ചാള്‍സ് ഡാര്‍വിന്‍ ജനിച്ചിട്ട് ഇന്ന് ഇരുന്നൂറ് വര്‍ഷം തികയുന്നു. വിഖ്യാതമായ തന്റെ സമുദ്രപര്യടനത്തിനിടെ ജീവലോകത്തെ പരസ്‌പരബന്ധത്തെക്കുറിച്ച് ഡാര്‍വിന്റെ മനസില്‍ പതിഞ്ഞ നേരിയ വെളിച്ചം, ഇപ്പോള്‍ ശാസ്‌ത്രലോകത്തെയാകെ നയിക്കുന്ന വെള്ളിവെളിച്ചമായി മാറിയിരിക്കുന്നു. സമാനതകളില്ലാത്ത ഒരു പ്രതിഭാസമാണ് ഡാര്‍വിന്‍. എന്നിട്ടും ആ മഹാശാസ്‌ത്രജ്ഞനെയും അദ്ദേഹത്തിന്റെ സിദ്ധാന്തത്തെയും വിവാദം വിട്ടൊഴിയുന്നില്ല.
വലിയ സിദ്ധാന്തങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്ന കാര്യം ഏറ്റവും ശരിയാവുക ഒരുപക്ഷേ, ചാള്‍സ് ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച പരിണാമസിദ്ധാന്തത്തിന്റെ കാര്യത്തിലാകും. ജീവലോകത്തിന്റെ അടിസ്ഥാനബന്ധത്തെപ്പറ്റി ആവിഷ്‌ക്കരിച്ച ആ സിദ്ധാന്തത്തെ, ഡാര്‍വിന്‍ ജനിച്ചിച്ച് 200 വര്‍ഷം തികയുമ്പോഴും വിവാദം വിട്ടൊഴിഞ്ഞിട്ടില്ല. ഇന്നത്തെ നിലയ്‌ക്ക് അത് ഉടനെയൊന്നും കെട്ടടങ്ങുന്ന മട്ടുമില്ല. തനിക്ക് 50 വയസ്സുള്ളപ്പോള്‍ ഡാര്‍വിന്‍ വെളിപ്പെടുത്തിയ ആ സിദ്ധാന്തം പക്ഷേ, എല്ലാ വിവാദങ്ങളെയും എതിര്‍പ്പുകളെയും അതിജീവിച്ച് ശാസ്‌ത്രത്തിലെ ഏറ്റവും വലിയ ചാലകശക്തിയായി ഇന്ന് മാറിയിരിക്കുന്നു എന്നതാണ് വാസ്‌തവം. അതുകൊണ്ടാണ് ഡാര്‍വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികവും പരിണാമസിദ്ധാന്തത്തിന്റെ നൂറ്റമ്പതാം വാര്‍ഷികവും ശാസ്‌ത്രലോകം അത്യുത്സാഹപൂര്‍വം ആഘോഷിക്കുന്നത്.
ഇരുന്നൂറ് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് (1809 ഫിബ്രവരി 12-ന്) ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ ജനിച്ചത്; ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബറിയില്‍ ഒരു സമ്പന്ന കുടുംബത്തില്‍. (മറ്റൊരു യുഗസൃഷ്ടാവായ എബ്രഹാം ലിങ്കണ്‍ അത്‌ലാന്റിക്കിന് മറുകരെ കെന്റക്കിയില്‍ ജനിച്ചതും ഇതേ ദിവസമാണ്). ഡോക്ടറായ റോബര്‍ട്ട് ഡാര്‍വിന്‍ ആയിരുന്നു പിതാവ്. ഡാര്‍വിന് വെറും എട്ടു വയസ്സുള്ളപ്പോള്‍ അമ്മ ജൊസിയ വെഡ്‌ജ്‌വുഡ് മരിച്ചു. തന്നെപ്പോലെ മകനും ഡോക്ടറാകണമെന്നായിരുന്നു റോബര്‍ട്ട് ഡാര്‍വിന്റെ ആഗ്രഹം. മകന് വിധി കരുതിവെച്ചത് പക്ഷേ, പ്രകൃതിപഠനമായിരുന്നു; അതും നിയമപഠനവും വൈദികപഠനവും പരാജയപ്പെട്ടതിന് ശേഷം.
