Friday, February 26, 2010

ബ്ലൂംബോക്‌സ് വൈദ്യുതരംഗത്തെ 'മാന്ത്രികപ്പെട്ടി'യാകുമോ

പവര്‍ലൈനുകളും പവര്‍പ്ലാന്റുകളും ഇല്ലാത്ത കാലത്തെക്കുറിച്ച് ചിന്തിച്ചു നോക്കൂ. ഓരോ വീട്ടിലും ആവശ്യമായ വൈദ്യുതി അവിടെ തന്നെ ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥിതി. പുകയില്ല, ശബ്ദമില്ല, പരിസ്ഥിതിക്ക് ദോഷമില്ല. ഇത് ഭാവിയിലെപ്പോഴെങ്കിലും സൗരോര്‍ജസെല്ലുകള്‍ വഴി സംഭവിച്ചേക്കാവുന്ന കാര്യമല്ല. ഇന്ത്യക്കാരനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ കെ.ആര്‍. ശ്രീധരന്‍ അവകാശപ്പെടുന്നത് ശരിയാണെങ്കില്‍, അദ്ദേഹത്തിന്റെ കമ്പനി വികസിപ്പിച്ച 'ബ്ലൂംബോക്‌സ്' വഴി അടുത്ത് തന്നെ യാഥാര്‍ഥ്യമാകുന്ന സംഗതിയാണിത്.

ഹോളിവുഡിലെ മുന്‍സൂപ്പര്‍താരവും കാലിഫോര്‍ണിയ ഗവര്‍ണറുമായ ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗറുടെ ആമുഖപ്രഭാഷണം, മുന്‍ യു.എസ്.വിദേശകാര്യ സെക്രട്ടറി കോളിന്‍ പവലിന്റെ സാന്നിധ്യം. ചടങ്ങില്‍ പങ്കെടുക്കുന്ന ഗൂഗിളിന്റെയും വാള്‍മാര്‍ട്ടിന്റെയും മേധാവികള്‍, കൊക്കക്കോളയുടെ ഉന്നതപ്രതിനിധിയും ഉണ്ട്. വേദി ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ലേലകമ്പനിയായ 'ഇബേ' (eBay)യുടെ കാലിഫോര്‍ണിയയിലെ ആസ്ഥാനം. സാധാരണഗതിയില്‍ ആപ്പിള്‍ കമ്പനിയുടെ പുതിയൊരു ഉത്പന്നം അവതരിപ്പക്കപ്പെടുന്ന വേളയില്‍ മാത്രം സംഭവിക്കാറുള്ള ആകാംക്ഷയും താരപ്പൊലിമയും.....എല്ലാം ആ പെട്ടിയുടെ പേരില്‍. ഇന്ത്യക്കാരനായ അമേരിക്കന്‍ റോക്കറ്റ് ശാസ്ത്രജ്ഞന്‍ കെ.ആര്‍.ശ്രീധരന്‍ വികസിപ്പിച്ച 'ബ്ലൂംബോക്‌സ്' (Bloom Box) എന്ന ഫ്യുവല്‍ സെല്ലിന്റെ പേരില്‍!

അത് വെറുമൊരു ഫ്യുവല്‍ സെല്‍ ആയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു, ആരും ശ്രദ്ധിക്കുക പോലുമില്ലായിരുന്നു. ഇത് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ അമേരിക്കന്‍ മാധ്യമങ്ങള്‍ ബ്ലൂംബോക്‌സിന്റെ പേരില്‍ ആവേശവും ആകാംക്ഷയും ഉണര്‍ത്തിയിരുന്നു. ലോകത്ത് ഊര്‍ജവിപ്ലവം തന്നെ സൃഷ്ടിക്കാന്‍ പോന്ന ഒന്നായി അത് വര്‍ണിക്കപ്പെട്ടു. റോട്ടിയുടെ വലിപ്പമുള്ള പെട്ടികൊണ്ട് ഒരു അമേരിക്കന്‍ ഭവനത്തിന്റെ സര്‍വ വൈദ്യുതാവശ്യവും നിറവേറ്റാം എന്ന് വന്നാലോ? അതും ചെലവു കുറഞ്ഞ രീതിയില്‍, പരിസ്ഥിതിക്ക് കാര്യമായ ദോഷം വരുത്താതെ. വീടുകള്‍ സ്വന്തം ആവശ്യത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയാല്‍ പിന്നെ പവര്‍ഗ്രിഡുകളോ വൈദ്യുതനിലയങ്ങളോ വേണ്ട. ആഗോളതാപനം പോലുള്ള പ്രശ്‌നങ്ങളിലെ മുഖ്യവെല്ലുവിളി തന്നെ ഇല്ലാതാകും.

മാത്രമല്ല, വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വെറും ബയോഗ്യാസ് മതിയെന്നു കൂടി വന്നാലോ? നമ്മുക്ക് നിത്യശല്യമായി മാറിയിട്ടുള്ള നഗരമാലിന്യങ്ങള്‍ക്കൊക്കെ പുതിയ മൂല്യം കൈവരും. മാലിന്യസംസ്‌ക്കരണം വൈദ്യുതോത്പാദനത്തിനുള്ള നേര്‍ ഉപാധിയായി മാറും. വെറുതെ പറയുന്നതല്ല, ഒന്‍പത് മാസം മുമ്പ് തങ്ങളുടെ കമ്പനിയില്‍ അഞ്ച് ബ്ലൂംബോക്‌സുകള്‍ സ്ഥാപിച്ചെന്നും, അതുവഴി തങ്ങള്‍ക്ക് വൈദ്യുതിയിനത്തില്‍ ഒരു ലക്ഷം ഡോളര്‍ ലാഭിക്കാനായെന്നും 'ഇബേ' മേധാവി ജോണ്‍ ഡൊനാഹോ സാക്ഷ്യപ്പെടുത്തുന്നു. മണ്ണിന്നടിയില്‍ നഗരമാലിന്യം മറവുചെയ്യുന്നയിടങ്ങളില്‍ (ലാന്‍ഡ് ഫില്ലുകളില്‍) നിന്നുള്ള ബയോഗ്യാസാണ് ഇബേ കമ്പനി അവരുടെ ബ്ലൂംബോക്‌സുകളില്‍ ഉപയോഗിക്കുന്നത്! മണ്ണിന്നടിയില്‍ മാലിന്യം മറവുചെയ്ത വേളയില്‍ ആരും ഓര്‍ത്തിരിക്കില്ല, ഇത്തരമൊരു സാധ്യത!

