രാസബന്ധങ്ങള്‍, കാല്‍ലക്ഷത്തോളം ജീനുകള്‍, പൂര്‍വകാലത്തേക്കു നീളുന്ന ജനിതകവഴികള്‍, മനുഷ്യരാശിയുമായുള്ള വിശാലസാഹോദര്യം തെളിയിക്കുന്ന ജനിതകബന്ധങ്ങള്‍...മറ്റേത് മനുഷ്യന്റേതും പോലെ, ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ ജിനോമും വിശാലമായ ഒരു ലോകമാണ്, പര്യവേക്ഷണം ആവശ്യപ്പെടുന്ന ലോകം.

ദക്ഷിണാഫ്രിക്കക്കാരനായ ആര്‍ച്ച് ബിഷപ്പിന്റെ ജനിതകവഴികള്‍ നീളുന്നത്, 'ബുഷ്മാന്‍' എന്നറിയപ്പെടുന്ന പ്രാചീന 'സാന്‍ ഗോത്ര'ക്കാരിലേക്കാണെന്ന് ജിനോം (genome) വിശകലനം തെളിയിച്ചു. ദക്ഷിണാഫ്രിക്കന്‍ ജനതയുടെ ജനിതക വൈവിധ്യവും, ആരോഗ്യപ്രശ്‌നങ്ങളും കണ്ടെത്താനായി നടന്ന ജിനോം പദ്ധതിയിലാണ് ആര്‍ച്ച് ബിഷപ്പ് ടുട്ടുവും പങ്കാളിയായത്.

പഠനപദ്ധതിയുടെ ഭാഗമായി ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പടെ അഞ്ചുപേരുടെ ജിനോം വിശകലനം ചെയ്യപ്പെട്ടു. മറ്റ് നാലുപേരും സാന്‍ ഗോത്ര (San people) ത്തില്‍ പെട്ട കാരണവന്‍മാരായിരുന്നു. അമ്മ വഴിയാണ് ആര്‍ച്ച് ബിഷപ്പിന്റെ ബുഷ്മാന്‍ ബന്ധമെന്ന് 'നേച്ചര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

'ഞാന്‍ ആവേശഭരിതാനാണ്'-ആര്‍ച്ച് ബിഷപ്പ് ടുട്ടു ബി.ബി.സി.യോട് പറഞ്ഞു. 'ഈ ടെസ്റ്റുകള്‍ നടത്തിയില്ലായിരുന്നെങ്കില്‍, എന്റെ തായ്‌വഴികള്‍ അറിയാന്‍ കഴിയുമായിരുന്നില്ല...ദക്ഷിണാഫ്രിക്കയില്‍ ആദ്യം പാര്‍പ്പുറപ്പിച്ച സാന്‍ ഗോത്രക്കാരുമായാണ് എന്റെ ബന്ധം'-അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിട്ടുള്ള 'ബാന്റു'(Bantu) വിഭാഗക്കാരനാണ് ആര്‍ച്ച് ബിഷപ്പ് ടുട്ടു. പാറകളില്‍ ചിത്രപണി ചെയ്യുന്ന പ്രതിഭാശാലികളായ ഒരു ജനതയുമായി ബന്ധമുണ്ടെന്ന കണ്ടെത്തല്‍ എന്നെ അനുഗ്രഹീതനാക്കിയിരിക്കുന്നു- ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

'ജനിതകമായി ദക്ഷിണാഫ്രിക്കക്കാരുടെ ഒന്നാന്തരം പ്രതിനിധിയാണ് ആര്‍ച്ച് ബിഷപ്പ് ടുട്ടു'-പഠനത്തില്‍ പങ്കെടുത്തവരില്‍ ഒരാളായ ഓസ്‌ട്രേലിയയില്‍ ന്യൂ സൗത്ത് വേയ്ല്‍സ് സര്‍വകലാശാലയിലെ വനെസ്സ ഹയെസ് പറയുന്നു. ആഫ്രിക്ക, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനപദ്ധതിയില്‍ സഹകരിച്ചത്.

പഠനത്തില്‍ താന്‍ ആദ്യം സംശയാലുവായിരുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് പറയുന്നു. എന്നാല്‍, പഠനം ദക്ഷിണാഫ്രിക്കക്കാര്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം ഇപ്പോള്‍ കരുതുന്നു. 'പുതിയ ഔഷധങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ജിനോം വിവരങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇത്രകാലവും ഔഷധപരീക്ഷണങ്ങളില്‍ ദക്ഷിണാഫ്രിക്കക്കാര്‍ കാര്യമായി പ്രതിനിധീകരിക്കപ്പെട്ടിരുന്നില്ല. ഈ ഗവേഷണം ആ പ്രശ്‌നം പരിഹിക്കുന്നതില്‍ സഹായിച്ചേക്കും.

