Monday, November 17, 2008

എയ്‌ഡ്‌സ്‌ വൈറസിനെ നേരിടാന്‍ പുതിയ സാധ്യതകള്‍

വൈദ്യശാസ്‌ത്രത്തിന്‌ ഇനിയും പിടികൊടുക്കാന്‍ കൂട്ടാക്കാത്ത മാരക രോഗാണുവാണ്‌ എച്ച്‌.ഐ.വി. പരമ്പരാഗത മാര്‍ഗങ്ങളിലൂടെ ഈ വൈറസിനെ കീഴടക്കാന്‍ കഴിയില്ല എന്ന്‌ ഇതിനകം വ്യക്തമായിക്കഴിഞ്ഞു. പുതിയ സാധ്യതകള്‍ കണ്ടെത്തിയേ തീരൂ. അത്തരം സാധ്യതകള്‍ മുന്നോട്ടു വെയ്‌ക്കുന്ന പുതിയ രണ്ട്‌ ഗവേഷണങ്ങളെപ്പറ്റി.

എയ്‌ഡ്‌സ്‌ വൈറസിന്റെ അതിജീവനതന്ത്രം നിഷ്‌ഫലമാക്കാനും, അവയെ വകവരുത്താനും ശേഷിയുള്ള പ്രതിരോധകോശങ്ങള്‍ പരീക്ഷണശാലയില്‍ പിറന്നു. അമേരിക്കയിലെയും ബ്രിട്ടനിലെയും ഗവേഷകര്‍ കൈവരിച്ച ഈ മുന്നേറ്റം എയ്‌ഡ്‌സിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്‌ കരുത്ത്‌ പകരുമെന്ന്‌്‌ 'നേച്ചര്‍ മെഡിസിനി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ശരീരപ്രതിരോധകോശങ്ങള്‍ക്ക്‌ പരിഷ്‌ക്കരണം വരുത്തിയാണ്‌, എച്ച്‌.ഐ.വി.യെ വകവരുത്താന്‍ ശേഷിയുള്ള 'കൊലയാളി കോശങ്ങള്‍'ക്ക്‌ ഗവേഷകര്‍ രൂപം നല്‍കിയത്‌. വേഗം വ്യതികരണങ്ങള്‍ക്ക്‌്‌ വിധേയമാകുന്നതിനാല്‍, പ്രതിരോധസംവിധാനത്തിന്റെ കണ്ണുവെട്ടിച്ച്‌ കോശങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിക്കാന്‍ കഴിയുന്നുവെന്നതാണ്‌ എച്ച്‌.ഐ.വി.യുടെ പ്രത്യേകത. അതാണ്‌ അതിന്റെ അതിജീവനതന്ത്രം. ആ തന്ത്രം പരാജയപ്പെടുത്താനും, എച്ച്‌.ഐ.വി. ഏത്‌ രൂപത്തില്‍ ഒളിച്ചിരുന്നാലും കണ്ടെത്തി നശിപ്പിക്കുകയോ ദുര്‍ബലമാക്കുകയോ ചെയ്യാനും കൊലയാളി കോശങ്ങള്‍ക്ക്‌ കഴിയും.

ബ്രിട്ടനില്‍ കാര്‍ഡിഫ്‌ സര്‍വകലാശാലയിലെയും അമേരിക്കയില്‍ പെനിസില്‍വാനിയ സര്‍വകലാശാലയിലെയും ഗവേഷകരാണ്‌ പുതിയ കണ്ടെത്തലിന്‌ പിന്നില്‍. ബ്രിട്ടനിലെ 'അഡാപ്‌ട്‌ഇമ്മ്യൂണ്‍ ലിമിറ്റഡ്‌'
(Adaptimmune Limited) എന്ന കമ്പനിയുടെ പങ്കാളിത്തത്തോടെയായിരുന്നു ഗവേഷണം. പുതിയ 'കൊലയാളി കോശങ്ങള്‍' ഉപയോഗിച്ചുള്ള പരീക്ഷണം അടുത്ത വര്‍ഷം ആരംഭിക്കാനാണ്‌ പരിപാടി. എയ്‌ഡ്‌സ്‌ മൂര്‍ച്ഛിച്ചവരിലാകും ആദ്യം പരീക്ഷിക്കുക.

