Sunday, January 31, 2010

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍-6 നെ ഇനി ഗൂഗിളും പിന്തുണയ്ക്കില്ല


'ആര് വിരുന്നു വന്നാലും കിടക്കപ്പൊറുതിയില്ലാത്തത് കോഴിക്ക്' എന്ന് പറയുന്നതുപോലെയാണ് കാര്യം. ആര്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നാലും, ഒടുവില്‍ അത് കറങ്ങിത്തിരിഞ്ഞ് മൈക്രോസോഫ്ടിന്റെ പിടലിക്ക് വരും. ഗൂഗിളിനെതിരെ ചൈനയില്‍ നിന്നുണ്ടായ ആക്രമണത്തിന്റെ കാര്യത്തിലും സംഭവം വ്യത്യസ്തമായില്ല. മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍-6 നുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രസ്താവിച്ചിരിക്കുകയാണ് ഗൂഗിള്‍.

മാര്‍ച്ച് ഒന്ന് മുതല്‍ 'ഗൂഗിള്‍ ഡോക്‌സ്' പോലുള്ള സര്‍വീസുകള്‍ എക്‌സ്‌പ്ലോറര്‍ ഉപയോഗിച്ച് ബ്രൗസ് ചെയ്താല്‍ ശരിയായി കിട്ടിക്കൊള്ളണമെന്നില്ലെന്ന് ഗൂഗിള്‍ പറയുന്നു. കഴിയുന്നതും വേഗം ബ്രൗസര്‍ അപ്‌ഗ്രേഡ് ചെയ്യാനാണ് ഉപഭോക്താക്കളോടുള്ള ഗൂഗിളിന്റെ ഉപദേശം.

കഴിഞ്ഞ വര്‍ഷമാണ് ഗൂഗിളിനെതിരെ ചൈനയില്‍ നിന്ന് സൈബര്‍ ആക്രമണം നടന്നത് (അതിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് കഴിഞ്ഞ ജനവരി 12-ന് ഗൂഗിള്‍ സൂചന നല്‍കിയിരുന്നു). ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലെ ചില പഴുതുകളാണ് ഗൂഗിളിനെതിരെ ആക്രമണം നടത്താന്‍ കമ്പ്യൂട്ടര്‍ ഭേദകര്‍ക്ക് സഹായകമായതെന്ന് മൈക്രോസോഫ്ട് തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇക്കാര്യം പുറത്തു വന്നയുടന്‍ ജര്‍മനിയും ഫ്രാന്‍സും തങ്ങളുടെ പൗരന്‍മാരോട് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും, പുതിയ തലമുറയില്‍ പെട്ട മറ്റൊരു ബ്രൗസര്‍ ആശ്രയിക്കാനും ഉപദേശം നല്‍കിയിരുന്നു. അതെത്തുടര്‍ന്ന് എക്‌സ്‌പ്ലോററിന്റെ ദൗര്‍ബല്യം പരിഹരിക്കാനുള്ള അപ്‌ഡേറ്റ് മൈക്രോസോഫ്ട് ഉടന്‍ പുറത്തിറക്കി. എന്നാല്‍, അതുകൊണ്ട് ഫലമുണ്ടായില്ല എന്നാണ് ഗൂഗിളിന്റെ പുതിയ തീരുമാനം വ്യക്തമാക്കുന്നത്.

എക്‌സ്‌പ്ലോററിനുള്ള പിന്തുണ ഗൂഗിള്‍ അവസാനിപ്പിക്കുന്നത് ഘട്ടംഘട്ടമായിട്ടായിരിക്കും. ഗൂഗിള്‍ ഡോക്‌സും ഗൂഗിള്‍ സൈറ്റുകളും മാര്‍ച്ച് ഒന്നിന് ശേഷം എക്‌സ്‌പ്ലോററില്‍ ശരിക്കു പ്രവര്‍ത്തിച്ചു എന്നു വരില്ല, അതായിരിക്കും തുടക്കം. 'പോയ പത്തുവര്‍ഷത്തിനുള്ളില്‍ വെബ്ബ് കാര്യമായി വളര്‍ന്നു. സാധാരണ പേജുകളില്‍ നിന്ന് വീഡിയോ, ഓഡിയോ ഉള്‍പ്പടെയുള്ള ഇന്ററാക്ടീവ് ആപ്ലിക്കേഷനുകളിലേക്ക് അത് മാറിക്കഴിഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ പഴയ ബ്രൗസറുകളില്‍ പ്രവര്‍ത്തിക്കില്ല'-ഗൂഗിളിന്റെ രാജന്‍ ഷേത്ത് ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു.

