ഊര്‍ജരംഗത്ത് വിപ്ലവവുമായി മലയാളി ഗവേഷകര്‍ബാറ്ററിയുടെ പരിമിതികളില്ലാതെ കടലാസില്‍ വൈദ്യുതി സംഭരിച്ചു സൂക്ഷിക്കാനും, ബാറ്ററിക്കു പകരം ചാര്‍ജുചെയ്‌ത കടലാസ് ഉപോയോഗിക്കാനും മാര്‍ഗ്ഗം തെളിയുന്നു. ഊര്‍ജസാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഈ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് രണ്ട് മലയാളി ഗവേഷകര്‍. വിമാനങ്ങള്‍ക്കു മുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുവരെ ഭാവിയില്‍ തുണയായേക്കാവുന്ന 'ബാറ്ററി കടലാസ് ' യാഥാര്‍ത്ഥ്യമാകുന്നത് നാനോ ടെക്‌നോളജിയുടെ സഹായത്തോടെയാണ്.
അമേരിക്കയില്‍ റെന്‍സ്സലേര്‍ പോളിടെക്‌നിക് ഇന്‍സ്‌റ്റിട്ട്യൂട്ടിലെ പ്രൊഫസറായ കൊടുങ്ങല്ലൂര്‍ സ്വദേശി പുളിക്കല്‍ എം.അജയന്‍ നേതൃത്വം നല്‍കിയ സംഘമാണ് ഈ മുന്നേറ്റം നടത്തിയത്. ഗവേഷകനായ കണ്ണൂര്‍ നടുവില്‍ സ്വദേശി ഡോ. ഷൈജുമോന്‍ എം. മാണിക്കോത്ത് ഈ ഉത്‌പന്നം വികസിപ്പിച്ചതില്‍ മുഖ്യപങ്കു വഹിച്ചു. ഇന്ത്യക്കാരായ വിക്ടര്‍ പുഷ്‌പരാജ്, അശ്വനി കുമാര്‍, ശരവണബാബു മുരുകേശന്‍ തുടങ്ങിയവരും ഗവേഷക സംഘത്തിലുണ്ട്. കടലാസില്‍ കാര്‍ബണ്‍ നാനോട്യൂബുകള്‍ പതിപ്പിച്ചു നിര്‍മിച്ച ഇതിന് പരമ്പരാഗത ബാറ്ററിയുടെ പരിമിതികളൊന്നുമില്ല. കാര്‍ബണ്‍ നാനോട്യൂബുകളുടെ സാന്നിധ്യം മൂലം കടലാസിന് കറുത്ത നിറമായിരിക്കും എന്നു മാത്രം.
"കനം കുറവ്, ഭാരം കുറവ്, എങ്ങനെ വേണമെങ്കിലും വളയ്‌ക്കാം, തിരിക്കാം, മടക്കാം, മുറിക്കാം. ഏത് രൂപകല്‍പ്പനയ്‌ക്കും വഴങ്ങും. ഭാവിയിലെ ഉപകരണങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഊര്‍ജ്ജസ്രോതസ്സായിരിക്കും ഇത്"-ടെലിഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ ഡോ. ഷൈജുമോന്‍ പറഞ്ഞു. കാര്‍ബണ്‍ നാനോട്യൂബുകള്‍ ഇതില്‍ ഇലക്ട്രോഡുകളായി പ്രവര്‍ത്തിക്കും. ജലംശമില്ലാത്ത അയണീകൃത ദ്രാവകമാണ് ഇലക്ട്രോലൈറ്റ്. ജലംശം ഇല്ലാത്തതിനാല്‍ ഈ 'ബാറ്ററി' ഏത് ഉയര്‍ന്ന ഊഷ്‌മാവിലും താഴ്‌ന്ന ഊഷ്‌മാവിലും പ്രവര്‍ത്തിക്കും.
