Friday, December 14, 2007

നാനോകോണ്‍ക്രീറ്റുമായി മലയാളി ശാസ്‌ത്രജ്ഞന്‍

നിര്‍മാണരംഗത്ത്‌ വിപ്ലവം സൃഷ്ടിക്കാന്‍ ഈ മുന്നേറ്റം സഹായിക്കുമെന്ന്‌ വിലയിരുത്തല്‍

നാനോടെക്‌നോളജിയുടെ സഹായത്തോടെ മലയാളി ശാസ്‌ത്രജ്ഞന്‍ രൂപപ്പെടുത്തിയ കോണ്‍ക്രീറ്റ്‌, നിര്‍മാണരംഗത്ത്‌ പുത്തന്‍ കുതിച്ചുചാട്ടത്തിന്‌ വഴിവെച്ചേക്കും. അമേരിക്കയില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ രാമന്തളി സ്വദേശി ഡോ. വിനോദ്‌ വീടാണ്‌ നാനോടെക്‌നോളജിയെ നിര്‍മാണരംഗവുമായി കൂട്ടിയിണക്കുന്ന പുത്തന്‍ കണ്ടുപിടിത്തം നടത്തിയത്‌. കൂടുതല്‍ ഉറപ്പുള്ള ബഹുനിലകെട്ടിടങ്ങളും പാലങ്ങളും റോഡുകളുമൊക്കെ യാഥാര്‍ഥ്യമാക്കാന്‍ ഇത്‌ സഹായിച്ചേക്കും.

ഹാവായിയിലെ ഹോണൊലുലുവില്‍ പ്രവര്‍ത്തിക്കുന്ന 'ഓഷ്യാനിറ്റ്‌ ലബോറട്ടറീസി'ലെ (Oceanit Laboratories Inc.) സീനിയര്‍ നാനോടെക്‌നോളജി എഞ്ചിനിയറായ ഡോ.വിനോദിന്റെ കണ്ടുപിടിത്തം പേറ്റന്റ്‌ ചെയ്യാനുള്ള നടപടി അമേരിക്കയില്‍ ആരംഭിച്ചു കഴിഞ്ഞു. കാര്‍ബണ്‍ നാനോട്യൂബുകളെ കോണ്‍ക്രീറ്റുമായി സംയോജിപ്പിക്കാന്‍ ലോകമെങ്ങും ശ്രമം നടക്കുന്ന വേളയിലാണ്‌, ഇക്കാര്യം സാധ്യമാക്കാനുള്ള സങ്കേതം 31-കാരനായ ഡോ.വിനോദ്‌ വികസിപ്പിച്ചത്‌.

തലമുടി നാരിഴയെക്കാള്‍ ആയിരക്കണക്കിന്‌ മടങ്ങ്‌ കനം കുറഞ്ഞ നാനോട്യൂബുകള്‍ വളരെ ഉറപ്പുള്ളവ മാത്രമല്ല മികച്ച ചാലകങ്ങളുമാണ്‌. അതിനാല്‍, അവ സന്നിവേശിപ്പിച്ച്‌ രൂപപ്പെടുത്തുന്ന കോണ്‍ക്രീറ്റിന്‌ ഉറപ്പു ഏറുന്നതിനൊപ്പം, അതിനുള്ളിലെ തകരാറുകള്‍ കാര്‍ബണ്‍ നാനോട്യൂബുകളുടെ സാന്നിധ്യം മൂലം മുന്‍കൂട്ടി അറിയാനും പറ്റും. നാനോകോണ്‍ക്രീറ്റ്‌ ഉപയോഗിച്ചു നിര്‍മിക്കുന്ന പാലങ്ങളിലും കെട്ടിടങ്ങളിലും വിള്ളലുകളോ ബലക്ഷയമോ ഉണ്ടായാല്‍, ഒരു നാഡീവ്യൂഹം പോലെ പ്രവര്‍ത്തിക്കുന്ന നാനോട്യൂബുകളിലൂടെ അത്‌ മുന്‍കൂട്ടി മനസിലാക്കി അപകടം ചെറുക്കാനാകും.

ഡോ.വിനോദിന്റെ കണ്ടുപിടിത്തം പ്രായോഗികമായി രംഗത്തെത്താന്‍ ഇനിയും ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്‌. കാര്‍ബണ്‍ നാനോട്യൂബിന്റെ വന്‍വിലയാണ്‌ അതില്‍ പ്രധാനം. വാണിജ്യപരമായി എങ്ങനെ നാനോകോണ്‍ക്രീറ്റ്‌ നിര്‍മിക്കാം എന്നതാണ്‌ മറ്റൊരു കടമ്പ. എന്നാല്‍, ആറ്റത്തിന്റെ വലിപ്പത്തിലുള്ള അതിസൂക്ഷ്‌മമായ നാനോട്യൂബുകള്‍ സിമന്റ്‌ പോലെ കട്ടികൂടിയ വസ്‌തുക്കളുമായി സംയോജിപ്പിക്കാം എന്ന മുഖ്യപ്രശ്‌നത്തിന്‌ ഡോ.വിനോദ്‌ ഉത്തരം കണ്ടെത്തിയിരിക്കുയാണെന്ന്‌, ഓഷ്യാനിറ്റ്‌ ലബോറട്ടറി അറിയിക്കുന്നു. കോണ്‍ക്രീറ്റില്‍ മാത്രമല്ല, പെയിന്റിങ്‌ പോലുള്ള രംഗത്തും ഈ കണ്ടുപിടിത്തം ഉപയോഗിക്കാനാകും.

