Tuesday, February 19, 2008

കറുപ്പിന്റെ ഏഴഴക്‌

നാനോടെക്‌നോളജിരംഗത്ത്‌ പുത്തന്‍ മുന്നേറ്റം റുപ്പിന്‌ ഏഴഴകുണ്ടെന്നാണ്‌ ചൊല്ല്‌. 'മിന്നുന്നതെല്ലാം പൊന്നല്ല' എന്നു പറയുംപോലെ, കറുപ്പെന്ന്‌ നാം വിശ്വസിക്കുന്നതെല്ലാം കറുപ്പല്ല എന്നതാണ്‌ വാസ്‌തവം. കറുപ്പെന്ന്‌ കരുതിയതെല്ലാം എത്ര വെളുപ്പായിരുന്നുവെന്ന്‌ ബോധ്യമാക്കിത്തരികയാണ്‌ ഒരു മലയാളി ഗവേഷകന്റെ കണ്ടുപിടിത്തം. നിലവില്‍ ഏറ്റവും ഇരുണ്ടതെന്ന്‌ അമേരിക്കന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ അസോസിയേഷന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതിലും 30 മടങ്ങ്‌ ഇരുണ്ട വസ്‌തു രൂപപ്പെടുത്തിക്കൊണ്ട്‌ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്‌, അമേരിക്കയിലെ ഹൂസ്റ്റണില്‍ റൈസ്‌ സര്‍വകലാശാലയിലെ നാനോടെക്‌നോളജി വിദഗ്‌ധനായ ഡോ. പുളിക്കല്‍ എം. അജയനാണ്‌. നാനോടെക്‌നോളജിയുടെ സഹായത്തോടെ സാധ്യമായ ഈ മുന്നേറ്റം, ഇലക്ട്രോണിക്‌സ്‌ രംഗത്തും സൗരോര്‍ജപാനലുകളുടെ നിര്‍മാണത്തിലും വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാം.

പ്രകാശവര്‍ണരാജിയിലെ എല്ലാ നിറങ്ങളും ആഗിരണം ചെയ്യുന്ന, എന്നാല്‍ അല്‍പ്പവും പ്രകാശം പ്രതിഫലിപ്പിക്കാത്ത വസ്‌തുക്കളെയാണ്‌ 'ഇരുണ്ടവസ്‌തുക്കള്‍' എന്ന്‌ വിളിക്കുന്നത്‌. എത്ര ഇരുണ്ടതെന്ന്‌ കരുതിയാലും വസ്‌തുക്കളെല്ലാം കുറെ പ്രകാശം പ്രതിഫലിപ്പിക്കും. അതിനാല്‍, ശരിക്കും ഇരുണ്ടവസ്‌തു എന്നത്‌ ഇതുവരെ സൈദ്ധാന്തികതലത്തില്‍ മാത്രമേ സാധ്യമായിരുന്നുള്ളു. ആ സ്ഥിതിക്കാണ്‌ ഡോ. അജയന്റെ കണ്ടെത്തലോടെ മാറ്റമുണ്ടാകുന്നത്‌. 99.9 ശതമാനം പ്രകാശവും ആഗിരണം ചെയ്യാന്‍ ശേഷിയുള്ള വസ്‌തുവിനാണ്‌ ഡോ.അജയനും കൂട്ടരും രൂപംനല്‍കിയിരിക്കുന്നത്‌. മനുഷ്യനിര്‍മിതമായ ഏറ്റവും ഇരുണ്ടവസ്‌തുവാണ്‌ അതെന്നു സാരം.

ഒറ്റ ആറ്റത്തിന്റെയത്ര മാത്രം വണ്ണമുള്ള കാര്‍ബണ്‍നാനോട്യൂകളുടെ നിരകളെ കുറഞ്ഞ സാന്ദ്രതയില്‍ കുത്തനെ ക്രമീകരിച്ചാണ്‌, ഇരുണ്ടവസ്‌തു രൂപപ്പെടുത്തിയത്‌. ഏത്‌ ദിശയില്‍നിന്നെത്തിയാലും ഏത്‌ തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശവും ആഗിരണം ചെയ്യാന്‍ ആ നാനോസംവിധാനത്തിന്‌ കഴിയുമെന്ന്‌, 'നാനോ ലറ്റേഴ്‌സ്‌' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധം പറയുന്നു. റൈസ്‌ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അജയന്‍, ന്യൂയോര്‍ക്കിലെ ട്രോയില്‍ താന്‍ മുമ്പ്‌ ജോലിചെയ്‌തിരുന്ന റെന്‍സ്സലേര്‍ പോളിടെക്‌നിക്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ്‌ പുതിയ കണ്ടുപിടിത്തം നടത്തിയത്‌.