ലോകത്താകമാനം ഏതാണ്ട് 20 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഇപ്പോഴും ഒന്‍പത് വര്‍ഷം പഴക്കമുള്ള എക്‌സ്‌പ്ലോറര്‍-6 ആണ് ഉപയോഗിക്കുന്നത്. ഒട്ടേറെ ഇന്റര്‍നെറ്റ് കമ്പനികള്‍ ഈ പഴയ ബ്രൗസര്‍ കഴിയുന്നതും വേഗം ഉപേക്ഷിക്കണം എന്ന ആവശ്യക്കാരാണ്. പല കമ്പനികളും അതിനുള്ള പിന്തുണ അവസാനിപ്പിച്ചു കഴിഞ്ഞു. എന്നാല്‍, 2014 വരെ എക്‌സ്‌പ്ലോററിനെ പിന്തുണയ്ക്കുമെന്നാണ് മൈക്രോസോഫ്ട് വ്യക്തമാക്കിയിട്ടുള്ളത്.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനുണ്ടാകുന്ന തിരിച്ചടി, ഓപ്പണ്‍-സോഴ്‌സ് ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സ്, ഗൂഗിളിന്റെ തന്നെ ബ്രൗസറായ ഗൂഗിള്‍ ക്രോം മുതലായവയ്ക്കാകും ഗുണം ചെയ്യുക. വെബ് വിശകലനം നടത്തുന്ന 'സ്റ്റാറ്റ്കൗണ്ടര്‍' കമ്പനിയുടെ കണക്കു പ്രകാരം, ആഗോളതലത്തില്‍ എക്‌സ്‌പ്ലോററിനെ അപേക്ഷിച്ച് ഫയര്‍ഫോക്‌സ് രണ്ടാംസ്ഥാനത്താണ്.

ലോകത്ത് 45 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്തക്കള്‍ ബ്രൗസ് ചെയ്യാന്‍ എക്‌സ്‌പ്ലോററിന്റെ പഴയതും പുതയതുമായ വകഭേദങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നത് 40 ശതമാനം പേരാണ്. എന്നാല്‍, എന്നാല്‍, ജര്‍മനി, ഓസ്ട്രിയ തുടങ്ങിയ ചില രാജ്യങ്ങളില്‍ ഫയര്‍ഫോക്‌സ് മുന്നിലെത്തിക്കഴിഞ്ഞു. പുതിയ കാലം പുതിയ ബ്രൗസറുകളുടേതായിരിക്കും എന്ന് സാരം.
(അവലംബം: Official Google Enterprise Blog)

കാണുക

3 comments:

Joseph Antony said...

'ആര് വിരുന്നു വന്നാലും കിടക്കപ്പൊറുതിയില്ലാത്തത് കോഴിക്ക്' എന്ന് പറയുന്നതുപോലെയാണ് കാര്യം. ആര്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നാലും, ഒടുവില്‍ അത് കറങ്ങിത്തിരിഞ്ഞ് മൈക്രോസോഫ്ടിന്റെ പിടലിക്ക് വരും. ഗൂഗിളിനെതിരെ ചൈനയില്‍ നിന്നുണ്ടായ ആക്രമണത്തിന്റെ കാര്യത്തിലും സംഭവം വ്യത്യസ്തമായില്ല. മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍-6 നുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രസ്താവിച്ചിരിക്കുകയാണ് ഗൂഗിള്‍.

വി. കെ ആദര്‍ശ് said...

'ആര് വിരുന്നു വന്നാലും കിടക്കപ്പൊറുതിയില്ലാത്തത് കോഴിക്ക്' എന്ന് പറയുന്നതുപോലെയാണ് കാര്യം.

‘പുഴ വറ്റുകയും പട്ടി തുടലു പൊട്ടിക്കുകയും ചെയ്താലോ’

ഈയടുത്ത കാലത്തായി കുറിക്കു കൊള്ളുന്ന രസകരമായ പ്രയോഗങ്ങളാല്‍ സമ്പല്‍‌സ‌മൃദ്ധമാണല്ലോ കുറിഞ്ഞി ഓണ്‍‌ലൈന്‍

Akshay S Dinesh said...

അയ്യോ ചൈനയില്‍ ആക്രമം നടന്നത് കൊണ്ടൊന്നുമല്ല.
html5, faster javascript, തുടങ്ങിയ അതി നൂതന സാങ്കേതിക വിദ്യകള്‍ക്കുള്ള സപ്പോര്‍ട്ട് ഇന്റര്‍നെറ്റ്‌ എക്സ്പ്ലോരെര്‍ ആറിനു ഇല്ലാത്തതിനാല്‍, ഗൂഗിളിന്റെ ചില സയിട്ടുകള്‍ അതില്‍ പ്രവര്തിക്കാതാവും, അത്ര മാത്രം. അത് firefox 3, chrome 4, safari 3 എന്നിവയ്ക്ക് മുമ്പുണ്ടായിരുന്ന വേര്‍ഷന്‍ കള്‍ക്കും ബാധകമാണ്.
മാത്രമല്ല ഇന്റര്‍നെറ്റ്‌ എക്സ്പ്ലോരെര്‍ 7 മുതല്‍ അങ്ങോട്ട്‌ പ്രവര്‍ത്തിക്കുകയും ചെയ്യും.

"നാടോടുമ്പോള്‍ നടുവേ ഓടണം"