Thursday, February 14, 2008

പരിണാമ സമ്മര്‍ദങ്ങള്‍

മനുഷ്യപരിണാമം കൂടുതല്‍ വേഗത്തിലായെന്ന്‌ കണ്ടെത്തല്‍

രിണാമമെന്ന ശാസ്‌ത്രവസ്‌തുത എന്നും വിവാദ വിഷയമാണ്‌. തന്റെ വിഖ്യാത സിദ്ധാന്തം ചാള്‍സ്‌ ഡാര്‍വിന്‍ അവതരിപ്പിച്ച അന്നു തുടങ്ങിയതാണ്‌ പരിണാമവിവാദവും. ഇന്നും അത്‌ കെട്ടടങ്ങിയിട്ടില്ല. ഭൂമിയില്‍ ജീവന്റെ പരിണാമത്തിന്‌ അനുകൂലമായി തെളിവുകളുടെ കൂമ്പാരം തന്നെ ഒരു വശത്ത്‌ ഉണ്ടാകുമ്പോഴും, മറുവശത്ത്‌ അതൊന്നും പരിഗണിക്കാതെ സന്ദേഹങ്ങളും ബാലിശമായ വാദഗതികളും നിരന്തരം ഉയരുന്നു. എന്തുകൊണ്ട്‌ മനുഷ്യന്‌ ഇപ്പോള്‍ പരിണാമം സംഭവിക്കുന്നില്ല എന്നതാണ്‌ അത്തരം വാദഗതികളില്‍ ഏറ്റവും ബാലിശം എന്നു കരുതാവുന്ന ഒന്ന്‌. ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളായി ഒരു ജീവിയില്‍ സംഭവിക്കുകയും സഞ്‌ജയിക്കുകയും ചെയ്യുന്ന മാറ്റങ്ങളുടെ ആകെത്തുകയാണ്‌ പരിണാമെന്ന കാര്യം മറന്നുകൊണ്ടുള്ളതാണ്‌ ഈ ചോദ്യം.

മനുഷ്യപരിണാമത്തെക്കുറിച്ച്‌ പുറത്തുവന്നിരിക്കുന്ന പുതിയ ഗവേഷണഫലം പക്ഷേ, ഈ ചോദ്യത്തിനുള്ള ഉത്തരമാണ്‌ തേടുന്നത്‌. മനുഷ്യന്‌ പരിണാമം ഏത്‌ വിധത്തിലാണ്‌ ഇപ്പോള്‍ സംഭവിക്കുന്നത്‌. തന്റെ ആദിമവാസഗേഹമായ ആഫ്രിക്കയില്‍നിന്ന്‌ മനുഷ്യന്‍ പുറത്തുകടന്ന ശേഷം എന്തുതരം മാറ്റങ്ങളാണ്‌ ഈ വര്‍ഗത്തിന്‌ സംഭവിച്ചത്‌, എന്നിങ്ങനെയുള്ള കാതലായ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടുന്ന പഠനമാണ്‌ ഇര്‍വിനില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ റോബര്‍ട്ട്‌ മോയ്‌സിസും സംഘവും നടത്തിയത്‌. ഒരുപക്ഷേ, പരിണാമവിവാദങ്ങള്‍ക്ക്‌ ആക്കം കൂട്ടിയേക്കാവുന്ന കണ്ടെത്തലാണ്‌ ഇവരുടേത്‌. മനുഷ്യപരിണാമത്തിന്റെ ആക്കം കൂടിയിരിക്കുന്നുവത്രേ. കഴിഞ്ഞ 80,000 വര്‍ഷത്തിനിടെ മനുഷ്യവര്‍ഗം പ്രകൃതിനിര്‍ധാരണത്തിന്‌ വളരെ വേഗം വിധേയമാകുന്നു എന്നാണ്‌ കണ്ടെത്തല്‍.

