Saturday, February 16, 2008

ദിനോസറുകളെ കൊന്നത്‌ കീടങ്ങള്‍!

ഒരുകാലത്ത്‌ ഭൂമി അടക്കിവാണിരുന്ന സര്‍വപ്രമാണികളായ കൂറ്റന്‍ ദിനോസറുകളെ ഉന്‍മൂലനം ചെയ്‌തത്‌ പ്രാണികളും കീടങ്ങളുമെന്ന്‌ പുതിയ സിദ്ധാന്തം.

റരക്കോടി വര്‍ഷം മുമ്പുവരെ ഭൂമുഖം അടക്കി വാണിരുന്നത്‌ ദിനോസറുകളായിരുന്നു. ക്രിറ്റേഷ്യസ്‌ യുഗത്തോടെ അവ അന്യംനിന്നു. ഇന്ന്‌ ഫോസിലുകളിലൂടെ മാത്രമാണ്‌ മനുഷ്യന്‍ ദിനോസറുകളെപ്പറ്റി അറിയുന്നത്‌. കരുത്തും കഴിവും വലിപ്പവുമുണ്ടായിരുന്ന ദിനോസര്‍ വര്‍ഗങ്ങള്‍ എങ്ങനെയാണ്‌ തീര്‍ത്തും ഇല്ലാതായത്‌? പൂര്‍ണമായി ഉത്തരമില്ലാത്ത ചോദ്യമാണിത്‌. അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ മൂലം ക്രമേണയുണ്ടായ നാശം എന്നായിരുന്നു ഈ പ്രശ്‌നത്തെക്കുറിച്ച്‌ നിലനിന്നിരുന്ന പ്രബല വാദഗതി. അതിന്‌ പക്ഷേ, വേണ്ടത്ര തെളിവുകളുടെ പിന്‍ബലം ലഭിച്ചില്ല. പുരവസ്‌തു ശാസ്‌ത്രജ്ഞനായ വാള്‍ട്ടര്‍ അല്‍വാരസും, നോബല്‍ സമ്മാനജേതാവും ആണവശാസ്‌ത്രജ്ഞനുമായ പിതാവ്‌ ലൂയിസ്‌ അല്‍വാരസും ചേര്‍ന്ന്‌ 1970-കളുടെ അവസാനം മറ്റൊരു സിദ്ധാന്തം അവതരിപ്പിച്ചു. ആറരക്കോടി വര്‍ഷം മുമ്പ്‌ ഒരു ഭീമന്‍ ക്ഷുദ്രഗ്രഹമോ വാല്‍നക്ഷത്രമോ ഭൂമിയില്‍ വന്നിടിച്ചതിന്റെ അനന്തരഫലമാണ്‌ ദിനോസറുകളുടെ ഉന്‍മൂലനം എന്നാണ്‌ അവര്‍ സ്ഥാപിച്ചത്‌. അതിന്‌ ശാസ്‌ത്രീയ തെളിവുകളും അവര്‍ ഹാജരാക്കി.

എന്നാല്‍, ഇതില്‍നിന്നൊക്കെ വ്യത്യസ്‌തമായ സിദ്ധാന്തവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ അമേരിക്കയില്‍ ഒറിഗോണ്‍ സ്‌റ്റേറ്റ്‌ സര്‍വകലാശാലയിലെ ജന്തുശാസ്‌ത്ര പ്രൊഫസറായ ജോര്‍ജ്‌ പോയിനാര്‍ ജൂനിയര്‍. ദിനോസറുകള്‍ അപ്രത്യക്ഷമായ കാലത്ത്‌ ഒരുപക്ഷേ, ക്ഷുദ്രഗ്രഹ പതനമോ കൂറ്റന്‍ ലാവാപ്രവാഹമോ ഒക്കെ സംഭവിച്ചിരിക്കാം. എന്നാല്‍, അതുകൊണ്ടല്ല ദിനോസറുകള്‍ അന്യംനിന്നത്‌. രോഗവാഹികളായ പ്രാണികളും കീടങ്ങളുമാണ്‌ ആ ഭീമന്‍മാരുടെ ഉന്‍മൂലനത്തിന്‌ കാരണമായത്‌ എന്ന്‌ പുതിയ സിദ്ധാന്തം പറയുന്നു. രോഗാണുക്കളെ വഹിക്കാന്‍ പാകത്തില്‍ കീടങ്ങള്‍ പരിണമിച്ചതാണ്‌ ദിനോസറുകളുടെ പതനം ഉറപ്പുവരുത്തിയതത്രേ. ദിനോസറുകള്‍ അപ്രത്യക്ഷമായ കാലത്തുള്ള ഒട്ടേറെ പ്രാണികളെ ആമ്പര്‍പശയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെടുത്തിട്ടുണ്ട്‌. അവയെ പഠിച്ചതില്‍നിന്നാണ്‌ പുതിയ നിഗമനത്തില്‍ എത്തിയതെന്ന്‌ പോയിനാര്‍ അറിയിക്കുന്നു.

