Thursday, February 11, 2010

ഓര്‍മയുണ്ടോ, ഈ മുഖം

ഉണ്ടാവില്ല, കാരണം അടുത്തകാലത്ത് ഭൂമിയില്‍ ജീവിച്ചിരുന്ന ആരും ഇയാളെ കണ്ടിട്ടില്ല. പേര് 'ഇനുക്' (Inuk), 4000 വര്‍ഷം മുമ്പ് ഗ്രീന്‍ലന്‍ഡിലാണ് ഇയാള്‍ ജീവിച്ചിരുന്നത്.

അപ്പോള്‍ പിന്നെ ഈ മുഖം എവിടുന്നു കിട്ടിയെന്നാകും വായനക്കാരുടെ സംശയം.

ഗ്രീന്‍ലന്‍ഡിലെ തണുത്തറഞ്ഞ മണ്ണില്‍ നിന്ന് കിട്ടിയ തലമുടിയില്‍ നിന്നാണ് ഈ മുഖം കണ്ടെത്തിയത്. തമാശയല്ല, തലമുടിയിലെ ഡി.എന്‍. ഉപയോഗിച്ച് അതിന്റെ ഉടമസ്ഥന്‍ എങ്ങനെയായിരുന്നു എന്ന് ഗവേഷകര്‍ അനുമാനിച്ചെടുക്കുകയായിരുന്നു.

ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍, കറുത്ത് കട്ടിയായ മുടി, കഷണ്ടിക്ക് സാധ്യത....അങ്ങനെ ഡി.എന്‍.എ.യില്‍ പ്രതിഫലിച്ച സൂചനകളാണ് ഇയാളുടെ മുഖം വരച്ചുണ്ടാക്കാന്‍ ഗവേഷകരെ സഹായിച്ചതെന്ന്, 'നേച്ചര്‍' ഗവേഷണവാരിക പറയുന്നു.

ആധുനിക മനുഷ്യന്റെ ലഭ്യമായതില്‍ ഏറ്റവും പഴക്കമുള്ള ജിനോംശ്രേണിയാണ് ഗവേഷകര്‍ ഈ പഠനം വഴി കണ്ടെത്തിയത്. ഒരു വര്‍ഷമെടുത്തു ജിനോം വിശകലനം പൂര്‍ത്തിയാക്കാന്‍.

ഗ്രീന്‍ലന്‍ഡിലെ ഭാഷയില്‍ 'മനുഷ്യന്‍' എന്നര്‍ഥം വരുന്ന ഇനുക് എന്ന പേര് ഇയാള്‍ക്കിട്ടതും ഗവേഷകര്‍ തന്നെ.

ആധുനിക ഗ്രീന്‍ലന്‍ഡുകാരുടെ നേരിട്ടുള്ള പൂര്‍വികനല്ല ഇനുക്. ജിനോം വിവരങ്ങള്‍ പ്രകാരം ഇയാളുടെ വര്‍ഗക്കാര്‍ സൈബീരിയയില്‍ നിന്ന്് ഗ്രീന്‍ലന്‍ഡിലെത്തിയതാണ് - പഠനത്തില്‍ പങ്കാളിയായിരുന്ന കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ പ്രൊഫ. ഇസ്‌കെ വില്ലെര്‍സ്ലെവ് പറഞ്ഞു.

വടക്കുകിഴക്കന്‍ സൈബീരിയയില്‍ സീലുകളെയും കടല്‍പക്ഷികളെയും വേട്ടയാടി, കടലിനെ ആശ്രയിച്ചു ജീവിച്ചിരുന്നവരാണ് 'സക്വാഖ്' (Saqqaq) വര്‍ഗം. അവരുടെ ഗണത്തില്‍ പെട്ടയാളായിരുന്നു ഇനുക്.

സൈബീരിയയില്‍ നിന്ന് സക്വാഖ്് വിഭാഗത്തില്‍ പെട്ടവര്‍ ഗ്രീന്‍ലന്‍ഡിലേക്കും അലാസ്‌കയിലേക്കും കുടിയേറിയത് 5500 വര്‍ഷം മുമ്പാണെന്ന് കരുതുന്നു. എന്നാല്‍, ഇപ്പോഴത്തെ ഇന്യൂറ്റ് (Inuit) വര്‍ഗക്കാരുടെയോ അമേരിക്കയിലെ ആദിമനിവാസികളുടെയോ പൂര്‍വികരല്ല സക്വാഖ് ജനത.

എങ്ങനെ ആ വര്‍ഗത്തില്‍ പെട്ടവര്‍ കടല്‍ താണ്ടി സൈബീരിയില്‍ നിന്ന് പുതിയ ലോകത്തെത്തി എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന്, പ്രൊഫ. വില്ലെര്‍സ്ലെവ് പറഞ്ഞു.

'ഒരുപക്ഷേ, വള്ളത്തിലാകാം അവര്‍ വന്നിരിക്കുക. അല്ലെങ്കില്‍, ശൈത്യകാലത്ത് മഞ്ഞുപാളികള്‍ക്ക് മുകളിലൂടെ നടന്ന് കടല്‍ കടന്നിരിക്കാം'-അദ്ദേഹം അഭിപ്രായപ്പെടുന്നു.

മാത്രമല്ല, സക്വാഖ് വര്‍ഗത്തിന് എന്തു സംഭവിച്ചു എന്നതും പ്രഹേളികയാണ്. കാലാവസ്ഥയില്‍ വന്ന മാറ്റമാണോ, മറ്റ് വര്‍ഗങ്ങളുമായി മത്സരിച്ച് പരാജയപ്പെട്ടതാണോ ആ വര്‍ഗത്തിന്റെ അന്ത്യം കുറിച്ചതെന്ന് വ്യക്തമല്ല. (അവലംബം: നേച്ചര്‍)

7 comments:

Joseph Antony said...