വംശങ്ങള്‍ക്കിടയിലെ വ്യത്യാസങ്ങളെക്കുറിച്ച്‌ ഡോ.ജെയിംസ്‌ വാട്‌സണ്‍ നടത്തിയ പ്രസ്‌താവന ലോകമെങ്ങും വന്‍വിവാദം സൃഷ്ടിച്ചത്‌ അടുത്തയിടെയാണ്‌. വംശവ്യത്യാസം പരിണാമപ്രക്രിയയിലെ അനിവാര്യമായ ഘടകങ്ങളിലൊന്നാണെന്ന്‌ പരോക്ഷമായെങ്കിലും സൂചിപ്പിക്കുന്നതാണ്‌ ഡോ.മോയ്‌സിസും സംഘവും നടത്തിയ പഠനം. മാവനജിനോമില്‍ സമീപ തലമുറകളില്‍ വന്ന ജനിതക വ്യതികരണം (mutation) ആണ്‌ സംഘം പഠനവിധേമാക്കിയത്‌. ജിനോംപഠനത്തെ സഹായിക്കുന്ന പുതിയ സങ്കേതങ്ങള്‍ അതിന്‌ തുണയായി.

കോശമര്‍മത്തിലെ (cell nucleus) 23 ജോഡി ക്രോമസോമുകളിലായാണ്‌ ഡി.എന്‍.എ.തന്മാത്ര സ്ഥിതിചെയ്യുന്നത്‌. ഓരോ പുതിയ തലമുറയിലും പിതാവില്‍നിന്നും മാതാവില്‍നിന്നും ലഭിക്കുന്ന ക്രോമസോമുകള്‍ ജോഡികളായി സന്തതിയില്‍ സ്ഥിതിചെയ്യുന്നു. ഇത്തരത്തില്‍ പുതിയ ഡി.എന്‍.എ. ഉണ്ടാകുമ്പോള്‍ അവയിലെ ജീനുകള്‍ മാതാവിന്റെയോ പിതാവിന്റെയോ ഡി.എന്‍.എ.യില്‍ കാണപ്പെടുന്നതിന്റെ തനിപ്പകര്‍പ്പാകില്ല. പുതിയ വകഭേദമായിരിക്കും. തലമുറകളായി ജീനുകള്‍ ഇത്തരത്തില്‍ സങ്കലിക്കപ്പെടുന്നതിന്‌ ഒരു സമതുലനാവസ്ഥ (equilibrium) രൂപപ്പെടും.

എന്നാല്‍, ഈ സങ്കലനപ്രക്രിയയ്‌ക്കിടയില്‍ ഏതെങ്കിലും ജീനിന്‌ വ്യതികരണം സംഭവിച്ചാല്‍ അത്‌ ആ സമതുലനാവസ്ഥയുമായി സമരസപ്പെടാന്‍ കുറച്ചു സമയമെടുക്കും. അതിനാല്‍, ഏത്‌ ജീനുകള്‍ക്കാണ്‌ അടുത്തകാലത്ത്‌ വ്യതികരണം സംഭവിച്ചതെന്ന്‌ മനസിലാക്കാന്‍ കഴിയും. മാത്രമല്ല, ഏത്രകാലം മുമ്പാണ്‌ ഇത്തരത്തിലൊരു ജനിതകമാറ്റം സംഭവിച്ചതെന്ന്‌ മനസിലാക്കാനും പുതിയ സങ്കേതങ്ങളുടെ സഹായത്തോടെ കഴിയും.

മനുഷ്യ ഡി.എന്‍.എ.യില്‍ ഏതാണ്ട്‌ 1800 ജീനുകള്‍ കഴിഞ്ഞ 80,000 വര്‍ഷത്തിനിടെ, പരിണാമത്തിന്റെ അടിസ്ഥാനപ്രമാണമായ പ്രകൃതിനിര്‍ധാരണത്തിന്‌ വിധേയമായതായി ഡോ. മോയ്‌സിസും സംഘവും കണ്ടെത്തി. മനുഷ്യരിലെ മൊത്തം ജീനുകളുടെ ഏഴ്‌ ശതമാനം വരുമിത്‌. ഈ കാലയളവില്‍ ജനിതകതലത്തില്‍ ഇത്രയേറെ മാറ്റങ്ങള്‍ക്ക്‌ മനുഷ്യവര്‍ഗം വിധേയമായതിന്‌ മുഖ്യമായും രണ്ട്‌ കാരണങ്ങളാണ്‌ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്‌. ജനസംഖ്യയിലുണ്ടായ വന്‍വര്‍ധനയാണ്‌ അതിലൊന്ന്‌. വ്യതികരണം സംഭവിക്കാന്‍ പാകത്തില്‍ ജീന്‍പൂള്‍ വലുതാകാന്‍ ഇത്‌ കാരണമായി. പുതിയ പുതിയ സ്ഥലങ്ങളിലേക്കും പരിസ്ഥിതികളിലേക്കും മനുഷ്യര്‍ താമസം മാറ്റി. പുത്തന്‍ സാഹചര്യങ്ങള്‍ക്ക്‌ അനുഗുണമായ മാറ്റങ്ങള്‍ മനുഷ്യഡി.എന്‍.എ.യില്‍ പ്രത്യക്ഷപ്പെട്ടത്‌ സ്വാഭാവികം മാത്രമെന്ന്‌ ഗവേഷകര്‍ കരുതുന്നു.

