Monday, February 01, 2010

ആകാശത്ത് എത്ര കണ്ണുകളുണ്ട്

കണ്ണ് തുറന്നിരിക്കുന്നവയും കണ്ണടഞ്ഞവയും ചിതറിപ്പോയവയും...ഭൂമിയെ ചുറ്റുന്ന കൃത്രിമോപഗ്രഹങ്ങളെ ഇത്തരത്തില്‍ മൂന്നായി വിഭജിക്കാം.

1957 ഒക്ടോബര്‍ നാലിന് സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച സ്പുട്‌നിക് -1 ആണ്, ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയ ആദ്യ കൃത്രിമോപഗ്രഹം. അതിനുശേഷം ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ മനുഷ്യന്‍ വിക്ഷേപിച്ചു. അമ്പതോളം രാജ്യങ്ങളാണ് ഇതുവരെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുള്ളത്, പത്ത് രാജ്യങ്ങളുടെ വിക്ഷേപണശേഷി ഉപയോഗിച്ചാണ് അത് സാധിച്ചത്.

918 എണ്ണം ഇപ്പോള്‍ ഭ്രമണപഥത്തില്‍ ചുറ്റി സഞ്ചരിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു. അതില്‍ ഏതാണ്ട് പകുതിയെണ്ണം അമേരിക്കയുടേതാണ്- 435 എണ്ണം. റഷ്യയ്ക്ക് പ്രവര്‍ത്തിക്കുന്ന 86 ഉപഗ്രങ്ങളുണ്ട്, ചൈനക്ക് 53 എണ്ണവും ജപ്പാന് 38 ഉം ഇന്ത്യയ്ക്ക് 17 എണ്ണവും.

'യൂണിയന്‍ ഓഫ് കണ്‍സേണ്‍ഡ് സയന്റിസ്റ്റ്‌സ്' പുറത്തുവിട്ട കണക്കു പ്രകാരം, അമേരിക്കയുടെ 435 ഉപഗ്രഹങ്ങളില്‍ സിവില്‍ വിഭാഗത്തിലുള്ളത് ഏഴും വാണിജ്യപരമായ ഉപയോഗങ്ങള്‍ക്കുള്ളത് 195 എണ്ണവുമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളത് 122 ഉപഗ്രഹങ്ങള്‍, സൈനികാവശ്യങ്ങള്‍ക്കുള്ളതാണ് ബാക്കി 111 എണ്ണം (സൈനികാവശ്യം എന്ന് പറഞ്ഞാല്‍, ചാരപ്രവര്‍ത്തനമാണ് മുഖ്യലക്ഷ്യം).

മേല്‍പ്പറഞ്ഞത് ആകാശത്ത് തുറന്നിരിക്കുന്ന കണ്ണുകളുടെ കാര്യം. അടഞ്ഞുപോയ കണ്ണുകളാണ് ആകാശത്ത് ഇതിലും കൂടുതല്‍, എന്നുവെച്ചാല്‍ പ്രവര്‍ത്തിക്കാത്ത ഉപഗ്രങ്ങള്‍. ഇത്തരം 2371 ഉപഗ്രഹങ്ങള്‍ നിലവില്‍ ഭൂമിയെ ചുറ്റുന്നു എന്നാണ് കണക്ക്.

ഇത്തരം ഉപഗ്രഹങ്ങളുടെ കാര്യത്തില്‍ റഷ്യയ്ക്കാണ് ഒന്നാംസ്ഥാനം - 1310 എണ്ണം. അമേരിക്കയ്ക്ക് പ്രവര്‍ത്തനം നിലച്ച 683 ഉപഗ്രഹങ്ങളുണ്ട്. ചൈനയ്ക്ക് ഈ അക്കൗണ്ടില്‍ 29 ഉപഗ്രഹങ്ങളും ഇന്ത്യയ്ക്ക് 17 ഉപഗ്രഹങ്ങളും ജപ്പാന് 75 ഉപഗ്രഹങ്ങളുമുണ്ട്.