ഡാര്‍വിന്‍ ജനിക്കുമ്പോള്‍ ലോകം വളരെ വ്യത്യസ്‌തമായിരുന്നു. ഭൂമിക്ക് പ്രായം വെറും 6000 വര്‍ഷം മാത്രമെന്നായിരുന്നു ധാരണ. ആറ്റങ്ങളെ സംബന്ധിച്ച ആധുനികസിദ്ധാന്തത്തിന് വെറും ആറ് വയസ്സ് മാത്രം പഴക്കം. പ്രകൃതി നിറയെ അത്ഭുതങ്ങളായിരുന്നു. ജീവലോകം ഏറ്റവും വലിയ അത്ഭുതം. എല്ലാറ്റിനും പിന്നില്‍ ഒരു അദൃശ്യശക്തിയുടെ സാന്നിധ്യമുണ്ടെന്നത് കാലങ്ങളായുള്ള വിശ്വാസമായിരുന്നു. പ്രകൃതി മുഴുവന്‍ നിയന്ത്രിക്കപ്പെടുന്നത് ദൈവത്തിന്റെ നിയമത്താലാണെന്നത് അംഗീകൃത വസ്‌തുതയായി നിലകൊണ്ടു. കാലങ്ങളായുള്ള ആ വിശ്വാസപ്രമാണത്തെയാണ് ഡാര്‍വിന് വെല്ലുവിളിക്കേണ്ടിയിരുന്നത്. 1859-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'ജീവജാതികളുടെ ഉത്ഭവം' എന്ന, ഇന്നും 'വിറ്റുതീരാത്ത' ഗ്രന്ഥത്തില്‍, ആ വെല്ലുവിളി അദ്ദേഹം ഉയര്‍ത്തി. 'പ്രകൃതിനിര്‍ധാരണ'ത്തെ അടിസ്ഥാനമാക്കിയുള്ള പരിണാമസിദ്ധാന്തമായിരുന്നു ആ വെല്ലുവിളി. പ്രകൃതി പ്രവര്‍ത്തിക്കുന്നത് പ്രകൃതിയുടെ തന്നെ നിയമങ്ങളാലാണെന്നും അതിന് അദൃശ്യശക്തിയുടെ പിന്‍ബലം വേണ്ടെന്നും ആ സിദ്ധാന്തം അടിവരയിട്ടുറപ്പിച്ചു.
ഒറ്റത്തവണയേ ഡാര്‍വിന്‍ ഇംഗ്ലണ്ടിന് പുറത്ത് പോയിട്ടുള്ളു. അത് എച്ച്.എം.എസ്.ബീഗിള്‍ എന്ന കപ്പലില്‍ നടത്തിയ സമുദ്രയാത്രയാണ്. ശാസ്‌ത്രചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ പര്യടനം. 1831-ല്‍ തുടങ്ങി അഞ്ചുവര്‍ഷവും രണ്ട് ദിവസവും നീണ്ട യാത്ര പര്യവസാനിക്കുമ്പോള്‍ ഡാര്‍വിന്റെ പക്കല്‍ 368 പേജ് ജന്തുശാസ്‌ത്രകുറിപ്പുകളും 1383 പേജ് ഭൗമശാസ്‌ത്രക്കുറിപ്പുകളും 770 പേജ് നിറയുന്ന ഡയറിയും ഉണ്ടായിരുന്നു. ഒപ്പം ഭരണികളില്‍ ചാരായത്തില്‍ സൂക്ഷിച്ച 1529 ജീവികളും ഉണക്കി സൂക്ഷിച്ച 3907 സാമ്പിളുകളും ഫോസിലുകളുടെ വലിയൊരു ശേഖരവും (ഗാലപോഗസ് ദ്വീപില്‍നിന്ന് ജീവനോടെ കൊണ്ടുപോന്ന ആമ വേറെയും). ഒരായുഷ്‌ക്കാലത്തേക്ക് വേണ്ട ഊര്‍ജ്ജവും ഭാവിയില്‍ താന്‍ കണ്ടെത്താനിരിക്കുന്ന സുപ്രധാന സിദ്ധാന്തത്തിനുള്ള തെളിവുകളും ഉള്‍ക്കാഴ്‌ചയും, സര്‍വോപരി പ്രശസ്‌തിയും ഡാര്‍വിന് നേടിക്കൊടുത്തത് ആ കപ്പല്‍യാത്രയാണ്.