കഴിഞ്ഞ എണ്‍പതിനായിരം വര്‍ഷത്തിനിടെയാണ്‌ മനുഷ്യവര്‍ഗം ആഫ്രിക്കയില്‍നിന്ന്‌ പുറത്തുകടന്ന്‌ പുതിയ പാര്‍പ്പിട മേഖലകളിലേക്ക്‌ വ്യാപിച്ചത്‌. സ്വാഭാവികമായും ഓരോ പുതിയ സ്ഥലങ്ങളും പുതിയ വെല്ലുവിളികള്‍ മുന്നോട്ടുവെച്ചു. അവയെ നേരിടാന്‍ ജനിതകതലത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി. മാത്രമല്ല, ഒരു ജീവിവര്‍ഗമെന്ന നിലയില്‍ സാംസ്‌ക്കാരികമായി വന്‍പരിവര്‍ത്തനങ്ങള്‍ക്ക്‌ മനുഷ്യന്‍ വിധേയമായതും ഈ കാലഘട്ടത്തിലാണ്‌. അതും വന്‍തോതിലുള്ള പരിണാമസമ്മര്‍ദങ്ങള്‍ക്ക്‌ ഇടവരുത്തി. ഈ പശ്ചാത്തലം മുന്നില്‍വെച്ചുകൊണ്ടാണ്‌ ഭൂമുഖത്തെ നാല്‌ വിഭാഗങ്ങള്‍ക്കിടയില്‍ നടന്ന സമീപകാല പരിണാമസൂചനകള്‍ ഗവേഷകര്‍ വിശകലനം ചെയ്‌തത്‌. ആഫ്രിക്കയിലെ 'യോരുബ' (Yoruba), ഏഷ്യയില്‍ ചൈനയിലെയും ജപ്പാനിലെയും 'ഹാന്‍' വര്‍ഗങ്ങള്‍, യൂറോപ്യന്‍മാര്‍ എന്നീ ജനവിഭാഗങ്ങളിലെ ജനിതകമാറ്റങ്ങള്‍ വളരെ അര്‍ഥവത്തായ വിവരങ്ങളാണ്‌ നല്‍കിയത്‌.

