Sunday, October 07, 2007

കൃത്രിമ ജീവരൂപം: പ്രഖ്യാപനം ഉടന്‍

പരീക്ഷണശാലയില്‍ ക്രോമസോം നിര്‍മിച്ചു; വലിപ്പം 381 ജീന്‍ നീളവും 580,000 ബേസ്‌ ജോടികളും.

രീക്ഷണശാലയില്‍ ലഭ്യമായ രാസവസ്‌തുക്കളുപയോഗിച്ച്‌ ക്രോമസോം രൂപപ്പെടുത്തുന്നതില്‍ ആദ്യമായി ശാസ്‌ത്രലോകം വിജയം കണ്ടു. വിവാദ ജനിതകശാസ്‌ത്രജ്ഞന്‍ ക്രെയ്‌ഗ്‌ വെന്ററും സംഘവുമാണ്‌ ഈ മുന്നേറ്റത്തിന്‌ പിന്നില്‍. ആ ക്രോമസോമിന്റെ സഹായത്തോടെ, ഭൂമുഖത്തെ ആദ്യകൃത്രിമ ജീവരൂപം സൃഷ്ടിച്ചതായി ഉടന്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. വന്‍ വിവാദം സൃഷ്ടിച്ചേക്കാവുന്ന മുന്നേറ്റമാണിത്‌.

അമേരിക്കയില്‍ മേരിലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 'ജെ.ക്രെയ്‌ഗ്‌ വെന്റര്‍' ഇന്‍സ്റ്റിട്ട്യൂട്ടാണ്‌, കൃത്രിമ ക്രോമസോം നിര്‍മിക്കുന്നതില്‍ വിജയിച്ചത്‌. നോബല്‍ പുരസ്‌കാര ജേതാവ്‌ ഹാമില്‍ട്ടണ്‍ സ്‌മിത്തിന്റെ നേതൃത്വത്തില്‍ ക്രെയ്‌ഗ്‌ വെന്റര്‍ രൂപംനല്‍കിയ 20 ജനിതകവിദഗ്‌ധരുടെ സംഘമാണ്‌, ക്രോമസോം കൃത്രിമമായി നിര്‍മിച്ചതെന്ന്‌ 'ഗാര്‍ഡിയന്‍' പത്രം റിപ്പോര്‍ട്ടു ചെയ്‌തു. പരീക്ഷണശാലയില്‍ തുന്നിച്ചേര്‍ത്ത്‌ നിര്‍മിക്കുന്ന ജിനോം (genome) ഉപയോഗിച്ച്‌ കൃത്രിമജീവരൂപം സൃഷ്ടിക്കുമെന്ന്‌ ക്രെയ്‌ഗ്‌ വെന്ററിന്റെ സ്ഥാപനം മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു.

ഒരു ജീവിയുടെ കോശമര്‍മത്തില്‍ ക്രോമസോമുകളിലായാണ്‌ അതിന്റെ ഡി.എന്‍.എ. സ്ഥിതിചെയ്യുന്നത്‌. 300 കോടിയിലേറെ ബേസ്‌ ജോടികളുള്ള മനുഷ്യ ഡി.എന്‍.എ. കോശമര്‍മത്തില്‍ 23 ജോടി ക്രോമസോമുകളിലായി അടുക്കി വെച്ചിരിക്കുന്നു. ഓരോ ജിവിയിലും ക്രോമസോമുകളുടെ സംഖ്യയും ഡി.എന്‍.എ.യുടെ വലിപ്പവും സ്വഭാവവും വ്യത്യാസപ്പെട്ടിരിക്കും. 5.8 ലക്ഷം ബേസ്‌ ജോടികള്‍ അടങ്ങിയ, 381 ജീനുകളുടെ നീളം വരുന്ന ക്രോമസോമാണ്‌ ക്രെയ്‌ഗ്‌ വെന്ററിന്റെ സംഘം ശ്രമകരമായ പ്രവര്‍ത്തനത്തിലൂടെ നിര്‍മിച്ചത്‌. ഡിസൈനര്‍ ജിനോമിന്റെ കാലത്തേക്കാണ്‌ ലോകം നീങ്ങുന്നതെന്ന്‌ ഈ മുന്നേറ്റം സൂചിപ്പിക്കുന്നു.

