Thursday, February 04, 2010

ഫെയ്‌സ് ബുക്കിന് വയസ്സ് ആറ്

കുട്ടിയായിരുന്നെങ്കില്‍ പ്രായമനുസരിച്ച് ഇപ്പോള്‍ ഒന്നാംക്ലാസിലായേനെ ഫേസ് ബുക്കിന്റെ സ്ഥാനം; രാജ്യമായിരുന്നെങ്കില്‍, അംഗസംഖ്യ വച്ച് ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ ലോകത്തെ മൂന്നാമത്തെ രാഷ്ട്രം. മനുഷ്യബന്ധങ്ങളെ പുതുക്കിപ്പണിയുകയും നവമാധ്യമ ചക്രവാളങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്ന 'ഫെയ്‌സ് ബുക്ക്' (facebook) എന്ന ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് ഇന്ന് ആറ് വയസ്സ് തികയുന്നു.

2004 ഫിബ്രവരി നാലിന് മസാച്ച്യൂസെറ്റ്‌സിലെ കേംബ്രിഡ്ജിലാണ് ഫെയ്‌സ് ബുക്കിന്റെ പിറവി. ഹാര്‍വാഡ് വിദ്യാര്‍ഥിയായിരുന്ന മാര്‍ക് സൂക്കര്‍ബര്‍ഗ്, തന്റെ പ്രേമനൈരാശ്യം മറക്കാന്‍ നടത്തിയ ഒരു കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റം ലോകമെമ്പാടും കോടിക്കണക്കിനാളുകളുടെ മനസിലേക്കുള്ള കടന്നുകയറ്റമായി പരിണമിച്ചതിന്റെ വിജയകഥയാണ് ഫെയ്‌സ് ബുക്കിന്റേത്. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മാത്രമല്ല ഇപ്പോള്‍ ഫെയ്‌സ് ബുക്ക്, ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇന്റര്‍നെറ്റ് സൈറ്റ് കൂടിയാണ്. 35 കോടി പേര്‍ ഇപ്പോള്‍ ദിനംപ്രതി ഫെയ്‌സ് ബുക്ക് സന്ദര്‍ശിക്കുന്നു. അമേരിക്കന്‍ വേരുകള്‍ ഫെയ്‌സ്ബുക്ക് മറികടന്നു കഴിഞ്ഞു. അതിലെ 70 ശതമാനം അംഗങ്ങളും ഇന്ന് അമേരിക്കയ്ക്ക് പുറത്തുള്ളവരാണ്. മാത്രമല്ല, മലയാളം ഉള്‍പ്പടെ എഴുപതോളം ഭാഷകളില്‍ ഫെയ്‌സ് ബുക്ക് ഇപ്പോള്‍ ലഭ്യമാണ്.

അസാധാരണമായ ഈ വിജയഗാഥ, ഇന്റര്‍നെറ്റ് സങ്കേതങ്ങള്‍ എങ്ങനെ ആധുനിക മനുഷ്യജീവിതത്തെ പുനര്‍നിര്‍വചിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ്. അധികമാര്‍ക്കും പരസ്പരം നേരിട്ടു കാണാനോ ആശയവിനിമയം നടത്താനോ സാധ്യമല്ലാത്ത ഈ ലോകത്ത്, ഏറ്റവും വലിയ 'മനുഷ്യസംഗമസ്ഥാന'മായി ഫെയ്‌സ് ബുക്ക് മാറിയിരിക്കുന്നു! 550 ലക്ഷം അപ്‌ഡേറ്റുകളാണ് ഫെയ്‌സ് ബുക്കില്‍ ഇന്ന് ദിവസവും സൃഷ്ടിക്കപ്പെടുന്നതെന്ന്, 'ദി എക്കണോമിസ്റ്റ്' വാരിക അടുത്തയിടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങിനെക്കുറിച്ച് പ്രസിദ്ധീകരിച്ച സര്‍വ്വെയില്‍ പറയുന്നു. 350 കോടി ഉള്ളടക്കഘടകങ്ങള്‍ ഓരോ ആഴ്ചയും ഫെയ്‌സ് ബുക്കിലെ അംഗങ്ങള്‍ക്കിടയില്‍ പങ്കുവെയ്ക്കപ്പെടുന്നു. 250 കോടി ഫോട്ടോഗ്രാഫുകളാണ് ഫെയ്‌സ് ബുക്കില്‍ ഓരോ മാസവും അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ ഫോട്ടോ ഷെയറിങ് സൈറ്റുകളില്‍ ഒന്നുകൂടിയായി ഫെയ്‌സ് ബുക്ക് മാറിയിരിക്കുന്നു എന്നുസാരം.

