ഭൂമിക്ക് ഗോളാകൃതിയായതിനാല്‍ ആദ്യ കൃത്രിമ ഉപഗ്രഹത്തിനും ഗോളാകൃതി വേണമെന്ന് സോവിയറ്റ് ശാസ്‌ത്രജ്ഞര്‍ തീരുമാനിച്ചു. ശീതയുദ്ധകാലത്തെ സോവിയറ്റ് ആയുധപ്പുരയിലാണ് സ്‌പുട്‌നിക്ക് രൂപംകൊണ്ടതെങ്കിലും, അതിന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ സംഭവിച്ചത് ബഹിരാകാശ യുഗത്തിന്റെ പിറവിയാണ്. അതിനിപ്പോള്‍ അരനൂറ്റാണ്ട് തികയുന്നു.
"സോവിയറ്റ് യൂണിയന്‍ ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് തൊടുത്തു വിട്ടിരിക്കുന്നു. അത് ഭൂമിയെ മണിക്കൂറില്‍ 18,000 മൈല്‍ വേഗത്തിലാണ് ചുറ്റുന്നത്. ആ ഗോളം യു.എസിന് മുകളിലൂടെ നാലുതവണ കടന്നു പോയതായി കണ്ടെത്തി"-ഒട്ടൊരു അവശ്വസനിയതയോടെ 1957 സപ്‌തംബര്‍ അഞ്ചിന്റെ 'ന്യൂയോര്‍ക്ക് ടൈംസ്' അതിന്റെ രണ്ടുവരി തലവാചകത്തില്‍ വിളംബരം ചെയ്‌തു. ന്യൂയോര്‍ക്ക് ടൈംസ് മാത്രമല്ല, അമേരിക്കന്‍ ശാസ്‌ത്രസമൂഹമാകെ അവിശ്വസനിയതയോടെയും നടുക്കത്തോടെയുമാണ്, സോവിയറ്റ് യൂണിയന്‍ കൃത്രമ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചിരിക്കുന്നു എന്ന വാര്‍ത്ത ശ്രവിച്ചത്.
'സ്‌പുട്‌നിക്ക്-1' ആയിരുന്നു ആ ഉപഗ്രഹം. അവിടെ നിന്നാണ് ബഹിരാകാശയുഗത്തിന്റെ തുടക്കം. 83.5 കിലോഗ്രാം ഭാരമുള്ള ഗോളാകൃതിയിലുള്ള ആ ക്യാപ്‌സ്യൂള്‍, 1957 ഓക്ടോബര്‍ നാലിനാണ് ഭ്രമണപഥത്തിലെത്തിയത്. "ഭൂമിക്ക് ഗോളാകൃതിയാണുള്ളത്, അതിനാല്‍ ഉപഗ്രഹത്തിനും ഗോളാകൃതി വേണം" എന്ന് നിശ്ചയിച്ചതായി, സോവിയറ്റ് സ്‌പേസ് പ്രോഗ്രാമിന്റെ സ്ഥാപകരില്‍ ഒരാളായ ബൊറിസ് ചെര്‍റ്റോക്ക് പിന്നീട് അറിയിച്ചു. സോവിയറ്റ് സ്‌പേസ് പ്രോഗ്രാമിന്റെ പിതാവെന്നറിയപ്പെടുന്ന സെര്‍ജി കൊറോലേവ് ആണ് ഗോളാകൃതി നിര്‍ദ്ദേശിച്ചത്.
സ്‌പുട്‌നിക്കിനെ ഒക്‌ടോബര്‍ ആറിന് വിക്ഷേപിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, അതിന്റെ തലേ ദിവസം അമേരിക്കക്കാര്‍ എന്തോ ഒന്ന് ആസൂത്രണം ചെയ്യുന്നതായി കൊറോലേവ് സംശയിച്ചു. അതിനാല്‍, വിക്ഷേപണ സമയപരിധി വെട്ടിച്ചുരുക്കി ഒക്ടോബര്‍ നാലാക്കുകയായിരുന്നു. വെറും മൂന്നുമാസം കൊണ്ട് നിര്‍മിച്ച സ്‌പുട്‌നിക്കില്‍ കാര്യമായ ഗവേഷണ ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്‌പേസിലെത്തി ഭൂമിയെ ഭ്രമണം ചെയ്‌തു എന്നതൊഴിച്ചാല്‍, അത് ഗൗരവമേറിയ ഡാറ്റയൊന്നും നല്‍കിയതുമില്ല. ചിതറിയ ശബ്ദത്തിലുള്ള ഏതാനും ബീപ്, ബീപ് ശബ്ദങ്ങള്‍ മാത്രമാണ് അത് സ്‌പേസില്‍ നിന്ന് ഭൂമിയിലേക്ക് അയച്ചത്. ഏതായാലും മനുഷ്യനിര്‍മിതമായ ആദ്യ ഉപഗ്രഹം എന്ന നിലയ്‌ക്ക് ചരിത്രത്തില്‍ സ്ഥാനം നേടാനായിരുന്നു അതിന്റെ വിധി.
