Tuesday, October 07, 2008

നോബല്‍ സമ്മാനം 2008 - വൈദ്യശാസ്‌ത്രം

വൈറസുകളെ തിരിച്ചറിഞ്ഞവര്‍ക്ക്‌ ബഹുമതി
വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം ഇത്തവണ എയ്‌ഡ്‌സ്‌ വൈറസ്‌ തിരിച്ചറിഞ്ഞവര്‍ക്ക്‌ ലഭിക്കാനാണ്‌ സാധ്യതയെന്ന്‌ പലരും പ്രവചിച്ചിരുന്നു. സാധാരണഗതിയില്‍ നോബല്‍ പ്രഖ്യാപനത്തിന്‌ മുമ്പുള്ള ഇത്തരം പ്രവചനങ്ങള്‍ വെറും പ്രവചനങ്ങളായി ഒടുങ്ങുകയാണ്‌ പതിവ്‌. ഈ വര്‍ഷം പക്ഷേ, പ്രവചനം ഫലിച്ചിരിക്കുന്നു. എയ്‌ഡ്‌സിന്‌ കാരണമായ ഹ്യുമണ്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസി(എച്ച്‌.ഐ.വി) നെ കണ്ടെത്തിയ രണ്ട്‌ ഫ്രഞ്ച്‌ ഗവേഷകരും, ഗര്‍ഭാശയ അര്‍ബുദവും ഹ്യുമണ്‍ പാപ്പിലോമ വൈറസും (എച്ച്‌.പി.വി) തമ്മിലുള്ള ബന്ധം മനസിലാക്കിയ ജര്‍മന്‍ ഗവേഷകനുമാണ്‌ 2008-ലെ വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്‌. എച്ച്‌.ഐ.വി. തിരിച്ചറിഞ്ഞ ഫ്രോന്‍കോയിസ്‌ ബാരി സിനൗസ്സി(61)യും ലൂക്‌ മോന്റഗ്നീറും(76) 14 ലക്ഷം ഡോളര്‍ (6.58കോടി രൂപ) വരുന്ന സമ്മാനത്തുകയില്‍ പകുതി പങ്കിടും. ബാക്കി പകുതി പാപ്പിലോമ വൈറസിനെക്കുറിച്ചു പഠിച്ച ഹരാള്‍ഡ്‌ സുര്‍ ഹോസെ(72) ന്‌ ലഭിക്കുമെന്ന്‌ കരോലിന്‍സ്‌ക ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്‌ പറയുന്നു.

പത്തുവര്‍ഷം നീണ്ട ശ്രമം
ജര്‍മന്‍ കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററിന്റെ മുന്‍മേധാവിയായ ഹരാള്‍ഡ്‌ ഹോസെ, 1970-കളിലാണ്‌, പാപ്പിലോമ വൈറസും അര്‍ബുദവും തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ ശ്രമം തുടങ്ങുന്നത്‌. നിലവിലുള്ള ധാരണകള്‍ക്ക്‌ വിരുദ്ധമായ നീക്കമായിരുന്നു അദ്ദേഹത്തിന്റേത്‌. പത്തുവര്‍ഷം നീണ്ട ശ്രമകരമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ എച്ച്‌.പി.വി.യും ഗര്‍ഭാശയ അര്‍ബുദവും തമ്മിലുള്ള ബന്ധം അദ്ദേഹം സ്ഥാപിച്ചെടുത്തു. അര്‍ബുദചികിത്സയില്‍ വന്‍മുന്നേറ്റം സൃഷ്ടിക്കാന്‍ പോന്ന ഗവേഷണമായിരുന്നു അത്‌. ഗര്‍ഭാശയ അര്‍ബുദത്തിനെതിരെ ഫലപ്രദമായ വാക്‌സിനുകള്‍ രൂപപ്പെടുത്താനും, ആരംഭത്തില്‍ തന്നെ തിരിച്ചറിയുക വഴി രോഗം മാരകമാകാതെ ചെറുക്കാനുമൊക്കെ ഹോസെയുടെ കണ്ടുപിടിത്തം സഹായിച്ചു.

