പരിണാമത്തിന്റെ ഭാവി മനുഷ്യരില്‍ എന്തായിരിക്കും. പുതിയ ജീനോം പഠനങ്ങള്‍ പറയുന്നത് നാലുലക്ഷം വര്‍ഷം മുമ്പ് നിയാണ്ടെര്‍ത്തല്‍ മനുഷ്യരും ഇപ്പോഴത്തെ മനുഷ്യവര്‍ഗ്ഗവും വേര്‍പിരിഞ്ഞുവെന്നാണ്. ഭാവിയിലും ഇതാവര്ത്തിക്കാമത്രേ. മനുഷ്യവര്‍ഗ്ഗം രണ്ടായി മാറും
മനുഷ്യപരിണാമത്തിന്റെ ഭാവി എന്തായിരിക്കും? അധികമാരും ഇക്കാര്യം ചിന്തിച്ചിരിക്കില്ല. എന്നാല്‍, ഒരു ലക്ഷം വര്‍ഷത്തിനുള്ളില്‍ മനുഷ്യന് രണ്ട് ഉപവര്‍ഗ്ഗങ്ങളായി പരിണമിക്കുമെന്നും, പ്രജനനരീതിയും ഭക്ഷ്യക്രമവുമായിരിക്കും പരിണാമഗതി നിശ്ചയിക്കുകയെന്നും ഒരു ബ്രിട്ടീഷ് വിദഗ്ധന്‍ പ്രവചിക്കുന്നു. ആറടിയില്‍ കൂടുതല്‍ ഉയരമുള്ളവരായിരിക്കും അതില്‍ ഒരു വര്‍ഗ്ഗം. പൊക്കം കുറഞ്ഞ് കുള്ളന്മാരെപ്പോലുള്ളവരാകും മറ്റൊരു വര്‍ഗ്ഗം.
എച്ച്.ജി.വെല്‍സിന്റെ 'ടൈം മെഷീനി'ലെ പ്രവചനങ്ങളെ അനുസ്മരിപ്പിക്കുന്നു ഈ വാദഗതികള്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിനു കീഴിലുള്ള 'സെന്റര്‍ ഫോര്‍ ഫിലോസൊഫി ഓഫ് നാച്ചുറല്‍ ആന്‍ഡ് സോഷ്യല്‍ സയന്‍സി'ലെ ഡോ.ഒലിവര്‍ കറിയാണ് വിവാദമായേക്കാവുന്ന ഈ വാദങ്ങള്‍ മുന്നോട്ടു വെച്ചത്.
സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്നതിനാല്‍ ചവച്ചു തിന്നേണ്ട ആവശ്യം കുറയും. അതിനാല്‍ കീഴ്ത്താടിയുടെ ഉപയോഗം കുറഞ്ഞ് ചുരുങ്ങും. സമീപഭാവിയില്‍ തന്നെ ഇതു സംഭവിക്കും. 'നിയോട്ടണി'(neotony) എന്നറിയപ്പെടുന്ന ഈ പരിണാമപ്രതിഭാസം നായകളില്‍ നിരീക്ഷിച്ചിട്ടുണ്ട്. മൂവായിരാമാണ്ടില്‍ ഭൂമുഖത്തുണ്ടാവുക ആറടി ആറിഞ്ച് ഉയരമുള്ള, കീഴ്ത്താടിയും കവിളുകളും ചുരുങ്ങി ശോഷിച്ച മനുഷ്യരായിരിക്കുമെന്നാണ് പ്രവചനം.
മുന്തിയ ഭക്ഷണം കഴിക്കുകയും സ്വന്തം നിലവാരത്തിലുള്ളവരുമായി മാത്രം വിവാഹബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്ന അതിസമ്പന്ന വിഭാഗം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറം ഒരു ഉപവര്‍ഗ്ഗമായി പരിണമിക്കാന്‍ തുടങ്ങും. അവര്‍ക്ക് ഉയര്‍ന്ന ബുദ്ധിനിലവാരവും ആറടിയിലേറെ ഉയരവും കൂടിയ ആയുസ്സും ഉണ്ടാകും.
ആവശ്യത്തിന് ഭക്ഷണം കിട്ടാതെ ദാരിദ്ര്യത്തില്‍ കഴിയുന്ന വിഭാഗം മറ്റൊരു വര്‍ഗ്ഗമായി മാറും. പൊക്കം കുറഞ്ഞ് ചതുരവടിവുകളുള്ള ശരീരമായിരിക്കും ആ വര്ഗ്ഗത്തില്പെട്ടവര്ക്കെന്ന് ഡോ.കറി പറയുന്നു. അടുത്ത ഒരുലക്ഷം വര്‍ഷത്തിനുള്ളില്‍ മനുഷ്യവര്‍ഗ്ഗം ഇങ്ങനെ വേര്പിരിയുമത്രേ. നാലുലക്ഷം വര്‍ഷം മുമ്പാണ് നിയാന്‍ഡെര്‍ത്തല്‍ മനുഷ്യനും ഇപ്പോഴത്തെ മനുഷ്യവര്‍ഗ്ഗമായ 'ഹോമോ സാപ്പിയന്‍സും' വേര്‍പിരിഞ്ഞത് (കാണുക-നിയാണ്ടെര്‍ത്തല്‍ മനുഷ്യന്റെ ജനിതകരഹസ്യം). മുന്നോട്ടുള്ള ഗതിയിലും ഇത്തരം വേര്പിരിയാലുകള് അനിവാര്യമത്രേ.
