Tuesday, February 17, 2009

എച്ച്‌.ഐ.വി.യ്‌ക്കെതിരെ ജീന്‍തെറാപ്പി

ചെലവേറിയ വൈറസ്‌പ്രതിരോധ മരുന്നുകളുടെ സ്ഥാനത്ത്‌ എച്ച്‌.ഐ.വി.ബാധിച്ചവരെ ചികിത്സിക്കാന്‍ ജീന്‍തെറാപ്പി സഹായിച്ചേക്കും.

ജര്‍മനിയില്‍ എച്ച്‌.ഐ.വി.ബാധിച്ചയാളെ മജ്ജമാറ്റിവെയ്‌ക്കലിലൂടെ വൈറസ്‌ മുക്തനാക്കിയതാണ്‌ ഇത്തരമൊരു ശുഭപ്രതീക്ഷയ്‌ക്ക്‌ വഴിവെച്ചിരിക്കുന്നത്‌. ശരീരത്തില്‍ ഒരു പ്രത്യേകയിനം ജീന്‍ ഉള്ളയാളുടെ മജ്ജ്‌ എച്ച്‌.ഐ.വി.ബാധിച്ചയാളില്‍ മാറ്റിവയ്‌ക്കുകയായിരുന്നു. രണ്ടുവര്‍ഷമായി ഒരു മരുന്നും കഴിക്കുന്നില്ല, എന്നിട്ടും രോഗിയുടെ ശരീരത്തില്‍ വൈറസ്‌ സാന്നിധ്യം കാണുന്നില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു.

എച്ച്‌.ഐ.വി. ബാധിച്ചവര്‍ക്ക്‌ ചെലവേറിയതും പാര്‍ശ്വഫലങ്ങളുള്ളതുമായ വൈറസ്‌പ്രതിരോധ ഔഷധങ്ങള്‍ മാത്രമാണ്‌ നിലവില്‍ ആശ്രയം. ജീവിതകാലം മുഴുവന്‍ മരുന്നു കഴിച്ചാലും ശരീരത്തില്‍നിന്ന്‌ വൈറസിനെ ഒഴിവാക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കൊന്നും കഴിയില്ല. എയ്‌ഡ്‌സിന്റെ ആരംഭം നീട്ടിവെയ്‌ക്കാം എന്നുമാത്രം. ഈ ദുസ്ഥിതിയ്‌ക്ക്‌ പരിഹാരമാകാന്‍ ജീന്‍തെറാപ്പി സഹായിച്ചേക്കുമെന്നാണ്‌, 'ന്യൂ ഇംഗ്ലണ്ട്‌ ജേര്‍ണല്‍ ഓഫ്‌ മെഡിസിനി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നത്‌.

ജര്‍മനിയില്‍ കഴിയുന്ന 42-കാരനായ അമേരിക്കക്കാരന്‍ പത്തുവര്‍ഷമായി എച്ച്‌.ഐ.വി.ബാധിതനായിരുന്നു. ബെര്‍ലിനിലാണ്‌ അയാള്‍ ചികിത്സതേടിയത്‌. മരുന്നുകള്‍ കഴിച്ച്‌ വൈറസിനെ അടക്കിനിര്‍ത്തുകയാണ്‌ വര്‍ഷങ്ങളോളം ചെയ്‌തത്‌. എന്നാല്‍, നാലുവര്‍ഷം മുമ്പ്‌ അയാളെ ലുക്കീമിയ കൂടി പിടികൂടി. അങ്ങനെയാണ്‌ രണ്ടുവര്‍ഷം മുമ്പ്‌ അയായ്‌ക്ക്‌ മജ്ജമാറ്റിവെയ്‌ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്‌. മജ്ജമാറ്റിവെച്ച്‌ രണ്ടുവര്‍ഷമായിട്ടും രോഗിയില്‍ എച്ച്‌.ഐ.വി.യോ ലുക്കീമിയയോ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന്‌ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

എച്ച്‌.ഐ.വി.പകര്‍ന്നാലും അപൂര്‍വം ചിലരുടെ ശരീരത്തില്‍ അത്‌ പെരുകാറില്ല. വൈറസ്‌ബാധയ്‌ക്ക്‌ എല്ലാ സാധ്യതയുണ്ടായിട്ടും ചില ലൈംഗീകതൊഴിലാളികള്‍ക്ക്‌ വൈറസ്‌ ബാധിക്കാത്ത കാര്യം, 20 വര്‍ഷംമുമ്പ്‌ നെയ്‌റോബിയില്‍ ആരോഗ്യഗവേഷകര്‍ ശ്രദ്ധിച്ചിരുന്നു. 'സി.സി.ആര്‍.5' (CCR5) എന്നൊരു ജീനിന്‌ വ്യതികരണം (മ്യൂട്ടേഷന്‍) സംഭവിച്ചവര്‍ക്കാണ്‌ എച്ച്‌.ഐ.വി.യ്‌ക്കെതിരെ പ്രതിരോധശേഷിയുള്ളതെന്ന്‌ പിന്നീട്‌ വ്യക്തമായി. പാശ്ചാത്യരാജ്യങ്ങളില്‍ ഈ ജനിതകവ്യതികരണമുള്ളവരുടെ സംഖ്യ ഒന്നു മുതല്‍ മൂന്ന്‌ ശതമാനം വരെയാണ്‌.