കെ.ആര്‍. ശ്രീധരന്‍ വികസിപ്പിച്ചിരിക്കുന്നത് ശരിക്കുമൊരു 'മാന്ത്രികപ്പെട്ടി'യാണെന്ന് മാധ്യമങ്ങള്‍ ഉത്‌ഘോഷിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ചെറിയൊരു പെട്ടിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ശരിക്കൊരു പവര്‍പ്ലാന്റ് തന്നെയാണ് ബ്ലൂംബോക്‌സ് എന്നു പറഞ്ഞാല്‍ തെറ്റില്ല. നിലവിലുള്ള ഏതു ഊര്‍ജസ്രോതസ്സിനെക്കാളും ക്ഷമതയുള്ളതും മലിനീകരണം കുറഞ്ഞതുമാണ് ബ്ലൂംബോക്‌സ് എന്ന് ശ്രീധരന്‍ അവകാശപ്പെടുന്നു. വൈദ്യുതി ഉപയോഗത്തില്‍ ഓരോ വീടിനെയും സ്ഥാപനത്തെയും സ്വയം പര്യാപ്തമാക്കാന്‍ അതിന് കഴിയും. റൊട്ടിയുടെ വലുപ്പമുള്ള ഒരു ബാറ്ററികൊണ്ട് ഒരു അമേരിക്കന്‍ വീടിന്റെ ഊര്‍ജാവശ്യം മുഴുവന്‍ നിറവേറ്റാനാകും. നാലു ഇന്ത്യന്‍ വീടുകള്‍ക്ക് ഇതൊരെണ്ണം മതിയാകും. കുറച്ചുകൂടി വലിയ പെട്ടിയുപയോഗിച്ചാല്‍ വന്‍കിടസ്ഥാപനങ്ങള്‍ക്കും വൈദ്യുതിക്ക് സര്‍ക്കാറിനെ ആശ്രയിക്കേണ്ടിവരില്ല.

ഊര്‍ജരംഗത്ത് വൈദ്യുതിയാണ് താരം. ചെലവുകുറഞ്ഞ, മലിനീകരണമില്ലാത്ത വൈദ്യുതസ്രോതസ്സുകള്‍ വികസിപ്പിക്കാന്‍ അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ മാത്രം നൂറിലേറെ പുതിയ കമ്പനികളാണ് ഗവേഷണവുമായി രംഗത്തുള്ളത്. അതിനിടയിലാണ് കെ.ആര്‍. ശ്രീധരന്‍ തന്റെ മാന്ത്രികപ്പെട്ടിയുമായി രംഗത്തെത്തുന്നത്. നാസയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ചൊവ്വാവാഹനത്തിനായി താന്‍ രൂപപ്പെടുത്തിയ സങ്കേതമാണ് ബ്ലൂംബോക്‌സിനുള്ള ആശയം തനിക്ക് നല്‍കിയതെന്ന് ശ്രീധരന്‍ വെളിപ്പെടുത്തുന്നു. സിലിക്കണ്‍ വാലിയില്‍ 40 കോടി ഡോളര്‍ മുതല്‍മുടക്കില്‍ 'ബ്ലൂംഎനര്‍ജി' (Bloom Energy) എന്നൊരു സ്ഥാപനമുണ്ട് ശ്രീധരന്. അതാണ് ബ്ലൂംബോക്‌സ് വികസിപ്പിച്ചത്. കോളിന്‍ പവല്‍ ആ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

ഹൈഡ്രോകാര്‍ബണ്‍ സംയുക്തങ്ങളുപയോഗിച്ച് വെദ്യുതി ഉത്പാദിപ്പിക്കുന്ന ' സോളിഡ് ഓക്‌സയിഡ് ഫ്യൂവല്‍സെല്ലി'ന്റെ വേറൊരു രൂപമാണ് ബ്ലൂം ബോക്‌സ്. പച്ചയും കറുപ്പും നിറമുള്ള പ്രത്യേക രാസമഷി പുരട്ടിയ സെറാമിക് ഷീറ്റുകളാണ് ഇതിന്റെ പ്രധാന ഭാഗം (സെറാമിക് ഷീറ്റുകളില്‍ പൂശിയിട്ടുള്ള രാസവസ്തുക്കളാണ് ബ്ലൂംബോക്‌സിന്റെ യഥാര്‍ഥ രഹസ്യം). ഷീറ്റുകള്‍ വേര്‍തിരിക്കാന്‍ ലോഹപ്പാളികളുപയോഗിക്കും. പ്രകൃതിവാതകമോ എല്‍.പി.ജി.യോ പോലുള്ള ഇന്ധനം ഇതിലേക്കു കടത്തിവിട്ടാല്‍ വൈദ്യുതിയുണ്ടാകും. ബ്ലൂംബോക്‌സ് പ്രവര്‍ത്തിക്കുമ്പോള്‍ പുകയുണ്ടാവില്ല, ശബ്ദമുണ്ടാകില്ല, കുലുക്കം പോലുമുണ്ടാകില്ല. 'വൈദ്യുതോത്പാദന മേഖലയിലെ ലാപ്‌ടോപ്പാണ് ഇത്'-കഴിഞ്ഞ ദിവസം സി.ബി.എസ്.ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ശ്രീധരന്‍ പറഞ്ഞു.

ഇബേ മാത്രമല്ല, ഗൂഗിള്‍, വാള്‍മാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളും ബ്ലൂംബോക്‌സ് ഉപയാഗിക്കുന്നുണ്ട്. നിലവില്‍ വലിയൊരു ബ്ലൂം ബോക്‌സിന് (ഫ്രിഡ്ജിന്റെ വലിപ്പമുള്ളതിന്) ഏഴു ലക്ഷം ഡോളര്‍ വിലവരുമെന്ന് ശ്രീധര്‍ പറയുന്നു. എന്നാല്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 3000 ഡോളര്‍ (ഒന്നര ലക്ഷം രൂപ) ചെലവില്‍ ബ്ലൂംബോക്‌സ് സാധാരണ ഭവനങ്ങളില്‍ ലഭ്യമാകുമെന്നാണ് ശ്രീധരന്റെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍, ഭാവിലോകം ബ്ലൂംബോക്‌സിന്റേതു കൂടിയാകും.

മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദമെടുത്ത ശ്രീധരന്‍ 1980-കളില്‍ അമേരിക്കയിലെത്തി. അരിസോണ സര്‍വകലാശാലയിലെ സ്‌പേസ് ടെക്‌നോളജീസ് ലബോറട്ടറി (എസ്.ടി.എല്‍) യുടെ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പിന്നീട് നാസയില്‍ ചേര്‍ന്നു. നാസ വിട്ടിട്ടാണ് അദ്ദേഹം ബ്ലൂംഎനര്‍ജി കമ്പനി സ്ഥാപിച്ചത്.

വലിയ ആവേശമുണര്‍ത്തിയിട്ടുണ്ടെങ്കിലും ബ്ലൂംബോക്‌സ് തട്ടിപ്പാണെന്ന ആരോപണവും ശക്തമാണ്. ഫ്യൂവല്‍സെല്ലുകള്‍ പുതിയ കാര്യമല്ലെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും പുതുതായി ഇതില്‍ ഒന്നുമില്ലെന്നും, കോളറാഡൊ സ്‌കൂള്‍ ഓഫ് മൈന്‍സിലെ സെറാമിക് എന്‍ജിനിയറും ഫ്യുവല്‍സെല്‍ വിദഗ്ധനുമായ നൈജല്‍ സാമ്മെസ് പറയുന്നു. ഫ്യുവല്‍സെല്‍ നിര്‍മിക്കുന്ന യു.ടി.സി.പവര്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് മൈക്ക് ബ്രൗണ്‍ പറയുന്നത്, തങ്ങള്‍ക്ക് ബ്ലൂംബോക്‌സിന്റെ കാര്യത്തില്‍ തെല്ലും അത്ഭുതം തോന്നുന്നില്ല എന്നാണ്.

അതേസമയം, ശ്രീധരന്‍ അവകാശപ്പെടുന്നതുപോലെ ബ്ലൂംബോക്‌സ് പ്രവര്‍ത്തിക്കില്ല എന്ന് കരുതാന്‍ ഒരു കാരണവുമില്ലെന്ന്, സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഫ്യുവല്‍സെല്‍ വിദഗ്ധന്‍ ഫ്രെഡ്രിക് പ്രിന്‍സ് പറയുന്നു. പുതിയ ഫിസിക്‌സോ ഏതെങ്കിലും പുതിയ നിയമങ്ങളോ ശ്രീധരനും കൂട്ടരും മുന്നോട്ടുവെയ്ക്കുന്നില്ല. മെറ്റീരിയല്‍ സയന്‍സിലെയും തെര്‍മോഡൈനാമിക്‌സിലെയും നിയമങ്ങള്‍ തിരിച്ചറിഞ്ഞ് അത് വിജയകരമായി ബ്ലൂംബോക്‌സിന്റെ വിജയത്തിന് ഉപയോഗിക്കുക മാത്രമാണ് അവര്‍ ചെയ്തിരിക്കുന്നത്-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'സാമ്പത്തികമായി അക്കാര്യം വിജയകരമായി അവര്‍ ചെയ്‌തോ എന്ന കാര്യം എനിക്കറിയില്ല'-പ്രിന്‍സ് പറയുന്നു. ഏതായാലും ഒരുകാര്യത്തില്‍ എല്ലാവര്‍ക്കും യോജിപ്പാണ്, ബ്ലൂംബോക്‌സിന്റെ ചെലവിലാണ് കാര്യമെന്നതില്‍. സൗരോര്‍ജ സെല്ലിനെക്കാളും കാറ്റാടിയന്ത്രത്തെക്കാളും ചെലവു കുറഞ്ഞാല്‍ മാത്രമേ ബ്ലൂംബോക്‌സിനു ഭാവിയുള്ളൂ.
(അവലംബം: വിവിധ വാര്‍ത്താറിപ്പോര്‍ട്ടുകള്‍)


17 comments:

Joseph Antony said...

പവര്‍ലൈനുകളും പവര്‍പ്ലാന്റുകളും ഇല്ലാത്ത കാലത്തെക്കുറിച്ച് ചിന്തിച്ചു നോക്കൂ. ഓരോ വീട്ടിലും ആവശ്യമായ വൈദ്യുതി അവിടെ തന്നെ ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥിതി. പുകയില്ല, ശബ്ദമില്ല, പരിസ്ഥിതിക്ക് ദോഷമില്ല. ഇത് ഭാവിയിലെപ്പോഴെങ്കിലും സൗരോര്‍ജസെല്ലുകള്‍ വഴി സംഭവിച്ചേക്കാവുന്ന കാര്യമല്ല. ഇന്ത്യക്കാരനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ കെ.ആര്‍. ശ്രീധരന്‍ അവകാശപ്പെടുന്നത് ശരിയാണെങ്കില്‍, അദ്ദേഹത്തിന്റെ കമ്പനി വികസിപ്പിച്ച 'ബ്ലൂംബോക്‌സ്' വഴി അടുത്ത് തന്നെ യാഥാര്‍ഥ്യമാകുന്ന സംഗതിയാണിത്.

ടോട്ടോചാന്‍ said...

ഇതെല്ലാം നടന്നിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. EEStor പോലെ ഉള്ള സൂപ്പര്‍കപ്പാസിറ്ററുകള്‍ കൂടി വരണം. പക്ഷേ ഇതുവരെ അതും പുറത്തിറങ്ങിയിട്ടില്ല. എല്ലാം വെറും 'പറച്ചില്‍' മാത്രമാവാതിരിക്കട്ടെ....

ഗ്രീഷ്മയുടെ ലോകം said...

2007 ൽ യാധാർഥ്യമാവുമെന്ന് കരുതിയ witricity എങ്ങും എത്തിയില്ലല്ലോ?. ഇതും അതുപോളുള്ള “ശാസ്ത്രീയ ഉടായിപ്പ്” ആവാൻ സാധ്യത ഉണ്ട്

ഗ്രീഷ്മയുടെ ലോകം said...