ആര്‍ച്ച് ബിഷപ്പ് ടുട്ടുവിന് 79 ആണ് പ്രായം. ജിനോം പഠനത്തില്‍ ഉള്‍പ്പെട്ട മറ്റ് നാലുപേരും 80 കഴിഞ്ഞവരായിരുന്നു. അവരുടെ ഇതുവരെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഗവേഷകര്‍ക്ക് മുന്നിലുണ്ടായിരുന്നു. ആര്‍ച്ച് ബിഷപ്പ് ടുട്ടുവിന് അര്‍ബുദം വന്നിട്ടുണ്ട്, മുമ്പ് ക്ഷയരോഗവും പിടികൂടിയിട്ടുണ്ട്. എന്നിരിക്കിലും തനിക്ക് കാര്യമായ ജനിതകപ്രശ്‌നങ്ങളൊന്നുമില്ല എന്ന് പഠനത്തില്‍ തെളിഞ്ഞത്, വലിയ ആശ്വാസം നല്‍കിയെന്ന് അദ്ദേഹം സമ്മതിക്കുന്നു.

ആധുനിക മനുഷ്യരുടെ കൂട്ടത്തില്‍ അറിയപ്പെടുന്ന ഏറ്റവും പ്രാചീന തായ്‌വഴിയാണ് ബുഷ്മാന്‍ ഗോത്രത്തിന്റേത്. അതിനാല്‍, അവരുടെ ജിനോം വിവരങ്ങള്‍ മനുഷ്യകുലത്തിനാകെ പ്രയോജനം ചെയ്യുമെന്ന് ഗവേഷകര്‍ കരുതുന്നു. ആധുനിക മനുഷ്യന്‍ രൂപമെടുത്ത ആഫ്രിക്കയാണ്, മനുഷ്യര്‍ക്കിടയില്‍ ജനിതകവൈവിധ്യം ഏറ്റവുമധികമുള്ള പ്രദേശം. യൂറോപ്യന്‍ ജനത, ഏഷ്യന്‍ ജനത, പശ്ചിമാഫ്രിക്കക്കാര്‍ തുടങ്ങിയവരില്‍ നിന്നെല്ലാം ജനിതകമായി വ്യത്യാസമുള്ളവരാണ് ദക്ഷിണാഫ്രിക്കക്കാരെന്ന് പഠനത്തില്‍ കണ്ടു.

'ഒരു ഏഷ്യക്കാരനും യൂറോപ്പുകാരനും തമ്മിലുള്ള ശരാശരി ജനിതകവ്യത്യാസത്തിലും കൂടുതലാണ് രണ്ട് സാന്‍ ഗോത്രക്കാര്‍ തമ്മിലുള്ളത്'-ജിനോം താരതമ്യം നടത്തിയ പെന്‍സില്‍ വാനിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ പ്രൊഫ. വെബ്ബ് മില്ലെര്‍ അറിയിക്കുന്നു. 'ജീനുകള്‍ എങ്ങനെയാണ് ആരോഗ്യത്തെ ബാധിക്കുന്നത് എന്നറിയാന്‍, മനുഷ്യര്‍ക്കിടയിലെ പൂര്‍ണതോതിലുള്ള ജനിതകവ്യത്യാസം മനസിലാക്കേണ്ടതുണ്ട്. അതിന് ഏറ്റവും പറ്റിയ സ്ഥലമാണ് ദക്ഷിണാഫ്രിക്ക'.

സാന്‍ ഗോത്രക്കാരില്‍ കാണപ്പെടുന്ന ചില ജീനുകള്‍ അവരുടെ ജീവിതശൈലിയും ഭക്ഷണരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തില്‍ വ്യക്തമായി. പാല്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്ന ജീന്‍വകഭേദം അവരില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല, മറ്റ് ചില ആഫ്രിക്കന്‍ വര്‍ഗക്കാരില്‍ മലമ്പനി ചെറുക്കാന്‍ പാകത്തില്‍ കാണപ്പെടുന്ന ജീനും ബുഷ്മാന്‍ ജനതയിലില്ല.

കലഹാരി മരുഭൂമി കൊതുകിന് വളരാന്‍ പറ്റുന്ന പ്രദേശമല്ല, അതിനാല്‍ അവിടെ കാര്യമായ മലമ്പനി ബാധ ഉണ്ടാകാറില്ല എന്നകാര്യമാണ് ആ ജീനിന്റെ അഭാവം വ്യക്തമാക്കുന്നത്. വേട്ടയാടിയും കാടരിച്ചും ജീവിച്ച വര്‍ഗമായതിനാല്‍, കാലികളെ വളര്‍ത്തുകയോ പാല്‍ കഴിക്കുന്നത് ശീലമാക്കുകയോ അവര്‍ ചെയ്തിരുന്നില്ല. അതിനാല്‍, പാല്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്ന ജീനിന്റെ പ്രശ്‌നവും ഉദിക്കുന്നില്ല.