എന്നാല്‍, പാഴ്‌വസ്തുക്കളായി മലിനീകരണ ഭീഷണിയുയര്‍ത്തുന്ന തകര്‍ന്ന ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് കൂടുതല്‍, ചിതറിപ്പോയവ. അമേരിക്കയാണ് ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്. ആ രാജ്യത്തിന്റെ 3250 പാഴ്ഉപഗ്രഹങ്ങളാണ് ഭൂമിയെ വലംവെയ്ക്കുന്നത്. റഷ്യയ്ക്കും ചൈനയ്ക്കും ഇത്തരം 2690 പാഴ്ഉപഗ്രഹങ്ങള്‍ വീതമുണ്ട്. ഇന്ത്യയുടെ 106 പാഴ് ഉപഗ്രഹങ്ങള്‍ ഭൂമിയെ ചുറ്റുന്നുണ്ട്, ജപ്പാന്റേതായി 73 എണ്ണവും.

NB: ആകാശത്തെ ഉപഗ്രഹക്കണ്ണുകളും അവയുടെ ഉടമസ്ഥരും ആരെന്നറിയാന്‍ മൈക്കല്‍ പൗക്കനറുടെ ഈ ഫ്‌ളിക്കര്‍ ഗ്രാഫിക്‌സ് കാണുക. കൂടുതല്‍ വിവരങ്ങള്‍ യൂണിയന്‍ ഓഫ് കണ്‍സേണ്‍ഡ് സയന്റിസ്റ്റുകള്‍ പുറത്തിറക്കിയ ഡാറ്റാബേസില്‍ ലഭ്യമാണ്.

വാല്‍ക്കഷണം: ചാരന്‍മാരും അല്ലാത്തവരുമായി 918 കൃത്രിമോപഗ്രഹങ്ങള്‍ ഭൂപ്രതലത്തിന്റെ ഒരോ ഇഞ്ചും അരിച്ചു പെറുക്കുന്ന കാലത്താണ്, ഓണ്‍ലൈന്‍ ഭൂപടത്തില്‍ എങ്ങനെ വിവരങ്ങള്‍ ചേര്‍ക്കാം എന്നകാര്യം നാട്ടുകാരെ പഠിപ്പിക്കാന്‍ നടക്കുന്ന ഗൂഗിള്‍മാപ്പിങ് പാര്‍ട്ടി, സംസ്ഥാനസുരക്ഷയെ ബാധിക്കുമെന്ന് നമ്മുടെ ഇന്റലിജന്‍സ് വകുപ്പ് പറയുന്നത്. ഇവന്‍മാര്‍ മാപ്പിങ് പാര്‍ട്ടി നടത്തി വിവരം ചേര്‍ത്തിട്ടു വേണം കേരളത്തെ ഒന്ന് ആക്രമിക്കാന്‍ എന്നു കരുതി പാവം ഭീകരര്‍ കാത്തിരിക്കുകയാണ്!

7 comments:

Joseph Antony said...

ചാരന്‍മാരും അല്ലാത്തവരുമായി 918 കൃത്രിമോപഗ്രഹങ്ങള്‍ ഭൂപ്രതലത്തിന്റെ ഒരോ ഇഞ്ചും അരിച്ചു പെറുക്കുന്ന കാലത്താണ്, ഓണ്‍ലൈന്‍ ഭൂപടത്തില്‍ എങ്ങനെ വിവരങ്ങള്‍ ചേര്‍ക്കാം എന്നകാര്യം നാട്ടുകാരെ പഠിപ്പിക്കാന്‍ നടക്കുന്ന ഗൂഗിള്‍മാപ്പിങ് പാര്‍ട്ടി, സംസ്ഥാനസുരക്ഷയെ ബാധിക്കുമെന്ന് നമ്മുടെ ഇന്റലിജന്‍സ് വകുപ്പ് പറയുന്നത്. ഇവന്‍മാര്‍ മാപ്പിങ് പാര്‍ട്ടി നടത്തി വിവരം ചേര്‍ത്തിട്ടു വേണം കേരളത്തെ ഒന്ന് ആക്രമിക്കാന്‍ എന്നു കരുതി പാവം ഭീകരര്‍ കാത്തിരിക്കുകയാണ്!

K J Jacob said...

Relevant post.

But I have a doubt on ur tailpiece: have the terrorists access to the info collected by these spy and non-spy satelites?

നന്ദന said...

വാല്‍ക്കഷണത്തിന്റെ അടിയിലൊരൊപ്പ്

Joseph Antony said...