ലോകത്താകെയുണ്ടാകുന്ന അര്‍ബുദബാധയില്‍ അഞ്ചു ശതമാനവും പാപ്പിലോമ വൈറസ്‌ബാധ കൊണ്ടാണ്‌ സംഭവിക്കുന്നത്‌. ഗര്‍ഭാശയ അര്‍ബുദം സ്ഥിരീകരിച്ച 99.7 ശതമാനം സ്‌ത്രീകളിലും ഈ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ലൈംഗീകബന്ധത്തിലൂടെ ഏറ്റവുമധികം പകരുന്ന രോഗാണുവാണ്‌ എച്ച്‌്‌.പി.വി. വൈവിധ്യമാര്‍ന്ന ഒരു കുടുംബത്തില്‍ പെട്ട വൈറസാണിത്‌. നൂറിലേറെയിനം പാപ്പിലോമ വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അവയില്‍ 40 ഇനങ്ങള്‍ മൂത്രനാളിയിലും ഗൂഹ്യഭാഗങ്ങളിലുമാണ്‌ ബാധിക്കുന്നത്‌. 15 ഇനം പാപ്പിലോമ വൈറസുകളാണ്‌ ഗര്‍ഭാശയ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ലോകത്താകെ പ്രതിവര്‍ഷം അഞ്ചുലക്ഷം സ്‌ത്രീകള്‍ക്ക്‌ ഗര്‍ഭാശയ അര്‍ബുദം ബാധിക്കുന്നുണ്ട്‌. സ്‌ത്രീകളെ ബാധിക്കുന്ന അര്‍ബുദത്തില്‍ രണ്ടാം സ്ഥാനമാണ്‌ 'നിശബ്ദകൊലയാളി'യെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഈ രോഗത്തിനുള്ളത്‌.

എച്ച്‌.ഐ.വി.യുടെ കണ്ടെത്തല്‍

കാലിഫോര്‍ണിയായിലും ന്യൂയോര്‍ക്കിലും സ്വവര്‍ഗപ്രേമികളായ യുവാക്കളെ ഒരുതരം അപരിചിതരോഗം ബാധിച്ചതായി 1981-ലാണ്‌ കണ്ടെത്തുന്നത്‌. എയ്‌ഡ്‌സ്‌ എന്നു പേരിട്ട ആ രോഗം ഭൂമുഖത്ത്‌ ഇതുവരെ 250 ലക്ഷം പേരുടെ ജീവനപഹരിച്ചു എന്നാണ്‌ കണക്ക്‌. നിലവില്‍ 330 ലക്ഷംപേര്‍ എച്ച്‌.ഐ.വി.ബാധിച്ചവരായുണ്ട്‌. ഇനിയും വൈദ്യശാസ്‌ത്രത്തിന്‌ കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഈ മാരകരോഗം ഇതിലും എത്രോയോ കൂടുതല്‍ പേരെ കൊന്നൊടുക്കുമായിരുന്നു; രോഗകാരിയായ വൈറസിനെ തിരിച്ചറിയാതിരുന്നെങ്കില്‍. മനുഷ്യന്റെ പ്രതിരോധ സംവിധാനം തകര്‍ത്ത്‌ രോഗിയെ തീര്‍ത്തും നിരാലംബമാക്കുന്ന രോഗമാണിത്‌. രോഗകാരിയായ എച്ച്‌.ഐ.വി.യെ തിരിച്ചറിയാന്‍ കഴിഞ്ഞതുകൊണ്ടാണ്‌, ഫലപ്രദമായ രോഗനിര്‍ണയ മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കാനും വൈറസ്‌ പ്രതിരോധ ഔഷധങ്ങള്‍ രൂപപ്പെടുത്താനും കഴിഞ്ഞത്‌. രോഗം പകരുന്നത്‌ തടയാനും, വൈറസ്‌ ബാധിച്ചവര്‍ക്ക്‌ വര്‍ഷങ്ങളോളം സാധാരണ ജീവിതം നയിക്കാമെന്ന സ്ഥിതിയുണ്ടായതും ഇതുകൊണ്ടാണ്‌.