2007-ലെ കണക്ക്‌ പ്രകാരം ഭൂമുഖത്ത്‌ 330 ലക്ഷം പേര്‍ എച്ച്‌.ഐ.വി. ബാധിച്ചവരായുണ്ട്‌. വൈറസ്‌ വിരുദ്ധ ഔഷധങ്ങളുടെ സഹായത്തോടെ, എച്ച്‌.ഐ.വി.ബാധിതര്‍ക്ക്‌ മുമ്പത്തെക്കാളും കൂടുതല്‍ കാലം വലിയ പ്രശ്‌നമില്ലാതെ ജീവിക്കാമെങ്കിലും, എച്ച്‌.ഐ.വി.യെ നശിപ്പാക്കാന്‍ ശേഷിയുള്ള ഔഷധത്തിനായി ലോകമെങ്ങും അന്വേഷണം തുടരുകയാണ്‌. ഈ പശ്ചത്താലത്തില്‍ വലിയ പ്രതീക്ഷയേകുന്നതാണ്‌ പുതിയ ഗവേഷണം.

എച്ച്‌.ഐ.വി.ക്കെതിരെയുള്ള നീക്കങ്ങള്‍ വിജയിക്കാത്തതിന്‌ കാരണം, പ്രതിരോധ സംവിധാനത്തിന്റെ കണ്ണുവെട്ടിച്ച്‌ മനുഷ്യശരീരത്തില്‍ കഴിയാനുള്ള അവയുടെ സവിശേഷതയാണ്‌. വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍, കോശങ്ങളുടെ സംവിധാനം ഹൈജാക്ക്‌ ചെയ്‌താണ്‌ അവ പെരുകുക. സാധാരണഗതിയില്‍, വൈറസ്‌ബാധിത കോശങ്ങളുടെ പ്രതലത്തിന്‌ പുറത്തേക്ക്‌ വൈറസുകളുടെ ചെറിയൊരു ഭാഗം ഉന്തി നില്‍ക്കും. 'ഈ കോശത്തെ വൈറസ്‌ ബാധിച്ചിരിക്കുന്നു' എന്നറിയാന്‍ തന്മാത്രാതലത്തിലുള്ള മുദ്രയാണത്‌.

ശരീരപ്രതിരോധ സംവിധാനത്തിലെ ടി-കോശങ്ങള്‍ (killer Tcells) ഈ മുദ്ര തിരിച്ചറിയുകയും, ആക്രമണം നടത്തി വൈറസിനെയും വൈറസ്‌ബാധിത കോശങ്ങളെയും നശിപ്പിക്കുകയും ചെയ്യും. എന്നാല്‍, മറ്റ്‌ വൈറസുകളില്‍നിന്ന്‌ വ്യത്യസ്‌തമായി കോശങ്ങളില്‍ കടന്നുകഴിഞ്ഞാല്‍, എച്ച്‌.ഐ.വി.ക്ക്‌ വ്യതികരണം വഴി ഈ അടയാളം മറച്ചുവെയ്‌ക്കാന്‍ കഴിയും. ടി-കോശങ്ങള്‍ അങ്ങനെ കബളിപ്പിക്കപ്പെടുന്നു. എച്ച്‌.ഐ.വി.അതിന്റെ വ്യാപനം തുടരുന്നത്‌ ഇത്തരത്തിലാണ്‌. എച്ച്‌.ഐ.വി.ക്കെതിരെ ഔഷധം രൂപപ്പെടുത്തുകയെന്നത്‌ ശ്രമകരമാകുന്നതും ഇക്കാരണത്താലാണ്‌.

