Wednesday, February 06, 2008

ജീവന്റെ തന്മാത്ര പരീക്ഷണശാലയില്‍ പിറന്നു


കൃത്രിമജീവനിലേക്ക്‌ ഒരു ചുവടുമാത്രം

പരീക്ഷണശാലയില്‍ കൃത്രിമജീവിക്ക്‌ രൂപം നല്‍കാന്‍ ശ്രമം തുടരുന്ന പ്രശസ്‌ത ജനിതകശാസ്‌ത്രജ്ഞന്‍ ക്രെയ്‌ഗ്‌ വെന്ററും കൂട്ടരുമാണ്‌, രാസമാര്‍ഗത്തിലൂടെ തുന്നിച്ചേര്‍ത്ത്‌ ഒരു ജീവിയുടെ ഡി.എന്‍.എ.ആദ്യമായി പൂര്‍ണരൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്‌. കൃത്രിമജീവന്റെ സൃഷ്ടി ഈ വര്‍ഷം തന്നെ നടന്നേക്കുമെന്നും, അതിലേക്കുള്ള അവസാനത്തെ കടമ്പയാണ്‌ ഗവേഷകര്‍ കടന്നിരിക്കുന്നതെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍. ജീവന്റെ പരമമായ രഹസ്യം എന്തെന്നു കണ്ടെത്താന്‍കൂടിയുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഈ ഗവേഷണം.
പ്രഗത്ഭനായ ഒരു മജീഷ്യനെപ്പോലെയാണ്‌ ക്രെയ്‌ഗ്‌ വെന്റര്‍ എന്ന ജനിതകശാസ്‌ത്രജ്ഞന്‍. ആദ്യം ചെറിയ ചെറിയ വിദ്യകളും ഉപായങ്ങളും പുറത്തെടുക്കുന്നു. അങ്ങനെ കാണികളെ കൈയിലെടുത്തിട്ട്‌, അസാധ്യമെന്നു തോന്നിക്കുന്ന അവസാന ട്രിക്കിലേക്ക്‌ കടക്കുന്നതാണല്ലോ മജീഷ്യന്‍മാരുടെ അംഗീകൃത രീതി. 'മൈക്കോപ്ലാസ്‌മ ലബോറട്ടോറിയം' (Mycoplasma laboratorium) എന്നു മുന്‍കൂര്‍ പേര്‌ നല്‍കിയിട്ടുള്ള സൂക്ഷ്‌മജീവിയെ പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന ക്രെയ്‌ഗ്‌ വെന്ററും ഇത്തരത്തിലൊരു രീതിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.

അവസാന നേട്ടത്തിന്‌ മുന്നോടിയായി, കൃത്രിമമായി ക്രൊമസോം നിര്‍മിക്കാന്‍ കഴിയുമെന്നും, ഒരു ജീവിയുടെ ജിനോം മറ്റൊരു ജീവിയിലേക്ക്‌ മറ്റിവെയ്‌ക്കാനാകുമെന്നും, അതുവഴി രണ്ടാമത്തെ ജീവിയെ ആദ്യജിവിയുടെ ജീവഗുണങ്ങളുള്ളതാക്കി മാറ്റാമെന്നുമൊക്കെ ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും ഇതിനകം തെളിയിച്ചു കഴിഞ്ഞു. അന്തിമ ലക്ഷ്യത്തിന്‌ മുന്നോടിയായുള്ള അവസാനത്തെ ചുവടുവെയ്‌പ്പ്‌ - ഒരു ജിവിയുടെ ഡി.എന്‍.എ.രാസമാര്‍ഗത്തില്‍ സൃഷ്ടിക്കുക - വിജയകരമായി നടത്തിക്കഴിഞ്ഞു എന്നതാണ്‌ ഇതുസംബന്ധിച്ച ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.