യഥാര്‍ഥത്തില്‍ ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമായി സോവിയറ്റ് യൂണിയന്‍ അയച്ചതല്ല സ്‌പുട്‌നിക്ക്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഗവേഷണത്തിനിടെ യാദൃശ്ചികമായി സംഭവിച്ചു പോയതാണത്. 1945-ല്‍ ജപ്പാനില്‍ അമേരിക്കയിട്ട ആറ്റംബോംബിന്റെ നടുക്കത്തില്‍ നിന്നാണ് സോവിയറ്റ് യൂണിയന്റെ ബാലിസ്‌റ്റിക് മിസൈല്‍ പ്രോഗ്രാമിന്റെ തുടക്കം. അമേരിക്കയുടെ പക്കല്‍ ആറ്റംബോംബും അതു വര്‍ഷിക്കാനുള്ള പോര്‍വിമാനങ്ങളും ഉണ്ടെന്നു മാത്രമല്ല, യൂറോപ്പ്, തുര്‍ക്കി, ജപ്പാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൈനിക സാന്നിധ്യം വ്യാപിപ്പിക്കുക വഴി അമേരിക്ക സോവിയറ്റ് യൂണിയന് ചുറ്റും നിലയുറപ്പിച്ചിരിക്കുന്നു എന്ന സ്ഥിതിയുണ്ടായി.
അമേരിക്കയ്‌ക്കു ബദലായി 1949-ല്‍ സോവിയറ്റ് യൂണിന്‍ ആറ്റംബോംബ് പരീക്ഷിച്ചു. അവസാന ആയുധം എന്നു കണക്കുന്ന ഹൈഡ്രജന്‍ ബോംബിനായി സോവിയറ്റ് ആണവശാസ്‌ത്രജ്ഞന്‍ ആന്‍ഡ്രേയ് സഖാറോവിന്റെയും സംഘവും അതിനകം ശ്രമമാരംഭിച്ചിരുന്നു. പക്ഷേ, ഏത് വാഹനം ഇത്തരം ബോംബുകള്‍ ലക്ഷ്യത്തിലെത്തിക്കും. രണ്ടാംലോക മഹായുദ്ധകാലത്ത് ജര്‍മനി ഉപയോഗിച്ചിരുന്ന V-2 റോക്കറ്റുകള്‍ എതിരാളികളെ എത്ര ഭീതിയിലാഴ്‌ത്തിയിരുന്നു എന്നത് സോവിയറ്റ് യൂണിയന് അറിവുള്ളതാണ്. സ്‌റ്റാലിന്‍ അന്നേ അതിന്റെ പ്രധാന്യം കണ്ടു.
1945-ല്‍ ചുമപ്പുസേന കിഴക്കന്‍ ജര്‍മനിയില്‍ കടന്നപ്പോള്‍, സെര്‍ജി കൊറോലേവും വാലെന്റിന്‍ ഗ്ലുഷ്‌കോയും ഉള്‍പ്പടെയുള്ള സോവിയറ്റ് വിദഗ്‌ധരുടെ വലിയൊരു സംഘം ഒപ്പമുണ്ടായിരുന്നു. V2 റോക്കറ്റിന്റെ ജന്മസ്ഥാനമെന്നു കണക്കാക്കുന്ന പീനിമുന്‍ഡെയില്‍ നിന്ന് കിട്ടാവുന്ന എല്ലാ രേഖകളും ഉപകരണങ്ങളും, പുരവസ്‌തു ഗവേഷകരെപ്പോലെ അവര്‍ ശേഖരിച്ചു. അവിടെ അവശേഷിച്ചിരുന്ന ജര്‍മന്‍ വിദഗ്‌ധരും സഹായിച്ചു. V2 റോക്കറ്റിന്റെ പിതാവായ വേണ്‍ഹര്‍ വോന്‍ ബ്രോനിന്റെ രഹസ്യങ്ങള്‍ പുനസൃഷ്ടിക്കാനായിരുന്നു അത്. ലഭിച്ച വിവരങ്ങള്‍ സമ്മേളിപ്പിച്ച് പൂര്‍ണമായി ഒരു റോക്കറ്റ് രൂപകല്‍പ്പന ചെയ്യാനും പരീക്ഷിക്കാനും 18 മാസമെടുത്തു.