ജേക്കബ്ബ്,
ഇത്രയും ഉപഗ്രഹങ്ങളില്‍ നല്ലൊരു പങ്കും കൊമേഴ്‌സിയല്‍ ഉപഗ്രഹങ്ങളാണ്. ആവശ്യക്കാര്‍ക്ക് ലോകത്തിന്റെ ഏത് ഭാഗത്തെയും വ്യക്തമായ ദൃശ്യം എത്തിച്ചുകൊടുക്കാന്‍ ഇത്തരം ഉപഗ്രഹകമ്പനികളില്‍ മിക്കവയും തയ്യാറാണ് (അതാണ് അവരുടെ ബിസിനസ്)....ഞങ്ങള്‍ ടെററിസ്റ്റുകളാണെന്നു പറഞ്ഞ് ആരും വിവരങ്ങള്‍ ഓര്‍ഡര്‍ ചെയ്യില്ലല്ലോ. അതുകൊണ്ട് ലോകത്തിന്റെ ഏത് ഭാഗത്തെയും സൂക്ഷ്മവിവരങ്ങള്‍ കിട്ടുക ഇന്ന് അത്ര പ്രയാസമുള്ള സംഗതിയല്ല. എന്തെങ്കിലും രഹസ്യമാക്കിവെയ്ക്കുക ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടാണെന്ന് സാരം.

sainualuva said...

ഈ പാഴ്വസ്തുക്കളും, ഉപയോഗം നിലച്ചതുഉം , എല്ലാം അവസാനം എന്തായി തീരും .......

ചതുര്‍മാനങ്ങള്‍ said...

"ചാരന്‍മാരും അല്ലാത്തവരുമായി 918 കൃത്രിമോപഗ്രഹങ്ങള്‍ ഭൂപ്രതലത്തിന്റെ ഒരോ ഇഞ്ചും അരിച്ചു പെറുക്കുന്ന കാലത്താണ്..."

"ഇത്രയും ഉപഗ്രഹങ്ങളില്‍ നല്ലൊരു പങ്കും കൊമേഴ്‌സിയല്‍ ഉപഗ്രഹങ്ങളാണ്. ആവശ്യക്കാര്‍ക്ക് ലോകത്തിന്റെ ഏത് ഭാഗത്തെയും വ്യക്തമായ ദൃശ്യം എത്തിച്ചുകൊടുക്കാന്‍ ഇത്തരം ഉപഗ്രഹകമ്പനികളില്‍ മിക്കവയും തയ്യാറാണ് (അതാണ് അവരുടെ ബിസിനസ്)....ഞങ്ങള്‍ ടെററിസ്റ്റുകളാണെന്നു പറഞ്ഞ് ആരും വിവരങ്ങള്‍ ഓര്‍ഡര്‍ ചെയ്യില്ലല്ലോ. അതുകൊണ്ട് ലോകത്തിന്റെ ഏത് ഭാഗത്തെയും സൂക്ഷ്മവിവരങ്ങള്‍ കിട്ടുക ഇന്ന് അത്ര പ്രയാസമുള്ള സംഗതിയല്ല.....""

ആ ഡാറ്റബേസ്‌ ഒന്നു ഓടിച്ചെങ്കിലും വായിച്ചു നോക്കമയിരുന്നു. എങ്കില്‍ ഇത്തരം അബദ്ധങ്ങല്‍ പറയേണ്ടി വരില്ലായിരുന്നു...

താങ്കള്‍ കൊടുത്തിരിക്കുന്ന ഡാറ്റബേസില്‍ ഇങ്ങിനെ പറയുന്നു

What are these 383 commercial satellites doing out there? Nearly all of them (367, or 94%) are used for communications.

Fourteen (4%) are Earth Observation/Remote
Sensing satellites (like GeoEye),

6 (2%) are Technology Development, and 2 (1%) are
Navigation Demonstration

അതായതു ഈ അരിച്ചുപെറുക്കല്‍ നടത്തുന്നതു 4% മാത്രമാണു. private satellite എല്ലാം international treaties വച്ചു റെഗുലേറ്റെഡ്‌ ആണു, google mapping നടത്തുന്ന Geoeye ഉള്‍പ്പെടെ.

Unknown said...

etrayokke kannukalundayitum moonil allah nu ezhuthethinte oru photo polum eduthillallo haramporoppukal