ഈ വിഷയത്തെ പറ്റി ഇപ്പോൾ വായിച്ച ഒരു കമന്റ്:I will say that based on my entirely unscientific pseudo-journalistic explorations on Google Maps, eBay does not appear to have any mysterious Shipstones* sitting in front of the building as the article suggests. In fact, it doesn't have any front lawn at all: It's in the middle of San Jose, California - it has parking lots. There are a couple of middling-sized lawns dotting elsewhere on the eBay campus, but there aren't any strange cubes on them of any size. Either the article's author doesn't have a sense of direction and eBay bought the hand-held version, or this entire thing is a fabrication of some kind.

edit: And another thing: I rather doubt that the rather small San Jose campus has a $100,000 a month power bill. That's the equivalent of a small university with 5,000 people. The eBay headquarters is four large buildings that hold maybe 2,000 employees.

edit2: Well, I watched the video, and it seems that the author (whose idiotic writing is probably contributing a lot to the skepticism) really just had no sense of direction and eBay bought the hand-held version. They have the Google CEO walking around the lawns in the middle of their campus and looking at some pretty diminutive boxes saying that everything works. Bloom has Colin Powell and a host of other relatively well-known figures saying that it works. Interesting. I'd suggest watching the video because the article is not representative of the content.

*Get it? It's a reference to Friday by Robert Heinlein, a wonderful sci-fi book. Seriously check it out, this mystery product is ripped from the pages of that novel. I mean, minus the balkanization of America part. (http://forums.somethingawful.com/showthread.php?threadid=3270722)

നന്ദന said...

കൂടിതൽ 'ബ്ലൂംബോക്‌സ്' ഉണ്ടാവട്ടെ വൈദ്യുതിക്ഷാമം അവസാനിക്കട്ടെ

തറവാടി said...

ഞാന്‍ വിശ്വസിച്ചു!

അമേരിക്കന്‍ വീടിനാവശ്യമുള്ള പവര്‍ ഒരു കിലോവാട്ടും , ഇന്‍ഡ്യന്‍ വീടുകള്‍ക്ക് ഇരുനുറ്റമ്പത് വാട്ടും എസ്റ്റിമേറ്റ് ചെയ്ത മെക്കാനിക്കല്‍ എഞ്ച്നീയറാണല്ലോ കണ്ട് പിടിച്ചത് ശെരിയാവാതെങ്ങിനെയാ!

അനില്‍@ബ്ലോഗ് // anil said...

മാഷോട് ഒരു റിക്വസ്റ്റാണ് ഉള്ളത്.
കുറിഞ്ഞി ഓണ്‍ലൈന്‍ ഒരു ആധികാരിക സംഗതിയായി കണക്കാക്കുന്ന കുറേ അധികം ആളുകള്‍ ഉണ്ട്, അവര്‍ക്ക് നിരാശ ഉണ്ടാകുന്ന ലേഖനങ്ങള്‍ ഇടാതിരിക്കുകയാവും നന്നാവുക. ഇതുപോലെയുള്ള കാര്യങ്ങളില്‍ അല്പം റഫറന്‍സ് കൂടി നടത്തിയിട്ട് ഇടാമല്ലോ.

ഏതായാലു റൊട്ടിയുടെ വലുപ്പമുള്ള ഈ മാന്ത്രികപ്പെട്ടി എന്തു തരും എന്ന് വലിയ ആലോചനയുടെ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.

Joseph Antony said...

അനില്‍@ബ്ലോഗ്,
ചെലവ് കണക്കാക്കിയാല്‍, വീടുകളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ബ്ലൂംബോക്‌സ് ഇപ്പോള്‍ ആയിട്ടുണ്ടെന്ന് അതിന്റെ നിര്‍മാതാക്കള്‍ പോലും അവകാശപ്പെടുന്നില്ല. നിലവില്‍ ഫ്രഡ്ജിന്റെ വലിപ്പമുള്ളവയാണ് വന്‍കിട കമ്പനികള്‍ ഉപയോഗിക്കുന്നത്, ലക്ഷക്കണക്കിന് ഡോളര്‍ ചെലവു വരുന്നത്. എന്നാല്‍, പത്തുവര്‍ഷം കഴിയുമ്പോഴേക്കും കഥ മാറിയേക്കും എന്നാണ് പ്രതീക്ഷ. പത്തു വര്‍ഷം കഴിയുമ്പോള്‍, ടെക്‌നോളജിയുടെ പോക്ക് വെച്ചു നോക്കിയാല്‍, റോട്ടിയുടെ വലിപ്പമുള്ള ഒരു ഉപകരണം എന്താകും നല്‍കുകയെന്ന് പറയാനാകുമോ? ചിലപ്പോള്‍ റൊട്ടിയുടെ വലിപ്പമുള്ള സൂപ്പര്‍കമ്പ്യൂട്ടര്‍ പോലും രംഗത്ത് വന്നുകൂടെന്നുണ്ടോ!

ശാസ്ത്രത്തിന്റെയും ടെക്‌നോളജിയുടെയും രംഗത്ത് സംഭവിക്കുന്ന പുതിയ ചലനങ്ങളെ പരിചയപ്പെടുത്തുന്ന ജേര്‍ണലിസ്റ്റിക് റിപ്പോര്‍ട്ടിങ് മാത്രമാണ് കുറിഞ്ഞി ഓണ്‍ലൈന്‍ ചെയ്യുന്നത്. അല്ലാതെ, ഒരു ഗവേഷണസൈറ്റില്‍ നിന്ന് ലഭിക്കുന്ന തരത്തിലുള്ള റഫറന്‍സുകളോ മറ്റോ (കഴിയുന്നത്ര നല്‍കാന്‍ ശ്രമിക്കാറുണ്ടെന്നത് ഓര്‍മിപ്പിക്കുന്നു) ഇവിടെ നിന്ന് പ്രതീക്ഷിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം, തീര്‍ച്ചയായും തിരുത്താം.