ജൈവസങ്കേതം വഴി ടി-കോശങ്ങളുടെ ഒരു 'സ്വീകരണി' (receptor) പരീക്ഷണശാലയില്‍ രൂപപ്പെടുത്തുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. എച്ച്‌.ഐ.വി. നടത്തുന്ന വിവിധങ്ങളായ രൂപമാറ്റങ്ങളെ തിരിച്ചറിയാന്‍ ശേഷിയുള്ള സ്വീകരണിയാണത്‌. ടി-കോശങ്ങളില്‍ ഈ സ്വീകരണി സംയോജിപ്പിച്ചാണ്‌ പുതിയ കൊലയാളി കോശങ്ങള്‍ക്ക്‌ രൂപം നല്‍കിയത്‌. കബളിപ്പിക്കല്‍ തന്ത്രം മനസിലാക്കി എച്ച്‌.ഐ.വി.യെ നശിപ്പിക്കാന്‍ പരിഷ്‌ക്കരിച്ച ടി-കോശങ്ങള്‍ക്ക്‌ കഴിയുന്നതായി കാര്‍ഡിഫ്‌ സര്‍വകലാശാലയിലെ പ്രൊഫ. ആന്‍ഡി സിവെല്‍ അറിയിക്കുന്നു. പരീക്ഷണശാലയില്‍ കണ്ട ഈ ഫലം, മനുഷ്യരിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്‌ ഗവേഷകര്‍.

"രോഗാണുബാധിതമായ കോശങ്ങളെ സ്‌കാന്‍ ചെയ്‌ത്‌ നശിപ്പിക്കാനുള്ള പ്രകൃതിയുടെ വഴിയാണ്‌ ടി-കോശങ്ങളിലെ സ്വീകരണികള്‍. അതിവേഗം വ്യതികരണത്തിന്‌ വിധേയമാകുന്നതിനാല്‍ എച്ച്‌.ഐ.വി.യുടെ കാര്യത്തില്‍ ഇത്‌ പരാജയപ്പെടുന്നു"-അഡാപ്‌ട്‌ഇമ്മ്യൂണ്‍ ലിമിറ്റഡിലെ ഗവേഷകന്‍ ഡോ. ബെന്റ്‌ ജേക്കബ്‌സന്‍ അറിയിക്കുന്നു. എന്നാല്‍, കോശങ്ങളില്‍ എച്ച്‌.ഐ.വി.യുടെ കൈമുദ്ര കണ്ടെത്താന്‍ ശേഷിയുള്ള സ്വീകരണിയാണ്‌ രൂപപ്പെടുത്താന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞത്‌. പരീക്ഷണശാലയില്‍ കണ്ട ഫലം ആസ്‌പത്രിയിലും ആവര്‍ത്തിക്കാനായാല്‍, ശക്തമായ ഒരു ചികിത്സാമാര്‍ഗമായി അത്‌ മാറും"-അദ്ദേഹം പറയുന്നു.

ഓന്തിന്റെ നിറംമാറുംപോലുള്ള എച്ച്‌.ഐ.വി.യുടെ കഴിവ്‌ മൂലം ശരീരത്തില്‍നിന്ന്‌ പൂര്‍ണമായി അതിനെ പുറത്താക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍, പുതിയ കൊലയാളി കോശങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വൈറസിന്‌ കൂടുതല്‍ വ്യതികരണങ്ങള്‍ക്ക്‌ വിധേയമാകേണ്ടി വരും. ഓരോ വ്യതികരണ വേളയിലും വൈറസ്‌ ദുര്‍ബലമാകും. എച്ച്‌.ഐ.വി.യെ കൂടുതല്‍ ദുര്‍ബലമാക്കി അപകടം ഒഴിവാക്കാനും പുതിയ കൊലയാളി കോശങ്ങള്‍ സഹായിക്കുമെന്ന്‌ ചുരുക്കം.

"ജൈവസങ്കേതം വഴി രൂപപ്പെടുത്തിയ കൊലയാളി കോശങ്ങള്‍ ഒന്നുങ്കില്‍ എച്ച്‌.ഐ.വി.യെ നശിപ്പിക്കും, അല്ലെങ്കില്‍ ദുര്‍ബലമാക്കും"-പ്രൊഫ. സിവെല്‍ പറയുന്നു. വൈറസുകളെ ദുര്‍ബലമാക്കാന്‍ കഴിഞ്ഞാല്‍ പോലും അത്‌ നേട്ടമാണ്‌. വൈറസ്‌ബാധിതര്‍ക്ക്‌ കൂടുതല്‍ കാലം ജീവിച്ചിരിക്കാനും, രോഗം മറ്റുള്ളവരിലേക്ക്‌ പകരുന്നതിന്റെ തോത്‌ കുറയ്‌ക്കാനും അത്‌ സഹായിക്കുമെന്ന്‌ അദ്ദേഹം പറയുന്നു.