പേര് 'ഇനുക്' (Inuk), 4000 വര്‍ഷം മുമ്പ് ഗ്രീന്‍ലന്‍ഡിലാണ് ഇയാള്‍ ജീവിച്ചിരുന്നത്.
ഗ്രീന്‍ലന്‍ഡിലെ തണുത്തറഞ്ഞ മണ്ണില്‍ നിന്ന് കിട്ടിയ തലമുടിയില്‍ നിന്നാണ് ഈ മുഖം കണ്ടെത്തിയത്. തമാശയല്ല, തലമുടിയിലെ ഡി.എന്‍. ഉപയോഗിച്ച് അതിന്റെ ഉടമസ്ഥന്‍ എങ്ങനെയായിരുന്നു എന്ന് ഗവേഷകര്‍ അനുമാനിച്ചെടുക്കുകയായിരുന്നു.

Unknown said...

ഓഫിനു മാപ്പ് മാഷേ

ഇയാള്‍ നമ്മുടെ ആദത്തിന്റെ ആരായിട്ട് വരും ?
അതോ മൂപ്പരുമായി ബന്ധമൊന്നുമില്ലാത്ത് വേറേതെങ്കിലും ദൈവത്തിന്റെയോ കുട്ടിച്ചാത്തന്റെയോ മോനാണോ ?

ചള്ളിയാന്‍ said...

ice bergs could have been a possible way of transportation

ടോട്ടോചാന്‍ said...

എന്റെ തലമുടി ഞാനും കൊടുക്കാം .. അവര്‍ എന്റെ ചിത്രം വരച്ചു തരുമോ?
ഇത്തരം ചിത്രത്തിന്റെ സാധ്യത എത്രത്തോളം ഉണ്ട്?
എത്ര ശതമാനത്തോളം ഇത് ശരിയകും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി കൂടി വേണ്ടി വരും...

Praveen Nair said...

ഇത് നമ്മുടെ ആ പഴയകാല (അത്രയില്ല) നടി വാണി വിശ്വ നാഥിന്റെ കെട്ടിയോന്‍ ഒരു വില്ലന്‍ നടനല്ലേ? എന്താ അവന്റെ പേര് .... ഓ , ഇനുക് .

Praveen Nair said...
This comment has been removed by the author.
Joseph Antony said...

അരുണ്‍,
ചള്ളിയാന്‍,
ടോട്ടോചാന്‍,
പ്രവീണ്‍ നായര്‍,

ഇവിടെ എത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം, അഭിവാദ്യങ്ങള്‍.

അരുണ്‍, ദൈവം ഭൂമിയെ സൃഷ്ടിച്ചത് എന്നാണെന്ന് ബിഷപ്പ് ഉഷര്‍ കൃത്യമായി കണക്കാക്കി പറഞ്ഞിട്ടുണ്ട്; ബി.സി. 4004 ഒക്ടോബര്‍ 23 എന്ന് (ഈ ഒക്ടോബര്‍ 23 എന്തുകൊണ്ടെന്ന് ദൈവത്തിന് പോലും അറിയില്ല). അതുവെച്ചു നോക്കിയാല്‍, ഇനുക് ആദത്തിന്റെ ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്.......ഗ്രാന്‍ഡ്‌സണ്‍ ആയിവരാനാണ് സാധ്യത. കുട്ടിച്ചാത്താനോട് പോകാന്‍ പറ, ഗ്രീന്‍ലന്‍ഡിലെവിടെ കുട്ടിച്ചാത്താന്‍! തണുപ്പുകൊണ്ട് പാവത്തിന്റെ പരിപ്പിളകില്ലേ?

ചള്ളിയാന്‍, ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളിയിലൂടെ നടന്നുപോകാം. പക്ഷേ, കൊടുംതണുപ്പത്ത് ഹിമപാളികള്‍ ഒഴുകി ഏതെങ്കിലും കരയിലെത്തും വരെ അതില്‍ യാത്ര ചെയ്യാനാകുമോ (അതും അന്നത്തെ കാലത്ത്).

ടോട്ടോചാന്‍, ഒരു മുടി പോലുമുല്ലാതെയാ നമ്മുടെ കേരളാപോലീസ് രേഖാചിത്രങ്ങള്‍ വരച്ചുണ്ടാക്കുന്നത്. എവിടെയെങ്കിലും എന്തെങ്കിലും സംഭവമുണ്ടാവുകയും, പ്രതിയെ കിട്ടാതെ വരികയും ചെയ്യാത്തപ്പോള്‍ പിറ്റേന്ന് പതിവായി ഒരു വാര്‍ത്ത കാണാറില്ലേ, 'പ്രതിയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കും'. അതോടെ, പ്രതി പേടിച്ച് ചെന്ന് പോലീസിന് പിടികൊടുക്കുകയും ചെയ്യും. അപ്പോള്‍ പിന്നെ മുടിയെങ്ങാനും കിട്ടിയാലോ, മുടിഞ്ഞതു തന്നെ. ധൈര്യമുണ്ടെങ്കില്‍ ഒരു തലമുടി കൊടുത്തു നോക്കൂ...

പ്രവീണ്‍, ന്യൂസിലന്‍ഡിലെത്തിയിട്ടും പഴയ വാണി ഫാന്‍ തന്നെഅല്ലേ, ആ വില്ലനോടുള്ള ദേഷ്യം ഇനിയും തീര്‍ന്നിട്ടില്ല!