ബ്ലൂംബോക്‌സ് പോലെ തര്‍ക്കമുള്ള വിഷയങ്ങളില്‍ എതിര്‍ അഭിപ്രായം കൂടി ഉള്‍ക്കൊള്ളിക്കുക മാത്രമാണ് ചെയ്യാവുന്നത്. ഈ പോസ്റ്റിലും അതിന് ശ്രമിച്ചിട്ടുണ്ട്. അല്ലാതെ, ഇത് യാഥാര്‍ഥ്യമാകില്ല എന്നുള്ള ചിലരുടെ തികച്ചും പെസിമിസ്റ്റിക്കായ അഭിപ്രായം മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് ആരോഗ്യകരമായ സംഗതിയല്ല എന്നാണ് ഇതെഴുതുന്നയാളുടെ നിലപാട്.

തറവാടി said...

ബ്ലൂം ബോക്സിനെ പറ്റി 'പെസ്സിമിസ്റ്റായി' ഞാനും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട് അതു പക്ഷെ വലിപ്പത്തിലെ ചെറുപ്പം കൊണ്ടല്ല, ന്യൂക്ലിയാര്‍ ഫിസിക്സും , മൈക്രോ ടെക്ക്‌നോളജിയെയും പറ്റിയുമൊക്കെ അടിസ്ഥാനപരമായെങ്കിലും ഏതൊരാള്‍ക്കും അറിയുമല്ലോ.

ശെരിയായ ദിശയില്‍ നടക്കുന്ന ഒരു കണ്ടെത്തലിന്റെ രീതിയല്ല തുടക്കം മുതല്‍ ഇതിനുണ്ടായിട്ടുള്ളത്.
ബാല്യത്തില്‍ തന്നെ കൊമേര്‍ഷ്യലായാണ് ഇതിന്റെ കണ്ടെത്തലുകാരന്‍(?) പോയിട്ടുള്ളത് (പോകുന്നത്). ഈ പോസ്റ്റില്‍ വന്നതിന്റെ എത്രയോ മടങ്ങ് കാര്യങ്ങള്‍ പുറമെനിന്നും മനസ്സിലാക്കാനായിട്ടുണ്ട്.

മറ്റൊന്ന്, എനെര്‍ജി കണ്‍‌സര്‍ വേഷനെ പറ്റി പഠിക്കുന്ന/ ഗവേഷിക്കുന്ന ഒരു വ്യക്തിയുടെ അടിസ്ഥാനം തന്നെ വിഡ്ഡിത്തരമായതിനാലാണ്. അദ്ദേഹത്തിന്റെ കണക്കില്‍ ഒരു അമേരിക്കന്‍ വീടിന്റെ എസ്റ്റിമേറ്റഡ് പവര്‍ ആയിരം വാട്ടാണ്, ഒപ്പം , അമേരിക്കയിലുള്ള ഇന്‍ഡ്യന്‍ വീടിന്റേത് ഇരുനൂറ്റമ്പതും.

ഏറ്റവും അടിസ്ഥനമായ എനര്‍ജിയെപറ്റി ഇതുപോലുള്ള തെറ്റായി എസ്റ്റിമേഷന്‍ ചെയ്ത് ഒരു വ്യക്തിയാണ് എനെര്‍ജി കണ്‍സര്‍ വേഷനെപറ്റി കണ്ടുപിടിക്കാന്‍ (?) പോകുന്നത് എന്നതുകൊണ്ട് തന്നെയാണ് വിശ്വസിക്കാന്‍ പ്രയാസമുള്ളതും, ഉറുമ്പിന് ആനയെ പൊക്കാനാവില്ലെന്നാണ് എന്റെ വിശ്വാസം ;)

ശെരിയായി പ്രവൃത്തി ചെയ്യുന്നവന്‍ അത് പൂര്‍ണ്ണമാവാതെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കില്ല എന്ന സാമാന്യ തത്വവുമുണ്ടെന്ന് കരുതിക്കൊള്ളൂ, നമ്മടെ രാമര്‍ പെട്രോളിനെ ഓര്ക്കുക.

ജെ.എ. ഈ പോസ്റ്റിട്ടത്തില്‍ എനിക്ക് എതിര്‍പ്പോ താത്പര്യമോ ഒന്നുമില്ല, മാത്രമല്ല താങ്കള്‍ ഈ വിഷയത്തെപറ്റി പാസ്സീവായ ഒരു ശൈലിയാണല്ലോ എടുത്തിരിക്കുന്നതും :)

Joseph Antony said...

തറവാടി,

വിശദമായ കമന്റിന് നന്ദി.
എന്റെ നിലപാട് ഞാന്‍ പ്രകടിപ്പിച്ചു, താങ്കളുടെ അഭിപ്രായം താങ്ങളും...എങ്കിലും, ബ്ലൂം ബോക്‌സിന്റെ കാര്യത്തില്‍ 'രാമര്‍ പെട്രോളി'ന്റെ അത്രയും നിലവാരത്തിലേക്ക് പോകാമോ?

അമേരിക്കയിലെ എണ്ണപ്പെട്ട ഇരുപതോളം കമ്പനികള്‍ (ഗൂഗിളും വാള്‍മാര്‍ട്ടും ഇബേയും ഉള്‍പ്പടെ) തങ്ങളുടെ വൈദ്യുതിയുത്പാദനം കാര്യക്ഷമമാക്കാന്‍ ബ്ലൂംബോക്‌സ് ഉപയോഗിച്ച് തുടങ്ങിയെന്ന റിപ്പോര്‍ട്ട് വ്യാജമായിരിക്കുമോ. ഇബേ അവരുടെ വൈദ്യുതിയാവശ്യത്തില്‍ 15 ശതമാനം ഇങ്ങനെയുണ്ടാക്കുന്നു എന്നതും തട്ടിപ്പായിരിക്കുമോ, ഗൂഗിളും ഇബേയുമൊക്കെ കെ.ആര്‍.ശ്രീധരന്‍ നടത്തുന്ന തട്ടിപ്പിന് കൂട്ടുനില്‍ക്കുകയായിരിക്കുമോ?

