പല വഴികള്‍ ഒത്തുചേരണം
അരനൂറ്റാണ്ടുമുമ്പ് ലോകം വികസിപ്പിച്ച ടെക്നോളജിയാണ് കംപോസ്റ്റിങ് രംഗത്ത് ഇപ്പോള്‍ കേരളം ഉപയോഗിക്കുന്നത്. അതിനുമുകളില്‍ മാത്രം അടയിരിക്കാതെ പുതിയ സങ്കേതങ്ങള്‍കൂടി പരീക്ഷിക്കാന്‍ കേരളം തയ്യാറാകണമെന്ന അഭിപ്രായക്കാരുമുണ്ട്. ഇസ്രായേലി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത 'ആരോബയോ'സങ്കേതമാണ് ഇതിന് ഉദാഹരണം.
ജൈവാവശിഷ്ടങ്ങള്‍ ജീര്‍ണിക്കുമ്പോള്‍ അതില്‍ വലിയൊരളവ് മീഥേന്‍ ആയി മാറും. ശരിയായ സംസ്ക്കരണം നടന്നില്ലെങ്കില്‍ നഗരമാലിന്യത്തിന്റെ (കേരളത്തില്‍ 85 ശതമാനം ജൈവമാലിന്യമാണെന്ന് ഓര്‍ക്കുക) ഏതാണ്ട് 25-30 ശതമാനം മീഥേന്‍ ആയി മാറും. ശരിക്കു പറഞ്ഞാല്‍ ഇത് അനുഗ്രഹമാണ്. കാരണം സാക്ഷാല്‍ ബയോഗ്യാസാണ് ഈ വാതകം. ഊര്‍ജാവശ്യത്തിന് ഇതുപയോഗിക്കാന്‍ കഴിഞ്ഞാല്‍ വലിയൊരു അനുഗ്രഹം തന്നെ. പക്ഷേ, തുറസ്സായ സ്ഥലത്ത് കിടന്ന് മാലിന്യം അഴുകുമ്പോള്‍ മീഥേന്‍ മുഴുവന്‍ അന്തരീക്ഷത്തില്‍ വ്യാപിക്കും. കാര്‍ബണ്‍ഡൈയോക്സയിഡിനെ (CO2) അപേക്ഷിച്ച് 21 മടങ്ങ് ആഗോളതാപനശേഷിയുള്ള വാതകമാണ് മീഥേന്‍. ഒരു മീഥേന്‍ ആറ്റം, 21 CO2 ആറ്റങ്ങളുണ്ടാക്കുന്നത്ര ആഗോളതാപനം സൃഷ്ടിക്കുമെന്ന് സാരം. കേരളത്തില്‍ ദിവസവുമുണ്ടാകുന്ന 6756 ടണ്‍ മാലിന്യത്തില്‍ എത്ര കുറച്ചേ ശരിയായി സംസ്ക്കരിക്കാന്‍ നമുക്ക് കഴിയുന്നുള്ളു. ആ നിലയ്ക്ക് ഭൂമിയെ ചൂടുപിടിപ്പിക്കുന്നതില്‍, മാലിന്യത്തിന്റെ രൂപത്തില്‍ കേരളീയര്‍ എത്ര സംഭാവനയാണ് ചെയ്യുന്നത്. അടിയന്തരമായി നമ്മുടെ സമൂഹം പരിഹരിക്കേണ്ട ഒരു വലിയ പാരിസ്ഥിതികപ്രശ്നം കൂടിയാണ് മാലിന്യത്തിന്റേതെന്ന് സാരം.
