
വൈദ്യശാസ്‌ത്രത്തിന് ഇനിയും കീഴടങ്ങാന്‍ കൂട്ടാക്കാത്ത എച്ച്.ഐ.വി.യെപ്പറ്റി മനസിലാക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ വലിയൊരു മുന്നേറ്റമാണ്, അരിസോണ സര്‍വകലാശാലയിലെ പരിണാമശാസ്‌ത്രജ്ഞന്‍ മൈക്കല്‍ വൊറോബീയുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ആഫ്രിക്കയില്‍ എയ്‌ഡ്‌സ് ഒരു മഹാമാരിയായി പടരുന്ന കാര്യം തിരിച്ചറിയുന്നതിനും വളരെ മുമ്പുതന്നെ എച്ച്.ഐ.വി-1 എന്ന വൈറസ് വകഭേദത്തിന്റെ വൈവിധ്യവത്‌ക്കരണം പടിഞ്ഞാന്‍-മധ്യ ആഫ്രിക്കന്‍ മേഖലയില്‍ സംഭവിച്ചു കഴിഞ്ഞിരുന്നു എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നതെന്ന്, 'നേച്ചര്‍' വാരിക പറയുന്നു.
വൈറസിന്റെ ഏറ്റവും പഴയ തെളിവ് ലഭിച്ചിട്ടുള്ളത് ഒരു പുരുഷന്റെ 1959-ലെ രക്തസാമ്പിളില്‍ നിന്നാണ്. ബെല്‍ജിയന്‍ കോകംഗോയില്‍ ജീവിച്ചിരുന്ന വ്യ്‌ക്തിയാണ് അയാള്‍. ഇതേ പ്രദേശത്തു തന്നെ 1960-ല്‍ മരിച്ച ഒരു സ്‌ത്രീയുടെ കോശഭാഗങ്ങളുടെ ബയോസ്‌പി സാമ്പിള്‍ കിന്‍ഷാസ സര്‍വകലാശാലയില്‍ സൂക്ഷിച്ചു വെച്ചിരുന്നതില്‍ എയ്‌ഡ്‌സ് വൈറസിന്റെ എം. വകഭേദത്തിന്റെ സാന്നിധ്യം അടുത്തയിടെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. 1959-ലെയും 1960-ലെയും വൈറസ് സാമ്പിളുകളുടെ ജനിതകഘടന, സവിശേഷ രീതിയില്‍ താരതമ്യം ചെയ്യാന്‍ വൊറോബീയ്‌ക്കും സംഘത്തിനും ഇത് അവസരമൊരുക്കി.
രണ്ട് സാമ്പിളുകളിലും വൈറസ് വകഭേദങ്ങള്‍ക്ക് സംഭവിച്ച ജനിതകമാറ്റങ്ങളാണ് താരതമ്യം ചെയ്യപ്പെട്ടത്. `വളരെ വേഗം വ്യതികരണത്തിന് (mutation) വിധേയമാകുന്ന ഒന്നാണ് എച്ച്.ഐ.വി.' ന്യൂ മെക്‌സിക്കോയില്‍ ലോസ് അലമോസ് ലബോറട്ടറിയിലെ ബെറ്റെ കോബര്‍ അറിയിക്കുന്നു. `ഓരോ വ്യതികരണവും അടുത്ത തലമുറയിലേക്ക് സംക്രമിക്കപ്പെടുന്നു'-എച്ച്.ഐ.വി.വൈറസിനെ ജനിതക വിശകലനത്തിന് വിധേയമാക്കിയിട്ടുള്ള അവര്‍ പറയുന്നു.
എച്ച്.ഐ.വി.യുടെ ജിനോമിലെ ഒരുശതമാനം വര്‍ഷംതോറും വ്യതികരണത്തിന് വിധേയമാകുന്നു എന്നാണ് കണക്ക്. ഈ വ്യതികരണങ്ങളുടെ തോത് വിശകലനം ചെയ്യാന്‍ `മോളിക്യുലാര്‍ ക്ലോക്ക്` എന്ന അളവുകോലാണ് ഗവേഷകര്‍ ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് വ്യതികരണങ്ങളുടെ ചരിത്രത്തിലേക്ക് ഊളിയിടാനും, മുന്‍വകഭേദത്തില്‍നിന്ന് ഇപ്പോഴത്തെ വൈറസ് വകഭേദം എന്ന് ഉത്ഭവിച്ചു എന്നു കണക്കാക്കുകയും ചെയ്യാം.
സാധാരണഗതിയില്‍ ഒരു ജീവിക്ക് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് സംഭവിക്കുന്ന പരിണാമ വ്യത്യാസങ്ങള്‍, വൈറസുകള്‍ക്ക് ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ സംഭവിക്കാം. എച്ച്.ഐ.വി.യുടെ കാര്യവും വ്യത്യസ്‌തമല്ല. 50 ലക്ഷം വര്‍ഷം പ്രായമുള്ള ഒരു ഫോസിലില്‍നിന്ന് കിട്ടുന്ന വിവരങ്ങളാണ്, ഈ വൈറസിന്റെ 50 വര്‍ഷത്തെ പരിണാമ ചരിത്രം വെളിപ്പെടുത്തുക. എച്ച്.ഐ.വി.യുടെ ജനിതക വ്യതികരണ തോത് സൂക്ഷ്‌മമായി താരതമ്യം ചെയ്‌തപ്പോള്‍, 1884 നും 1924 നും മധ്യേ എപ്പോഴോ ആണ് മൃഗവകഭേദമായ സിമിയന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ് (SIV) എന്ന പൂര്‍വികന്‍ മനുഷ്യരിലേക്ക് കടന്നതെന്ന് വ്യക്തമായി.