1947-ല്‍ ആ സാമിഗ്രികളും രേഖകളുമെല്ലാം സോവിയറ്റ് യൂണിയനിലെത്തിച്ചു. ജര്‍മന്‍ വിദഗ്‌ധരെയും കൊണ്ടുവന്നു. അങ്ങനെയാണ് വിപുലമായ രീതിയിലൊരു റോക്കറ്റ് പ്രോഗ്രാം സോവിയറ്റ് യൂണിയന്‍ തുടങ്ങുന്നത്. കൊറോലേവിനും ഗ്ലുഷ്‌കോയ്‌ക്കും ആ പ്രോഗ്രാമിന്റെ തലപ്പത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. V2 റോക്കറ്റില്‍ നിന്ന് കടംകൊണ്ട ആശയം ഉപയോഗിച്ചാണ്, 1953-ല്‍ കൊറോലേവും സംഘവും R-7 മിസൈല്‍ പ്രോഗ്രാം ആരംഭിക്കുന്നത്. ഹൈഡ്രജന്‍ ബോംബുകള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനായിരുന്നു ആ പദ്ധതി.
പക്ഷേ, ഹൈഡജന്‍ ബോംബിന് എത്ര വലിപ്പമുണ്ടാകുമെന്ന് R-7 പദ്ധതി തുടങ്ങുന്ന ഘട്ടത്തില്‍ ആര്‍ക്കും ഒരു ധാരണയും ഉണ്ടായിരുന്നില്ല. R-7 റോക്കറ്റിന് ഹൈഡ്രജന്‍ ബോംബ് വഹിക്കാനാവില്ല എന്ന് താമസിയാതെ വ്യക്തമായി. പിന്നീട് ആ റോക്കറ്റിന് ഒട്ടേറെ തവണ നവീകരണവും പുനര്‍നാമകരണവും നടന്നു. ഇന്നു റഷ്യ ഉപയോഗിക്കുന്ന 'സോയുസ്' റോക്കറ്റ് R-7 ന്റെ പിന്‍ഗാമിയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്‌ക്ക് ഇന്ന് സഹായിക്കുന്നത് സോയുസ് റോക്കറ്റുകളാണ്.
അമ്പതുകളില്‍ R-7 പ്രോഗ്രാം പുരോഗമിക്കുന്ന വേളയില്‍ തന്നെ, ആ റോക്കറ്റിന്റെ സഹായത്തോടെ മനുഷ്യനിര്‍മിത ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാന്‍ അനുവാദം നല്‍കാന്‍ സോവിയറ്റ് നേതൃത്വത്തോട് കൊറോലേവ് ആവശ്യപ്പെട്ടു. യു.എന്നിന്റെ നേതൃത്വത്തില്‍ 'അന്താരാഷ്ട്ര ജിയോഫിസിക്കല്‍ വര്‍ഷം' (IGY) ആയി 1957-1958 ആചരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, 1956 മെയില്‍ കൊറോലേവിന് സോവിയറ്റ് അധികാരികള്‍ ഉപഗ്രഹവിക്ഷപണത്തിന് അനുവാദം നല്‍കി. അങ്ങനെ 'സ്‌പുട്‌നിക്ക്-1' 1957 -ല്‍ ഭ്രമണപഥത്തിലെത്തി.
അതേവര്‍ഷം തന്നെ, ഒക്ടോബര്‍ വിപ്ലവത്തിന്റെ നാല്‌പതാം വാര്‍ഷികം പ്രമാണിച്ച്, നികിത ക്രൂഷ്‌ച്ചേവിന്റെ നിര്‍ദ്ദേശപ്രകാരം 'സ്‌പുട്‌നിക്ക്-2' ല്‍ ലെയ്‌ക്കയെന്ന പെണ്‍നായയെ ഭ്രമണപഥത്തിലെത്തിച്ചെങ്കിലും, വാഹനം വിക്ഷേപിച്ച് അധികം വൈകും മുമ്പ് നായ ചത്തു. ക്രൂഷ്‌ച്ചേവിന്റെ തിടുക്കത്തിലുള്ള പ്രഖ്യാപനം സഫലമാക്കാന്‍ വേണ്ടി, വേണ്ടത്ര മുന്നൊരുക്കമോ ഗവേഷണമോ കൂടാതെയാണ് സ്‌പുട്‌നിക്ക്-2 വിക്ഷേപിച്ചത്. അതിനാല്‍, ആ വിക്ഷേപണത്തില്‍ നിന്നു കാര്യമായ എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ല. നിരീക്ഷണങ്ങള്‍ക്കുള്ള ഉപകരണങ്ങളോടെ ബഹിരാകാശത്തെത്തുന്ന ആദ്യ ഉപഗ്രഹം 'സ്‌പുട്‌നിക്ക്-3' ആണ്. പക്ഷേ, ഭ്രമണപഥത്തില്‍ വെച്ച് അതിലെ ടേപ്പ് റിക്കോര്‍ഡര്‍ തകരാറിലായതിനാല്‍ അധികം വിവരങ്ങളൊന്നും ഭൂമിയിലെത്തിയില്ല.
