മനുഷ്യന്റെ ഏറ്റവും പഴയ ചങ്ങാതിമാരില്‍ പൂച്ചകളും പെടുന്നു. എലിയുടെ ഈ പ്രഖ്യാപിത ശത്രു മനുഷ്യന്റെ മിത്രമായതില്‍ അത്ഭുതമില്ല. അടുത്തെത്തി കുറുകലോടെ മുട്ടിയുരുമ്മി നമ്മളെ ആനന്ദിപ്പിക്കുന്ന പൂച്ചകളുടെ പാരമ്പര്യത്തെക്കുറിച്ച് അധികമാരും ആലോചിക്കാറില്ല. വീട്ടുപൂച്ചകളുടെ ജനിതക ചരിത്രം തേടിപ്പോയ ഒരുസംഘം ഗവേഷകര്‍ എത്തിയത് വിചിത്രമായ നിഗമനത്തിലാണ്. ലോകത്താകമാനമുള്ള വീട്ടുപൂച്ചകളുടെ പൂര്‍വികര്‍ പശ്ചിമേഷയില്‍ നിന്നുള്ള കാട്ടുപൂച്ചകളാണത്രേ! പശ്ചിമേഷ്യയിലെ ഒരു പൊതുപൂര്‍വികനില്‍ നിന്നുടലെടുത്ത അഞ്ച് ജനിതക തായ്‌വഴികളിലൂടെയാണ് വീട്ടുപൂച്ചകള്‍ മുഴുവന്‍ രൂപപ്പെട്ടതെന്നാണ് കണ്ടെത്തല്‍. ഇനി എലി ഏത് നാട്ടുകാരാണെന്നും കൂടി കണ്ടെത്തിയാല്‍, ചിത്രം പൂര്‍ത്തിയാകും.
'ഫെര്‍ട്ടയ്‌ല്‍ ക്രെസന്റ്' (Fertile Crescent) എന്നറിയപ്പെടുന്ന പശ്ചിമേഷ്യന്‍ മേഖലയാണ് വീട്ടുപൂച്ചകളുടെ പൂര്‍വിക വാസഗേഹമെന്ന് 'സയന്‍സ്' ഗവേഷണ വാരിക റിപ്പോര്‍ട്ടു ചെയ്യുന്നു. കിഴക്കന്‍ മെഡിറ്റനേറിയന്‍ മുതല്‍ ഗള്‍ഫ് വരെ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണിത്. ഇറാഖ്, സിറിയ, ലെബനന്‍, ഇസ്രായേല്‍ മുതലായ രാജ്യങ്ങള്‍ 'ഫെര്‍ട്ടയ്‌ല്‍ ക്രെസന്റ്' മേഖലയില്‍ പെടുന്നു. നൈല്‍, ജോര്‍ദാന്‍, ടൈഗ്രിസ്, യൂഫ്രട്ടീസ് തുടങ്ങിയ നദികളാല്‍ സമ്പുഷ്ടമാക്കപ്പെട്ട പ്രദേശമായതിന്റെ പേരിലാണ് ഈ നാമം ലഭിച്ചത്. വെട്ടയാടി അലഞ്ഞുനടന്ന ആദിമമനുഷ്യര്‍ ആദ്യമായി സ്ഥിരവാസം ഉറപ്പിച്ച് കാര്‍ഷികവൃത്തി ആരംഭിച്ചത് ഈ പ്രദേശങ്ങളിലാണെന്നു നരവംശശാസ്‌ത്രം പറയുന്നു. സുമേറിയന്‍സ്, അസീറിയന്‍സ്, ബാബിലോണിയന്‍ സംസ്‌കാരങ്ങളുടെയൊക്കെ പിറവിയും ഈ മണ്ണില്‍ തന്നെയായിരുന്നു. പ്രാചീന ചരിത്രത്തില്‍ ഇത്ര പ്രാധാന്യമുള്ള ഈ മേഖലയില്‍ തന്നെയാണ്, മനുഷ്യന്റെ ഉറ്റസുഹൃത്തുക്കളില്‍ ഒന്നായ പൂച്ചയുടേയും ജന്മഗേഹമെന്നത് കൗതുകമുണര്‍ത്തുന്നു.