ആകെയുള്ള മാലിന്യത്തില്‍ 25-30 ശതമാനം മീഥേന്‍ ആകും. സംസ്ക്കരിച്ചു കഴിഞ്ഞാല്‍, 30-35 ശതമാനം തിരസ്കൃത അവശിഷ്ടങ്ങളാണ്; സാനിറ്ററി എന്‍ജിനിയേര്‍ഡ് ലാന്‍ഡ്ഫില്‍ ആക്കി മറവുചെയ്യേണ്ടവ. ഇതുവെച്ചു നോക്കിയാല്‍, സംസ്ക്കരണം എന്ന് നമ്മള് ഉദ്ദേശിക്കുന്ന കംപോസ്റ്റിങിന്, ആകെയുള്ള മാലിന്യത്തില്‍ എത്ര ശതമാനം ഉപയോഗിക്കാനാവും എന്ന് കണക്കാക്കാവുന്നതേയുള്ളൂ. ഏതാണ്ട് 30 ശതമാനമേ കംപോസ്റ്റാക്കി സംസ്ക്കരിക്കാനാവൂ. എന്നുവെച്ചാല്‍, കേരളത്തില്‍ ദിവസവുമുണ്ടാകുന്ന 6756 ടണ്‍ നഗരമാലിന്യത്തില് 2250 ടണ്‍ മാത്രമേ പരമാവധി ശ്രമിച്ചാലും കംപോസ്റ്റ് ആക്കാന്‍ കഴിയൂ. അതിലും കൂടുതല്‍ ലാന്‍ഡ്ഫില്‍ ആക്കി മറവുചെയ്യേണ്ടി വരും. ദിവസവും ഇത്രയേറെ തിരസ്കൃത മാലിന്യങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. കേന്ദ്രനിയമപ്രകാരം വിന്‍ഡ്രോ കംപോസ്ററിങ് ആണ് നഗരമാലിന്യസംസ്ക്കരണത്തിന് മുഖ്യമായും ശുപാര്‍ശ ചെയ്യപ്പെടുന്നത്. ഈ രീതിയുടെ ദൗര്‍ബല്യവും പരിമിതിയും മേല്‍പ്പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ പരിമിതി മറികടക്കാനുള്ള ഒരു പോംവഴി തിരസ്കൃത മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയെന്നതാണ്. ഉത്ഭവസ്ഥാനത്ത് വെച്ചുതെന്ന പ്ലാസ്റ്റിക്ക്, കുപ്പിച്ചില്ല്, ജൈവമാലിന്യങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചു കിട്ടുകയാണ് അതിന് വേണ്ടത്. കേരളത്തെ സംബന്ധിച്ച് അത്തരമൊരു സംസ്ക്കാരത്തിലേക്ക് നമ്മള് വേഗമെത്തെട്ടെ എന്ന് ആശിക്കാനേ ഇന്നത്തെ നിലയ്ക്കു കഴിയൂ. ഒപ്പം മാലിന്യം മുഴുവന്‍ കമ്പോസ്റ്റിങിന് വിടുകയെന്ന രീതി മാറ്റി, ബയോഗ്യാസാക്കാന്‍ പറ്റുന്നിടത്തോളം അത്തരത്തില്‍ മാറ്റണം. മീഥേന്‍ വാതകം അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ഒരുപരിധി വരെ തടയാന്‍ ഇത് സഹായിക്കും. കംപോസ്റ്റ് നിര്‍മാണത്തിന് കേരളം നേരിടുന്ന മറ്റൊരു വെല്ലുവിളി ഇവിടുത്തെ കാലാവസ്ഥയാണ്. വിന്‍ഡ്രോ കംപോസ്റ്റിങ് നടക്കുമ്പോള്‍, അന്തരീക്ഷത്തിലെ ആര്‍ദ്രത 55 ശതമാനത്തില്‍ കൂടരുത്. എന്നാല്‍, വര്‍ഷകാലത്ത് ഇവിടെയത് 90 ശതമാനത്തിന് മീതെയാകും.
1950-കളില്‍ ലോകം വികസിപ്പിച്ച ടെക്നോളജിയാണ് കംപോസ്റ്റിങിന് ഇപ്പോള്‍ കേരളം ഉപയോഗിക്കുന്നത്. അതിനുമുകളില്‍ മാത്രം അടയിരിക്കാതെ പുതിയ സങ്കേതങ്ങള്‍കൂടി പരീക്ഷിക്കാന്‍ കേരളം തയ്യാറാകണമെന്ന അഭിപ്രായക്കാരുണ്ട്. ഇസ്രായേലി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത 'ആരോബയോ'(ArrowBio) സങ്കേതമാണ് ഇതിന് ഉദാഹരണം. ഈ സങ്കേതമുപയോഗിച്ചുള്ള ആദ്യസംസ്ക്കരണപ്ലാന്റ് ടെല്‍ അവീവില്‍ 2002-ലാണ് സ്ഥാപിച്ചത്. ഇപ്പോള്‍ ഓസ്ട്രേലിയ, സ്കോട്ട്ലന്‍ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ ഒട്ടേറെ നഗരഭരണകൂടങ്ങള്‍ ആരോബയോപ്ലാന്റ് സ്ഥാപിക്കുകയാണ്.
