Sunday, December 16, 2007

ബാലിസമ്മേളനം: മുഖം രക്ഷിക്കാനാകാതെ അമേരിക്ക

ഒന്നാം ഭൗമഉച്ചകോടിയെക്കുറിച്ച്‌ നിഖില്‍ ചക്രവര്‍ത്തി എഴുതി; ആ സമ്മേളനത്തില്‍ അമേരിക്ക നേരിട്ട ഒറ്റപ്പെടലാണ്‌ ലോകത്തിന്‌ മുന്നിലുള്ള ഏക പ്രതീക്ഷ. പതിനഞ്ച്‌ വര്‍ഷത്തിന്‌ ശേഷം ബാലിയില്‍ ഒറ്റപ്പെടലിന്റെ കാഠിന്യം തിരച്ചറിഞ്ഞ അമേരിക്ക, കാലാവസ്ഥാ ഉടമ്പടിക്കായുള്ള സമവായം അംഗീകരിക്കാന്‍ തയ്യാറായിരിക്കുന്നു.
ഒന്നര പതിറ്റാണ്ട്‌ മുമ്പാണ്‌, 1992-ല്‍ ബ്രസ്സീലിലെ റിയോ ഡി ജനീറോയില്‍ ഒന്നാം ഭൗമഉച്ചകോടി കഴിഞ്ഞ സമയം. 'മെയിന്‍സ്‌ട്രീം' വാരികയില്‍ ഭൗമഉച്ചകോടി റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍, പത്രാധിപരായ നിഖില്‍ ചക്രവര്‍ത്തി എഴുതി: "റിയോയില്‍ അമേരിക്ക നേരിട്ട ആ ദയനീയമായ ഒറ്റപ്പെടലാണ്‌, ലോകത്തിന്‌ മുന്നിലുള്ള ഒരേയൊരു പ്രതീക്ഷ". യു.എന്നിന്റെ നേതൃത്വത്തില്‍ ഭൂമിയെ രക്ഷിക്കാന്‍ നടന്ന ആ ചരിത്രസമ്മേളനത്തില്‍ കാലാവസ്ഥാഉടമ്പടിയും ജൈവവൈവിധ്യക്കരാറും അംഗീകരിക്കാന്‍ തയ്യാറാകാത്ത അമേരിക്ക തികച്ചും ഒറ്റപ്പെടുകയായിരുന്നു. മറ്റ്‌ ലോകരാഷ്ട്രങ്ങള്‍ അമേരിക്കന്‍ താത്‌പര്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തു.

അമേരിക്കയുടെ ആ നിലപാട്‌ യഥാര്‍ഥത്തില്‍ 'ഒറ്റപ്പെടല്‍' ആയിരുന്നില്ല, കാതലായ പ്രശ്‌നങ്ങളോടുള്ള ധിക്കാരപമായ പുറംതിരിഞ്ഞുനില്‍പ്പ്‌ ആയിരുന്നു എന്നകാര്യം പില്‍ക്കാല ചരിത്രം വ്യക്തമാക്കി. ഒന്നാംഭൗമ ഉച്ചകോടിയില്‍ രൂപപ്പെടുത്തിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്‌ 1997-ല്‍ ക്യോട്ടോ സമ്മേളനം നടന്നത്‌. ആഗോളതാപനം നേരിടാന്‍ എന്തൊക്കെ നടപടി വേണം എന്നകാര്യം ചര്‍ച്ചചെയ്യാനായി ലോകരാഷ്ട്രങ്ങള്‍ ജപ്പാനിലെ ക്യോട്ടോയില്‍ സമ്മേളിച്ചു. അന്നത്തെ യു.എസ്‌.വൈസ്‌പ്രസിഡന്റും പ്രമുഖ പരിസ്ഥിതി പോരാളിയുമായ സാക്ഷാല്‍ അല്‍ഗോറായിരുന്നു ക്യോട്ടോയില്‍ യു.എസ്‌.സംഘത്തെ നയിച്ചത്‌. അത്‌ വലിയ പ്രതീക്ഷ ഉണര്‍ത്തി.

