Tuesday, February 09, 2010

കാശുപോകുമെന്ന പേടിയോ; കാരണം 'അമിഗ്ദാല'


പണം നഷ്ടപ്പെട്ടേക്കുമെന്ന പേടി മൂലം ഓഹരി വിപണിയില്‍ ഇറങ്ങാന്‍ മടിക്കുന്നയാളാണോ നിങ്ങള്‍, ചൂതാട്ടമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ ഭീതി ഉണരാറുണ്ടോ, ആവശ്യത്തിനും ആവശ്യമില്ലാത്തതിനും കാശിന്റെ കാര്യമോര്‍ത്ത് ഉത്ക്കണ്ഠപ്പെടാറുണ്ടോ ? എങ്കില്‍ അത് വെറുതെ സംഭവിക്കുന്നതല്ല. തലച്ചോറിലെ 'അമിഗ്ദാല' (amygdala) യെന്ന മസ്തിഷ്‌കഭാഗമാണ് ഇതിന് പിന്നിലെന്ന് ആദ്യമായി തിരച്ചറിഞ്ഞിരിക്കുകയാണ് ഗവേഷകലോകം.

സാമ്പത്തിക ക്രയവിക്രയവുമായി ബന്ധപ്പെട്ട മനുഷ്യസ്വഭാവത്തിന്റെ ഉറവിടം തിരിച്ചറിയുന്നതിലാണ് ഇതുവഴി ഗവേഷകര്‍ വിജയിച്ചിരിക്കുന്നത്. കാശ് പോകാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ (കിട്ടാന്‍ അത്ര തന്നെ സാധ്യയുണ്ടെങ്കില്‍ പോലും) അതൊഴിവാക്കാന്‍ അമിഗ്ദാലയെന്ന മസ്തിക്കഭാഗമാണ് നമ്മളെ പ്രേരിപ്പിക്കുന്നതായി, 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി' (PNAS) ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

അമേരിക്കയില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്) യിലെ ന്യൂറോസയന്റിസ്റ്റായ ഡോ. ബെനെഡറ്റോ ഡി മാര്‍ട്ടിനോയും സംഘവുമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. അപൂര്‍വമായൊരു ജനിതകത്തകരാര്‍ മൂലം അമിഗ്ദാല നശിച്ചുപോയ രണ്ടുപേരും, ആ മസ്തിഷ്‌ക്കഭാഗത്തിന് കുഴപ്പമൊന്നുമില്ലാത്ത മറ്റൊരു ഗ്രൂപ്പിനെയുമാണ് പഠനവിധേയമാക്കിയത്.

കാശ് നഷ്ടപ്പെടാന്‍ സാധ്യതയില്ലാത്തതും, നഷ്ടപ്പെടാനും നേടാനും തുല്യസാധ്യതയുള്ളതും, കാശ് പോകാന്‍ ഏറെ സാധ്യതയുള്ളതുമായ ചൂതാട്ടങ്ങള്‍ക്ക് ഇവരെ വിധേയമാക്കുകയാണ് ഗവേഷകര്‍ ചെയ്തത്. കാശ് പോകാനും കിട്ടാനും തുല്യസാധ്യതയുള്ള ഗെയിമില്‍പ്പോലും പണം മുടക്കാന്‍, അമിഗ്ദാലയ്ക്ക് തകരാറില്ലാത്തവര്‍ മടിച്ചു. എന്നാല്‍, തകരാറുള്ളവര്‍ കാശിന്റെ കാര്യത്തിലുള്ള വേവലാതി ഒഴിവാക്കി കൂടുതല്‍ റിസ്‌ക്കുള്ള ഗെയിമുകളില്‍ പങ്കെടുക്കാന്‍ തയ്യാറായി.
ഇത്തരം ചൂതാട്ടഗെയിമുകള്‍ പല തരത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ ലഭിച്ച സ്‌കോര്‍ ഉപയോഗിച്ച് ഇരുവിഭാഗത്തെയും താരതമ്യം ചെയ്തപ്പോഴാണ്, കാശുപോകുമെന്ന പേടിയുടെ ഉറവിടം അമിഗ്ദാലയാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. വൈകാരികമായ ഓര്‍മകള്‍ തലച്ചോറില്‍ സൂക്ഷിക്കപ്പെടുന്ന ഭാഗം അമിഗ്ദാലയാണെന്ന് മുമ്പുതന്നെ ഗവേഷകലോകത്തിന് സൂചന കിട്ടിയിരുന്നു. എന്നാല്‍, ഈ മസ്തിഷ്‌ക്കഭാഗത്തിന്റെ ധര്‍മങ്ങള്‍ അതുകൊണ്ട് അവസാനിക്കുന്നില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

'കോടിപതി പരിപാടിയില്‍ നിങ്ങള്‍ പങ്കെടുക്കുകയാണെന്ന് സങ്കല്‍പ്പിക്കുക. അഞ്ചുലക്ഷത്തിന്റെ ചോദ്യത്തിന് നിങ്ങള്‍ ശരിയായി ഉത്തരം നല്‍കി. ഇനി അവസാനത്തെ ചോദ്യമാണ്. അതിന് ശരിയായ ഉത്തരമാണെങ്കില്‍ പത്തുലക്ഷം കിട്ടും. ഉത്തരം തെറ്റിയാല്‍, നിങ്ങള്‍ക്ക് 32000 മാത്രമേ കിട്ടൂ. പത്തുലക്ഷം കിട്ടാന്‍ 50 ശതമാനം സാധ്യതയുണ്ട്. എങ്കിലും മിക്കവരും അവസാനത്തെ ചോദ്യം വേണ്ടെന്ന് വെച്ച് അഞ്ചുലക്ഷംകൊണ്ട് തൃപ്തിപ്പെടുകയാണ് പതിവ്'-ഡോ. മാര്‍ട്ടിനോ ചൂണ്ടിക്കാട്ടുന്നു.