മനുഷ്യവര്‍ഗത്തിന്റെ ചരിത്രത്തില്‍ ദാര്‍ശനികമായി സുപ്രധാനമായ ചുവടുവെപ്പാണിതെന്ന്‌ ക്രെയ്‌ഗ്‌ വെന്റര്‍ പറയുന്നു. ഹ്യുമണ്‍ ജിനോം പദ്ധതിക്കെതിരെ വെല്ലുവിളി ഉയര്‍ത്തി സ്വന്തം നിലയ്‌ക്ക്‌ മാനവജിനോം കണ്ടെത്തിയ ഗവേഷകനാണ്‌ അദ്ദേഹം. "സ്വന്തം ജനിതകോഡ്‌ വായിക്കാന്‍ കഴിവുള്ളവര്‍ എന്ന നിലയില്‍നിന്ന്‌ ആ സുപ്രധാനകോഡ്‌ എഴുതിയുണ്ടാക്കാന്‍ കഴിവുള്ളവര്‍ എന്ന നിലയിലേക്ക്‌ മനുഷ്യന്‍ ഇതൊടെ മാറിയിരിക്കുകയാണ്‌"-ക്രെയ്‌ഗ്‌ വെന്റര്‍ അഭിപ്രായപ്പെട്ടു.

'മൈക്കോപ്ലാസ്‌മ ജനിറ്റലിയം' (Mycoplasma genitalium) എന്ന ബാക്ടീരിയത്തെ അടിസ്ഥാനമാക്കിയാണ്‌ ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും പുതിയ ക്രോമസോം നിര്‍മിച്ചിരിക്കുന്നത്‌. ഈ ക്രോമസോമിന്റെ സഹായത്തോടെ സൃഷ്ടിക്കുന്ന സൂക്ഷ്‌മജീവിക്ക്‌ 'മൈക്കോപ്ലാസ്‌മ ലാബൊറട്ടോറിയം' (Mycoplasma laboratorium) എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. കൃത്രിമ ക്രോമസോം ജീവനുള്ള ബാക്ടീരിയയിലേക്ക്‌ മാറ്റിവച്ചാല്‍, ജീവിയുടെ നിയന്ത്രണം ആ ക്രോമസോം ഏറ്റെടുക്കുകയും, അത്‌ മറ്റൊരു ജീവരൂപം ആകുകയും ചെയ്യും.

മറ്റ്‌ അവയവങ്ങള്‍ മാറ്റിവെയ്‌ക്കുന്നതു പോലെ, ഒരു ബാക്ടീരിയത്തിന്റെ ജിനോം പൂര്‍ണമായി മാറ്റി സ്ഥാപിക്കുന്നതില്‍ വിജയിച്ചതായി ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും അടുത്തയിടെ പ്രഖ്യാപിച്ചിരുന്നു. പരീക്ഷണശാലയില്‍ കൃത്രിമജിവിയെ സൃഷ്ടിക്കാനുള്ള നീക്കത്തില്‍ നിര്‍ണായക ചുവടുവെപ്പായി അത്‌ വിശേഷിപ്പിക്കപ്പെട്ടു. ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഡിസൈന്‍ ചെയ്‌തെടുക്കുന്ന ജിനോം കൊണ്ട്‌ സൃഷ്ടിക്കുന്ന കൃത്രിമ സൂക്ഷ്‌മജീവികളെ ഉപയോഗിച്ച്‌ ഇന്ധനം നിര്‍മിക്കാനും, ആഗോളതാപനം ചെറുക്കാനുമൊക്കെ കഴിയുമെന്ന്‌ ക്രെയ്‌ഗ്‌ വെന്റര്‍ പറയുന്നു.

