അനകോണ്ടയും പെരുമ്പാമ്പുമെല്ലാം കൃശഗാത്രരെന്ന് തോന്നിക്കും; പുതിയതായി കണ്ടെത്തിയ ഒരു പ്രാചീനപാമ്പിന് മുന്നില്‍. നിങ്ങളെ പിടിക്കാനെത്തിയാല്‍, വണ്ണം മൂലം വാതിലിലൂടെ മുറിക്കുള്ളില്‍ കടക്കാന്‍ പറ്റാത്തത്ര ഭീമന്‍. അത്തരമൊരു പാമ്പിന്റെ ഫോസില്‍ തെക്കെയമേരിക്കയില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ് പുരാവസ്‌തുഗവേഷകര്‍. 13 മീറ്റര്‍ (42.7 അടി) നീളവും 1140 കിലോഗ്രാം ഭാരവുമുണ്ടായിരുന്ന പാമ്പിന്റെ ഫോസിലാണത്.
ബ്ലൂമിങ്‌ടണില്‍ ഇന്‍ഡ്യാന സര്‍വകലാശാലയിലെ ഭൗമശാസ്‌ത്രജ്ഞന്‍ ഡേവിഡ് പോളിയും സംഘവുമാണ് കണ്ടെത്തലിന് പിന്നില്‍. വടക്കന്‍ കൊളംബിയയിലെ സെറെജോന്‍ കല്‍ക്കരി ഖനിയില്‍നിന്ന് കിട്ടിയ ഫോസില്‍ ആറ് കോടി വര്‍ഷം പഴക്കമുള്ളതാണെന്നും, ഇതിലും വലിയൊരു പാമ്പിനെക്കുറിച്ച് മനുഷ്യന് ഇതുവരെ അറിവില്ലെന്നും പുതിയലക്കം 'നേച്ചര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
ഇഴയുമ്പോള്‍ ആ ഭീമന് നമ്മുടെ അരയ്‌ക്കൊപ്പം പൊക്കമുണ്ടാകുമെന്ന് ഡേവിഡ് പോളി പറയുന്നു. അന്യംനിന്നുപോയ ആ പാമ്പ്‌വര്‍ഗത്തിന് 'ടൈറ്റനോബോവ സെറെജോനെന്‍സിസ്' (Titanoboa cerrejonensis) എന്നാണ് പേരിട്ടിരിക്കുന്നത്. ടൈറ്റനോബോവയെപ്പോലൊരു ഭീമന് നിലനില്‍ക്കാന്‍ അന്തരീക്ഷ താപനില 30-34 ഡിഗ്രി സെല്‍സിയസ് എങ്കിലും വേണമെന്ന്, നേച്ചര്‍ റിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവും ടൊറന്റോ-മിസ്സിസ്സാഗ സര്‍വകലാശാലിയിലെ ഗവേഷകനുമായ ജാസന്‍ ഹെഡ് അഭിപ്രായപ്പെടുന്നു.
തെക്കേയമേരിക്കയിലെ ഉഷ്‌ണമേഖലാ ആവാസവ്യവസ്ഥ ആറ് കോടിവര്‍ഷംമുമ്പ് വളരെ വ്യത്യസ്‌തമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. അത്തരം ആവാസവ്യവസ്ഥകള്‍ ഭീമന്‍ ജീവികള്‍ക്ക് നിലനില്‍ക്കാന്‍ പാകത്തിലുള്ളതായിരുന്നു എന്നതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ ശാസ്‌ത്രത്തിന് മുന്നിലുണ്ട്. ദിനോസറുകള്‍, ഭീമന്‍തുമ്പികള്‍ ഒക്കെ അതില്‍ പെടുന്നു. നിലത്തിമിംഗലം ഉടലെടുത്തതും ആ കാലത്തായിരുന്നു. അനകോണ്ടയും പെരുമ്പാമ്പും പോലെ വിഷമില്ലാത്ത പാമ്പുവര്‍ഗത്തില്‍പ്പെട്ടതാണ് ടൈറ്റനോബോവയും. (അവലംബം: നേച്ചര്‍, ഇന്‍ഡ്യാന സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്).
കാണുക: പ്രാചീന ഭീമന്‍മാര്‍
3 comments:
നിങ്ങളെ പിടിക്കാനെത്തിയാല്‍, വണ്ണം മൂലം വാതിലിലൂടെ മുറിക്കുള്ളില്‍ കടക്കാന്‍ പറ്റാത്തത്ര വലിയൊരു പാമ്പിനെക്കുറിച്ച് സങ്കല്‍പ്പിച്ചു നോക്കൂ. അത്തരമൊരു പാമ്പിന്റെ ഫോസില്‍ തെക്കെയമേരിക്കയില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ് പുരാവസ്‌തുഗവേഷകര്‍. 13 മീറ്റര്‍ (42.7 അടി) നീളവും 1140 കിലോഗ്രാം ഭാരവുമുണ്ടായിരുന്ന പാമ്പാണത്.
പുതിയ അറിവ്. നന്ദി.
ഈ വിവരത്തിനു നന്ദി.
ഇപ്പൊ ഇറങ്ങും ഹോളിവുഡ് പടം ഒന്ന്‍! :)
Post a Comment