Wednesday, February 17, 2010

ബഹിരാകാശത്തുനിന്ന് ഓര്‍ഗാനിക് സംയുക്തങ്ങള്‍

നാല്പത് വര്‍ഷം മുമ്പ് ഭൂമിയില്‍ പതിച്ച ഒരു ഉല്‍ക്കാഖണ്ഡത്തില്‍ ലക്ഷക്കണക്കിന് ഓര്‍ഗാനിക് സംയുക്തങ്ങളുടെ സാന്നിധ്യം ഗവേഷകര്‍ സ്ഥിരീകരിച്ചു. മാത്രമല്ല, 'മര്‍ച്ചിസണ്‍ ഉല്‍ക്ക' (Murchison meteorite) എന്ന് പേരിട്ടിട്ടുള്ള ആ ബഹിരാകാശ ശില സൂര്യനെക്കാള്‍ പ്രായമുള്ളതാകാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു!

'ഈ വിവരം കൈയിലുണ്ടെങ്കില്‍, സൗരയൂഥത്തിന്റെ പിറവിയുടെ വേളയില്‍ എന്ത് സംഭവിച്ചിരിക്കാമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാകും'-മുഖ്യ ഗവേഷകനായ ഡോ. ഫിലിപ്പി ഷിമിറ്റ്-കോപ്ലിന്‍ പറയുന്നു. ഉല്‍ക്കാപഠനത്തിന്റെ വിശദാംശങ്ങള്‍ 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി' (PNAS)ലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

'ശരിക്കും ആവേശഭരിതരാണ് ഞങ്ങള്‍' -ജര്‍മനിയിലെ ന്യൂഹര്‍ബര്‍ഗില്‍ ഇന്‍്സ്റ്റിട്ട്യൂട്ട് ഫോര്‍ ഇക്കോളജിക്കല്‍ കെമിസ്ട്രിയിലെ ഗവേഷകനായ ഡോ. ഷിമിറ്റ്-കോപ്ലിന്‍ അറിയിക്കുന്നു. 'ഉല്‍ക്കകള്‍ ഒരു കണക്കിന് ഫോസിലുകളെപ്പോലെയാണ്. അതിനെ മനസിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ കാലത്തിലൂടെ പിന്നിലേക്കാണ് നോക്കുന്നത്'-അദ്ദേഹം വിശദീകരിക്കുന്നു.

1969-ല്‍ ഓസ്‌ട്രേലിയയിലെ മര്‍ച്ചിസണ്‍ പട്ടണത്തില്‍ പതിച്ച ഉല്‍ക്കയാണ്, ആ പട്ടണത്തിന്റെ പേരില്‍ അറിയപ്പെടുന്നത്. മുമ്പും ആ ശിലാഖണ്ഡം പഠനവിധേയമാക്കിയിട്ടുണ്ടെങ്കിലും, അതില്‍ ഇത്രമാത്രം കാര്‍ബണിക സംയുക്തങ്ങളുടെ (ഓര്‍ഗാനിക് സംയുക്തങ്ങളുടെ) സാന്നിധ്യം തിരിച്ചറിയുന്നത് ആദ്യമായാണ്.

ഉല്‍ക്കയുടെ ചെറിയൊരു ഭാഗം പൊട്ടിച്ചെടുത്താണ് വിശകലനത്തിന് വിധേയമാക്കിയത്. സ്‌പെക്ട്രോസ്‌കോപ്പി ഉള്‍പ്പടെയുള്ള ഉന്നത റസല്യൂഷനിലുള്ള വിശകലന സങ്കേതങ്ങള്‍ ഉപയോഗിച്ചു. 70 അമിനോ ആസിഡുകള്‍ ഉള്‍പ്പടെ 14,000 വ്യത്യസ്ത രാസസംയുക്തങ്ങള്‍ അതിലുള്ളതായി പഠനത്തില്‍ വ്യക്തമായി.

ഏതാനും മില്ലിഗ്രാം ഉല്‍ക്കാഖണ്ഡം മാത്രമാണ് വിശകലനം ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ ലക്ഷക്കണക്കിന് കൂടുതല്‍ സംയുക്തങ്ങള്‍ ഉല്‍ക്കയില്‍ ഉണ്ടാകാം എന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തുകയായിരുന്നു.