ദുര്‍ഗന്ധമില്ലാതെ നഗരമാലിന്യം സംസ്ക്കരിക്കാം എന്നതാണ് ഈ ആരോബയോ സങ്കേതത്തിന്റെ ഏറ്റവും വലിയ മേന്മയായി ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, ദിവസവും 200 ടണ്‍ മാലിന്യം സംസ്ക്കരിക്കുന്ന പ്ലാന്റ് സ്ഥാപിക്കാന്‍ വെറും രണ്ടര ഏക്കര്‍ സ്ഥലം മതി. ചെലവും ഒരു കമ്പോസ്റ്റിങ് പ്ലാന്റിനെക്കാള്‍ കൂടുതല്‍ വരില്ല (സ്ഥലവില കൂടി കണക്കിലെടുക്കുമ്പോള്‍. കമ്പോസ്റ്റിങിന് വിശാലമായ സ്ഥലം വേണമല്ലോ). വായൂമലിനീകരണമോ ജലമലിനീകരണമോ സൃഷ്ടിക്കാത്തതിനാല്, നഗരത്തിനുള്ളില്‍തന്നെ ആരോബയോ പ്ലാന്റ് സ്ഥാപിക്കാവുന്നതേയുള്ളു. നഗരമാലിന്യത്തിന്റെ ദുരിതം ഗ്രാമങ്ങള്‍ പേറേണ്ടി വരുന്നു എന്ന കാലാകാലമായുള്ള ആരോപണത്തിന് പരിഹാരവുമാകും.
ഈ സങ്കേതത്തില്‍ മാലിന്യം സംസ്ക്കരിക്കുമ്പോള് അല്പ്പവും മീഥേന്‍ പുറത്തുപോകുന്നില്ല. മാലിന്യം മുന്‍കൂട്ടി വേര്‍തിരിക്കണമെന്നില്ല എന്നതാണ് മറ്റൊരു സവിശേഷത. കേരളത്തെ സംബന്ധിച്ച് കീറാമുട്ടിയായ ആ പ്രശ്നം ഇവിടെ പ്രശ്നമേയല്ല എന്ന് സാരം. മാലിന്യത്തില്‍ 90 ശതമാനത്തിലേറെ വീണ്ടെടുക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അവശിഷ്ടങ്ങള്‍ പത്തുശതമാനത്തില്‍ താഴെയേ വരൂ. എന്നുവെച്ചാല്‍, നിലവില്‍ മാലിന്യസംസ്ക്കരണം നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം സമഗ്രമാവും സമര്‍ഥവുമായ പരിഹാരം ആരോബയോ സങ്കേതത്തിലുണ്ടെന്നു സാരം.