ദിനോസറുകള്‍ പെട്ടന്ന്‌ അപ്രത്യക്ഷമാകുകയായിരുന്നില്ലെന്ന്‌ പോയിനാര്‍ വാദിക്കുന്നു. ദിനോസര്‍ വര്‍ഗങ്ങള്‍ ആയിരക്കണക്കിന്‌ (ഒരുപക്ഷേ, ലക്ഷക്കണക്കിന്‌) വര്‍ഷങ്ങള്‍കൊണ്ട്‌ ക്രമേണ ക്ഷയിച്ച്‌ ഇല്ലാതാകുകയായിരുന്നു. ക്ഷുദ്രഗ്രഹ പതനമാണ്‌ കാരണമെങ്കില്‍ അങ്ങനെ സംഭവിക്കുകില്ലായിരുന്നു. എന്നാല്‍, പ്രാണികളും കീടങ്ങളുമായുള്ള മത്സരവും പുതിയ രോഗങ്ങളുടെ ആവിര്‍ഭാവവും രോഗം പരത്താനുള്ള പ്രാണികളുടെ കഴിവും പ്രാണികള്‍ക്കും കീടങ്ങള്‍ക്കും പെരുകാന്‍ അനുകൂലമാകും വിധം പുഷ്‌പിക്കുന്ന സസ്യയിനങ്ങളുടെ വംശവര്‍ധനയും എല്ലാം ഉണ്ടായ കാലത്താണ്‌ ദിനോസര്‍വര്‍ഗങ്ങള്‍ ക്ഷയിച്ചതെന്ന കാര്യം പരിഗണിച്ചാല്‍, കാര്യങ്ങള്‍ വ്യക്തമാകും-അദ്ദേഹം പറയുന്നു. പ്രിന്‍സെറ്റണ്‍ യൂണിവേഴ്‌സിറ്റി പ്രസ്സ്‌ പ്രസിദ്ധീകരിച്ച 'വാട്ട്‌ ബഗ്ഗ്‌ഡ്‌ ദിനോസോര്‍സ്‌? ഇന്‍സെക്ട്‌സ്‌, ഡിസീസ്‌ ആന്‍ഡ്‌ ഡെത്ത്‌ ഇന്‍ ദി ക്രിറ്റേഷ്യസ്‌' (What Bugged the Dinosaurs? Insects, Disease and Death in the Cretaceous) എന്ന ഗ്രന്ഥത്തിലാണ്‌ ഈ വാദഗതിയുള്ളത്‌. ജോര്‍ജ്‌ പൊയിനാറും അദ്ദേഹത്തിന്റെ ഭാര്യ റോബര്‍ട്ട പൊയിനാറും ചേര്‍ന്നാണ്‌ ഗ്രന്ഥം രചിച്ചിരിക്കുന്നത്‌.