കാര്‍ബണ്‍നാനോട്യൂബുകളെ പ്രത്യേകരീതിയില്‍ ക്രമീകരിച്ച്‌ കൂടുതല്‍ ഇരുണ്ടവസ്‌തുക്കള്‍ സൃഷ്ടിക്കാമെന്ന്‌ മുമ്പ്‌ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍, പ്രായോഗികതലത്തില്‍ ഇക്കാര്യം സാധ്യമാകുന്നത്‌ ഇപ്പോഴാണ്‌. ഇരുണ്ടവസ്‌തു നിര്‍മിക്കാനുള്ള നാനോസാധ്യത ആദ്യം പ്രവചിച്ച ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ സൈദ്ധാന്തിക ഭൗതീകശാസ്‌ത്രജ്ഞന്‍ പ്രൊഫ.സര്‍ ജോണ്‍ പെന്‍ട്രി, ഇപ്പോഴത്തെ മുന്നേറ്റത്തോട്‌ പ്രതികരിച്ചത്‌ 'പ്രതീക്ഷ നല്‍കുന്ന കണ്ടുപിടിത്തം' എന്നാണ്‌. കൂടുതല്‍ മെച്ചപ്പെട്ട സോളാര്‍സെല്ലുകള്‍, സൗരപാനലുകള്‍ തുടങ്ങി 'പ്രകാശക്കൊയ്‌ത്ത്‌' ലക്ഷ്യമിടുന്ന ഏത്‌ രംഗത്തും പുതിയ കണ്ടുപിടിത്തം പുത്തന്‍ സാധ്യതയാണെന്ന്‌ അദ്ദേഹം പറയുന്നു.

'മനുഷ്യനിര്‍മിതമായ ഏറ്റവും ഇരുണ്ടവസ്‌തു' എന്ന നിലയ്‌ക്ക്‌ പുതിയ കണ്ടുപിടിത്തം ഗിന്നസ്‌ബുക്കില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയതായി, പ്രൊഫ. അജയന്റെ സഹപ്രവര്‍ത്തകന്‍ കണ്ണൂര്‍ നടുവില്‍ സ്വദേശി ഡോ. ഷൈജുമോന്‍ എം. മാണിക്കോത്ത്‌ അറിയിക്കുന്നു. കടലാസില്‍ വൈദ്യുതി സംഭരിച്ചു സൂക്ഷിക്കാന്‍ മാര്‍ഗം കണ്ടെത്തുക വഴി ഡോ.അജയനും ഡോ.ഷൈജുമോനും അടുത്തയിടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. ഊര്‍ജരംഗത്ത്‌ വന്‍സ്വാധീനം ചെലുത്താന്‍ പോന്ന ഒന്നായി ആ കണ്ടുപിടിത്തം വിശേഷിപ്പിക്കപ്പെടുകയുണ്ടായി. കൊടുങ്ങല്ലൂരില്‍ പുളിക്കല്‍ കുടുംബത്തില്‍ അന്തരിച്ച കെ. മാധവപണിക്കരുടെയും റിട്ടയേര്‍ഡ്‌ അധ്യാപിക രാധ പുളിക്കലിന്റെയും മകനാണ്‌ ഡോ. അജയന്‍. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബി.ടെക്‌ നേടിയ അദ്ദേഹം റെന്‍സ്സലേര്‍ പോളിടെക്‌നികില്‍ മെറ്റീരിയല്‍ സയന്‍സ്‌ അന്‍ഡ്‌ എഞ്ചിനിയറിങ്ങില്‍ ഹെന്‍ട്രി ബുര്‍ലേജ്‌ പ്രൊഫസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. (അവലംബം: നാനോ ലറ്റേഴ്‌സ്‌).
കാണുക: കടലാസില്‍ വൈദ്യുതി സംഭരിക്കാം
നാനോകോണ്‍ക്രീറ്റുമായി മലയാളി ശാസ്‌ത്രജ്ഞന്‍

4 comments:

Joseph Antony said...

പ്രകാശവര്‍ണരാജിയിലെ എല്ലാ നിറങ്ങളും ആഗിരണം ചെയ്യുന്ന, എന്നാല്‍ അല്‍പ്പവും പ്രകാശം പ്രതിഫലിപ്പിക്കാത്ത വസ്‌തുക്കളെയാണ്‌ 'ഇരുണ്ടവസ്‌തുക്കള്‍' എന്ന്‌ വിളിക്കുന്നത്‌. എത്ര ഇരുണ്ടതെന്ന്‌ കരുതിയാലും വസ്‌തുക്കളെല്ലാം കുറെ പ്രകാശം പ്രതിഫലിപ്പിക്കും. അതിനാല്‍, ശരിക്കും ഇരുണ്ടവസ്‌തു എന്നത്‌ ഇതുവരെ സൈദ്ധാന്തികതലത്തില്‍ മാത്രമേ സാധ്യമായിരുന്നുള്ളു. മലയാളിയായ ഡോ. പുളിക്കല്‍ എം. അജയന്റെ കണ്ടെത്തലോടെ ആ സ്ഥിതി മാറുകയാണ്‌. 99.9 ശതമാനം പ്രകാശവും ആഗിരണം ചെയ്യാന്‍ ശേഷിയുള്ള വസ്‌തുവിനാണ്‌ ഡോ.അജയനും കൂട്ടരും രൂപംനല്‍കിയിരിക്കുന്നത്‌. മനുഷ്യനിര്‍മിതമായ ഏറ്റവും ഇരുണ്ടവസ്‌തുവാണ്‌ അതെന്നു സാരം.

സുല്‍ |Sul said...

പുതിയ അറിവിനു് നന്ദി.
-സുല്‍

അപ്പു ആദ്യാക്ഷരി said...

ജോസഫ് മാഷേ... നന്ദി.

ധ്വനി | Dhwani said...

കറുപ്പിന്റെ വിശേഷം ഇത്തിരി അറിയാമായിരുന്നു. പക്ഷെ ഇതു പുതിയ അറിവ്. നന്ദി!