എന്നാല്‍, സാങ്കേതികവിദ്യയോടുള്ള അമിത ആശ്രിതത്വം ഭാവിയില്‍ മനുഷ്യന്റെ സാമൂഹിക കഴിവുകളും, എന്തിന് ആരോഗ്യം പോലും അപകടത്തിലാക്കി കൂടെന്നില്ല- ഡോ.കറി ഉത്ക്കണ്ഠപ്പെടുന്നു. മരുന്നുകളുടെ അമിതോപയോഗം മനുഷ്യന്റെ ശരീരപ്രതിരാധശേഷിയും അപകടത്തിലാവില്ലേ എന്നും അദ്ദേഹം സംശയിക്കുന്നു.
'മനുഷ്യന് ആവശ്യമായ കുറ്റമറ്റ ഒരു ആവാസവ്യവസ്ഥ പ്രദാനം ചെയ്യാന്‍ അടുത്ത സഹസ്രാബ്ദത്തില്‍ ശാസ്ത്രത്തിന് കഴിഞ്ഞേക്കും. എന്നാല്‍, അതുകഴിഞ്ഞാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ജനിതകവേര്പിരിയല് നടക്കുക. അത് ഭാവിയുടെ ഒരു വൃത്തികെട്ട മുഖമായിരിക്കും പ്രകടമാക്കുക'-ഡോ.കറി പറയുന്നു. 'ബ്രേവോ' ടെലിവിഷന്‍ ചാനലിന്റെ 21-ാ വാര്‍ഷികം പ്രമാണിച്ചു തയ്യാറാക്കിയ പ്രത്യേക പരിപാടിയിലാണ് ഈ പ്രവചനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്.
വെറും ഒരു ശതമാനം പേരാണ് ലോകത്തെ 40 ശതമാനം സമ്പത്തും കൈയാളുന്നത് എന്ന് പുതിയൊരു സര്‍വെ വ്യക്തമാക്കുന്നു. ലോകമാകെ ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ആഗോളവത്ക്കരണവും നവമുതലാളിത്വവും സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കാനും, ദാരിദ്ര്യത്തില്‍ കഴിയുന്നവരെ എല്ലാ സാമൂഹിക പരിഗണനകളില്‍ നിന്നും അകറ്റാനും സഹായിക്കുന്ന ഒന്നാണെന്ന ശക്തമായ വിമര്‍ശനം നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ ഡോ.കറിയുടെ നിഗമനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുക സ്വാഭാവികം മാത്രം (കടപ്പാട്: ടൈംസ്, മാതൃഭൂമി).
7 comments:
ഉള്ളവനും ഇല്ലാത്തവനും ഒരു പരിണാമസാധ്യതയായി മാറാന്‍ പോകുന്നു. ഭാവിയില്‍ ഈ രണ്ടുവിഭാഗവും രണ്ട് വര്‍ഗ്ഗങ്ങളായി പരിണമിക്കാനാണ് സാധ്യത.
അതെങ്ങിനെ ശരിയാവും എന്നെനിക്കാലോചിച്ചിട്ട് മനസ്സിലാവുന്നില്ല.ഈ പാവപ്പെട്ടവരും പണക്കാരും ചിലപ്പൊ അവരുടെ അടുത്ത തലമുറ വരുമ്പോള്‍ തിരിച്ചാവില്ലെ? എപ്പോഴും തലമുറകള്‍ തോറും അവര്‍ പാവപ്പെട്ടാവരാവണെമെന്നില്ലല്ലൊ. അങ്ങിനെ ഒരു മനുഷ്യ സമൂഹത്തെ കണ്ട് പിടിക്കാന്‍ തന്നെ പാടായിരിക്കില്ലെ? അതോണ്ട് ആ തിയറി എനിക്ക് ശരിയാവുമൊ?
പിന്നെ മനുഷ്യന്റെ ആയുസ്സ് കൂടിവരുവല്ലേ? ഇപ്പൊ തന്നെ ഞാന്‍ എവിടെയോ വായിച്ചു, അറുപതാണ് പുതിയ മദ്ധ്യവയസ്ക്കര്‍ എന്ന്.
സ്വാഭാവിക പരിണാമം മനുഷ്യന്റെ കാര്യത്തില്‍ ഇനി നടക്കുമെന്നു തൊന്നുന്നില്ല. കാരണം മനുഷ്യനു തന്നെ മനുഷ്യനു് രൂപമാറ്റം നല്‍കാനുള്ള കെല്പു് ഉണ്ട് അല്ലെങ്കില്‍ ഉണ്ടാകും. അതിനു അധിക കാലം എടുക്കുകയുമില്ല. അതുകൊണ്ടു തന്നെ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ വേണ്ടിവരുന്ന പരിണാമപ്രക്രിയ ഒന്നും മനുഷ്യനു ബാധകമല്ല.
പുതിയ അറിവാണല്ലോ.
പാവപ്പെട്ടവരും പണക്കാരും പരിണാമ സാധ്യതയാകാനുള്ള സിദ്ധാന്തം എനിക്കു് നേരെ അങ്ങോട്ടു മനസ്സിലാകുന്നില്ല എന്നു തോന്നുന്നു.
നല്ല ഒരു പുതിയ അറിവാണു്.
പങ്കു വച്ചതിനു് നന്ദി.
Post a Comment