ശരിക്കു പറഞ്ഞാല്‍ ഇതിന്റെയൊക്കെ തുടക്കം 2003 ഒക്ടോബര്‍ 28-നാണ്. ഹാര്‍വാഡ് കോളേജില്‍ രണ്ടാംവര്‍ഷം വിദ്യാര്‍ഥിയായിരുന്ന സുക്കര്‍ബര്‍ഗ് ഫെയ്‌സ് ബുക്ക് കണ്ടുപടിച്ചത് അന്നാണെന്ന് വിക്കിപീഡിയ പറയുന്നു. ഹാര്‍വാഡിലെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ നടത്തിയ നുഴഞ്ഞുകയറ്റത്തോടെയായിരുന്നു അത്, തന്നെ അവഗണിച്ച പെണ്‍കുട്ടിയെ മനസില്‍നിന്ന് നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു തമാശയ്ക്ക് തുടങ്ങിയ ഏര്‍പ്പാട്. ഹാര്‍വാഡ് നെറ്റ്‌വര്‍ക്കില്‍ നുഴഞ്ഞുകയറി സ്വകാര്യ ഡോര്‍മിട്രിയിലെ ഐഡി ഇമേജുകള്‍ കോപ്പി ചെയ്ത് പേജുകളില്‍ സ്ഥാപിക്കുകയാണ് സൂക്കര്‍ബര്‍ഗ് ചെയ്തത്. ഏതാനും ദിവസത്തിനകം അത് ഹാര്‍വാഡ് അധികൃതര്‍ പൂട്ടിച്ചു. സുക്കര്‍ബര്‍ഗിനെതിരെ നടപടിക്ക് നീക്കവും ആരംഭിച്ചു. കോളേജില്‍ നിന്ന് പുറത്താകുമെന്ന ഘട്ടം വന്നെങ്കിലും ഒടുവില്‍ കുറ്റാരോപണങ്ങള്‍ പിന്‍വലിക്കപ്പെട്ടു.

സംഭവങ്ങള്‍ അവിടംകൊണ്ട് തീര്‍ന്നില്ല. താന്‍ നടത്തിയ ആ നുഴഞ്ഞുകയറ്റവും പേജുകളില്‍ വ്യത്യസ്ത ഇമേജുകള്‍ സ്ഥാപിച്ചുകൊണ്ട് അത് റേറ്റ് ചെയ്യാന്‍ ആവിഷ്‌ക്കരിച്ച സംവിധാനവും യഥാര്‍ഥത്തില്‍ നവീനമായൊരു നെറ്റ്‌വര്‍ക്ക് സാധ്യതയാണെന്ന ഉള്‍ക്കാഴ്ച ആ ചെറുപ്പക്കാരനെ മുന്നോട്ടു നയിച്ചു. ആ ആശയം മുന്‍നിര്‍ത്തി പുതിയൊരു വെബ്ബ്‌സൈറ്റിനായുള്ള കോഡ് എഴുതിയുണ്ടാക്കുന്ന ജോലി 2004 ജനവരിയില്‍ സുക്കര്‍ബര്‍ഗ് ആരംഭിച്ചു. 2004 ഫിബ്രവരി നാലിന് 'ദിഫേസ് ബുക്ക്' (thefacebook.com) നിലവില്‍ വന്നു. സുക്കര്‍ബര്‍ഗിനെ സഹായിക്കാനും ഫേസ് ബുക്ക് പ്രചരിപ്പിക്കാനുമായി സഹപാഠികളായ എഡ്വേര്‍ഡോ സാവെരിന്‍, ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ്, ക്രിസ് ഹ്യൂഗെസ് എന്നീ കമ്പ്യൂട്ടര്‍ വിദ്യാര്‍ഥികളും ഒപ്പം ചെര്‍ന്നു. ആദ്യം ഹാര്‍വാഡ് കോളേജില്‍ മാത്രമായിരുന്നു ഫേസ് ബുക്ക് ലഭ്യമായിരുന്നത്. 2004 മാര്‍ച്ചോടെ സ്റ്റാന്‍ഫഡ്, കൊളംബിയ, യേല്‍ എന്നീ സര്‍വകലാശാലകളിലേക്കു ഫെയ്‌സ് ബുക്കിന്റെ സാന്നിധ്യം വ്യാപിച്ചു.