പുതിയ കൊലയാളി കോശങ്ങള്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതിക്ക്‌ കാക്കുകയാണ്‌ ഗവേഷകര്‍. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രൊഫ. കാള്‍ ജൂണിന്റെയും ഡോ. ജെയിംസ്‌ റിലേയുടെയും നേതൃത്വത്തില്‍ അടുത്തവര്‍ഷം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കാമെന്നാണ്‌ പ്രതീക്ഷ. "എച്ച്‌.ഐ.വി.ബാധ അതിന്റെ രൂക്ഷനിലയിലെത്തിയ രോഗികളിലാകും ആദ്യം പരീക്ഷിക്കുക"-പ്രൊഫ. ജൂണ്‍ അറിയിക്കുന്നു. അത്‌ വിജയിച്ചാല്‍, വൈറസ്‌ ബാധയുടെ ആരംഭഘട്ടത്തിലുള്ളവരില്‍ പരീക്ഷിക്കും.

പുതിയ പരീക്ഷണം ഫലവത്തായാല്‍ എയിഡ്‌സിന്റെ കാര്യത്തില്‍ മാത്രമാകില്ല അതിന്റെ പ്രയോജനം ലഭിക്കുകയെന്ന്‌ ഗവേഷകര്‍ കരുതുന്നു. പ്രതിരോധകോശങ്ങളുടെ ആക്രമണശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ മാര്‍ഗം, അര്‍ബുദങ്ങള്‍ക്കെതിരെയും പ്രയോഗിക്കാനാകും. 2003-ല്‍ ആരംഭിച്ച ഗവേഷണമാണ്‌ ഇപ്പോള്‍ പ്രാഥമിക വിജയം കൈവരിച്ചത്‌. കൊലയാളി കോശങ്ങളെ അര്‍ബുദത്തിന്റെ കാര്യത്തില്‍ ഉപയോഗിക്കാനുള്ള ശ്രമം ഗവേഷകര്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു.

എയ്‌ഡ്‌സ്‌ പ്രതിരോധം-മറ്റൊരു സമീപനം

എയ്‌ഡ്‌സിനെതിരെ ലോകമെങ്ങും നടക്കുന്ന ഗവേഷണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഫലങ്ങളിലൊന്നാണ്‌ മുകളില്‍ വിവരിച്ചത്‌. എന്നാല്‍, ഇനിയും ചികിത്സ കണ്ടെത്താന്‍ കഴിയാത്ത ഈ മാരകരോഗത്തിനെതിരെ മറ്റൊരു സമീപനം സാധ്യമാണെന്ന്‌ ഒരുസംഘം ഗവേഷകര്‍ പറയുന്നു. ശരീരത്തില്‍ എച്ച്‌.ഐ.വി.യുമായി പോരടിച്ച്‌ ക്ഷീണിക്കുന്ന പ്രതിരോധകോശങ്ങളെ രക്ഷിച്ചെടുക്കലാണ്‌ ആ സമീപനം. പുതിയ എയ്‌ഡ്‌സ്‌ പ്രതിരോധ ഔഷധങ്ങള്‍ രൂപപ്പെടുത്താന്‍ ഇത്‌ സഹായിക്കുമെന്ന്‌ നവംബര്‍ 24-ന്റെ 'എക്‌സ്‌പെരിമെന്റല്‍ മെഡിസിന്‍' റിപ്പോര്‍ട്ടു ചെയ്യുന്നു.

കാനഡയില്‍ ടൊറന്റോ സര്‍വകലാശാലയിലെ ഡോ. മരിയോ ഒസ്‌ട്രോവ്‌സ്‌കി, അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. ഡഗ്ലസ്‌ നിക്‌സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പുതിയ കണ്ടെത്തലിന്‌ പിന്നില്‍. എച്ച്‌.ഐ.വി.യുമായി പോരടിച്ച്‌ തളര്‍ന്ന ശരീരപ്രതിരോധകോശങ്ങളില്‍ 'ടിം-3' (Tim-3) എന്ന തന്മാത്രയുടെ ആധിക്യമുണ്ട്‌. ഈ തന്മാത്രയെ ചെറുക്കാന്‍ കഴിഞ്ഞാല്‍, പ്രതിരോധകോശങ്ങളുടെ വീര്യം വീണ്ടും വര്‍ധിക്കുമെന്നും എച്ച്‌.ഐ.വി.ക്കെതിരെ പോരാട്ടം ശക്തമാകുമെന്നുമാണ്‌ കണ്ടെത്തല്‍.