1981-ല്‍ എയ്‌ഡ്‌സ്‌ കണ്ടെത്തിയ ഉടന്‍ തന്നെ, ലോകമെങ്ങുമുള്ള ഗവേഷകര്‍ അതിന്‌ കാരണമായ രോഗാണുവിനെ തിരിച്ചറിയാന്‍ ശ്രമമാരംഭിച്ചു. അതില്‍ വിജയിച്ചത്‌ ബാരി സിനൗസ്സിയും മോന്റഗ്നീറുമായിരുന്നു. പാരീസിലെ പാസ്റ്റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന റെഗുലേഷന്‍ ഓഫ്‌ റിട്രോവൈറല്‍ ഇന്‍ഫെക്ഷിയസ്‌ യൂണിറ്റിന്റെ മേധാവിയാണ്‌ പ്രൊഫ. ബാരി സിനൗസ്സി. പാസ്റ്റര്‍ ഇന്‍സ്റ്റ്‌ട്ട്യൂട്ടില്‍ നിന്ന്‌ തന്നെ ഗവേഷണ ബിരുദം നേടിയ ശാസ്‌ത്രജ്ഞയാണ്‌ അവര്‍. പാരീസിലെ വേള്‍ഡ്‌ ഫൗണ്ടേഷന്‍ ഓഫ്‌ എയ്‌ഡ്‌സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ പ്രിവന്‍ഷന്റെ മേധാവിയാണ്‌ പ്രൊഫ. മോന്റഗ്നീര്‍. എയ്‌ഡ്‌സിന്റെ പ്രാരംഭഘട്ടത്തില്‍ രോഗിയുടെ ലസികാഗ്രന്ഥിയിലാണ്‌ എച്ച്‌.ഐ.വി. പെരുകി വര്‍ധിക്കുന്നതെന്ന്‌ ഗവേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ബാരി സിനൗസ്സിയും മോന്റഗ്നീറും തിരിച്ചറിഞ്ഞു. മറ്റ്‌ ചില റിട്രോവൈറസുകളെപ്പോലെ രോഗിയുടെ ശരീരകോശങ്ങളില്‍ ക്രമാതീതമായി പെരുകുന്ന സ്വഭാവം എച്ച്‌.ഐ.വി.ക്ക്‌ ഇല്ലെന്നും ഗവേഷണത്തില്‍ വ്യക്തമായി. പ്രതിരോധകോശങ്ങളായ ടി ലിംഫോസൈറ്റുകളിലാണ്‌ എയ്‌ഡ്‌സ്‌ വൈറസ്‌ പെരുകുന്നത്‌. അതാണ്‌ ശരീരപ്രതിരോധം നശിക്കാന്‍ ഒരു കാരണമെന്നവര്‍ മനസിലാക്കി. 1984-ഓടെ വൈറസിനെ വ്യക്തമായി തിരിച്ചറിയാന്‍ ഇരുവര്‍ക്കും സാധിച്ചു.

വൈറസിന്റെ ഘടനയും സ്വഭാവവും മനസിലായതോടെ, എയ്‌ഡ്‌സിനെതിരെ ഔഷധങ്ങള്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ ലോകമെങ്ങും സജീവമായി. ഒട്ടേറെ വൈറസ്‌ പ്രതിരോധ ഔഷധങ്ങള്‍ രംഗത്തുവന്നു. ഒപ്പം വൈറസ്‌ ബാധ തിരിച്ചറിയാനുള്ള ടെസ്‌റ്റുകള്‍ നിലവില്‍ വരാനും വൈറസിന്റെ കണ്ടുപിടിത്തം കാരണമായി. വൈറസ്‌ വ്യാപിക്കുന്നത്‌ പരിമിതപ്പെടുത്താന്‍ സഹായിച്ചത്‌ ഇതാണ്‌. എച്ച്‌.ഐ.വി.യുടെ കണ്ടെത്തല്‍, വൈറസിനെ ക്ലോണ്‍ ചെയ്‌ത്‌ പഠനം നടത്താനും അവസരമൊരുക്കി. വൈറസിന്റെ ഉത്ഭവവും പരിണാമവും സംബന്ധിച്ച്‌ വിലപ്പെട്ട വിവരങ്ങള്‍ അതുവഴി ലഭിച്ചു.

വൈറസ്‌ പഠനത്തിന്റെ നോബല്‍ വഴികള്‍

വൈറസുകളെ പഠനവിധേയമാക്കിയവര്‍ക്ക്‌ ആദ്യമായല്ല വൈദ്യശാസ്‌ത്ര നോബല്‍ ലഭിക്കുന്നത്‌. 1966-ല്‍ അമേരിക്കന്‍ ഗവേഷകനായ പെയ്‌റ്റണ്‍ റൗസിന്‌ ബഹുമതി ലഭിച്ചത്‌, അര്‍ബുദ ട്യൂമറുകളും വൈറസുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിനായിരുന്നു. പ്രോസ്‌റ്റേറ്റ്‌ അര്‍ബുദത്തിന്‌ ഹോര്‍മോണ്‍ ചികിത്സ കണ്ടെത്തിയതിന്‌ ചാള്‍സ്‌ ബ്രന്റണ്‍ ഹഗ്ഗിന്‍സ്‌, അന്ന്‌ റൗസിനൊപ്പം പുരസ്‌കാരം പങ്കിട്ടു.