ഒരുകാര്യം കൂടി, മെക്കാനിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദമുള്ള, അരിസോണ സര്‍വകലാശാലയിലെ സ്‌പേസ് ടെക്‌നോളജീസ് ലബോറട്ടറി (എസ്.ടി.എല്‍) യുടെ മേധാവിയായിരുന്ന, നാസയില്‍ ചൊവ്വാദൗത്യത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായിട്ടുള്ള ഒരാള്‍, അമേരിക്കന്‍ വീടിന്റെ എസ്റ്റിമേറ്റഡ് വൈദ്യുതിയാവശ്യം ഒരു കിലോവാട്ടാണെന്ന് പറയുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ. അത്തരത്തില്‍ വിശ്വസിക്കുന്നത് യുക്തിക്ക് നിരക്കുന്നതാണോ? അടിസ്ഥാനപരമായ ഇത്തരമൊരു അബദ്ധം പറയുന്നയാളെ അംഗീകരിക്കാന്‍ മാത്രം വിഡ്ഢികളാണോ ഗൂഗിള്‍ പോലുള്ള കമ്പനികള്‍

അപ്പോള്‍ കുഴപ്പം അദ്ദേഹം പറഞ്ഞത് പകര്‍ത്തിയെഴുതിയ ആളിന്റെയാകാന്‍ സാധ്യതയില്ലേ, അല്ലെങ്കില്‍ ഒരു ക്ലറിക്കല്‍ തകരാര്‍....! ഇക്കാര്യത്തില്‍ അങ്ങനെ കരുതുന്നതാകില്ലേ കൂടുതല്‍ യുക്തിക്ക് നിരക്കുക.

അനില്‍@ബ്ലോഗ് // anil said...

JA മാഷെ,
ബ്ലൂം ബോക്സ് എന്ന സംഗതി രാമര്‍ പെട്രോളിന് തുല്യമെന്ന രീതിയില്‍ തറവാടി പറഞ്ഞെന്ന് തോന്നുന്നില്ല. തറവാടി പറഞ്ഞ പോയന്റാവട്ടെ പ്രസക്തവും. ബ്ലൂം ബോക്സ് എന്നാല്‍ ഒരു സാധാരണ ഫ്യുവല്‍ സെല്ലില്‍ കൂടുതല്‍ എന്തെങ്കിലുമുണ്ടെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല, അപ്പോള്‍ പിന്നെ ഫുവല്‍ സെല്ലിന് ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തപ്പട്ട കാര്യങ്ങളില്‍ അധിഷ്ടിതമായി നമ്മള്‍ ചര്‍ച്ച ചെയ്യുക സ്വാഭാവികം മാത്രമല്ലെ? മാത്രമല്ല ഫ്യുവല്‍ സെല്‍ സാങ്കേതിക വിദ്യയുടെ മുന്നേറ്റം എന്ന രീതിയില്‍ അവതരിപ്പിക്കപ്പെടേണ്ട വിഷയം , ബ്ലൂ ബോക്സ് എന്ന കമേഴ്സ്യല്‍ പ്രോഡക്റ്റിന്റെ പരസ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ടാണ് ബ്രെഡ് സൈസുള്ള സെല്‍ വീട്ടാവശ്യങ്ങള്‍ നിറവേറ്റും എന്ന പ്രസ്ഥാവന തട്ടിപ്പാവാന്‍ സാദ്ധ്യതയുണ്ടെന്ന കമന്റ് വന്നത്.

ഫ്യുവല്‍ സെല്‍ ചെറുതാവട്ടെ, പക്ഷെ അതിലേക്ക്‍ ആവശ്യമായ ഉയര്‍ന്ന ഊഷ്മാവ്, നാചുറല്‍ ഗാസ്, ഓക്സിജന്‍ തുടങ്ങിയ കൂടി കണക്കിലെടുക്കുമ്പോള്‍ വലുപ്പം പ്രസക്തമല്ലാതെ വരുന്നു.

ഓപ്റ്റിമിസ്റ്റിക്കാവുന്നതാണ് മുന്നോട്ടുള്ള പോക്കിന് നല്ലത്, പക്ഷെ അല്പം ജാഗ്രത കൂടി വേണം എന്ന് മാത്രം.

Joseph Antony said...

അനില്‍@ബ്ലോഗ്,
തീര്‍ച്ചയായും നിങ്ങള്‍ പറഞ്ഞത് പ്രസക്തമാണ്.
പക്ഷേ, ബ്ലൂംബോക്‌സ് ഒരു കൊമേഴ്‌സ്യല്‍ പ്ലോഡക്ട് തന്നെയല്ലേ, അങ്ങനെ തന്നെ വേണ്ടേ അവതരിപ്പിക്കപ്പെടാന്‍. ആപ്പിളിന്റെ ഐപാഡും ഗൂഗിളിന്റെ ബസുമെല്ലാം അവതരിപ്പിക്കപ്പെടുന്നതും അത്തരത്തില്‍ തന്നെയല്ലേ. കൊമേഴ്‌സ്യല്‍ പ്രോഡക്ട് എന്നാല്‍ തട്ടിപ്പ് എന്നാണോ മനസിലാക്കേണ്ടത്.

തറവാടി said...

JA,

അനില്‍@ബ്ലോഗിനുള്ള താങ്കളുടെ കമന്റ് കണ്ടപ്പോള്‍, ഒരു ചെറിയ വിമര്‍ശനം പോലും താങ്കള്‍ക്ക് അസഹ്യമായി തോന്നിയോ എന്നൊരു തോന്നലാണ് വീണ്ടും ഇവിടെ വരാന്‍ കാരണം.
വീണ്ടും താങ്കള്‍ ന്യായീകരിക്കുന്നതുകണ്ടപ്പോള്‍ തോന്നിയതാണ് :)

ഇതുപോലൊരു ബ്ലോഗില്‍ ഇങ്ങനെയൊക്കെ കമന്റുകള്‍ ഇടേണ്ടിവരുന്നതില്‍ സ്വല്‍‌പ്പം ഖേദമുണ്ടെങ്കിലും ആളുകളെയും കാഴ്ചപ്പാടുകളേയും മനസ്സിലാക്കാനും കൂടുതല്‍ വ്യക്തതവരുന്നതിനും കാരണമുള്ളതില്‍ സന്തോഷവുമുണ്ട്.