9500 വര്‍ഷം മുമ്പ് പൂച്ച മനുഷ്യരുമായി ഇണങ്ങിതിന്റെ തെളിവു ലഭിച്ചിട്ടുണ്ട്. സൈപ്രസില്‍ നിന്നാണത് കിട്ടിയത്. അതിനും 3000 വര്‍ഷം മുമ്പെങ്കിലും മനുഷ്യഭവനങ്ങളില്‍ പൂച്ചകളുണ്ടായിരുന്നു എന്നാണ് ഗവേഷകര്‍ എത്തിയിട്ടുള്ള നിഗമനം. ആദിമ കൃഷീവലന്‍മാരുടെ ധാന്യപ്പുരകളില്‍നിന്ന് എലികളെ വേട്ടയാടാന്‍ സഹായത്തിനെത്തി പാര്‍പ്പു തുടങ്ങിയ അവ വീടുകളില്‍ മനുഷ്യര്‍ക്കൊപ്പം അവകാശികളാവുകയായിരുന്നു. 130,000 വര്‍ഷം മുമ്പാണത്രേ വന്യഇനങ്ങളില്‍നിന്ന് ഇപ്പോഴത്തെ വീട്ടുപൂച്ചകളുടെ പൂര്‍വികള്‍ വേര്‍പിരിഞ്ഞത്.
ബ്രിട്ടനില്‍ ഓക്‌സ്‌ഫഡ് സര്‍വകലാശാലയിലെ ഡേവിഡ് മാക്‌ഡൊണാള്‍ഡിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമാണ് പൂച്ചകളുടെ പൂര്‍വികവേരുകള്‍ ചികഞ്ഞുപോയത്. സ്‌കോട്ടിഷ് കാട്ടുപൂച്ചയും ബ്രിട്ടനില്‍ കാണപ്പെടുന്ന മറ്റ് പൂച്ചകളും തമ്മിലുള്ള ജനിതകവ്യത്യാസങ്ങള്‍ കണ്ടെത്താന്‍ ആറുവര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതിയാണ്, പിന്നീട് വീട്ടുപൂട്ടകളുടെ ചരിത്രം കണ്ടെത്താനുള്ള ഒന്നായി മാറിയത്. യൂറോപ്പ്, ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള 979 പൂച്ചകളുടെ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ. സാമ്പിളുകള്‍ ഗവേഷകര്‍ താരതമ്യം ചെയ്‌തു. (കോശങ്ങളിലെ പവര്‍ഹൗസുകള്‍ എന്നറിയപ്പെടുന്ന മൈറ്റോകോണ്‍ഡ്രിയയില്‍ ചെറിയൊരളവ് ഡി.എന്‍.എ.യുണ്ട്. ഇത് അമ്മ വഴി തലമുറകളായി മാറ്റമൊന്നും കൂടാതെ കൈമാറപ്പെടുന്നതാണ്).
മാത്രമല്ല, ഏത് വന്യയിനവുമായാണ് വീട്ടുപൂച്ചകള്‍ക്ക് ജനിതകബന്ധമുള്ളതെന്നു കണ്ടെത്താന്‍, ഭൂമുഖത്തുള്ള അഞ്ച് പ്രധാന കാട്ടുപൂച്ചകളുടെ സാമ്പിളുകളും ഗവേഷകര്‍ പരിശോധിച്ചു. നിയര്‍ ഈസ്‌റ്റേണ്‍ കാട്ടുപൂച്ച (Near Eastern wildcat), യൂറോപ്യന്‍ കാട്ടുപൂച്ച (European wildcat), മധ്യേഷ്യന്‍ കാട്ടുപൂച്ച (Central Asian wildcat), ദക്ഷിണാഫ്രിക്കന്‍ കാട്ടുപൂച്ച (southern African wildcat), ചൈനീസ് മരുപ്പൂച്ച (Chinese desert cat) എന്നിവയുടെ ഡി.എന്‍.എ.സാമ്പിളുകളാണ് പരിശോധിച്ചത്. ബ്രിട്ടനില്‍ നിന്നുള്ളവര്‍ കൂടാതെ അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലെ ഗവേഷകരും പഠനത്തില്‍ പങ്കുചേര്‍ന്നിരുന്നു.