'മൈക്കോപ്ലാസ്‌മ ജനിറ്റാലിയം' (Mycoplasma genitalium) എന്ന ബാക്ടീരിയത്തിന്റെ ഡി.എന്‍.എ.യാണ്‌ കൃത്രിമമാര്‍ഗത്തില്‍ സൃഷ്ടിച്ചത്‌. അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ ജിനോമുള്ള ജീവിയാണ്‌ അത്‌. ഒറ്റ ക്രോമസോമേ അതിന്റെ ഡി.എന്‍.എ.യ്‌ക്കുള്ളു; 582,970 രാസാക്ഷരങ്ങളിലായി പ്രോട്ടീന്‍ നിര്‍മാണനിര്‍ദ്ദേശങ്ങളടങ്ങിയ 485 ജീനുകളും. ബാക്ടീരിയ ജീനോമിനെ 101 യൂണിറ്റുകളാക്കി ഗവേഷകര്‍ തിരിച്ചു. ഓരോ യൂണിറ്റിലും നാല്‌ അല്ലെങ്കില്‍ അഞ്ച്‌ ജീനുകള്‍ ഉള്‍പ്പെടത്തക്ക വിധമായിരുന്നു ആ തരംതിരിക്കല്‍. മനുഷ്യകോശത്തില്‍ പറ്റിപ്പിടിക്കാന്‍ ബാക്ടീരിയയെ സഹായിക്കുന്ന ജീന്‍ ഗവേഷകര്‍ ഒഴിവാക്കി. അതുവഴി, കൃത്രിമ ഡി.എന്‍.എ.ഉപയോഗിച്ചു സൃഷ്ടിക്കുന്നത്‌ രോഗാണു ആകാനുള്ള സാധ്യത ഒഴിവാക്കി.

അമേരിക്കയില്‍ മേരിലന്‍ഡിലെ റോക്ക്‌വില്ലെയില്‍ പ്രവര്‍ത്തിക്കുന്ന ജെ.ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്‌റ്റിട്ട്യൂട്ടാണ്‌, ഗവേഷകലോകത്തെയാകെ അമ്പരപ്പിച്ച പുതിയ മുന്നേറ്റം നടത്തിയത്‌. ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ.ഡാനിയല്‍ ഗിബ്‌സണ്‍ ഗവേഷണത്തിന്‌ നേതൃത്വം നല്‍കി. ക്രെയ്‌ഗ്‌ വെന്ററിന്റെ അതിസമര്‍ഥരായ 17-അംഗ ടീം കൃത്രിമമായി ബാക്ടീരിയജിനോം നിര്‍മിക്കുന്നതിന്‌ പിന്നിലുണ്ടായിരുന്നു. ഡി.എന്‍.എ.തന്മാത്രയിലെ രാസാക്ഷരങ്ങള്‍ എന്ന്‌ കരുതാവുന്ന 'ന്യൂക്ലയോടൈഡുകള്‍' അല്ല ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും ജിനോമിന്റെ സൃഷ്ടിക്ക്‌ ഉപയോഗിച്ചത്‌. പകരം, കൃത്രിമ ഡി.എന്‍.എ.തുണ്ടുകള്‍ ഗവേഷണ ആവശ്യങ്ങള്‍ക്ക്‌ നല്‍കുന്ന കമ്പനികളില്‍നിന്ന്‌ വരുത്തി ഉപയോഗിക്കുകയായിരുന്നു.

വാഷിങ്‌ടണിലെ ബോത്ത്‌വെലില്‍ പ്രവര്‍ത്തിക്കുന്ന 'ബ്ലു ഹിറോണ്‍ ബയോടെക്‌നോളജി', കാലിഫോര്‍ണിയയില്‍ മെന്‍ലോ പാര്‍ക്കിലെ 'DNA2.0', ടൊറോന്റൊയിലെ 'ജീന്‍ആര്‍ട്ട്‌' (GENEART) എന്നീ കമ്പനികളില്‍ നിന്നാണ്‌ ഡി.എന്‍.എ.തുണ്ടുകള്‍ ഓര്‍ഡര്‍ നല്‍കി വരുത്തിയത്‌. ആ തുണ്ടുകളെ കൂട്ടിയിണക്കി വലിയ രണ്ട്‌ ഡി.എന്‍.എ.ഭാഗങ്ങളാക്കുകയും അവയെ കൃത്രിമ ക്രോമസോമില്‍ സന്നിവേശിപ്പിച്ച്‌ യീസ്റ്റ്‌ കോശങ്ങളുടെ സഹായത്തോടെ ബാക്ടീരിയാ ജിനോമാക്കി മാറ്റുകയും ചെയ്യുകയാണുണ്ടായത്‌.

ജീവന്റെ തന്‍മാത്രയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഡി.എന്‍.എ.യെ കൂടുതല്‍ വലിയ രൂപത്തില്‍ സൃഷ്ടിക്കാനുള്ള മാര്‍ഗമാണ്‌ ഇതൊടെ ശാസ്‌ത്രത്തിന്‌ തുറന്നുകിട്ടിയിരിക്കുന്നതെന്ന്‌ 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ആവശ്യമായ രീതിയില്‍ പരുവപ്പെടുത്തിയ ഡി.എന്‍.എ.കൊണ്ട്‌ രൂപപ്പെടുത്തുന്ന സൂക്ഷ്‌മജീവികള്‍ക്ക്‌ ജൈവഇന്ധനങ്ങള്‍ ഉത്‌പാദിപ്പിക്കാന്‍ ശേഷിയുണ്ടാകുമെന്ന്‌ ക്രെയ്‌ഗ്‌ വെന്റര്‍ നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അത്തരം ജീവികളെ വിഷമാലിന്യങ്ങള്‍ വിഘടിപ്പിക്കാനും, ആഗോളതാപനം ചെറുക്കാനായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡ്‌ ആഗിരണം ചെയ്യാനും ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

