Wednesday, August 26, 2009

അന്ധതയെക്കെതിരെ പുതിയ മുന്നേറ്റം

ചര്‍മത്തില്‍ നിന്ന്‌ റെറ്റീന കോശങ്ങള്‍

നേത്രാന്തരപടല (റെറ്റീന)ത്തിന്റെ തകരാര്‍ മാറ്റാന്‍, രോഗിയുടെ ചര്‍മം തന്നെ ഭാവിയില്‍ തുണയായേക്കും. ചര്‍മത്തില്‍ നിന്നുള്ള വിത്തുകോശങ്ങളെ, റെറ്റീന കോശങ്ങളാക്കി വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ്‌ ഗവേഷകര്‍. രോഗങ്ങള്‍ മാറ്റാന്‍ മാത്രമല്ല, നേത്രത്തിന്റെ വളര്‍ച്ചയും വികാസവും ആഴത്തില്‍ മനസിലാക്കാനും സഹായിക്കുന്നതാണ്‌ പുതിയ മുന്നേറ്റം.

മാഡിസണില്‍ വിസ്‌കോന്‍സിന്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള സ്‌കൂള്‍ ഓഫ്‌ മെഡിസിന്‍ ആന്‍ഡ്‌ പബ്ലിക്ക്‌ ഹെല്‍ത്തിലെ ഗവേഷകരാണ്‌ വിത്തുകോശങ്ങളില്‍ നിന്ന്‌ റെറ്റീന കോശങ്ങള്‍ രൂപപ്പെടുത്തിയത്‌. ജനിതകതകരാര്‍ മൂലമുള്ള നേത്രപ്രശ്‌നങ്ങള്‍ക്ക്‌ ചികിത്സ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക്‌ ആക്കംകൂട്ടുന്നതാണ്‌ ഈ മുന്നേറ്റമെന്ന്‌, 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ശരീരത്തിലെ ഏതിനം കോശമായും വളര്‍ന്നുവരാന്‍ ശേഷിയുള്ള അടിസ്ഥാനകോശങ്ങളെയാണ്‌ വിത്തുകോശങ്ങള്‍ (stem cells) എന്ന്‌ വിളിക്കുന്നത്‌. മനുഷ്യരില്‍ ബിജസങ്കലനം നടന്ന്‌ ഏതാണ്ട്‌ അഞ്ച്‌ ദിവസം കഴിഞ്ഞ്‌ ഭ്രൂണവിത്തുകോശങ്ങള്‍ വെവ്വേറെ കോശഗ്രൂപ്പുകളാകാന്‍ തുടങ്ങുന്നു. നാഡീസംവിധാനം രൂപപ്പെടുന്നതിന്റെ പ്രാരംഭഘട്ടത്തിലാണ്‌ പ്രത്യേക സംഘം കോശങ്ങള്‍ റെറ്റീനയായി രൂപപ്പെടുന്നത്‌.

വിസ്‌കോന്‍സിനിലെ ഡേവിഡ്‌ ഗാം, ജാസണ്‍ മെയെര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം, മനുഷ്യന്റെ ചര്‍മകോശങ്ങളെയെടുത്ത്‌ പ്രത്യേക സാങ്കേതികവിദ്യ വഴി അവയെ ഭ്രൂണവിത്തുകോശങ്ങളെ അനുസ്‌മരിപ്പിക്കുന്നവയായി പരുവപ്പെടുത്തി. ആ വിത്തുകോശങ്ങളാണ്‌ റെറ്റീന കോശങ്ങളായി വളര്‍ന്നു വന്നത്‌. "തുടക്കത്തില്‍ വളരെ വ്യത്യസ്‌തമായ കോശമായിരുന്നു. അത്‌ അവസാനിച്ചതോ റെറ്റീന കോശങ്ങളായി. എല്ലാം നടന്നത്‌ ഒരു പ്ലാസ്റ്റിക്‌ പാത്രത്തില്‍"-ഗാം പറയുന്നു.

ചര്‍മകോശങ്ങളില്‍ നിന്ന്‌ 'ഇന്‍ഡ്യൂസ്‌ഡ്‌ പ്ലൂറിപൊട്ടന്റ്‌ സ്റ്റെം' (iPS cells) എന്നറിയപ്പെടുന്ന മനുഷ്യ വിത്തുകോശങ്ങള്‍ രൂപപ്പെടുത്തിയത്‌ വിസ്‌കോന്‍സിനിലെ തന്നെ ഡോ.ജെയിംസ്‌ തോംസണാണ്‌; 2007 നവംബറില്‍. ചര്‍മത്തില്‍ നിന്നുള്ള ആ വിത്തുകോശങ്ങളെയാണ്‌ ഇപ്പോള്‍ റെറ്റീന കോശങ്ങളാക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചത്‌. മനുഷ്യരില്‍ റെറ്റീന കോശങ്ങള്‍ രൂപപ്പെടുന്നതെങ്ങനെയെന്ന പ്രശ്‌നത്തിന്റെ ഉരകല്ലായി പുതിയ ഗവേഷണം മാറുമെന്ന്‌ ഗവേഷകര്‍ വിശ്വസിക്കുന്നു.