മാലിന്യം ഒന്നോടെ വെള്ളത്തിലിട്ടാല്‍ പ്ലാസ്റ്റിക്ക് പോലുള്ള കനംകുറഞ്ഞവ പൊങ്ങിക്കിടക്കുകയും, കുപ്പിച്ചില്ല്, ലോഹഭാഗങ്ങള്‍ മുതലായവ അടിയിലെത്തുകയും, മാലിന്യത്തിലെ നാറ്റമുണ്ടാക്കുന്ന ദ്രവഭാഗം വെള്ളത്തിലൊഴുകി പോവുകയും ചെയ്യും എന്ന ലളിതമായ തത്ത്വമാണ് ഈ സങ്കേതത്തില്‍ പ്രയോജനപ്പെടുത്തുന്നത്. പ്ലാസ്റ്റിക്കും ലോഹങ്ങളും ഗ്ലാസും മറ്റും കഴുകി വൃത്തിയാക്കിയ നിലയില്‍ ലഭിക്കുമെന്നതിനാല്‍ അത് പുനരുപയോഗം ചെയ്യാന്‍ ബുദ്ധിമുട്ടില്ല. ജൈവസമ്പുഷ്ടമായ ജലം ഒരു പ്ലാന്റിലാണ് എത്തുക. അതില്‍നിന്നുള്ള ഗ്യാസ് വൈദുതിയുത്പാദനത്തിന് ഉപയോഗിക്കും. ബാക്കിയുള്ള ജൈവമാലിന്യത്തെ വെള്ളവും വായുവുമുപയോഗിച്ച് ശക്തിയായി സ്പ്രേ ചെയ്ത് ഉടച്ചെടുത്ത് ഒരു പ്ലാന്റിലെത്തിക്കും. അവിടെയും ഗ്യാസ് വൈദ്യുതി ഉണ്ടാക്കാന്‍ ഉപയോഗിക്കും. പ്ലാന്റില്‍ അവശേഷിക്കുന്നത് വളമാക്കും. പ്രക്രിയ പൂര്‍ത്തിയായാല്‍ വെള്ളം സംസ്ക്കരിച്ച് ഉപയോഗിക്കാം. ദിനംപ്രതി 200 ടണ്‍ മാലിന്യം കൈകാര്യം ചെയ്യുന്ന ഒരു ആരോബയോ പ്ലാന്റിന് പരമാവധി ഒന്‍പത് ജോലിക്കാര്‍ മതി. ഇത്തരമൊരു പ്ലാന്റ് ദിവസവും മൂന്ന് മെഗാവാട്ട് വൈദ്യുതിയുത്പാദിപ്പിക്കും. അതില്‍ അര മെഗാവാട്ട് മതി പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന്, ബാക്കി വിറ്റു കാശാക്കാം.
ഇതാണ് നഗരമാലിന്യസംസ്ക്കരണത്തിന് വികസിപ്പിച്ചിട്ടുള്ള ഏറ്റവും പുതിയ സങ്കേതം. എന്തുകൊണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തില്‍ ഇത്തരമൊരു ആരോബയോപ്ലാന്റ് തുടങ്ങിക്കൂടാ. കംപോസ്റ്റിങിലൂടെ മാത്രം ഏതായാലും നമ്മുടെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. ആ നിലയ്ക്ക് പുതിയ വഴികള്‍ തേടാന്‍ നമ്മള് തയ്യാറായേ പറ്റൂ. (അവസാനിച്ചു).
(ഈ ലേഖന പരമ്പരയ്ക്ക് ആവശ്യമായ വിവരങ്ങള്‍ നല്കി സഹകരിച്ച ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങള്‍ക്ക് സൗമനസ്യത്തോടെ മറുപടി നല്കാന് സമയം കണ്ടെത്തിയവര്‍, എനിക്കു വേണ്ടി കാത്തുനിന്നവര്‍. അവരുടെയൊക്കെ സഹായംകൊണ്ട് മാത്രമാണ് ഈ വിഷയത്തെക്കുറിച്ച് ഇത്രയും എഴുതാന്‍ കഴിഞ്ഞത്. പാലക്കാട് മുണ്ടൂരിലെ 'ഐ.ആര്.ടി.സി', തിരുവനന്തപുരത്തെ 'സെന്റര്‍ ഫോര്‍ എന്വിരോണ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ്'(സി.ഇ.ഡി) തുടങ്ങിയ സ്ഥാപനങ്ങളോടും, പ്രൊഫ.ആര്.വി.ജി.മേനോന്, 'ശുചിത്വ മിഷന്' എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ആര്.അജയകുമര്‍വര്‍മ, സംസ്ഥാന മനിലീകരണനിയന്ത്രണബോര്‍ഡിലെ എന്വിരോണ്മെന്റല് എന്‍ജിനിയര്‍ എം.ദിലീപ്കുമാര്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിനിലെ ഡോ. കെ.വിജയകുമാര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന് വിഭാഗത്തിലെ ഡോ.ബി.പത്മകുമാര്‍, തിരുവനന്തപുരം നഗരസഭാ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഡി.ശ്രീകുമാര്‍, കോഴിക്കോട് നഗരസഭാ ഹെല്‍ത്ത് ഓഫീസര്‍ ഡോ.കെ.ബീനാകുമാരി, കണ്ണൂര്‍ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് ലിമിറ്റഡിലെ ബയോടെക്നോളജിസ്റ്റ് ഡോ. ഇ.ശ്രീനിവാസന്, സി.ഇ.ഡി.എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ബാബു അമ്പാട്ട്, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല സ്കൂള്‍ ഓഫ് എന്വിരോണ്മെന്റല് സ്റ്റഡീസിന്റെ മുന്‍ഡയറക്ടര്‍ പ്രൊഫ.വി.എന്‍.ശിവശങ്കരപിള്ള, നോര്‍ത്ത് പറവൂര്‍ മുനിസിപ്പല്‍ ചെയര്മാന് എന്‍.എ.അലി, കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയര്‍ സി.കെ.മണിശങ്കര്‍, ഐ.ടി.ഇ.സി.യിലെ അഡ്വ.ആര്.സാജു തുടങ്ങിയ വ്യക്തികളോടുമുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു).