1995-ല്‍ ഒരു ജീവിയുടെ പൂര്‍ണജനിതകസാരം (ജിനോം) ആദ്യമായി കണ്ടെത്തി ചരിത്രം സൃഷ്ടിച്ച ഗവേഷകനാണ്‌ ക്രെയ്‌ഗ്‌ വെന്റര്‍. പൊതുമേഖലാ സംരംഭമായിരുന്ന ഹ്യുമന്‍ജിനോം പദ്ധതിക്ക്‌ വെല്ലുവിളിയുയര്‍ത്തി, തൊണ്ണൂറുകളുടെ അവസാനം സ്വന്തം നിലയ്‌ക്ക്‌ മാനവജിനോം കണ്ടെത്തിയ 'സെലേറ ജിനോമിക്‌സ്‌' എന്ന കമ്പനിയുടെ സ്ഥാപകനും അദ്ദേഹമാണ്‌. ലോകത്തെ ഏറ്റവും കുശാഗ്രബുദ്ധിയായ ജനിതകശാസ്‌ത്രജ്ഞന്‍ എന്നാണ്‌ അദ്ദേഹത്തെ പലരും വിശേഷിപ്പിക്കാറ്‌. വിവാദങ്ങള്‍ ഒരിക്കലും ക്രെയ്‌ഗ്‌ വെന്ററെ വിട്ടൊഴിഞ്ഞിട്ടില്ല. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം കാര്യമായി ചെവികൊടുക്കാറുമില്ല.

പുതിയ നീക്കവും തീര്‍ച്ചയായും വിവാദമായിക്കഴിഞ്ഞു. എന്നാല്‍, ഒരു സൂക്ഷ്‌മജീവിയെ കൃത്രിമമായി സൃഷ്ടിക്കുക എന്നതിനൊപ്പം മറ്റൊരു ലക്ഷ്യം കൂടി ക്രെയ്‌ഗ്‌ വെന്ററിന്റെ നീക്കത്തിന്‌ പിന്നിലുണ്ടെന്ന്‌ പലരും കരുതുന്നു. ജീവന്റെ പരമായ രഹസ്യം എന്തെന്ന്‌ മനസിലാക്കുകയാണ്‌ അത്‌. ഒരു ഉപകരണത്തിന്റെ രഹസ്യമറിയാന്‍ ഏറ്റവും നല്ല മാര്‍ഗം അത്തരമൊന്ന്‌ നിര്‍മിച്ചുനോക്കുകയാണല്ലോ. ജീവന്റെ നിലനില്‍പ്പിന്‌ കുറഞ്ഞത്‌ എത്ര ജീനുകള്‍ വേണം എന്ന്‌ മനസിലാക്കുകയും അദ്ദേഹത്തിന്റെ ലക്ഷ്യമാണ്‌. മൈക്കോപ്ലാസ്‌മ ജനിറ്റാലിയം ബാക്ടീരിയത്തില്‍ 485 ജീനുകള്‍ ഉണ്ടെങ്കിലും, അതില്‍ നൂറെണ്ണം ആവശ്യമില്ലാത്തതാണെന്ന്‌ ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും വിശ്വസിക്കുന്നു. എന്നാല്‍, ആ നൂറ്‌ ജീനുകള്‍ ഏതാണെന്ന്‌ അറിയില്ല. അവിടെയാണ്‌ പ്രശ്‌നം. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം തേടല്‍ കൂടിയാണ്‌ ക്രെയ്‌ഗ്‌ വെന്ററിന്റെ വിവാദ ഗവേഷണം.(അവലംബം: സയന്‍സ്‌).10 comments:

Joseph Antony said...