വൈറസുകള്‍ പെരുകുന്നതിന്റെ രഹസ്യവും അവയുടെ ജനിതകഘടനയും സംബന്ധിച്ച കണ്ടുപിടിത്തങ്ങള്‍ക്കായിരുന്നു 1969-ലെ വൈദ്യശാസ്‌ത്ര നോബല്‍. മാക്‌സ്‌ ഡെല്‍ബ്രുക്‌, ആല്‍ഫ്രെഡ്‌ ഡി. ഹെര്‍ഷെ, സാര്‍വദോര്‍ ഇ. ലൂറിയ എന്നിവരാണ്‌ അത്തവണ ബഹുമതി പങ്കിട്ടത്‌. ട്യൂമര്‍ വൈറസുകളും കോശങ്ങളിലെ ജനിതകവസ്‌തുവും തമ്മിലുള്ള ഇടപഴകലിനെക്കുറിച്ച്‌ പുതിയ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്ന ഡേവിഡ്‌ ബാള്‍ട്ടിമോര്‍, റെനാറ്റോ ഡ്യുല്‍ബെക്കോ, ഹൊവാര്‍ഡ്‌ മാര്‍ട്ടിന്‍ ടെമിന്‍ എന്നിവര്‍ 1975-ലെ വൈദ്യശാസ്‌ത്ര നോബല്‍ പങ്കിട്ടു.

റിട്രോവൈറല്‍ ഓന്‍കോജീനുകളുടെ (വ്യതികരണം സംഭവിച്ച്‌ അര്‍ബുദത്തിന്‌ നിമിത്തമാകുന്ന ജീനുകളാണ്‌ ഓന്‍കോജീനുകള്‍) തന്മാത്രതലത്തിലെ ഉത്ഭവത്തെക്കുറിച്ചുള്ള കണ്ടുപിടിത്തങ്ങള്‍ക്കായിരുന്നു 1989-ലെ നോബല്‍ സമ്മാനം. മൈക്കല്‍ ബിഷപ്പും ഹരോള്‍ഡ്‌ ഇ. വര്‍മുസുമാണ്‌ പുരസ്‌കാരം പങ്കുവെച്ചത്‌. വൈറസ്‌ ബാധിത കോശങ്ങളെ ശരീരപ്രതിരോധ സംവിധാനം എങ്ങനെ തിരിച്ചറിയുന്നു എന്നത്‌ സംബന്ധിച്ച കണ്ടുപിടിത്തമാണ്‌ പീറ്റര്‍ സി. ഡോഹെര്‍ട്ടി, റോള്‍ഫ്‌ സിന്‍കെനാഗല്‍ എന്നിവരെ 1996-ലെ നോബലിന്‌ അര്‍ഹരാക്കിയത്‌.
(അവലംബം: കരോലിന്‍സ്‌ക ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്‌, നോബല്‍ വെബ്‌സൈറ്റ്‌)

കാണുക: വൈദ്യശാസ്‌ത്ര നോബല്‍ സമ്മാനം -2007

4 comments:

Joseph Antony said...

എയ്‌ഡ്‌സിന്‌ കാരണമായ ഹ്യുമണ്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസി(എച്ച്‌.ഐ.വി) നെ കണ്ടെത്തിയ രണ്ട്‌ ഫ്രഞ്ച്‌ ഗവേഷകരും, ഗര്‍ഭാശയ അര്‍ബുദവും ഹ്യുമണ്‍ പാപ്പിലോമ വൈറസും (എച്ച്‌.പി.വി) തമ്മിലുള്ള ബന്ധം മനസിലാക്കിയ ജര്‍മന്‍ ഗവേഷകനുമാണ്‌ 2008-ലെ വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കിട്ടത്‌.

പാര്‍ത്ഥന്‍ said...

ലേഖനത്തിലൂടെ വിശദവിവരങ്ങൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ന് റോയിറ്ററിൽ ഈ ന്യൂസ് കണ്ടിരുന്നു. രണ്ടുമാസം മുൻപ്, വായിലെ കാൻസറിന് പാപ്പിലോമാ വൈറസും (ഓറൽ സെക്സിലൂടെ) കാരണമാകുന്നു എന്ന് വായിച്ചിരുന്നു.

Suraj said...
This comment has been removed by the author.
Suraj said...

പാപ്പിലോമാ വൈറസും പരിഗണിച്ച സ്ഥിതിക്ക് നമ്മുടെ അശോക് കര്‍ത്താമാഷിന്റെ ഈ തീണ്ടാരിത്തുണി റിസേര്‍ച്ചിനു കൂടി സമ്മാനം വീതിച്ചുകൊടുക്കേണ്ടതായിരുന്നു ;)

കാരലിന്‍സ്കാ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരു പ്രതിഷേധ പെറ്റീഷന്‍ അയയ്ക്കാം ബൂലോഗം വഴിയായി. മാഷു കൂടുന്നോ ?
;))