ഏതാനും മാസത്തിനകം സുക്കര്‍ബര്‍ഗിന്റെ അനൗദ്യോഗിക ഉപദേഷ്ടാവായിരുന്ന സീന്‍ പാര്‍ക്കര്‍ കമ്പനിയുടെ പ്രസിഡന്റായി. 2004 ജൂണില്‍ ഫേസ് ബുക്കിന്റെ പ്രവര്‍ത്തനം കാലിഫോര്‍ണിയയില്‍ പാലോ ഓള്‍ട്ടോയിലേക്ക് മാറി. ആ സമയത്താണ് 'പേപാല്‍' (PayPal) സഹസ്ഥാപകനായ പീറ്റര്‍ തിയെല്‍ ഫേസ്ബുക്കില്‍ നിക്ഷേപം നടത്തുന്നത്; അഞ്ചുലക്ഷം ഡോളര്‍. അതായിരുന്നു കമ്പനിക്ക് കിട്ടുന്ന ആദ്യനിക്ഷേപം. 'ദി' ഉപേക്ഷിക്കാന്‍ ഫേസ് ബുക്ക് ഡോട്ട് കോം (facebook.com) എന്ന ഡൊമൈന്‍ 2005-ല്‍ കമ്പനി സ്വന്തമാക്കി; പക്ഷേ, അതിന് രണ്ടുലക്ഷം ഡോളര്‍ നല്‍കേണ്ടി വന്നു. 2005 സപ്തംബറില്‍ ഫെയ്‌സ് ബുക്കിന്റെ ഹൈസ്‌കൂള്‍ വകഭേദം പുറത്തുവന്നു. ആപ്പിള്‍, മൈക്രോസോഫ്ട് തുടങ്ങിയ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ക്കു കൂടി ചേരാന്‍ ഫേസ് ബുക്ക് പിന്നീട് അവസരം നല്‍കി. 2006 സപ്തംബര്‍ 26-നാണ് 13 വയസ്സോ അതിന് മുകളിലോ പ്രായമുള്ള ആര്‍ക്കും, സാധുവായ ഒരു ഇ-മെയില്‍ വിലാസം ഉണ്ടെങ്കില്‍, ഫെയ്‌സ് ബുക്കില്‍ ചേരാം എന്ന സ്ഥിതിവന്നത്.

