Tuesday, May 05, 2009

മഹാമാരികള്‍ പ്രവചിക്കാനാകുമോ?

പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുംമുമ്പ്‌ അതെപ്പറ്റി മനസിലാക്കാനുള്ള ഒരു നൂതന സംരംഭത്തെപ്പറ്റി...

പുതിയ പകര്‍ച്ചവ്യാധികള്‍ മനുഷ്യനെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്‌. സാര്‍സിനും പക്ഷിപ്പനിക്കും പിന്നാലെ ഇപ്പോള്‍ പന്നിപ്പനിയെന്ന 'എച്ച്‌1എന്‍1 പനി'യും. മെക്‌സിക്കോയില്‍ പന്നികളില്‍വെച്ച്‌ ജനിതകവ്യതിയാനം സംഭവിച്ച്‌ മനുഷ്യരിലേക്ക്‌ മാരകമായി പകര്‍ന്ന ആ വൈറസ്‌, ലോകത്തിന്റെ സ്വസ്ഥതകെടുത്തുകയാണ്‌. പുതിയ രോഗമായതിനാല്‍ മനുഷ്യര്‍ക്ക്‌ പന്നിപ്പനിക്കെതിരെ പ്രതിരോധശേഷിയില്ല, ചികിത്സയും ലഭ്യമല്ല. ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല, ഇനി എത്ര രോഗങ്ങള്‍ മനുഷ്യരെ തേടിയെത്താന്‍ ബാക്കിയുണ്ട്‌? ആര്‍ക്കുമറിയില്ല. ഒരു മഹാമാരി കഴിഞ്ഞ്‌ എല്ലാം ഭദ്രം എന്ന്‌ കരുതിയിരിക്കുമ്പോഴാകാം അടുത്തതിന്റെ വരവ്‌. ചിലത്‌ മരണംവിതച്ച്‌ പെട്ടന്ന്‌ കെട്ടടങ്ങും-സ്‌പാനിഷ്‌ ഫ്‌ളു ഉദാഹരണം. എച്ച്‌.ഐ.വി.പോലുള്ള മറ്റ്‌ ചില പകര്‍ച്ചവ്യാധികള്‍ മനുഷ്യരിലെത്തി പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും വൈദ്യാശാസ്‌ത്രത്തിന്‌ വെല്ലുവിളിയായി തുടരും.

ഇത്തരം രോഗങ്ങള്‍ മനുഷ്യനെ മാരകമായി പിടിപെടും മുമ്പ്‌ അവയുടെ വരവ്‌ മനസിലാക്കാനാകുമോ. രോഗാണുക്കള്‍ നമ്മളെ പിടികൂടും മുമ്പ്‌ അവയെ നമുക്ക്‌ പടികൂടാന്‍ കഴിയുമോ എന്നതാണ്‌ ചോദ്യം. പന്നിപ്പനിയുടെ കാര്യം തന്നെയെടുക്കാം. സാധാരണ ഫ്‌ളൂവിന്‌ കാരണമായ എച്ച്‌1എന്‍1 വൈറസിന്‌ പന്നികളില്‍വെച്ച്‌ ജനിതകമാറ്റം സംഭവിക്കുന്നുണ്ടെന്നും അവ മനുഷ്യനെ ബാധിച്ചേക്കാമെന്നും മുന്‍കൂട്ടി മനസിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍, ഇപ്പോള്‍ ലോകത്തിന്റെ ഉറക്കം കെടില്ലായിരുന്നു. കോടിക്കണക്കിന്‌ രൂപായുടെ ചെലവും ആള്‍നാശവും ബുദ്ധിമുട്ടും ഒഴിവാക്കാനാകുമായിരുന്നു. സംഭവമൊക്കെ ശരി. പക്ഷേ, പകര്‍ച്ചവ്യാധികള്‍ മുന്‍കൂട്ടി പ്രവചിക്കുകയെന്നത്‌ പ്രായോഗികമാണോ. സംശയം വേണ്ട, അത്‌ അപ്രായോഗികമല്ലെന്ന്‌ സ്‌റ്റാന്‍ഫഡ്‌ സര്‍വകലാശാലയിലെ വിദഗ്‌ധന്‍ ഡോ. നാഥാന്‍ വൂള്‍ഫ്‌ പറയുന്നു. മഹാമാരികളുടെ വരവ്‌ പ്രവചിക്കാന്‍ അദ്ദേഹം ഒരു ആഗോളസംരംഭവും ആരംഭിച്ചു കഴിഞ്ഞു; 'ഗ്ലോബല്‍ വൈറല്‍ ഫോര്‍കാസ്‌റ്റിങ്‌ ഇനിഷ്യേറ്റീവ്‌'. അടുത്തൊരു എച്ച്‌.ഐ.വി.യോ, മഞ്ഞപ്പനിയോ മനുഷ്യനെ പിടികൂടും മുമ്പ്‌ അവയെക്കുറിച്ച്‌ മനസിലാക്കാനാണ്‌ ഡോ. വൂള്‍ഫിന്റെയും കൂട്ടരുടെയും ശ്രമം.