പക്ഷേ, മല എലിയെ പ്രസവിച്ചു എന്നു പറഞ്ഞതുപോലെയായി ക്യോട്ടോ ഉടമ്പടി. അമേരിക്കയിലെ വ്യവസായലോബി, പ്രത്യേകിച്ചും എണ്ണ, ഓട്ടോമൊബൈല്‍ ലോബി ജയിച്ചു. അല്‍ ഗോര്‍ എന്ന പരിസ്ഥിതി പോരാളി തോറ്റു. ഹരിതഗൃഹവാതകങ്ങളുടെ വ്യാപനത്തോത്‌ വെച്ചു പറയുകയാണെങ്കില്‍, വെറും തുച്ഛമായ നടപടിക്കാണ്‌ ക്യോട്ടോയില്‍ ധാരണയായതു തന്നെ. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പടെയുള്ള 36 സമ്പന്നരാഷ്ട്രങ്ങള്‍ 2008-2012 കാലയളവില്‍, ഹരിതഗൃഹ വാതകവ്യാപനത്തോത്‌ 1990-ലേതിന്റെ 4.2 ശതമാനം കുറയ്‌ക്കണം-ഇതാണ്‌ ക്യോട്ടോ ഉടമ്പടി വ്യവസ്ഥ ചെയ്യുന്നത്‌. എന്നാല്‍, തുച്ഛമായ ഈ കുറവു പോലും പറ്റില്ല എന്ന നിലപാട്‌ ആമേരിക്ക സ്വീകരിച്ചു. ലോകജനസംഖ്യയുടെ വെറും അഞ്ചുശതമാനം മാത്രമുള്ള അമേരിക്കയാണ്‌, അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങളില്‍ 25 ശതമാനവും പുറത്തുവിടുന്നത്‌ എന്നകാര്യം പരിഗണിക്കുമ്പോള്‍, ഈ നിലപാട്‌ എത്ര പിന്തിരിപ്പനാണെന്ന്‌ ഊഹിക്കാവുന്നതേയുള്ളു.

ആഗോളതാപനം ഒരു തര്‍ക്കവിഷയമായിരുന്ന കാലത്താണ്‌ ക്യോട്ടോ സമ്മേളനം നടന്നത്‌. ആഗോളതാപനത്തിന്‌ ശാസ്‌ത്രീയ അടിത്തറയില്ലെന്നുവരെ വാദിക്കുന്ന ഗവേഷകരുണ്ടായിരുന്നു. ബുഷ്‌ ഭരണകൂടത്തിന്‌ വേണ്ടി, ആഗോളതാപനം തട്ടിപ്പാണെന്നു പ്രചരിപ്പിക്കാന്‍ എഴുത്തുകാര്‍ പോലും രംഗത്തെത്തി (മൈക്കല്‍ ക്രൈറ്റന്റെ 'ദ സ്‌റ്റേറ്റ്‌ ഓഫ്‌ ഫിയര്‍' ഉദാഹരണം). ഭൂമിക്കു ചൂടുപിടിച്ച്‌ ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രവിതാനം ഉയരുന്നതിനാല്‍, മുങ്ങല്‍ ഭീഷണി നേരിടുന്ന ഒന്നര ഡസനോളം ചെറുദ്വീപ്‌ രാഷ്ട്രങ്ങളുടെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തെക്കാള്‍ കൂടുതലാണ്‌ അമേരിക്കന്‍ ഓട്ടോമൊബൈല്‍ ഭീമനായ 'ജനറല്‍ മോട്ടോഴ്‌സി'ന്റെ മാത്രം വാര്‍ഷിക വിറ്റുവരവ്‌. അത്തരം കമ്പനികളുടെ വാണിജ്യതാത്‌പര്യങ്ങള്‍ക്ക്‌ മേലാണ്‌ ബുഷ്‌ ഭരണകൂടം അടയിരിക്കുന്നത്‌. 2000-ല്‍ ജോര്‍ജ്‌ ബുഷ്‌ അധികാരത്തിലെത്തി ആദ്യമെടുത്ത തീരുമാനം തന്നെ ക്യോട്ടോ ഉടമ്പടിയില്‍നിന്ന്‌ അമേരിക്ക പിന്‍മാറുന്നു എന്നതായത്‌ യാദൃശ്ചികമല്ല.