"എച്ച്‌.ഐ.വി.ബാധയുടെ സമയത്ത്‌, ശരീരത്തില്‍ വൈറസുകള്‍ ആദ്യം വന്‍തോതില്‍ പെരുകും. വൈറസ്‌ബാധ ഭാഗികമായി നിയന്ത്രണത്തിലാക്കാന്‍ ആ സയമത്ത്‌ പ്രതിരോധസംവിധാനത്തിനാകും. 'CD+ കൊലയാളി ടി-കോശങ്ങള്‍' (CD8+ killer T cells) എന്നറിയപ്പെടുന്ന പ്രതിരോധകോശങ്ങളാണ്‌ ഇത്‌ സാധിക്കുന്നത്‌. ഭൂരിപക്ഷം കേസുകളിലും, വൈറസ്‌വിരുദ്ധ ഔഷധങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, എയ്‌ഡ്‌സ്‌ പുരോഗമിക്കുന്നതോടെ ഈ പ്രതിരോധകോശങ്ങള്‍ ക്ഷിണിക്കും, പ്രവര്‍ത്തനം മന്ദഗതിയിലാകും"-ടൊറന്റോ സര്‍വകലാശാലയിലെ ബ്രാഡ്‌ ജോണ്‍സ്‌ അറിയിക്കുന്നു.

സാധാരണ വൈറസ്‌ബാധകളുടെ കാര്യത്തില്‍ പ്രതിരോധസംവിധാനത്തിലെ കൊലയാളി കോശങ്ങള്‍ വേഗം പെരുകി, വൈറസുകളെ ഉന്‍മൂലനം ചെയ്യും. എന്നാല്‍, എയ്‌ഡ്‌സിന്റെ കാര്യത്തില്‍ ഈ കോശങ്ങള്‍ പ്രവര്‍ത്തനം മന്ദീഭവിച്ച്‌ ക്ഷീണിച്ച്‌ അവശനിലയിലാകുന്നു. "പ്രതിരോധകോശങ്ങള്‍ക്ക സംഭവിക്കുന്ന ക്ഷീണാവസ്ഥയ്‌ക്ക്‌ കാരണം ശരിക്കു മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല"- ജോണ്‍സ്‌ പറയുന്നു. ഒരുപക്ഷേ, എച്ച്‌.ഐ.വി.യ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്ന്‌ പിന്‍മാറാന്‍ ടി-കോശങ്ങള്‍ക്ക്‌ ടിം-3 തന്മാത്രകള്‍ സൂചന നല്‍കുന്നതാവാം കാരണമെന്നാണ്‌ ഗവേഷകരുടെ അനുമാനം.

പരീക്ഷണശാലയില്‍ നടത്തിയ പഠനത്തില്‍, എച്ച്‌.ഐ.വി. ബാധ വര്‍ധിക്കുന്നതിനനുസരിച്ച്‌ ടി-കോശങ്ങളില്‍ ടിം-3 തന്മാത്രകളുടെ ആധിക്യം വര്‍ധിക്കുന്നതായി കണ്ടതാണ്‌ ഇത്തരമൊരു നിഗമനത്തിലെത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചതെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. "ടിം-3 തന്മാത്രയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനായാല്‍ അത്‌ എച്ച്‌.ഐ.വി.ക്കെതിരെ ശക്തമായ ആയുധമാകും എന്നാണ്‌ ഇത്‌ നല്‍കുന്ന സൂചന"-കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ലിഷോംവ എന്‍ലോവു പറയുന്നു.

