പരീക്ഷണശാലയില്‍ ജീവന്‍ സൃഷ്ടിക്കാനുള്ള വിവാദ ശ്രമം തുടരുന്ന ഗവേഷകസംഘം, പുതിയൊരു ബാക്ടീരിയ വകഭേദത്തെ കൃത്രിമമായി രൂപപ്പെടുത്തി. കൃത്രിമജീവരൂപത്തിലേക്ക് അകലം കുറയ്‌ക്കുന്ന മുന്നേറ്റമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
'മൈക്കോപ്ലാസ്‌മ ലബോറട്ടോറിയം' (Mycoplasma laboratorium) എന്ന് മുന്‍കൂര്‍ പേര് നല്‍കപ്പെട്ടിട്ടുള്ള സൂക്ഷ്‌മജീവിയെ കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്ന ലോകപ്രശസ്‌ത ജനിതക ശാസ്‌ത്രജ്ഞന്‍ ക്രെയ്‌ഗ് വെന്ററിന്റെ സംഘമാണ് പുതിയ മുന്നേറ്റത്തിന് പിന്നില്‍.
അമേരിക്കയില്‍ മേരിലന്‍ഡിലെ റോക്ക്‌വില്ലെയില്‍ പ്രവര്‍ത്തിക്കുന്ന ജെ.ക്രെയ്‌ഗ് വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകനായ ഡോ. സഞ്‌ജയ് വാഷീയും സംഘവും യീസ്റ്റ് കോശങ്ങളുടെ സഹായത്തോടെയാണ്, പുതിയ ബാക്ടീരിയ വകഭേദം രൂപപ്പെടുത്തിയതെന്ന് 'സയന്‍സ്' ഗവേഷണ വാരിക പറയുന്നു.
ഒരിനം ബാക്ടീരിയയുടെ ജിനോം യീസ്‌റ്റ് കോശത്തിലേക്ക് മാറ്റി സ്ഥാപിക്കുകയാണ് ഗവേഷകര്‍ ആദ്യം ചെയ്‌തത്. തുടര്‍ന്ന് അതില്‍ ആവശ്യമായ പരിഷ്‌ക്കരണങ്ങള്‍ വരുത്തിയ ശേഷം ജിനോം മറ്റൊരു ബാക്ടീരിയ കോശത്തില്‍ സന്നിവേശിപ്പിച്ചാണ് പുതിയ വകഭേദം രൂപപ്പെടുത്തിയത്.
മനുഷ്യനിര്‍മിതമായ ജിനോം, ബാക്ടീരിയ കോശത്തില്‍ സ്ഥാപിച്ച് കൃത്രിമ ജീവരൂപം സൃഷ്ടിക്കാന്‍ വഴി തുറക്കുന്നതാണ് പുതിയ മുന്നേറ്റം. സ്വീകരണിയായ കോശത്തില്‍ ബാഹ്യജിനോം സന്നിവേശിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുകയെന്ന വൈതരണിയാണ് ഇതോടെ തരണം ചെയ്യാനായതെന്ന് ഗവേഷകര്‍ പറയുന്നു.
കൃത്രിമമായി രൂപപ്പെടുത്തിയ ബാക്ടീരിയ കോശം, സാധാരണ കോശങ്ങളെപ്പോലെ വിഭജിക്കുകയും പുതിയ ബാക്ടീരിയ വകഭേദം രൂപപ്പെടുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ട് പറയുന്നു. പൂര്‍ണതോതിലുള്ള ഒരു കൃത്രിമജീവിക്ക് രൂപം നല്‍കുന്നതിലെ ഒരു തടസ്സം ഇതോടെ ഒഴിവായതായി ഡോ. വാഷീ അറിയിക്കുന്നു.
"വൈറസുകളുടെയും മറ്റും അന്യ ഡി.എന്‍.എ. കടന്നു കൂടുന്നത് തടയാന്‍ പാകത്തില്‍ ബാക്ടീരിയ കോശത്തില്‍ പ്രതിരോധ സംവിധാനമുണ്ട്"-അദ്ദേഹം അറിയിക്കുന്നു. ആ പ്രതിരോധ സംവിധാനത്തെ അണച്ചുകളയാന്‍ ഡോ. വാഷീക്കും സംഘത്തിനും കഴിഞ്ഞു. അതാണ് പുതിയ മുന്നേറ്റത്തിന്റെ കാതല്‍.
