Saturday, October 13, 2007

ആഗോളതാപനം ചെറുക്കാനുള്ള ശ്രമത്തിന്‌ സമാധാന നോബല്‍

ഇന്റര്‍ ഗവണ്‍മെന്റര്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചും (IPCC), മുന്‍ യു.എസ്‌.വൈസ്‌ പ്രസിഡന്റ്‌ അല്‍ ഗോറും ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു

നോബല്‍ കമ്മിറ്റിയും ഒടുവില്‍ ആ സത്യം അംഗീകരിച്ചു; ഭൂമിക്കു ചൂടുപിടിക്കുകയാണ്‌, മനുഷ്യനാണ്‌ അതിന്‌ ഉത്തവാദി. മനുഷ്യപ്രേരിതമായ ആഗോളതാപനം ചെറുക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ കരുത്തേകിയതിന്‌ മുന്‍ യു.എസ്‌. വൈസ്‌ പ്രസിഡന്റ്‌ ആല്‍ബര്‍ട്ട്‌ ആര്‍നോള്‍ഡ്‌ (അല്‍) ഗോര്‍ ജൂനിയറിനും യു. എന്നിനു കീഴിലുള്ള 'ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചിനും' (IPCC) 2007-ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം സമ്മാനിക്കുക വഴി നോര്‍വീജിയന്‍ നോബല്‍ കമ്മറ്റി ചെയ്‌തിരിക്കുന്നത്‌ അതാണ്‌. ഈ നോബല്‍ പ്രഖ്യാപനത്തില്‍ ഇന്ത്യയ്‌ക്കും അഭിമാനിക്കാന്‍ വകയുണ്ട്‌. സമാധാന നോബല്‍ പങ്കിട്ട ഐ.പി.സി.സി.യുടെ ചെയര്‍മാന്‍ പ്രശസ്‌ത ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്‍ ഡോ.രാജേന്ദ്ര പച്ചൂരിയാണ്‌.

സമാധാന പുരസ്‌കാര പ്രഖ്യാപനം പ്രതീക്ഷിച്ചതു തന്നെയാണ്‌. ആഗോളതാപനത്തിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഇനി അവഗണിക്കാനാകില്ലെന്നും, അത്തരം ശ്രമങ്ങളില്‍ മുഴുകിയിട്ടുള്ള മുന്‍ അമേരിക്കന്‍ വൈസ്‌ പ്രസിഡന്റ്‌ അല്‍ ഗോറിനെ നോബല്‍ കമ്മറ്റി പരിഗണിച്ചേക്കുമെന്നും പല വിദഗ്‌ധരും പ്രവചിച്ചിരുന്നു. എന്നാല്‍, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച അവസാന വാക്കായ ഐ.പി.സി.സിയെക്കൂടി അംഗീകരിച്ചിരിക്കുക വഴി നോബല്‍ കമ്മറ്റി ആ പ്രതീക്ഷകളെ കടത്തി വെട്ടിയിരിക്കുകയാണ്‌. ഭൂമി നിലവില്‍ നേരിടുന്ന ആഗോളതാപന ഭീഷണിക്ക്‌ 90 ശതമാനവും മനുഷ്യന്‍ തന്നെയാണ്‌ ഉത്തരവാദിയെന്നു വ്യക്തമാക്കുന്ന, ഐ.പി.സി.സിയുടെ നാലാം വിലയിരുത്തല്‍ റിപ്പോര്‍ട്ട്‌ (Fourth Assessment Report) 1997-ലാണ്‌ പുറത്തിറങ്ങിയത്‌. ആ നിലയ്‌ക്കും ഈ പുരസ്‌കാര ലബ്ധി പ്രാധാന്യമര്‍ഹിക്കുന്നു.