പ്രഗത്ഭനായ ഒരു മജീഷ്യനെപ്പോലെയാണ്‌ ക്രെയ്‌ഗ്‌ വെന്റര്‍ എന്ന ജനിതകശാസ്‌ത്രജ്ഞന്‍. ആദ്യം ചെറിയ ചെറിയ വിദ്യകളും ഉപായങ്ങളും പുറത്തെടുക്കുന്നു. അങ്ങനെ കാണികളെ കൈയിലെടുത്തിട്ട്‌, അസാധ്യമെന്നു തോന്നിക്കുന്ന അവസാന ട്രിക്കിലേക്ക്‌ കടക്കുന്നതാണല്ലോ മജീഷ്യന്‍മാരുടെ അംഗീകൃത രീതി. 'മൈക്കോപ്ലാസ്‌മ ലബോറട്ടോറിയം' എന്നു മുന്‍കൂര്‍ പേര്‌ നല്‍കിയിട്ടുള്ള സൂക്ഷ്‌മജീവിയെ പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന ക്രെയ്‌ഗ്‌ വെന്ററും ഇത്തരത്തിലൊരു രീതിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. ആ ദിശയില്‍ അവസാനത്തെ ചുവടുവെപ്പ്‌ നടത്തിയിരിക്കുകയാണ്‌ ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും. ഒരു ബാക്ടീരിയയുടെ ഡി.എന്‍.എ.പൂര്‍ണമായും പരീക്ഷണശാലയില്‍ നിര്‍മിച്ചിരിക്കുന്നു.

vadavosky said...

ഇതിന്റെ എത്തിക്കല്‍ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്‌. ഒന്നും എഴുതിക്കണ്ടില്ല.

ശ്രീ said...

നല്ല കാര്യമാണെങ്കിലും ദോഷവശങ്ങളെക്കുറിച്ച് ചിന്തിയ്ക്കാതിരിയ്ക്കാനാവില്ല.

ഹരിശ്രീ said...

പുതിയ അറിവിന് നന്ദി

അപ്പു ആദ്യാക്ഷരി said...

ജോസഫ് മാഷേ. വളരെ വിജ്ഞാന പ്രദമായ ലേഖനം. പുതിയ ഒട്ടനവധി വിവരങ്ങള്‍. അതിശയകരമായിരിക്കുന്നു ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍. ഇതൊക്കെ കാണുമ്പോള്‍ ഒരു ചോദ്യം സ്വാഭാവികമായും എന്റെ മനസ്സില്‍ വരുന്നു. നാമിന്നു കാണുന്ന ഈ ജൈവ വൈവിധ്യം മുഴുവന്‍ ഒരു പ്ലാനും പദ്ധതിയുമില്ലാതെ സ്വയം ജനിച്ചുവന്നതോ, അതോ നമ്മുടെ ബുദ്ധിക്കും ജ്ഞ്ഞാനതിനും അതീതമായ ഒരു പരമശക്തിയാല്‍ നിര്‍മ്മിക്കപ്പെട്ടതോ? രണ്ടാമതെതാണ് ശരി എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

പി വി ആര്‍ said...

1953ല്‍ ഹാരോള്‍ഡ്‌ യൂറേ, സ്‌റ്റാന്‍ലി മില്ലര്‍ എന്നിങ്ങനെ രണ്ടുപേര്‍ വിചിത്രമായ ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. ഭൂമിയില്‍ ആജിമ ജീവന്‍ ഉടലെടുത്ത സാഹചര്യം അന്ന്‌ ഏറെകുറെ വ്യക്തമായിരുന്നു. ആ സാഹചര്യങ്ങള്‍ പുനഃസൃഷ്ടിക്കാനായിരുന്നു അവരുടെ തീരുമാനം. ജീവന്റെ സൃഷ്ടിക്കായുള്ള ആദ്യ പരീക്ഷണം അവിടെ തുടങ്ങി.ഒരു ജീവിയെ സൃഷ്ടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടെങ്കിലും ഒരു ജീവശരീരം നിര്‍മ്മിച്ചിരിക്കുന്ന അടിസഥാന ഘടകങ്ങള്‍ക്ക്‌ അടുത്തെത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞു. ശാസ്‌ത്രം ഇന്ന്‌ ആ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണ്‌. യൂറോയുടെയും മ്ല്‌ലറുടെയും സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടും എന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം

chirackal said...

Hai chettan,science UGRAN!

chirackal said...

Hai chettan,science UGRAN!

Unknown said...
This comment has been removed by the author.
Unknown said...

അപ്പോള്‍ ദൈവത്തിന്റെ പണി തെറിക്കുമോ ? ഇതും ദൈവഹിതം ആണെന്ന് സ്ഥാപിക്കാന്‍ വിശ്വാസികള്‍ ഇപ്പോഴേ വാക്കുകള്‍ കണ്ടെത്തുന്നത് ഉചിതമായിരിക്കും . കമന്റ് അല്പം പ്രകോപനപരമായി പോയെങ്കില്‍ ജോസഫ് മാഷ് സദയം ക്ഷമിക്കുക !