"ഒരേ സമയം ലിഥിയം-അയണ്‍ ബാറ്ററിയായും, സൂപ്പര്‍ കപ്പാസിറ്ററായും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഈ ഉത്‌പന്നം രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്"-ഡോ. ഷൈജുമോന്‍ അറിയിച്ചു. ഇലക്ട്രോലൈറ്റിന്റെ അസാന്നിധ്യത്തില്‍ മനുഷ്യ ശരീരത്തിലെ വിയര്‍പ്പും രക്തവുമൊക്കെ ബാറ്ററി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. "ഏറ്റവും വലിയ പ്രത്യേകത, സാധാരണ ബാറ്ററിയില്‍ കാണപ്പെടുന്ന അപകടകാരികളായ വിഷവസ്‌തുക്കളൊന്നും ഇതിലില്ല എന്നതാണ്. കടലാസിന്റെ ഘടകമായ സെല്ലുലോസ് ആണ് ഇതില്‍ 90 ശതമാനവും. കാര്‍ബണും വിഷവസ്‌തുവല്ല. ആ നിലയ്‌ക്ക് തികച്ചും പരിസ്ഥിതിക്കിണങ്ങുന്ന ഊര്‍ജസംഭരണ മാര്‍ഗ്ഗമാണിത്"-ഡോ.ഷൈജുമോന്‍ പറഞ്ഞു.
വിഷവസ്‌തുക്കളില്ലാത്തതിനാല്‍ ശരീരത്തില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും കൃത്രിമ അവയവങ്ങള്‍ക്കുമാകും 'ബാറ്ററി കടലാസ്' ഏറ്റവും വലിയ അനുഗ്രഹമാകുക. ഇത്തരം കടലാസ് ബാറ്ററിയായി ഉപയോഗിച്ചാല്‍, സെല്‍ഫോണുകളുടെയും മറ്റും കനം എത്ര കുറയും എന്ന് സങ്കല്‍പ്പിച്ചു നോക്കുക. കാറുകളുടെ വാതില്‍ തന്നെ ബാറ്ററിയായി പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഭാവിയില്‍ രൂപകല്‍പ്പന ചെയ്യാനാകും. ലാപ്‌ടോപ്പുകളും മറ്റും കടലാസ് പോലെ കനംകുറഞ്ഞതാകും. സാധ്യതകളുടെ അപാരതയാണ് ഈ ഊര്‍ജ സംഭരണമാര്‍ഗ്ഗം മുന്നോട്ടു വെക്കുന്നത്.
പക്ഷേ, പുതിയ ഉത്‌പന്നം വിപണിയിലെത്താന്‍ വര്‍ഷങ്ങള്‍ ഇനിയും കാക്കേണ്ടി വരും. കണ്ടുപിടിത്തത്തിന്റെ മാതൃകാവകാശത്തിന് (പേറ്റന്റിന്) അപേക്ഷ നല്‍കിയതായി ഡോ.ഷൈജുമോന്‍ അറിയിച്ചു. കടലാസിന്റെ ഊര്‍ജസംഭരണ ക്ഷമത വര്‍ധിപ്പിക്കാനും, ഉത്‌പാദനത്തിന് വിവിധ സങ്കേതങ്ങള്‍ ആവിഷ്‌ക്കരിക്കാനും ശ്രമം തുടങ്ങി കഴിഞ്ഞു. ഭാവിയില്‍ ഇത്തരം ബാറ്ററികടലാസ് പത്രം പോലെ അച്ചടിച്ചിറക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'(പി.എന്‍.എ.എസ്) ന്റെ പുതിയ ലക്കത്തില്‍ കണ്ടുപിടിത്തത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂരില്‍ പുളിക്കല്‍ കുടുംബത്തില്‍ അന്തരിച്ച കെ. മാധവപണിക്കരുടെയും റിട്ടയേര്‍ഡ് അധ്യാപിക രാധ പുളിക്കലിന്റെയും മകനാണ് പ്രൊഫ. അജയന്‍. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.ടെക് നേടിയ അദ്ദേഹം ഇപ്പോള്‍ റെന്‍സ്സലേര്‍ പോളിടെക്‌നികില്‍ മെറ്റീരിയല്‍ സയന്‍സ് അന്‍ഡ് എഞ്ചിനിയറിങ്ങില്‍ ഹെന്‍ട്രി ബുര്‍ലേജ് പ്രൊഫസറാണ്. നാനോകാര്‍ബണ്‍ ഗവേഷണത്തില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുള്ള പ്രൊഫ. അജയന്‍, പോളിടെക്‌നിക്കിലെ 'കാര്‍ബണ്‍ നാനോമെറ്റീരിയല്‍സ് റിസര്‍ച്ച് ഗ്രൂപ്പി'ന്റെ മേധാവിയാണ്. ഈ ഗ്രൂപ്പാണ് കടലാസില്‍ ബാറ്ററി സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗം ആവിഷ്‌ക്കരിച്ചത്.