ഐ.പി.സി.സി

കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി തുടരുന്ന ഗവേഷണങ്ങളിലൂടെ, മനുഷ്യപ്രവര്‍ത്തനങ്ങളും ആഗോളതാപനവും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശാല ധാരണയുണ്ടാക്കാന്‍ ഐ.പി.സി.സിക്ക്‌ കഴിഞ്ഞതായി നോബല്‍ കമ്മറ്റി വിലയിരുത്തി. ലോക കാലാവസ്ഥാ സംഘടയും (WMO) യു.എന്‍.പരിസ്ഥിതി സംഘടനയും (UNEP) ചേര്‍ന്ന്‌ 1988-ലാണ്‌ ഐ.പി.സി.സിക്ക്‌ രൂപംനല്‍കുന്നത്‌. 130-ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 2500 പ്രഗത്ഭ ശാസ്‌ത്രജ്ഞര്‍ അംഗങ്ങളായ ഈ സമിതി, ഭൂമുഖത്തെ ഏറ്റവും വലിയ ശാസ്‌ത്രസമിതിയാണ്‌. ഐ.പി.സി.സി. നിലവില്‍ വരുന്ന സമയത്ത്‌ ആഗോളതാപനം വെറും അനുമാനമോ വ്യാജപ്രചാരണമോ ആയി മാത്രമാണ്‌ വലിയൊരു വിഭാഗം കണ്ടിരുന്നത്‌. എന്നാല്‍, ആ സ്ഥിതി തൊണ്ണൂറുകളില്‍ മാറി. ആഗോളതാപനത്തിന്‌ ശാസ്‌ത്രീയ അടിത്തറ ഉണ്ടായി. അതിന്‌ കാരണമായത്‌ ഐ.പി.സി.സി. തന്നെയാണ്‌.

'യു.എന്‍.ഫ്രേംവര്‍ക്ക്‌ കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചി'ലെ വ്യവസ്ഥകള്‍ നടക്കാനാവശ്യമായ വിഷയങ്ങളെക്കുറിച്ച്‌ പ്രസക്തമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുക എന്നതാണ്‌ ഐ.പി.സി.സി.യുടെ പ്രധാന ഉത്തരവാദിത്വം. കാലാവസ്ഥാ വ്യതിയാനം ഏതെല്ലാം മേഖലകളില്‍ ആഘാതം സൃഷ്ടിക്കുമെന്നും അതിന്‌ പരിഹാര പ്രക്രിയ എങ്ങനെ സാധ്യമാണെന്നുമുള്ള കാര്യമാണ്‌ ഐ.പി.സി.സിയുടെ പരിഗണനാ വിഷയം. സമിതി അതിന്റെ ആദ്യ വിലയിരുത്തല്‍ റിപ്പോര്‍ട്ട്‌ 1990-ലാണ്‌ പ്രസിദ്ധീകരിച്ചത്‌. അതിനൊരു അനുബന്ധ റിപ്പോര്‍ട്ട്‌ 1992-ല്‍ പുറത്തുവന്നു. രണ്ടാം റിപ്പോര്‍ട്ട്‌ 1995-ലും, മൂന്നാം റിപ്പോര്‍ട്ട്‌ 2001-ലും പ്രസിദ്ധീകരിച്ചു. 2001-ലെ റിപ്പോര്‍ട്ട്‌ പ്രകാരം, ഭൂമി ചൂടുപിടിക്കുന്നതില്‍ മനുഷ്യപ്രവര്‍ത്തനങ്ങളുടെ പങ്ക്‌ 60 ശതമാനം എന്നാണ്‌ വിലയിരുത്തിയിരുന്നത്‌. എന്നാല്‍, 2007-ല്‍ പുറത്തിറക്കിയ നാലം റിപ്പോര്‍ട്ടില്‍ അത്‌ 90 ശതമാനമായി. എന്നുവെച്ചാല്‍, ആഗോളതാപനത്തിന്റെ കാര്യത്തില്‍ മനുഷ്യന്‌ ഇനിയൊരു ഒളിച്ചോട്ടത്തിന്‌ പഴുതില്ല എന്ന്‌ ഐ.പി.സി.സി. അതിന്റെ നാലം റിപ്പോര്‍ട്ടിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.

ഡോ. രാജേന്ദ്ര പച്ചൂരി ഐ.പി.സി.സിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത്‌ 2002-ലാണ്‌. ആഗോളതാപന പ്രശ്‌നത്തില്‍ അമേരിക്കയിലെ ജോര്‍ജ്‌ ബുഷ്‌ ഭരണകൂടത്തിന്റെ അപ്രീതിയ്‌ക്കിരയായ റോബര്‍ട്ട്‌ വാട്ട്‌സന്റെ പിന്‍ഗാമിയാണ്‌ ഡോ.പച്ചൂരി. 1940 ആഗസ്‌ത്‌ 20ന്‌ നൈനിറ്റാളില്‍ ജനിച്ച പച്ചൂരി, അമേരിക്കയിലെ നോര്‍ത്ത്‌ കരോലിന സര്‍വകലാശാലയില്‍ നിന്നാണ്‌ ഇന്‍ഡസ്‌ട്രിയല്‍ എഞ്ചിനിയറിങില്‍ ബിരുദാനന്തര ബിരുദം നേടുന്നത്‌; 1972-ല്‍. അതേ വിഷയത്തില്‍ തന്നെ ഗവേഷണ ബിരുദം നേടിയ അദ്ദേഹം, പിന്നീട്‌ സാമ്പത്തികശാസ്‌ത്രത്തിലും പി.എച്ച്‌.ഡി.നേടി.