പുതിയ രോഗങ്ങളില്‍ മിക്കവയും പ്രകൃതിയില്‍നിന്നാണ്‌ മനുഷ്യരിലേക്ക്‌ എത്തുന്നത്‌; പ്രത്യേകിച്ചും മറ്റ്‌ ജീവികളില്‍നിന്ന്‌. വളര്‍ത്തുമൃഗങ്ങള്‍, വന്യജീവികള്‍ ഒക്കെ പുതിയ വൈറസുകളുടെയും രോഗാണുക്കളുയുടെയും ഉത്ഭവസ്ഥാനമാകാം. പ്ലേഗ്‌, പേവിഷബാധ, ആന്ത്രാക്‌സ്‌, ഭ്രാന്തിപ്പശുരോഗം, എച്ച്‌.ഐ.വി, മഞ്ഞപ്പനി, ജപ്പാന്‍ ജ്വരം, എബോള, പക്ഷിപ്പനി തുടങ്ങി മറ്റ്‌ ജീവികളില്‍നിന്ന്‌ മനുഷ്യരിലേക്കിയ രോഗങ്ങള്‍ എത്രയോ ഉണ്ട്‌. മനുഷ്യന്‌ ദുരിതം വിതയ്‌ക്കുന്ന പകര്‍ച്ചവ്യാധികളില്‍ 60 ശതമാനവും ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ടതാണെന്ന്‌ പഠനങ്ങള്‍ പറയുന്നു. ഭൂമുഖത്ത്‌ പുതിയ വൈറസുകളും രോഗാണുക്കളും മനുഷ്യരിലേക്ക്‌ എത്താന്‍ കൂടുതല്‍ സാധ്യതയുള്ള ചില ഹോട്ട്‌സ്‌പോട്ടുകളുണ്ട്‌. വന്യമൃഗങ്ങളുമായി തുടര്‍ച്ചയായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ആഫ്രിക്കയിലെ നായാടികളായ ഗോത്രവര്‍ഗക്കാര്‍, തെക്കന്‍ ചൈനയിലെ 'ഈര്‍പ്പകമ്പോള' (wet market) ങ്ങളില്‍ ജീവികളെ വില്‍ക്കുകയും കശാപ്പുചെയ്യുകയും ചെയ്യുന്നവര്‍, വന്യജീവിസങ്കേതങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, മലേഷ്യയിലെ പരമ്പരാഗത വവ്വാല്‍വേട്ടക്കാര്‍ തുടങ്ങിയവരൊക്കെ ഇത്തരം ഹോട്ട്‌സ്‌പോട്ടുകളില്‍ കഴിയുന്നവരാണ്‌.

വൈറസുകള്‍ക്ക്‌ ജീവിവര്‍ഗത്തിന്റെ അതിരുകള്‍ ഭേദിച്ച്‌ മനുഷ്യരിലേക്കെത്താന്‍ കൂടുതല്‍ അവസരമുള്ള ഇത്തരം ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ്‌, പകര്‍ച്ചവ്യാധികളുടെ വരവ്‌ പ്രവചിക്കാന്‍ ആഗോള നിരീക്ഷണസംവിധാനം ഡോ.വൂള്‍ഫും സംഘവും ആരംഭിച്ചിരിക്കുന്നത്‌. പുതിയ ഏതെങ്കിലും വൈറസുകള്‍ മൃഗങ്ങളില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ എത്തുന്നുണ്ടോ എന്ന്‌ തുടര്‍ച്ചയായി നിരീക്ഷിക്കുകയാണ്‌ ചെയ്യുക. ഇതിനായി വേട്ടക്കാരുടെയും വേട്ടമൃഗങ്ങളുടെയും രക്തസാമ്പിളുകള്‍, സമീപത്തെ രക്തബാങ്കുകളില്‍ നിന്നുള്ള സാമ്പിളുകള്‍ ഒക്കെ പരിശോധിക്കും. കഴിഞ്ഞ എട്ടു വര്‍ഷമായി ആഫ്രിക്കയിലെ നായാടികള്‍ക്കിടയില്‍ ഈ പ്രവര്‍ത്തനം നടത്തുന്ന ഗവേഷകനാണ്‌ 38-കാരനായ ഡോ.വൂള്‍ഫ്‌. കുരങ്ങുകളില്‍ കാണപ്പെടുന്ന, ഇതുവരെ പുറംലോകമറിയാത്ത, ചില റിട്രോവൈറസുകള്‍ മനുഷ്യരിലേക്ക്‌ എത്തിയതായി ഇതിനകം അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞു. സിമിയന്‍ ഫോമി കുടുംബത്തില്‍പെടുന്ന ഒരിനം വൈറസ്‌ ലോകത്താകെ ആയിരക്കണക്കിനാളുകളില്‍ പകര്‍ന്നതായാണ്‌ കണ്ടെത്തിയത്‌.