ആഗോളതാപനത്തിന്‌ കാരണം മനുഷ്യന്റെ ചെയ്‌തികളാണെന്ന്‌ പറയുന്നത്‌ ശരിയോ എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ലാത്ത വിധത്തില്‍, ശാസ്‌ത്രീയമായ തെളിവുകളുടെ അകമ്പടിയുമായാണ്‌ ലോകം ബാലിയില്‍ സമ്മേളിച്ചത്‌. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഭൗമാന്തരീക്ഷത്തിലുണ്ടായ താപവര്‍ധനയ്‌ക്ക്‌ 90 ശതമാനവും കാരണം മനുഷ്യന്റെ ചെയ്‌തികളാണെന്ന്‌ വ്യക്തമാക്കുന്ന ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചി (ഐ.പി.സി.സി) ന്റെ നാലം റിപ്പോര്‍ട്ട്‌ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാലിസമ്മേളനം. ആഗോളതാപന ഭീഷണി യാഥാര്‍ഥ്യം തന്നെയാണെന്ന്‌ നോബല്‍കമ്മറ്റിയും ഈ വര്‍ഷം അംഗീകരിച്ചു; അല്‍ഗോറിനും ഐ.പി.സി.സി.ക്കും സമാധാന നോബല്‍ നല്‍കുക വഴി.

ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012-ല്‍ അവസാനിക്കും. അതിനു ശേഷം എന്തുവേണം എന്നകാര്യം ആലോചിക്കാനാണ്‌ യു.എന്‍.ഫ്രേംവര്‍ക്ക്‌ കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചിന്‌ കീഴിലുള്ള ചര്‍ച്ചകള്‍ ബാലിയില്‍ നടന്നത്‌. ഡിസംബര്‍ മൂന്നിന്‌ തുടങ്ങിയ സമ്മേളനം 14-ന്‌ അവസാനിക്കേണ്ടതായിരുന്നു. സമവായം ഉണ്ടാകാത്തതിനാല്‍ ഒരുദിവസം കൂടി നീണ്ടു. രാഷ്ട്രത്തലവന്‍മാരും രാഷ്ട്രീയനേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പടെ പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം, അടുത്ത രണ്ടു വര്‍ഷത്തിനകം പുതിയ ഉടമ്പടി ഉണ്ടാകത്തക്കവിധം ഒരു മാര്‍ഗരേഖയ്‌ക്ക്‌ രൂപം നല്‍കുക എന്നതായിരുന്നു.

സമ്പന്നരാഷ്ട്രങ്ങള്‍ 2020 ആകുമ്പോഴേക്കും ഹരിതഗൃഹവാതക വ്യാപനത്തിന്റെ തോത്‌ 1990-ലേതില്‍നിന്ന്‌ 25 മുതല്‍ 40 ശതമാനം വരെ കുറയ്‌ക്കണം എന്നാണ്‌ ബാലിമാര്‍ഗരേഖയുടെ കരടില്‍ പറഞ്ഞിരുന്നത്‌. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ചേഞ്ചി (ഐ.പി.സി.സി) ന്റെ ഒടുവിലത്തെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ്‌ ഈയൊരു നിര്‍ദ്ദേശം വെച്ചിരുന്നത്‌. യൂറോപ്യന്‍ യൂണിയന്‍ അതിനെ പിന്തുണച്ചപ്പോള്‍, അമേരിക്ക, കാനഡ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍ അതിനെ എതിര്‍ത്തു. ഒടുവില്‍ അമേരിക്കന്‍ സമ്മര്‍ദത്തിന്‌ മുന്നില്‍ മുട്ടുമടക്കി മാര്‍ഗരേഖയുടെ കരടില്‍നിന്ന്‌ ആ കണക്കുകള്‍ നീക്കം ചെയ്യേണ്ടി വന്നു.