അമേരിക്കയിലും ഇന്ത്യയിലും വിവിധ സര്‍വകലാശാലകളില്‍ അധ്യാപനായിരുന്ന ഡോ.പച്ചൂരി, 1994-1999 കാലത്ത്‌ യു.എന്‍.വികസന പ്രോഗ്രാം (UNDP) അഡ്‌മിനിസ്‌ട്രേറ്ററുടെ ഉപദേശകരില്‍ ഒരാളായിരുന്നു. 1992 മുതല്‍ 'ഏഷ്യന്‍ എനര്‍ജി ഇന്‍സ്‌റ്റിട്ട്യൂട്ടി'ന്റെ അധ്യക്ഷനായിരുന്ന ഡോ. പച്ചൂരിയിപ്പോള്‍ മുന്‍ യു.എന്‍.സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ സ്ഥാപിച്ച 'ഗ്ലോബല്‍ ഹ്യുമനിറ്റേറിയന്‍ ഫോറ'ത്തില്‍ ബോര്‍ഡ്‌ അംഗമാണ്‌. 25 വര്‍ഷം മുമ്പ്‌ 'ടാറ്റ എനര്‍ജി റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌' (TERI) സ്ഥാപിച്ചപ്പോള്‍ മുതല്‍ അതിന്റെ മേധാവിയായിരുന്നു. ഐ.പി.സി.സി. അധ്യക്ഷസ്ഥാനം ഏറ്റെടുത്തപ്പോഴാണ്‌ അദ്ദേഹം മാറിയത്‌. ഊര്‍ജവും വ്യവസായവുമായി ബന്ധപ്പെട്ട്‌ 23 ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള ഡോ.പച്ചൂരി, ഒട്ടേറെ ശാസ്‌ത്ര പ്രബന്ധങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്‌. 2001-ല്‍ അദ്ദേഹത്തെ പത്മഭുഷന്‍ നല്‍കി രാഷ്ട്രം ആദരിച്ചു.

അല്‍ ഗോര്‍

പരിസ്ഥിതി വിഷയങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ ലോകത്തെ ഏറ്റവും പ്രശസ്‌തനായ രാഷ്ട്രീയ നേതാവാണ്‌ അല്‍ ഗോര്‍. 1997-ല്‍ ക്യോട്ടോയില്‍ നടന്ന നിര്‍ണായക യു.എന്‍. കാലവസ്ഥാ സമ്മേളനത്തില്‍ അമേരിക്കന്‍ സംഘത്തെ നയിച്ചത്‌ അദ്ദേഹമായിരുന്നു. എന്നാല്‍, ജോര്‍ജ്‌ ബുഷ്‌ അധികാരത്തിലെത്തി ആദ്യം ചെയ്‌ത കാര്യം ക്യോട്ടോഉടമ്പടി അമേരിക്ക അംഗീകരിക്കുന്നില്ല എന്ന പ്രഖ്യാപനമായിരുന്നു എന്നത്‌ വേറെ കാര്യം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച കാര്യങ്ങള്‍ യു.എന്നിന്‌ പുറത്ത്‌ അമേരിക്കന്‍ വ്യവസായ താത്‌പര്യങ്ങള്‍ക്ക്‌ അനുസൃതമായ രീതിയില്‍ മാറ്റിയെടുക്കാന്‍ ബുഷും സംഘവും ഊര്‍ജിതശ്രമം നടത്തുന്ന സമയത്തു തന്നെ, അല്‍ ഗോറിന്‌ പുരസ്‌കാരം നല്‍കുക വഴി നോബല്‍ കമ്മറ്റി ശക്തമായ സന്ദേശമാണ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. സമാധാനത്തിനുള്ള ഈ നോബല്‍ പലരുടെയും സമാധാനം കെടുത്തുമെന്ന്‌ സാരം. സാധാരണഗതില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങളോട്‌ അനുഭാവം പ്രകടിപ്പിക്കുന്ന തീരുമാനമാണ്‌ നോബല്‍ സമാധാന കമ്മറ്റി കൈക്കൊള്ളാറുള്ളതെങ്കിലും ഇത്തവണ ചുവടു മാറ്റിയിരിക്കുന്നു. പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയും, പ്രഭാഷണങ്ങള്‍, സിനിമകള്‍, ഗ്രന്ഥങ്ങള്‍ എന്നിവ വഴിയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം 59-കാരനായ അല്‍ ഗോര്‍ ശക്തിപ്പെടുത്തിയതായി നോബല്‍ കമ്മറ്റി വിലയിരുത്തി.