ഈ രീതിയില്‍ ലോകമാകെ നിരീക്ഷണം വ്യാപിപ്പിക്കാനുദ്ദേശിച്ചുള്ളതാണ്‌ ഗ്ലോബല്‍ വൈറല്‍ ഫോര്‍കാസ്‌റ്റിങ്‌ ഇനിഷ്യേറ്റീവ്‌. നൂറോളം വിദഗ്‌ധര്‍ ഈ സംരംഭത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്‌. ഏതാണ്ട്‌ ഒരു ഡസണ്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പതിനഞ്ചോളം ലാബുകളില്‍ പരിശോധിച്ച്‌ വിവരങ്ങള്‍ അതാത്‌ സമയത്ത്‌ കൈമാറും. ഭാവിയില്‍ നിരീക്ഷണകേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച്‌, ഈ സംവിധാനം വ്യാപകമാക്കാനാണ്‌ ഉദ്ദേശം. "രോഗപ്രതിരോധത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും ശിലായുഗത്തിലാണ്‌"-ഡോ.വൂള്‍ പറയുന്നു. മഹാമാരികള്‍ മുന്‍കൂട്ടി പ്രവചിക്കാനുള്ള നീക്കം യുക്തിപൂര്‍വമോ എന്ന്‌ ചോദിക്കുന്നവരോട്‌ അദ്ദേഹത്തിന്റെ തിരിച്ചുള്ള ചോദ്യം ഇതാണ്‌, "ഭൂകമ്പവും സുനാമിയും പ്രവചിക്കാന്‍ എത്ര കോടികളാണ്‌ നമ്മള്‍ ചെലവിടുന്നത്‌. ശരിക്കു പറഞ്ഞാല്‍, എച്ച്‌.ഐ.വി.എന്നത്‌ 30 വര്‍ഷമായി തുടരുന്ന ഒരു ഭൂകമ്പമല്ലേ". എഴുപതുകളില്‍ ഇത്തരമൊരു നിരീക്ഷണസംവിധാനം ലോകത്തുണ്ടായിരുന്നെങ്കില്‍, എയ്‌ഡ്‌സ്‌ ഒരുപക്ഷേ, ഇന്നത്തെ പോലെ ഭീഷണി ആകില്ലായിരുന്നു. പ്രശസ്‌ത ഇന്റര്‍നെറ്റ്‌ കമ്പനിയായ ഗൂഗിള്‍, സ്‌കോള്‍ ഫൗണ്ടേഷന്‍, നാഷണല്‍ ജ്യോഗ്രഫിക്‌ സൊസൈറ്റി തുടങ്ങിയവയുടെ ധനസഹായത്തോടെയാണ്‌ പുതിയ സംരംഭം പുരോഗമിക്കുന്നത്‌.
(അവലംബം: Orgins of major human infectious diseases, Nature, 17May2007; Where will the next Pandemic emerge?, Discover, Oct.27, 2008; Preventing the next Pandemic, Scientific American, April 2009).

2 comments:

Joseph Antony said...

പന്നിപ്പോലുള്ള പകര്‍ച്ചവ്യാധികള്‍ മനുഷ്യനെ മാരകമായി പിടിപെടും മുമ്പ്‌ അവയുടെ വരവ്‌ മനസിലാക്കാനാകുമോ. പന്നിപ്പനിയുടെ കാര്യം തന്നെയെടുക്കാം. സാധാരണ ഫ്‌ളൂവിന്‌ കാരണമായ എച്ച്‌1എന്‍1 വൈറസിന്‌ പന്നികളില്‍വെച്ച്‌ ജനിതകമാറ്റം സംഭവിക്കുന്നുണ്ടെന്നും അവ മനുഷ്യനെ ബാധിച്ചേക്കാമെന്നും മുന്‍കൂട്ടി മനസിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍, ഇപ്പോള്‍ ലോകത്തിന്റെ ഉറക്കം കെടില്ലായിരുന്നു. കോടിക്കണക്കിന്‌ രൂപായുടെ ചെലവും ആള്‍നാശവും ബുദ്ധിമുട്ടും ഒഴിവാക്കാനാകുമായിരുന്നു. സംഭവമൊക്കെ ശരി. പക്ഷേ, പകര്‍ച്ചവ്യാധികള്‍ മുന്‍കൂട്ടി പ്രവചിക്കുകയെന്നത്‌ പ്രായോഗികമാണോ. സംശയം വേണ്ട, അത്‌ അപ്രായോഗികമല്ലെന്ന്‌ സ്‌റ്റാന്‍ഫഡ്‌ സര്‍വകലാശാലയിലെ വിദഗ്‌ധന്‍ ഡോ. നാഥാന്‍ വൂള്‍ഫ്‌ പറയുന്നു.

Ashly said...

i am sure this would help us. but thinking the wide possibilities and the network that needed to cover the glob, i think this would take some time, and may not cover 100%

ot: font is looking very big. could u pls check ?