എന്നിട്ടും അവസാന സമവായത്തിന്‌ അമേരിക്ക വഴങ്ങിയില്ല. അലസിപ്പിരിയുന്ന ഘട്ടംവരെയെത്തി ബാലിസമ്മേളനം. ബാലിമാര്‍ഗരേഖയുടെ കരട്‌ അമേരിക്ക തള്ളിക്കളയും എന്ന്‌ യു.എസ്‌.പ്രതിനിധി പൗള ഡോബ്രിയാന്‍സ്‌കി സമ്മേളനത്തില്‍ ഭീഷണി മുഴക്കി. സമ്മേളനപ്രതിനിധികള്‍ യു.എസ്‌.നിലപാടിനെതിരെ ഒറ്റക്കെട്ടായി തിരിഞ്ഞു. പാപ്പുവ ന്യൂ ഗിനിയെ പ്രതിനിധീകരിക്കുന്ന ഒരു യു.എസ്‌.പരിസ്ഥിതി പ്രവര്‍ത്തക ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: "നയിക്കാന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍, വഴി മാറൂ". തികച്ചും ഒറ്റപ്പെട്ട അമേരിക്കന്‍ പ്രതിനിധി അല്‍പ്പസമയം കഴിഞ്ഞ്‌ മൈക്രോഫോണ്‍ കൈയിലെടുത്ത്‌ അറിയിച്ചു; "സമവായത്തില്‍ പങ്കുചേരാന്‍ ഞങ്ങള്‍ തയ്യാര്‍". റിയോയില്‍ അമേരിക്ക നേരിട്ട ഒറ്റപ്പെടലിനെപ്പറ്റി, പതിനഞ്ച്‌ വര്‍ഷം മുമ്പ്‌ നിഖില്‍ ചക്രവര്‍ത്തി കുറിച്ചിട്ട വാക്കുകളുടെ പ്രവചന സ്വഭാവം എത്രത്തോളമുണ്ടെന്ന്‌ ബാലി വെളിവാക്കുകയായിരുന്നു. പുതിയൊരു അധ്യായം തുടങ്ങാനുള്ള സമയമായി എന്ന്‌, ബാലിയിലെ യു.എസ്‌. നിലപാടിനെക്കുറിച്ച്‌ വൈറ്റ്‌ഹൗസ്‌ ഉദ്യോഗസ്ഥന്‍ ജെയിംസ്‌ കൊണാട്ടന്‍ അഭിപ്രായപ്പെട്ടു.

പുതിയ ഉടമ്പടിക്കായുള്ള ആദ്യചുവടുവെപ്പ്‌ എന്നാണ്‌ ബാലിമാര്‍ഗരേഖയെ യു.എന്‍.സെക്രട്ടറി ജനറള്‍ ബാന്‍ കി മൂണ്‍ വിശേഷിപ്പിച്ചത്‌. ആഗോളതാപനത്തിനെതിരെ പോരാടാന്‍ അന്താഷ്ട്രസമൂഹത്തിന്‌ ഒരു യഥാര്‍ഥ അവസരം ബാലിയിലൂടെ ലഭിച്ചിരിക്കുകയാണെന്ന്‌, യു.എന്‍.ഫ്രേംവര്‍ക്ക്‌ കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചിന്റെ എക്‌സിക്യുട്ടീവ്‌ സെക്രട്ടറി യുവോ ഡി ബോര്‍ അഭിപ്രായപ്പെട്ടു. "ഒരു യഥാര്‍ഥ മുന്നേറ്റമാണിത്‌"-അദ്ദേഹം പറഞ്ഞു. എന്നാല്‍, അമേരിക്കന്‍ സമ്മര്‍ദത്തിന്‌ വഴങ്ങി ആഗോളതാപനത്തിന്റെ ശാസ്‌ത്രീയവശങ്ങള്‍ ബാലിമാര്‍ഗരേഖ തമസ്‌ക്കരിച്ചതായി, പരിസ്ഥിതി സംഘടനയായ ഡബ്ല്യു.ഡബ്ല്യു.എഫിന്റെ പ്രതിനിധി ഹാന്‍സ്‌ വെരോം കുറ്റപ്പെടുത്തി. അതേസമയം, അമേരിക്കയെ തുറന്നു കാട്ടിയാല്‍ ആത്യന്തികമായി അവര്‍ പിന്തിരിയും എന്ന ചരിത്രപാഠം ബാലിസമ്മേളനം നല്‍കുന്നതായും ഹാന്‍സ്‌ വിലയിരുത്തി.