1948 മാര്‍ച്ച്‌ 31-ന്‌ വാഷിങ്‌ടണ്‍ ഡി.സി.യില്‍ ജനിച്ച അല്‍ ഗോര്‍, അമേരിക്കയിലെ ഡെമോക്രാറ്റിക്‌ രാഷ്ട്രീയത്തിന്‌ കരുത്തു പകര്‍ന്ന നേതാവാണ്‌. 1977-1985 കാലത്ത്‌ യു.എസ്‌. പ്രതിനിധിസഭയില്‍ അദ്ദേഹം അംഗമായിരുന്നു. 1985-1993 കാലത്ത്‌ ടെന്നസ്സിയില്‍ നിന്നുള്ള സെനറ്റ്‌ പ്രതിനിധിയായി പ്രവര്‍ത്തിച്ച അദ്ദേഹം, 1991-2001 ല്‍ ബില്‍ ക്ലിന്റനു കീഴില്‍ അമേരിക്കയുടെ നാല്‌പത്തി അഞ്ചാം വൈസ്‌ പ്രസിഡന്റായി. 200-ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍, ഡെമോക്രാറ്റ്‌ സ്ഥാനാര്‍ഥിയായെങ്കിലും തിരഞ്ഞെടുപ്പ്‌ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ജോര്‍ജ്‌ ബുഷിനോട്‌ പരാജയം സമ്മതിച്ചു.

പക്ഷേ, അതുകൊണ്ട്‌ അല്‍ ഗോര്‍ പൊതുരംഗം വിട്ടില്ല. പരിസ്ഥിതി വിഷയങ്ങളില്‍, പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയത്തില്‍ പ്രചാരണവും ബോധവത്‌ക്കരണവും തുടര്‍ന്നു. ഇതു സംബന്ധിച്ച്‌ താന്‍ നടത്താറുള്ള പ്രഭാഷണങ്ങളുടെ സംക്ഷിപ്‌ത രൂപം 'ആന്‍ ഇന്‍കണ്‍വീനിയന്റ്‌ ട്രൂത്ത്‌' എന്ന പേരില്‍ അദ്ദേഹം സിനിമയാക്കി. ചാര്‍ട്ടുകളും ഡേറ്റാകളും നിറഞ്ഞ ആ സിനിമ ഒരു സ്ലൈഡ്‌ ഷോയുടെ തോന്നലാണ്‌ ഉളവാക്കുന്നതെങ്കിലും, അത്‌ ബോക്‌സോഫീസ്‌ ഹിറ്റായി; രണ്ട്‌ ഓസ്‌കറുകളും നേടി (ഒരു ഓസ്‌കര്‍ ഗാനത്തിലുള്ളതായിരുന്നെങ്കിലും). വര്‍ഷങ്ങളായി അല്‍ ഗോര്‍ നടത്തിവന്ന പ്രചാരണങ്ങള്‍ക്ക്‌ എത്ര മൂല്യമുണ്ടെന്ന്‌ നോബല്‍ കമ്മറ്റി അവരുടെ തീരുമാനത്തിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ലോകത്ത്‌ ഏറ്റവുമധികം ഹരിതഗൃഹ വാതകങ്ങള്‍ പുറത്തു വിടുന്ന അമേരിക്കയ്‌ക്ക്‌, കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ശ്രമങ്ങളില്‍ നിന്ന്‌ ഇനി പുറംതിരിഞ്ഞു നില്‍ക്കാനാവില്ല എന്നും ഈ നോബല്‍ പ്രഖ്യാപനം വ്യക്തമാക്കുന്നു.(കാണുക: ആഗോളതാപനം: ഒളിച്ചോട്ടത്തിന്‌ പഴുതില്ല, പ്രതിസ്ഥാനത്ത്‌ മനുഷ്യന്‍ തന്നെ) (അവലംബം: നോബല്‍ കമ്മറ്റിയുടെ വാര്‍ത്താക്കുറിപ്പ്‌, ഐ.പി.സി.സി, വിക്കിപീഡിയ).

5 comments:

JA said...