പുലുക്കുന്നത്ത്‌ വടക്കേ വീട്ടില്‍ അന്തരിച്ച കെ.വി.നാരായണ പൊതുവാളിന്റെയും പി.വി.രുഗ്‌മിണിയുടെയും മകനായ ഡോ.വിനോദ്‌, രാമന്തളി ഗവണ്‍മെന്റ്‌ ഹൈസ്‌ക്കൂളിലും പയ്യന്നൂര്‍ കോളേജിലുമായി ആദ്യകാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂര്‍ ഗവണ്‍മെന്റ്‌ എഞ്ചിനിയറിങ്‌ കോളേജില്‍ നിന്നാണ്‌ ബി.ടെക്‌ ബിരുദം നേടുന്നത്‌. സൗദി അറേബ്യയില്‍ എഞ്ചിനിയറിങ്‌ എക്‌സിക്യുട്ടീവായി ഒരു വര്‍ഷം പ്രവര്‍ത്തിച്ച ശേഷം അദ്ദേഹം അമേരിക്കയിലെ ഫ്‌ളോറിഡ സര്‍വകലാശാലയില്‍ നിന്ന്‌ എം.എസ്‌.ഡിഗ്രി നേടി. പിന്നീട്‌ ഹാവായ്‌ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുമ്പോള്‍, മലയാളിയും പ്രശസ്‌ത നാനോടെക്‌നോജളി വിദഗ്‌ധനുമായ ഡോ. പുളിക്കല്‍ എം. അജയനായിരുന്നു വിനോദിന്റെ ഗവേണ ഉപദേഷ്ടാവ്‌.

2006-ല്‍ ഓഷ്യാനിറ്റില്‍ ചേരുംമുമ്പു തന്നെ ഡോ.വിനോദ്‌ ഉള്‍പ്പെട്ട ഒരു കണ്ടുപിടിത്തം ലോകശ്രദ്ധ നേടിയിരുന്നു. ലോകത്തെ 'ഏറ്റവും ചെറിയ ബ്രഷ്‌' ആയിരുന്നു അത്‌. ഡോ.അജയനൊപ്പമാണ്‌ കാര്‍ബണ്‍ നാനോട്യൂബുകള്‍ ഉപയോഗിച്ചുള്ള ആ അതിസൂക്ഷ്‌മ ബ്രഷ്‌ ഡോ.വിനോദ്‌ രൂപപ്പെടുത്തിയത്‌. 'ഗിന്നസ്‌ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റിക്കോഡ്‌സി'ല്‍ ആ ബ്രഷ്‌ ഇടംനേടുകയും ചെയ്‌തു. കണ്ണൂര്‍ ഗവണ്‍മെന്റ്‌ എഞ്ചിനിയറിങ്‌ കോളേജില്‍ നിന്നു തന്നെ ബി.ടെക്‌ നേടി സൗമ്യയാണ്‌ ഡോ.വിനോദിന്റെ ജീവിതപങ്കാളി. ആദിത്ത്‌ മകനും. (അവലംബം: ഓഷ്യാനിറ്റ്‌ ലബോറട്ടറീസ്‌, കടപ്പാട്‌: മാതൃഭൂമി)

8 comments:

JA said...

നാനോടെക്‌നോളജിയുടെ സഹായത്തോടെ മലയാളി ശാസ്‌ത്രജ്ഞന്‍ രൂപപ്പെടുത്തിയ കോണ്‍ക്രീറ്റ്‌, നിര്‍മാണരംഗത്ത്‌ പുത്തന്‍ കുതിച്ചുചാട്ടത്തിന്‌ വഴിവെച്ചേക്കും. അമേരിക്കയില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ രാമന്തളി സ്വദേശി ഡോ. വിനോദ്‌ വീടാണ്‌ നാനോടെക്‌നോളജിയെ നിര്‍മാണരംഗവുമായി കൂട്ടിയിണക്കുന്ന പുത്തന്‍ കണ്ടുപിടിത്തം നടത്തിയത്‌.

വക്കാരിമഷ്‌ടാ said...