പരിണാമ സങ്കല്‍പ്പം ഡാര്‍വിന്റേതല്ല. പുരാതന ഗ്രീസില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണത്. ഡാര്‍വിന്റെ പ്രസക്തി എന്താണെന്നു ചോദിച്ചാല്‍, ഊഹങ്ങളുടെയും ചില ധാരണകളുടെയും മുകളില്‍ കാലങ്ങളായി നിലകൊണ്ട പരിണാമമെന്ന സങ്കല്‍പ്പത്തിന് ശക്തമായ ശാസ്‌ത്രീയ അടിത്തറ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ്. പരിണാമ പ്രക്രിയയ്‌ക്ക് ചരിത്രത്തിലാദ്യമായി തൃപ്‌തികരമായ ഒരു ശാസ്‌ത്രീയ വിശദീകരണം നല്‍കിയത് ഡാര്‍വിനാണ്. ശാസ്‌ത്രത്തിന്റെ മുഴുന്‍ ചരിത്രവും പരിശോധിച്ചാല്‍, അതിലെ ഏറ്റവും സമുന്നത ആശയം എന്ന് നിസംശയം പറയാവുന്ന 'പ്രകൃതിനിര്‍ധാരണം' ആണ് ഡാര്‍വിന്‍ കണ്ടെത്തിയ ആ വിശദീകരണം. ജീവലോകത്തെ മുഴുവന്‍ നയിക്കുന്ന ചാലകശക്തിയാണ് പ്രകൃതിനിര്‍ധാരണമെന്ന് ഡാര്‍വിന്‍ തിരിച്ചറിഞ്ഞു.
എല്ലാ ജീവരൂപങ്ങള്‍ക്കും (സസ്യങ്ങളായാലും ജന്തുക്കളായാലും) കാലത്തിനും പരിസ്ഥിതികള്‍ക്കും ഭൂപ്രകൃതിക്കും അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അവയില്‍ ഗുണപരമായ മാറ്റങ്ങള്‍ തലമുറകളിലൂടെ സൂക്ഷിക്കപ്പെടുന്നു. ഗുണപരമല്ലാത്തവ നശിപ്പിക്കപ്പെടുന്നു. ഇതാണ് പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനം. വെറും ഭാഗ്യം മാത്രമല്ല ഓരോ തലമുറയിലും കുറെ അംഗങ്ങള്‍ മാത്രം അതിജീവിക്കുന്നതിന് കാരണം. രോഗപ്രതിരോധം കൂടുതല്‍ ഉള്ളവ, വേഗത്തില്‍ ഓടാന്‍ കഴിയുന്നവ, കീടങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളവ എന്നിങ്ങനെ ഒരു നിശ്ചിത പരിസ്ഥിതിക്ക് ഏറ്റവും അനുഗുണമായവയ്‌ക്കാണ് അതിജീവനശേഷിയുണ്ടാവുക. ദീര്‍ഘകാലം കൊണ്ട,് ഭൂമിശാസ്‌ത്രപരമായി വ്യത്യസ്‌ത മേഖലകളില്‍ അകപ്പെടുന്നവ, അനുകൂല ഗുണങ്ങളാല്‍ മാറ്റം സംഭവിച്ച് പുതിയ ജീവജാതികള്‍ (സ്‌പീഷിസുകള്‍) ആയി മാറുന്നു. ഇതാണ് പരിണാമം. ഇതു പ്രകാരം ഇന്നത്തെ ജീവികളുടെ പാരമ്പര്യം അന്വേഷിച്ച് പിന്നോട്ടു പോയാല്‍ പൂര്‍വികരുടെ എണ്ണവും വൈവിധ്യവും ചുരുങ്ങി വരുന്നതു കാണാം. ഒടുവില്‍ നാം ആദിമ സൂക്ഷ്‌മജിവരൂപങ്ങളിലെത്തും. സൂക്ഷ്‌മരൂപങ്ങളില്‍ നിന്ന് പരിണാമം പ്രാപിച്ചാണ് ഇന്നത്തെ ജീവരൂപങ്ങള്‍ ഉണ്ടായതെന്നു സാരം.
