ആരാകാം കടുവയുടെ ബന്ധുക്കള്‍. ഇക്കാര്യം ആലോചിക്കുന്നയാളുടെ മനസിലേക്ക് ചില മാര്‍ജാരവര്‍ഗക്കാര്‍ സ്വാഭാവികമായും കയറി വരും; സിംഹം, പുള്ളിപ്പുലി, ജാഗ്വാര്‍.....എന്നാല്‍ ഇവയൊന്നും കടുവകളുടെ അടുത്ത ജനിതകബന്ധുക്കളല്ലത്രേ! അകന്ന ബന്ധുക്കള്‍ മാത്രമാണ് ഇവരെന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു.
32 ലക്ഷം വര്‍ഷം മുമ്പാണത്ര കടുവകള്‍ പ്രത്യേക ജീവിവര്‍ഗമായി ഉരുത്തിരിഞ്ഞത്. വംശനാശഭീഷണി നേരിടുന്ന ഹിമപുലികളാണ് ജീവിച്ചിരിക്കുന്നവയില്‍ കടുവയുമായി ഏറ്റവും അടുത്ത ബന്ധമുള്ള ജീവിവര്‍ഗം.ഗവേഷകരായ ബ്രിയാന്‍ ഡേവിസ്, ഡോ.ഗാങ് ലി, പ്രൊഫ. വില്ല്യം മര്‍ഫി എന്നിവര്‍ ചേര്‍ന്ന് നടത്തിയ മാര്‍ജാരവര്‍ഗങ്ങളുടെ ഡി.എന്‍.എ.വിശകനത്തിലാണ് കടുവകളുടെ പരിണാമവഴികള്‍ വ്യക്തമായത്. 'മോളിക്യുലാര്‍ ഫൈലോജനറ്റിക്‌സ് ആന്‍ഡ് എവലൂഷന്‍' ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
മാര്‍ജാരവര്‍ഗത്തിലെ ഭീമന്‍മാരായി അഞ്ച് വര്‍ഗങ്ങളാണ് അറിയപ്പെടുന്നത്: കടുവ, സിംഹം, പുള്ളിപ്പുലി, ജാഗ്വാര്‍, ഹിമപുലി. 'പന്‍ഥെര ജനസി'ല്‍ (Panthera genus) പെട്ടതാണ് ഈ വര്‍ഗങ്ങളെല്ലാം. 'ക്ലൗഡഡ് പുലികള്‍' (clouded leopards) എന്നു വിളിക്കുന്ന രണ്ടിനം പുലികളുണ്ടെങ്കിലും അവയ്ക്ക് മാര്‍ജാരവര്‍ഗത്തിലെ ചെറിയ ജീവികളുമായാണ് കൂടുതല്‍ ജനിതക ബന്ധം.
ഭീമന്‍ മാര്‍ജാരന്‍മാരുടെ അഞ്ച് വര്‍ഗങ്ങളുണ്ടെങ്കിലും ഇവ തമ്മില്‍ എങ്ങനെയൊക്കെ ജനിതകമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇനിയും വ്യക്തമായിട്ടില്ല.
മാര്‍ജാരന്‍മാരുടെ മൈറ്റോകോന്‍ഡ്രിയല്‍ ഡി.എന്‍.എ.യിലെയും സെക്‌സ് ക്രോമസോമുകളിലെയും സാമ്യതകളും വ്യത്യാസങ്ങളും വിശകലനം ചെയ്താണ് പഠനം നടത്തിയത്. മുമ്പ് കരുതിയതിലും വ്യത്യസ്ത രീതിയിലാണ് ഈ വര്‍ഗങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമായി.
ഭീമന്‍ മാര്‍ജാരന്‍മാരില്‍ സിംഹം, പുള്ളിപ്പുലി, ജാഗ്വാര്‍ എന്നിവയാണ് പരസ്പരം കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. 43-38 ലക്ഷം വര്‍ഷം മുമ്പാണ് മറ്റ് മാര്‍ജാരവര്‍ഗങ്ങളില്‍ നിന്ന് ഇവരുടെ കൈവഴി വേര്‍പെട്ടത്.