ആറരക്കോടി വാര്‍ഷം മുമ്പ്‌ ക്രിറ്റേഷ്യസ്‌ യുഗത്തിനും ടെര്‍ഷ്യറി യുഗത്തിനും മധ്യേ, 'കെ-ടി ബൗണ്ടറി' (K-T Boundary) എന്നറിയപ്പെടുന്ന കാലത്താണ്‌ ദിനോസറുകളുടെ ഉന്‍മൂലനം സംഭവിച്ചത്‌. ആ കാലത്ത്‌ ലാവാപ്രവാഹവും ക്ഷുദ്രഗ്രഹപതനവും സംഭവിച്ചതിന്‌ തെളിവുണ്ട്‌. എന്നാല്‍, ദിനോസറുകള്‍ ക്രമേണ ക്ഷയിച്ച്‌ ഇല്ലാതായതിന്‌ ഇത്‌ പൂര്‍ണമായി വിശദീകരണം നല്‍കുന്നില്ല. കെ-ടി ബൗണ്ടറിക്ക്‌ ഇപ്പുറത്ത്‌ ആയിരക്കണക്കിന്‌ വര്‍ഷങ്ങളോളം ചിലയിനം ദിനോസറുകള്‍ നിലനിന്നിരുന്നു എന്നതിനും വിശദീകരണമില്ല. കീടങ്ങളും രോഗബാധയുമാണ്‌ ദിനോസറുകളെ ക്ഷയിപ്പിച്ചതെന്ന നിഗമനം അംഗീകരിച്ചാല്‍ ഇത്തരം വസ്‌തുതകള്‍ക്കെല്ലാം വിശദീകരണമാകുമെന്ന്‌ പുതിയ പുസ്‌തകം പറയുന്നു. എന്നാല്‍, കീടങ്ങളുടെ കടിയും രോഗബാധയും മാത്രമാണ്‌ ദിനോസറുകളുടെ അന്ത്യംകുറിച്ചതെന്നും തങ്ങള്‍ പറയുന്നില്ലെന്ന്‌ പൊയിനാര്‍ അറിയിക്കുന്നു, മറ്റ്‌ ദുരന്തങ്ങളും കാരണമായിരുന്നിരിക്കാം.

ആമ്പര്‍-ഭൂതകാലത്തെ സൂക്ഷിച്ചു വെയ്‌ക്കുന്ന ഇടം

ആമ്പര്‍ വൃക്ഷത്തില്‍നിന്നു പുറത്തുവരുന്ന കറയ്‌ക്ക്‌ ചെറുപ്രാണികളെയും മറ്റ്‌ ജൈവവസ്‌തുക്കളെയും കുടുക്കി സൂക്ഷിച്ചുവെയ്‌ക്കാനുള്ള അസാധാരണമായ കഴിവുണ്ട്‌. കറ ഉറച്ച്‌ കട്ടിയാകുന്നതോടെ അതിനുള്ളില്‍ കുടുങ്ങിയ വസ്‌തു ശരിക്കുള്ള ഫോസിലായി ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ സൂക്ഷിക്കപ്പെടും. 'ജുറാസിക്ക്‌ പാര്‍ക്ക്‌' എന്ന സിനിമയുടെ പ്രമേയം തന്നെ, ആമ്പറില്‍ സൂക്ഷിക്കപ്പെട്ട കൊതുകില്‍നിന്ന്‌ ദിനോസറിന്റെ ഡി.എന്‍.എ.വേര്‍തിരിച്ചെടുത്ത്‌ ദിനോസറുകളെ പുനസൃഷ്ടിക്കുന്നതാണെന്ന്‌ ഓര്‍ക്കുക. ആമ്പറില്‍ സൂക്ഷിക്കപ്പെട്ട പ്രാണികളെയും സസ്യങ്ങളെയും കുറിച്ച്‌ ആഴത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള ദമ്പതിമാരാണ്‌ പൊയിനാറും റോബര്‍ട്ടയും. 'ദ ആമ്പര്‍ ഫോറസ്‌റ്റ്‌: എ റികണ്‍സ്‌ട്രക്ഷന്‍ ഓഫ്‌ എ വാനിഷ്‌ഡ്‌ വേള്‍ഡ്‌' (The Amber Forest: A Reconstruction of a Vanished World) എന്നൊരു ഗ്രന്ഥവും ഇവരുടേതായിട്ടുണ്ട്‌.

ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഭൂമിയിലെ പരിസ്ഥിതിയും ആവാസവ്യവസ്ഥകളും എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച്‌ വിലപ്പെട്ട വിവരങ്ങള്‍ ആമ്പര്‍ സാമ്പിളുകള്‍ നല്‍കുമെന്ന്‌ പൊയിനാര്‍ അറിയിക്കുന്നു. ക്രിറ്റേഷ്യസ്‌ യുഗത്തിന്റെ അവസാനകാലത്ത്‌ (late Cretaceous Period) ആണ്‌ പ്രാണികളും രോഗാണുക്കളും തമ്മിലുള്ള സഹകരണം തുടങ്ങുന്നതും, പ്രാണികള്‍ വഴി രോഗങ്ങള്‍ പടരാനാരംഭിക്കുന്നതും. അക്കാലത്ത്‌ ആമ്പറില്‍ സൂക്ഷിക്കപ്പെട്ട പല പ്രാണികളിലും 'ലെയ്‌ഷ്‌മാനിയ'(leishmania) പോലുള്ള രോഗങ്ങളുടെ അണുക്കളെ കണ്ടെത്താന്‍ കഴിഞ്ഞതായി പൊയ്‌നാര്‍ പറഞ്ഞു. ഇന്നും ഭീഷണി സൃഷ്ടിക്കുന്ന രോഗമാണ്‌ ലെയ്‌ഷ്‌മാനിയ. ഉരഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്‌. പക്ഷികളെയും പല്ലികളെയും ബാധിക്കുന്ന മലേറിയ വകഭേദത്തിന്റെ അണുക്കളെയും അന്നത്തെ പ്രാണികളുടെ തൊണ്ടയില്‍ കണ്ടെത്തിയിട്ടുണ്ട്‌.

ദിനോസര്‍ ഫോസിലുകളിലെ വിസര്‍ജത്തില്‍ നെമറ്റോഡ്‌ വിരകളും ട്രെമറ്റോഡുകളും പ്രോട്ടോസോവയുമൊക്കെ കണ്ടെത്തിയിട്ടുണ്ട്‌. വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന സൂക്ഷ്‌മജീവികളാണിവ. ഇത്തരത്തിലുള്ള സൂക്ഷ്‌മജീവികളെ പകര്‍ത്താന്‍ കഴിവുള്ള രക്തദാഹികളായ കീടങ്ങള്‍ക്ക്‌ വളരാന്‍ പാകത്തില്‍ ചൂടുള്ള കാലാവസ്ഥയായിരുന്നു ലേറ്റ്‌ ക്രിറ്റേഷ്യസ്‌ യുഗത്തില്‍ ഭൂമിയിലുണ്ടായിരുന്നത്‌. മാത്രമല്ല, ഭൂമിയിലെ സസ്യലോകത്തിന്റെ സ്വഭാവം മാറ്റിമറിക്കാനും പ്രാണികളും കീടങ്ങളും കാരണമായെന്നും പൊയിനാര്‍ പറയുന്നു. പരാഗണത്തിന്‌ കീടങ്ങള്‍ സഹായിച്ചതോടെ പുഷ്‌പിക്കുന്ന സസ്യങ്ങള്‍ ആവാസവ്യവസ്ഥകള്‍ കീഴടക്കി. പരമ്പരാഗതമായി ദിനോസറുകളുടെ മുഖ്യഭക്ഷണമായിരുന്ന പലയിനം സസ്യങ്ങളും (seed ferns, cycads, gingkoes and other gymnosp-serm) അതോടെ ശോഷിക്കാനാരംഭിച്ചു. ഇതും ദിനോസറുകളുടെ ഉന്‍മൂലനത്തിന്‌ ഊര്‍ജം പകര്‍ന്നിരിക്കാം. ഏതായാലും, ദിനോസറുകളുടെ അന്ത്യത്തെക്കുറിച്ച്‌ പുതിയൊരു പരിപ്രേക്ഷ്യമാണ്‌ പൊയ്‌നാര്‍ മുന്നോട്ടുവെക്കുന്നത്‌. (കടപ്പാട്‌: ദി എക്കണോമിസ്‌റ്റ്‌).

കാണുക: ദിനോസറുകള്‍ക്ക്‌ സംഭവിച്ചത്‌

ചിറകുള്ള ദിനോസര്‍ ഭീമന്‍

അര്‍ജന്റീനയില്‍നിന്ന്‌ ഒരു അപൂര്‍വ കണ്ടെത്തല്‍

13 comments:

JA said...