465 കോടി വര്‍ഷം മുമ്പാണ് സൂര്യന്റെ പിറവി. അതിലും പ്രായമുള്ളതാണ് മര്‍ച്ചിസണ്‍ ഉല്‍ക്കയെന്ന് ഗവേഷകര്‍ കരുതുന്നു. സൗരയൂഥം രൂപപ്പെടുന്ന വേളയില്‍ ആ ധൂളീപടലങ്ങള്‍ക്കിടയിലൂടെ കടന്നുപോന്നതാകാം അതെന്നും, അപ്പോഴാകാം ഓര്‍ഗാനിക് തന്മാത്രകള്‍ അതില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടാവുകയെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.

ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചതെങ്ങനെ എന്നത് തേടുന്നവര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ഈ ഉല്‍ക്കാവിശകലനം എന്ന് ഡോ. ഷിമിറ്റ്-കോപ്ലിന്‍ കരുതുന്നു. മറ്റ് ചില ഉല്‍ക്കകളും ഇതേ സംഘം വിശകലനം ചെയ്യുന്നുണ്ട്. എന്നാല്‍, മര്‍ച്ചിസണ്‍ ഉല്‍ക്ക തന്നെയാണ് അതില്‍ ഏറ്റവും സങ്കീര്‍ണമെന്ന് ഗവേഷകര്‍ സമ്മതിക്കുന്നു. (അവലംബം: PNAS)

2 comments:

Joseph Antony said...

നാല്പത് വര്‍ഷം മുമ്പ് ഭൂമിയില്‍ പതിച്ച ഒരു ഉല്‍ക്കാഖണ്ഡത്തില്‍ ലക്ഷക്കണക്കിന് ഓര്‍ഗാനിക് സംയുക്തങ്ങളുടെ സാന്നിധ്യം ഗവേഷകര്‍ സ്ഥിരീകരിച്ചു. മാത്രമല്ല, 'മര്‍ച്ചിസണ്‍ ഉല്‍ക്ക' (Murchison meteorite) എന്ന് പേരിട്ടിട്ടുള്ള ആ ബഹിരാകാശ ശില സൂര്യനെക്കാള്‍ പ്രായമുള്ളതാകാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു!

ശാശ്വത്‌ :: Saswath S Suryansh said...

ആകസ്മികമെന്നു പറയട്ടെ, ഡാന്‍ ബ്രൌണിന്റെ "ഡിസെപ്ഷന്‍ പോയിന്റ്‌" എന്ന പുസ്തകം കഴിഞ്ഞ ആഴ്ചയാണ് പൂര്‍ണമായും വായിച്ചു തീര്‍ത്തത്. ഒരു ഉല്‍ക്കയില്‍ കണ്ടെത്തുന്ന ജീവന്റെ കണികകളാണ് അതിലും പ്രമേയം. ഒബാമ നാസയുടെ ചാന്ദ്രപര്യടനം ഉപേക്ഷിച്ചെന്ന വാര്‍ത്ത കൂടി ആയപ്പോള്‍ ഇതൊക്കെ ബ്രൌണ്‍ മുന്‍കൂട്ടി കണ്ടിരുന്നോ എന്നു തോന്നിപ്പോകുകയാണ്. പ്രധാന കഥാപാത്രങ്ങളിലൊരാള്‍ നാസയുടെ ബജറ്റ് വിഹിതം കുറയ്ക്കണമെന്ന വാദക്കാരനായിരുന്നു, നോവലില്‍.

എന്തായാലും, നോവലിലെ പോലെ വ്യാജമായി സൃഷ്ടിക്കപ്പെട്ടതായിരിക്കില്ല ഇതിലെ അമിനോ അമ്ലങ്ങള്‍ എന്നാശിക്കാം. ഇതിനു സൂര്യനേക്കാളും പ്രായം ഉണ്ടെന്ന കണ്ടെത്തല്‍ പ്രത്യാശ നല്‍കുന്നതാണ്. സൃഷ്ടിവാദക്കാര്‍ ഇനി ഒന്നിന് പകരം രണ്ടു ഭൂമിയും രണ്ടു സൂര്യനും ഒക്കെ ഉണ്ടായിരുന്നു എന്നു പറഞ്ഞ് വരുമോ ആവോ?