9 comments:
തുറസ്സായ സ്ഥലത്ത് മാലിന്യം അഴുകുമ്പോള്‍ മീഥേന്‍ മുഴുവന്‍ അന്തരീക്ഷത്തില്‍ വ്യാപിക്കും. കാര്‍ബണ്‍ഡൈയോക്സയിഡിനെ അപേക്ഷിച്ച് 21 മടങ്ങ് ആഗോളതാപനശേഷിയുള്ള വാതകമാണ് മീഥേന്‍. ഒരു മീഥേന്‍ ആറ്റം, 21 കാര്‍ബണ്‍ഡയോക്സയിഡ് ആറ്റങ്ങളുണ്ടാക്കുന്നത്ര ആഗോളതാപനം സൃഷ്ടിക്കുമെന്ന് സാരം. കേരളത്തില്‍ ദിവസവുമുണ്ടാകുന്ന 6756 ടണ്‍ മാലിന്യത്തില്‍ എത്ര കുറച്ചേ ശരിയായി സംസ്ക്കരിക്കാന്‍ നമുക്ക് കഴിയുന്നുള്ളു. ആ നിലയ്ക്ക് ഭൂമിയെ ചൂടുപിടിപ്പിക്കുന്നതില്‍, കേരളീയര്‍ എത്ര സംഭാവനയാണ് ചെയ്യുന്നത്
വിജ്ഞാനപ്രദം
സ്വീഡനില്‍ ആരോബയോ സങ്കേതമാണോ ഉപയോഗിക്കുന്നത്?
എന്റെ പോസ്റ്റ്
Oil price rise for the good?
ജെ.എ,
ഈ ലേഖനത്തിനു ന്നന്ദി. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരലത്തില് നടക്കുന്നുണ്ടോ?
ഇല്ലെങ്കില്‍ ഇത് ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നമുക്ക് എന്ത് ചെയ്യാനാകും?
ഇവനെയൊക്കെ തെരച്ചിവാല്‍ കൊണ്ട് അടിക്കണം
5 ലേഖനങ്ങളും വായിച്ചു. വളരെ ഗഹനമായ പഠനം നടത്തി, പതിവു പത്ര ശൈലിയില്ലാതെ, നന്നായെഴുതിയിരിക്കുന്നു. സത്യത്തിൽ കേരളത്തിലൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും നല്ല രീതിയിൽ പ്രവർത്തിക്കുന്ന പ്ലാന്റുകളില്ല. മാലിന്യത്തിന്റെ കേന്ദ്രീകരണമാണ് പ്രശ്നങ്ങളുടെ ആണിക്കല്ല്. വികേന്ദ്രീകൃത സംവിധാനത്തെക്കുറിച്ചു ചിന്തിക്കണം. ലാന്റ് ഫില്ലിംഗ് തികച്ചും അശാസ്ത്രീയമാണ്, ഭൂമിയെ കൊല്ലുന്ന ഏർപ്പാടുതന്നെയാണിത്. ഷിബു.കെ.നായർ തയ്യാറാക്കിയ ഈ വീഡിയോ നോക്കൂ.. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തണൽ എന്ന സംഘടന ടൂറിസം വകുപ്പുമായി ചേർന്ന് സീറോ വേസ്റ്റ് കോവളം എന്നൊരു പദ്ധതി നടപ്പിലാക്കിയിരുന്നു. അത്തരം സംരഭങ്ങൾക്ക് വേണ്ടത്ര ഊന്നൽ സർക്കാർ നൽകുന്നില്ല. അവനവൻ ഉൽപ്പാദിപ്പിക്കുന്ന മാലിന്യം അവനവൻ തന്നെ നിർമ്മാർജ്ജനം ചെയ്യുന്ന തരത്തിൽ ക്രമീകരിക്കാൻ പറ്റണം. ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിച്ചും, പ്ലാസ്റ്റിക്ക് നിരോധനം കർശനമാക്കിയും ഇതിനു സാധിക്കും. ആ തരത്തിൽ ഉള്ള ഒരു ജനകീയ മുന്നേറ്റം തന്നെ വേണം. എങ്കിലെ കേരളത്തെ ഗ്രസിക്കുന്ന ഈ വിപത്തിനു തടയിടാൻ നമുക്ക് സാധിക്കൂ.. കൂറ്റൻ പ്ലാന്റുകളും, ലാന്റ് ഫില്ലിംഗും തികഞ്ഞ പരാജയമാകും, ഉറപ്പ്.