ഇവയില്‍ നിയര്‍ ഈസ്റ്റേണ്‍ കാട്ടുപൂച്ചയോടാണ് വീട്ടുപൂച്ചകള്‍ക്ക് ജനിതകബന്ധമുള്ളതെന്ന് ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. മനുഷ്യര്‍ക്കൊപ്പം ഇവ ലോകത്തിന്റെ എല്ലാഭാഗത്തും എത്തുകയായിരുന്നിരിക്കാം. ഇസ്രായേല്‍, സൗദി അറേബ്യ തുടങ്ങിയ പ്രദേശങ്ങളിലെ വിദൂര മരുപ്രദേശത്താണ് ഇപ്പോള്‍ ഈ ഇനത്തില്‍ പെട്ട കാട്ടുപൂച്ചകളുള്ളത്. "എല്ലാ വീട്ടുപൂച്ചകളും ഈ ഒറ്റ പൂര്‍വികനില്‍നിന്നാണ് വന്നതെന്ന് പഠനം തെളിയിച്ചു"-സംഘത്തില്‍ അംഗമായിരുന്ന ഓക്‌സ്‌ഫഡ് സര്‍വകലാശാലയിലെ കാര്‍ലോസ് ഡ്രിസ്‌കോള്‍ പറയുന്നു.(അവലംബം: സയന്‍സ് ഗവേഷണ വാരിക)
7 comments:
നമ്മുടെ വീട്ടിലെ പൂച്ചകളുടെ പൂര്‍വികര്‍ പശ്ചിമേഷ്യക്കാരായിരുന്നത്രേ. ഇതുവരെ സാധ്യമാവത്ത തരത്തില്‍ ഏതുജീവിയുടെ വേണമെങ്കിലും ജനിതക ചരിത്രം ചികഞ്ഞുപോകാന്‍ ജിനോംസാങ്കേതിക വിദ്യ അവസരമൊരുക്കുന്നു. ഇത്തരത്തില്‍ ആറ് വര്‍ഷം നീണ്ട ഗവേഷണമാണ് വീട്ടുപൂച്ചകള്‍ പശ്ചിമേഷ്യക്കാരായിരുന്നു എന്ന നിഗമനത്തില്‍ ഗവേഷകരെ എത്തിച്ചത്. അതെപ്പറ്റി 'കുറിഞ്ഞി ഓണ്‍ലൈനി'ല്‍.
"ഇസ്രായേല്‍, സൗദി അറേബ്യ തുടങ്ങിയ പ്രദേശങ്ങളിലെ വിദൂര മരുപ്രദേശത്താണ് ഇപ്പോള്‍ ഈ ഇനത്തില്‍ പെട്ട കാട്ടുപൂച്ചകളുള്ളത്.... "
ഞാനിത് കമന്റായി എഴുതണം എന്നു വിചാരിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഷാര്‍ജയിലെ അറേബ്യന്‍ വൈല്‍ഡ് ലൈഫ് മ്യൂസിയം കാണാന്‍ പോയപ്പോള്‍ ഇത്തരം പൂച്ചകളെ അവിടെ കണ്ടു.
കൂടുതല്‍ തിരയേണ്ടി വരില്ല......അങ്കിള്‍ സാമിന്റ്റെ നാട്ടുകരാവും.
നല്ല അറിവ്.
എലിയും പശ്ചിമേഷ്യക്കാരന്‍ തന്നെയാവണം. എന്നെങ്കിലും അടിച്ച് പിരിഞ്ഞതാവാനാണ് സാധ്യത :)
അങ്ങിനെ പൂച്ചയുടെ പൂച്ച് പുറത്തായി..
പൂച്ചയുടെ രഹസ്യമറിയാന്‍ ഉറുമ്പുവരെ എത്തി...കൊള്ളാം.
വക്കാരി മാഷേ, ഹ.ഹ.ഹ...ഇപ്പോള്‍ നമ്മുടെ മലയാളം ബ്ലോഗുകളില്‍ പലരും അടിച്ചു പിരിയും പോലെ അല്ല..
അപ്പൂ, അതിന്റെ ഫോട്ടൊയുണ്ടെങ്കില്‍ ഒന്ന് ബ്ലോഗിലിടൂ; വിജ്ഞാനപ്രദമായ ഒരു കുറിപ്പും.
സിജു, സന്തോഷം.
അതു കൊള്ളാം.
വെസ്റ്റ് ഏഷ്യയുടെ പുരാതനചരിത്രത്തെക്കുറിച്ചും സമൂഹരീതികളെക്കുറിച്ചും വിവരം തരുന്ന രചനകളിൽ (കൃത്യമല്ലെങ്കിലും)പ്രധാനപ്പെട്ട ഒന്നാണല്ലോ ബൈബിൾ. മനുഷ്യനു ചിരപരിചിതങ്ങളായ ജീവികളിൽ ബൈബിളിൽ ഒരു തവണ പോലും പരാമർശിക്കപ്പെട്ടിട്ടില്ലാത്ത ഒരേയൊരു ജീവിയാണു പൂച്ച. എന്തായിരിക്കും ഇങ്ങനെ സംഭവിച്ചത് എന്ന് പണ്ട് ആലോചിച്ചിരുന്നു.(വെസ്റ്റ് ഏഷ്യയിൽ ആനയില്ലെങ്കിലും ബൈബിളിൽ ആനയെക്കുറിച്ച് പരാമർശമുണ്ട്...!)
ഇതിൽ രസകരമായ ഐറണി പോലെ എന്തോ ഉണ്ടല്ലോ...!
Post a Comment