ഈ കാലയളവില്‍ വിവിധ വര്‍ഗങ്ങള്‍ക്കിടയില്‍ സംഭവിച്ച ജനിതക പരിണാമം മുഖ്യമായും രോഗങ്ങളെ നേരിടുന്നതുമായി ബന്ധപ്പെട്ടാണ്‌. പകര്‍ച്ചവ്യാധികള്‍ കൂടുതലായി മനുഷ്യനെ വേട്ടയാടാന്‍ ആരംഭിച്ചപ്പോള്‍ അതിനെ അതിജീവിക്കാനുള്ള ചില സൂത്രവിദ്യകള്‍ ജനതകതലത്തില്‍ പരിണമിച്ചുണ്ടായി എന്നാണ്‌ കരുതേണ്ടത്‌. ഉദാഹരണത്തിന്‌, 'G6PD' എന്ന ജീനിന്‌ സംഭവിച്ച വ്യതികരണത്തിന്റെ കാര്യം പരിഗണിക്കുക. മലമ്പനിക്കെതിരെ സംരക്ഷണം നല്‍കാനായിരുന്നു ഈ വ്യതികരണം എന്നാണ്‌ ഗവേഷകരുടെ നിഗമനം. പോയ സഹസ്രാബ്ദങ്ങളില്‍ കൃഷിയുടെയും കാലിവളര്‍ത്തലിന്റെയും ഫലമായി മനുഷ്യന്റെ ഭക്ഷ്യശീലങ്ങളില്‍ കാതലായ മാറ്റമുണ്ടായി. ആ മാറ്റത്തിന്‌ അനുഗുണമായ വ്യതികരണവും ജനിതകതലത്തില്‍ സംഭവിച്ചതായി ഗവേഷകര്‍ കണ്ടു. പാലിലെ പഞ്ചസാരകളിലൊന്നായ ലാക്ടോസ്‌ (lactose) ദഹിപ്പിക്കാന്‍ കുട്ടികളെ സഹായിക്കുന്ന 'LCT' ജീനിന്റെ പരിണാമമാണ്‌ ഗവേഷകര്‍ പരിശോധിച്ച മറ്റൊന്ന്‌. നാലായിരം വര്‍ഷം മുമ്പ്‌ ഇന്തോ-യൂറോപ്യന്‍ ഗ്രൂപ്പിന്റെ (Indo-European group) പെട്ടന്നുള്ള വളര്‍ച്ചയാണ്‌ ഈ ജീനിന്റെ പരിഷ്‌ക്കരണത്തിന്‌ ഇടയാക്കിയതെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം.

ഏതായാലും പരിണാമത്തിന്റെ അടിസ്ഥാനതത്ത്വമെന്ന്‌ ഡാര്‍വിന്‍ പറഞ്ഞുവെച്ച പ്രകൃതിനിര്‍ധാരണം (natural selection) പ്രകൃതിനിയമം തന്നെയെന്ന്‌ ഒന്നുകൂടി അടിവരയിട്ടുറപ്പിക്കുന്നതാണ്‌ ഈ പഠനം. സൃഷ്ടിവാദക്കാര്‍ക്കും ബൗദ്ധീകരൂപകല്‍പ്പനാവാദികള്‍ക്കും ഇതുകൊണ്ടൊന്നും പക്ഷേ, തൃപ്‌തി വരില്ലായിരിക്കാം. അതുകൊണ്ട്‌ തന്നെ പുതിയ വിവാദങ്ങള്‍ക്ക്‌ ഈ പഠനഫലം വഴിവെച്ചേക്കും. (അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാഡമി ഓഫ്‌ സയന്‍സസ്‌)

കാണുക: പരിണാമകഥയ്‌ക്ക്‌ പുത്തന്‍ ഭേദഗതി
ഭാവിയില്‍ മനുഷ്യവര്‍ഗം രണ്ടാകും
മനുഷ്യബന്ധുവിന്റെ ജനിതക രഹസ്യം
ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം

8 comments:

Joseph Antony said...

ജീവന്റെ പരിണാമത്തിന്‌ അനുകൂലമായി തെളിവുകളുടെ കൂമ്പാരം തന്നെ ഒരു വശത്ത്‌ ഉണ്ടാകുമ്പോഴും, മറുവശത്ത്‌ അതൊന്നും പരിഗണിക്കാതെ സന്ദേഹങ്ങളും ബാലിശമായ വാദഗതികളും നിരന്തരം ഉയരുന്നു. എന്തുകൊണ്ട്‌ മനുഷ്യന്‌ ഇപ്പോള്‍ പരിണാമം സംഭവിക്കുന്നില്ല എന്നതാണ്‌ അത്തരം വാദഗതികളില്‍ ഏറ്റവും ബാലിശം എന്നു കരുതാവുന്ന ഒന്ന്‌. ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളായി ഒരു ജീവിയില്‍ സംഭവിക്കുകയും സഞ്‌ജയിക്കുകയും ചെയ്യുന്ന മാറ്റങ്ങളുടെ ആകെത്തുകയാണ്‌ പരിണാമെന്ന കാര്യം മറന്നുകൊണ്ടുള്ളതാണ്‌ ഈ ചോദ്യം. മനുഷ്യപരിണാമം വേഗത്തിലാകുന്നുവെന്നാണ്‌ ഏറ്റവും ഒടുവിലത്തെ കണ്ടെത്തല്‍.