'മൈക്കോപ്ലാസ്‌മ മൈക്കോയിഡസ്' എന്ന ബാക്ടീരിയത്തിന്റെ ജീനോമാണ്, യീസ്‌റ്റ് കോശത്തില്‍ സന്നിവേശിപ്പിച്ച ശേഷം ഗവേഷകര്‍ പരിഷ്‌ക്കരിച്ചത്. സ്വീകരണിയായ ബാക്ടീരിയകോശത്തിലെ പ്രതിരോധസംവിധാനം അണച്ചതിന് ശേഷം, പരിഷ്‌ക്കരിച്ച ജിനോം അതില്‍ സ്ഥാപിച്ചു.
ജൈവഇന്ധനം സൃഷ്ടിക്കുന്നതുപോലെ പ്രത്യേക ലക്ഷ്യത്തോടെ രൂപപ്പെടുത്തുന്ന കൃത്രിമ ജിനോം, ഒരു ബാക്ടീരിയ കോശത്തില്‍ സന്നിവേശിപ്പിച്ച് കൃത്രിമ സൂക്ഷ്‌മജീവിക്ക് രൂപംനല്‍കുകയാണ് ക്രെയ്‌ഗ് വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പ്രഖ്യാപിത ലക്ഷ്യം.
കൃത്രിമജീവരൂപം പരീക്ഷണശാലയില്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ക്രെയ്‌ഗ് വെന്ററിന്റെ ടീം ഇതിനകം നിര്‍ണായകമായ പല മുന്നേറ്റങ്ങളും നടത്തിക്കഴിഞ്ഞു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോഴത്തെ വിജയം.
'മൈക്കോപ്ലാസ്‌മ ജനിറ്റാലിയം' എന്ന ബാക്ടീരിയത്തിന്റെ ജിനോം കൃത്രിമമായി നിര്‍മിക്കുന്നതില്‍ ഈ സംഘം വിജയിച്ചത് 2008 ആദ്യമാണ്. കൃത്രിമമായി ക്രോമസോം നിര്‍മിക്കാനാകുമെന്ന് തെളിയിച്ചതും ഈ സംഘമാണ്.
ഒരു ജീവിയുടെ ജിനോം മറ്റൊരു ജീവിയിലേക്ക് മാറ്റിവെയ്‌ക്കുക വഴി, രണ്ടാമത്തെ ജീവിയെ ആദ്യത്തേതിന്റെ ഗുണങ്ങളുള്ളതാക്കി മാറ്റാമെന്ന് തെളിയിച്ചതാണ് ക്രെയ്‌ഗ് വെന്ററും കൂട്ടരും നടത്തിയ മറ്റൊരു മുന്നേറ്റം.
സിന്തറ്റിക് ജീവിയെ സൃഷ്ടിക്കാന്‍ നടക്കുന്ന ഈ ശ്രമം കൃത്രിമമായി ജീവന്‍ സൃഷ്ടിക്കാനുള്ളത് തന്നെയാണ്. സ്വാഭാവികമായും ഈ ഗവേഷണം വന്‍വിവാദങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മനുഷ്യന്‍ ദൈവത്തിന്റെ ജോലി ഏറ്റെടുക്കണോ എന്നതാണ് ഉയരുന്ന ഒരു പ്രധാന ചോദ്യം.
മാത്രമല്ല, കൃത്രിമമായി സൂക്ഷ്‌മജിവികളെ സൃഷ്ടിക്കാനുള്ള സങ്കേതം തെറ്റായ കരങ്ങളില്‍ എത്തില്ല എന്നതിന് എന്താണ് ഉറപ്പെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത്തരം നൈതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് തന്നെ മുന്നോട്ടു പോകാനാകും എന്നതാണ് ക്രെയ്‌ഗ് വെന്ററിന്റെ നിലപാട്. (അവലംബം: സയന്‍സ് ഗവേഷണവാരിക).
കാണുക
6 comments:
സിന്തറ്റിക് ജീവിയെ സൃഷ്ടിക്കാന്‍ നടക്കുന്ന ഈ ശ്രമം കൃത്രിമമായി ജീവന്‍ സൃഷ്ടിക്കാനുള്ളത് തന്നെയാണ്. സ്വാഭാവികമായും ഈ ഗവേഷണം വന്‍വിവാദങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മനുഷ്യന്‍ ദൈവത്തിന്റെ ജോലി ഏറ്റെടുക്കണോ എന്നതാണ് ഉയരുന്ന ഒരു പ്രധാന ചോദ്യം. മാത്രമല്ല, കൃത്രിമമായി സൂക്ഷ്‌മജിവികളെ സൃഷ്ടിക്കാനുള്ള സങ്കേതം തെറ്റായ കരങ്ങളില്‍ എത്തില്ല എന്നതിന് എന്താണ് ഉറപ്പെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത്തരം നൈതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് തന്നെ മുന്നോട്ടു പോകാനാകും എന്നതാണ് ക്രെയ്‌ഗ് വെന്ററിന്റെ നിലപാട്.