കിട്ടിയത് പോകുമോ എന്ന പേടിയാണ് 50 ശതമാനം വിജയസാധ്യതയുണ്ടായിട്ടും റിസ്‌ക് ഏറ്റെടുക്കുന്നതില്‍ നിന്ന് മിക്കവരെയും തടയുന്നത്. ആ പേടിയുടെ ഉറവിടം അമിഗ്ദാലയാണോ എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്.

'അമിഗ്ദാല ശരിക്ക് പ്രവര്‍ത്തിക്കുകയെന്നാല്‍ പണത്തിന്റെ കാര്യത്തില്‍ ഒരാള്‍ കൂടുതല്‍ കരുതലുള്ളയാളാകും'-പഠനത്തില്‍ പങ്കുവഹിച്ച പ്രൊഫ. റാല്‍ഫ് അഡോള്‍ഫ്‌സ് പറയുന്നു. കാശുപോകുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു മുതല്‍ ദൈനംദിന സാമ്പത്തികകാര്യങ്ങളിലെ തീരുമാനങ്ങളില്‍ വരെ അമിഗ്ദാല പങ്കുവഹിക്കുന്നുവെന്നാണ് ഗവേഷകര്‍ കരുതുന്നത്. (അവലംബം: PNAS, കാല്‍ടെക്കിന്റെ വാര്‍ത്താക്കുറിപ്പ്)

6 comments:

Joseph Antony said...

പണം നഷ്ടപ്പെട്ടേക്കുമെന്ന പേടി മൂലം ഓഹരി വിപണിയില്‍ ഇറങ്ങാന്‍ മടിക്കുന്നയാളാണോ നിങ്ങള്‍, ചൂതാട്ടമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ ഭീതി ഉണരാറുണ്ടോ, ആവശ്യത്തിനും ആവശ്യമില്ലാത്തതിനും കാശിന്റെ കാര്യമോര്‍ത്ത് ഉത്ക്കണ്ഠപ്പെടാറുണ്ടോ ? എങ്കില്‍ അത് വെറുതെ സംഭവിക്കുന്നതല്ല. തലച്ചോറിലെ 'അമിഗ്ദാല' (amygdala) യെന്ന മസ്തിഷ്‌കഭാഗമാണ് ഇതിന് പിന്നിലെന്ന് ആദ്യമായി തിരച്ചറിഞ്ഞിരിക്കുകയാണ് ഗവേഷകലോകം.

ടോട്ടോചാന്‍ said...

അമിഗ്ദലയുടെ പ്രഭാവം അഥവാ "അമിഗ്ദലം" കൂടിയാലും പ്രശ്നമാകും...
പിശുക്കരില്‍ ഇതായിരിക്കാം കാരണം അല്ലേ?

നന്ദന said...

അമിഗ്ദലം പുതിയ അറിവിന് നന്ദി

sainualuva said...

ഇനി ഇപ്പൊ ഇതും എനിക്ക് ഉണ്ടോ എന്നാ ടെന്‍ഷന്‍ ആയി ....ഹഹ ....അറിവ് നല്‍കിയതിനു നന്ദി മാഷെ ......

ഇഞ്ചൂരാന്‍ said...

എങ്കില്‍ ഇനി അടുത്ത
'കോടിപതി പരിപാടിയില്‍ പോകുമ്പോള്‍ ഈ ഭാഗം operatu ചെയ്തു കളഞ്ഞിട്ടു വേണം അല്ലെ പോകാന്‍ ??

Joseph Antony said...

ടോട്ടോചാന്‍,
നന്ദന,
sainualuva,
ഇഞ്ചൂരാന്‍,

ഈ സംഭവം കണ്ട് ഇവിടെയെത്തി അമിഗ്ദാലത്തെക്കുറിച്ച് വേവലാതിപ്പെട്ട നിങ്ങള്‍ക്കെല്ലാം എന്റെയും വേവലാതി അറിയിച്ചുകൊള്ളുന്നു.

ടോട്ടോചാന്‍, പിശുക്കിന്റെ ഉസ്താദ്മാരായ ചിലര്‍ ഈ വാര്‍ത്ത വായിച്ചിട്ട്, 'എന്റെ അമിഗ്ദാലമേ' എന്ന് വിലപിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഇഞ്ചൂരാന്‍, ഐഡിയ കൊള്ളാം, സെര്‍ജീ. ഓപ്പറേറ്റ് ചെയ്തിട്ട് പൊയ്‌ക്കോ, പക്ഷേ ഭാര്യയുടെ അനുവാദം വാങ്ങിവേണം കടുംകൈ ചെയ്യാന്‍.

സൈനുദ്ദീന്‍, ടെന്‍ഷനെന്തിന്, ടേക് ഇറ്റ് ഈസി.