അനിലിന്റെ കമന്റില്‍ നിന്നും മനസ്സിലാക്കാവുന്നതുപോലെ ചില ബ്ലോഗുകളില്‍ നിന്നും പ്രതീക്ഷിക്കുന്ന ചിലതുണ്ട്, അത് വായനക്കാരന്റെ പ്രശ്നമാണെന്ന് പറയാമെങ്കിലും എഴുത്തുകാരനുള്ള അംഗീകാരമാണെന്നാണ് എന്റെ പക്ഷം.

ആ അംഗീകാരം തുറന്നു സമ്മതിച്ചതിനെ ഇതുപോലെ ബന്ധപ്പെടുത്താനാവാത്ത ഉദാഹരണങ്ങള്‍ വെച്ച് ന്യായീകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് സൂചിപ്പിച്ച് അടുത്ത നല്ലൊരു പോസ്റ്റിന് കാത്തിരിക്കുന്നു

ഗ്രീഷ്മയുടെ ലോകം said...

ഈ “സാങ്കേതിക വിദ്യ“ യെ സംശയത്തോടെ വീക്ഷിക്കാൻ പല കാരണങ്ങളും ഉണ്ട്. അതിൽ ചിലത് താഴെ കൊടുക്കുന്നു.
1. ഫ്യുവൽ സെൽ സാങ്കേതിക വിദ്യ യാൽ പ്രവർത്തിക്കുന്ന ഒന്നാണ് BLOOM BOX എന്നും, അതിന്റെ പ്രവർത്തന ക്ഷമത നിലവിലുള്ള ഫ്യുവൽ സെല്ലുകളെക്കാൾ മെച്ചമാണെന്നും അതിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നു. എന്നാൽ നിലവിലുള്ള ഫ്യുവൽ സെൽ സാങ്കേതിക വിദ്യയെക്കാൾ എത്രശതമാനം കൂതലാണ് ഇതിന്റെ എഫിഷൻസി എന്ന് പറയുന്നതേ ഇല്ല. പകരം പ്രകൃതിവാതകം കത്തിച്ച് വെള്ളം നീരാവിയാക്കി പ്രവർത്തിക്കുന്ന ഒരു ടർബൈനുമായിട്ടാണ് താരതമ്യം ചെയ്യുന്നത്!
2. പ്രകൃതി വാതകമോ, ബയൊ ഗ്യാസോ ഇന്ധനമായി ഉപയോഗിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും, ഒരു യൂണിറ്റ് വൈദ്യതി ഉത്പാദിപ്പിക്കാൻ എത്രമാ‍ത്രം ഇന്ധനം വേണമെന്ന് ഒരിടത്തും പറയുന്നില്ല.
3. ബ്ലൂം എനെർജി കോർപ്പറേഷന്റെ പേരിൽ കണ്ട പേറ്റന്റ് ഫ്യുവൽ സെല്ലിനെ പറ്റി മാത്രമാണ് വിശദീകരിക്കുന്നത്. ഈ പേറ്റന്റിൽ ഉന്നയിക്കുന്ന അവകാശവാദങ്ങളിൽ ഇതിന്റെ പ്രയോഗക്ഷമതയെ പറ്റിയുള്ള വിവരമില്ല. ഈ പേറ്റന്റിന്റെ ഉടമ “ബ്ലൂം എനർജി“ ആണെങ്കിലും അതിൽ ഡൊ. ശ്രീധറിന്റെ പേരില്ല.
4. എന്നാൽ പേറ്റന്റ് തെരഞ്ഞപ്പോൾ, ശ്രീ. ശ്രീധരന്റെ പേരിൽ ഒരു പേറ്റന്റ്റ് കണ്ടെത്തി. (പേറ്റന്റ് നമ്പർ US20090246596).ഈ പേറ്റന്റ് ഇലക്ട്രിക്ക് വാഹനങ്ങൾക്കു ഉപയോഗിക്കാവുന്ന, സോളിഡ് ഓക്സൈഡ് ഫ്യുവൽ സെൽ (SOFC) അധിഷ്ഠിതമായിട്ടുള്ള ബാറ്ററി ചാർജറിനെ കുറിച്ചുള്ളതാണ്. ഈ പേറ്റന്റിലെ ക്ലെയ്മിലും, ഇതിന്റെ വലുപ്പക്കുറവിനെ പറ്റിയോ, efficiency യെ പറ്റിയോ വലിയ അവകാശവാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ല.
5. സോളിഡ് ഓക്സൈഡ് ഫ്യുവൽ സെൽ (SOFC) ഉണ്ടാക്കുന്ന വേറെയും കമ്പനികൾ നിലവിലുണ്ട്. ഏകദേശം 60 ശതമാനത്തോളം efficiency ഇത്തരം സെല്ലുകൾ തരുന്നുണ്ട്. ബ്ലൂം എനർജി സെല്ലുകൾ നിലവിലുള്ള ഫ്യുവൽ സെല്ലിനെക്കാൾ എത്രമാത്രം മെച്ചമാണെന്നതിനു യാതൊരു തെളിവും കാണുന്നില്ല.

ഗ്രീഷ്മയുടെ ലോകം said...