പുത്തന്‍ സാങ്കേതികവിദ്യകള്‍ മുന്നോട്ടു വെയ്ക്കുന്നതും ഇന്നുവരെ അധികമാരും പരീക്ഷിട്ടില്ലാത്തതുമായ പുതുമകളാണ് ഫെയ്‌സ് ബുക്കിനെ മറ്റുള്ളവരെ പിന്നിലാക്കാന്‍ സഹായിച്ചത്. ലക്ഷക്കണക്കിന് അംഗങ്ങളുടെ ഇടപെടലും ആശയവിനിമയവും താങ്ങാന്‍ പാകത്തിലുള്ള കമ്പ്യൂട്ടര്‍ശേഷി ഉണ്ടെങ്കിലേ ഫെയ്‌സ് ബുക്കിനെപ്പോലൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റിന് നിലനില്‍പ്പുള്ളു. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറിന് കഴിഞ്ഞ അഞ്ചാറു വര്‍ഷത്തിനിടയിലുണ്ടായ വിലക്കുറവ്് ഇക്കാര്യത്തില്‍ ഏറെ സഹായം ചെയ്തിട്ടുണ്ട്. പക്ഷേ, ഫെയ്‌സ് ബുക്ക് പോലെ 35 കോടി സന്ദര്‍ശകളെ ദിവസവും കൈകാര്യം ചെയ്യേണ്ടി വരുന്ന ഒരു സൈറ്റിന് അതുമാത്രം പോര. ഒരു അംഗത്തിന്റെ സുഹൃത്തുക്കളുടെ പക്കല്‍ നിന്ന് യോഗ്യമായ വിവരങ്ങളും വാര്‍ത്തകളും തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന 'മള്‍ട്ടിഫീഡ്' (MultiFeed) സംവിധാനമാണ്, ഫെയ്‌സ്ബുക്കിന്റെ എന്‍ജിനിയര്‍മാര്‍ കൈവരിച്ച വിജയരഹസ്യങ്ങളിലൊന്ന്. ലക്ഷക്കണക്കിന് അംഗങ്ങള്‍ക്ക് അപ്റ്റുഡേറ്റ് വിവരങ്ങള്‍ നിമിഷംപ്രതി എത്തിക്കാന്‍ ഇത് ഫെയ്‌സ് ബുക്കിനെ കുറച്ചൊന്നുമല്ല സഹായിച്ചത്.

മറ്റൊരു മാസ്മരികമായ സാങ്കേതിക മുന്നേറ്റം, ഒരു ഡാറ്റാബേസില്‍ സംഭരിച്ച വിവരങ്ങള്‍ ശേഖരിച്ച് എത്തിക്കുന്നതിലും വേഗത്തില്‍, ആവര്‍ത്തിച്ച് ഉപയോഗിക്കപ്പെടുന്ന വിവരങ്ങള്‍ ആവശ്യക്കാരന്റെ മുന്നിലെത്തിക്കുന്ന ഓപ്പണ്‍-സോഴ്‌സ് മെമ്മറി സംവിധാനമായ 'മെംകാച്ച്ഡ്' (memcached) ആണ്. ഫെയ്‌സ് ബുക്ക് പോലെ ഒരു തരത്തില്‍ 'ഡേറ്റാസുനാമി' തന്നെ കൈകാര്യം ചെയ്യേണ്ടി വരുന്ന സൈറ്റുകളെ നിലനിര്‍ത്തുന്നത് ഇത്തരം നൂതനമായ സങ്കേതങ്ങളാണ്. മാത്രമല്ല, സ്വതന്ത്രമായി പ്രോഗ്രാമുകള്‍ രൂപപ്പെടുത്താന്‍ ഫെയ്‌സ് ബുക്കിലെ അംഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യവും വിജയത്തിന്റെ മുഖ്യഘടകമാണ്. ഇത്തരം ഡവലപ്പര്‍മാര്‍ രൂപപ്പെടുത്തുന്ന അസംഖ്യം പ്രോഗ്രാമുകള്‍ അംഗങ്ങളെ ഫെയ്ഡ്ബുക്കിന്റെ അഡിക്ടുകളാക്കി മാറ്റുന്നു. 'ദി എക്കണോമിസ്റ്റ്' അവതരിപ്പിക്കുന്ന കണക്ക് പ്രകാരം ഫെയ്‌സ്ബുക്കിന്റെ ഓണ്‍ലൈന്‍ ഡയറക്ടറിയിലേക്ക് പ്രോഗ്രാമുകള്‍ വികസിപ്പിച്ച് നല്‍കുന്ന പത്തുലക്ഷം പേര്‍ ലോകത്തുണ്ട്. ഇതിനകം അവരുടേതായി ഫെയ്‌സ്ബുക്ക് ഡയറക്ടറിയില്‍ അഞ്ചുലക്ഷം 'ആപ്പ്‌സു'(apps) കള്‍ എത്തിക്കഴിഞ്ഞു.