ആധുനികശാസ്‌ത്രത്തിന്റെ ഒട്ടേറെ ശാഖകള്‍ക്ക് ഇന്ന് പരിണാമസിദ്ധാന്തത്തിന്റെ പിന്‍ബലത്തോടെയല്ലാതെ നിലനില്‍പ്പില്ല. ജീവശാസ്‌ത്രത്തിന്റെയും വൈദ്യശാസ്‌ത്രത്തിന്റെ സര്‍വകോണുകളിലും ഡാര്‍വിന്റെ സിദ്ധാന്തം സ്വാധീനം ചെലുത്തുന്നു. രാഷ്ട്രീയത്തിലും കലകളിലും എന്തിന് സോഫ്‌ട്‌വേര്‍ നിര്‍മാണത്തില്‍പ്പോലും പരിണാമസിദ്ധാന്തം പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനം ചെലുത്തുന്നു. എന്നിട്ടും ലോകത്ത് പല രാജ്യങ്ങളിലും പരിണാമസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരുടെ സംഖ്യ അവിശ്വസനിയമാംവിധം കുറവാണ്. അമേരിക്കയെ ഉദാഹരണമായെടുക്കാം. കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു ഗാലപ്പ് പോളില്‍ വെളിവായ വസ്‌തുത, 'ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് മനുഷ്യന്‍ ഇന്നത്തെ രൂപത്തില്‍ പരിണമിച്ചെന്ന്' വിശ്വസിക്കുന്നവരുടെ സംഖ്യ വെറും 14 ശതമാനം മാത്രമെന്നാണ്, 1982-ല്‍ ഇത് ഒന്‍പത് ശതമാനമായിരുന്നു.
പരിണാമസിദ്ധാന്തത്തിന്റെ സ്വീകാര്യതെ രാജ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്‌തപ്പെടുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ സ്ഥിതി മോശമാണെങ്കില്‍, ഐസ്‌ലന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പരിണാമസിദ്ധാന്തത്തിന് വന്‍സ്വീകാര്യതയാണുള്ളത്. ദൈവത്തിലുള്ള വിശ്വാസവും പരിണാമസിദ്ധാന്തത്തിന്റെ സ്വീകാര്യതയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സ്വതന്ത്രഗവേഷകനായ ഗ്രിഗറി പോളും കാലിഫോര്‍ണിയയില്‍ പിറ്റ്‌സര്‍ കോളേജിലെ സോഷ്യോളജിസ്‌റ്റായ ഫില്‍ സുക്കെര്‍മാനും നടത്തിയ പഠനം സൂചിപ്പിക്കുന്നത്, അതിജീവനത്തിനായുള്ള 'ഡാര്‍വീനിയന്‍ സമ്മര്‍ദ്ദം' കൂടുതലുള്ള സമൂഹങ്ങളിലാണ് ഡാര്‍വിന്റെ സിദ്ധാന്തത്തിന് സ്വീകാര്യത കുറവെന്നാണ്. ഭക്ഷണവും ആരോഗ്യസംവിധാനങ്ങളും പാര്‍പ്പിടസൗകര്യവും വേണ്ടുവോളമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്, അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യക്കാരെക്കാളും ദൈവവിശ്വാസം കുറവായിരിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.