മാത്രമല്ല, അസ്ഥികളിലെ ധാതുസമ്പന്നതയ്ക്കും കരുത്തിനും നിദാനമായ ജീനുകള്‍ നാല് ബുഷ്മാന്‍ കാരണവന്‍മാര്‍ക്കും ഉണ്ടായിരുന്നു. വിഷമുള്ള സസ്യങ്ങള്‍ ഭക്ഷണമാക്കാതെ തടയാന്‍ സഹായിക്കുന്ന ഒരു ജീന്‍വ്യതികരണവും കണ്ടെത്താനായി. ചൂടുകൂടി കാലാവസ്ഥയില്‍ കഴിയുമ്പോള്‍ നിര്‍ജലീകരണവും ധാതുക്ഷയവും സംഭവിക്കാതിരിക്കനായി ക്ലോറൈഡ് അയോണുകള്‍ പുനര്‍സ്വീകരിക്കാനുള്ള ജീന്‍വകഭേദവും ബുഷ്മാനിലുള്ളതായി പഠനത്തില്‍ വ്യക്തമായി.

മനുഷ്യവര്‍ഗത്തിന് മുഴുവന്‍ പ്രയോജനം ചെയ്യുന്ന പഠനമാണിതെന്ന് ആര്‍ച്ച് ബിഷപ്പ് ടുട്ടു അഭിപ്രായപ്പെട്ടു. 'മനുഷ്യകുലത്തിന്റെ വൈവിധ്യം ശാസ്ത്രലോകം അവഗണിച്ചാല്‍ അത് വലിയ ദുരന്തമായിരിക്കും, കാരണം അതാണ് നമ്മുടെ ഏറ്റവും വലിയ കൈമുതല്‍'-അദ്ദേഹം ഓര്‍മിപ്പിച്ചു. (അവലംബം: നേച്ചര്‍)

കാണുക

5 comments:

Joseph Antony said...

320 കോടിയോളം രാസബന്ധങ്ങള്‍, കാല്‍ലക്ഷത്തോളം ജീനുകള്‍, പൂര്‍വകാലത്തേക്കു നീളുന്ന ജനിതകവഴികള്‍, മനുഷ്യരാശിയുമായുള്ള വിശാലസാഹോദര്യം തെളിയിക്കുന്ന ജനിതകബന്ധങ്ങള്‍...മറ്റേത് മനുഷ്യന്റേതും പോലെ, ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ ജിനോമും വിശാലമായ ഒരു ലോകമാണ്, പര്യവേക്ഷണം ആവശ്യപ്പെടുന്ന ലോകം.
ദക്ഷിണാഫ്രിക്കക്കാരനായ ആര്‍ച്ച് ബിഷപ്പിന്റെ ജനിതകവഴികള്‍ നീളുന്നത്, 'ബുഷ്മാന്‍' എന്നറിയപ്പെടുന്ന പ്രാചീന 'സാന്‍ ഗോത്ര'ക്കാരിലേക്കാണെന്ന് ജിനോം (genome) വിശകലനം തെളിയിച്ചു.

JanuskieZ said...

Hi... Looking ways to market your blog? try this: http://bit.ly/instantvisitors

നന്ദന said...

ആഫ്രിക്കൻ പൂർവികരേകുറിച്ചുള്ള അറിവുകൽ ആദിപിതാവിലേക്ക് വിരൽ ചൂണ്ടുമോ?? ജെ എ

sakriyan said...

ജോസെഫേട്ട ജനിതക മാപ്പിങ്ങിനു രക്തം നല്കാന്‍ എന്താ വഴി . പൂര്‍വികനെ അറിയാണനെ.

Joseph Antony said...

നന്ദന,
സക്രിയന്‍,
ഇവിടെ കണ്ടതില്‍ സന്തോഷം.
സക്രിയന്‍, ജനിതകമാപ്പിങ് ചോര നല്‍കാനുള്ള ആഗ്രഹം കൊള്ളാം. അത് തമാശയായാണോ ചോദിച്ചതെന്ന് മനസിലായില്ല. ഏതായാലും, പൂര്‍വികനെ അറിയാന്‍ ഒരു മാര്‍ഗം ജിനോഗ്രാഫിക് പ്രോജക്ടിലുണ്ട്. ലോകത്താര്‍ക്ക് വേണമെങ്കിലും അതുമായി സഹകരിക്കാം. അതിന് ചോര വേണ്ട, വേണ്ടതെന്താണെന്ന്
https://genographic.nationalgeographic.com/
ഈ ലിങ്കില്‍ പോയാല്‍ കൃത്യമായ വിവരം കിട്ടും. അയ്യായിരം രൂപടയോളം ചെലവ് വരുമെങ്കിലും പൂര്‍വികരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാം.