Tuesday, February 19, 2008

കറുപ്പിന്റെ ഏഴഴക്‌

നാനോടെക്‌നോളജിരംഗത്ത്‌ പുത്തന്‍ മുന്നേറ്റം റുപ്പിന്‌ ഏഴഴകുണ്ടെന്നാണ്‌ ചൊല്ല്‌. 'മിന്നുന്നതെല്ലാം പൊന്നല്ല' എന്നു പറയുംപോലെ, കറുപ്പെന്ന്‌ നാം വിശ്വസിക്കുന്നതെല്ലാം കറുപ്പല്ല എന്നതാണ്‌ വാസ്‌തവം. കറുപ്പെന്ന്‌ കരുതിയതെല്ലാം എത്ര വെളുപ്പായിരുന്നുവെന്ന്‌ ബോധ്യമാക്കിത്തരികയാണ്‌ ഒരു മലയാളി ഗവേഷകന്റെ കണ്ടുപിടിത്തം. നിലവില്‍ ഏറ്റവും ഇരുണ്ടതെന്ന്‌ അമേരിക്കന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ അസോസിയേഷന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതിലും 30 മടങ്ങ്‌ ഇരുണ്ട വസ്‌തു രൂപപ്പെടുത്തിക്കൊണ്ട്‌ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്‌, അമേരിക്കയിലെ ഹൂസ്റ്റണില്‍ റൈസ്‌ സര്‍വകലാശാലയിലെ നാനോടെക്‌നോളജി വിദഗ്‌ധനായ ഡോ. പുളിക്കല്‍ എം. അജയനാണ്‌. നാനോടെക്‌നോളജിയുടെ സഹായത്തോടെ സാധ്യമായ ഈ മുന്നേറ്റം, ഇലക്ട്രോണിക്‌സ്‌ രംഗത്തും സൗരോര്‍ജപാനലുകളുടെ നിര്‍മാണത്തിലും വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാം.

പ്രകാശവര്‍ണരാജിയിലെ എല്ലാ നിറങ്ങളും ആഗിരണം ചെയ്യുന്ന, എന്നാല്‍ അല്‍പ്പവും പ്രകാശം പ്രതിഫലിപ്പിക്കാത്ത വസ്‌തുക്കളെയാണ്‌ 'ഇരുണ്ടവസ്‌തുക്കള്‍' എന്ന്‌ വിളിക്കുന്നത്‌. എത്ര ഇരുണ്ടതെന്ന്‌ കരുതിയാലും വസ്‌തുക്കളെല്ലാം കുറെ പ്രകാശം പ്രതിഫലിപ്പിക്കും. അതിനാല്‍, ശരിക്കും ഇരുണ്ടവസ്‌തു എന്നത്‌ ഇതുവരെ സൈദ്ധാന്തികതലത്തില്‍ മാത്രമേ സാധ്യമായിരുന്നുള്ളു. ആ സ്ഥിതിക്കാണ്‌ ഡോ. അജയന്റെ കണ്ടെത്തലോടെ മാറ്റമുണ്ടാകുന്നത്‌. 99.9 ശതമാനം പ്രകാശവും ആഗിരണം ചെയ്യാന്‍ ശേഷിയുള്ള വസ്‌തുവിനാണ്‌ ഡോ.അജയനും കൂട്ടരും രൂപംനല്‍കിയിരിക്കുന്നത്‌. മനുഷ്യനിര്‍മിതമായ ഏറ്റവും ഇരുണ്ടവസ്‌തുവാണ്‌ അതെന്നു സാരം.

ഒറ്റ ആറ്റത്തിന്റെയത്ര മാത്രം വണ്ണമുള്ള കാര്‍ബണ്‍നാനോട്യൂകളുടെ നിരകളെ കുറഞ്ഞ സാന്ദ്രതയില്‍ കുത്തനെ ക്രമീകരിച്ചാണ്‌, ഇരുണ്ടവസ്‌തു രൂപപ്പെടുത്തിയത്‌. ഏത്‌ ദിശയില്‍നിന്നെത്തിയാലും ഏത്‌ തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശവും ആഗിരണം ചെയ്യാന്‍ ആ നാനോസംവിധാനത്തിന്‌ കഴിയുമെന്ന്‌, 'നാനോ ലറ്റേഴ്‌സ്‌' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധം പറയുന്നു. റൈസ്‌ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അജയന്‍, ന്യൂയോര്‍ക്കിലെ ട്രോയില്‍ താന്‍ മുമ്പ്‌ ജോലിചെയ്‌തിരുന്ന റെന്‍സ്സലേര്‍ പോളിടെക്‌നിക്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ്‌ പുതിയ കണ്ടുപിടിത്തം നടത്തിയത്‌.


കാര്‍ബണ്‍നാനോട്യൂബുകളെ പ്രത്യേകരീതിയില്‍ ക്രമീകരിച്ച്‌ കൂടുതല്‍ ഇരുണ്ടവസ്‌തുക്കള്‍ സൃഷ്ടിക്കാമെന്ന്‌ മുമ്പ്‌ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍, പ്രായോഗികതലത്തില്‍ ഇക്കാര്യം സാധ്യമാകുന്നത്‌ ഇപ്പോഴാണ്‌. ഇരുണ്ടവസ്‌തു നിര്‍മിക്കാനുള്ള നാനോസാധ്യത ആദ്യം പ്രവചിച്ച ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ സൈദ്ധാന്തിക ഭൗതീകശാസ്‌ത്രജ്ഞന്‍ പ്രൊഫ.സര്‍ ജോണ്‍ പെന്‍ട്രി, ഇപ്പോഴത്തെ മുന്നേറ്റത്തോട്‌ പ്രതികരിച്ചത്‌ 'പ്രതീക്ഷ നല്‍കുന്ന കണ്ടുപിടിത്തം' എന്നാണ്‌. കൂടുതല്‍ മെച്ചപ്പെട്ട സോളാര്‍സെല്ലുകള്‍, സൗരപാനലുകള്‍ തുടങ്ങി 'പ്രകാശക്കൊയ്‌ത്ത്‌' ലക്ഷ്യമിടുന്ന ഏത്‌ രംഗത്തും പുതിയ കണ്ടുപിടിത്തം പുത്തന്‍ സാധ്യതയാണെന്ന്‌ അദ്ദേഹം പറയുന്നു.

'മനുഷ്യനിര്‍മിതമായ ഏറ്റവും ഇരുണ്ടവസ്‌തു' എന്ന നിലയ്‌ക്ക്‌ പുതിയ കണ്ടുപിടിത്തം ഗിന്നസ്‌ബുക്കില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയതായി, പ്രൊഫ. അജയന്റെ സഹപ്രവര്‍ത്തകന്‍ കണ്ണൂര്‍ നടുവില്‍ സ്വദേശി ഡോ. ഷൈജുമോന്‍ എം. മാണിക്കോത്ത്‌ അറിയിക്കുന്നു. കടലാസില്‍ വൈദ്യുതി സംഭരിച്ചു സൂക്ഷിക്കാന്‍ മാര്‍ഗം കണ്ടെത്തുക വഴി ഡോ.അജയനും ഡോ.ഷൈജുമോനും അടുത്തയിടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. ഊര്‍ജരംഗത്ത്‌ വന്‍സ്വാധീനം ചെലുത്താന്‍ പോന്ന ഒന്നായി ആ കണ്ടുപിടിത്തം വിശേഷിപ്പിക്കപ്പെടുകയുണ്ടായി. കൊടുങ്ങല്ലൂരില്‍ പുളിക്കല്‍ കുടുംബത്തില്‍ അന്തരിച്ച കെ. മാധവപണിക്കരുടെയും റിട്ടയേര്‍ഡ്‌ അധ്യാപിക രാധ പുളിക്കലിന്റെയും മകനാണ്‌ ഡോ. അജയന്‍. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബി.ടെക്‌ നേടിയ അദ്ദേഹം റെന്‍സ്സലേര്‍ പോളിടെക്‌നികില്‍ മെറ്റീരിയല്‍ സയന്‍സ്‌ അന്‍ഡ്‌ എഞ്ചിനിയറിങ്ങില്‍ ഹെന്‍ട്രി ബുര്‍ലേജ്‌ പ്രൊഫസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. (അവലംബം: നാനോ ലറ്റേഴ്‌സ്‌).
കാണുക: കടലാസില്‍ വൈദ്യുതി സംഭരിക്കാം
നാനോകോണ്‍ക്രീറ്റുമായി മലയാളി ശാസ്‌ത്രജ്ഞന്‍

Saturday, February 16, 2008

ദിനോസറുകളെ കൊന്നത്‌ കീടങ്ങള്‍!

ഒരുകാലത്ത്‌ ഭൂമി അടക്കിവാണിരുന്ന സര്‍വപ്രമാണികളായ കൂറ്റന്‍ ദിനോസറുകളെ ഉന്‍മൂലനം ചെയ്‌തത്‌ പ്രാണികളും കീടങ്ങളുമെന്ന്‌ പുതിയ സിദ്ധാന്തം.

റരക്കോടി വര്‍ഷം മുമ്പുവരെ ഭൂമുഖം അടക്കി വാണിരുന്നത്‌ ദിനോസറുകളായിരുന്നു. ക്രിറ്റേഷ്യസ്‌ യുഗത്തോടെ അവ അന്യംനിന്നു. ഇന്ന്‌ ഫോസിലുകളിലൂടെ മാത്രമാണ്‌ മനുഷ്യന്‍ ദിനോസറുകളെപ്പറ്റി അറിയുന്നത്‌. കരുത്തും കഴിവും വലിപ്പവുമുണ്ടായിരുന്ന ദിനോസര്‍ വര്‍ഗങ്ങള്‍ എങ്ങനെയാണ്‌ തീര്‍ത്തും ഇല്ലാതായത്‌? പൂര്‍ണമായി ഉത്തരമില്ലാത്ത ചോദ്യമാണിത്‌. അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ മൂലം ക്രമേണയുണ്ടായ നാശം എന്നായിരുന്നു ഈ പ്രശ്‌നത്തെക്കുറിച്ച്‌ നിലനിന്നിരുന്ന പ്രബല വാദഗതി. അതിന്‌ പക്ഷേ, വേണ്ടത്ര തെളിവുകളുടെ പിന്‍ബലം ലഭിച്ചില്ല. പുരവസ്‌തു ശാസ്‌ത്രജ്ഞനായ വാള്‍ട്ടര്‍ അല്‍വാരസും, നോബല്‍ സമ്മാനജേതാവും ആണവശാസ്‌ത്രജ്ഞനുമായ പിതാവ്‌ ലൂയിസ്‌ അല്‍വാരസും ചേര്‍ന്ന്‌ 1970-കളുടെ അവസാനം മറ്റൊരു സിദ്ധാന്തം അവതരിപ്പിച്ചു. ആറരക്കോടി വര്‍ഷം മുമ്പ്‌ ഒരു ഭീമന്‍ ക്ഷുദ്രഗ്രഹമോ വാല്‍നക്ഷത്രമോ ഭൂമിയില്‍ വന്നിടിച്ചതിന്റെ അനന്തരഫലമാണ്‌ ദിനോസറുകളുടെ ഉന്‍മൂലനം എന്നാണ്‌ അവര്‍ സ്ഥാപിച്ചത്‌. അതിന്‌ ശാസ്‌ത്രീയ തെളിവുകളും അവര്‍ ഹാജരാക്കി.

എന്നാല്‍, ഇതില്‍നിന്നൊക്കെ വ്യത്യസ്‌തമായ സിദ്ധാന്തവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ അമേരിക്കയില്‍ ഒറിഗോണ്‍ സ്‌റ്റേറ്റ്‌ സര്‍വകലാശാലയിലെ ജന്തുശാസ്‌ത്ര പ്രൊഫസറായ ജോര്‍ജ്‌ പോയിനാര്‍ ജൂനിയര്‍. ദിനോസറുകള്‍ അപ്രത്യക്ഷമായ കാലത്ത്‌ ഒരുപക്ഷേ, ക്ഷുദ്രഗ്രഹ പതനമോ കൂറ്റന്‍ ലാവാപ്രവാഹമോ ഒക്കെ സംഭവിച്ചിരിക്കാം. എന്നാല്‍, അതുകൊണ്ടല്ല ദിനോസറുകള്‍ അന്യംനിന്നത്‌. രോഗവാഹികളായ പ്രാണികളും കീടങ്ങളുമാണ്‌ ആ ഭീമന്‍മാരുടെ ഉന്‍മൂലനത്തിന്‌ കാരണമായത്‌ എന്ന്‌ പുതിയ സിദ്ധാന്തം പറയുന്നു. രോഗാണുക്കളെ വഹിക്കാന്‍ പാകത്തില്‍ കീടങ്ങള്‍ പരിണമിച്ചതാണ്‌ ദിനോസറുകളുടെ പതനം ഉറപ്പുവരുത്തിയതത്രേ. ദിനോസറുകള്‍ അപ്രത്യക്ഷമായ കാലത്തുള്ള ഒട്ടേറെ പ്രാണികളെ ആമ്പര്‍പശയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെടുത്തിട്ടുണ്ട്‌. അവയെ പഠിച്ചതില്‍നിന്നാണ്‌ പുതിയ നിഗമനത്തില്‍ എത്തിയതെന്ന്‌ പോയിനാര്‍ അറിയിക്കുന്നു.

ദിനോസറുകള്‍ പെട്ടന്ന്‌ അപ്രത്യക്ഷമാകുകയായിരുന്നില്ലെന്ന്‌ പോയിനാര്‍ വാദിക്കുന്നു. ദിനോസര്‍ വര്‍ഗങ്ങള്‍ ആയിരക്കണക്കിന്‌ (ഒരുപക്ഷേ, ലക്ഷക്കണക്കിന്‌) വര്‍ഷങ്ങള്‍കൊണ്ട്‌ ക്രമേണ ക്ഷയിച്ച്‌ ഇല്ലാതാകുകയായിരുന്നു. ക്ഷുദ്രഗ്രഹ പതനമാണ്‌ കാരണമെങ്കില്‍ അങ്ങനെ സംഭവിക്കുകില്ലായിരുന്നു. എന്നാല്‍, പ്രാണികളും കീടങ്ങളുമായുള്ള മത്സരവും പുതിയ രോഗങ്ങളുടെ ആവിര്‍ഭാവവും രോഗം പരത്താനുള്ള പ്രാണികളുടെ കഴിവും പ്രാണികള്‍ക്കും കീടങ്ങള്‍ക്കും പെരുകാന്‍ അനുകൂലമാകും വിധം പുഷ്‌പിക്കുന്ന സസ്യയിനങ്ങളുടെ വംശവര്‍ധനയും എല്ലാം ഉണ്ടായ കാലത്താണ്‌ ദിനോസര്‍വര്‍ഗങ്ങള്‍ ക്ഷയിച്ചതെന്ന കാര്യം പരിഗണിച്ചാല്‍, കാര്യങ്ങള്‍ വ്യക്തമാകും-അദ്ദേഹം പറയുന്നു. പ്രിന്‍സെറ്റണ്‍ യൂണിവേഴ്‌സിറ്റി പ്രസ്സ്‌ പ്രസിദ്ധീകരിച്ച 'വാട്ട്‌ ബഗ്ഗ്‌ഡ്‌ ദിനോസോര്‍സ്‌? ഇന്‍സെക്ട്‌സ്‌, ഡിസീസ്‌ ആന്‍ഡ്‌ ഡെത്ത്‌ ഇന്‍ ദി ക്രിറ്റേഷ്യസ്‌' (What Bugged the Dinosaurs? Insects, Disease and Death in the Cretaceous) എന്ന ഗ്രന്ഥത്തിലാണ്‌ ഈ വാദഗതിയുള്ളത്‌. ജോര്‍ജ്‌ പൊയിനാറും അദ്ദേഹത്തിന്റെ ഭാര്യ റോബര്‍ട്ട പൊയിനാറും ചേര്‍ന്നാണ്‌ ഗ്രന്ഥം രചിച്ചിരിക്കുന്നത്‌.

ആറരക്കോടി വാര്‍ഷം മുമ്പ്‌ ക്രിറ്റേഷ്യസ്‌ യുഗത്തിനും ടെര്‍ഷ്യറി യുഗത്തിനും മധ്യേ, 'കെ-ടി ബൗണ്ടറി' (K-T Boundary) എന്നറിയപ്പെടുന്ന കാലത്താണ്‌ ദിനോസറുകളുടെ ഉന്‍മൂലനം സംഭവിച്ചത്‌. ആ കാലത്ത്‌ ലാവാപ്രവാഹവും ക്ഷുദ്രഗ്രഹപതനവും സംഭവിച്ചതിന്‌ തെളിവുണ്ട്‌. എന്നാല്‍, ദിനോസറുകള്‍ ക്രമേണ ക്ഷയിച്ച്‌ ഇല്ലാതായതിന്‌ ഇത്‌ പൂര്‍ണമായി വിശദീകരണം നല്‍കുന്നില്ല. കെ-ടി ബൗണ്ടറിക്ക്‌ ഇപ്പുറത്ത്‌ ആയിരക്കണക്കിന്‌ വര്‍ഷങ്ങളോളം ചിലയിനം ദിനോസറുകള്‍ നിലനിന്നിരുന്നു എന്നതിനും വിശദീകരണമില്ല. കീടങ്ങളും രോഗബാധയുമാണ്‌ ദിനോസറുകളെ ക്ഷയിപ്പിച്ചതെന്ന നിഗമനം അംഗീകരിച്ചാല്‍ ഇത്തരം വസ്‌തുതകള്‍ക്കെല്ലാം വിശദീകരണമാകുമെന്ന്‌ പുതിയ പുസ്‌തകം പറയുന്നു. എന്നാല്‍, കീടങ്ങളുടെ കടിയും രോഗബാധയും മാത്രമാണ്‌ ദിനോസറുകളുടെ അന്ത്യംകുറിച്ചതെന്നും തങ്ങള്‍ പറയുന്നില്ലെന്ന്‌ പൊയിനാര്‍ അറിയിക്കുന്നു, മറ്റ്‌ ദുരന്തങ്ങളും കാരണമായിരുന്നിരിക്കാം.

ആമ്പര്‍-ഭൂതകാലത്തെ സൂക്ഷിച്ചു വെയ്‌ക്കുന്ന ഇടം

ആമ്പര്‍ വൃക്ഷത്തില്‍നിന്നു പുറത്തുവരുന്ന കറയ്‌ക്ക്‌ ചെറുപ്രാണികളെയും മറ്റ്‌ ജൈവവസ്‌തുക്കളെയും കുടുക്കി സൂക്ഷിച്ചുവെയ്‌ക്കാനുള്ള അസാധാരണമായ കഴിവുണ്ട്‌. കറ ഉറച്ച്‌ കട്ടിയാകുന്നതോടെ അതിനുള്ളില്‍ കുടുങ്ങിയ വസ്‌തു ശരിക്കുള്ള ഫോസിലായി ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ സൂക്ഷിക്കപ്പെടും. 'ജുറാസിക്ക്‌ പാര്‍ക്ക്‌' എന്ന സിനിമയുടെ പ്രമേയം തന്നെ, ആമ്പറില്‍ സൂക്ഷിക്കപ്പെട്ട കൊതുകില്‍നിന്ന്‌ ദിനോസറിന്റെ ഡി.എന്‍.എ.വേര്‍തിരിച്ചെടുത്ത്‌ ദിനോസറുകളെ പുനസൃഷ്ടിക്കുന്നതാണെന്ന്‌ ഓര്‍ക്കുക. ആമ്പറില്‍ സൂക്ഷിക്കപ്പെട്ട പ്രാണികളെയും സസ്യങ്ങളെയും കുറിച്ച്‌ ആഴത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള ദമ്പതിമാരാണ്‌ പൊയിനാറും റോബര്‍ട്ടയും. 'ദ ആമ്പര്‍ ഫോറസ്‌റ്റ്‌: എ റികണ്‍സ്‌ട്രക്ഷന്‍ ഓഫ്‌ എ വാനിഷ്‌ഡ്‌ വേള്‍ഡ്‌' (The Amber Forest: A Reconstruction of a Vanished World) എന്നൊരു ഗ്രന്ഥവും ഇവരുടേതായിട്ടുണ്ട്‌.

ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഭൂമിയിലെ പരിസ്ഥിതിയും ആവാസവ്യവസ്ഥകളും എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച്‌ വിലപ്പെട്ട വിവരങ്ങള്‍ ആമ്പര്‍ സാമ്പിളുകള്‍ നല്‍കുമെന്ന്‌ പൊയിനാര്‍ അറിയിക്കുന്നു. ക്രിറ്റേഷ്യസ്‌ യുഗത്തിന്റെ അവസാനകാലത്ത്‌ (late Cretaceous Period) ആണ്‌ പ്രാണികളും രോഗാണുക്കളും തമ്മിലുള്ള സഹകരണം തുടങ്ങുന്നതും, പ്രാണികള്‍ വഴി രോഗങ്ങള്‍ പടരാനാരംഭിക്കുന്നതും. അക്കാലത്ത്‌ ആമ്പറില്‍ സൂക്ഷിക്കപ്പെട്ട പല പ്രാണികളിലും 'ലെയ്‌ഷ്‌മാനിയ'(leishmania) പോലുള്ള രോഗങ്ങളുടെ അണുക്കളെ കണ്ടെത്താന്‍ കഴിഞ്ഞതായി പൊയ്‌നാര്‍ പറഞ്ഞു. ഇന്നും ഭീഷണി സൃഷ്ടിക്കുന്ന രോഗമാണ്‌ ലെയ്‌ഷ്‌മാനിയ. ഉരഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്‌. പക്ഷികളെയും പല്ലികളെയും ബാധിക്കുന്ന മലേറിയ വകഭേദത്തിന്റെ അണുക്കളെയും അന്നത്തെ പ്രാണികളുടെ തൊണ്ടയില്‍ കണ്ടെത്തിയിട്ടുണ്ട്‌.

ദിനോസര്‍ ഫോസിലുകളിലെ വിസര്‍ജത്തില്‍ നെമറ്റോഡ്‌ വിരകളും ട്രെമറ്റോഡുകളും പ്രോട്ടോസോവയുമൊക്കെ കണ്ടെത്തിയിട്ടുണ്ട്‌. വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന സൂക്ഷ്‌മജീവികളാണിവ. ഇത്തരത്തിലുള്ള സൂക്ഷ്‌മജീവികളെ പകര്‍ത്താന്‍ കഴിവുള്ള രക്തദാഹികളായ കീടങ്ങള്‍ക്ക്‌ വളരാന്‍ പാകത്തില്‍ ചൂടുള്ള കാലാവസ്ഥയായിരുന്നു ലേറ്റ്‌ ക്രിറ്റേഷ്യസ്‌ യുഗത്തില്‍ ഭൂമിയിലുണ്ടായിരുന്നത്‌. മാത്രമല്ല, ഭൂമിയിലെ സസ്യലോകത്തിന്റെ സ്വഭാവം മാറ്റിമറിക്കാനും പ്രാണികളും കീടങ്ങളും കാരണമായെന്നും പൊയിനാര്‍ പറയുന്നു. പരാഗണത്തിന്‌ കീടങ്ങള്‍ സഹായിച്ചതോടെ പുഷ്‌പിക്കുന്ന സസ്യങ്ങള്‍ ആവാസവ്യവസ്ഥകള്‍ കീഴടക്കി. പരമ്പരാഗതമായി ദിനോസറുകളുടെ മുഖ്യഭക്ഷണമായിരുന്ന പലയിനം സസ്യങ്ങളും (seed ferns, cycads, gingkoes and other gymnosp-serm) അതോടെ ശോഷിക്കാനാരംഭിച്ചു. ഇതും ദിനോസറുകളുടെ ഉന്‍മൂലനത്തിന്‌ ഊര്‍ജം പകര്‍ന്നിരിക്കാം. ഏതായാലും, ദിനോസറുകളുടെ അന്ത്യത്തെക്കുറിച്ച്‌ പുതിയൊരു പരിപ്രേക്ഷ്യമാണ്‌ പൊയ്‌നാര്‍ മുന്നോട്ടുവെക്കുന്നത്‌. (കടപ്പാട്‌: ദി എക്കണോമിസ്‌റ്റ്‌).

കാണുക: ദിനോസറുകള്‍ക്ക്‌ സംഭവിച്ചത്‌

ചിറകുള്ള ദിനോസര്‍ ഭീമന്‍

അര്‍ജന്റീനയില്‍നിന്ന്‌ ഒരു അപൂര്‍വ കണ്ടെത്തല്‍

Thursday, February 14, 2008

പരിണാമ സമ്മര്‍ദങ്ങള്‍

മനുഷ്യപരിണാമം കൂടുതല്‍ വേഗത്തിലായെന്ന്‌ കണ്ടെത്തല്‍

രിണാമമെന്ന ശാസ്‌ത്രവസ്‌തുത എന്നും വിവാദ വിഷയമാണ്‌. തന്റെ വിഖ്യാത സിദ്ധാന്തം ചാള്‍സ്‌ ഡാര്‍വിന്‍ അവതരിപ്പിച്ച അന്നു തുടങ്ങിയതാണ്‌ പരിണാമവിവാദവും. ഇന്നും അത്‌ കെട്ടടങ്ങിയിട്ടില്ല. ഭൂമിയില്‍ ജീവന്റെ പരിണാമത്തിന്‌ അനുകൂലമായി തെളിവുകളുടെ കൂമ്പാരം തന്നെ ഒരു വശത്ത്‌ ഉണ്ടാകുമ്പോഴും, മറുവശത്ത്‌ അതൊന്നും പരിഗണിക്കാതെ സന്ദേഹങ്ങളും ബാലിശമായ വാദഗതികളും നിരന്തരം ഉയരുന്നു. എന്തുകൊണ്ട്‌ മനുഷ്യന്‌ ഇപ്പോള്‍ പരിണാമം സംഭവിക്കുന്നില്ല എന്നതാണ്‌ അത്തരം വാദഗതികളില്‍ ഏറ്റവും ബാലിശം എന്നു കരുതാവുന്ന ഒന്ന്‌. ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളായി ഒരു ജീവിയില്‍ സംഭവിക്കുകയും സഞ്‌ജയിക്കുകയും ചെയ്യുന്ന മാറ്റങ്ങളുടെ ആകെത്തുകയാണ്‌ പരിണാമെന്ന കാര്യം മറന്നുകൊണ്ടുള്ളതാണ്‌ ഈ ചോദ്യം.

മനുഷ്യപരിണാമത്തെക്കുറിച്ച്‌ പുറത്തുവന്നിരിക്കുന്ന പുതിയ ഗവേഷണഫലം പക്ഷേ, ഈ ചോദ്യത്തിനുള്ള ഉത്തരമാണ്‌ തേടുന്നത്‌. മനുഷ്യന്‌ പരിണാമം ഏത്‌ വിധത്തിലാണ്‌ ഇപ്പോള്‍ സംഭവിക്കുന്നത്‌. തന്റെ ആദിമവാസഗേഹമായ ആഫ്രിക്കയില്‍നിന്ന്‌ മനുഷ്യന്‍ പുറത്തുകടന്ന ശേഷം എന്തുതരം മാറ്റങ്ങളാണ്‌ ഈ വര്‍ഗത്തിന്‌ സംഭവിച്ചത്‌, എന്നിങ്ങനെയുള്ള കാതലായ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടുന്ന പഠനമാണ്‌ ഇര്‍വിനില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ റോബര്‍ട്ട്‌ മോയ്‌സിസും സംഘവും നടത്തിയത്‌. ഒരുപക്ഷേ, പരിണാമവിവാദങ്ങള്‍ക്ക്‌ ആക്കം കൂട്ടിയേക്കാവുന്ന കണ്ടെത്തലാണ്‌ ഇവരുടേത്‌. മനുഷ്യപരിണാമത്തിന്റെ ആക്കം കൂടിയിരിക്കുന്നുവത്രേ. കഴിഞ്ഞ 80,000 വര്‍ഷത്തിനിടെ മനുഷ്യവര്‍ഗം പ്രകൃതിനിര്‍ധാരണത്തിന്‌ വളരെ വേഗം വിധേയമാകുന്നു എന്നാണ്‌ കണ്ടെത്തല്‍.

വംശങ്ങള്‍ക്കിടയിലെ വ്യത്യാസങ്ങളെക്കുറിച്ച്‌ ഡോ.ജെയിംസ്‌ വാട്‌സണ്‍ നടത്തിയ പ്രസ്‌താവന ലോകമെങ്ങും വന്‍വിവാദം സൃഷ്ടിച്ചത്‌ അടുത്തയിടെയാണ്‌. വംശവ്യത്യാസം പരിണാമപ്രക്രിയയിലെ അനിവാര്യമായ ഘടകങ്ങളിലൊന്നാണെന്ന്‌ പരോക്ഷമായെങ്കിലും സൂചിപ്പിക്കുന്നതാണ്‌ ഡോ.മോയ്‌സിസും സംഘവും നടത്തിയ പഠനം. മാവനജിനോമില്‍ സമീപ തലമുറകളില്‍ വന്ന ജനിതക വ്യതികരണം (mutation) ആണ്‌ സംഘം പഠനവിധേമാക്കിയത്‌. ജിനോംപഠനത്തെ സഹായിക്കുന്ന പുതിയ സങ്കേതങ്ങള്‍ അതിന്‌ തുണയായി.

കോശമര്‍മത്തിലെ (cell nucleus) 23 ജോഡി ക്രോമസോമുകളിലായാണ്‌ ഡി.എന്‍.എ.തന്മാത്ര സ്ഥിതിചെയ്യുന്നത്‌. ഓരോ പുതിയ തലമുറയിലും പിതാവില്‍നിന്നും മാതാവില്‍നിന്നും ലഭിക്കുന്ന ക്രോമസോമുകള്‍ ജോഡികളായി സന്തതിയില്‍ സ്ഥിതിചെയ്യുന്നു. ഇത്തരത്തില്‍ പുതിയ ഡി.എന്‍.എ. ഉണ്ടാകുമ്പോള്‍ അവയിലെ ജീനുകള്‍ മാതാവിന്റെയോ പിതാവിന്റെയോ ഡി.എന്‍.എ.യില്‍ കാണപ്പെടുന്നതിന്റെ തനിപ്പകര്‍പ്പാകില്ല. പുതിയ വകഭേദമായിരിക്കും. തലമുറകളായി ജീനുകള്‍ ഇത്തരത്തില്‍ സങ്കലിക്കപ്പെടുന്നതിന്‌ ഒരു സമതുലനാവസ്ഥ (equilibrium) രൂപപ്പെടും.

എന്നാല്‍, ഈ സങ്കലനപ്രക്രിയയ്‌ക്കിടയില്‍ ഏതെങ്കിലും ജീനിന്‌ വ്യതികരണം സംഭവിച്ചാല്‍ അത്‌ ആ സമതുലനാവസ്ഥയുമായി സമരസപ്പെടാന്‍ കുറച്ചു സമയമെടുക്കും. അതിനാല്‍, ഏത്‌ ജീനുകള്‍ക്കാണ്‌ അടുത്തകാലത്ത്‌ വ്യതികരണം സംഭവിച്ചതെന്ന്‌ മനസിലാക്കാന്‍ കഴിയും. മാത്രമല്ല, ഏത്രകാലം മുമ്പാണ്‌ ഇത്തരത്തിലൊരു ജനിതകമാറ്റം സംഭവിച്ചതെന്ന്‌ മനസിലാക്കാനും പുതിയ സങ്കേതങ്ങളുടെ സഹായത്തോടെ കഴിയും.

മനുഷ്യ ഡി.എന്‍.എ.യില്‍ ഏതാണ്ട്‌ 1800 ജീനുകള്‍ കഴിഞ്ഞ 80,000 വര്‍ഷത്തിനിടെ, പരിണാമത്തിന്റെ അടിസ്ഥാനപ്രമാണമായ പ്രകൃതിനിര്‍ധാരണത്തിന്‌ വിധേയമായതായി ഡോ. മോയ്‌സിസും സംഘവും കണ്ടെത്തി. മനുഷ്യരിലെ മൊത്തം ജീനുകളുടെ ഏഴ്‌ ശതമാനം വരുമിത്‌. ഈ കാലയളവില്‍ ജനിതകതലത്തില്‍ ഇത്രയേറെ മാറ്റങ്ങള്‍ക്ക്‌ മനുഷ്യവര്‍ഗം വിധേയമായതിന്‌ മുഖ്യമായും രണ്ട്‌ കാരണങ്ങളാണ്‌ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്‌. ജനസംഖ്യയിലുണ്ടായ വന്‍വര്‍ധനയാണ്‌ അതിലൊന്ന്‌. വ്യതികരണം സംഭവിക്കാന്‍ പാകത്തില്‍ ജീന്‍പൂള്‍ വലുതാകാന്‍ ഇത്‌ കാരണമായി. പുതിയ പുതിയ സ്ഥലങ്ങളിലേക്കും പരിസ്ഥിതികളിലേക്കും മനുഷ്യര്‍ താമസം മാറ്റി. പുത്തന്‍ സാഹചര്യങ്ങള്‍ക്ക്‌ അനുഗുണമായ മാറ്റങ്ങള്‍ മനുഷ്യഡി.എന്‍.എ.യില്‍ പ്രത്യക്ഷപ്പെട്ടത്‌ സ്വാഭാവികം മാത്രമെന്ന്‌ ഗവേഷകര്‍ കരുതുന്നു.

കഴിഞ്ഞ എണ്‍പതിനായിരം വര്‍ഷത്തിനിടെയാണ്‌ മനുഷ്യവര്‍ഗം ആഫ്രിക്കയില്‍നിന്ന്‌ പുറത്തുകടന്ന്‌ പുതിയ പാര്‍പ്പിട മേഖലകളിലേക്ക്‌ വ്യാപിച്ചത്‌. സ്വാഭാവികമായും ഓരോ പുതിയ സ്ഥലങ്ങളും പുതിയ വെല്ലുവിളികള്‍ മുന്നോട്ടുവെച്ചു. അവയെ നേരിടാന്‍ ജനിതകതലത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി. മാത്രമല്ല, ഒരു ജീവിവര്‍ഗമെന്ന നിലയില്‍ സാംസ്‌ക്കാരികമായി വന്‍പരിവര്‍ത്തനങ്ങള്‍ക്ക്‌ മനുഷ്യന്‍ വിധേയമായതും ഈ കാലഘട്ടത്തിലാണ്‌. അതും വന്‍തോതിലുള്ള പരിണാമസമ്മര്‍ദങ്ങള്‍ക്ക്‌ ഇടവരുത്തി. ഈ പശ്ചാത്തലം മുന്നില്‍വെച്ചുകൊണ്ടാണ്‌ ഭൂമുഖത്തെ നാല്‌ വിഭാഗങ്ങള്‍ക്കിടയില്‍ നടന്ന സമീപകാല പരിണാമസൂചനകള്‍ ഗവേഷകര്‍ വിശകലനം ചെയ്‌തത്‌. ആഫ്രിക്കയിലെ 'യോരുബ' (Yoruba), ഏഷ്യയില്‍ ചൈനയിലെയും ജപ്പാനിലെയും 'ഹാന്‍' വര്‍ഗങ്ങള്‍, യൂറോപ്യന്‍മാര്‍ എന്നീ ജനവിഭാഗങ്ങളിലെ ജനിതകമാറ്റങ്ങള്‍ വളരെ അര്‍ഥവത്തായ വിവരങ്ങളാണ്‌ നല്‍കിയത്‌.

ഈ കാലയളവില്‍ വിവിധ വര്‍ഗങ്ങള്‍ക്കിടയില്‍ സംഭവിച്ച ജനിതക പരിണാമം മുഖ്യമായും രോഗങ്ങളെ നേരിടുന്നതുമായി ബന്ധപ്പെട്ടാണ്‌. പകര്‍ച്ചവ്യാധികള്‍ കൂടുതലായി മനുഷ്യനെ വേട്ടയാടാന്‍ ആരംഭിച്ചപ്പോള്‍ അതിനെ അതിജീവിക്കാനുള്ള ചില സൂത്രവിദ്യകള്‍ ജനതകതലത്തില്‍ പരിണമിച്ചുണ്ടായി എന്നാണ്‌ കരുതേണ്ടത്‌. ഉദാഹരണത്തിന്‌, 'G6PD' എന്ന ജീനിന്‌ സംഭവിച്ച വ്യതികരണത്തിന്റെ കാര്യം പരിഗണിക്കുക. മലമ്പനിക്കെതിരെ സംരക്ഷണം നല്‍കാനായിരുന്നു ഈ വ്യതികരണം എന്നാണ്‌ ഗവേഷകരുടെ നിഗമനം. പോയ സഹസ്രാബ്ദങ്ങളില്‍ കൃഷിയുടെയും കാലിവളര്‍ത്തലിന്റെയും ഫലമായി മനുഷ്യന്റെ ഭക്ഷ്യശീലങ്ങളില്‍ കാതലായ മാറ്റമുണ്ടായി. ആ മാറ്റത്തിന്‌ അനുഗുണമായ വ്യതികരണവും ജനിതകതലത്തില്‍ സംഭവിച്ചതായി ഗവേഷകര്‍ കണ്ടു. പാലിലെ പഞ്ചസാരകളിലൊന്നായ ലാക്ടോസ്‌ (lactose) ദഹിപ്പിക്കാന്‍ കുട്ടികളെ സഹായിക്കുന്ന 'LCT' ജീനിന്റെ പരിണാമമാണ്‌ ഗവേഷകര്‍ പരിശോധിച്ച മറ്റൊന്ന്‌. നാലായിരം വര്‍ഷം മുമ്പ്‌ ഇന്തോ-യൂറോപ്യന്‍ ഗ്രൂപ്പിന്റെ (Indo-European group) പെട്ടന്നുള്ള വളര്‍ച്ചയാണ്‌ ഈ ജീനിന്റെ പരിഷ്‌ക്കരണത്തിന്‌ ഇടയാക്കിയതെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം.

ഏതായാലും പരിണാമത്തിന്റെ അടിസ്ഥാനതത്ത്വമെന്ന്‌ ഡാര്‍വിന്‍ പറഞ്ഞുവെച്ച പ്രകൃതിനിര്‍ധാരണം (natural selection) പ്രകൃതിനിയമം തന്നെയെന്ന്‌ ഒന്നുകൂടി അടിവരയിട്ടുറപ്പിക്കുന്നതാണ്‌ ഈ പഠനം. സൃഷ്ടിവാദക്കാര്‍ക്കും ബൗദ്ധീകരൂപകല്‍പ്പനാവാദികള്‍ക്കും ഇതുകൊണ്ടൊന്നും പക്ഷേ, തൃപ്‌തി വരില്ലായിരിക്കാം. അതുകൊണ്ട്‌ തന്നെ പുതിയ വിവാദങ്ങള്‍ക്ക്‌ ഈ പഠനഫലം വഴിവെച്ചേക്കും. (അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാഡമി ഓഫ്‌ സയന്‍സസ്‌)

കാണുക: പരിണാമകഥയ്‌ക്ക്‌ പുത്തന്‍ ഭേദഗതി
ഭാവിയില്‍ മനുഷ്യവര്‍ഗം രണ്ടാകും
മനുഷ്യബന്ധുവിന്റെ ജനിതക രഹസ്യം
ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം

Wednesday, February 06, 2008

ജീവന്റെ തന്മാത്ര പരീക്ഷണശാലയില്‍ പിറന്നു


കൃത്രിമജീവനിലേക്ക്‌ ഒരു ചുവടുമാത്രം

പരീക്ഷണശാലയില്‍ കൃത്രിമജീവിക്ക്‌ രൂപം നല്‍കാന്‍ ശ്രമം തുടരുന്ന പ്രശസ്‌ത ജനിതകശാസ്‌ത്രജ്ഞന്‍ ക്രെയ്‌ഗ്‌ വെന്ററും കൂട്ടരുമാണ്‌, രാസമാര്‍ഗത്തിലൂടെ തുന്നിച്ചേര്‍ത്ത്‌ ഒരു ജീവിയുടെ ഡി.എന്‍.എ.ആദ്യമായി പൂര്‍ണരൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്‌. കൃത്രിമജീവന്റെ സൃഷ്ടി ഈ വര്‍ഷം തന്നെ നടന്നേക്കുമെന്നും, അതിലേക്കുള്ള അവസാനത്തെ കടമ്പയാണ്‌ ഗവേഷകര്‍ കടന്നിരിക്കുന്നതെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍. ജീവന്റെ പരമമായ രഹസ്യം എന്തെന്നു കണ്ടെത്താന്‍കൂടിയുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഈ ഗവേഷണം.
പ്രഗത്ഭനായ ഒരു മജീഷ്യനെപ്പോലെയാണ്‌ ക്രെയ്‌ഗ്‌ വെന്റര്‍ എന്ന ജനിതകശാസ്‌ത്രജ്ഞന്‍. ആദ്യം ചെറിയ ചെറിയ വിദ്യകളും ഉപായങ്ങളും പുറത്തെടുക്കുന്നു. അങ്ങനെ കാണികളെ കൈയിലെടുത്തിട്ട്‌, അസാധ്യമെന്നു തോന്നിക്കുന്ന അവസാന ട്രിക്കിലേക്ക്‌ കടക്കുന്നതാണല്ലോ മജീഷ്യന്‍മാരുടെ അംഗീകൃത രീതി. 'മൈക്കോപ്ലാസ്‌മ ലബോറട്ടോറിയം' (Mycoplasma laboratorium) എന്നു മുന്‍കൂര്‍ പേര്‌ നല്‍കിയിട്ടുള്ള സൂക്ഷ്‌മജീവിയെ പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന ക്രെയ്‌ഗ്‌ വെന്ററും ഇത്തരത്തിലൊരു രീതിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.

അവസാന നേട്ടത്തിന്‌ മുന്നോടിയായി, കൃത്രിമമായി ക്രൊമസോം നിര്‍മിക്കാന്‍ കഴിയുമെന്നും, ഒരു ജീവിയുടെ ജിനോം മറ്റൊരു ജീവിയിലേക്ക്‌ മറ്റിവെയ്‌ക്കാനാകുമെന്നും, അതുവഴി രണ്ടാമത്തെ ജീവിയെ ആദ്യജിവിയുടെ ജീവഗുണങ്ങളുള്ളതാക്കി മാറ്റാമെന്നുമൊക്കെ ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും ഇതിനകം തെളിയിച്ചു കഴിഞ്ഞു. അന്തിമ ലക്ഷ്യത്തിന്‌ മുന്നോടിയായുള്ള അവസാനത്തെ ചുവടുവെയ്‌പ്പ്‌ - ഒരു ജിവിയുടെ ഡി.എന്‍.എ.രാസമാര്‍ഗത്തില്‍ സൃഷ്ടിക്കുക - വിജയകരമായി നടത്തിക്കഴിഞ്ഞു എന്നതാണ്‌ ഇതുസംബന്ധിച്ച ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.

'മൈക്കോപ്ലാസ്‌മ ജനിറ്റാലിയം' (Mycoplasma genitalium) എന്ന ബാക്ടീരിയത്തിന്റെ ഡി.എന്‍.എ.യാണ്‌ കൃത്രിമമാര്‍ഗത്തില്‍ സൃഷ്ടിച്ചത്‌. അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ ജിനോമുള്ള ജീവിയാണ്‌ അത്‌. ഒറ്റ ക്രോമസോമേ അതിന്റെ ഡി.എന്‍.എ.യ്‌ക്കുള്ളു; 582,970 രാസാക്ഷരങ്ങളിലായി പ്രോട്ടീന്‍ നിര്‍മാണനിര്‍ദ്ദേശങ്ങളടങ്ങിയ 485 ജീനുകളും. ബാക്ടീരിയ ജീനോമിനെ 101 യൂണിറ്റുകളാക്കി ഗവേഷകര്‍ തിരിച്ചു. ഓരോ യൂണിറ്റിലും നാല്‌ അല്ലെങ്കില്‍ അഞ്ച്‌ ജീനുകള്‍ ഉള്‍പ്പെടത്തക്ക വിധമായിരുന്നു ആ തരംതിരിക്കല്‍. മനുഷ്യകോശത്തില്‍ പറ്റിപ്പിടിക്കാന്‍ ബാക്ടീരിയയെ സഹായിക്കുന്ന ജീന്‍ ഗവേഷകര്‍ ഒഴിവാക്കി. അതുവഴി, കൃത്രിമ ഡി.എന്‍.എ.ഉപയോഗിച്ചു സൃഷ്ടിക്കുന്നത്‌ രോഗാണു ആകാനുള്ള സാധ്യത ഒഴിവാക്കി.

അമേരിക്കയില്‍ മേരിലന്‍ഡിലെ റോക്ക്‌വില്ലെയില്‍ പ്രവര്‍ത്തിക്കുന്ന ജെ.ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്‌റ്റിട്ട്യൂട്ടാണ്‌, ഗവേഷകലോകത്തെയാകെ അമ്പരപ്പിച്ച പുതിയ മുന്നേറ്റം നടത്തിയത്‌. ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ.ഡാനിയല്‍ ഗിബ്‌സണ്‍ ഗവേഷണത്തിന്‌ നേതൃത്വം നല്‍കി. ക്രെയ്‌ഗ്‌ വെന്ററിന്റെ അതിസമര്‍ഥരായ 17-അംഗ ടീം കൃത്രിമമായി ബാക്ടീരിയജിനോം നിര്‍മിക്കുന്നതിന്‌ പിന്നിലുണ്ടായിരുന്നു. ഡി.എന്‍.എ.തന്മാത്രയിലെ രാസാക്ഷരങ്ങള്‍ എന്ന്‌ കരുതാവുന്ന 'ന്യൂക്ലയോടൈഡുകള്‍' അല്ല ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും ജിനോമിന്റെ സൃഷ്ടിക്ക്‌ ഉപയോഗിച്ചത്‌. പകരം, കൃത്രിമ ഡി.എന്‍.എ.തുണ്ടുകള്‍ ഗവേഷണ ആവശ്യങ്ങള്‍ക്ക്‌ നല്‍കുന്ന കമ്പനികളില്‍നിന്ന്‌ വരുത്തി ഉപയോഗിക്കുകയായിരുന്നു.

വാഷിങ്‌ടണിലെ ബോത്ത്‌വെലില്‍ പ്രവര്‍ത്തിക്കുന്ന 'ബ്ലു ഹിറോണ്‍ ബയോടെക്‌നോളജി', കാലിഫോര്‍ണിയയില്‍ മെന്‍ലോ പാര്‍ക്കിലെ 'DNA2.0', ടൊറോന്റൊയിലെ 'ജീന്‍ആര്‍ട്ട്‌' (GENEART) എന്നീ കമ്പനികളില്‍ നിന്നാണ്‌ ഡി.എന്‍.എ.തുണ്ടുകള്‍ ഓര്‍ഡര്‍ നല്‍കി വരുത്തിയത്‌. ആ തുണ്ടുകളെ കൂട്ടിയിണക്കി വലിയ രണ്ട്‌ ഡി.എന്‍.എ.ഭാഗങ്ങളാക്കുകയും അവയെ കൃത്രിമ ക്രോമസോമില്‍ സന്നിവേശിപ്പിച്ച്‌ യീസ്റ്റ്‌ കോശങ്ങളുടെ സഹായത്തോടെ ബാക്ടീരിയാ ജിനോമാക്കി മാറ്റുകയും ചെയ്യുകയാണുണ്ടായത്‌.

ജീവന്റെ തന്‍മാത്രയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഡി.എന്‍.എ.യെ കൂടുതല്‍ വലിയ രൂപത്തില്‍ സൃഷ്ടിക്കാനുള്ള മാര്‍ഗമാണ്‌ ഇതൊടെ ശാസ്‌ത്രത്തിന്‌ തുറന്നുകിട്ടിയിരിക്കുന്നതെന്ന്‌ 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ആവശ്യമായ രീതിയില്‍ പരുവപ്പെടുത്തിയ ഡി.എന്‍.എ.കൊണ്ട്‌ രൂപപ്പെടുത്തുന്ന സൂക്ഷ്‌മജീവികള്‍ക്ക്‌ ജൈവഇന്ധനങ്ങള്‍ ഉത്‌പാദിപ്പിക്കാന്‍ ശേഷിയുണ്ടാകുമെന്ന്‌ ക്രെയ്‌ഗ്‌ വെന്റര്‍ നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അത്തരം ജീവികളെ വിഷമാലിന്യങ്ങള്‍ വിഘടിപ്പിക്കാനും, ആഗോളതാപനം ചെറുക്കാനായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡ്‌ ആഗിരണം ചെയ്യാനും ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

1995-ല്‍ ഒരു ജീവിയുടെ പൂര്‍ണജനിതകസാരം (ജിനോം) ആദ്യമായി കണ്ടെത്തി ചരിത്രം സൃഷ്ടിച്ച ഗവേഷകനാണ്‌ ക്രെയ്‌ഗ്‌ വെന്റര്‍. പൊതുമേഖലാ സംരംഭമായിരുന്ന ഹ്യുമന്‍ജിനോം പദ്ധതിക്ക്‌ വെല്ലുവിളിയുയര്‍ത്തി, തൊണ്ണൂറുകളുടെ അവസാനം സ്വന്തം നിലയ്‌ക്ക്‌ മാനവജിനോം കണ്ടെത്തിയ 'സെലേറ ജിനോമിക്‌സ്‌' എന്ന കമ്പനിയുടെ സ്ഥാപകനും അദ്ദേഹമാണ്‌. ലോകത്തെ ഏറ്റവും കുശാഗ്രബുദ്ധിയായ ജനിതകശാസ്‌ത്രജ്ഞന്‍ എന്നാണ്‌ അദ്ദേഹത്തെ പലരും വിശേഷിപ്പിക്കാറ്‌. വിവാദങ്ങള്‍ ഒരിക്കലും ക്രെയ്‌ഗ്‌ വെന്ററെ വിട്ടൊഴിഞ്ഞിട്ടില്ല. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം കാര്യമായി ചെവികൊടുക്കാറുമില്ല.

പുതിയ നീക്കവും തീര്‍ച്ചയായും വിവാദമായിക്കഴിഞ്ഞു. എന്നാല്‍, ഒരു സൂക്ഷ്‌മജീവിയെ കൃത്രിമമായി സൃഷ്ടിക്കുക എന്നതിനൊപ്പം മറ്റൊരു ലക്ഷ്യം കൂടി ക്രെയ്‌ഗ്‌ വെന്ററിന്റെ നീക്കത്തിന്‌ പിന്നിലുണ്ടെന്ന്‌ പലരും കരുതുന്നു. ജീവന്റെ പരമായ രഹസ്യം എന്തെന്ന്‌ മനസിലാക്കുകയാണ്‌ അത്‌. ഒരു ഉപകരണത്തിന്റെ രഹസ്യമറിയാന്‍ ഏറ്റവും നല്ല മാര്‍ഗം അത്തരമൊന്ന്‌ നിര്‍മിച്ചുനോക്കുകയാണല്ലോ. ജീവന്റെ നിലനില്‍പ്പിന്‌ കുറഞ്ഞത്‌ എത്ര ജീനുകള്‍ വേണം എന്ന്‌ മനസിലാക്കുകയും അദ്ദേഹത്തിന്റെ ലക്ഷ്യമാണ്‌. മൈക്കോപ്ലാസ്‌മ ജനിറ്റാലിയം ബാക്ടീരിയത്തില്‍ 485 ജീനുകള്‍ ഉണ്ടെങ്കിലും, അതില്‍ നൂറെണ്ണം ആവശ്യമില്ലാത്തതാണെന്ന്‌ ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും വിശ്വസിക്കുന്നു. എന്നാല്‍, ആ നൂറ്‌ ജീനുകള്‍ ഏതാണെന്ന്‌ അറിയില്ല. അവിടെയാണ്‌ പ്രശ്‌നം. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം തേടല്‍ കൂടിയാണ്‌ ക്രെയ്‌ഗ്‌ വെന്ററിന്റെ വിവാദ ഗവേഷണം.(അവലംബം: സയന്‍സ്‌).



Monday, January 21, 2008

കാലാവസ്ഥശാസ്‌ത്രത്തിലെ 'ഡബിള്‍ ഹെലിക്‌സ്‌'

ഒരുമാസത്തെ ഇടവേള 'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ യാദൃശ്ചികമായി സംഭവിച്ചതാണ്‌. ആ ഇടവേള ഇരുന്നൂറാമത്തെ പോസ്‌റ്റിനായി എന്നത്‌ അതിലും യാദൃശ്ചികം.

വിദൂര പെസഫിക്‌ദ്വീപിലെ അഗ്നിപര്‍വതത്തിന്‌ മുകളില്‍ സ്ഥാപിച്ച നിരീക്ഷണാലയത്തില്‍, ചാള്‍സ്‌ കീലിങ്‌ എന്ന ശാസ്‌ത്രജ്ഞന്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ്‌ കണക്കാക്കാന്‍ തുടങ്ങിയിട്ട്‌ 2008-ല്‍ അരനൂറ്റാണ്ട്‌ തികയുന്നു. ആഗോളതാപനത്തെപ്പറ്റി ഇന്ന്‌ ലോകം പങ്കുവെയ്‌ക്കുന്ന സര്‍വ ആശങ്കകള്‍ക്കും അടിസ്ഥാനമായി മാറി, കീലിങിന്റെ കണക്കുകളും അതുപയോഗിച്ച്‌ അദ്ദേഹം രൂപപ്പെടുത്തിയ ഗ്രാഫും. മൂന്നു വര്‍ഷം മുമ്പ്‌ അന്തരിച്ച ആ മഹാശാസ്‌ത്രജ്ഞനെയും അദ്ദേഹത്തിന്റെ ജീവിതത്തെയും കുറിച്ച്‌.....

ലളിതമായ ഒരു ദൃശ്യമാകാം ഗൗരവമാര്‍ന്ന പ്രശ്‌നത്തെ വിദഗ്‌ധമായി പ്രതിനിധീകരിക്കുക. 'കീലീങ്‌ഗ്രാഫ്‌' (Keeling Curve) അത്തരമൊരു ദൃശ്യമാണ്‌. കാലത്തിനൊപ്പം ക്രമമായി മുകളിലേക്കുയരുന്ന രേഖ. മനുഷ്യന്‍ ഭൂമിയോടു ചെയ്യുന്ന അരുതായ്‌മകളുടെ ഏറ്റവും വലിയ തെളിവ്‌. കഴിഞ്ഞ അമ്പതുവര്‍ഷമായി അന്തരീക്ഷവായുവില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത എത്രകണ്ട്‌ വര്‍ധിച്ചു എന്നതിന്റെ ദൃശ്യവിവരണം. ഹരിതഗൃഹവാതകങ്ങളില്‍ ഏറ്റവും പ്രമുഖം കാര്‍ബണ്‍ഡയോക്‌സയിഡ്‌ (CO2) ആണെന്ന വസ്‌തുത ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോള്‍, ഈ ഗ്രാഫിന്റെ പാരിസ്ഥിതികവും രാഷ്ട്രീയവുമായ മാനങ്ങള്‍ വര്‍ധിക്കുന്നു. ഇതൊരു മുന്നറിയിപ്പാകുന്നു. ഭൂമിക്കു ചൂടുപിടിക്കുന്നു എന്ന മുന്നറിയിപ്പ്‌.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വാര്‍ത്തയില്‍നിന്ന്‌ വിട്ടുമാറാത്തെ വര്‍ഷമാണ്‌ കടന്നു പോയത്‌. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചി (ഐ.പി.സി.സി) ന്റെ നാലാം അവലോകറിപ്പോര്‍ട്ട്‌ പുറത്തു വന്നതും, ആഗോളതാപനം ചെറുക്കാനുള്ള ശാസ്‌ത്രീയപഠനത്തിനും ബോധവത്‌ക്കരണത്തിനും (ഐ.പി.സി.സിക്കും അല്‍ഗോറിനും) സമാധാനനോബല്‍ ലഭിച്ചതും, ക്യോട്ടോയ്‌ക്കു ശേഷം എന്തുവേണം എന്നകാര്യം ആലോചിക്കാന്‍ ലോകം ബാലിയില്‍ ഒത്തുകൂടിയതും (ഇത്‌ കാണുക), ഇതിനകം മനുഷ്യരാശിയെയും ജൈവവ്യവസ്ഥകളെയും ആഗോളതാപനം വേട്ടയാടാന്‍ ആരംഭിച്ചിരിക്കുന്നു എന്ന സത്യം വിളിച്ചുപറയുന്ന ഒട്ടേറെ ഗവേഷണഫലങ്ങള്‍ പുറത്തു വന്നതും (ഒരു ഉദാഹരണം ഇവിടെ) പോയ വര്‍ഷമാണ്‌. ഒരുപക്ഷേ, 2007-ല്‍ ലോകം ചര്‍ച്ചചെയ്‌ത മുഖ്യവിഷയം ആഗോളതാപനം ആയിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

എന്നാല്‍, ഇതിന്റെയെല്ലാം തുടക്കം അമ്പതുവര്‍ഷം മുമ്പ്‌ ശാന്തസമുദ്രത്തിന്റെ മധ്യത്തിലെ ഒരു വിദൂരദ്വീപില്‍ ചാള്‍സ്‌ ഡേവിഡ്‌ കീലിങ്‌ (Charles David Keeling) എന്ന യുവശാസ്‌ത്രജ്ഞന്‍ ആരംഭിച്ച അത്യന്തം ശ്രമകരമായ ഒരു കണക്കെടുപ്പോടെ ആയിരുന്നു എന്നകാര്യം അധികമാര്‍ക്കും അറിയില്ല. നഗരമലിനീകരണത്തിന്റെ ഭീഷണികളില്‍ നിന്നകന്ന്‌, ഹാവായിയില്‍ മൗന ലോവ ദ്വീപിലെ അഗ്നിപര്‍വതത്തില്‍, സമുദ്രനിരപ്പില്‍നിന്ന്‌ 3000 മീറ്റര്‍ ഉയരെ സ്ഥാപിച്ച ലബോറട്ടറിയില്‍ അന്തരീക്ഷവായുവിലെ CO2-ന്റെ കണക്കെടുപ്പാണ്‌ നടന്നത്‌. ഭൂമി ശ്വസിക്കുന്നതും നിശ്വസിക്കുന്നതും എങ്ങനെയെന്ന്‌ ആ നീരീക്ഷണഫലങ്ങള്‍ ആദ്യമായി ലോകത്തിന്‌ കാട്ടിക്കൊടുത്തു. താന്‍ ശേഖരിച്ച കണക്കുകള്‍ പ്രകാരം വര്‍ഷംതോറും അന്തരീക്ഷത്തിലെ CO2-ന്റെ സാന്ദ്രത വ്യത്യാസപ്പെടുന്നതിന്റെ തോത്‌ ഒരു ഗ്രാഫായി കീലിങ്‌ രേഖപ്പെടുത്തി. അതാണ്‌ 'കീലിങ്‌ ഗ്രാഫ്‌'.
അമ്പതുവര്‍ഷം തുടര്‍ന്ന ശ്രമകരമായ നിരീക്ഷണഫലങ്ങളാണ്‌ കീലിങ്‌ ഗ്രാഫിലുള്ളത്‌. അതീവ ലളിതമെന്ന്‌ ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന ആ ഗ്രാഫിന്‌ മേലാണ്‌, കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച സങ്കീര്‍ണസത്യങ്ങള്‍ ശാസ്‌ത്രലോകം കെട്ടിപ്പൊക്കിയിരിക്കുന്നത്‌. ഫോസില്‍ ഇന്ധനങ്ങള്‍ (പെട്രോളിയം, കല്‍ക്കരി തുടങ്ങിയവ) കൂടുതലായി ഉപയോഗിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ CO2 ക്രമമായി വര്‍ധിക്കുന്നതിന്റെ വ്യക്തമായ ചിത്രം കീലിങ്‌ ഗ്രാഫ്‌ കാട്ടിത്തരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം സ്വാന്റെ അറീനിയസ്‌ (Svante Arrhenius) എന്ന ഗവേഷകന്‍, അന്തരീക്ഷത്തില്‍ CO2 കൂടുതല്‍ വ്യാപിക്കുന്നതിന്റെ അപകത്തെപ്പറ്റി മുന്നറിയിപ്പ്‌ നല്‍കിയിരുന്നെങ്കിലും, അരനൂറ്റാണ്ട്‌ മുമ്പ്‌ കീലിങ്‌ ആരംഭിച്ച CO2-ന്റെ അളവെടുപ്പാണ്‌ ആഗോളതാപനത്തിന്‌ ശാസ്‌ത്രീയ അടിത്തറ പാകിയത്‌.

ജനിതകശാസ്‌ത്രത്തില്‍ 'ഡബിള്‍ ഹെലിക്‌സ്‌' (double helix-ഡി.എന്‍.എ.ഘടന) എന്താണോ, അതാണ്‌ കാലാവസ്ഥാപഠനത്തില്‍ കീലിങ്‌ ഗ്രാഫ്‌. ഇരുപതാംനൂറ്റാണ്ടില്‍ ലോകത്തിന്‌ ലഭിച്ച ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഡേറ്റയാണ്‌ ഈ ഗ്രാഫിലുള്ളത്‌. `ചാള്‍സ്‌ കീലിങിന്റെ കഠിനപ്രയത്‌നം ഇല്ലായിരുന്നെങ്കില്‍, ഈ ഗ്രാഫ്‌ നമുക്കു മുന്നില്‍ തെളിവായി അവശേഷിക്കാതിരുന്നെങ്കില്‍, മനുഷ്യപ്രേരിതമായ ആഗോളതാപനത്തെക്കുറിച്ച്‌ ലോകത്തിനുള്ള ധാരണകള്‍ കുറഞ്ഞത്‌ 20 വര്‍ഷമെങ്കിലും പിന്നിലാകുമായിരുന്നു`-ഈസ്റ്റ്‌ ആംഗ്ലിയ സര്‍വകലാശാലയ്‌ക്കു കീഴിലെ 'ടിന്‍ഡെല്‍ സെന്റര്‍ ഫോര്‍ ക്ലൈമറ്റ്‌ ചേഞ്ച്‌ റിസര്‍ച്ചി'ന്റെ ഡയറക്ടര്‍ പ്രൊഫ. ആന്‍ഡ്രൂ വാറ്റ്‌കിന്‍സണ്‍ അഭിപ്രായപ്പെടുന്നു.

2005 ജൂണ്‍ 20-നാണ്‌ ചാള്‍സ്‌ കീലിങ്‌ അന്തരിച്ചത്‌. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന അമേരിക്കയിലെ 'സ്‌ക്രിപ്പ്‌സ്‌ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ്‌ ഓഷ്യാനോഗ്രാഫി'യുടെ ഡയറക്ടര്‍ ചാള്‍സ്‌ എഫ്‌.കെന്നല്‍ അനുശോചന സന്ദേശത്തില്‍ ഇങ്ങനെ പറഞ്ഞു: `നിരീക്ഷണങ്ങള്‍ ശാസ്‌ത്രത്തെത്തന്നെ പാടെ മാറ്റിമറിച്ച മൂന്ന്‌ സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലുണ്ട്‌. ടൈക്കോ ബ്രാഹെയുടെ വാനനിരീക്ഷണങ്ങള്‍ സര്‍ ഐസക്ക്‌ ന്യൂട്ടന്‌ ഗുരുത്വാകര്‍ഷണ സിദ്ധാന്തം രൂപപ്പെടുത്താനുള്ള അടിത്തറയായി. പ്രകാശത്തിന്റെ പ്രവേഗത്തെപ്പറ്റി ആല്‍ബെര്‍ട്ട്‌ മൈക്കല്‍സണ്‍ നടത്തിയ നിരീക്ഷണങ്ങള്‍, ആല്‍ബെര്‍ട്ട്‌ ഐന്‍സ്റ്റയിന്റെ ആപേക്ഷികതാസിദ്ധാന്തത്തിന്‌ അടിസ്ഥാനമായി. ആഗോളതലത്തില്‍ അന്തരീക്ഷത്തില്‍ CO2 അടിഞ്ഞുകൂടുന്നതിനെപ്പറ്റി ചാള്‍സ്‌ കീലിങ്‌ നടത്തിയ നിരീക്ഷണങ്ങള്‍ കലാവസ്ഥാവ്യതിയാനത്തെക്കുറിച്ച്‌ ഇന്നുയരുന്ന ആകാംക്ഷകള്‍ക്കും ആശങ്കകള്‍ക്കെല്ലാം തുടക്കമിട്ടു. ഒരു ശാസ്‌ത്രജ്ഞന്‍ തന്റെ പഠനമേഖലയില്‍ ത്യാഗമനസ്സോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടു മാത്രം ലോകത്തെ എങ്ങനെ മാറ്റാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്‌ ചാള്‍സ്‌ കീലിങ്‌`.

CO2 ഭൂമിയോട്‌ ചെയ്യുന്നത്‌
അന്തരീക്ഷത്തില്‍ CO2 വാതകത്തിന്റെ അളവ്‌ വളരെ പരിമിതമാണ്‌. അതിനാല്‍, CO2-ന്റെ സാന്ദ്രത പതിവായി അളക്കുക അത്ര എളുപ്പമല്ല. വായുവില്‍ 78 ശതമാനം നൈട്രജനും 20.9 ശതമാനം പ്രാണവായുവായ ഓക്‌സിജനുമാണ്‌. ആര്‍ഗൊണ്‍ 0.9 ശതമാനം വരും. 99.8 ശതമാനം വായുവും ഈ മൂന്ന്‌ വാതകങ്ങളാണ്‌. CO2 ഉള്‍പ്പടെ മറ്റ്‌ എല്ലാ വാതകങ്ങളും ചേര്‍ന്നാല്‍ 0.2 ശതമാനമേ വരൂ. പതിനായിരം വായുതന്മാത്രകളെടുത്താല്‍ അതില്‍ വെറും നാലെണ്ണം മാത്രമായിരിക്കും CO2. എത്ര നിസ്സാരം എന്നു തോന്നാം. പക്ഷേ, ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന്‌ അനുകൂലമാംവിധം ഊഷ്‌മാവ്‌ ക്രമീകരിച്ചു നിര്‍ത്തുന്നതില്‍ ഈ വാതകത്തിന്‌ മുഖ്യപങ്കുണ്ട്‌. ഭൗമാന്തരീക്ഷത്തിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍സിയസ്‌ ആണ്‌. അന്തരീക്ഷത്തില്‍ CO2 ഇല്ലായിരുന്നെങ്കില്‍, അത്‌ മൈനസ്‌ 20 ഡ്രിഗ്രിയാകുമായിരുന്നു; ജീവന്റെ നിലനില്‍പ്പ്‌ അസാധ്യമാകുമായിരുന്നു.

ഇത്തരത്തിലൊരു ഉപകാരിയാണെങ്കില്‍ CO2-നെക്കുറിച്ച്‌ ഇത്ര ആശങ്കയുടെ ആവശ്യമെന്ത്‌ എന്ന്‌ തോന്നാം. അതിന്‌ കാരണമുണ്ട്‌. അന്തരീക്ഷത്തില്‍ CO2 ഇല്ലെങ്കില്‍ താപനില മൈനസ്‌ ഇരുപതും, പതിനായിരത്തില്‍ വെറും നാല്‌ എന്ന തോതില്‍ CO2 ഉള്ളപ്പോള്‍ താപനില 14 ഡിഗ്രിയും ആണെന്ന്‌ പറഞ്ഞാല്‍ എന്താണ്‌ മനസിലാക്കേണ്ടത്‌. പതിനായിരത്തില്‍ വെറും നാല്‌ തന്മാത്ര എന്ന തോതില്‍ CO2-ന്റെ സാന്ദ്രത അന്തരീക്ഷത്തില്‍ വര്‍ധിച്ചപ്പോള്‍ താപനിലയില്‍ 34 ഡിഗ്രിയുടെ വര്‍ധന ഉണ്ടായി എന്നല്ലേ. അങ്ങനെയെങ്കില്‍, CO2 സാന്ദ്രത വീണ്ടും വര്‍ധിച്ചാലോ. ഊഷ്‌മാവില്‍ എത്ര വലിയ കുതിച്ചുചാട്ടമാകും സംഭവിക്കുക. ഉദാഹരണത്തിന്‌, അന്തരീക്ഷവായുവില്‍ CO2 ന്റെ തോത്‌ ഒരു ശതമാനമായി എന്നു കരുതുക. എന്തു സംഭവിക്കുമെന്നോ, താപനില 100 ഡിഗ്രിക്ക്‌ മുകളിലെത്തും, വെള്ളം തിളയ്‌ക്കും! ശുക്രഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ 98 ശതമാനവും CO2 ആണ്‌. അതുകൊണ്ട്‌ അവിടുത്തെ താപനില 477 ഡിഗ്രി സെല്‍സിയസ്‌ ആണ്‌.

ഹരിതഗൃഹങ്ങള്‍ (green houses) എന്നു കേട്ടിട്ടില്ലേ. ഉള്ളിലെത്തുന്ന ചൂടിനെ പുറത്തേക്കു വിടാതെ പിടിച്ചുനിര്‍ത്തി കൃത്രിമാന്തരീക്ഷം സൃഷ്ടിച്ച്‌ ചെടികളും മറ്റും വളര്‍ത്താന്‍ സസ്യശാസ്‌ത്രജ്ഞര്‍ ഉപയോഗിക്കുന്ന സംവിധാനം. ഇങ്ങനെ താപം തടഞ്ഞുനിര്‍ത്തുന്ന പ്രതിഭാസത്തിന്‌ ഹരിതഗൃഹപ്രഭാവം (green house effect) എന്നാണ്‌ പേര്‌. CO2, മീഥേന്‍ തുടങ്ങിയ വാതകങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ ഹരിതഗൃഹങ്ങളുടെ പങ്കാണ്‌ വഹിക്കുന്നത്‌. സൂര്യനില്‍നിന്നെത്തുന്ന താപോര്‍ജത്തില്‍ നല്ലൊരു പങ്ക്‌ ഭൂമിയില്‍നിന്ന്‌ പ്രതിഫലിച്ചും വിസരണം വഴിയുമൊക്ക അന്തരീക്ഷത്തിന്‌ വെളിയില്‍ പോകണം. അന്തരീക്ഷതാപനില വലിയ ചാഞ്ചാട്ടമില്ലാതെ നിലനില്‍ക്കാന്‍ അതേ വഴിയുള്ളു. എന്നാല്‍, CO2 അടക്കമുള്ള ഹരിതഗൃഹവാതകങ്ങള്‍ സൂര്യനില്‍നിന്നെത്തുന്ന താപോര്‍ജത്തില്‍ നല്ലൊരു പങ്ക്‌ പുറത്തു പോകാന്‍ അനുവദിക്കാതെ ഇവിടെത്തന്നെ തടഞ്ഞു നിര്‍ത്തുന്നു. ഇത്തരം വാതകങ്ങളുടെ സാന്ദ്രത വര്‍ധിക്കുമ്പോള്‍, അന്തരീക്ഷത്തില്‍ തടഞ്ഞുനിര്‍ത്തപ്പെടുന്ന താപത്തിന്റെ അളവും വര്‍ധിക്കും. ഇതുമൂലം അന്തരീക്ഷ താപനില ക്രമേണ ഉയരും. ഈ പ്രതിഭാസമാണ്‌ ആഗോളതാപനം (global warming). ലോകമിന്ന്‌ ഏറ്റവും ആശങ്കയോടെ കാണുന്ന സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി പ്രശ്‌നമാണിത്‌.

കല്‍ക്കരി നിലയങ്ങള്‍, വാഹനങ്ങള്‍ എന്നിവയില്‍നിന്നാണ്‌ ഏറ്റവുമധികം CO2 പുറത്തുവരുന്നത്‌. കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഇതിന്‌ കാരണമാകുന്നു. ശരിക്കു പറഞ്ഞാല്‍ കോടിക്കണക്കിന്‌ വര്‍ഷംകൊണ്ട്‌ അന്തരീക്ഷത്തില്‍നിന്ന്‌ സസ്യലോകം ആഗിരണം ചെയ്‌തു സൂക്ഷിച്ച കാര്‍ബണാണ്‌ ഇന്ന്‌ ഒറ്റയടിക്ക്‌ മനുഷ്യന്‍ അന്തീരക്ഷത്തില്‍ വ്യാപിക്കുന്നത്‌. പ്രാചീനകാലത്ത്‌ ഭൂമിക്കടിയില്‍പെട്ട വൃക്ഷങ്ങളും സസ്യങ്ങളുമാണല്ലോ ഫോസില്‍ ഇന്ധനങ്ങള്‍ക്ക്‌ കാരണം. കോടിക്കണക്കിന്‌ വര്‍ഷം മുമ്പ്‌ പ്രകൃതി 'കുടത്തിലടച്ചു സൂക്ഷിച്ച ഭൂത'ത്തെ ആധുനിക മനുഷ്യന്‍ തുറന്നുവിടുകയാണെന്നു പറയാം. വ്യവസായിക വിപ്ലവത്തോടെ ആരംഭിച്ച ഈ പ്രക്രിയയ്‌ക്ക്‌ ഇരുപതാംനൂറ്റാണ്ടില്‍ ആക്കം കൂടി.
വ്യവസായികവിപ്ലവത്തിന്റെ തുടക്കത്തില്‍ അന്തരീക്ഷത്തില്‍ CO2 -ന്റെ തോത്‌ 280 പി.പി.എം (parts per million-പത്തുലക്ഷത്തിലൊരംശം) ആയിരുന്നു. കീലിങ്‌ തന്റെ നിരീക്ഷണം ആരംഭിക്കുന്ന സമയത്ത്‌ (1958-ല്‍) അത്‌ 315 പി.പി.എമ്മും, 2005-ല്‍ 380 -ഉം ആയി. എന്നുവെച്ചാല്‍, വ്യവസായികവിപ്ലവം ആരംഭിച്ച ശേഷം അന്തരീക്ഷത്തില്‍ CO2 -ന്റെ തോതിലുണ്ടായ വര്‍ധന 100 പി.പി.എം.ആണ്‌. കീലിങ്‌ ഗ്രാഫ്‌ പ്രകാരം, കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ പ്രതിവര്‍ഷം ശരാശരി 0.44 ശതമാനം വര്‍ധനയാണ്‌ CO2-ന്റെ കാര്യത്തില്‍ സംഭവിച്ചത്‌. എന്നാല്‍, ഓരോ പതിറ്റാണ്ട്‌ കഴിയുന്തോറും ഇതിന്റെ തോത്‌ വര്‍ധിക്കുന്നതായി ചില സമീപകാല പഠനങ്ങള്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ ശാസ്‌ത്രജ്ഞര്‍ നടത്തിയ പഠനം അനുസരിച്ച്‌, കഴിഞ്ഞ പതിറ്റാണ്ടില്‍ അന്തരീക്ഷ CO2-ന്റെ പ്രതിവര്‍ഷ വര്‍ധന 1.8 ശതമാനം ആയിരുന്നു. 2002, 2003 കാലത്ത്‌ അത്‌ 2.54 ശതമാനമായി.

ഒരു സ്ഥലത്ത്‌ സംഭവിക്കുന്ന മലിനീകരണം അവിടെ തന്നെ ഒതുങ്ങും എന്നു കരുതരുത്‌. ഭൗമാന്തരീക്ഷം ഒറ്റ യൂണിറ്റായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതിലെ വാതകപ്രവാഹങ്ങള്‍ ലോകം മുഴുവന്‍ എത്തുന്നു. കഴിഞ്ഞയാഴ്‌ച നിങ്ങളുടെ ഉച്ഛാസവായുവിലൂടെ പുറത്തുവന്ന CO2-നെ ഇപ്പോള്‍ ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത്‌ ഒരു ചെടി പ്രകാശസംശ്ലേഷണത്തിന്‌ ഉപയോഗിക്കുകയാവാം. സസ്യലോകമാണ്‌ CO2-ന്റെ മുഖ്യഉപഭോക്താക്കള്‍. കാരണം, സൂര്യപ്രകാശത്തെ ആഗിരണം ചെയ്‌ത്‌ ധാന്യകം നിര്‍മിക്കാനുള്ള പ്രകാശസംശ്ലേഷണമെന്ന പ്രക്രിയയില്‍ CO2 ഒരു അഭിഭാജ്യഘടകമാണ്‌. എന്നാല്‍, ഭൂമിയിലെ വനങ്ങള്‍ക്കും സസ്യലോകത്തിനും സമുദ്രങ്ങള്‍ക്കുമൊക്കെ താങ്ങാനാകുന്നതിലും കൂടുതല്‍ CO2 മനുഷ്യന്‍ പുറത്തുവിടുന്നു എന്നിടത്താണ്‌ പ്രശ്‌നം.
'അഴകളവി'ന്റെ അമ്പത്‌ വര്‍ഷങ്ങള്‍
കീലിങ്‌ എന്ന ശാസ്‌ത്രജ്ഞന്‌ CO2-നോട്‌ തോന്നിയ പ്രണയം യാദൃശ്ചികമായിരുന്നു. ജീവിതലക്ഷ്യമായി CO2 നിരീക്ഷണം പിന്നീട്‌ അദ്ദേഹം സ്വയം ഏറ്റെടുത്തു. പെന്‍സില്‍വാനിയയിലെ സ്‌ക്രാന്റണില്‍ 1928 ഏപ്രില്‍ 20-ന്‌ ജനിച്ച കീലിങ്‌, പ്രാഥമികതലത്തില്‍ രസതന്ത്ര പഠനം പൂര്‍ത്തിയാക്കി, 1954-ല്‍ നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയില്‍നിന്ന്‌ രസതന്ത്രത്തില്‍ ഗവേഷണബിരുദം കരസ്ഥമാക്കിയ ശേഷം ജിയോകെമിസ്‌ട്രിയില്‍ ഗവേഷണം തുടരാന്‍ കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി(കാല്‍ടെക്‌) യില്‍ ചേര്‍ന്നപ്പോഴാണ്‌, ഒരു ഒഴിയാബാധയായി CO2 അദ്ദേഹത്തിന്റെ ജീവിതത്തില്‍ കയറിക്കൂടുന്നത്‌. ആ സമയത്ത്‌ തന്നെയായിരുന്നു (1955-ല്‍) ലൂയിസ്‌ ബാര്‍തോള്‍സുമായുള്ള കീലിങിന്റെ വിവാഹവും. കാര്‍ബണ്‍ഡയോക്‌സയിഡും താനും തമ്മിലുള്ള ബന്ധം ആരംഭിച്ചതെങ്ങനെയെന്ന്‌, ആത്മകഥയായ 'റിവാര്‍ഡ്‌സ്‌ ആന്‍ഡ്‌ പെനാലിറ്റീസ്‌ ഓഫ്‌ മോണിറ്ററിങ്‌ എര്‍ത്ത്‌' എന്ന കൃതിയില്‍ കീലിങ്‌ വിവരിക്കുന്നുണ്ട്‌.

'കാല്‍ടെകി'ല്‍ പ്രൊഫ. ഹാരിസണ്‍ ബ്രൗണിന്റെ മേല്‍നോട്ടത്തില്‍ നിലവില്‍വന്ന ജിയോകെമിസ്‌ട്രി ഡിപ്പാര്‍ട്ട്‌മെന്റിലെ ആദ്യ പോസ്‌റ്റ്‌ഡോക്ടറല്‍ ഫെലോയായിരുന്നു കീലിങ്‌. ഗവേഷണ വിഷയം കണ്ടെത്തുക എന്നതായിരുന്ന താന്‍ അവിടെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെന്ന്‌ കീലിങ്‌ ഓര്‍ക്കുന്നു. ഇക്കാര്യത്തില്‍ പ്രൊഫ.ബ്രൗണ്‍ പക്ഷേ, അത്ര ഉത്‌ക്കണ്‌ഠയൊന്നും പ്രകടിപ്പില്ല. ചുണ്ണാമ്പുകല്ലുകള്‍ക്കു മുകളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ പ്രതലത്തിന്‌ മുകളിലും പ്രതലത്തിന്‌ താഴെയും കാര്‍ബണേറ്റിന്റെ ഒരു രാസസമതുലനാവസ്ഥയുണ്ടാകുമെന്നും, വായുവിലെ CO2ഉം വെള്ളത്തിലെ ചുണ്ണാമ്പുകല്ലുമാകും അതിന്‌ കാരണമെന്നും ഒരുദിവസം പ്രൊഫസര്‍ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച്‌ ഗവേഷണവിഷയമൊന്നും ഇല്ലാതെ കറങ്ങിനടന്ന കീലിങ്‌ ആ ആശയം ശരിയാണോ എന്ന്‌ പരീക്ഷിക്കാന്‍ തീരുമാനിച്ചു.

വായുവിലെയും വെള്ളത്തിലെയും CO2ന്റെ അളവ്‌ കണക്കുകയെന്നത്‌ അത്ര എളുപ്പമല്ല. അളവെടുക്കാന്‍ ഒരു ഉപകരണം വേണം. 1916-ലെ ഒരു ഗവേഷണ ജേര്‍ണലില്‍ വിവരിച്ചിരുന്ന സംവിധാനത്തിന്റെ മാതൃക കടമെടുത്ത്‌, CO2-ന്റെ അളവ്‌ കൃത്യമായി കണക്കാക്കാനുള്ള ഉപകരണം കീലിങ്‌ വികസിപ്പിച്ചു. അതുമായി കാല്‍ടെകിന്‌ സമീപം പസദേനയിലെ ചില സ്ഥലങ്ങളില്‍ ചെന്ന്‌ വായുവിന്റെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചു. എന്നാല്‍, നഗരത്തില്‍നിന്ന്‌ അകലെ മലിനീകരണം കുറഞ്ഞ സ്ഥലത്ത്‌ പഠനം നടത്തിയിട്ടേ കാര്യമുള്ളൂ എന്ന്‌ താമസിയാതെ ബോധ്യമായി. പെസഫിക്‌ സമുദ്രത്തോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ബിഗ്‌ സുര്‍ സ്‌റ്റേറ്റ്‌ പാര്‍ക്ക്‌ പറ്റിയ സ്ഥലമാണെന്ന്‌ മനസിലാക്കി പഠനം അങ്ങോട്ടു മാറ്റി. താന്‍ രൂപപ്പെടുത്തിയ ഉപകരണം നല്‍കിയ കൗതുകം കൊണ്ടാകണം, മണിക്കൂറുകള്‍ ഇടവിട്ട്‌ വായുവിന്റെ സാമ്പിള്‍ ശേഖരിക്കുകയും CO2-ന്റെ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തുകയും ചെയ്യാന്‍ കീലിങ്‌ ആരംഭിച്ചു.

യഥാര്‍ഥത്തില്‍ തന്റെ പ്രോജക്ടിന്‌ അത്തരം വ്യാപകമായ രീതിയിലുള്ള പരിശോധന ആവശ്യമായിരുന്നില്ല. എന്നിട്ടും എന്തിന്‌ അങ്ങനെ ചെയ്‌തുവെന്ന്‌ ഇപ്പോഴും അത്ഭുതം തോന്നുന്നതായി കീലിങ്‌ ആത്മകഥയില്‍ പറയുന്നു. `അതിലൊരു രസം തോന്നി, അത്രതന്നെ' കീലിങ്‌ എഴുതുന്നു. ചെറുപ്പത്തിന്റെ ആവേശം, ഉത്സാഹം. രാത്രി പലതവണ സ്ലീപ്പിങ്‌ ബാഗില്‍നിന്ന്‌ പുറത്തിറങ്ങി വായുസാമ്പിളുകള്‍ ശേഖരിക്കേണ്ടി വന്നതൊന്നും പ്രശ്‌നമായി തോന്നിയില്ല. താമസിയാതെ, വെള്ളത്തിലെ CO2-ന്റെ കണക്കാക്കുന്നത്‌ നിര്‍ത്തി. വായുവില്‍ കൂടുതല്‍ ശ്രദ്ധിച്ചു. പകലിനെക്കാള്‍ രാത്രിവായുവില്‍ CO2 കൂടുതലുള്ളത്‌ കൗതുകമുണര്‍ത്തി. രാത്രിയില്‍ സസ്യങ്ങള്‍ CO2 ആഗിരണം ചെയ്യാത്തതാണ്‌ കാരണമെന്ന്‌ വ്യക്തമായി. സൂര്യപ്രകാശമുള്ളപ്പോഴല്ലേ പ്രകാശസംശ്ലേഷണം നടക്കൂ. മറ്റ്‌ പല ഗവേഷണകേന്ദ്രങ്ങളുടെയും സഹായത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വായുസാമ്പിളുകള്‍ സംഘടിപ്പിച്ച്‌ വിശകലനം ചെയ്‌തു. അങ്ങനെയാണ്‌ CO2 കീലിങിനെ തേടിയെത്തിയത്‌. ഭൗമരസതന്ത്രത്തില്‍ തന്റെ മേഖല ഏതാണെന്ന്‌ ആ ചെറുപ്പക്കാരന്‍ സ്വയം കണ്ടെത്തുകയായിരുന്നു. CO2-ന്റെ അളവെടുക്കാന്‍ അന്ന്‌ തുടങ്ങിയതാണ്‌. അമ്പതു വര്‍ഷം നീണ്ട ഒരു തപസ്യയാകും അതെന്ന്‌ കീലിങ്‌ പോലും കരുതിയില്ല. ശരിക്കു പറഞ്ഞാല്‍, തികച്ചും യാദൃശ്ചികമായി കാലം ആ ദൗത്യം അദ്ദേഹത്തെ ഏല്‍പ്പിക്കുകയായിരുന്നു.

അഗ്നിപര്‍വതം നല്‍കിയ ഗ്രാഫ്‌
ഹാവായി ദ്വീപുകള്‍ ശാന്തസമുദ്രത്തിന്റെ മധ്യത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌; മലിനനഗരങ്ങളില്‍ നിന്നെല്ലാം അകലെ. അതിലൊന്നിലെ 13,000 അടി ഉയരമുള്ള അഗ്നിപര്‍വതത്തിന്റെ പേരാണ്‌ മൗന ലോവ (Mauna Loa). 1957-58 കാലത്ത്‌ 'അന്താരാഷ്ട്ര ജിയോഫിസിക്കല്‍ വര്‍ഷാചരണ'(IGY) ത്തിന്റെ ഭാഗമായി മൗന ലോവയില്‍ ഒരു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിക്കപ്പെട്ടു. അന്തരീക്ഷത്തിലെ CO2 ന്റെ അളവ്‌ തുടര്‍ച്ചയായി കണക്കാക്കാന്‍ കീലിങ്‌ നിയോഗിക്കപ്പെടുന്നത്‌ മൗന ലോവയിലാണ്‌. ജിയോഫിസിക്കല്‍ വര്‍ഷാചരണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായ റോജര്‍ റിവില്ലെയുടെയും, യു.എസ്‌.കാലാവസ്ഥാ ബ്യൂറോയിലെ എഞ്ചിനിയറിങ്‌ മേധാവി ഡോ.ഹാരി വെക്‌സ്ലെറുടെയും പ്രേരണയാണ്‌ ആ ദൗത്യം ഏറ്റെടുക്കാന്‍ കാരണമായത്‌. പ്രശസ്‌ത ഗവേഷണകേന്ദ്രമായ 'സ്‌ക്രിപ്പ്‌സ്‌ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ്‌ ഓഷ്യാനോഗ്രാഫി'യുടെ അന്നത്തെ മേധാവി കൂടിയായ റോജര്‍ റിവില്ലെ, കീലിങിനെ തന്റെ സ്ഥാപനത്തില്‍ നിയമിക്കുകയും ചെയ്‌തു.

അക്കാലത്തെ പൊതുവിശ്വാസം, ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന്‌ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന CO2-ല്‍ നല്ലൊരു പങ്ക്‌ സമുദ്രങ്ങള്‍ ആഗിരണം ചെയ്യും എന്നായിരുന്നു. പല ഗവേഷകര്‍ക്കും പക്ഷേ, ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. അന്തരീക്ഷവായുവിലെ CO2-ന്റെ ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കിയാലേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അതിന്‌ വായുവിലെ CO2-ന്റെ അളവ്‌ പതിവായി കണക്കാക്കണം. മൗന ലോവയില്‍ കീലിങും കൂട്ടരും അതാണ്‌ ചെയ്‌തത്‌. ദിവസവും രണ്ടുതവണ വീതം വായുസാമ്പിളുകള്‍ ശേഖരിച്ച്‌ CO2 അളന്നു. കീലിങിന്റെ സംഘത്തിന്‌ വേണ്ടി ദക്ഷിണധ്രുവത്തില്‍നിന്നും പതിവായി വായുസാമ്പിളുകള്‍ ശേഖരിച്ചു. അന്തരീക്ഷത്തില്‍ CO2-ന്‌ വാര്‍ഷിക ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്ന കാര്യം, നിരീക്ഷണം ആരംഭിച്ച്‌ ഒന്നുരണ്ട്‌ വര്‍ഷങ്ങള്‍കൊണ്ട്‌ തന്നെ വ്യക്തമായി. വസന്തകാലത്ത്‌ CO2-ന്റെ അളവ്‌ കുറയുന്നു; ഗ്രീഷ്‌മത്തില്‍ കൂടുന്നു. വസന്തത്തില്‍ സസ്യങ്ങള്‍ കൂടുതല്‍ CO2 ആഗിരണം ചെയ്യുന്നതുകൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നതെന്ന്‌ വ്യക്തമായിരുന്നു.

വാര്‍ഷിക ഏറ്റക്കുറച്ചിലുകള്‍ ചാക്രികമായി സംഭവിക്കുമ്പോള്‍ തന്നെ, CO2 ഡേറ്റ ഉപയോഗിച്ച്‌ നിര്‍മിച്ച ഗ്രാഫിന്റെ തലപ്പ്‌ മുകളിലേക്ക്‌ ഉയരുന്ന കാര്യം അറുപതുകള്‍ ആയപ്പോഴേക്കും വ്യക്തമായി. എന്നുവെച്ചാല്‍ അന്തരീക്ഷത്തില്‍ CO2-ന്റെ അളവ്‌ ക്രമമായി കൂടുകയാണ്‌. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന വാതകം മുഴുവന്‍ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നില്ലെന്നും, വാതകത്തില്‍ നല്ലൊരു പങ്ക്‌ അന്തരീക്ഷത്തില്‍ അവശേഷിക്കുകയാണ്‌ എന്നതിനുള്ള തെളിവായിരുന്നു ആ ഗ്രാഫ്‌. അത്‌ പിന്നീട്‌ കീലിങ്‌്‌ഗ്രാഫ്‌ എന്ന്‌ അറിയപ്പെടാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പിന്നിടുന്തോറും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി; അപകടത്തിലേക്കാണ്‌ പോക്ക്‌. 1969-ല്‍ അമേരിക്കന്‍ ഫിലോസൊഫിക്കല്‍ സൊസൈറ്റിയുടെ സമ്മേളനത്തില്‍, CO2-ന്റെ അമിതവ്യാപനത്തെക്കുറിച്ചു സംസാരിക്കാന്‍ കീലിങ്‌ ക്ഷണിക്കപ്പെട്ടു. നിരീക്ഷണങ്ങളിലൂടെ ലഭിച്ച ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആഗോളതാപനത്തെക്കുറിച്ച്‌ ഒരു വേദിയില്‍ ഒരുപക്ഷേ, ആദ്യമായി ചര്‍ച്ച നടന്നത്‌ അന്നാകണം.

അന്തരീക്ഷത്തിലെ CO2-ന്റെ വ്യാപനം വര്‍ഷംതോറും വര്‍ധിക്കുന്ന കാര്യം കണ്ടെത്തിയതുകൊണ്ടു മാത്രം കീലിങ്‌ തന്റെ ദൗത്യം അവസാനിപ്പിച്ചില്ല. CO2 അളവെടുപ്പ്‌ അദ്ദേഹം കൃത്യമായി തുടര്‍ന്നു. 'പതിവ്‌ പ്രവര്‍ത്തനം' എന്നു വിശേഷിപ്പിച്ച്‌ യു.എസ്‌.നാഷണല്‍ സയന്‍സ്‌ ഫൗണ്ടേഷന്‍ അറുപതുകളില്‍ മൗന ലോവ നിരീക്ഷണകേന്ദ്രത്തിനുള്ള ഫണ്ട്‌ നിര്‍ത്തലാക്കിയിട്ടും, പുതിയതായി നിലവില്‍വന്ന 'നാഷണല്‍ ഓഷ്യാനിക്‌ ആന്‍ഡ്‌ അറ്റ്‌മോസ്‌ഫറിക്‌ അഡ്‌മിനിസ്‌ട്രേഷന്‍' (നോവ-NOAA) പലതവണ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടും, 'നോവ'യിലെ ചില പ്രമാണിമാര്‍ വ്യക്തിപരമായി തന്നെ മൗന ലോവ നിരീക്ഷണകേന്ദ്രം അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടുമൊന്നും തോറ്റു പിന്‍മാറാന്‍ കീലിങ്‌ തയ്യാറായില്ല. അമേരിക്കന്‍ ശാസ്‌ത്രമേഖലയിലെ ബ്യൂറോക്രസി ഓരോ തവണ എതിരായി വരുമ്പോഴും, മറ്റേതെങ്കിലും കോണില്‍നിന്ന്‌ കീലിങിന്റെ പ്രവര്‍ത്തനത്തിന്റെ മഹത്ത്വം മനസിലാക്കി സഹായം എത്തിക്കൊണ്ടിരുന്നു. ലോക കാലാവസ്ഥാസംഘടന (WMO) യുടെ രൂപത്തിലും, യൂറോപ്പിനെ ചില യൂണിവേഴ്‌സിറ്റികളുടെ രൂപത്തിലുമെക്കെ കീലിങിന്‌ രക്ഷകരെത്തി. തൊണ്ണൂറുകളില്‍ പോലും ഫണ്ട്‌ വേണമെങ്കില്‍ തന്റെ ഗവേഷണത്തെ വീണ്ടും വീണ്ടും ന്യായീകരിക്കേണ്ട സ്ഥിതി തനിക്കുണ്ടായെന്ന്‌ കീലിങ്‌ വേദനയോടെ രേഖപ്പെടുത്തുന്നു.

അരനൂറ്റാണ്ട്‌ താന്‍ നടത്തിയത്‌ CO2 നിരീക്ഷണം മാത്രമല്ലെന്ന്‌ കീലിങ്‌ അനുസ്‌മരിക്കുന്നു; അമേരിക്കയിലെ ഔദ്യോഗിക ശാസ്‌ത്രലോബിയോടുള്ള ചെറുത്തുനില്‍പ്പുകൂടിയായിരുന്നു. എല്‍നിനോ (El Nino) പ്രതിഭാസവും കാലാവസ്ഥയും തമ്മിലുള്ള ബന്ധം, അന്തരീക്ഷത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന താപവര്‍ധന, വേലിയേറ്റവും വേലിയിറക്കവും കാലാവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനം, സൂര്യചന്ദ്രന്‍മാരുടെ ഗുരുത്വാകര്‍ഷണത്തിലുള്ള ചാക്രികസ്വാഭവം സമുദ്രത്തിലെ ഊഷ്‌മാവില്‍ വരുത്തുന്ന ദീര്‍ഘകാലമാറ്റം തുടങ്ങി കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഒട്ടേറെ സുപ്രധാന പഠനങ്ങള്‍, CO2 നിരീക്ഷണത്തിനൊപ്പം പില്‍ക്കാലത്ത്‌ കീലിങ്‌ നടത്തി. അന്തരീക്ഷതാപനില ഉയരുന്നത്‌ വസന്താഗമനത്തെപ്പോലും സ്വാധീനിക്കുന്ന കാര്യം ആദ്യമായി കണ്ടെത്തിയതും കീലിങ്‌ തന്നെ. ഉത്തരാര്‍ധഗോളത്തില്‍ വസന്തം ഒരാഴ്‌ച മുമ്പേ എത്തിത്തുടങ്ങയിരിക്കുന്നതായി 1996-ലാണ്‌ കീലിങ്‌ ലോകത്തെ അറിയിച്ചത്‌.

വന്യതെയെ വളരെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു കീലിങ്‌. മാത്രമല്ല, ക്ലാസിക്കല്‍ പിയാനോയില്‍ അദ്ദേഹം വിദഗ്‌ധനുമായിരുന്നു. 'സാന്‍ഡിയാഗോ മാഡ്രിഗല്‍ സിങേഴ്‌സ്‌' എന്ന ട്രൂപ്പിന്റെ സ്ഥാപക ഡയറക്ടര്‍ കീലിങായിരുന്നു. കീലിങ്‌ -ലൂയിസ്‌ ദമ്പതിമാര്‍ക്ക്‌ അഞ്ചു കുട്ടികള്‍ പിറന്നു. അതിലൊരളായ റാല്‍ഫ്‌ കീലിങ്‌ പിതാവിന്റെ കാലടികള്‍ പിന്തുടര്‍ന്ന്‌ കാലാവസ്ഥാ ശാസ്‌ത്രജ്ഞനായി. സ്ര്‌ക്രിപ്പ്‌സ്‌ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ്‌ ഓഷ്യാനോഗ്രാഫിയിലെ പ്രൊഫസറാണ്‌ റാല്‍ഫ്‌.

'മൗന ലോവ നിരീക്ഷണകേന്ദ്രവുമായി ബന്ധപ്പെട്ട്‌ അന്തരീക്ഷ CO2-ന്റെ തോത്‌ നിര്‍ണയിക്കാന്‍ കഴിഞ്ഞ 40 വര്‍ഷമായി നടത്തുന്ന നിസ്‌തുല ഗവേഷണം' മുന്‍നിര്‍ത്തി ശാസ്‌ത്രരംഗത്തെ 'സവിശേഷ നേട്ടത്തിനുള്ള അവാര്‍ഡ്‌' 1997-ല്‍ അന്നത്തെ യു.എസ്‌.വൈസ്‌പ്രസിഡന്റ്‌ അല്‍ ഗോര്‍ കീലിങിന്‌ സമ്മാനിച്ചു. ക്യോട്ടോ ഉടമ്പടിയുടെ വര്‍ഷമായിരുന്നു അത്‌. ആയുഷ്‌ക്കാല ശാസ്‌ത്രനേട്ടത്തിനുള്ള ഏറ്റവും വലിയ അമേരിക്കന്‍ ബഹുമതിയായ 'നാഷണല്‍ മെഡല്‍ ഓഫ്‌ സയന്‍സ്‌' 2002-ല്‍ കീലിങിന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ സമ്മാനിച്ചു. ക്യോട്ടോ ഉടമ്പടിയില്‍നിന്ന്‌ അമേരിക്ക പിന്‍മാറുന്നതായി പ്രഖ്യാപിച്ചതും കീലിങിന്‌ ബഹുമതി സമ്മാനിച്ചതും ബുഷ്‌ തന്നെയാണെന്നത്‌ വിരോധാഭാസമായി തോന്നാം. 'ടൈലര്‍ പ്രൈസ്‌ ഫോര്‍ എണ്‍വിരോണ്‍മെന്റ്‌ അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌' 2005-ല്‍ കീലിങിനെത്തേടിയെത്തി. അവാര്‍ഡുകളുടെ പെരുപ്പമൊന്നും പക്ഷേ, ആ ശാസ്‌ത്രജ്ഞന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയില്ല. നൂറിലേറെ ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം മരിക്കുന്ന ദിവസം വരെയും, തന്റെ പേരില്‍ അറിയപ്പെടുന്ന ആ ഗ്രാഫ്‌ കൂടുതല്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു. മനുഷ്യരാശി ഉള്ളിടത്തോളം കാലം ആ ഗ്രാഫ്‌ ഒരു മുന്നറിയിപ്പായി നിലനില്‍ക്കുകയും ചെയ്യും.

പിന്‍കുറിപ്പ്‌: അമ്പതുവര്‍ഷം മുമ്പ്‌ മൗന ലോവ അഗ്നിപര്‍വതത്തില്‍ കീലിങ്‌ ആരംഭിച്ചത്ര ലളിതമായ പ്രവര്‍ത്തനമല്ല ഇന്ന്‌ CO2 നിരീക്ഷണം. അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഒരു ബ്രഹത്‌ പ്രവര്‍ത്തനമാണ്‌ ഇന്നത്‌. ഭൂമുഖത്തെ നൂറ്‌ കേന്ദ്രങ്ങളില്‍നിന്ന്‌ ആഴ്‌ചതോറും വായുസാമ്പിളുകള്‍ ശേഖരിച്ച്‌ CO2-ന്റെ അളവ്‌ കണക്കാക്കുന്നു. ഫ്‌ളാസ്‌ക്കുകളില്‍ ശേഖരിക്കുന്ന വായു, ലബോറട്ടറികളിലെത്തിച്ച്‌ അതിലെ CO2 ഉള്‍പ്പടെയുള്ള ഹരിതഗൃഹവാതകങ്ങളുടെയും മറ്റ്‌ മാലിന്യങ്ങളുടെയും തോത്‌ നിര്‍ണയിക്കപ്പെടുന്നു. കാലാവസ്ഥാപഠനത്തിനുള്ള വിമാനങ്ങള്‍ അത്രതന്നെ സാമ്പിളുകള്‍ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന വിതാനങ്ങളില്‍നിന്നും ശേഖരിക്കുന്നു. ഒപ്പം അന്തരീക്ഷത്തിലെ ചില വാതകങ്ങളുടെ സാന്ദ്രത കൃത്രിമോപഗ്രഹങ്ങളുടെ സഹായത്തോടെ നിരീക്ഷിക്കുകയും ചെയ്യുന്നു. കീലിങ്‌ തുടങ്ങിയ പ്രവര്‍ത്തനത്തിന്റെ ശരിക്കുള്ള തുടര്‍ച്ച തന്നെയാണിത്‌.
(അവലംബം: Rewards and Penalties of Monitoring Earth - Charles Keeling, The Weather Makers - Tim Flannery, Cambridge Dictionary of Scientists, Charles David Keeling Biography - Scripps Institution of Oceanography, Wikipedia, BBC) (ഈ ബ്ലോഗിലെ നൂറാമത്തെ പോസ്‌റ്റ്‌ ഇവിടെ).