തങ്ങളുടെ നിഗമനം ശരിയാണോ എന്നറിയാന്‍, ടിം-3 തന്മാത്രകളെ ചെറുക്കാന്‍ ശേഷിയുള്ള ചില തന്മാത്രകളെ ഗവേഷകര്‍ പരീക്ഷണശാലയില്‍ സൃഷ്ടിച്ചു. അതിന്റെ സഹായത്തോടെ ടിം-3 നെ ചെറുത്തപ്പോള്‍, CD+ കൊലയാളി ടി-കോശങ്ങളുടെ ക്ഷീണം മാറുകയും വൈറസുകള്‍ക്കെതിരെ പോരാട്ടം പുനരാരംഭിക്കാന്‍ അവയ്‌ക്ക്‌ കരുത്ത്‌ ലഭിക്കുകയും ചെയ്‌തു-ഡോ. മരിയോ ഒസ്‌ട്രോവ്‌സ്‌കി അറിയിക്കുന്നു. ടിം-3 തന്മാത്രകളുടെ പ്രവര്‍ത്തനം തടയുക വഴി എയ്‌ഡ്‌സിനെതിരെ പുതിയ ഔഷധങ്ങള്‍ രൂപപ്പെടുത്താനുള്ള സാധ്യതയാണ്‌ ഈ പഠനം മുന്നോട്ടു വെയ്‌ക്കുന്നത്‌.

പക്ഷേ, പഠനം പ്രാഥമികഘട്ടത്തില്‍ മാത്രമാണ്‌. പ്രതിരോധകോശങ്ങളില്‍ ടിം-3 തന്മാത്രകളുടെ ആധിക്യം വര്‍ധിപ്പിക്കാന്‍ എച്ച്‌.ഐ.വി.ക്ക്‌ എങ്ങനെ സാധിക്കുന്നു എന്നകാര്യം ഗവേഷകര്‍ക്ക്‌ ഇപ്പോഴും മനസിലായിട്ടില്ല. അതേസമയം, ശരീരപ്രതിരോധ സംവിധനവും എച്ച്‌.ഐ.വി.യും തമ്മിലുള്ള ദീര്‍ഘപോരാട്ടത്തിന്റെ ഉള്ളുകള്ളികളെക്കുറിച്ച്‌്‌ പുത്തന്‍ സൂചന നല്‍കുന്നതാണ്‌ ഈ പഠനം. ആ നിലയ്‌ക്ക്‌ അത്‌ പുതിയ സാധ്യതകളും ഇത്‌ തുറക്കുന്നു.
(അവലംബം: നേച്ചര്‍ മെഡിസിന്‍, എക്‌സ്‌പെരിമെന്റല്‍ മെഡിസിന്‍, പെന്‍സില്‍വാനിയ സര്‍വകലാശാലയുടെയും കാര്‍ഡിഫ്‌ സര്‍വകലാശാലയുടെയും സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയുടെയും വാര്‍ത്താക്കുറിപ്പുകള്‍).

കാണുക: വൈറസുകളെ തിരിച്ചറിഞ്ഞവര്‍ക്ക്‌ ബഹുമതി, എയ്‌ഡ്‌സ്‌ വൈറസിന്‌ നൂറ്റാണ്ടിന്റെ ചരിത്രം, എച്ച്‌.ഐ.വി.ക്കെതിരെ പുതിയ യുദ്ധമുഖം, സ്വവര്‍ഗപ്രേമികളെ എച്ച്‌.ഐ.വി. വേട്ടയാടുന്നു, എച്ച്‌.ഐ.വി.ക്ക്‌ രക്തത്തില്‍നിന്ന്‌ മരുന്ന്‌, എച്ച്‌.ഐ.വി. തടയാന്‍ എച്ച്‌.ഐ.വി.

1 comment:

Joseph Antony said...

വൈദ്യശാസ്‌ത്രത്തിന്‌ ഇനിയും പിടികൊടുക്കാന്‍ കൂട്ടാക്കാത്ത മാരക രോഗാണുവാണ്‌ എച്ച്‌.ഐ.വി. പരമ്പരാഗത മാര്‍ഗങ്ങളിലൂടെ ഈ വൈറസിനെ കീഴടക്കാന്‍ കഴിയില്ല എന്ന്‌ ഇതിനകം വ്യക്തമായിക്കഴിഞ്ഞു. പുതിയ സാധ്യതകള്‍ കണ്ടെത്തിയേ തീരൂ. അത്തരം സാധ്യതകള്‍ മുന്നോട്ടു വെയ്‌ക്കുന്ന പുതിയ രണ്ട്‌ ഗവേഷണങ്ങളെപ്പറ്റി.