6. ബ്ലൂം എനർജി കമ്പനിയുടെ വെബ് സൈറ്റിൽ 100 കിലൊ വാട്ടിന്റെ ബ്ലൂം ബോക്സിന്റെ വിവരങ്ങൾ കൊടുത്തിരിക്കുന്നു. അതിൽ നിന്ന് കിട്ടിയ വിവരങ്ങൾ അനുസരിച്ച് ഇത് വീട്ടാവശ്യത്തിനു ഒരു റൊട്ടിയുടെ
വലിപ്പത്തിൽ ഉണ്ടാക്കാൻ കഴിയുമെന്നു കരുതിന്നില്ല. 100 കിലൊ വാട്ടിനു 10 ടൺ ആണ് ഭാരം.
അത്തരം ജനറേറ്ററിന്റെ total efficiency 50 ശതമാനമേ വരൂ. അതായത് ഏകദേശം 50 കിലൊ വാട്ടിനു തുല്യമായ ഊർജം താപമായി നഷ്ടപ്പെടും. 50 ശതമാനം efficiency, ഒരു ഗ്യാസ് ടർബൈനിന്റേതിനെക്കാൾ ഭേദമാണെന്ന് അവകാശപ്പെടാമെങ്കിലും, മറ്റ് കമ്പനികളുടെ ഫ്യുവൽ സെല്ലിനേക്കാൾ മെച്ചം ആണെന്നു പറയാനാവില്ല.
7. ബ്ലൂം എനർജി കമ്പനിയുടെ ഫ്യുവൽ സെൽ ചെറുതാണെന്ന് സമ്മതിച്ചാൽ പോലും ഒരു മൊത്തം ജനറേറ്ററിന്റെ വലിപ്പം വളരെ കൂടുതലായിരിക്കും; കാരണം, ഇന്ധനം, 15 psig പ്രഷറിലേക്ക് ഉയർത്താനുള്ള കമ്പ്രസ്സർ, താപം വികിരണം ചെയ്ത് മാറ്റാനുള്ള ഹീറ്റ് സിങ്ക്, ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രജൻ സ്വീകരിക്കാനുള്ള ടാങ്കുകൾ, ഫ്യുവൽ സെല്ലിൽ നിന്നും കിട്ടുന്ന ഡയരക്റ്റ് കറന്റിനെ (DC) ആൾടർനേറ്റിംഗ് കറന്റ് (AC) ആക്കി മാറ്റാനുള്ള ഇൻ വെർട്ടർ, എനർജി നിയന്ത്രണ സംവിധാനം, സുരക്ഷിതത്വം ഉറപ്പാക്കുന്ന സംവിധാനം എന്നിവ കൂടിച്ചേർന്നാൽ വലിപ്പം വളരെ കൂടും.
8. പുകയില്ല, ശബ്ദമില്ല, പരിസ്ഥിതിക്ക് ദോഷമില്ല, എന്നൊക്കെപ്പറയുന്നതിലും വലിയ കഴമ്പുണ്ടെന്ന് കരുതാനാവില്ല. മാലിന്യ വാതകങ്ങളുടെ എമിഷൻ ഉണ്ടെന്നു തന്നെയാണ് തോന്നുന്നത്:
എമിഷൻ:
NOx < 0.07 lbs/MW-hr
SOx negligible
CO < 0.10 lbs/MW-hr
VOCs < 0.02 lbs/MW-hr
CO2 @ specified efficiency 773 lbs/MW-hr on natural gas,
(ഈ അളവുകൾ ഒരു ഗ്യാസ് ടർബൈനിനെ സംബ്ധിച്ചിടത്തോളം കുറവു തന്നെയാണ്)
അതുപോലെ തെന്നെ ശബ്ദ ശല്യം ഒട്ടും ഇല്ല എന്നതും തെറ്റായ പ്രസ്താവനയാണ്. 100 കിലോവാട്ടിന്റെ ബ്ലൂം ബോക്സ് ഏകദേശം 70 db ( ഒരു വാക്വം ക്ലീനർ അല്ലെങ്കിൽ ഗതാഗതത്തിരക്കേറിയ റോഡിലേ ശബ്ദത്തിനു സമാനമായ) ഒച്ച ഉണ്ടാക്കുമെന്ന് സ്പെസിഫിക്കേഷൻ വായിച്ചാൽ മനസ്സിലാവും.
ഏതായാലും, ബ്ലൂമ്ം എനർജിയുടെ അഡ്വെർടൈസ്മെന്റ് കാമ്പയിൻ ഒരു വൻ വിജയം തന്നെ ആയി. പിന്നെ ഭീമൻ കമ്പനിക്കാരുടെ സാക്ഷ്യ പത്രം: അതും ഒരു പരസ്യത്തിന്റെ ഭാഗം തന്നെയാണ്. മോഹൻലാലിനെയും, , മുകേഷിനെയുമൊക്കെ കൊണ്ട് സ്വർണക്കടക്കാർ ചെയ്യുന്ന പരസ്യം പോലൊരു സംഗതി എന്നു മാത്രം കരുതിയാൽ മതി.
അല്ലെങ്കിൽ, ഗൂഗിളിനേയും ഈബേയേയും, വാൾമാർട്ടും പറയുന്നത് നമുക്ക് വിശ്വസിക്കാം - വിശ്വാസമല്ലേ എല്ലാം
ഇത്രയും വിശദമായി എഴുതിയത് കൊണ്ട് എന്നെയും പെസ്സിമിസ്റ്റായി മുദ്രകുത്തുമൊ ആവോ? bloom box എന്നതിന്റെ പൊള്ളയായ അവകാശവാദത്തെയാണു, തറവാടിയും, അനിലുമൊക്കെ വിമർശിച്ചത്.ബ്ലൂം എനർജിക്ക് അവരുടെ പ്രൊഡക്റ്റ് വിൽക്കാൻ ഇതൊക്കെ ആവാം, എന്നാൽ കുറിഞ്ഞി ഓൺ ലൈനിനു, അത്തരം വ്യപാര താല്പര്യങ്ങൾ ഉണ്ടോ?

ടോട്ടോചാന്‍ said...

ബ്ലൂം ബോക്സ് ഇത്രയും നല്ലൊരു ചര്‍ച്ചയാവാന്‍ കാരണമായ കുറിഞ്ഞി ഓണ്‍ലൈനിന് അഭിനന്ദനം.
ഒരു ഉല്‍പ്പന്നത്തിന്റെ മികവുകളും കുറവുകളും ചര്‍ച്ചകളിലൂടെ മനസ്സിലാക്കാമല്ലോ... പിന്നെ ഒന്നും കണ്ണുമടച്ച് വിശ്വസിക്കാത്ത ജനത ബ്ലോഗിലും സജീവമാണ് എന്നറിയുന്നതിലും ഒത്തിരി സന്തോഷമുണ്ട്....
'കുബേരകുഞ്ചി' വിറ്റു പോകുന്ന കാലമാണിതെന്നും ഓര്‍ക്കണം...

mallukkuttan said...

മ്മടെ ആ മോഡേണ്‍ ബ്രെഡ് ഫാക്റ്ററി ഇപ്പോ പാട്ടത്തിനു കൊടുത്തിരിക്കേല്ലേ. അത് തിരിച്ച് വാങ്ങി ഇത്തരം റോട്ടി നിര്‍മ്മിച്ചാലോ?