ദിനോസറുകളുടെ അന്ത്യത്തെക്കുറിച്ച്‌ പുതിയൊരു സിദ്ധാന്തവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ അമേരിക്കയില്‍ ഒറിഗോണ്‍ സ്‌റ്റേറ്റ്‌ സര്‍വകലാശാലയിലെ ജന്തുശാസ്‌ത്ര പ്രൊഫസറായ ജോര്‍ജ്‌ പോയിനാര്‍ ജൂനിയര്‍. ക്ഷുദ്രഗ്രഹ പതനമോ ലാവാപ്രവാഹമോ അല്ല, രോഗവാഹികളായ പ്രാണികളും കീടങ്ങളുമാണ്‌ ദിനോസറുകളുടെ ഉന്‍മൂലനത്തിന്‌ കാരണമായതെന്ന്‌ പുതിയ സിദ്ധാന്തം പറയുന്നു. രോഗാണുക്കളെ വഹിക്കാന്‍ പാകത്തില്‍ കീടങ്ങള്‍ പരിണമിച്ചതാണ്‌ ദിനോസറുകളുടെ പതനം ഉറപ്പുവരുത്തിയതത്രേ.

സൂരജ് :: suraj said...

പ്രിയ ജോസഫ് മാഷ്,

ഈ അറിവ് ബൂലോകത്തു പങ്കുവച്ചതിന് ആയിരം നന്ദി.

.... കീടങ്ങളും രോഗബാധയുമാണ്‌ ദിനോസറുകളെ ക്ഷയിപ്പിച്ചതെന്ന നിഗമനം അംഗീകരിച്ചാല്‍ ഇത്തരം വസ്‌തുതകള്‍ക്കെല്ലാം വിശദീകരണമാകുമെന്ന്‌ പുതിയ പുസ്‌തകം പറയുന്നു. എന്നാല്‍, കീടങ്ങളുടെ കടിയും രോഗബാധയും മാത്രമാണ്‌ ദിനോസറുകളുടെ അന്ത്യംകുറിച്ചതെന്നും തങ്ങള്‍ പറയുന്നില്ലെന്ന്‌ പൊയിനാര്‍ അറിയിക്കുന്നു, മറ്റ്‌ ദുരന്തങ്ങളും കാരണമായിരുന്നിരിക്കാം....

ഇവിടെ ചെറിയൊരു വിശദീകരണം ചേര്‍ത്തോട്ടെ :

വിവിധതരം അണുബാധകള്‍ മൂലം പല ഡൈനസോര്‍ സ്പീഷീസുകളും ക്രമേണ (ക്ഷുദ്രഗ്രഹ ആഘാതത്തിനു മുന്‍പേ തന്നെ) വംശനാശത്തിലേക്ക് നടന്നടുക്കുകയായിരുന്നുവെന്നാണ് പോയിനാര്‍ ദമ്പതികളുടെ പ്രധാന ആശയം. പറക്കുന്ന ഡൈനസോര്‍ വര്‍ഗ്ഗങ്ങളൊഴിച്ചുള്ളവയുടെ അന്ത്യത്തിന്റെ പ്രധാനകാരണം ഈ അണുബാധയായിരുന്നു എന്ന് അവര്‍ അവകാശപ്പെടുന്നില്ലെന്നു മാത്രമല്ല, ക്രിറ്റേഷ്യസ് ഡൈനസോറുകളുടെ അവസാനം ക്ഷുദ്രഗ്രഹാഘാ‍തം കൊണ്ടുതന്നെയായിരുന്നിരിക്കാം എന്ന തിയറിയെ അവര്‍ അംഗീകരിക്കുന്നുമുണ്ട്.

വേണു venu said...

ജോസഫ് മാഷേ, വളരെ രസാവഹവും വിജ്ഞാന പ്രദവുമായ ലേഖനം.
ആമ്പര്‍ വൃക്ഷത്തില്‍നിന്നു പുറത്തുവരുന്ന കറയ്‌ക്ക്‌ ചെറുപ്രാണികളെയും മറ്റ്‌ ജൈവവസ്‌തുക്കളെയും കുടുക്കി സൂക്ഷിച്ചുവെയ്‌ക്കാനുള്ള അസാധാരണമായ കഴിവുണ്ട്‌.
ഈ വൃക്ഷം എത്ര നാള്‍ ജീവിക്കുന്നു. ഇതിന്‍റെ കറയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കപ്പെടുമ്പോള്‍ ആ കറ എത്ര പഴയതായിരിക്കാം. ആമ്പറില്‍ സൂക്ഷിക്കപ്പെട്ട പ്രാണികളെയും സസ്യങ്ങളെയും വിവരങ്ങള്‍ എത്ര കാലങ്ങള്‍ക്കു മുന്നേയുള്ളതാകാം. ജിജ്ഞാസ മൂലം ചോദിക്കുന്നു..