നോബല്‍ കമ്മിറ്റിയും ഒടുവില്‍ ആ സത്യം അംഗീകരിച്ചു; ഭൂമിക്കു ചൂടുപിടിക്കുകയാണ്‌, മനുഷ്യനാണ്‌ അതിന്‌ ഉത്തവാദി. ആഗോളതാപനം ചെറുക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ കരുത്തേകിയതിന്‌ മുന്‍ യു.എസ്‌. വൈസ്‌ പ്രസിഡന്റ്‌ അല്‍ ഗോറിനും, യു.എന്നിനു കീഴിലുള്ള 'ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചിനും' 2007-ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം സമ്മാനിക്കുക വഴി നോര്‍വീജിയന്‍ നോബല്‍ കമ്മറ്റി ചെയ്‌തിരിക്കുന്നത്‌ അതാണ്‌.

തമ്പിയളിയന്‍ said...

പച്ചൂരിയുടെ പേര് അതിലെങ്ങുമില്ല! പണ്ടെങ്ങോ പച്ചൂരീയുടെ നോമിനേഷന്‍ എതിര്‍ത്ത ആളാ ഈ ഗോര്‍..കൂട്ടിവായിച്ചാല്‍?


താങ്കള്‍ രാത്രി തന്നെ പോസ്റ്റിട്ടിരിക്കുമെന്നു കരുതി, തെറ്റിയില്ല:)

JA said...

തമ്പിയളിയന്‍, നന്ദി.
നോബല്‍ പുരസ്‌കാരം സംബന്ധിച്ച എല്ലാ പോസ്‌റ്റുകളും അതാത്‌ രാത്രികളില്‍ തന്നെയാണ്‌ 'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ ഇട്ടത്‌; ഈ പോസ്‌റ്റു മാത്രമല്ല.

ആഗോളതാപനം സംബന്ധിച്ച്‌ ബുഷ്‌ ഭരണകൂടത്തിന്റെ പിന്തിരിപ്പന്‍ നിലപാടിന്‌ ചൂട്ടുപിടിച്ചു കൊടുക്കാന്‍ തയ്യാറാകാത്തതിനാണ്‌, 2002-ല്‍ റോബര്‍ട്ട്‌ വാട്ട്‌സന്‌ ഐ.പി.സി.സി.അധ്യക്ഷസ്ഥാനത്തു നിന്ന്‌ പുറത്തു പോകേണ്ടി വന്നത്‌. അദ്ദേഹത്തിന്‌ പകരം ബുഷും കൂട്ടരും ഡോ.പച്ചൂരിയെ അനുകൂലിച്ചു. സ്വാഭാവികമായും, ബുഷിന്റെ കാലവസ്ഥാ നയങ്ങളെ എതിര്‍ത്തിരുന്ന അല്‍ ഗോര്‍, ഡോ.പച്ചൂരിയുടെ നിയമനത്തെയും എതിര്‍ത്തു എന്നു വേണം കരുതാന്‍. എന്നാല്‍, ബുഷ്‌ ഭരണകൂടത്തിന്റെ താത്‌പര്യങ്ങള്‍ക്കനുസരിച്ചല്ല ഡോ.പച്ചൂരി പ്രവര്‍ത്തിച്ചതെന്ന്‌ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്‌ ഈവര്‍ഷം ഇറങ്ങിയ ഐ.പി.സി.സി.യുടെ നാലാം അവലോകന റിപ്പോര്‍ട്ട്‌ പരിശോധിച്ചാല്‍ വ്യക്തമാകും. അല്‍ ഗോറിന്റെയും ഐ.പി.സി.സിയുടെയും പ്രവര്‍ത്തനം ഒരേ പോയന്റിലേക്കാണ്‌ എത്തുന്നതെന്ന്‌, നോബല്‍ പ്രഖ്യാപനം വ്യക്തമാക്കുന്നു. കൂട്ടിവായിച്ചാലും അവിടെത്തന്നെയല്ലേ എത്തുക.

തമ്പിയളിയന്‍ said...

ഇതു കുറിഞ്ഞിയല്ല! നീലക്കൊടുവേലിയാ :)
ഒള്ള കാര്യം ഞാന്‍ പറയും മാഷെ. സമ്മതിച്ചിരിക്കുന്നു!!!!
കമ്പ്ലൈന്റ് ചെയ്യാതെ, ഇങ്ങനെ പോയിന്റ് പറയണം!

चन्द्रशेखरन नायर said...

ആഗോളതാപനം കുറയുമെന്ന്‍ പ്രതീക്ഷിക്കാം.