'ഈ ആപ്പ്‌സുകളിലെയെല്ലാം ഏറ്റവും വലിയ കില്ലര്‍ ഫെയ്‌സ് ബുക്ക് തന്നെയാണ്'-കമ്പനിയുടെ സ്ഥാപകന്‍ സൂക്കര്‍ബര്‍ഗ് പറയുന്നു. ഭൂമുഖത്തെ ലിഖിതവും അല്ലാത്തതുമായ എല്ലാ വിവരങ്ങളും ഒരേ കുടക്കീഴില്‍ എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലൊരു ലക്ഷ്യം ഫെയ്‌സ് ബുക്കും മുന്നോട്ടുവെക്കുന്നു. ലോകത്തെ പരമാവധി പേരെ ഒരു നെറ്റ്‌വര്‍ക്കിന്‍ കീഴില്‍ കൊണ്ടുവരികയും, ഇന്റര്‍നെറ്റിലേക്കുള്ള അവരുടെ മുഖ്യകവാടം ഫെയ്‌സ്ബുക്ക് ആക്കുകയും ചെയ്യുക-ഇതാണ് സൂക്കര്‍ബര്‍ഗിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിന് വിഘാതമാകും എന്നതുകൊണ്ടാണ് പലരും ഫെയ്‌സ് ബുക്ക് വാങ്ങാന്‍ തയ്യാറായിട്ടും അതിന്റെ വില്‍പ്പന നടക്കാത്തത്. മൈക്രോസോഫ്ട്, ഗൂഗിള്‍ തുടങ്ങിയ ഭീമന്‍മാര്‍ പോലും ഫേസ് ബുക്കില്‍ താത്പര്യം കാട്ടിയിട്ടുണ്ടെന്നോര്‍ക്കുക. 2005 വര്‍ഷത്തെ ചോര്‍ന്നു കിട്ടിയ വിവരം അനുസരിച്ച്, 36.3 ലക്ഷം ഡോളറായിരുന്നു ഫേസ് ബുക്കിന്റെ നഷ്ടം. എന്നാല്‍, 2009 സപ്തംബറില്‍ ഫേസ്ബുക്ക് ലാഭമുണ്ടക്കി തുടങ്ങിയതായി റിപ്പോര്‍ട്ടു വന്നു. ഇതിനകം തന്നെ പുതുക്കി നിശ്ചയിച്ചു കൊണ്ടിരിക്കുന്ന മാര്‍ക്കറ്റിങ് മാതൃകകള്‍ ഫെയ്‌സ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വീണ്ടും നവീനമാക്കാന്‍ പോകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഫെയ്‌സ് ബുക്കാണ് ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എങ്കിലും, അതേ ജനുസില്‍ പെട്ട ഒട്ടേറെ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ വേറെയുമുണ്ട്. മ്യൂസിക്കിനും വിനോദത്തിനും ഊന്നല്‍ നല്‍കുന്ന 'മൈസ്‌പേസ്' (MySpace); പ്രൊഫഷണലുകളെ കോര്‍ത്തിണക്കുന്ന 'ലിങ്കെഡിന്‍' (LinkedIn); 140 കാരക്ടറുകളില്‍ കൂടുതല്‍ ഒരേ സമയം അപ്‌ഡേറ്റ് അനുവദിക്കാത്ത മൈക്രോബ്ലോഗിങ് സൈറ്റായ 'ട്വിറ്റര്‍' (Twitter); ഇന്ത്യയിലും ബ്രസീലിലും ജനപ്രിയമായ (ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള) 'ഓര്‍ക്കുട്ട്' (Orkut); ചൈനയില്‍ പ്രസിദ്ധമായ 'ക്യുക്യു' (QQ) തുടങ്ങിയവയൊക്കെ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസുകളാണ്. കൂടാതെ ദേശീയതയുടെ അടിസ്ഥാനത്തിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുമുണ്ട്. ഉദാഹരണത്തിന്, ഫ്രാന്‍സിലെ 'സ്‌കൈറോക്ക്' (Skyrock), റഷ്യയിലെ 'വികൊന്റാക്റ്റി' (VKontakte), ദക്ഷിണകൊറിയയിലെ 'സൈവേള്‍ഡ്' (Cyworld). ഇസ്‌ലാം മതവിഭാഗത്തിലുള്ളവരെ ഒരുമിപ്പിക്കുന്ന 'മുക്‌സ്‌ലിം' (Muxlim) പോലുള്ള നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ വേറ്.