ഫസല്‍ said...

ആറിവ് പ്രധാനം ചെയ്യുന്ന ഇത്തരം പോസ്റ്റുകള്‍ പ്രശംസനീയമാണ്. വളരെ ലളിതമായ രീതിയില്‍ വിവരിച്ചു തന്നതിനു മഷോടുള്ള നന്ദി രേഖപ്പെടുത്തുന്നു, ഇനിയും ഈ രീതിയിലുള്ള ലേഘനങ്ങള്‍ മാഷില്‍ നിന്നും പ്രതീക്ഷിക്കുന്നു.

ശല്യക്കാരന്‍ said...

Mashey

Really informative stuff
Thanks for sharing

Expecting an article regarding Amber

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പോസ്റ്റ് നന്നായി .. എന്നാല്‍ രോഗവാഹികളായ പ്രാണികളും കീടങ്ങളുമാണ്‌ ദിനോസറുകളുടെ ഉന്‍മൂലനത്തിന്‌ കാരണമായതെന്ന സിദ്ധാന്തം പൂര്‍ണ്ണമായും യുക്തിസഹമല്ല . സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്ന സിദ്ധാന്തപ്രകാരം പ്രതികൂലമായ അവസ്ഥകളെ അതിജീവിച്ച് ഭൂമിയെ അടക്കി ഭരിച്ച ദിനോസറുകള്‍ക്ക് അത്തരം കീടങ്ങളേയും രോഗവാഹികളായ പ്രാണികളേയും പ്രതിരോധിക്കാന്‍ തക്കവണ്ണമുള്ള ഇമ്മ്യൂണിറ്റിയും ഉണ്ടായിരിക്കേണ്ടതാണ് . മറ്റൊന്ന് അത്തരം കീടങ്ങള്‍ക്കും പ്രാണികള്‍ക്കും എന്ത് സംഭവിച്ചു എന്നും അവയുടെ പരിണാമത്തെക്കുറിച്ചും വിശ്വാസ്യയോഗ്യമായ തെളിവുകള്‍ കിട്ടേണ്ടതുണ്ട് . ഇക്കാര്യത്തില്‍ ഒരു നിഗമനത്തിലെത്താന്‍ നമ്മള്‍ ധൃതി കാണിക്കേണ്ടതില്ല .

പാമരന്‍ said...

വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്‌. ഇനിയും പ്രതീക്ഷിക്കുന്നു.

കാലമാടന്‍ said...

ഒരു വിജ്ഞാനദാഹിയായ എനിക്ക് ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.
ഇനി എന്നെങ്കിലും, "റെലിക്" എന്ന നോവലില്‍ പറയുമ്പോലെ, ശക്തരായ ശത്രുജീവികളുടെ ആക്രമണത്തിലാണ് ദിനോസറുകള്‍ നശിച്ചതെന്ന് ആരെങ്കിലും പറയുമോ?
(അത് science fiction, ഇതു science. സംഭവം നല്ല ഒരു ത്രില്ലര്‍ ആണ്).

v k adarsh said...

very very informative. thank u maashe

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ ഇത്തരം ഒരു അറിവ് ഈ ബൂലോകകൂട്ടായ്മയില്‍ പങ്കുവെച്ചതിന് ആശംസകള്‍..
ഇനിയും എന്തൊക്കെ കാലം തെളിയിക്കാന്‍ കിടക്കുന്നൂ.
അതൊക്കെ കാത്തിരുന്ന് കാണാം.

JA said...

സൂരജ്‌,
വേണു,
ഫസല്‍,
ശല്യക്കാരന്‍,
കെ.പി.സുകുമാരന്‍ മാഷ്‌,
പാമരന്‍,
കാലമാടന്‍,
ആദര്‍ശ്‌,
സജി
ഇവിടെയെത്തി, പോസ്‌റ്റ്‌ വായിച്ച്‌ അഭിപ്രായം അറിയിച്ചതിന്‌ നന്ദി.

അപ്പു said...

ജോസഫ് മാഷേ, പതിവുപോലെ,വിജ്ഞാനപ്രദമായ ഒരു വിഷയത്തിന്റെ രസാവഹമായ അവതരണം.

ശ്രീ said...

നല്ല ലേഖനം, മാഷേ
:)