പുതിയ സങ്കേതമുപയോഗിച്ച്‌ പ്രകാശസ്വീകരണീകോശങ്ങളും (photoreceptor cells) മറ്റ്‌ റെറ്റീന കോശങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞെന്ന്‌ മെയെര്‍ അറിയിക്കുന്നു. നേത്രരോഗങ്ങള്‍ മൂലം മിക്കപ്പോഴും തകരാര്‍ സംഭവിക്കുന്നത്‌ ഇത്തരം കോശങ്ങള്‍ക്കാണ്‌. പ്രകാശസിഗ്നലുകളെ സ്വീകരിച്ച്‌ ദൃശ്യങ്ങളെ വൈദ്യുതസ്‌പന്ദനങ്ങളാക്കി മസ്‌തിഷ്‌കത്തിലേക്ക്‌ അയയ്‌ക്കുകയെന്ന സുപ്രധാന ദൗത്യം നിര്‍വഹിക്കുന്നത്‌ റെറ്റീനയിലെ പ്രകാശസ്വീകരണീകോശങ്ങളാണ്‌.

'റെറ്റിനിറ്റിസ്‌ പിഗ്മെന്റോസ' പോലെ, നേത്രാന്തരപടലത്തിന്‌ തകരാറുണ്ടാക്കുകയും അന്ധതയിലേക്ക്‌ നയിക്കുകയും ചെയ്യുന്ന ജനിതകരോഗങ്ങളുടെ ചികിത്സയില്‍ പുതിയ സാധ്യതയാണ്‌ വിത്തുകോശ സങ്കേതം തുറന്നു തരുന്നത്‌. രോഗിയുടെ ചര്‍മകോശങ്ങളുപയോഗിച്ച്‌ റെറ്റീന കോശങ്ങള്‍ രൂപപ്പെടുത്താനാകും. അത്തരത്തില്‍ കൃത്രിമമായി രൂപപ്പെടുത്തുന്ന റെറ്റീന കോശങ്ങളുടെ സഹായത്തോടെ, രോഗശമനമുണ്ടാക്കാന്‍ ശേഷിയുള്ള ഔഷധങ്ങളുടെ നിര തന്നെ പരീക്ഷിക്കാന്‍ തടസ്സമുണ്ടാകില്ല. അതുപോലെ, കേടുവന്ന റെറ്റീനയെ പുതിയ റെറ്റീന കോശങ്ങള്‍ കൊണ്ട്‌ പരിപോഷിക്കാനും രോഗത്തിന്റെ രൂക്ഷത കുറയ്‌ക്കാനും ഭാവിയില്‍ കഴിഞ്ഞേക്കും.

(അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌, വിസ്‌കോന്‍സിന്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌).

5 comments:

Joseph Antony said...

നേത്രാന്തരപടല (റെറ്റീന)ത്തിന്റെ തകരാര്‍ മാറ്റാന്‍, രോഗിയുടെ ചര്‍മം തന്നെ ഭാവിയില്‍ തുണയായേക്കും. ചര്‍മത്തില്‍ നിന്നുള്ള വിത്തുകോശങ്ങളെ, റെറ്റീന കോശങ്ങളാക്കി വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ്‌ ഗവേഷകര്‍. രോഗങ്ങള്‍ മാറ്റാന്‍ മാത്രമല്ല, നേത്രത്തിന്റെ വളര്‍ച്ചയും വികാസവും ആഴത്തില്‍ മനസിലാക്കാനും സഹായിക്കുന്നതാണ്‌ പുതിയ മുന്നേറ്റം.

വികടശിരോമണി said...

നല്ല പോസ്റ്റ്,പുതിയ അറിവുകൾ.
ആശംസകൾ.

അപ്പൂട്ടൻ said...

ഇത്‌ വിജയകരമായാൽ കണ്ണിന്റെ പരിണാമവുമായി മല്ലിടുന്ന സൃഷ്ടിവാദത്തിന്‌ എന്തു പറയാനുണ്ടാവുമോ ആവോ?

Baiju Elikkattoor said...

as always this post is also very informative and interesting. thanks.

i have given link of this post as well as a post on 'sexuality' to mr. faizal blog where a discussion on 'origin of evolution' has just started. i hope you do not have any objection on my giving these links.

Joseph Antony said...

വികടശിരോമണി,
അപ്പൂട്ടന്‍,
Baiju Elikkattoor,

ഇവിടെയെത്തി പോസ്‌റ്റ്‌ വായിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ സന്തോഷം. ബൈജു, ലിങ്ക്‌ കൊടുത്തതില്‍ ഒരു പ്രശ്‌നവുമില്ല.

കണ്ണിന്റെ പരിണാമവുമായി മല്ലിടുന്നവര്‍ക്ക്‌ പറ്റിയ ഒരു പുസ്‌തകമുണ്ട്‌, Richard Dawkins രചിച്ച The Blind Watchmaker. സംഭവം പുതിയതൊന്നുമല്ല കേട്ടോ, ആദ്യം പ്രസിദ്ധീകരിച്ചത്‌ 1986-ല്‍. സങ്കീര്‍ണത പരിണമിച്ചുണ്ടാകുമോ എന്നതാണ്‌ പുസ്‌തകത്തിന്റെ പ്രമേയം. അതില്‍ പ്രധാന ഉദാഹരിക്കുന്നത്‌ മനുഷ്യനേത്രം പോലൊരു സങ്കീര്‍ണ സംവിധാനത്തിന്‌ പരിണാമം വഴി ഈ രൂപത്തിലാകാന്‍ കഴിയുമോ എന്നാണ്‌. കഴിയും എന്ന്‌ ഗ്രന്ഥകാരന്‍ ശാസ്‌ത്രീയമായി സംശയലേശമന്യേ സമര്‍ഥിക്കുന്നു.

എത്ര മുമ്പേ ശാസ്‌ത്രം വിശദീകരിച്ചു കഴിഞ്ഞ ചോദ്യങ്ങള്‍ക്കു മേലാണ്‌ നമ്മള്‍ ഇപ്പോഴും അടയിരിക്കുന്നത്‌!