മതപുരോഹിതരും രാഷ്‌ട്രീയ നേതൃത്വവും ഇതിനെ എങ്ങെനെ കാണുന്നു എന്നത് കാത്തിരുന്ന് കാണേണ്ടിവരും. നല്ല പോസ്റ്റ്.
അകലം കുറയുക മാത്രമല്ല ജീവന്‍ എന്ന അത്ഭുതത്തെ നിര്‍മ്മിക്കാനും മനുഷ്യന് കഴിയും എന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ അതിന് എത്ര കാലം വേണ്ടിവരും എന്നുള്ളതൊക്കെ വേറെ കാര്യം. എങ്കിലും കാര്യങ്ങളുടെ പോക്ക് ഇങ്ങിനെയാണെങ്കില്‍ അധികം താമസിയാതെ നമുക്കിത് കാണാം... ജൈവരൂപങ്ങളെ വിവിധയിടങ്ങളില്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഭൂമിയിലെ തിളച്ചുമറിയുന്ന ലാവാമുഖങ്ങളില്‍ മുതല്‍ കൊടിയ തണുപ്പില്‍ വരെ ജീവനെ കണ്ടെത്തിയ നാം വൈല്‍ഡ് -2 ധൂമകേതുവില്‍ ഗ്ലൈസിന്‍ കണ്ടെത്തിയതോടെ ബഹിരാകാശത്തും ജീവന്‍ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.
അപ്പോഴിതാ ജീവനെ തന്നെ കൃതൃമമായി നിര്‍മ്മിക്കാനുള്ള വഴികള്‍ തേടി മറ്റൊരു കൂട്ടര്‍,
മതങ്ങളുടെ അടിത്തറ തന്നെ ഇളകിപ്പോവും ഇത്തരം കണ്ടെത്തലുകളിലൂടെ... അവരുടെ കോലാഹലങ്ങള്‍ക്ക് ചെവികൊടുക്കാതിരുന്നാല്‍ കൃതൃമജീവന്‍ എന്നത് അതി വിദൂരമല്ല...
നല്ല പോസ്റ്റ്.. നന്ദി..
തുടര്‍ച്ചയായുള്ള പോസ്റ്റുകള്‍ക്ക് നന്ദി, എന്റെ മരുമക്കള്‍ വരെ വായിക്കുന്നുണ്ടിത്. കമന്റ് പലപ്പോഴും ഇടാന്‍ പറ്റാറില്ല. ക്ഷമിയ്ക്കണേ.
വളരെ അധികം കൌതുകം ഉണര്‍ത്തുന്ന ഇത്തരം പോസ്റ്റുകള്‍ക്ക് നന്ദി..
സിന്തടിക് ജീവി എന്നത് ഇപ്പോളും നല്ല അകലെ ആണ് എന്നാണു തോന്നുന്നത്.. വകഭേദങ്ങള്‍ വരുത്തുന്നതും ഒരു പുതിയ സിന്തടിക് ജീവിയും തമ്മില്‍ വളരെ വളരെ വത്യാസം ഉണ്ട് എന്ന് കരുതുന്നു..
റോബോട്ടുകളില്‍ എലിയുടെ തലച്ചോര്‍ എമ്ബട് ചെയ്തു സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് (ചെറിയ ചെറിയ തീരുമാനങ്ങള്‍ മാത്രം) കൈവരിച്ചു എന്ന് മനസ്സിലാക്കുന്നു..
എന്തായാലും ഭാവി എങ്ങനെ ആയിരിക്കും എന്ന് ചിന്തിക്കുന്നതും കൌതുകം തന്നെ!!
ശാസ്ത്രത്തിന്റെ ഇന്നേവരെയുള്ള വികാസവും അത് ലോകത്തിനുണ്ടാക്കികൊടുത്ത പ്രയോജനങ്ങളും അനുഭവിച്ചുകൊണ്ട് ശാസ്ത്രത്തിനെതിരെ അട്ടഹാസമിളക്കുന്ന മതങ്ങളുടെ അടിത്തറ എന്നേ ഇളകിയതാണ്. ശാസ്ത്രത്തിലുള്ളതെല്ലാം മതങ്ങളിലുണ്ടെന്നും ഇനി ഉണ്ടാകനുള്ള കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള പ്രവചനവും ഗ്രന്ഥങ്ങളിലുണ്ടെന്നാണ് അവകശവാദം .അഥവാ മതങ്ങളിന്ന് തങ്ങളെ ശാസ്ത്രവത്ക്കരിക്കുന്നതില്‍ വ്യാപൃതരാണ്. ഇതിന് മിക്കമതങ്ങളും മുന്നിലാണ്.
Post a Comment