ഓണ്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍ രംഗം എത്ര വലിയ മാറ്റത്തിനാണ് വിധേയമായിരിക്കുന്നതെന്ന് ഫെയ്‌സ് ബുക്ക് ഉള്‍പ്പടെയുള്ള ഇത്തരം സൈറ്റുകള്‍ വ്യക്തമാക്കുന്നു. തൊണ്ണൂറുകള്‍ വരെ സ്വന്തം പേരോ വ്യക്തിത്തമോ ഓണ്‍ലൈനില്‍ വെളിപ്പെടുത്താന്‍ മടിക്കുന്നവരായിരുന്നു ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍, സ്വകാര്യവിവരങ്ങളും ഉള്ളടക്കവും നിയന്ത്രിക്കാന്‍ ഉപഭോക്താവിന് തന്നെ അവസരം നല്‍കുന്ന സങ്കേതങ്ങള്‍ രംഗത്തെത്തിയതോടെ (ഉദാഹരണത്തിന് ഫെയ്‌സ് ബുക്കില്‍ ഒരാള്‍ അപ്‌ഡേറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ആരൊക്കെ കാണണം എന്ന് അയാള്‍ക്ക് തന്നെ നിശ്ചയിക്കാന്‍ കഴിയും) ആ സ്ഥിതി മാറി. സ്വന്തം പേരോ വ്യക്തിവിവരങ്ങളോ സുരക്ഷിതമായി വെളിപ്പെടുത്താവുന്ന പൊതുഇടങ്ങളായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ മാറി. ഇന്ന് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ വ്യക്തിബന്ധങ്ങളും താത്പര്യങ്ങളും ഏറ്റവുമധികം ദൃശ്യമാകുന്നത് ഫെയ്‌സ് ബുക്ക് പോലുള്ള ഇടങ്ങളിലാണ്. ഒപ്പം അവ മാസ് കമ്മ്യൂണിക്കേഷനുള്ള പുതിയ ചാനലുകളായി പരിണമിക്കുകയും ചെയ്തിരിക്കുന്നു.

ഒരു വശത്ത് വളര്‍ച്ചയും ചടുലതയും സാധ്യതയുടെ അപാരതയും നിലനില്‍ക്കുമ്പോള്‍ തന്നെ, മറുവശത്ത് ആശങ്കകളുടെയും ആപല്‍ശങ്കകളുടെയും കരിനിഴല്‍ ഉണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. ഓഫീസില്‍ ഡ്യൂട്ടി ചെയ്യേണ്ടവര്‍ ആ സമയത്ത് ഫെയ്‌സ് ബുക്കും ട്വിറ്ററും വഴി ജോലിസമയം നഷ്ടപ്പെടുത്തും അതുവഴി കമ്പനിക്ക് നഷ്ടമുണ്ടാക്കുമെന്ന തീരുമാനം, ഭീകരപ്രവര്‍ത്തകരും വിധ്വംസകപ്രവര്‍ത്തകരും ഫെയ്‌സ് ബുക്കിന്റെ സാധ്യതകളെ ദുരുപയോഗം ചെയ്യില്ലേ എന്ന സംശയം, മനുഷ്യന്റെ സ്വകാര്യവിവരങ്ങളുടെ ദുരുപയോഗത്തിന് ഫെയ്‌സ് ബുക്ക് പോലുള്ള സൈറ്റുകള്‍ വഴിതുറക്കുകയാണെന്ന ആശങ്ക, കോര്‍പ്പറേറ്റ് രഹസ്യങ്ങള്‍ ചോരാന്‍ ഇത്തരം കമ്മ്യൂണിറ്റി സൈറ്റുകള്‍ വഴി മരുന്നിടുകയാണെന്ന വാദം....പുതിയ സാധ്യതകള്‍ പുതിയ ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും വഴിതുറക്കുമെന്നത് ഫെയ്‌സ് ബുക്ക് ഉള്‍പ്പടെയുള്ള സര്‍വീസുകളുടെ കാര്യത്തിലും വ്യത്യസ്തമാകുന്നില്ല.