കൊളോണിയല്‍ നഗരങ്ങളുടെ രൂപപ്പെടല്‍ നടന്ന കാലത്താണ്, വൈറസുകള്‍ മനുഷ്യരിലേക്കെത്തിയതും പടരാന്‍ തുടങ്ങിയതും എന്നകാര്യം ശ്രദ്ധേയമാണെന്ന് ഗവേഷകര്‍ പറയുന്നു. വൈറസുകളുടെ അഥിതികളായി മനുഷ്യര്‍ മാറിയെന്നതു മാത്രമല്ല നഗരവത്‌ക്കരണത്തിന്റെ അര്‍ഥം - പഠനത്തില്‍ പങ്കാളിയാരുന്ന ഡോ. സ്‌റ്റീഫന്‍ വോളിന്‍സ്‌കി പറയുന്നു. വേശ്യവൃത്തി പോലെ വൈറസിന് പകരാനുള്ള സാഹചര്യവും നഗരവത്‌ക്കരണത്തോടെ വര്‍ധിച്ചു- ഷിക്കാഗോയില്‍ നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലിയലെ ഗവേഷകനായ അദ്ദേഹം അഭിപ്രായപ്പെടുന്നു.
വളരെ വേഗം പരിണമിച്ച് ഇപ്പോഴത്തെ നിലയ്‌ക്ക് എത്തി എന്നതുപോലെ തന്നെ, അധികം വൈകാതെ എച്ച്.ഐ.വി.യുടെ ഉന്‍മൂലനവും നടക്കുമെന്ന ശുഭാപ്‌തിവിശ്വാസിയാണ് വൊറോബീ. `മനുഷ്യ സമൂഹത്തിലുണ്ടായ മാറ്റങ്ങളാകാം എച്ച്.ഐ.വി.യുടെ വ്യാപനത്തിനുള്ള വാതായനം തുറന്നത്. ഈ മഹാമാരിയുടെ വ്യാപനം വിപരീതദിശയില്‍ ആക്കാനുള്ള മാറ്റങ്ങള്‍ സമൂഹത്തിന് വരുത്താന്‍ സാധിക്കുമെന്നാണ് ഇക്കാര്യം ഓര്‍മിപ്പിക്കുന്നത്. എച്ച്.ഐ.വി.യുടെ ഏറ്റവും വലിയ ദൗര്‍ബല്യം, പകരാനുള്ള കഴിവ് അതിന് താരതമ്യേന കുറവാണ് എന്നതാണ്. ആ ദൗര്‍ബല്യം തന്നെ മനുഷ്യന് പ്രയോജനപ്പെടുത്താന്‍ കഴിയണം. കാര്യക്ഷമമായ പരിശോധനകള്‍ വഴിയും, രോഗപ്രതിരോധം മുഖേനയും, വൈറല്‍നാശ ഔഷധങ്ങളുടെ ഉപയോഗത്തിലൂടെയും വൈറസിനെ ഉന്മൂലനത്തിലേക്ക് നയിക്കാനാകും`-വൊറോബീ വിശ്വസിക്കുന്നു. (അവലംബം: നേച്ചര്‍ ഗവേഷണവാരിക, അരിസോണ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്).
കാണുക: സ്വവര്‍ഗപ്രേമികളെ എച്ച്.ഐ.വി.വേട്ടയാടുന്നു
1 comment:
എച്ച്.ഐ.വി.യുടെ ജിനോമിലെ ഒരുശതമാനം വര്‍ഷംതോറും വ്യതികരണത്തിന് വിധേയമാകുന്നു എന്നാണ് കണക്ക്. ഈ വ്യതികരണങ്ങളുടെ തോത് വിശകലനം ചെയ്യാന്‍ `മോളിക്യുലാര്‍ ക്ലോക്ക്` എന്ന അളവുകോലാണ് ഗവേഷകര്‍ ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് വ്യതികരണങ്ങളുടെ ചരിത്രത്തിലേക്ക് ഊളിയിടാനും, മുന്‍വകഭേദത്തില്‍നിന്ന് ഇപ്പോഴത്തെ വൈറസ് വകഭേദം എന്ന് ഉത്ഭവിച്ചു എന്നു കണക്കാക്കുകയും ചെയ്യാം. എച്ച്.ഐ.വി 1884 നും 1924 നും ഇടയ്‌ക്കെപ്പോഴോ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിയെന്നാണ് ഈ സങ്കേതത്തിന്റെ സഹായത്തോടെ ഗവേഷകരെത്തിയിരിക്കുന്ന പുതിയ നിഗമനം.
Post a Comment