ബാലിസ്‌റ്റിക് മിസൈല്‍ പ്രോഗ്രാമിന്റെ ഭാഗമായി സ്‌പുട്‌നിക്ക് വിക്ഷേപിച്ചതു പോലെ, പില്‍ക്കാലത്തും ബഹിരാകാശ പര്യവേക്ഷണം പ്രതിരോധ ഗവേഷണവുമായി ബന്ധപ്പെടുത്തിയാണ് സോവിയറ്റ് യൂണിയന്‍ നടത്തിയത്. എന്നാല്‍, അമേരിക്കന്‍ ബഹിരാകാശ പരിപാടി ആരംഭിക്കുന്നത് വ്യത്യസ്‌തമായ രീതിയിലാണ്. 1958-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ച 'സ്‌പേസ് ആക്ടി'ന്റെ അടിസ്ഥാനത്തില്‍, ഒരു സിവിലിയന്‍ ഏജന്‍സിയായാണ് 'നാഷണല്‍ എയ്‌റോനോട്ടിക്കല്‍ സ്‌പേസ് അഡ്‌മിനസ്‌ട്രേഷന്‍'(NASA) രൂപം കൊണ്ടത്.(അവലംബം: സയന്‍സ് ഗവേഷണ വാരിക, വിക്കിപീഡിയ, ടൈംസ് ഓഫ് ഇന്ത്യ)
5 comments:
ഏതാനും ചിതറിയ ബീപ്, ബീപ് ശബ്ദമേ സ്‌പേസില്‍ നിന്ന് സ്‌പുട്‌നിക്ക് ഭൂമിയിലേക്ക് അയച്ചുള്ളു. പില്‍ക്കാലത്ത്, പ്രപഞ്ചത്തിന്റെ വിദൂരകോണുകളില്‍ നിന്ന് വ്യക്തമായ ചിത്രങ്ങളും ശബ്ദങ്ങളും ശ്രവിക്കാന്‍ മനുഷ്യനെ സഹായിച്ച ബഹിരാകാശ പര്യവേക്ഷണത്തിന്റെ എളിയ തുടക്കമായിരുന്നു അത്. ബഹിരാകാശ യുഗം ആരംഭിച്ചിട്ട് ഒക്‌ബോര്‍ നാലിന് അരനൂറ്റാണ്ട് തികയുന്ന വേളയില്‍, ആദ്യ ഉപഗ്രഹത്തിന്റെ പിറവിക്കു പിന്നിലെ രഹസ്യങ്ങളിലേക്ക് ഒരു എത്തിനോട്ടം.
ബഹിരാകാശ യുഗത്തിന്‍ അര നൂറ്റാണ്ടു തികയുന്ന ഈ വേളയില്‍ ഇത്തരത്തിലുള്ള ഒരു പോസ്റ്റ് സ്വാഗതാര്‍ഹം തന്നെ.
നന്ദി. പോസ്റ്റിന് ആശംസകള്‍...
:)
നല്ല ലേഖനം.
50-ാം വാര്‍ഷികത്തില്‍ തന്നെ എഴുതണം. അമ്മാവന് സ്പുട്നിക് എന്നു കരുതി..ഇപ്പോ എന്തോന്ന് റഷ്യ?
മിഗ് പ്ലയിനുകള്‍ ഇപ്പോഴും ക്ലച്ച് പിടിച്ചാണൊ അതോ ഓട്ടോമാറ്റിക് ആക്കിയോ? :)
ശ്രീ, അഞ്ചല്‍ക്കാരന്‍, തന്പിയളിയന്‍ - ഇവിടെയെത്തിയ അഭിപ്രായം രേഖപ്പെടുത്തിയ നിങ്ങള്‍ക്ക് സ്വാഗതം
Post a Comment