Mr. K# said...

ഒരു തരത്തിലുള്ള ഗുണപരമായ മ്യൂട്ടേഷനുകളും ഇന്നത്തെ മനുഷ്യന് രോഗപ്രതിരോധശേഷി കൂട്ടിക്കൊടുത്തിട്ടില്ല എന്നു വിശ്വസിച്ചിരിക്കുമ്പോഴാണ് ഇത കാണുന്നത്. വളരെ നന്ദി. :-)

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...
This comment has been removed by the author.
ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

സഹോദര വിഢിത്തം വിളബാതിരിക്കൂ, ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്‌, ശാസ്ത്രാസംബന്ധമായ മാനദഢങ്ങളുടെ യാതൊരു തെളിവും സമര്‍പ്പിക്കാന്‍ കഴിയാതെ വെറും ഊഹങ്ങളിലും കല്ലുവച്ച നുണകളിലും പടച്ചുണ്ടാക്കി ദൈവവിശ്വസത്തിനെതിരെ ഉപയോഗിക്കാന്‍ പത്തെന്‍പതാം നൂറ്റാണ്ടില്‍ മുളപൊട്ടിയ മനവീകതയുടെ ശത്രുവായിരുന്നു ഡാര്‍വ്വനിസമെന്ന്. ശാസ്ത്രത്തിന്റെ ലോകപ്രയോജകരെന്ന് നാം കരുതുന്ന ഒട്ടു മിക്ക പാശചാത്യ നാടുകളിലും ഡാര്‍വ്വനിസം ഒരു പാഠ്യ വിഷയം പോലുമല്ല. കൂടുതല്‍ വിവരണങ്ങള്‍ അല്ലെങ്കില്‍ ഡര്‍വ്വനിസത്തെ തെളിയിക്കാന്‍ വോണ്ടി പടച്ചുവിട്ട നൂറു നൂറുനുണകള്‍, ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമായ മഹാന്മാരായ ശാസ്ത്ര്ജ്ഞന്മരുടെ വിവരണങ്ങള്‍ താങ്കള്‍ക്ക്‌ അവശ്യമെങ്കില്‍ താങ്കള്‍ പറയൂ.
Dr AG fisher said 1998
"both the origin of life and the origin of the major groups of animals reamain unknow."

എന്തെ സുഹൃത്തെ പരിണാമം മനുഷ്യനില്‍ അവസാനിച്ചത്‌ ?

പ്രിയ said...
This comment has been removed by the author.
മത്തായി said...

പതിവുപോലെ നല്ല ലേഖനം, നന്ദി. ഈ സത്യത്തെ മനസിലാക്കാനാവാത്തവണ്ണം ബുദ്ധിവികസിക്കാതെ പോയമനുഷ്യരുടെ അവസ്ഥ ദയനീയം എന്നേ പറയേണ്ടൂ. ചിലരുടെ ചോദ്യങ്ങള്‍ കാണുമ്പോള്‍ മനുഷ്യനിലേക്കുള്ള പരിണാമം പൂര്‍ണമായിട്ടില്ല എന്നു തോന്നുന്നു.

Suraj said...

പ്രിയ ജോസഫ് മാഷ്,

ഈ പോസ്റ്റിനു നന്ദി.

ദാ ശരീഫിനെ പോലുള്ള ഇന്റലിജന്റ് ഡിസൈനുകാര്‍ പറന്നുവന്നുകഴിഞ്ഞല്ലോ..മാഷ്ക്ക് ഇനി നേരമ്പോക്കിന് ആളായി. ഹ ഹ ഹ!