കണ്ണൂര്‍ നടുവില്‍ മാണിക്കോത്ത് കുടുംബത്തിലെ ടി.പി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെയും അധ്യാപിക എം.എം. സുഭദ്രയുടെയും മകനാണ് ഡോ. ഷൈജുമോന്‍. തളിപ്പറമ്പ് സര്‍ സയ്യദ് കോളേജില്‍ നിന്ന് ഭൗതീകശാസ്‌ത്രത്തില്‍ ബിരുദവും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് ബിരുദാന്തര ബിരുദവും നേടിയ ഷൈജുമോന്‍, മദ്രാസ് ഐ.ഐ.ടി.യില്‍ നിന്ന് കാര്‍ബണ്‍ നാനോടെക്‌നോളജിയില്‍ ഗവേഷണ ബിരുദം നേടിയ ശേഷമാണ് അമേരിക്കയിലെത്തുന്നത്. പ്രഫുല്ലയാണ് ഭാര്യ.പ്രൊഫ. അജയനും ഡോ.ഷൈജുമോനും സപ്‌തംബര്‍ ഒന്നു മുതല്‍ ടെക്‌സാസിലെ റൈസ് യൂണിവേഴ്‌സിറ്റിയിലേക്ക് പ്രവര്‍ത്തനം മാറ്റുകയാണ്. (അവലംബം: റെന്‍സ്സലേര്‍ പോളിടെക്‌നിക് ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്, ഡോ.ഷൈജുമോന്‍ എം.മാണിക്കോത്തുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം. കടപ്പാട്: മാതൃഭൂമി)
9 comments:
കടലാസില്‍ വൈദ്യുതി സംഭരിച്ചു സൂക്ഷിക്കാവുന്ന സാധ്യത ഒന്നാലോചിച്ചു നോക്കൂ. ബാറ്ററിക്കു പകരം അത്തരം ചാര്‍ജ് ചെയ്‌ത കടലാസുകള്‍ ഉപയോഗിക്കാവുന്ന സ്ഥിതി വന്നാലോ. ഇത് ഭാവനയോ ശാസ്‌ത്രകല്‍പ്പനയോ അല്ല. രണ്ട് മലയാളി ശാസ്‌ത്രജ്ഞര്‍ ഈ സാധ്യത യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. ഊര്‍ജസാങ്കേതികവിദ്യയും നാനോടെക്‌നോളജിയും വിജയകരമായി സമ്മേളിപ്പിക്കുക വഴിയാണത് സാധിച്ചത്.
:-)
നൂതനമായ ഇത്തരം നീക്കങ്ങള്‍ തന്നെയാണ്‍ ശാസ്ത്ര സാങ്കേതിക വിദ്യയെ പുതിയ ഉയരങ്ങളിലേക്കെത്തിക്കുന്നത്.
ഓഫ് ടോപിക്: മൊബൈല്‍ ഫൊണിനും ലാപ് ടോപ്പിനും ഭാരം കുറയാന്‍ ഇതു ഉപകരിക്കുമെങ്കില്‍ നമുക്ക് ,മലയാളികള്‍ക്കും അഭിമാനിക്കാം.
നല്ല റിപ്പോര്‍ട്ട്. അഭിനന്ദ്നങ്ങള്‍.
നല്ല വാര്‍ത്ത.
ഓ.ടോ. മനോരമയില്‍ ഉടനെ ഒരു വാര്‍ത്ത കണ്ടേക്കാം "ബാറ്ററികളിലെ മലയാളിത്തിളക്കം"
നല്ല കാര്യം.
ലേഖനത്തിന് നന്ദി. :)
ലേഖനത്തിന് നന്ദി
ഊര്‍ജ്ജ് സംഭരണത്തില്‍ പുതിയൊരു കാല്‍വെപ്പ്. അതു പോലെ തന്നെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇതുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
വിശ്വം മാഷ്, ആദര്‍ശ്, പുള്ളി, സൂ, ഉറുമ്പ്, മലോഡിയസ് - ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിനും സ്വാഗതം. എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍
വളരെ നല്ല അറിവുകള്‍.
നന്ദി... ജ !!
Post a Comment