ആഗോളതാപനം ചെറുക്കാന്‍ പുതിയ ഉടമ്പടിക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ ഇനി ബാലിമാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ വേണം നടക്കാന്‍. വാതകവ്യാപനം കുറയ്‌ക്കല്‍, വികസ്വര രാഷ്ട്രങ്ങള്‍ക്ക്‌ മാലിന്യമുക്ത സാങ്കേതികവിദ്യകള്‍ കൈമാറുന്നതിനുള്ള നടപടികള്‍ ത്വരപ്പെടുത്തല്‍. വനനശീകരണം തടയല്‍; സമുദ്രവിതാനം ഉയരുക, കാര്‍ഷികവിളകള്‍ നശിക്കുക തുടങ്ങി ആഗോളതാപനത്തിന്റെ തിക്തഫലങ്ങള്‍ ദരിദ്രരാഷ്ട്രങ്ങളിലെ ജനങ്ങളെയും സമ്പദ്‌ഘടനയെയും പ്രതികൂലമായി ബാധിക്കുന്നത്‌ ചെറുക്കാന്‍ സഹായിക്കുക തുടങ്ങിയ കാര്യങ്ങളാണ്‌ ബാലിമാര്‍ഗരേഖയുടെ ഉള്ളടക്കം. 2009-ല്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നടക്കുന്ന യു.എന്‍.സമ്മേളത്തില്‍ പുതിയ കാലാവസ്ഥാ ഉടമ്പടി അംഗീകരിക്കുകയെന്നതാണ്‌ ബാലിയിലെ സമവായം. (അവലംബം: വിവിധ വാര്‍ത്താഏജന്‍സികള്‍, ചിത്രങ്ങള്‍ കടപ്പാട്‌: അസോസിയേറ്റഡ്‌ പ്രസ്സ്‌).

5 comments:

Joseph Antony said...

ബാലിമാര്‍ഗരേഖയുടെ കരട്‌ അമേരിക്ക തള്ളിക്കളയും എന്ന്‌ യു.എസ്‌.പ്രതിനിധി പൗള ഡോബ്രിയാന്‍സ്‌കി സമ്മേളനത്തില്‍ ഭീഷണി മുഴക്കി. സമ്മേളനപ്രതിനിധികള്‍ യു.എസ്‌.നിലപാടിനെതിരെ ഒറ്റക്കെട്ടായി തിരിഞ്ഞു. പാപ്പുവ ന്യൂ ഗിനിയെ പ്രതിനിധീകരിക്കുന്ന ഒരു യു.എസ്‌.പരിസ്ഥിതി പ്രവര്‍ത്തക ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: `നയിക്കാന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍, വഴി മാറൂ`. തികച്ചും ഒറ്റപ്പെട്ട അമേരിക്കന്‍ പ്രതിനിധി അല്‍പ്പസമയം കഴിഞ്ഞ്‌ മൈക്രോഫോണ്‍ കൈയിലെടുത്ത്‌ അറിയിച്ചു; `സമവായത്തില്‍ പങ്കുചേരാന്‍ ഞങ്ങള്‍ തയ്യാര്‍`. റിയോയില്‍ അമേരിക്ക നേരിട്ട ഒറ്റപ്പെടലിനെപ്പറ്റി, പതിനഞ്ച്‌ വര്‍ഷം മുമ്പ്‌ നിഖില്‍ ചക്രവര്‍ത്തി കുറിച്ചിട്ട വാക്കുകളുടെ പ്രവചന സ്വഭാവം എത്രത്തോളമുണ്ടെന്ന്‌ ബാലി വെളിവാക്കുകയായിരുന്നു.

myexperimentsandme said...

അമേരിക്ക ഒറ്റപ്പെട്ടോ ഇല്ലയോ എന്നതിനെക്കാള്‍ അമേരിക്ക എന്ത് ചെയ്യും എന്നതിനാണ് പ്രാധാന്യമെന്ന് തോന്നുന്നു. വേണ്ടിവന്നാല്‍ യു.എന്‍. ല്‍ നിന്നും പുറത്ത് പോരും എന്ന് പറഞ്ഞവരാണ് അമേരിക്ക. അവരെക്കൊണ്ട് എങ്ങിനെ ചെയ്യിക്കാം എന്നാണ് ആലോചിക്കേണ്ടത്. വികസിത രാജ്യങ്ങളോടൊപ്പം തന്നെ ഇന്ത്യ, ചൈന തുടങ്ങിയ വികസിച്ച് വരുന്ന രാജ്യങ്ങളെയും കാണണമെന്നതായിരുന്നു ബാലിയില്‍ അമേരിക്കയുടെ ഒരു വാദം. അതെവിടെം വരെയായി?