ബെര്‍ലിനില്‍ ചാരിറ്റെ ഹോസ്‌പിറ്റലിലെ ഡോ. ജെറോ ഹുട്ടറും സംഘവും, 61 പേരെ പരിശോധിച്ചപ്പോള്‍ അതില്‍ ഒരാള്‍ക്ക്‌ ആ സവിശേഷ ജീന്‍വ്യതികരണമുള്ളതായി കണ്ടു. അയാള്‍ മജ്ജമാറ്റിവെയ്‌ക്കലില്‍ സഹകരിക്കാന്‍ തയ്യാറായി. അങ്ങനെയാണ്‌ പത്തുവര്‍ഷമായി എച്ച്‌.ഐ.വി.ബാധിച്ച്‌ ഒടുവില്‍ ലുക്കീമിയ പിടികൂടിയ രോഗിയില്‍ പരീക്ഷണം നടന്നത്‌. ബെര്‍ലിനില്‍ വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്‌ രോഗി. രണ്ടുവര്‍ഷമായി അയാള്‍ തുടര്‍ച്ചയായി പരിശോധനകള്‍ക്ക്‌ വിധേയനാകുന്നു. മജ്ജ, രക്തം, ശരീരകലകള്‍ തുടങ്ങിയവയൊക്കെ പരിശോധിക്കുവെങ്കിലും ഇതുവരെയും എച്ച്‌.ഐ.വി.വീണ്ടും പ്രത്യക്ഷപ്പെട്ടതായി കണ്ടില്ല. അതിനാല്‍ അയാള്‍ക്ക്‌ വൈറസ്‌ പ്രതിരോധ മരുന്നുകളും നല്‍കുന്നില്ല.

സാധാരണഗതിയില്‍ മരുന്ന്‌ നിര്‍ത്തി ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ തന്നെ വൈറസ്‌ വീണ്ടും പ്രത്യക്ഷപ്പെടാറുണ്ട്‌. അതുവെച്ചു നോക്കിയാല്‍, ആദ്യമായാണ്‌ ഒരു എച്ച്‌.ഐ.വി.ബാധിതന്‍ ഇത്രകാലം രോഗാണുമുക്തനായിരിക്കുന്നതെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ, അയാള്‍ പൂര്‍ണമായി വൈറസ്‌മുക്തനായി എന്ന്‌ വിധിയെഴുതാനായിട്ടില്ല. കാരണം, തലച്ചോറിലോ കരളിലോ ലസികാവ്യൂഹത്തിലോ വൈറസ്‌ ഒളിച്ചിരിക്കുന്നുണ്ടാകാമെന്ന്‌ ഡോക്ടര്‍മാര്‍ സംശയിക്കുന്നു.

എന്നിരുന്നാലും എച്ച്‌.ഐ.വി.യെ നേരിടുന്നതില്‍ പുതിയൊരു സമീപനം സാധ്യമാണെന്ന്‌ ഈ കേസ്‌ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട്‌ പറയുന്നു. നിശ്ചിത ജനിതക വ്യതികരണമുള്ളയാളെ മജ്ജമാറ്റിവെയ്‌ക്കലിന്‌ കിട്ടുക പ്രയാസമാണ്‌. അതിനാല്‍ വ്യാപകമായി മജ്ജമാറ്റിവെയ്‌ക്കല്‍ സാധ്യമാകില്ല. പക്ഷേ, ജീന്‍തെറാപ്പിക്ക്‌ നല്ല സാധ്യതയാണ്‌ ഇത്‌ തുറന്നു തരുന്നത്‌. `ആരംഭകാലത്ത്‌ എച്ച്‌.ഐ.വി. ഒരു തരത്തിലുള്ള ചികിത്സയ്‌ക്കും വഴങ്ങില്ലായിരുന്നു. ഇന്ന്‌ സ്ഥിതി മാറി. ഞങ്ങള്‍ നടത്തിയ ചികിത്സ ഭാവിപ്രതീക്ഷയുടെ അഗ്രമാണ്‌`-ഡോ. ഹുട്ടര്‍ പറയുന്നു.

2 comments:

Joseph Antony said...

ചെലവേറിയതും പാര്‍ശ്വഫലങ്ങളുള്ളതുമായ വൈറസ്‌പ്രതിരോധ ഔഷധങ്ങള്‍ മാത്രമാണ്‌ എച്ച്‌.ഐ.വി. ബാധിച്ചവര്‍ക്ക്‌ നിലവില്‍ ആശ്രയം. ജീവിതകാലം മുഴുവന്‍ കഴിച്ചാലും ശരീരത്തില്‍നിന്ന്‌ വൈറസിനെ ഒഴിവാക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കൊന്നും കഴിയില്ല. എയ്‌ഡ്‌സിന്റെ ആരംഭം നീട്ടിവെയ്‌ക്കാം എന്നുമാത്രം. ഈ ദുസ്ഥിതിയ്‌ക്ക്‌ പരിഹാരമാകാന്‍ ജീന്‍തെറാപ്പി സഹായിച്ചേക്കുമെന്ന്‌, 'ന്യൂ ഇംഗ്ലണ്ട്‌ ജേര്‍ണല്‍ ഓഫ്‌ മെഡിസിനി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

chithrakaran ചിത്രകാരന്‍ said...

ശാസ്ത്രം പുരോഗമിക്കട്ടെ...
എയിഡ്‌സ് പണ്ട് ഭയപ്പെട്ടിരുന്നതുപോലെയൊന്നും
പടരുന്നില്ലെന്നതുതന്നെ ആശ്വാസം.