തിരുവനന്തപുരം കോര്പ്പറേഷന് ഉണരുന്നു!
കണ്ണൂരാന്‍,
കേരളത്തിലൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളില്ല.
കേന്ദ്രീകൃത പ്ലാന്റുകളാണോ ഉദ്ദേശിച്ചത്?
പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനമാക്കിയും
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പുനരുപയോഗിക്കുന്നതു വഴി ഏറെ പണം ലാഭിക്കാം. പെട്രോളിയത്തിലില് നിന്നും ഉല്‍പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന് മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ ഉള്ളത് പോലെ ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു. ഈ ഊര്‍ജ്ജത്തെ വാണിജ്യപരമായി ഉപയോഗപ്പെടുത്താന്‍ പല മാര്‍ഗങ്ങളും നിലവിലുണ്ട്.
1. പെല്ലറ്റുകളാക്കി കല്‍ക്കരിക്കൊപ്പം ഉപയോഗിക്കാം
2. ക്യാറ്റലിസ്റ്റുകളുടെ സഹായത്താല്‍ പെട്രോള്‍ വേര്‍തിരിച്ചെടുക്കാം.
എന്തായാലും കേരളത്തില്‍ സംസ്കരണ പ്ലാന്റിനോടൊപ്പം തന്നെ മാലിന്യം നിക്ഷേപിക്കുന്ന മലയാളിയുടെ സംസ്കാരത്തിനും മാറ്റം വേണമെന്ന് എഴുതി കണ്ടത്തില്‍ സന്തോഷം. പലരും പ്ലാന്റുകള്‍ക്കും പദ്ധതികളും മുറവിളി കൂട്ടുമ്പോള്‍ സംസ്കാരത്തെ കുറിച്ച് മറന്നു കളയുന്നതാണ് കണ്ടിരിക്കുന്നത്.( കുറച്ചു കാലം കേരളത്തിലെ സാമുഹിക വികസന പദ്ധതികളുടെ ഭാഗമായിരുന്നു) വായിച്ച ആദ്യത്തെ പോസ്റ്കളും വളരെ അറിവ് തരുന്നതായിരുന്നു.
റോബി,
നമസ്കാര്‍,
കണ്ണൂരാന്‍,
ഗൗരിനാഥന്‍,
സൂഹൃത്തുക്കളെ, ഇവിടെയെത്തി വായിച്ച് അഭിപ്രായം പറയാന്‍ സന്നദ്ധമായതില്‍ അതിയായ സന്തോഷം. ഈ പ്രശ്നം ചര്‍ച്ച ചെയ്യേണ്ടതാണെന്ന് നിങ്ങള്‍ക്ക് തോന്നിയല്ലോ, നന്നായി. കേരളത്തിലെ പൊതുസമൂഹം പക്ഷേ, ഇന്നും ഇക്കാര്യത്തില്‍ ഒരു ഒളിച്ചുകളി നടത്തുകയാണ്. കാര്യങ്ങള്‍ എങ്ങനെയെങ്കിലുമൊക്കെ എല്ലാക്കാലത്തും നടന്നുകൊള്ളും എന്ന മനോഭാവമാണ് മാലിന്യപ്രശ്നത്തില്‍ മലയാളിയുടേതെന്നു തോന്നുന്നു
Post a Comment