Joseph Antony said...

വക്കാരി മാഷെ,
ശരിയാണ്‌, താങ്കള്‍ പറഞ്ഞത്‌. ബാലിയില്‍ അമേരിക്ക പറഞ്ഞതു പോലെയൊക്കെ മാര്‍ഗരേഖയുടെ കരട്‌ തിരുത്തിയിട്ടും അവസാന സമവായത്തില്‍ നിന്ന്‌ അവര്‍ പുറംതിരിഞ്ഞു നിന്നത്‌, ചൈനയും ഇന്തയും പോലുള്ള രാജ്യങ്ങള്‍ കൂടുതല്‍ commitmenst ഏറ്റെടുക്കണം എന്നു പറഞ്ഞാണ്‌. എന്നാല്‍, ആളോഹരി വാതകവ്യാപനം കണക്കാക്കുമ്പോള്‍ തങ്ങളുടെ പങ്ക്‌ തുലോം തുച്ഛമാണെന്നാണ്‌ ചൈനയുടെയും ഇന്ത്യയുടെയും വാദം. ശരിയാണ്‌, രണ്ടു രാജ്യത്തും കൂടി ഇരുന്നൂറ്‌്‌ കോടിയിലേറെ ജനങ്ങളുണ്ട്‌, അമേരിക്കയില്‍ 30 കോടിയില്‍ താഴെയും. പക്ഷേ, ജനസംഖ്യ കൂടുതലുണ്ട്‌ എന്നത്‌ അന്തരീക്ഷത്തില്‍ വാതകവ്യാപനം വര്‍ധിപ്പിക്കാനുള്ള ഒരു ന്യായമാണെന്നു തോന്നുന്നില്ല. ഇപ്പോഴില്ലെങ്കിലും, വരുംനാളുകളില്‍ ചൈനയ്‌ക്കും ഇന്ത്യയ്‌ക്കുമൊക്കെ ഇതില്‍ നിന്ന്‌ കൈകഴുകി മാറിനില്‍ക്കാനാവില്ല.

un said...

അല്‍ഗോറിന്റെ ഡോക്യുമെന്ററിയില്‍ (an inconvenient truth)അമേരിക്ക കഴിഞ്ഞാല്‍ ചൈനക്കാണ് ആഗോളതാപനത്തില്‍ മുഖ്യ പങ്ക് എന്നാണ് പറഞ്ഞിരിക്കുന്നത്. മറ്റു രാജ്യങ്ങള്‍ വളരെ പിറകിലാണ് ഇന്ത്യയടക്കം. വക്കാരി ചോദിച്ചതുപോലെ ചൈനയുടെ കാര്യം അമേരിക്കയല്ലാതെ വേറെയാരും ഉന്നയിച്ചില്ലേ ആവോ?

oru blogger said...

മാഷെ,
പദ്മവ്യൂഹം ഭേദിക്കാന്‍ ശ്രമിക്കുന്ന അഭിമന്യുവിനേപ്പോലാണല്ലോ താങ്കളുടെ ഈ ബ്ലോഗ്! ആല്‍-ഗോറിനോടുള്ള താങ്കളുടെ സ്നേഹം, അതെന്തുമാകട്ടെ, പക്ഷെ ഒരു വിഡ്ഡിത്തം കൊണ്ടു മാത്രം അമേരിക്കന്‍ പ്രസിഡന്റ് പദം വിട്ടു കളഞ്ഞ കക്ഷിയാണവന്‍.

കൊട്ടി കൊട്ടി അമേരിക്കക്കിട്ടു കൊട്ടാന്‍ വരല്ലേ:)
ഒരു ഗ്ലാസ് വൈനും, ഒരിച്ചിരി ചൂരയുമൊക്കെക്കഴിച്ച് മാഷ് സമാധാനത്തൊടെ കൃസ്തുമസ് ആഘോഷിക്കൂ!