അര്‍ജന്റീനയില്‍ നിന്ന് ഒരു അപൂര്‍വ കണ്ടെത്തല്‍
നാലുനില കെട്ടിടത്തിന്റെയത്ര പൊക്കമുള്ള ഒരു ജീവിയെ സങ്കല്‍പ്പിച്ചു നോക്കൂ; എന്തൊരു രൂപമായിരിക്കുമല്ലേ അത്. എട്ടുകോടി വര്‍ഷം മുമ്പ് ഭൂമുഖത്ത് നിലനിന്നിരുന്ന അത്രയും വലിപ്പമുള്ള ഒരു ഭീമന്‍ ദിനോസറിന്റെ ഫോസില്‍ ഏതാണ്ട് പൂര്‍ണരൂപത്തില്‍ തന്നെ കണ്ടെടുത്തിരിക്കുകയാണ്, ദക്ഷിണഅമേരിക്കയിലെ ഒരുസംഘം ഗവേഷകര്‍. ലോകത്ത് ഇന്നുവരെ കണ്ടെത്തിയ ഏറ്റവും ഭീമാകാരമാര്‍ന്ന മൂന്നു ദിനോസറുകളിലൊന്ന് അതാണത്രേ. അതൊരു പുതിയ ഇനത്തില്‍ പെട്ട ദിനോസറാണെന്നും ഗവേഷകര്‍ പറയുന്നു. അര്‍ജന്റീനയില്‍ പാറ്റഗോനിയ മേഖലയില്‍ നിന്നാണ് ഫോസില്‍ കണ്ടെത്തിയത്; ന്യൂക്വെന്‍ പ്രവിശ്യയിലെ ബരിയല്‍സ് തടാകത്തിന്റെ തീരത്തുനിന്ന്. ഏതാണ്ട് 105 അടി നീളമുള്ള ആ ദിനോസറിന് 'ഫ്യുറ്റാലോഗ്‌ന്‍കോസാറസ് ഡ്യൂകേയ്' (Futalognkosaurus dukei) എന്നാണ് പേരു നല്‍കിയിട്ടുള്ളത്. പേരിന്റെ ആദ്യഭാഗം കടംകൊണ്ടത് പ്രാദേശിക മപുച്ചെ ഭാഷയിലെ 'പല്ലികളുടെ ഭീമന്‍ തലവന്‍' എന്ന പ്രയോഗത്തില്‍ നിന്നാണ്. അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ക്ക് ഉത്‌ഖനനത്തിന് ധനസഹായം നല്‍കിയ, അമേരിക്കന്‍ ഊര്‍ജക്കമ്പനി 'ഡ്യൂക്ക് എനര്‍ജി കോര്‍പ്പറേഷനി'ല്‍ നിന്നാണ് ദിനോസര്‍ പേരിന്റെ രണ്ടാംഭാഗം വന്നത്. 2000-ലാണ് ഉത്‌ഖനനം തുടങ്ങിയത്.
ലോകത്ത് ജീവിച്ചിരുന്ന ദിനോസറുകളില്‍ ഏറ്റവും ഭീമന്‍മാരില്‍ ഒന്ന് മാത്രമല്ല, ഇത്രയും പൂര്‍ണരൂപത്തില്‍ ഫോസില്‍ കിട്ടുന്നതും അപൂര്‍വമാണെന്ന്, അര്‍ജന്റീനയില്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് കൊമാഹ്യുവിന് കീഴിലുള്ള പാലിയന്റോളജി കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജോര്‍ജ് കാല്‍വോ അറിയിക്കുന്നു. ഏതാണ്ട് 70 ശതമാനവും പൂര്‍ണരൂപത്തിലുള്ളതാണ് ഫോസില്‍. മുമ്പ് കണ്ടെത്തിയിട്ടുള്ള ഭീമന്‍ ദിനോസര്‍ ഫോസിലുകള്‍ പത്തുശതമാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്. "ഇതൊരു പുതിയ ഇനമാണ്, പുതിയ ഗ്രൂപ്പില്‍ പെട്ടത്"-അര്‍ജന്റീനന്‍ പലിയന്റോളജിസ്‌റ്റ് ജുവാന്‍ പോര്‍ഫിരി അറിയിച്ചു.
9.7 കോടി വര്‍ഷം മുമ്പു മുതല്‍ 6.6 കോടി വര്‍ഷം മുമ്പു വരെ നീളുന്ന 'ലേറ്റ് ക്രിറ്റേഷ്യസ് യുഗ'ത്തില്‍ ജീവിച്ചിരുന്ന ഇവയ്‌ക്ക് ഭീമന്‍ കഴുത്താണ് ഉണ്ടായിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. അക്കാലത്തെ ചില മൃഗങ്ങളുടെയും മത്സ്യത്തിന്റെയും ഇലകളുടെയും ചീങ്കണ്ണികളെ അനുസ്‌മരിപ്പിക്കുന്ന രണ്ട് ജീവികളുടെയും ഒട്ടേറെ ദിനോസറുകളുടെയും ഫോസിലുകള്‍, ഉത്‌ഖനനം നടന്ന ചെറിയൊരു സ്ഥലത്തുനിന്ന് ഗവേഷകര്‍ കണ്ടെത്തി.
ദിനോസര്‍ ഭീമന്‍ നദിയിലൂടെ ഒഴുകിയെത്തി തടഞ്ഞു നിന്നപ്പോള്‍, ഒഴുകിയെത്തിയ മറ്റ് ജീവികളും അതില്‍ തട്ടി അവിടെ കുടുങ്ങിയതാണെന്നു കരുതുന്നു. ശരിക്കുമൊരു പ്രാചീന ആവാസവ്യവസ്ഥയുടെ ഫോസില്‍ പതിപ്പാണ് ഗവേഷകരെ അവിടെ കാത്തിരുന്നത്. 'അനല്‍സ് ഓഫ് ദി ബ്രസീലിയന്‍ അക്കാദമി ഓഫ് സയന്‍സസി'ല്‍ ഈ കണ്ടെത്തലിന്റെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. (കടപ്പാട്:റോയിട്ടേഴ്‌സ്, എ.എഫ്.പി, ബി.ബി.സി.ന്യൂസ്).
3 comments:
എട്ടുകോടി വര്‍ഷം മുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്ന ഒരിനം ഭീമന്‍ ദിനോസറിന്റെ ഫോസില്‍ ഏതാണ്ട് പൂര്‍ണരൂപത്തില്‍ തന്നെ കണ്ടെടുത്തിരിക്കുകയാണ്, ദക്ഷിണഅമേരിക്കയിലെ ഗവേഷകര്‍. ലോകത്ത് ഇന്നുവരെ കണ്ടെത്തിയ ഏറ്റവും ഭീമാകാരമാര്‍ന്ന മൂന്നു ദിനോസറുകളിലൊന്ന് അതാണത്രേ. ഉയരം നാലുനില കെട്ടിടത്തിന്റെയത്രയും വരും
അറിവിലേക്ക് ഒരു മുതല്‍ക്കൂട്ട് തന്നെ..
നന്ദി
ഏതാണ്ട്60 വര്‍ഷം മുന്‍പ് ഉത്തരേന്ത്യന്‍ സാഹിത്യകാരനായ രാഹുത്സംകൃത്യായന്‍ രചിച്ച ‘അല്‍ഭുതങ്ങളുടെ നാട്’ എന്ന ശാസ്ത്രനോവലില്‍ ദിനോസറുകളെ ‘സരടങ്ങള്‍’എന്നാണ് വിവരിച്ചിട്ടുള്ളത്
Post a Comment