@ കുതിരവട്ടന്‍,
ആ കമന്റ് ഇപ്പോഴാണ് ശ്രദ്ധിച്ചത്. മറുമൊഴിയിലെ ചര്‍ച്ചയിലെ എന്റെ വാചകമാണ് ഉദ്ധരിച്ചിരിക്കുന്നത് എന്ന് മനസിലായി. അവിടെ തന്നെ ആഫ്രിക്കന്‍ വംശജരെ സിക്കിള്‍ സെല്‍ അനീമിയയുടെ ജനിതക പ്രത്യേകത മലേറിയയില്‍ നിന്ന് അവരെ സംരക്ഷിക്കുന്ന കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട് :)

പിന്നെ സൂക്ഷിച്ചു വായിക്കുക,എന്നിട്ട് സൂക്ഷിച്ച് quote ചെയ്യുക. ഇല്ലെങ്കില്‍ പറയുന്നതിന്റെ സന്ദര്‍ഭവും അര്‍ത്ഥവും തമ്മില്‍ പൊരുത്തപ്പെടാതെ വരാം :
"മുന്‍ കാലങ്ങളില്‍ സാധാരണ ന്യുമോണിയ വന്നാല്‍ ചത്തു പോകുമായിരുന്നു മനുഷ്യന്‍. ഒരു തരത്തിലുള്ള ഗുണപരമായ മ്യൂട്ടേഷനുകളും ഇന്നത്തെ മനുഷ്യന് രോഗപ്രതിരോധശേഷി കൂട്ടിക്കൊടുത്തിട്ടല്ല മറിച്ച് ആന്റീബയോട്ടികിന്റെ (കൃത്രിമം) സപ്പോര്‍ട്ടിനാല്‍ ഇന്ന് കൂടുതല്‍ ആയുസ്സുള്ളവനായിരിക്കുന്നു."
എന്നതായിരുന്നു എന്റെ വാചകം.

ജോസഫ് മാഷ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മലേറിയയില്‍ നിന്നും (ഒരു പരിധി വരെ) സംരക്ഷണം G6PD ജീന്‍ മനുഷ്യനില്‍ കാണുന്നതിനു എത്രയോ കോടിവര്‍ഷങ്ങള്‍ക്ക്കു മുന്നേ പ്രാചീന കുരങ്ങന്മാരിലും ചിമ്പാന്‍സിയിലും ഉണ്ടായിരുന്നതായി (സുമാര്‍ 40 മില്യണ്‍ വര്‍ഷങ്ങള്‍ മുന്നെ) ജീന്‍ മാപ്പിംഗ് വഴി തെളിഞ്ഞിട്ടുണ്ട്. ആവിര്‍ഭാവകാലം മുതലേ പോസിറ്റീവ് സെലക്ഷന്റെ സൂചനകളും ഈ പോളിമോര്‍ഫിക് ജീനുകള്‍ തരുന്നുണ്ട്. (a little knowledge is a dangerous thing!)

Mr. K# said...

ഓഫ്:

സൂരജ്,
താങ്കളുടെ മറുമൊഴിയിലെ കമന്റ് വായിച്ചപ്പോള്‍ ‘ഒരു തരത്തിലുള്ള ഗുണപരമായ മ്യൂട്ടേഷനുകളും ഇന്നത്തെ മനുഷ്യന് രോഗപ്രതിരോധശേഷി കൂട്ടിക്കൊടുത്തിട്ടല്ല‘ എന്നു ഞാന്‍ വിശ്വസിച്ചു പോയി.

ഈ ലേഖനം വായിച്ചപ്പോല്‍ അത് (എന്റെ ധാരണ) തെറ്റാണെന്നും എനിക്ക് തോന്നി.

അതാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.

സൂരജ് തെറ്റാണെന്നോ ശരീയാണെന്നോ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. ഒന്നു കൂടി എന്റെ കമന്റ് സൂക്ഷിച്ചു വായിച്ചു നോക്കിയേ.

“പിന്നെ സൂക്ഷിച്ചു വായിക്കുക,എന്നിട്ട് സൂക്ഷിച്ച് quote ചെയ്യുക...a little knowledge is a dangerous thing!“
സൂ‍രജേ, പറഞ്ഞത് 100% സത്യം. :-)
(മറുമൊഴിയിലെ ചര്‍ച്ച മനസ്സില്‍ കൊണ്ടു നടക്കല്ലേ. അത് ആ‍ ബ്ലോഗില്‍ നടക്കട്ടെ.)