ഇതൊന്നും പക്ഷേ, ഡാര്‍വിനെ ആഘോഷിക്കുന്നതില്‍നിന്ന് ശാസ്‌ത്രലോകത്തെ തടയുന്നില്ല. ബ്രിട്ടനില്‍ മാത്രം 300 ഇടങ്ങളിലാണ് ഡാര്‍വിന്റെ ജന്‍മവാര്‍ഷികം ആഘോഷിക്കുക. ഡാര്‍വിന്റെ ജന്മസ്ഥലമായ ഷ്രൂസ്‌ബറിയില്‍ ഒരുമാസത്തെ ആഘോഷമാണ് പ്ലാന്‍ ചെയ്‌തിരിക്കുന്നത്. ബ്രിട്ടനില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഡാര്‍വിന്‍ അനുസ്‌മരിക്കപ്പെടുന്നു. ഏതാനും ആഴ്‌ചകളായി ലോകത്തെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെയെല്ലാം പ്രമുഖ വ്യക്തി ഡാര്‍വിനാണ്. പരിണാമത്തെ സംബന്ധിച്ച രണ്ടാം ലോകഉച്ചകോടി ആഗസ്‌തില്‍ ഗാലപോഗസ് ദ്വീപില്‍ നടക്കും. ഓസ്‌ട്രോലിയ ഡാര്‍വിന്റെ ഓര്‍മയ്‌ക്കായി ഒരു വെള്ളിനാണയം പുറത്തിറക്കും. കേരളത്തിലും വിവിധ ഗ്രൂപ്പുകള്‍ ഡാര്‍വിന്റെ വാര്‍ഷികം ആഘോഷിക്കുന്നുണ്ട്. ഗലീലിയോ ടെലസ്‌കോപ് ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയതിന്റെ നാനൂറാംവാര്‍ഷികം കൂടിയാണിത്. ഡാര്‍വിന്റെയും ഗലീലിയോയുടെയും വാര്‍ഷികങ്ങള്‍ ഒരുമിച്ചു വരുന്ന 2009-നെ 'ശാസ്‌ത്രവര്‍ഷ'മായി പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് (ഇതു കാണുക). കേരളത്തിലുടനീളം ആയിരക്കണക്കിന് ശാസ്‌ത്രക്ലാസുകളും പ്രചാരണപരിപാടികളുമാണ് ശാസ്‌ത്രവര്‍ഷം പ്രമാണിച്ച് പരിഷത്ത് സംഘടിപ്പിക്കുക.
അനുബന്ധം
1. 'ബീഗിളി'ല്‍ ക്യാപ്‌ടന്‍ റോബര്‍ട്ട് ഫിറ്റ്‌സ്‌റോയിയുടെ 'പ്രാതല്‍പങ്കാളി'യായിരുന്നു ഡാര്‍വിന്‍. അഞ്ച് വര്‍ഷം നീണ്ട് ആ സമുദ്രപര്യടനത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കില്‍, മണ്ണിരകളില്‍ അതീവതാത്‌പര്യമുള്ള ഒരു ഗ്രാമീണവൈദികനായി ഒതുങ്ങേണ്ട ജീവിതമായിരുന്നു ഡാര്‍വിന്റേത്. എന്നാല്‍, ഇന്നാണ് ഡാര്‍വിന്‍ ജീവിച്ചിരുന്നതെങ്കില്‍ അദ്ദേഹം എന്താകുമായിരുന്നു? ഡാര്‍വിന്റെ പേരക്കിടാവിന്റെ പേരക്കിടാങ്ങളായ 72 പേരില്‍പ്പെട്ട റൂത്ത് പാഡലിന്റെ അഭിപ്രായത്തില്‍, ഡി.എന്‍.എ.യും പ്രതിരോധസംവിധാനവുമാകുമായിരുന്നു ഇന്നുണ്ടായിരുന്നെങ്കില്‍ ഡാര്‍വിന്റെ ഇഷ്ടമേഖലകള്‍.
2. ബീഗിള്‍ യാത്രയ്‌ക്കിടെ ഒട്ടേറെ പുതിയ ജീവികളെ ഡാര്‍വിന്‍ കണ്ടെത്തുകയുണ്ടായി. പുതിയതായി കണ്ടെത്തിയ ഡോള്‍ഫിന്‍ ഇനത്തിന്, ക്യാപ്‌ടന്‍ ഫിറ്റ്‌സ്‌റോയിയുടെ ബഹുമാനാര്‍ഥം ''ഡോള്‍ഫിനസ് ഫിറ്റ്‌സ്‌റോയി' (Dolphinus fitzroyi) എന്നാണ് പേരിട്ടട്ടത്. തെക്കേയമേരിക്കയില്‍നിന്ന് 27 ഇനം എലികളുടെ സാമ്പിള്‍ ഡാര്‍വിന്‍ ശേഖരിച്ചു. അതില്‍ ശാസ്‌ത്രത്തിന് പുതിയതായ ഒരിനത്തിന്റെ ശാസ്‌ത്രീയനാമം 'മുസ് ഡാര്‍വിനി' (Mus darwinii)എന്നാണ്.