പക്ഷേ, ഇതൊന്നും ഫെയ്‌സ് ബുക്കിന്റെ വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല. ആ വിജയം ഹോളിവുഡ് പോലും തിരിച്ചറിഞ്ഞു കഴിഞ്ഞു. 2010 ഒക്‌ടോബര്‍ 15-ന് റിലീസ് ചെയ്യാന്‍ പോകുന്ന 'ദി സോഷ്യല്‍ നെറ്റ്‌വര്‍ക്ക്' (The Social Network) എന്ന ഹോളിവുഡ് ചിത്രത്തിന്റെ പ്രമേയം ഫെയ്‌സ് ബുക്കിന്റെ ലളിതമായ തുടക്കവും അസാധാരണ വിജയവുമാണ്. ഡേവിഡ് ഫിന്‍ച്ചറാണ് സംവിധായകന്‍. (അവലംബം: Wikipedia; A Special Report on Social Networking, The Economist, Jan 28, 2010; Social Network Sites: Definition, History, and Scholarship, Danah Boyd and Nicole Ellison. Journal of Computer-Mediated Communication, 2007)

8 comments:

Joseph Antony said...

കുട്ടിയായിരുന്നെങ്കില്‍ പ്രായമനുസരിച്ച് ഇപ്പോള്‍ ഒന്നാംക്ലാസിലായേനെ ഫേസ് ബുക്കിന്റെ സ്ഥാനം; രാജ്യമായിരുന്നെങ്കില്‍, അംഗസംഖ്യ വച്ച് ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ ലോകത്തെ മൂന്നാമത്തെ രാഷ്ട്രം. മനുഷ്യബന്ധങ്ങളെ പുതുക്കിപ്പണിയുകയും നവമാധ്യമ ചക്രവാളങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്ന 'ഫെയ്‌സ് ബുക്ക്' (facebook) എന്ന ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് ഇന്ന് ആറ് വയസ്സ് തികയുന്നു.

vasanthalathika said...

ഫെയ്സ് േബുക്കിനെപ്പറ്റി കൂടുതലറിഞ്ഞു.ചാരപ്രവര്തനതിന്റെ സാധ്യത തള്ളിക്കലയാമോ?

വി. കെ ആദര്‍ശ് said...

ഒന്നോ ഒന്നരയോ ശതമാനം മുന്‍‌ഗണനാ ഓഹരികള്‍ മൈക്രോ‌സോഫ്‌ടും നേടിയിട്ടുണ്ടെന്ന് കേള്‍ക്കുന്നു. സംഗതി ഇത്ര ഹിറ്റായ സ്ഥിതിക്ക് ഗൂഗിളും മൈക്രോസോഫ്‌ടും ഇനി ടൈം ഗ്രൂപ്പോ മോഹവില നല്‍കി സ്വന്തമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

sainualuva said...

ഫേസ് ബുക്കിനെ കുറിച്ച് ഇത്രയും അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം ....

Unknown said...

i saw this article in mathrubhumi online edition.

http://www.mathrubhumi.com/story.php?id=81415

ചാണക്യന്‍ said...

ഫെയ്സ് ബുക്ക് വിവരങ്ങൾക്ക് നന്ദി....

wattakatan said...

വളരെ നല്ല update

അവസാനവമ്പ/ന്‍ said...

വൈകിയാണ് ഇവിടെ എത്തിപ്പെട്ടത്. ക്ഷമിക്കുക.

എന്ത് കൊണ്ട് Facebook സൈന്‍ ഇന്‍ ചെയ്യാന്‍ രണ്ടു ജെന്ടെര്‍ ഓപ്ഷന്‍ മാത്രം നല്‍കിയിരിക്കുന്നു?ബുദ്ധിക്കുറവോ, ടിപിക്കല്‍ ഫസ്റ്റ് വേള്‍ഡ് ബിഗ്‌ ബ്രദര്‍ മനോഭാവമോ?