Friday, February 19, 2010

കണികാപരീക്ഷണം അടുത്തയാഴ്ച പുനരാരംഭിക്കും

ക്രിസ്മസ് അവധിക്ക് ശേഷം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) ഫിബ്രവരി 25-ന് പ്രവര്‍ത്തനം പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2009 ഡിസംബര്‍ 16 മുതലാണ് കണികാപരീക്ഷണം നിര്‍ത്തിവെച്ചത്.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ യന്ത്രമാണ്. ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ കണികാപരീക്ഷണമാണ് അതില്‍ നടക്കുന്നത്.

എതിര്‍ ദിശയില്‍ പ്രകാശവേഗത്തിനടുത്ത് പായുന്ന പ്രോട്ടോണ്‍ ധാരകളെ (അല്ലെങ്കില്‍ ലെഡ് അയണ്‍ ധാരകളെ) പരസ്പരം കൂട്ടിയിടിപ്പിച്ച്, പ്രപഞ്ചാരംഭത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയാണ് കണികാപരീക്ഷണം ലക്ഷ്യമിടുന്നത്. അതുവഴി പ്രപഞ്ചത്തെ സംബന്ധിച്ച് ശാസ്ത്രലോകത്തിന് ഇനിയും പിടികൊടുക്കാത്ത പ്രഹേളികകള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

കണികാപരീക്ഷണം പുനരാരംഭിക്കുന്നത് എന്നാണെന്ന്, എല്‍.എച്ച്.സി.യുടെ ചുമതലക്കാരായ 'സേണ്‍' (യൂറോപ്യന്‍ കണികാപരീക്ഷണശാല-CERN) വെളിപ്പെടുത്തിയിട്ടില്ലങ്കിലും, ഫിബ്രവരി 25 വ്യാഴാഴ്ച അതുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിബ്രവരിയില്‍ എല്‍.എച്ച്.സി. വീണ്ടും പ്രവര്‍ത്തനം തുടങ്ങുമെന്ന് സേണ്‍ അധികൃതര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കണികാപരീക്ഷണം പുനരാരംഭിക്കുന്നത് താരതമ്യേന താഴ്ന്ന ഊര്‍ജനിലയില്‍ ആയിരിക്കുമെന്നാണ് സൂചന. കൂട്ടിയിടിയുടെ ഊര്‍ജനില 900 ഗിഗാഇലക്ട്രോണ്‍ വോള്‍ട്ട് (GeV) ആകത്തക്ക വിധം, 450 GeV വീതമുള്ള കണികാധാരകളാകും തുടക്കത്തില്‍ ഉപയോഗിക്കുക. തുടര്‍ന്നുള്ള ആഴ്ചകളില്‍ കൂട്ടിയിടിയുടെ ഊര്‍ജനില 7 ടെട്രാഇലക്ട്രോണ്‍ വോള്‍ട്ട് (TeV) ആകത്തക്കവിധം, എതിര്‍ദിശയില്‍ പായുന്ന കണികാധാരകളുടെ ഊര്‍ജനില 3.5 TeV വീതമാക്കി ഉയര്‍ത്തും.

കൂട്ടിയിടിയുടെ ഊര്‍ജനില 14 TeV കൈവരിക്കുകയാണ് എല്‍.എച്ച്.സി.യുടെ ആത്യന്തിക ലക്ഷ്യം. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ അത്രയും ഉന്നത ഊര്‍ജനില താങ്ങാന്‍ എല്‍.എച്ച്.സി.ക്ക് ശേഷിയുണ്ടോ എന്ന് സംശയമുണ്ട്. അതിനാല്‍, തല്‍ക്കാലം പകുതി ഊര്‍ജനിലയില്‍ പരീക്ഷണം തുടരാനാണ് സേണ്‍ ഉദ്ദേശിക്കുന്നത്.

'ഹിഗ്ഗ്‌സ് ബോസോണു'കള്‍ കണ്ടെത്തുന്നതില്‍ അമേരിക്കന്‍ കണികാത്വരകമായ 'ടെവട്രോണ്‍' (Tevatron) നടത്തുന്ന ശ്രമത്തെ പകുതി ഊര്‍ജനിലയില്‍ തന്നെ എല്‍.എച്ച്.സി.ക്ക് പിന്നിലാക്കാന്‍ കഴിയുമെന്നാണ് സേണ്‍ അധികൃതരുടെ പ്രതീക്ഷ. അതുകഴിഞ്ഞ് ഒരു വര്‍ഷം അടച്ചിട്ട് എല്‍.എച്ച്.സി.യില്‍ ആവശ്യമായ നവീകരണം നടത്തിയ ശേഷം 2013-ലാകും അത് പ്രഖ്യാപിത ഊര്‍ജനിലയായ 14 TeV കൈവരിക്കുക.

കാണുക

1 comment:

Joseph Antony said...

ക്രിസ്മസ് അവധിക്ക് ശേഷം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) ഫിബ്രവരി 25-ന് പ്രവര്‍ത്തനം പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2009 ഡിസംബര്‍ 16 മുതലാണ് കണികാപരീക്ഷണം നിര്‍ത്തിവെച്ചത്.