3. ബീഗിള്‍ യാത്ര തുടങ്ങുമ്പോള്‍ പ്രകൃതിശാസ്‌ത്രജ്ഞന്‍ എന്ന നിലയ്‌ക്ക് ഡാര്‍വിന്‍ ചെറുപ്പക്കാരനായ ഒരു തുടക്കക്കാരന്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ പര്യടനത്തിനിടെ താന്‍ കണ്ടെത്തിയ ജീവിവര്‍ഗങ്ങളെ ശരിയായി തിരിച്ചറിയാനോ ഫോസിലുകളെക്കുറിച്ച് വേണ്ടത്ര വിവരം സ്വയം ആര്‍ജിക്കാനോ ആവശ്യമായ വൈദഗ്‌ധ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. 1936 ഒക്ടോബറില്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ ശേഷം, താന്‍ കൊണ്ടുവന്ന സാമ്പിളുകളെ തിരിച്ചറിയാന്‍ വിദഗ്‌ധരുടെ സഹായം ഡാര്‍വിന്‍ തേടി. പക്ഷിയിനങ്ങളെ തിരിച്ചറിയാന്‍ ജോണ്‍ ഗൗള്‍ഡ് എന്ന പക്ഷിശാസ്‌ത്രജ്ഞന്റെയും, സസ്‌തനികളുടെ ഫോസിലുകളുടെ കാര്യത്തില്‍ റിച്ചാര്‍ഡ് ഒവെന്‍ എന്ന വിദഗ്‌ധന്റെയും, ഇഴജന്തുക്കളുടെ സാമ്പിളുകള്‍ തിരിച്ചറിയാന്‍ തോമസ് ബെല്‍ എന്ന ജന്തുശാസ്‌ത്രജ്ഞന്റെയും സഹായമാണ് അദ്ദേഹം തേടിയത്.
4. 1882 ഏപ്രില്‍ 19-നാണ് ഡാര്‍വിന്‍ അന്തരിച്ചത്. മധ്യഇംഗ്ലണ്ടില്‍ കാണപ്പെടുന്ന ഒരിനം ചിപ്പിയെക്കുറിച്ച് മരിക്കുന്നതിന് രണ്ടാഴ്‌ച മുമ്പ് അദ്ദേഹം ചെറിയൊരു പ്രബന്ധം രചിച്ചു. ഡാര്‍വിന്റെ അവസാനത്തെ രചനയായിരുന്നു അത്. ചെരിപ്പുനിര്‍മാതാവും അമേച്വര്‍ നാച്ചുറലിസ്റ്റുമായ വാള്‍ട്ടര്‍ ഡ്രാബ്രിഡ്‌ജ് ക്രിക്ക് എന്ന ചെറുപ്പക്കാരനാണ് ആ ചിപ്പി സാമ്പിള്‍ ഡാര്‍വിന് അയച്ചുകൊടുത്തത്. ആ ചെരിപ്പുനിര്‍മാതാവിന് ഒരു മകനുണ്ടായി ഹാരി ക്രിക്ക്. ഹാരിയുടെ മകനായ ഫ്രാന്‍സിസ് ക്രിക്കും അമേരിക്കക്കാരനായ ജയിംസ് വാട്‌സണും ചേര്‍ന്നാണ് 1953-ല്‍ ഡി.എന്‍.എ. ഘടന കണ്ടെത്തിയത്. പരിണാമത്തെക്കുറിച്ച് ഡാര്‍വിന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് ശാസ്‌ത്രലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തത് ആ കണ്ടെത്തലായിരുന്നു!