എന്നാല്‍, തീക്കൊള്ളികൊണ്ട്‌ തല ചൊറിയുന്നതു പോലെ അപകടം പിടിച്ച ഏര്‍പ്പാടാണ്‌ കൃത്രിമജീവരൂപത്തെ സൃഷ്ടിക്കാനുള്ള നീക്കമെന്ന്‌ വിമര്‍ശകര്‍ പറയുന്നു. നൈതികമായി ഒട്ടേറെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഭീഷണികളും ഉണ്ടാകാന്‍ ഡിസൈനര്‍ ജിനോമുകളും കൃത്രിമ ജീവരൂപങ്ങളും കാരണമാകുമെന്ന്‌ അവര്‍ വാദിക്കുന്നു. സമൂഹത്തിന്‌ വന്‍വെല്ലുവിളിയാണ്‌ ഇതുയര്‍ത്തുന്നതെന്ന്‌, കനേഡിയന്‍ ബയോഎത്തിക്ക്‌സ്‌ സംഘടനയായ 'ഇ.ടി.സി' (ETC) ഗ്രൂപ്പിന്റെ ഡയറക്ടര്‍ പാറ്റ്‌ മൂണി പറയുന്നു. ഔഷധങ്ങളും ഇന്ധനങ്ങളും പോലുള്ള പുതിയ സാധ്യതകളാണോ, അതോ ജൈവായുധങ്ങള്‍ക്കുള്ള പുതിയ അവസരമാണോ ക്രെയ്‌ഗ്‌ വെന്ററിന്റെ ഗവേഷണം മുന്നോട്ടു വെയ്‌ക്കുന്നതെന്ന്‌ സമൂഹം മൊത്തത്തില്‍ ചര്‍ച്ച ചെയ്യണമെന്ന്‌ അദ്ദേഹം വാദിക്കുന്നു.

എന്നാല്‍, കൃത്രിമ ക്രോമസോം നിര്‍മിക്കുന്നതിന്‌ മുമ്പ്‌ അതിന്റെ ധാര്‍മിക വശങ്ങളെക്കുറിച്ച്‌ പുനരവലോകനം നടത്തിയതായും, മികച്ച സയന്‍സ്‌ ആണ്‌ ഈ ഗവേഷണം എന്ന ശക്തമായ വിചാരമാണ്‌ തങ്ങള്‍ക്കുണ്ടായതെന്നും ക്രെയ്‌ഗ്‌ വെന്റര്‍ പറയുന്നു. "വലിയ ആശയങ്ങളെയാണ്‌ ഞങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌. ജീവനെ സംബന്ധിച്ച്‌ പുതിയൊരു മൂല്യസംവിധാനം രൂപപ്പെടുത്താനാണ്‌ ശ്രമം. ഈ തോതില്‍ വസ്‌തുതകള്‍ കൈകാര്യം ചെയ്യുമ്പോള്‍, എല്ലാവരും സന്തുഷ്ടരായിരിക്കുമെന്ന്‌ പ്രതീക്ഷിക്കാനാവില്ല"-അദ്ദേഹം പറയുന്നു.(കാണുക: ജിനോം മാറ്റിവെയ്‌ക്കാവുന്ന കാലം, ആദ്യകൃത്രിമജീവി പരീക്ഷണശാലയില്‍ ഒരുങ്ങുന്നു). (കടപ്പാട്‌: 'ഗാര്‍ഡിയന്‍' പത്രം)

2 comments:

Joseph Antony said...

പരീക്ഷണശാലയില്‍ ആദ്യമായി ഒരു കൃത്രിമജീവരൂപം സൃഷ്ടിച്ചതായി, വിവാദ ജനിതക ശാസ്‌ത്രജ്ഞന്‍ ക്രെയ്‌ഗ്‌ വെന്റര്‍ പ്രഖ്യാപിക്കാന്‍ പോകുന്നു. ഇതിനായി കൃത്രിമ ക്രോമസോം നിര്‍മിക്കുന്നതില്‍ ഗവേഷകര്‍ നിര്‍ണായക വിജയം നേടി. പുതിയ സാധ്യതകള്‍ക്കാണോ, അതോജൈവായുധങ്ങള്‍ക്കുള്ള പുതിയ അവസരമാണോ ഈ ഗവേഷണം വഴിവെയ്‌ക്കുകയെന്ന്‌ ആശങ്ക ശക്തമായിരിക്കുന്നു.

vimathan said...

അങിനെ മനുഷ്യന്‍ സ്വര്‍ഗ്ഗത്തെ കടന്നാക്രമിച്ച് തുടങിയിരിക്കുന്നു. ഇത് പോലെയുള്ള പുതിയ വിവരങള്‍ പങ്ക് വയ്ക്കുന്നതിന് നന്ദി.