നാനോട്യൂബുകള്‍ അത്ര എളുപ്പത്തില്‍ പിടിതരുന്ന ഒരു സംഗതിയല്ല ഇതുവരെ. അതിനെ പല സംഗതികളിലും മിക്സ് ചെയ്തും അല്ലാതെയും കൊമേഴ്‌സൈല്യൈസ് ചെയ്യാന്‍ നോക്കുന്നുണ്ട്. അധികം ബുദ്ധിമുട്ടില്ലാതെ അത് ചെയ്യാന്‍ പറ്റിയാലേ അതില്‍ വിപണനസാധ്യത ഉണ്ടാവൂ. ഉണ്ടായാല്‍ ഏറ്റവും വിപ്ലവകരമായ ഒരു സംഭവമാവുകയും ചെയ്യും.

നാനോട്യൂബുകള്‍ പണ്ടേ കണ്ടുപിടിക്കപ്പെട്ടതാണെങ്കിലും അതിനെ 90 കള്‍ മുതലുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമാക്കി മാറ്റിയത് ജപ്പാനിലെ സുമിയോ ഇജിമയാണ്. ഡോക്ടര്‍ അജയന്‍ അക്കാലങ്ങളിലോ അതിനടുത്തോ ഇജിമയുടെ ലാബില്‍ ഉണ്ടായിരുന്നു. നോബല്‍ സമ്മാനത്തിന് പരിഗണിക്കപ്പെടുന്നുണ്ട് എന്ന് തോന്നുന്നു, ഡോക്ടര്‍ ഇജിമ.

Who should be given the credit for the discovery of carbon nanotubes? എന്ന ലേഖനം വായിക്കാവുന്നതാണ് (അതുപോലുള്ള ഒരു ലേഖനത്തില്‍ റഫറന്‍സുകളുടെ ഓര്‍ഡര്‍ തെറ്റിച്ച് അവരും മാതൃക കാണിച്ചു എന്നത് അതിന്റെ മറുപുറം) :)

രാജന്‍ വെങ്ങര said...

“ഉയ്യിന്റപ്പാ... ഞങ്ങള ആലക്ക കാരന്‍‌ ഇത്ര വല്ല്യ ആളാന്ന് എന്നു ഇപ്പാ തിരിഞ്ഞതു..ബെല്ല്യ ശന്തൊശായി..”
സ്നേഹപൂര്‍‌വ്വം...

ഒരു “ദേശാഭിമാനി” said...

മലയാളികളുടെ ഈ വളര്‍ച്ച നമ്മെ അഭിമാനിതരാക്കുന്നു! അപ്പോഴും, നമ്മുടെ കുട്ടികളുടെ ഈ കഴിവുകള്‍ നമ്മുടെ നാട്ടില്‍ ഉപയോഗിക്കാ‍ാന്‍ അവസരം എന്നു ഉണ്ടാകും...... :(

അപ്പു said...

ജോസഫ് മാഷേ നല്ല ലേഖനം. വക്കാരിയുടെ കമന്റിലെ വിവരങ്ങള്‍ക്കും നന്ദി.

അങ്കിള്‍ said...

ഭാരതീയര്‍ക്ക്‌ അഭിമാനിക്കാവുന്ന ഒരു സംരംഭം.

കൃഷ്‌ | krish said...

ഈ നേട്ടം ആശംസനീയം.
നല്ല ലേഖനം.

കടവന്‍ said...

ഒരു “ദേശാഭിമാനി” said...
മലയാളികളുടെ ഈ വളര്‍ച്ച നമ്മെ അഭിമാനിതരാക്കുന്നു! അപ്പോഴും, നമ്മുടെ കുട്ടികളുടെ ഈ കഴിവുകള്‍ നമ്മുടെ നാട്ടില്‍ ഉപയോഗിക്കാ‍ാന്‍ അവസരം എന്നു ഉണ്ടാകും...... :(

എന്താ "ദേശാഭിമാനി" ഒന്നുമറിയാത്ത പോലെ നാട്ടിലുള്ള നമ്മുടെ പിള്ളെര്‍ ഫ്യൂസായ ബള്‍ബും പെട്രോളുമുപയോഗിച്ച് ബോംബുണ്ടാക്കുന്നിലെ? അങ്ങനെ എന്തെല്ലാം കണ്ട് പിടുത്തങ്ങള്.ഈയടുത്ത കാലത്ത് siയെ തലക്കടിച്ച് കൊന്ന്, എതിര്‍ചേരിയുടെ തലയിലിട്ടില്ലെ?(അതുമൊരു വിദ്യ തന്നെയാണെ?) ജനങ്ങള്ക്കുപയോഗമില്ലാത്ത എത്രയോ വാഹനങ്ങളും സ്ഥാപനങ്ങളൂം ഇതെങ്ങനെ ഒഴിവാകും എന്ന് ഗവറ്-മെണ്ട് ചിന്തിക്കുമ്പൊഴെക്കും അതൊക്കെ തൃണംപോലെ(cou:വാമൊഴി വഴക്കം..) കത്തിച്ച് കളയുന്നില്ലെ? എന്നിട്ടാ ഒരു പരാതി, കൊച്ച് കള്ളന്‍ ഒന്നുമറിയാത്തപോലെ.