(അവലംബം: Beyond the Orgin (Nature, Nov.20, 2008); Evolution-Unfinished Business(The Economist, Feb.5, 2009); On Darwin's 200th, a theory still in controversy, Gregory Katz (Associated Press, Feb.8, 2009); Darwin's Living Legacy-Evolutionary Theory 150 Years Later, Gary Stix (Scientific American, Dec.15, 2008); All of science owes debt to Darwin, David Perlman (San Francisco Chronicle, Feb.8, 2009); Darwin's First Clues, David Quammen (National Geographic, Feb.2009); Modern Darwins, Matt Ridley (National Geographic, Feb.2009); ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം -കുറിഞ്ഞി ഓണ്‍ലൈന്‍).
9 comments:
ഇരുന്നൂറ് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് (1809 ഫിബ്രവരി 12-ന്) ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ ജനിച്ചത്. തനിക്ക് 50 വയസ്സുള്ളപ്പോള്‍ ഡാര്‍വിന്‍ വെളിപ്പെടുത്തിയ പരിണാമസിദ്ധാന്തം എല്ലാ വിവാദങ്ങളെയും എതിര്‍പ്പുകളെയും അതിജീവിച്ച് ശാസ്‌ത്രത്തിലെ ഏറ്റവും വലിയ ചാലകശക്തിയായി ഇന്ന് മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഡാര്‍വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികവും പരിണാമസിദ്ധാന്തത്തിന്റെ നൂറ്റമ്പതാം വാര്‍ഷികവും ശാസ്‌ത്രലോകം അത്യുത്സാഹപൂര്‍വം ആഘോഷിക്കുന്നത്.
ഡാര്‍വിന്‍ തിയറി ഇത്രയധികം എതിര്‍ക്കപ്പെടാന്‍ കാരണങ്ങള്‍ പലതുണ്ട്.
ഇത്രയധികം പഠനം നടത്തി, കൃത്യമായ കാര്യകാരണസഹിതം കാര്യങ്ങള്‍ പറയുകയും, കാലം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതല്‍ ശരിയെന്നു തെളിയുകയും ചെയ്യുന്ന തിയറി എന്തെന്ന് മനസിലാക്കാന്‍ പോലും ശ്രമിക്കാതെ എതിര്‍ക്കുന്നവരോട് സഹതാപം തോന്നുന്നു ചെറുതായെങ്കിലും.
Kurinji,
Good work.Really informative.
Keep it up.
Whether right or wrong, one must appreciate the efforts and hard work behind the findings of early scientists, who without any modern facilities, tried to solve many mysteries of the nature.
ഇന്ന് അബ്രഹാം ലിങ്കന്റെ ജന്മദിനം കൂടിയാണ്.
രണ്ടു മഹത്തായ വിപ്ലവങ്ങള്‍... ഒരുമിച്ച്......
നന്നായി ഈ കുറിപ്പ്.
പ്രപഞ്ചത്തിന്റെ ഓരോ രഹസ്യങ്ങളും ചുരുളഴിയുമ്പോള്‍ കൂടെ ഓരോ വിവാദത്തിനും തിരികൊളുത്തപ്പെടുന്നതാണ് നാമിന്നു കാണുന്നത്.
ഓഫ്ഫ്:
ശാസ്ത്ര സാഹിത്യ പരിഷത്ത് 80 കളില്‍ പുറത്തിറക്കിയ സയന്‍സ് ക്രീം പുസ്തകങ്ങളിലെ “ഡാര്‍വിന്റെ കപ്പല്‍ യാത്ര“ എന്ന പുസ്തകമാണ് ഈ വിഷയത്തില്‍ ആദ്യമായി ഞാന്‍ വായിക്കുന്നത്. ഇപ്പോഴുമത് മനസ്സില്‍ നില്‍ക്കുന്നു.
കുറിഞ്ഞി നന്ദി, ഈ പോസ്റ്റിന് ..
പിന്നെ..
ദൈവ/മതതീവ്രവാദികള്‍ ഇപ്പൊ ഓടി വരും! അതിന് മുന്പേ ഞാന്‍ മുങ്ങുന്നു :)
Thanks a TON!!!
Celebration of science...the ecstasy of revelations...let Darwin prevail..
www.harunyahya.com pls visit it cairfully
Post a Comment