ഏതാണ്ട് 36-25 ലക്ഷം വര്‍ഷം മുമ്പുള്ള കാലത്ത് ജ്വാഗറുകള്‍ പ്രത്യേക വര്‍ഗമായി രൂപപ്പെട്ടു. അതേസമയം, സിംഹങ്ങളും പുള്ളിപ്പുലികളും പൊതുപൂര്‍വികനില്‍ നിന്ന് വേര്‍പിരിഞ്ഞത് 31-19.5 ലക്ഷം വര്‍ഷം മുമ്പ് മാത്രമാണ്.
മുമ്പ് തന്നെ മറ്റ് വര്‍ഗങ്ങളില്‍ നിന്ന് കടുവകള്‍ വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്നു. 39 ലക്ഷം വര്‍ഷം മുമ്പ് ആ വര്‍ഗം വേറെ കൈവഴിയായി വേര്‍പരിഞ്ഞതായി പഠനം പറയുന്നു. പ്ലീയോസീന്‍ (Pliocene) യുഗത്തിന്റെ അവസാനത്തോടെ, ഏതാണ്ട് 32 ലക്ഷം വര്‍ഷം മുമ്പ്, കടുവകള്‍ തികച്ചും വ്യത്യസ്ത ഇനമായി രൂപപ്പെട്ടു.
'കടുവകളും ഹിമപുലികളും സഹോദരവര്‍ഗങ്ങളാ'ണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഇവ രണ്ടും ഇന്ന് ലോകത്ത് ഏറ്റവും വംശനാശഭീഷണി നേരിടുന്ന രണ്ട് വര്‍ഗങ്ങളാണ്. ലക്ഷണക്കണക്കിന് വര്‍ഷങ്ങളുടെ പരിണാമചരിത്രം പേറുന്ന ഈ ജീവിവര്‍ഗങ്ങളെപ്പറ്റി ശരിക്കും മനസിലാക്കും മുമ്പുതന്നെ ഇവ അന്യംനില്‍ക്കുമോ എന്നാണ് ആശങ്ക. മൃഗശാലയിലുള്ളവയെ ഒഴിവാക്കിയാല്‍, സ്വാഭാവിക പരിസ്ഥിതികളില്‍ ഇന്ന് അവശേഷിക്കുന്നത് വെറും 3500 കടുവകള്‍ മാത്രമാണ്.
കടുവകളുടെ ഉപവര്‍ഗമായ 'സുമാത്രന്‍ കടുവകള്‍' ഇന്നും ഒരു പ്രഹേളികയാണ്. അവയുടെ ഒരു വീഡിയോ മനുഷ്യന് ലഭിക്കുന്നത് ഈ വര്‍ഷം മാത്രമാണ്. മറ്റൊരു ഉപവിഭാഗമായ 'അമുര്‍ കടുവ'കള്‍ ഉന്‍മൂലനത്തിന്റെ വക്കിലാണെന്ന് കഴിഞ്ഞ വര്‍ഷം ഒരു പഠനം വ്യക്തമാക്കിയിരുന്നു. ആ വര്‍ഗത്തില്‍ പെട്ട ഏതാനും എണ്ണം മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. (കടപ്പാട്: ബി.ബി.സി)
2 comments:
ആരാകാം കടുവയുടെ ബന്ധുക്കള്‍. ഇക്കാര്യം ആലോചിക്കുന്നയാളുടെ മനസിലേക്ക് ചില മാര്‍ജാരവര്‍ഗക്കാര്‍ സ്വാഭാവികമായും കയറി വരും; സിംഹം, പുള്ളിപ്പുലി, ജാഗ്വാര്‍.....എന്നാല്‍ ഇവയൊന്നും കടുവകളുടെ അടുത്ത ജനിതകബന്ധുക്കളല്ലത്രേ! അകന്ന ബന്ധുക്കള്‍ മാത്രമാണ് ഇവരെന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു.
32 ലക്ഷം വര്‍ഷം മുമ്പാണത്ര കടുവകള്‍ പ്രത്യേക ജീവിവര്‍ഗമായി ഉരുത്തിരിഞ്ഞത്. വംശനാശഭീഷണി നേരിടുന്ന ഹിമപുലികളാണ് ജീവിച്ചിരിക്കുന്നവയില്‍ കടുവയുമായി ഏറ്റവും അടുത്ത ബന്ധമുള്ള ജീവിവര്‍ഗം.
അപ്പൊ കടുവ ഒരു പുലിയാണല്ലേ?
Post a Comment